നായകളെക്കുറിച്ചുള്ള മുസ്‌ലിം വ്യവഹാരങ്ങളിലേക്കുള്ള അന്വേഷണത്തിന്റെ രണ്ടാം ഭാഗം.
നായകളെക്കുറിച്ച് മുസ്‌ലിം സമൂഹത്തിൽ നിലനിന്ന ആശയക്കുഴപ്പം സൂഫീ ചിന്തകളിലും, സാഹിത്യങ്ങളിലും സമ്പന്നമായ രൂപകങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമായി എന്ന് കാണാം. സൂഫി രചനകളിൽ രൂപകങ്ങളിലൂടെയും വര്‍ണ്ണനകളിലൂടെയും വൈവിധ്യമാർന്ന ആശയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നായകൾ സൂഫീ ചിന്താ ലോകത്തേക്കുള്ള പ്രവേശനം സാധ്യമാക്കുന്നുണ്ട്. വ്യത്യസ്ത കാരണങ്ങള്‍ക്ക് വേണ്ടി ക്ലാസിക്കല്‍ സൂഫീ കൃതികളുടെ എഴുത്തുകാര്‍ നായകളെ അവരുടെ കഥകളില്‍ ഉപയോഗിക്കുന്നുണ്ട്. ചില കൃതികളിൽ തെരുവിൽ അലയുന്ന വൃത്തിയില്ലാത്ത, അക്രമ സ്വഭാവമുള്ള, നഗരങ്ങളുടെ അരികുകളിൽ കഴിയുന്ന ജീവികളിലായിട്ടാണ് നായകൾ പ്രത്യക്ഷപ്പെടുന്നത്. നായകളുമായി അടുത്ത് ഇടപഴകുന്ന സൂഫീ പണ്ഡിതന്മാരെ ചിത്രീകരിക്കുമ്പോള്‍ എഴുത്തുകാരന്‍ നാം പ്രതീക്ഷിക്കുന്ന, അല്ലെങ്കില്‍ സാധാരണ ഗതിയിലുള്ള നടപ്പുകളെ ആഖ്യാനപരമായി തകിടം മറിക്കുന്നതോടൊപ്പം സൂഫീ ആശയങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നത് കാണാം.
നായകളോടുള്ള സൂഫികളുടെ കാരുണ്യത്തോടെയുള്ള പെരുമാറ്റം പലപ്പോഴും പ്രധാനപ്പെട്ട ചില പാഠങ്ങൾ കൈമാറ്റം ചെയ്യാനുള്ള അവസരമായി സൂഫി രചയിതാക്കൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റു ചില അവസരങ്ങളിൽ മനുഷ്യന്റെ ശാരീരിക ‘ഇച്ഛ’കളെ (അൽ നഫ്സ്) നായയുമായി ഉപമിക്കുന്നതും കാണാനാവും. അബുല്‍ ഖാസിം അല്‍ ഖുശൈരിയുടെ സൂഫിസത്തിനുള്ള ആമുഖത്തിൽ (Risalah AlQushayriyah) ഒരു ഉദാഹരണം കാണാം. സന്യാസത്തെക്കുറിച്ച് ഒരു ക്രിസ്ത്യന്‍ സന്ന്യാസിയോട് ചോദിച്ചപ്പോൾ അയാൾ താന്‍ ഒറ്റക്ക് ജീവിക്കുന്നു എന്ന് മാത്രമേ ഒള്ളൂ എന്നും തന്റെയുള്ളിൽ ഒരു നായയെ വളർത്തുന്നതിനാൽ താൻ സന്യാസി അല്ല എന്നും പറയുന്നു. “എന്റെ ആത്മാവ് ജനങ്ങളെ കടിക്കുന്ന ഒരു നായയാണ്. അവരുടെ സുരക്ഷക്കായി ഞാന്‍ അതിനെ അവരില്‍ നിന്നും വിദൂരത്താക്കി വെച്ചിരിക്കുകയാണ്”. മറ്റു ചില എഴുത്തുകളിൽ നായകള്‍ അവയുടെ വിശ്വസ്തതയും ദ്രോഹിച്ചാലും തന്റെ ഉടമസ്ഥനോട് പുലർത്തുന്ന കൂറും പ്രകടമാക്കുന്ന സ്വഭാവത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂഫി ഗുരുക്കൾ ദൈവത്തിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാൻ താൽപര്യപ്പെടുന്ന ശിഷ്യന്മാരോട് ഇതുപോലെ ജീവിതത്തിൽ എന്തെല്ലാം ദുരിതങ്ങൾ നേരിട്ടാലും തന്റെ ലക്ഷ്യത്തോട് ആത്മാർത്ഥമായി കൂറ് പുലർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
സൂഫീ ആശയങ്ങളോ സിദ്ധാന്തങ്ങളോ തെളിയിക്കുന്നതിന് വേണ്ടി നായയെ ഉപയോഗപ്പെടുത്തുന്നതിന് ഉദാഹരണം ഗസ്സാലി ഇമാമി(റ)ന്റെ രചനകളിൽ കാണാം. സ്വന്തം സന്തോഷത്തേക്കാള്‍ മറ്റുള്ളവരുടെ സന്തോഷത്തെ സംരക്ഷിക്കുന്ന പരോപകരാവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന ഭാഗത്ത് അബൂ ഹാമിദുല്‍ ഗസ്സാലി(റ) പറയുന്ന ഉദാഹരണം ഇങ്ങനെയാണ്:
സൂഫികളില്‍പെട്ട ഒരാള്‍ പറഞ്ഞു: തര്‍സൂസ് എന്ന പ്രദേശത്ത് വെച്ച് ബാബുല്‍ ജിഹാദിന് വേണ്ടി പുറപ്പെടുന്ന ഒരു കൂട്ടം ആളുകളെ ഞങ്ങൾ കണ്ടുമുട്ടി. നഗരത്തില്‍ നിന്നും ഒരു നായ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഞങ്ങള്‍ ഗേറ്റിനു പുറത്തെത്തിയപ്പോള്‍ വഴിയിൽ ഒരു ചത്ത മൃഗം കിടക്കുന്നുണ്ടായിരുന്നു. അത് കാരണം ഞങ്ങൾ കുറച്ച് ഉയര്‍ന്ന പ്രദേശത്ത് കയറി ഇരുന്നു. ഞങ്ങളെ പിന്തുടര്‍ന്ന ആ നായ ആ മൃഗത്തെ കണ്ടയുടന്‍ നഗരത്തിലേക്ക് തിരിച്ച് പോവുകയും ഇരുപതോളം നായകളെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. ആദ്യത്തെ നായ ആ ചത്ത് കിടക്കുന്ന മൃഗത്തിന്റെ പ്രധാനപ്പെട്ട അവയവത്തിന്റെ ഭാഗത്ത് ഇരിക്കുകയും ഭാക്കിയുള്ള നായകള്‍ അതിനെ തിന്നാൻ തുടങ്ങുകയും ചെയ്തു. ആ ചത്ത മൃഗത്തിന്റെ എല്ലുകൾ മാത്രം ശേഷിക്കുന്നത് വരെ ആ നായ അവരെത്തന്നെ നോക്കി നിന്നു. അങ്ങനെ മറ്റുള്ള നായകള്‍ എല്ലാം തിന്ന് കഴിഞ്ഞ് തിരിച്ച് നഗരത്തിലേക്ക് തന്നെ തിരിച്ച് പോയതിന് ശേഷം ആ നായ ആ മൃഗത്തിന്റെ ശരീരത്തിന്റെ ഭാക്കിയായ ഭാഗങ്ങള്‍ തിന്നു തീര്‍ക്കുകയും തിരിച്ചു പോകുകയും ചെയ്തു.
നായകളിൽ നിന്നും ആശയങ്ങൾ ഉൾകൊണ്ട് വിഷയങ്ങളില്‍ സവിസ്തരം സംസാരിക്കുന്ന രീതി സൂഫീ എഴുത്തുകാരിൽ മാത്രമല്ല ഉണ്ടായിരുന്നത്. ഇഖ്‌വാനുസ്സഫാ എന്ന പേരിലറിയപ്പെടുന്ന ഇസ്മാഈലികളുടെ എഴുത്തുകളില്‍ ജിന്നുകളുടെ രാജാവിന്റെ മുന്നിൽ വെച്ച് നടന്ന മനുഷ്യനും മൃഗങ്ങള്‍ക്കും ഇടയിലുള്ള പരാതി വിസ്താരം പ്രസിദ്ധമാണ്. ഇവിടെ മനുഷ്യന്റെ മോശം സ്വഭാവങ്ങളെ വിമര്‍ശനത്തിന് വിധേയമാക്കാന്‍ വേണ്ടിയാണ് ഇഖ്‌വാനുസ്സഫാ നായകളുടെ രൂപകം ഉപയോഗപ്പെടുത്തുന്നത്. കോടതി വിസ്താരത്തിനിടയിൽ മനുഷ്യരോടോപ്പം കൂടി നായകൾ തങ്ങളുടെ വംശത്തെ വഞ്ചിച്ചിരിക്കുകയാണ് എന്ന് കുറുനരി വാദിക്കുന്നു. സ്വഭാവത്തിൽ മനുഷ്യന്മാരോട് സാമ്യത പുലര്‍ത്തുന്നത് കാരണമാണ് നായകൾ മനുഷ്യരുടെ കൂടെക്കൂടിയത് എന്ന് കരടിയും .
മനുഷ്യരുടെ അടുത്ത് അവര്‍ (നായകൾ) ഇഷ്ടമുള്ള ഭക്ഷണങ്ങളും, അവരുടേതിന് സമാനമായ അത്യാഗ്രഹം, പിശുക്ക് അടക്കമുള്ള നിന്ദ്യമായ സ്വഭാവങ്ങളും കണ്ടു. ഇത്തരം നീചമായ വിശേഷണങ്ങള്‍ മനുഷ്യരല്ലാത്ത മറ്റു മൃഗങ്ങളിൽ കാണുകയില്ല. നായകളും അത്യാഗ്രഹികളും, തീറ്റഭ്രാന്തന്‍മാരും ആയതിനാൽ അവര്‍ നഗരങ്ങളിലേക്കോ ഗ്രാമങ്ങളിലേക്കോ ഒരു വന്യ മൃഗത്തെയും കയറാൻ അനുവദികുന്നില്ല. അല്ലാത്ത പക്ഷം അവിടെ ഉള്ള വസ്തുക്കള്‍ക്ക് വേണ്ടി അത് കടിപിടി കൂടും.
നായയുടെ സ്വഭാവങ്ങള്‍ തങ്ങളുടെ ആശയത്തെ പ്രകടിപ്പിക്കുന്നതിനായി മധ്യകാല മുസ്‌ലിം എഴുത്തുകാര്‍ വ്യത്യസ്ത സൂചകങ്ങളുടെ സഹായത്തോടെ ഉപയോഗപ്പെടുത്തിയിരുന്നു. അതിനാല്‍ മധ്യാകാല അറബി കൃതികളില്‍ നിന്ന് ചിത്ര കലയുടെ സഹായത്തോടെ അവതരിപ്പിക്കപ്പെട്ട നായകളുടെ വിശേഷങ്ങൾ മതിയായ അളവിൽ എടുത്ത് കാണിക്കാനില്ലെങ്കിലും അറബി ആഖ്യാന സാഹിത്യങ്ങളിൽ, പ്രത്യേകിച്ചും സൂഫീ സാഹിത്യത്തില്‍, നായകളെക്കുറിച്ചുള്ള ചിത്രങ്ങൾ വേണ്ടുവോളമുണ്ട് എന്ന് കാണാം.
ഇബ്നു നൂഹ് അല്‍ ഖൂസി സൂഫിസത്തെക്കുറിച്ച് എഴുതിയ ദൈർഘ്യമേറിയ കൃതി ഈ രംഗത്ത് പ്രസിദ്ധമാണ്. അല്‍-വാഹിദ് ഫീ സൂലൂകി അഹ്ലിത്തൗഹീദ് എന്ന അദ്ദേഹത്തിന്റെ മഹത്തായ ഗ്രന്ഥം തത്വചിന്തകളും , പുണ്യാത്മാക്കളുടെ ജീവിത കഥകളും, അപൂർവ്വമായ രേഖകളും കൊണ്ട് സമ്പന്നമാണ്. സൂഫികള്‍ നായകളെ മിസ്റ്റിക്കലായ ആശയങ്ങളെ വിശദീകരിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തിയതിനുള്ള നല്ല ഉദാഹരണമാണ് ഇബ്ൻ നൂഹിന്റെ രചന. മുൻപ് പരാമർശിച്ചത് പോലെ മെരുക്കാനും കീഴടക്കാനും ശ്രമിക്കുന്ന ഒരു നായയാണ് സൂഫികള്‍ക്ക് ദേഹേച്ഛ എന്നത്. ഈ വിഷയത്തിലുള്ള ഒരു നീണ്ട വിശദീകരണത്തില്‍ രൂപങ്ങൾ സൃഷ്ടിക്കുന്നതിനെ എതിർത്തുകൊണ്ടുള്ള പ്രസിദ്ധമായ പ്രവാചക വചനത്തിന്റെ മെറ്റഫോറിക്കല്‍ വായനയിലൂടെ ഇബ്നു നൂഹ് ദേഹേച്ഛയുടെ നശീകരണ സ്വഭാവത്തെ നായയുമായി താരതമ്യപ്പെടുത്തുന്നുണ്ട്.
നായയോ ചിത്രമോ ഉള്ള വീട്ടില്‍ മാലാഖമാര്‍ പ്രവേശിക്കുകയില്ല. അങ്ങനെയെങ്കിൽ മോശപ്പെട്ട സ്വഭാവങ്ങളുടെ നായകളാലും, അഹങ്കാരം നിറഞ്ഞ ആത്മ ചിന്തകളുടെ ചിത്രങ്ങളാലും തടവിലാക്കപ്പെട്ട ഹൃദയത്തിൽ പിന്നെ എങ്ങിനെയാണ് ദൈവിക ചൈതന്യവും, ആത്മീയ രഹസ്യങ്ങളും കുടികൊള്ളുക? ഐഹികമായ മാലിന്യങ്ങൾ മൂലം സംഭവിച്ച അശുദ്ധി ആ വ്യക്തിയിൽ പൂർണ്ണമായും സാതാനിക സവിശേഷത മുദ്ര ചെയ്യുകയും, അവന്റെ ചിത്രം ഒരു ദൈവ നിഷേധിയുടെ ചിത്രമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. അതോടെ അവൻ തെരുവ് നായയെപ്പോലെ കുരക്കുകയും, ശൈത്വാന്‍ അവനില്‍ ആധിപത്യം സ്ഥാപിക്കുകയും, കാരുണ്യവാനെ ഓര്‍ക്കുന്നതില്‍ നിന്ന് അവനെ മറവിപ്പിക്കുകയും ചെയ്യും
ക്രിസ്ത്യന്‍ സന്ന്യാസിയെക്കുറിച്ച് അല്‍ ഖുറൈശി പറഞ്ഞത് പോലെ, ഇബ്നു നൂഹ് മനുഷ്യനിലെ മോശ സ്വഭാവമായ ദേഹേച്ഛയെ തെരുവുകളില്‍ അലഞ്ഞ് ജനങ്ങളുടെ നേരെ കുരക്കുന്ന നായയേക്കാൾ അപകടകാരിയാണ് എന്നാണ് രേഖപ്പെടുത്തുന്നത്.
ഗസ്സാലി ഇമാം (റ) പറഞ്ഞു വച്ചത് പോലെ നായകള്‍ ചിലപ്പോള്‍ ചില അനുഗ്രഹീത സംഭവങ്ങള്‍ക്കുള്ള കാരണവും ആകാം. മനോഹരമായ ഒരു വിവരണത്തിൽ ഇബ്നു നൂഹിന്റെ സൂഫി അദ്ധ്യാപകരിലൊരാളായ അബ്ദുല്‍ അസീസ് അല്‍ മിനുഫി ഇബ്നു നൂഹിനോട് പറഞ്ഞ ഒരു സംഭവം കാണാം. ഗിസ്സയില്‍ വെച്ച് അദ്ദേഹം ഒരു കൂട്ടം മൃഗങ്ങൾ പുല്ല് തിന്നുന്നതായി കണ്ടു. അതിൽ നിന്നും ഒരു ആട് തല ഉയർത്തി ‘ലോകത്ത് ഒരു ദൈവവുമില്ല ഏക ദൈവമല്ലാതെ’ എന്ന് പറഞ്ഞു. ഇത് അദ്ദേഹത്തെ ഒരു നായയുമായി മുൻപ് ഉണ്ടായ സമാന അനുഭവം ഓർമ്മിപ്പിച്ചു. “ഒരിക്കല്‍ ഞാന്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു നായ മറ്റൊരു നായയെ കടിക്കുന്നതായി കണ്ടു. അന്നേരം കടി കൊണ്ട നായ കടിച്ച നായക്ക് നേരെ തിരിഞ്ഞ് കൊണ്ട് ‘ഉന്നതനായ ദൈവത്തെ നീ പേടിക്കുക’ എന്ന് പറഞ്ഞു. ഇത്തരം കഥകള്‍ ദൈവത്തിന്റെ അത്ഭുതകരമായ കഴിവും തെളിയക്കുന്നുണ്ടെന്നതിനപ്പുറം അനുഷ്ഠാനപരമായ അശുദ്ധിയായി കാണുന്ന നായകള്‍ക്കും ആത്മീയമായ കഴിവുകളുണ്ട് എന്നത് പൊതു ബോധത്തെ തകിടം മറിക്കാൻ സഹായകമാകുന്നതാണ്.
ഇബ്നു നൂഹ് ‘അല്‍ വാഹിദ്‘എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്ന കഥകളിലെല്ലാം പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഘടകങ്ങൾ കാണാന്‍ സാധിക്കും. ഈ ആഖ്യാനങ്ങളിലെ സൂഫികളുമായുള്ള നായകളുടെ സഹവാസങ്ങൾ അശുദ്ധിയുമായി ബന്ധപ്പെട്ട നടപ്പുകളെ അസ്ഥിരപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കഥ ഈജിപ്ത്യന്‍ നഗരമായ ഖിനയിലെ സൂഫി രക്ഷാധികാരിയായ അബ്ദുല്‍ റഹീം അല്‍ ഖിനാഇയുമായി ബന്ധപ്പെട്ടതാണ്. പഴയ കൊയ്റോയുടെ (Fustat) ഇമാമായ ഇബ്നു അല്‍ ഖസ്തല്ലാനി എന്നവര്‍ അദ്ദേഹത്തോട് പറഞ്ഞു: ” അദ്ദേഹം ഒരിക്കല്‍ ഒരു നായയെ കാണുകയും അതിനെ വളരെ ബഹുമാനത്തോടെ പരിചരിക്കുകയും ചെയ്തു. ജനങ്ങള്‍ അദ്ദേഹത്തോട് ഇതിനെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: സൂഫികള്‍ ധരിക്കാറുള്ള ഒരു നീല ചരട് ഞാന്‍ അതിന്റെ കഴുത്തില്‍ കണ്ടിരുന്നു”. ഈ കഥയിയിൽ നിന്നുള്ള ഗുണപാഠം വിവരിച്ചുകൊണ്ട് അദ്ദേഹം പിന്നീട് എഴുതുന്നു:
അനുഷ്ഠാനപരമായ അശുദ്ധമായി കാണുന്ന, തൊട്ടാല്‍ ഏഴ് പ്രാവശ്യം കഴുകണമെന്നും അതില്‍ ഒന്ന് മണ്ണ് കൊണ്ടാകണമെന്നും പറയുന്ന നായയിൽ സൂഫികളുടെ ചിഹ്നം കണ്ടതില്‍ അതിനെ ബഹുമാനിച്ച അല്‍ ഖീനി എന്ന പണ്ഡിതനെ നാം കാണേണ്ടതുണ്ട്. ദൈവത്തിന്റെ മാര്‍ഗത്തില്‍ ഒരുപാട് പേരെ ഉപദേശിച്ച നേതാവിൽ നിന്നുള്ള പാഠമാണിത്. അങ്ങനെയെങ്കിൽ ഒരു മനുഷ്യനിൽ ഈ അടയാളങ്ങൾ നാം എങ്ങനെ പെരുമാറണം!. ഒരു ദരിദ്രൻ ദാരിദ്ര്യം വരിച്ചാലോ? നി അടയാളങ്ങളുള്ള ഒരു സൂഫിയെ കണ്ടാൽ നാം എത്രത്തോളം ബഹുമാനത്തോടെ പെരുമാറേണ്ടിയിരിക്കുന്നു!
സൂഫി സാഹിത്യങ്ങളിൽ അറബിയിൽ ‘മുവല്ല’ എന്ന് അറിയപ്പെടുന്ന ദൈവ സന്നിധിയിൽ എല്ലാം മറന്ന വ്യക്തികളെ അടയാളപ്പെടുത്തുന്നത് പലപ്പോഴും നായകളുമായുള്ള ആ വ്യക്തിയുടെ ഇടപാടുകളാണ്. ഇബ്ന് നൂഹിനെ സംബന്ധിച്ചിടത്തോളം മഖ്ബറക്കടുത്ത് സമയം ചിലവഴിക്കുന്നതും, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതും ആ വ്യക്തി മുവല്ലയാണ് എന്നതിന് തെളിവാണ്. ഉദാഹരണത്തിന്, ഇബ്ന് നൂഹ് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. അദ്ദേഹത്തിന്റെ സഹചാരികള്‍ ‘സൈനുല്‍ മുവല്ല’ എന്ന ഒരു സൂഫിയെ കണ്ടുമുട്ടുന്നുണ്ട്. ഈ സൂഫി കൂടുതല്‍ സമയവും ഖബർ സ്ഥാനുകളിൽ ചിലവഴിക്കുകയും, തെരുവുകളില്‍ നഗ്നനായി ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി അലഞ്ഞ് തിരിയുകയും, അങ്ങനെ കിട്ടിയ ഭക്ഷണം തെരുവിലെ പട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഞാന്‍ ലക്സറില്‍ വെച്ച് ശാഫി എന്ന് പേരുള്ള ഒരു മുവല്ലയെ കണ്ടു. അദ്ദേഹം പലപ്പോഴും നായകള്‍ക്ക് ഭക്ഷണം നല്‍കുകയും, മഖ്ബറകളില്‍ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു”. ഡമസ്കസില്‍ നിന്നുള്ള കുര്‍ദിഷ് സൂഫി പണ്ഡിതനാണ് മറ്റൊരാൾ. ഈജിപ്തിലായിരുന്നു അദ്ദേഹം തന്റെ ജീവിതം കഴിച്ചുകൂട്ടിയിരുന്നത് ഇബ്നു നൂഹ് അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ അല്‍-മിനൂഫിയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: കുറച്ച് സൂഫികളുമൊത്ത് അല്‍-കുര്‍ദി ഒരിക്കല്‍ യെമനിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു.
കുറച്ച് സൂഫികള്‍ അദ്ദേഹത്തിന് ഭക്ഷിക്കാന്‍ വേണ്ടി അല്‍പം റൊട്ടിയും യോഗർട്ടും കൊണ്ട് വന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളോട് അത് നായക്ക് ഭക്ഷിക്കാന്‍ കൊടുക്കണം എന്ന് പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ ഭക്ഷണം നായകള്‍ക്ക് നല്‍കുകയാണോ? ഞങ്ങള്‍ക്ക് അതില്‍ നിന്ന് നല്‍കുന്നില്ലേ? അവർ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങള്‍ എനിക്കു വേണ്ടി കൊണ്ടുവന്ന നിങ്ങളുടേതല്ലാത്ത ഭക്ഷണത്തെ ഞാന്‍ നിരാകരിക്കുകയല്ല, മറിച്ച് ദൈവത്തിന്റെ സൃഷ്ടികളായ ജന്തുക്കള്‍ക്ക് നല്‍കുകയാണ്. അവര്‍ക്കാണ് അത് കൂടുതല്‍ ആവശ്യം.
നായക്ക് ഭക്ഷണം നൽകൽ അൽ കുർദിയുടെ മഹത്തായ സ്വഭാവത്തെ അടയാളപ്പെടുത്തുകയും അതോടൊപ്പം ഭക്ഷണം തങ്ങൾക്ക് അധികാരപ്പെട്ടതാണ് എന്ന തെറ്റായ വിശ്വാസത്തിലായിരുന്ന മറ്റുള്ളവരുടെ ധാരണ തിരുത്തുകയും ചെയ്യുന്നുണ്ട് ഈ സംഭവം.
ഇബ്നു നൂഹ് പരാമർശിക്കുന്ന മറ്റൊരു സൂഫി പണ്ഡിതനാണ് യൂസുഫ് അല്‍ ഖുറൂനി. ഇറാനിൽ നിന്നും ഈജിപ്തില്‍ എത്തിയ അദ്ദേഹം സൂഫികളുടെ പരിശീലകനായി പ്രസിദ്ധനാവുകയായിരുന്നു. കയ്റോയിലെ ഖറഫാ ഖബർസ്ഥാനിനടുത്ത് പ്രാരംഭ സൂഫീ അന്വേഷകരെ പരിശീലിപ്പിക്കാന്‍ അദ്ദേഹം ഒരു സാവിയ പണിതു. അല്‍ ഖുറൂനിയുടെ പരിശീലന പദ്ധതിയിലെ പ്രധാന ഭാഗം ധ്യാനത്തിലും, പ്രാർത്ഥനയിലുമായി ഒറ്റക്കിരിക്കുന്ന ‘ഖല്‍വ’ ആയിരുന്നു. ഒരുപാട് സൂഫീ കൃതികൾ നാൽപത് ദിവസം നീണ്ട നിൽക്കുന്ന ഈ ഖൽവക്ക് ശേഷം തിരിച്ച് വരുമ്പോൾ അല്‍ ഖുറൂനിക്ക് അസാധാരണ ശക്തികൾ ലഭിച്ചിരുന്നു എന്ന് എഴുതുന്നുണ്ട്. അത്തരം ഒരു വിവരണം ഇങ്ങനെ വായിക്കാം:
ഖല്‍വക്ക് ശേഷം തിരിച്ച് വന്നാല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കനൽകട്ടപോലെ ചുവന്നിരിക്കും. ആ കണ്ണുകള്‍ വല്ല വസ്തുക്കളുടേയും മേല്‍ പതിഞ്ഞാല്‍ അത് അശുദ്ധിയുടെ കലര്‍പ്പില്ലാത്ത ഒരു പാത്രമായി മാറും. ഒരു ദിവസം അദ്ദേഹത്തിന്റെ നോട്ടം ഒരു നായയുടെ മേല്‍ പതിയുകയും അതോടെ മറ്റു നായകള്‍ അതിനെ പിന്തുടരാൻ തുടങ്ങുകയും ചെയ്തു. അത് നടക്കുമ്പോള്‍ മറ്റുള്ളവയും നടക്കും. അത് നില്‍ക്കുമ്പോള്‍ മറ്റുള്ള നായകളും നില്‍ക്കും. മറ്റൊരു ദിവസം അദ്ദേഹം തന്റെ നാല്‍പത് ദിവസത്തെ ഖല്‍വക്ക് ശേഷം ഒരു നായയുടെ മേല്‍ അദ്ദേഹത്തിന്റെ നോട്ടം പതിഞ്ഞു. അതു മുതല്‍ മറ്റുള്ള നായകള്‍ അതിനെ പിന്തുടരാന്‍ തുടങ്ങി. ആ നായക്ക് രോഗം ബാധിച്ചതോടെ മറ്റുള്ളവയൊക്കെ അതിന് ചുറ്റും ഒരുമിച്ച് കൂടി. അതിന് മരണം സംഭവിച്ചപ്പോള്‍ ബാക്കിയുള്ള നായകളുടെ സങ്കടം പതിന്മടങ്ങായി. അങ്ങനെ ആ നായയെ മറമാടാന്‍ ജനങ്ങളെ ദൈവം പ്രചോദിപ്പിച്ചു. ആ നായയെ മറവ് ചെയ്ത സ്ഥലം മറ്റു നായകൾ അവ മരിക്കുന്നത് വരെ സന്ദര്‍ശിക്കുമായിരുന്നു.
ഈ വിവരണത്തെ ശ്രദ്ധേയമാക്കുന്നത് മധ്യകാല ഈജിപ്തിലെ സാമൂഹികവും മതപരവുമായ നായകളുടെ നിഗൂഢതകള്‍ നിറഞ്ഞ സ്ഥാനത്തെ അത് വ്യക്തമായി തെളിയിക്കുന്നുണ്ട് എന്നതാണ്. ആ നായയെ മറ്റു നായകൾ മനുഷ്യരെപ്പോലെ പിന്തുടരുകയും, മരണശേഷം സന്ദർശിക്കുകയും ചെയ്തിരുന്നു എന്നത് മധ്യേഷ്യൻ പാരമ്പര്യവുമായുള്ള ചില സാമ്യതയിലേക്കുള്ള സൂചന നൽകുന്നുണ്ട്. അല്‍ ഖുറൂനി ഒരു ഇസ്ഫറായിന്‍കാരനാണ് എന്നതും അദ്ദേത്തിന്റെ ഖല്‍വ എന്ന അദ്ധ്യാപന രീതിയും, നോട്ടത്തിന്റെ പേരിലുള്ള പ്രസിദ്ധിയും മധ്യേഷ്യന്‍ പാരമ്പര്യത്തിലെ കുബ്രാവി സൂഫിസവുമായി ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്നു. കുബ്രാവി സൂഫികളുമായി ബന്ധപ്പെട്ട് മധ്യേഷ്യയിലെ നായകളുടെ മഖ്ബറകളെ കുറിച്ചും, നായകളിലെ സൂഫികളുടെ പാരമ്പര്യത്തെ കുറിച്ചും ഡെവിന്‍ ഡെവീസ് എഴുതുന്നുണ്ട്. അല്‍ കുബ്ര ഒരിക്കല്‍ ഒരു നായയെ നോക്കിയതും, ആ നായയെ മറ്റു നായകൾ പിന്തുടർന്നതും, അവസാനം ആ നായ മരിച്ചപ്പോള്‍ അല്‍ കുബ്ര അതിനെ മറവ് ചെയ്തതുമായ സംഭവം മധ്യകാലത്തെ പേര്‍ഷ്യന്‍ എഴുത്തുകാരനായ അല്‍ ജാമി വിവരിക്കുന്നുണ്ട്. ഇസ്‌ലാമിക ജീവിതത്തിലെ നായകളുമായി ബന്ധപ്പെട്ട സാമൂഹികവും മതപരവുമായ നിഗൂഡത നായകളുടെ സൂഫി വ്യാഖ്യാനങ്ങളില്‍ ഒരുപാട് ഗ്രന്ഥകാരന്മാര്‍ക്ക് ഭാവനാത്മകമായി ചിന്തിക്കാനും എഴുതാനുമുള്ള സാധ്യതകള്‍ നൽകിയിട്ടുണ്ട് എന്നത് ചരിത്രപരമായ വസ്തുതയാണ്
വിവർത്തനം: Jurais Poothanari
Featured Image by Adam Grabek
Comments are closed.