ആധുനികത (Modernity) എന്ന പ്രതിഭാസത്തെ എല്ലാ സമൂഹങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു നിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും യൂറോപ്യൻ രാജ്യങ്ങൾക്ക് ആധുനികതയുടെ ആഗമനത്തോടെ സാധിച്ചു. അതിനു പുറമെ വൻകിട യൂറോപ്യൻ രാജ്യങ്ങൾ, കിഴക്ക് മുതൽ പടിഞ്ഞാറു വരെയുള്ള രാജ്യങ്ങൾക്കു മേൽ, ആധിപത്യം സ്ഥാപിക്കുകയും, ഒരുപാടു രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയും ചെയ്തു. കൊളോണിയൽ ശക്തികൾ അധികാരം നിലനിർത്തുക മാത്രമല്ല, അതോടൊപ്പം തങ്ങളുടെ കോളനികൾ യോറോപ്പ്യൻ വിജ്ഞാനീയങ്ങൾ പ്രചരിപ്പിക്കുന്നതിലും അവർ ശ്രദ്ധ ചെലുത്തി. പലരും യൂറോപ്പിൽ ചെന്ന് വിദ്യ അഭ്യസിക്കുകയും തിരിച്ച് സ്വന്തം സമുദായങ്ങളിലേക്ക് തിരിച്ച് വരികയും ചെയ്തു. ഈജിപ്തടക്കമുള്ള രാഷ്ട്രങ്ങളിലെ മുസ്‌ലിം ബൗദ്ധിക മണ്ഡലത്തിൽ അത് വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചത്. മതം, ദൈവം, വിശ്വാസം തുടങ്ങിയവയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾക്ക് അത് കാരണമായി.
മുസ്‌ലിം ധൈഷണിക മണ്ഡലത്തിൽ വന്ന ഈ മാറ്റം ഈജിപ്തിലെ ദാർശനികന്മാരും മതപണ്ഡിതരും തമ്മിലുള്ള ഭിന്നതകളിലേക്ക് നയിച്ചു. ആധുനികതയുമായുള്ള മുസ്‌ലിം ഇടപാടുകളിൽ, ഈജിപ്തിൽ നിന്നും പ്രധാനമായും മുഹമ്മദ് അബ്ദു, രഷീദ് രിദ തുടങ്ങിയവരാണ് ചർച്ച ചെയ്യപ്പെടാറുള്ളത് എന്ന് കാണാം. ആധുനികതയുമായി അവർ സാധ്യമാക്കിയ സംവാദങ്ങളുടെ സ്വഭാവം ഈ ദൃശ്യതക്ക് കാരണമായിട്ടുണ്ടായിരിക്കാം. പ്രത്യേകിച്ചും ആധുനികതയുടെ ജ്ഞാനശാസത്ര വീക്ഷണകോണുകൾ ഇസ്‌ലാമിൽ എങ്ങനെ പ്രയോഗവൽക്കരിക്കാം എന്ന മുഹമ്മദ് അബ്ദുവിന്റെയും, റഷീദ് രിദയുടെയും ആലോചനകൾ. ഇവിടെ ഈജിപ്തിൽ നിന്ന് തന്നെ ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘ശൈഖുൽ ഇസ്‌ലാം’ മുസ്തഫ സ്വബ്‌രി എഫന്ദി (1869- 1954). ആധുനിക ദാർശനികന്മാരോടുള്ള സംവാദങ്ങളിലും ചർച്ചകളിലും തന്റേതായ ചിന്തകൾ കൊണ്ട് മുസ്തഫ സ്വബ്‌രി മറ്റു പണ്ഡിതൻമാരിൽ നിന്ന് വേറിട്ട് നിന്നു. ഈജിപ്തിലെ സെക്കുലർ മോഡേണിസ്റ്റുകളും മോഡേണിറ്റിയുടെ ഇസ്‌ലാമിക പ്രയോക്താക്കളും തമ്മിലുള്ള തർക്കങ്ങളുടെ അടിസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുകയും യഥാർത്ഥത്തിൽ അവ ആധുനിക ഫിലോസഫിയും ദൈവശാസ്ത്രവും (ഇൽമുൽ കലാം) തമ്മിലുള്ള തത്ത്വശാസ്ത്രപരമായ തർക്കങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്തു അദ്ദേഹം. അതുകൊണ്ടു തന്നെ, ഇമാം ഗസ്സാലി എല്ലാം സ്വീകരിച്ച ദാർശനിക നിലപാട് പോലെ, ശാഖാപരമായ ചർച്ചകളിലും തർക്കങ്ങളിലും വ്യാപൃതനാകുന്നതിനു പകരം, തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ നിന്ന് കൊണ്ടായിരിക്കണം അത്തരത്തിലുള്ള സംവാദങ്ങൾ രൂപപ്പെടേണ്ടതെന്നും അദ്ദേഹം നീരീക്ഷിച്ചു.
ശൈഖ് മുസ്തഫ സ്വബ്‌രി; ജീവിതവും ചിന്തയും
ഉസ്മാനിയ്യ ഖിലാഫത്തിലെ പരമോന്നത പദവിയായിരുന്ന ‘ശൈഖുൽ ഇസ്‌ലാം’ പട്ടം അലങ്കരിച്ച അവസാന വ്യക്തിത്വമായിരുന്നു ശൈഖ് മുസ്തഫ സ്വബ്‌രി. ഉസ്മാനിയ്യ ഖിലാഫത് തകരുന്നത് വരെ (1920കൾ വരെ) അദ്ദേഹം ആ പദവി അലങ്കരിച്ചു. യുക്തിചിന്തയും, ബൗദ്ധിക വിജ്ഞാനങ്ങളും തുർക്കിയിൽ വളരെയേറെ ശക്തി പ്രാപിച്ചിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാന കാലഘട്ടങ്ങളിലാണ് മുസ്തഫ സ്വബ്‌രി മതവിജ്ഞാനം കരഗതമാക്കുന്നത്. ഫിലോസഫിയിൽ നിരന്തരമായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അക്കൂട്ടത്തിൽ വളരെ പ്രസിദ്ധി നേടിയ ഗ്രന്ഥമായിരുന്നു അല്ലാമാ ഇസ്മാഈൽ കലൻബവിയുടെ ‘അൽബുർഹാൻ ഫിൽ മൻതിക്’. പിൽകാലങ്ങളിൽ നിരവധി വിശദീകരണങ്ങളും (ശർഹ്) വ്യാഖ്യാനങ്ങളും (ഹാശിയ) ആ ഗ്രന്ഥത്തിന് രചിക്കപ്പെട്ടു. തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളാൽ സമ്പന്നമായ ആ ഒരു കാലഘട്ടത്തിലാണ് മുസ്തഫ സ്വബ്‌രി (ബൗദ്ധികമായി) വളരുന്നത്. പരമ്പരാഗതമായ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിൽ ഒതുങ്ങിക്കൂടാതെ, അറബിയിലേക്കും ടർക്കിഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട ആധുനിക ഫിലോസോഫിയുടെ ഗ്രന്ഥങ്ങളിലേക്കും അദ്ദേഹം തൻറെ വായന വ്യാപിപ്പിച്ചു. ഫ്രഞ്ച് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട പോൾ ജെനിത്തിൻറെ ‘അൽ മത്വാലിബ് വൽ മദാഹിബ്’, അഹ്മദ് അമീനും നജീബ് മഹമൂദും ചേർന്ന് രചിച്ച ‘ഖിസ്സതു ഫൽസഫതിൽ ഹദീസ’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം ആ കാലഘട്ടത്തിൽ തന്നെ വായിച്ച പ്രധാനപ്പെട്ട ചില പുസ്തകങ്ങളാണ്.
ആധുനിക വിജ്ഞാനീയങ്ങൾ അൽ അസ്ഹറിൽ സജീവമായി ചർച്ചയാവുന്ന സമയത്താണ് മുസ്തഫ സ്വബ്‌രി ഈജിപ്തിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ഈജിപ്തിലെ ദാർശനിക ചിന്തകന്മാരുമായി ഗഹനമായ ചർച്ചകളിലും സംവാദങ്ങളിലും അദ്ദേഹത്തിന് ഏർപ്പെടേണ്ടതായി വന്നു. മതത്തിനെ അടിസ്ഥാന പാഠങ്ങൾ പാരമ്പര്യ ഇസ്‌ലാമിക രീതികൾക്ക് പരിചിതമല്ലാത്ത പരിഷ്കൃത രീതികളിലൂടെ സംവേദനം ചെയ്യപ്പെട്ടു എന്നത് അദ്ദേഹം ഈജിപ്തിൽ നിരീക്ഷിച്ച വലിയൊരു മാറ്റമായിരുന്നു. എന്നാൽ ആ പുതിയ രീതി ഇസ്‌ലാമിന്റെ അന്തഃസ്സത്ത മനസ്സിലാക്കാതെ, ആധുനിക ചിന്താരീതികളെ അനുകരിച്ചതിന്റെ പരിണിതിയായിരുന്നു എന്നദ്ദേഹം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി. അതുകൊണ്ട്, ആ പുതിയ രീതികളോട് സംവാദാത്മകമായ രീതിയിൽ തന്നെ സമീപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തൽഫലമായി, ആധുനിക ചിന്താധാരകളെ അനുകരിച്ചിരുന്ന മുഹമ്മദ് അബ്ദുവിനോടും, അഹ്മദ് അമീനിനോടും സംവാദങ്ങൾ നടത്തുന്നതിന് പകരം, അവരുടെ ചിന്തകളുടെ അടിസ്ഥാന ഉറവിടമായ ഇമ്മാനുവൽ കാന്റിന്റെയും, വില്യം ഫ്രഡറിക്ക് ഹെഗലിന്റെയും ചിന്തകളെ തന്നെ സ്വബ്‌രി നേരിട്ട് സമീപിച്ചു.
പത്രങ്ങളിലൂടെയായിരുന്നു മുസ്തഫ സ്വബ്‌രി ആദ്യ കാലഘട്ടങ്ങളിൽ തന്റെ സമകാലികരുമായി സംവാദങ്ങളും, ചർച്ചകളും നടത്തിയിരുന്നത്. പിന്നീട് ‘മൗഖിഫുൽ അഖ്ൽ’ എന്ന ഗ്രന്ഥത്തിലൂടെ ആ ചിന്തകൾ അദ്ദേഹം ലോകത്തിന് സമ്മാനിച്ചു. നാല് വാള്യങ്ങൾ ഉൾകൊള്ളുന്ന ആ ഗ്രന്ഥത്തിൻറെ ഒന്നാം ഭാഗം ഈജിപ്ഷ്യൻ ദാർശനിക മണ്ഡലത്തിൽ നിലനിന്നിരുന്നതും, മത വിജ്ഞാനീയങ്ങളോട് വിരുദ്ധത പുലർത്തുകയും ചെയ്തിരുന്നതുമായ ദർശനങ്ങളുടെ വിശദീകരണമാണ്. സൃഷ്ടാവിൻറെ ഉണ്മയെ സ്ഥാപിക്കുന്ന തെളിവുകളും, അതിനെതിരെ പാശ്ചാത്യർ ഉയർത്തിയ മറുവാദങ്ങളുമാണ് രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നത്. മൂന്നാം ഭാഗം, ഉണ്മയുടെ അർത്ഥതലങ്ങൾ ചർച്ച ചെയ്യുന്നു. നാലാം ഭാഗത്തിൽ പ്രവാചകന്മാരുടെ അമാനുഷികതകളെ (മുഅജിസത് ) കുറിച്ചും, അവ എങ്ങനെയാണു തെളിവുകളാകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആ ഗ്രന്ഥത്തിൽ, ആശയപരമായ വ്യതിചലനചിന്തകളെ വിശദീകരിക്കുമ്പോൾ ഇടക്കിടെ ‘മജല്ലത്തുൽ അസ്ഹറിൻറെ’ മുഖ്യ പത്രാധിപനായിരുന്ന മുഹമ്മദ് ഫരീദ് വജ്ദിയെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ എഴുത്തുകളിൽ ദൈവനിഷേധ ചിന്തകൾ കടന്നുകൂടിയിട്ടുണ്ട് എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ പലയിടത്തായി സ്വബ്‌രി അദ്ദേഹത്തെ ഉദ്ധരിച്ചത്. ആധുനികശാസ്ത്രം എത്രത്തോളമാണ് മതത്തെക്കുറിച്ചുള്ള ചിന്തകളിൽ മാറ്റം കൊണ്ടുവന്നത് എന്ന് മുസ്തഫാ സ്വബ്‌രി അതിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ആധുനികശാസ്ത്രം മതത്തെ കേവലം ‘മിത്തു’കളായി ചിത്രീകരിക്കുകയും മതത്തിൻറെ പരിശുദ്ധിക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു. ശാസ്ത്രീയ യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ആലോചനകളുടെ ഫലമായി മതവും മതവിജ്ഞാനീയങ്ങളും മുൻകാല സമൂഹങ്ങളുടെ ചിന്തകളെയും, ആശയങ്ങളെയും സ്വാധീനിച്ച, കേവലം ചരിത്രപരമായി മാത്രം പ്രാധാന്യമുള്ള ഒരു പഠനമേഖല മാത്രമായിത്തീർന്നു. ചുരുക്കത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ മതങ്ങള്‍ കേവലം മിത്തുകൾ മാത്രമായിരുന്നു. അതിനെ സംബന്ധിച്ചിടത്തോളം മതമോ അതിന്റെ ലോകവീക്ഷണമോ യാഥാർത്ഥ്യങ്ങളെ ഒരിക്കലും മനുഷ്യർക്ക് പകർന്നു തരുന്നില്ല എന്നുമാത്രമല്ല, ഒരു ലെവിസ്‌ട്രോസിയൻ രീതിയിൽ, മുൻകാല സമൂഹങ്ങളിലെ വ്യക്തികള്‍ സ്വയം സങ്കൽപിച്ചു, അവരുടെ മനസ്സുകളില്‍ രൂപപ്പെടുത്തിയ ആശയങ്ങളുടെയും ചിന്തകളുടെയും ആകെത്തുക മാത്രവുമായിരുന്നു മതം.
ഏതെങ്കിലുമൊരു മതത്തെക്കുറിച്ചു മാത്രമായിരുന്നില്ല അവിടെ സ്വബരിയുടെ പ്രതിപാദ്യം. കാരണം മതവും ശാസ്ത്രവും തമ്മിലുള്ള ആ സംഘട്ടനം പ്രാരംഭം കുറിക്കുന്നത് തന്നെ ക്രിസ്ത്യൻ യൂറോപ്പിലാണ്. അതുകൊണ്ട് ക്രിസ്ത്യൻ മതമായിരിക്കണം ഈ ആരോപണങ്ങളെ ആദ്യമായി അഭിമുഖീകരിച്ചിട്ടുണ്ടാവുക. എന്നാല്‍ ശാസ്ത്രം മിത്തുകളെന്നു തള്ളിപ്പറഞ്ഞ മതങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാം അടക്കമുള്ള എല്ലാ മതങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് മുസ്‌തഫ സ്വബരി ഓർമ്മപ്പെടുത്തുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പൗരസ്ത്യ ഇസ്‌ലാം പാശ്ചാത്യരുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ഭൗതിക വിജ്ഞാനങ്ങളും, വൈജ്ഞാനിക സ്രോതസ്സുകളും പല രീതിയിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുസ്‌ലിംകൾ ആധുനിക വിജ്ഞാനീയങ്ങളുടെ സഹായത്തോടെ മതത്തെ പഠിക്കാന്‍ ശ്രമിച്ചപ്പോഴാണ് മതങ്ങളെ മിത്തുകളായി തള്ളിക്കളയുന്ന രീതിയിൽ മതത്തെക്കുറിച്ചുള്ള വീക്ഷണം തന്നെ പൂർണ്ണമായും മാറുന്നത്.
ശാസ്ത്ര യുക്തിയിലൂടെ മതവിശ്വാസങ്ങളെ യുക്തിബദ്ധമായി തെളിയിക്കുന്ന ഇൽമുൽ കലാമിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന മറ്റൊരു വാദഗതി ഈജിപ്തിൽ ആ ഘട്ടത്തിൽ രൂപപ്പെട്ടുവന്നു. ഇസ്‌ലാം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത് ആത്മീയമായ മാർഗ്ഗങ്ങളിലൂടെ മാത്രമാണെന്നും, വിശ്വാസത്തെ രൂപപ്പെടുത്തുന്നതിലോ, ദൃഢപ്പെടുത്തുന്നതിലോ ആ വിജ്ഞാന ശാഖക്ക് യാതൊരു പങ്കുമില്ല എന്നും അവർ വാദിച്ചു. നേരത്തെ സൂചിപ്പിച്ച മുഹമ്മദ് ഫരീദ് വജ്ദി, അഹമദ് അമീന്‍, മുഹമ്മദ് അബ്ദു എന്നിവരായിരുന്നു ആ വാദത്തിന്റെ പ്രയോക്താക്കള്‍. ഇൽമുൽ കലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെയും അവര്‍ ചോദ്യം ചെയ്തു. ഇൽമുൽ കലാമിന്റെയും, പ്രാചീന തർക്കശാസ്ത്രങ്ങളുടെയും അടിസ്ഥാന തത്ത്വമായിരുന്ന ‘ഒരു വസ്തു ഒരേ സമയം തന്നെ ഉണ്ടാവലും ഇല്ലാതിരിക്കലും അസംഭാവ്യമാണെ’ന്ന വൈരുദ്ധ്യാത്മക വാദത്തെ (തനാകുള്) ഹെഗലിയന്‍ തത്ത്വമായ ‘അബ്സലൂട്ട് ട്രൂത്തിന്റെ’ (വസ്തുക്കള്‍ ഒരേ സമയം തന്നെ ബീയിങ്ങും നോണ്‍-ബീയിങ്ങുമാകുന്ന അവസ്ഥ) അടിസ്ഥാനത്തില്‍ അഹമദ് അമീന്‍ എതിർത്തു. ഇമ്മാനുവല്‍ കാന്റിന്റെ വാദങ്ങളെ തുടർന്നുകൊണ്ട് മുഹമ്മദ് അബ്ദു, ഇൽമുൽ കലാമിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമായിരുന്ന തസൽസുൽ (കാര്യ-കാരണ ബന്ധ ശ്രേണിയുടെ അനന്തത) അസംഭവ്യമാണെന്നതിനെയും എതിർത്തു. മാത്രമല്ല ആ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ഉയർത്തിക്കൊണ്ട് വരുന്ന തെളിവുകളൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം വാദിച്ചു. ഇവിടെയെല്ലാം പാരമ്പര്യ ഇൽമുൽ കലാമിന് നേരെയുള്ള ആധുനിക ഫിലോസഫിയുടെ കടന്നുകയറ്റമാണ് പ്രകടമാകുന്നത്. ഇൽമുൽ കലാമിന് പുറമെ, ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളായ അദൃശ്യജ്ഞാനം, പുനർജ്ജന്മം, മരണാനന്തര ജീവിതം, അമാനുഷിക ശക്തി തുടങ്ങിയ കാര്യങ്ങളെല്ലാം മുസ്‌തഫ സ്വബരിയുടെ കാലഘട്ടത്തില്‍ വിമർശനങ്ങൾക്ക് വിധേയമായി.
ആധുനിക ഈജിപ്ഷ്യന്‍ സംസ്കാരത്തില്‍, അത്തരം പാശ്ചാത്യ-ആധുനിക ചിന്താ പദ്ധതികളുടെ സ്വാധീനത്തിന്റെ ഫലമായി, ആശയപരമായി പല മാറ്റങ്ങളും പ്രകടമായി. മധ്യകാലഘട്ടം അജ്ഞതയുടെ കാലഘട്ടമായിരുന്നുവെന്നും, ആ കാലഘട്ടങ്ങളിലെ ചിന്തകള്‍ യുക്തിബദ്ധമല്ലെന്നുമുള്ള വാദങ്ങള്‍ ഉയർന്നു വന്നു. അതിന്റെ പ്രധാന കാരണം, മതം ഇടപെടേണ്ട ഇടങ്ങളിൽ ശാസ്ത്രവും യുക്തിയും ഇടപെടുകയും, മതം മറുപടി നൽകിയിരുന്ന ചോദ്യങ്ങൾക്ക് യുക്ത്യാധിഷ്ഠിത മറുപടികള്‍ നല്കാനും ശ്രമിച്ചു എന്നതായിരുന്നു. ദൈവിക വെളിപാടുകളെക്കുറിച്ചോ പ്രവാചകത്വത്തെക്കുറിച്ചോ, ആധുനിക ജ്ഞാനശസ്ത്രം രൂപപ്പെടുത്തിയ ‘അറിവിൽ എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ’ വഴി നിലപാടുകള്‍ രൂപപ്പെടുത്താനാവില്ല എന്നത് യാഥാർഥ്യമാണ്. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന റെനെ ദെക്കാർത്തെ ദൈവം ഉണ്ടെന്നും മരണത്തിന് ശേഷം മാത്രമാണ് ആത്മാവ് ശരീരത്തില്‍ നിന്ന് വേർപിരിയുന്നതെന്നും വാദിച്ചിരുന്നു. ആധുനിക തത്ത്വചിന്തയെ കൃത്യമായി ചിട്ടപ്പെടുത്തിയ ദെക്കാർത്തെ, എന്നാൽ യുക്തി (reason), അനുഭവജ്ഞാനം (positivist knowledge) എന്നിവയെ മാത്രമാണ് തെളിവുകളായി പരിഗണിച്ചത്. എന്നാല്‍ വെളിപാടുകള്‍ (വഹ്യ്) മുഖേന മാത്രം ലഭിക്കുന്ന (അന്ത്യനാള്‍, ആത്മാവിന്റെ ശരീരത്തിലേക്കുള്ള മടക്കം എന്നിവ ഉദാഹരണം) കാര്യങ്ങള്‍ അവരുടെ ചർച്ചകളിൽ ഇടം നേടിയിരുന്നില്ല. എന്നാൽ, അത്തരം കാര്യങ്ങളിലും തത്ത്വശാസ്ത്രപരമായ ചില ആലോചനകളും, ചിന്തകളും നടത്തേണ്ടതുണ്ട്. കാരണം, ആ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണ് അവയെല്ലാം ധിഷണക്ക് അംഗീകരിക്കാൻ സാധിക്കാത്ത വസ്തുതകളാണെന്ന് വാദിക്കേണ്ടിവരുന്നത്. ദെക്കാർത്തേക്ക് ശേഷം വന്ന ഇമ്മാനുവല്‍ കാന്റും, അദ്ദേഹത്തിന്റെ (ദെക്കാർത്തെ) ‘കേവല ധിഷണ’യും (pure intellect) ‘വിശ്വാസ്യത’യെ നഷ്ടപ്പെടുത്തിയ പ്രമാണവൈരുദ്ധ്യങ്ങളുടെ (antinomies) ചർച്ചകളിൽ ആ കാര്യങ്ങളെ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ, അത്തരം വെളിപാടുകള്‍ എങ്ങനെയാണ് ഫിലോസോഫിയില്‍ ഉൾപ്പെടുന്നതെന്ന് അവർക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്നാൽ, ദൗർഭാഗ്യകരമെന്നോണം ആധുനിക ഫിലോസഫിയുടെ അത്തരം ചിന്തകളെ ഈജിപ്തിലെ തത്ത്വചിന്തകർ അതേപടി പിന്തുടരുകയായിരുന്നു ചെയ്തത്.
യൂറോപ്പിലെ പ്രസിദ്ധ ചിന്തകന്മാരായിരുന്ന ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, അഗസ്റ്റെ കോം എന്നിവരെയായിരുന്നു പ്രധാനമായും അവര്‍ പിന്തുടർന്നിരുന്നത്. കാന്റ് അദ്ദേഹത്തിൻറെ കേവല ധിഷണാ വിമർശനത്തിലൂടെ ദൈവാസ്തിക്യത്തെ തെളിയിക്കുന്ന വാദങ്ങളെ എതിർത്തു. ഹെഗലിന്റെ വൈരുദ്ധ്യങ്ങള്‍ ഒരുമിച്ചു കൂടും (absolute truth) എന്ന വാദത്തിനെ പിന്തുടർന്ന് മറ്റു ചിലര്‍ വൈരുദ്ധ്യാത്മക വാദത്തെയും എതിർക്കാൻ ശ്രമിച്ചു. അഗസ്റ്റെ കോം തന്റെ പോസിറ്റിവിസ്റ്റ് ചിന്തയിലൂടെ പദാർത്ഥങ്ങളിലല്ലാതെ ഉണ്മ സാധ്യമല്ല എന്നും വാദിച്ചു. എന്നാൽ, ഈജിപ്ഷ്യന്‍ തത്ത്വചിന്തകരുടെ ഈ അനുധാവനത്തെ (തഖ്‌ലീദ്) മുസ്‌തഫ സ്വബരി നിശിതമായി വിമർശിച്ചു. വിശ്വാസകാര്യങ്ങളില്‍ പോലും തഖ്‌ലീദ് അനുവദനീയമല്ല എന്നിരിക്കെ, വിശ്വാസവുമായി ബന്ധമില്ലാത്ത – കേവലം തെളിവ് രൂപപ്പെടുത്താൻ മാത്രം ഉപയോഗിക്കുന്ന താർക്കികമായ – കാര്യങ്ങളില്‍ എങ്ങനെയാണ് അവര്‍ തഖ്‌ലീദ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദ്യം താർക്കികമായി തന്നെ ചെയ്തു. യഥാർത്ഥത്തിൽ അവര്‍ ബുദ്ധിയേയല്ല പിന്തുടരുന്നതെന്നും മറിച്ച് പാശ്ചാത്യരുടെ ചിന്തകളെ തെളിവുകള്‍ കൂടാതെ അനുധാവനം ചെയ്യുകയാണെന്നും വ്യക്തമാക്കുകയായിരുന്നു മുസ്തഫാ സ്വബരി. അതുവഴി, ചുരുക്കത്തിൽ, ഇൽമുൽ കലാമിനും, ഇസ്‌ലാമിക തത്ത്വചിന്തക്കും പാശ്ചാത്യ ആലോചനകളിൽ നിന്ന് വിഭിന്നമായ, പാരമ്പര്യത്തിൽ ഊന്നിയ ദൃഢമായ ഒരടിത്തറ ഉണ്ടെന്ന് തുറന്ന് കാണിക്കുകയും, അതുവഴി ഈജിപ്ഷ്യൻ ദൈവശാസ്ത്ര അന്വേഷണങ്ങൾക്ക് പുതിയൊരു പാത തുറന്നു നൽകുകയും ചെയ്യുകയായിരുന്നു മുസ്തഫാ സ്വബരി.
തുടർന്ന് വായിക്കുക: ദലീലുൽ ഇംകാനും, ദലീലുൽ ഹുദൂസും; പോസ്റ്റ് കാന്റിയൻ ഫിലോസഫിയുടെ സ്വബരിയൻ വിമർശനങ്ങൾ
Featured Image: The Gate of The Great Umayyad Mosque, Damascus, 1890
Gustav Bauernfeind (German 1848-1904), Oil on panel. 47⅝ x 38 in (121 x 96.5 cm)
Comments are closed.