ഭാഗം 1

സമീപ വർഷങ്ങളിലായി സൂഫിസത്തെക്കുറിച്ചും (തസവ്വുഫ്) ഇസ്‌ലാമിലെ ആത്മീയ ജീവിതത്തെക്കുറിച്ചും ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയോരോന്നും വ്യത്യസ്ത രീതികളിലാണ് സൂഫിസത്തെ സമീപിച്ചിട്ടുള്ളത്. വളരെ വിശാലവും സങ്കീർണ്ണവുമായ വിഷയമായതിനാൽ ആർക്കും അതിനെ പൂർണ്ണാർത്ഥത്തിൽ ഭാഷാപരമായി വിശദീകരിക്കുക സാധ്യമല്ല. മൗലാനാ റൂമി (റ) അന്ധരായ കുറച്ചു മനുഷ്യരെക്കുറിച്ച് ഒരു കഥ പറയുന്നുണ്ട്. അവർ ഓരോരുത്തരും ഒരു ആനയെ സ്പർശിച്ചപ്പോൾ വ്യത്യസ്ത രീതിയിലാണ് അതിനെ മനസ്സിലാക്കാൻ സാധിച്ചത്. ഓരോരുത്തരും തങ്ങൾ തൊട്ട ശരീരഭാഗത്തെ മുൻനിർത്തിയാണ് ആനയെ മനസ്സിലാക്കിയത്. ആനക്കൊമ്പായും പങ്കയായും സ്തംഭമായിട്ടുമൊക്കെയാണ് അവർ ആനയെ വിശദീകരിച്ചത്. ആർക്കും ആനയെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാനോ വിശദീകരിക്കുവാനോ സാധിച്ചില്ല.1

ഇസ്‌ലാമിക മിസ്റ്റിസിസം എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന തസവ്വുഫിന്റെ കാര്യവും അങ്ങിനെയാണ്. ബാഹ്യാർത്ഥത്തിൽ തസവ്വുഫ് എന്ന പദത്തെ മനസ്സിലാക്കണമെങ്കിൽ എന്താണ് മിസ്റ്റിസിസം എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത് എന്നു നാം പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ ബൗദ്ധിക പരിശ്രമം കൊണ്ടോ സാധാരണരീതിയിലുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് മിസ്റ്റിസിസം എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നു നമുക്ക് മനസ്സിലാകുന്നത് മിസ്റ്റിക്ക് (mystic), മിസ്റ്ററി (mystery) തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളുടെയെല്ലാം ഉത്ഭവപദമായ മ്യീന്‍ (myein) എന്നതില്‍ നിന്നാണ്. കണ്ണുകൾ അടയ്ക്കുക എന്നർത്ഥം വരുന്ന ഗ്രീക്ക് പദമാണത്. എല്ലാ മതങ്ങളിലൂടെയും കടന്നുപോകുന്ന മഹത്തായ ഒരു ആത്മീയ പ്രവാഹമായാണ് മിസ്റ്റിസിസം വിശേഷിപ്പിക്കപ്പെടുന്നത്. ആത്മജ്ഞാനം, പ്രകാശം, പ്രണയം, അസ്ഥിത്വമില്ലായ്മ എന്നെല്ലാം വിളിക്കപ്പെടാവുന്ന ഏകയാഥാർത്ഥ്യത്തെക്കുറിച്ച അവബോധം എന്നു വിശാലാർത്ഥത്തിൽ അതിനെ നിർവ്വചിക്കാവുന്നതാണ്.2

ഈ നിർവ്വചനങ്ങളെ തന്നെയാണ് ഞാനും സ്വീകരിക്കുന്നത്. കാരണം, ഒരു സൂഫിയുടെ പ്രധാനലക്ഷ്യമായ ദൈവിക യാഥാർത്ഥ്യം എന്നത് അവർണനീയവും തത്വചിന്തയിലൂടെയോ, യുക്തിയിലൂടെയോ ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്തതുമാണ്. ഒരുനിലക്കും അതിനെ വിശദീകരിക്കാൻ സാധ്യമല്ല. ആത്മജ്ഞാനത്തിലൂടെ (Gnosis) മാത്രമേ അതിന്റെ ചില വശങ്ങളിലേക്ക് നമുക്ക് ഉൾക്കാഴ്ച ലഭിക്കുകയുള്ളൂ. ഭൗതികവും യുക്തിപരവുമായ ഒരു രീതിയെയും ആശ്രയിക്കാത്ത ആത്മീയാനുഭവത്തിലൂടെയാണ് അത് സാധ്യമാകുന്നത്. ഈ ദൈവിക യാഥാർത്ഥ്യത്തിലേക്ക് ഒരു സാധകൻ യാത്ര തുടങ്ങുമ്പോൾ തന്നെ ആന്തരിക പ്രകാശത്താൽ അവൻ നയിക്കപ്പെടുകയാണ് ചെയ്യുന്നത്. ഭൗമിക ലോകവുമായുള്ള മുഴുവൻ ബന്ധങ്ങളിൽ നിന്നും അവൻ സ്വതന്ത്രനാകാൻ തുടങ്ങുമ്പോൾ (സൂഫികൾ പറയാറുള്ളത് പോലെ ഹൃദയമെന്ന തന്റെ കണ്ണാടിയെ അവൻ നന്നായി മിനുക്കാൻ തുടങ്ങുമ്പോൾ) ഈ പ്രകാശം തീവ്രമാകുന്നു. വർഷങ്ങൾ നീളുന്ന ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് അവൻ ബ്രഹ്‌മജ്ഞാനത്തിൽ എത്തിച്ചേരുന്നത്. ആദ്ധ്യാത്മിക ജ്ഞാനവും പ്രണയവുമെല്ലാം അപ്പോഴാണ് അവനിൽ നിറയുന്നത്. അവിടെ നിന്നാണ് പിന്നീടവൻ വിലയനത്തിന്റെ (ഫനാഅ്) പരമമായ അവസ്ഥയെ പ്രാപിക്കുന്നത്. ആശിഖും മഅ്ശൂഖും ഒന്നായിത്തീരുന്ന (Loving union) അനുഭവവും ആവിഷ്‌കാരവുമാണത്. ഈ നിമിഷത്തിലാണ് ആദിമാസ്ഥിത്വമുള്ള, ദൈവിക പ്രകാശത്താൽ വലയം ചെയ്യപ്പെട്ട അവന്റെ ആത്മാവിന് മുഴുവൻ ബാഹ്യകാഴ്ചകൾക്കുമപ്പുറമുള്ള ദർശനങ്ങളിലേക്ക് വാതിൽ തുറക്കുന്നത്. അജ്ഞതയുടെ മൂടുപടത്തെ നീക്കം ചെയ്യുന്ന സന്ദർഭമായും ഇതിനെ വിശദീകരിക്കാവുന്നതാണ്. ദൈവത്തിന്റെ പരമമായ അസ്ഥിത്വത്തിനും സൃഷ്ടികൾക്കുമിടയിൽ നിലനിലക്കുന്ന മൂടുപടമാണിത്.

ദൈവത്തോടുള്ള (Absolute) പ്രണയമായി മിസ്റ്റിസിസത്തെ നിർവ്വചിക്കാവുന്നതാണ്. കാരണം, യഥാർത്ഥ മിസ്റ്റിസിസത്തെ സന്യാസ ജീവിതത്തിൽ നിന്ന് വേർതിരിക്കുന്ന പ്രധാനഘടകം പ്രണയമാണ്. തന്റെ ദാസനെ പരീക്ഷിക്കാനും അവന്റെ ആത്മാവിനെ ശുദ്ധീകരിക്കാനും ദൈവം നൽകുന്ന എല്ലാ വേദനകളും പ്രയാസങ്ങളും സഹിക്കാനും സന്തോഷത്തോടെ സ്വീകരിക്കാനും ആത്മീയ സാധകനെ പ്രാപ്തനാക്കുന്നത് ദൈവികപ്രണയമാണ്. ഒരു പ്രാപ്പിടിയൻ പക്ഷി അതിന്റെ ഇരയെ കൊണ്ടുപോകുന്നത് പോലെ സാധകന്റെ ഹൃദയത്തെ പ്രണയം ദൈവിക സന്നിധിയിലെത്തിക്കുകയും എല്ലാ ലൗകികതകളിൽ നിന്നും അവനെ വിമോചിപ്പിക്കുകയും ചെയ്യുന്നു.

അടിസ്ഥാനപരമായി ലളിതമായ ഇത്തരം ആശയങ്ങൾ വ്യത്യസ്തങ്ങളായ മിസ്റ്റിക്കൽ ദർശനങ്ങളിൽ ഏതൊരാൾക്കും കാണുവാൻ സാധിക്കും. എല്ലാ മതങ്ങളിലുമുള്ള ആത്മജ്ഞാനികൾ തങ്ങളുടെ അനുഭവങ്ങളെ പ്രതീകവൽക്കരിക്കുന്നത് വ്യത്യസ്തങ്ങളായ ഇമേജുകളിലായിട്ടാണ്: ആത്മീയ സാധകൻ കടന്നുപോകേണ്ട വഴി എന്ന നിലക്കാണ് ദൈവത്തെ തേടിയുള്ള അനന്തമായ അന്വേഷണം മനസ്സിലാക്കപ്പെടുന്നത്. സാധകന്റെ ആത്മീയ പുരോഗതിയെയും സ്വർഗീയ യാത്രയെയും കുറിച്ച എണ്ണമറ്റ അന്യാപദേശ കഥകളിൽ ഈ വസ്തുത വളരെയധികം വ്യക്തമാണ്. പീഢയിലൂടെയും അധ്വാനമേറിയ ശുദ്ധീകരണ പ്രക്രിയയിലൂടെയുമുള്ള ആത്മാവിന്റെ ശുദ്ധീകരണം പലപ്പോഴും ആവിഷ്‌കരിക്കപ്പെടാറുള്ളത് രസവാദവിദ്യയുടെയും (alchemy) പ്രകൃതിയിൽ നിന്നുള്ള സമാനമായ പ്രക്രിയകളുടെയും ഇമേജുകളിലൂടെയാണ്. അഥവാ, ഗുണമേൻമയില്ലാത്ത ഏറ്റവും അധമമായ ഒരു വസ്തുവിൽ നിന്ന് സ്വർണം ഉണ്ടാക്കുക എന്ന വർഷങ്ങൾ പഴക്കമുള്ള സ്വപ്നം ആത്മീയതലത്തിൽ യാഥാർത്ഥ്യമാകുന്നതായി കാണാം. ഇവിടെ പ്രണേതാവിന്റെ നൊസ്റ്റാൾജിയയും വിലയനത്തിനായുള്ള തേട്ടവും ആവിഷ്‌കരിക്കപ്പെടുന്നത് മനുഷ്യ പ്രണയവുമായി ബന്ധപ്പെട്ട പ്രതീകങ്ങളിലൂടെയാണ്. പലപ്പോഴും മനുഷ്യപ്രണയവും ദൈവികപ്രണയവും തമ്മിലുള്ള അസാധാരണമായ സങ്കലനം ആത്മജ്ഞാനികളുുടെ ദർശനങ്ങളിൽ കാണാം.

സൂഫി അനുഭവങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ ഒരുപാട് സാമ്യതകൾ കണ്ടെത്താൻ സാധിക്കുമെങ്കിലും മനുഷ്യന് ഒരു പങ്കുമില്ലാത്ത പരിപൂർണമായ ദൈവിക ഇടപെടലുകൾ എന്ന ആശയത്തെ മുൻനിർത്തിയുള്ള ആത്മീയ ദർശനത്തെയും (Mysticism of Infinity) മനുഷ്യ കർതൃത്വത്തിന് പ്രാധാന്യം നൽകുന്ന മിസ്റ്റിക്കൽ വഴികളെയും (Mysticism of Personality) വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പ്ലോട്ടിനസിന്റെ തത്വചിന്താശയങ്ങളിലും ഉപനിഷത്തുകളിലും ആദിശങ്കരന്റെ അദ്വൈത ഫിലോസഫിയിലുമെല്ലാം ദൈവിക കർതൃത്വത്തിന്റെ പരിപൂർണതയെക്കുറിച്ചാണ് (Mysticism of Infinity) പ്രതിപാദിക്കപ്പെടുന്നത്. ശൈഖുൽ അക്ബർ മുഹ്യുദ്ദീൻ ഇബ്‌നുഅറബി (റ) ന്റെ സൂഫീ ജ്ഞാനലോകങ്ങളിലും അത് നമുക്ക് കാണാൻ സാധിക്കും. ഇവിടെ, ദൈവികതയെ (നുമെൻ) എല്ലാ ഉൺമകൾക്കും അപ്പുറമുള്ള ഉൺമയായും (Being) ഉൺമ എന്ന വിശേഷണം നൽകാൻ കഴിയാത്ത (Not-being) യാഥാർത്ഥ്യമായും മനസ്സിലാക്കപ്പെടുന്നുണ്ട്. കാരണം, ലൗകിക ചിന്തയുടെ ഒരു സങ്കേതമുപയോഗിച്ചും ദൈവിക യാഥാർത്ഥ്യത്തെ വിശദീകരിക്കാൻ കഴിയില്ല. സ്ഥല-കാലങ്ങൾക്കതീതവും അനന്തവുമായ പരമ യാഥാർത്ഥ്യവും ഒരേയൊരു യാഥാർത്ഥ്യവുമാണത്. എന്നാൽ, വളരെ പരിമിതമായ യാഥാർത്ഥ്യത്തെയാണ് ഭൗതികലോകം ഉൾവഹിക്കുന്നത്. ദൈവത്തിന്റെ പരമമായ നിലനിൽപ്പിൽ നിന്നാണ് ഈ ലോകത്തിന്റെ സോപാധികമായ നിലനിൽപ്പ് സാധ്യമാകുന്നത്.

ദൈവിക യാഥാർത്ഥ്യത്തെ അറ്റമില്ലാത്ത സമുദ്രത്തോട് ഉപമിക്കാവുന്നതാണ്. മനുഷ്യന്റെ അഹം അതിൽ ഒരു ജലത്തുള്ളിയെപ്പോലെ അലിഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. ഒരു മരുഭൂമിയെ മുൻനിർത്തിയും ദൈവിക നിലനിൽപ്പിന്റെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. സ്വയം ആഴങ്ങളെ മറച്ചുപിടിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മണൽക്കൂനകളിലാണ് മരുഭൂമിയുടെ നിലനിൽപ്പിനെ നാം അറിയുന്നത്. അതുപോലെ ജലത്തെ പ്രതീകമായി എടുത്തുകൊണ്ടും ദൈവിക ഉൺമയെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാവുന്നതാണ്. ഹിമത്തെപ്പോലെ ലോകം സ്ഫടിക രൂപത്തിലാകുന്നത് ജലത്തിൽ നിന്നാണല്ലോ. ഇത്തരത്തിലുള്ള മിസ്റ്റിക്കൽ ചിന്തകളെ ചില മതപരിഷ്‌കരണവാദികൾ എതിർത്തതായി കാണാം. മനുഷ്യ കർതൃത്വത്തിന്റെ മൂല്യത്തെ അത് നിരാകരിക്കുകയും അദ്വൈതവാദത്തിന് കാരണമാവുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണം. മാത്രമല്ല, മനുഷ്യന്റെ ഉത്തരാവാദിത്വ നിർവ്വഹണത്തിന് അത് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട് എന്നവർ പറയുന്നു.

സ്വയം തെരെഞ്ഞെടുപ്പില്ലാത്ത, ദൈവത്തിന്റെ തുടർച്ചയായ പ്രത്യക്ഷങ്ങളാണ് (Manifestaion) മനുഷ്യർ എന്ന ആശയത്തെ ദൈവിക സൃഷ്ടിപ്പിനെ കുറിച്ച ബൈബിളിന്റെയും ഖുർആനിന്റെയും അധ്യാപനങ്ങൾക്ക് വിരുദ്ധമായാണ് ചില ക്രൈസ്തവ-മുസ്ലിം ആത്മജ്ഞാനികൾ കാണുന്നത്. മനുഷ്യ കർതൃത്വത്തിന് പ്രാധാന്യം നൽകുന്ന മിസ്റ്റിക്കൽ ദർശനങ്ങളിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കപ്പെടുന്നത് സൃഷ്ടിയും സൃഷ്ടാവും എന്ന നിലക്കാണ്. ദൈവത്തിന്റെ അടിമ എന്നോ പ്രണയഭാജനത്തിന്റെ സാന്നിധ്യത്തെ തേടുന്ന പ്രണേതാവ് എന്നോ നമുക്കതിനെ വിശേഷിപ്പിക്കാവുന്നതാണ്. മുൻ സൂഫീ പാരമ്പര്യങ്ങളിലെല്ലാം സൃഷ്ടിപ്പിനെക്കുറിച്ച് ഈ സങ്കൽപ്പമാണ് പൊതുവായി കാണപ്പെടുന്നത്.

ഈ രണ്ട് തരത്തിലുള്ള ആദ്ധ്യാത്മിക അനുഭവങ്ങളും അവയുടെ പരിപൂർണമായ അർത്ഥത്തിൽ വളരെ അപൂർവമായാണ് പ്രകാശിക്കപ്പെടുന്നത്. പ്രത്യേകിച്ച്, മിസ്റ്റിക്കൽ കവിതകളുടെ തുടക്കത്തിൽ പലപ്പോഴും പരിശുദ്ധമായ ഒരു പ്രണയബന്ധത്തെ മുൻനിർത്തിയാണ് ദൈവത്തെ വിശദീകരിക്കാറുള്ളത്. എന്നാൽ കുറച്ചു വരികൾക്ക് ശേഷം അദ്വൈതവാദപരമായ വ്യാഖ്യാനത്തിനനുഗുണമായ ഭാഷ കവി സ്വീകരിക്കുന്നതായി കാണാം.

മിസ്റ്റിക്കൽ അനുഭവത്തെക്കുറിച്ച് രണ്ട് വ്യത്യസ്തമായ സമീപനങ്ങൾ നിലനിൽക്കുന്നുണ്ട്. ഒന്നാമതായി, ദൈവത്തിന്റെ ഗുണങ്ങളിലേക്ക് ചേർത്തിക്കൊണ്ട് സ്വന്തത്തെ ശുദ്ധീകരിക്കുകയും തന്റെ ഇച്ഛയെ ദൈവിക ഇച്ഛയിൽ പൂർണമായി ലയിപ്പിക്കുകയും ചെയ്യുന്ന സൂഫികളെ കാണാം. വിധിവിശ്വാസവും മനുഷ്യന്റെ സ്വയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ക്രമേണ അവർ മറികടക്കുകയും ചെയ്യുന്നു. വളരെ പ്രായോഗികമായ ഒരു ജീവിത പ്രക്രിയയായാണ് ഈ സൂഫീവീക്ഷണം വിലയിരുത്തപ്പെടുന്നത്. രണ്ടാമതായി, ദൈവത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന സൂഫികളുണ്ട്. ദൈവിക പ്രപഞ്ചത്തിന്റെ ഘടനയെ മനസ്സിലാക്കാനും ദൈവിക വെളിപാടുകളെ വ്യാഖ്യാനിക്കാനും അവർ ശ്രമിക്കുന്നു. അതേസമയം ദൈവിക സത്തയെ പരിപൂർ മായ അർത്ഥത്തിൽ അറിയാൻ ആത്മാന്വേഷകർ ധൈര്യപ്പെടാറില്ല. ദുന്നൂൻ (റ) തന്റെ ശിഷ്യരോട് ഇങ്ങനെ പറയുന്നതായി കാണാം: ‘ദൈവിക സത്തയെക്കുറിച്ച് പരിചിന്തനം നടത്തുക എന്നത് അജ്ഞതയും ദൈവത്തിൽ പങ്കുചേർക്കലുമാണ്. യഥാർത്ഥത്തിൽ അദ്ധ്യാത്മിക ജ്ഞാനം (മഅ്-രിഫത്ത്) എന്നത് അനിശ്ചിതത്വമാണ്.’ എന്നാൽ സൂഫിസത്തോടുള്ള ഈ സമീപനത്തിലൂടെ നിരവധി ആദ്ധ്യാത്മിക വിജ്ഞാനീയങ്ങൾ വികസിക്കപ്പെടുകയും അവയെ പിന്തുടർന്നവർ തങ്ങളുടെ സവിശേഷമായ സിദ്ധാന്തങ്ങളുപയോഗിച്ച് തസവ്വുഫിന്റെ എല്ലാ തലങ്ങളെയും വ്യാഖ്യാനിക്കാൻ തുടങ്ങുകയും ചെയ്തു. ചിലപ്പോൾ, പ്രണയത്തിലധിഷ്ഠിതമായ ദൈവിക സമർപണത്തെപ്പോലും അവർ നിരാകരിച്ചു. ഇസ്‌ലാമിക മിസ്റ്റിക്കൽ പാരമ്പര്യത്തിൽ ഈ രണ്ട് സൂഫീ ദർശനങ്ങളും ഒരുപോലെ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പിൽക്കാലഘട്ടത്തിൽ അവ പരസ്പരം സമ്മേളിച്ചതായി കാണാം.

തുടക്കകാലഘട്ടത്തിൽ സൂഫികൾ ദൈവത്തെക്കുറിച്ച രണ്ട് സമീപനങ്ങളെ സ്വീകരിച്ചിരുന്നു. അടുപ്പത്തെയും (intimacy) ആദരവിനെയും (respect) കുറിച്ച് പറയുന്നിടത്ത് ഹുജ്‌വീരി (റ) അതിലേക്കുള്ള സൂചന നൽകുന്നുണ്ട്:

സൂഫി കവിയായിരുന്ന മൗലാനാ നൂറുദ്ദീൻ അബ്ദുറഹ്‌മാൻ ജാമി (റ) രണ്ട് തരത്തിലുള്ള സൂഫികളെക്കുറിച്ച് പറയുന്നുണ്ട്:

(തുടരും)


വിവർത്തനം: സഅദ് സൽമി
Featured Image: Jr Korpa

Book Name: Mystical Dimensions of Islam
Author: Schimmel, Annemarie
ISBN 10: 0807812714 / ISBN 13: 9780807812716
Published by The University of North Carolina Press

വിവർത്തകക്കുറിപ്പ്:

സൂഫിസത്തെക്കുറിച്ച് (തസവ്വുഫ്) ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു പുസ്തകമാണിത്. തത്വചിന്തയുടെ സങ്കേതങ്ങളുപയോഗിച്ചാണ് അദ്ധ്യാത്മിക പൊരുളുകളെ ഷിമ്മൽ വിശദീകരിക്കുന്നത്. ഭാഷയുടെയും വ്യാകരണത്തിന്റെയും പരിധിയിൽ നിന്ന് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത, പരിപൂർണ്ണനായ (ഇൻസാനുൽ കാമിൽ) ഒരു ഗുരുവിന് കീഴിൽ തികഞ്ഞ അദബാലും പ്രണയത്താലും സ്വയം സമർപ്പിച്ചാൽ മാത്രം അനുഭവിക്കാൻ കഴിയുന്ന മഹത്തായ ഒരു ജ്ഞാനപ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്നത് കൊണ്ടാവാം അത്തരമൊരു സമീപനം അവർ സ്വീകരിച്ചത്. അതിനാൽ തന്നെ വിവർത്തനം ശ്രമകരമാണ്. നിർദേശങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.

Comments are closed.