മിസ്റ്റിക്കല്‍ ദര്‍ശനങ്ങളും തിയോളജിയും ഉള്‍കൊള്ളുന്നതാണ് മുല്ലാ സദ്‌റയുടെ (സദറുദ്ധീൻ മുഹമ്മദ് ശീറാസി) ഫിലോസഫിയോടുള്ള സമീപനം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഈ ഇറാനിയന്‍ – ശിയാ – ഫിലോസഫര്‍, ഇസ്ലാമിക് മെറ്റാഫിസിക്‌സിലെ existence സിദ്ധാന്തത്തെ സമൂലമായ പരിവര്‍ത്തന വിധേയമാക്കിയ ഒരു ചിന്തകനായിട്ടാണ് പ്രശസ്തനായത്. യുക്തിവിചാരം, ആത്മീയ ഉദ്‌ബോധനം, ശീഈ വിഭാഗമായ ഇസ്‌നാ അശ്അരിയുടെ പ്രമാണങ്ങളിലുള്ള ആഴമേറിയ അറിവ് തുടങ്ങിയവ മുഖേനയുള്ള യാഥാര്‍ത്യത്തെ മനസ്സിലാക്കുന്ന രീതിയുടെ ആവശ്യകതയെ അദ്ദേഹം വാദിക്കുന്നു. പാരമ്പര്യ രീതിശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അദ്ദേഹത്തിന്റെ ഈ സമീപനം ഇസ്ലാമിക് ഫിലോസഫിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി മാറി.

ശീറാസിലെ ഒരു രാജകുടുംബത്തില്‍ ജനിച്ച മുല്ലാ സദ്‌റ ആദ്യം ഖസ്‌വീനിലും പിന്നീട് ഇസ്ഫഹാനിലും പഠനം നടത്തി. പ്രശസ്ത പണ്ഡിതനായിരുന്ന മീര്‍ ദമാദില്‍ നിന്ന് തിയോളജിയും ഫിലോസഫിയും പ്രത്യേകിച്ച് ഇബ്‌നു സീനയുടെ പെരിപാറ്ററ്റിക് ഫിലോസഫിയിലെ രചനകളും പഠിച്ചു. ഖുര്‍ആനിക വ്യാഖ്യാനവും ശീഈ പാരമ്പര്യ വിജ്ഞാനവും ശൈഖ് ബഹാഉദ്ദീന്‍ ആമിലിയില്‍ നിന്നും കരസ്ഥമാക്കി. വിജ്ഞാന പരിശീലനങ്ങള്‍ക്ക് ശേഷം ശീറാസില്‍ തിരിച്ചെത്തിയ മുല്ലാ സദ്‌റ പക്ഷെ ഫിലോസഫി വിരുദ്ധ പാരമ്പര്യ ഉലമാക്കളുടെ വിമര്‍ശനത്തിനിരയായി. തദ്ഫലമായി അദ്ദേഹം കഹക് എന്ന ചെറുപട്ടണത്തിലേക്ക് യാത്ര തിരിച്ചു. ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന കഹക് വാസത്തിനിടയിലാണ് മുല്ലാ സദ്‌റ തന്റെ മാസ്റ്റര്‍പീസ് ‘അല്‍അസ്ഫാറുല്‍ അര്‍ബഅ’യുടെ രചന നിര്‍വ്വഹിക്കുന്നത്. അതിനു ശേഷം ഖുമ്മില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ അധ്യാപന ജീവിതം തുടങ്ങി. ഇക്കാലയളവില്‍ തന്റെ അധ്യാപകനായ മീര്‍ ദമാദിനെ ഇടക്ക് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ മീര്‍ദമാദിന്റെ ആശയങ്ങള്‍ മുല്ല സദ്‌റ തന്റെ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നെങ്കിലും ശേഷം തന്റെതായ ഇടം കണ്ടെത്തി. പേര്‍ഷ്യന്‍ ഗവര്‍ണര്‍ ഇമാഖുലി ഖാന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ശീറാസിലെ ഖാന്‍ മദ്‌റസയില്‍ മുല്ല സദ്‌റ ഫിലോസഫിയും ശാസ്ത്രവുമെല്ലാം അധ്യാപനം നടത്തി ശിഷ്ട കാലം കഴിച്ചുകൂട്ടി.

തന്റെ മുന്‍ഗാമികളുടെ ഫിലോസഫിയും ചിന്തകളും അടിസ്ഥാനമാക്കിയായിരുന്നു മുല്ലാ സദ്‌റ തന്റെതായ ആശയങ്ങളും ചിന്തകളും രൂപപ്പെടുത്തിയത്. പ്രധാനമായും പാരമ്പര്യ ശീഇ-സുന്നി കലാം തിയോളജി, ഇബ്‌നു സീനയുടെ മഷാഈ ഫിലോസഫി, ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയുടെ ഇഷ്‌റാഖി ഫിലോസഫി, ഇബ്‌നു അറബിയുടെ ഇര്‍ഫാനി സിദ്ധാന്തങ്ങള്‍ (ഇതിനെ ഒരു സിദ്ധാന്തം എന്ന് വിളിക്കാമോ എന്ന് സംശയമുണ്ട്) തുടങ്ങിയ നാല് പ്രധാന സ്‌കൂളുകളാണ് മുല്ലാ സദ്‌റയുടെ പശ്ചാത്തലം. മുല്ലാ സദ്‌റ ഇവരുടെയെല്ലാം പരിപൂര്‍ണ അനുയായിയോ എതിരാളിയോ ആയിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ സുഹ്‌റവര്‍ദിയെയും നാസിറുദ്ദീന്‍ തൂസിയെയും വിമര്‍ശിച്ച് ഇബ്‌നു സീനയെ പിന്തുണക്കും. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയുടെ ഹിക്മതുല്‍ ഇശ്‌റാഖിന് കമന്ററി രചിച്ച മുല്ലാ സദ്‌റ അദ്ദേഹത്തെ ചില വിഷയങ്ങളില്‍ പിന്തുണക്കുകയും മറ്റുചില വിഷയങ്ങളില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. എസ്സന്‍സിന്റെ അസ്തിത്വമില്ലായ്മ, ദൈവിക വിശേഷണങ്ങളുടെ യാഥാര്‍ത്യം, ഇമേജിനറി വേള്‍ഡിലെ എസ്‌കറ്റോളജിക്കല്‍ പങ്ക് തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇബ്‌നു അറബിയുടെ സ്വാധീനം ദര്‍ശിക്കാനാവുന്നതാണ്. എന്നിരുന്നാലും ഇവരെയെല്ലാം മുല്ലാ സദ്‌റ അന്ധമായി അനുകരിച്ചിരുന്നില്ല. തന്റെ ചിന്തകളുടെ ഒരു അടിസ്ഥാന പ്ലാറ്റ്‌ഫോമായി മാത്രമെ അവരെയെല്ലാം കണക്കാക്കിയിരുന്നൊള്ളൂ.

ബൗദ്ധികാന്വേഷണത്തിനുമപ്പുറത്തുള്ള ഒന്നായിട്ടാണ് ഫിലോസഫിയെ മുല്ലാ സദ്‌റ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് ഒരു ജീവിത രീതിയാണ്. അതിന്റെ ലക്ഷ്യം അറിവും, സംശുദ്ധ ജീവിതത്തെ രൂപപ്പെടുത്തലുമാണ്. മെറ്റാഫിസിക്കല്‍ സത്യങ്ങളുടെ പിന്തുടര്‍ച്ചയാണ് ഫിലോസഫി. അറിവ് കൊണ്ട് നേടിയെടുക്കുന്നതോ മനസ്സിലാക്കുന്നതോ മാത്രമല്ല, മറിച്ച് യാഥാര്‍ത്യങ്ങളിലൂടെയുള്ള ജീവിതം കൂടിയാണ് ഫിലോസഫി. മുല്ലാ സദ്‌റ ഫിലോസഫിയെ മൂന്ന് രീതിയിലൂടെയാണ് അവതരിപ്പിക്കുന്നത്. ആദ്യമായി, ഫിലോസഫറാവുക എന്നാല്‍ ദൈവഭക്തി പരിപോഷിപ്പിക്കലും ഫിലോസഫിയുടെ അനന്തരഫലം മതഭക്ത ജീവിതവുമാണ്. ഫിലോസഫിയെ ഒരു കലയായിട്ടും സ്വയം പരിപോഷണത്തിന്റെയും ആത്മീയ ജ്ഞാനത്തിന്റെയും രീതിയായിട്ടും പ്രാക്ടീസ് ചെയ്യാനാണ് മുല്ലാ സദ്‌റ അത് പഠിക്കുന്നവരോട് ആവശ്യപ്പെടുന്നത്.

രണ്ടാമതായി, മുല്ലാ സദ്‌റ ഫിലോസഫിക്കല്‍ റീസണിംഗിനെ സ്പിരിച്ച്വല്‍ റീസണിംഗിനെയും സമന്വയിപ്പിക്കുന്നു. കാരണം. ഇസ്‌ലാമിക നിയോപ്ലാറ്റോണിസ്റ്റുകള്‍ക്കിടയിലും സുഹ്‌റവര്‍ദിയുടെ രീതിശാസ്ത്രത്തിലും കാണാവുന്നത് പോലെ, മുല്ലാ സദ്‌റയെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് പ്രവാചക ജ്ഞാനത്തിന്റെ രീതിയാണ്. ആദമില്‍ നിന്നും ബൈബിള്‍ പ്രവാചകന്മാരിലൂടെ – ഗ്രീക്ക് തത്വജ്ഞാനികളിലൂടെയും (?) – പ്രവാചകര്‍ മുഹമ്മദിന് അനന്തരം കിട്ടയതാണിത്. ശേഷം മുസ്ലിം തത്വജ്ഞാനികള്‍ക്കും സൂഫികള്‍ക്കും അത് നല്‍കപ്പെട്ടു. രിസാല ഫീ ഹുദൂസില്‍ ആലം എന്ന ചെറുഗ്രന്ഥത്തില്‍ ആദമില്‍ നിന്ന് തുടങ്ങുന്ന ഈ വംശ പരമ്പര മുല്ലാ സദ്‌റ വിവരിക്കുന്നുണ്ട്.

മൂന്നാമതായി, മെറ്റാഫിസിക്കല്‍ സിദ്ധാന്തങ്ങള്‍ മുകാശഫ ബാത്വിനിയ (inner revelation), മുശാഹദ സിര്‍റിയ (Secret Contemplation), മുആയന വുജൂദിയ (Existential Investigation) എന്നീ മൂന്ന് രീതിയിലൂടെ മാത്രമെ ഗ്രാഹ്യമാവുകയൊള്ളൂ എന്നാണ് മുല്ല സദ്ര പറയുന്നത്. അത് ഡിസ്‌കോഴ്‌സുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതല്ല’ (അല്‍ അസ്ഫാറുല്‍ അര്‍ബഅ).

ഇസ്ലാമിക ഫിലോസഫിയിലെ ഒരു മെറ്റാഫിസിക്കല്‍ റെവല്യൂഷനറിയെന്ന് മുല്ലാ സദ്‌റയെ വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാം. Existence നെക്കുറിച്ച് നിലനിന്നിരുന്ന ആശയങ്ങളുടെയെല്ലാം പൊളിച്ചെഴുത്താണ് മുല്ലാ സദ്‌റ നടത്തിയത്. അല്ലാഹുവും (Necessary) സൃഷ്ടിയും (Contingent) തമ്മിലുള്ള ഓണ്ടോളജിക്കൽ വ്യത്യാസത്തില്‍ നിന്നാണ് Existenceനെക്കുറിച്ചുള്ള മുല്ല സദ്രയുടെ ചര്‍ച്ച ആരംഭിക്കുന്നത്. അല്ലാഹു ചലനത്തിനോ മാറ്റത്തിനോ വിധേയമാവുന്ന വിശേഷണമോ സ്വഭാവമോ ഇല്ലാത്ത Pure Existence (സിമ്പിൾ എക്‌സിസ്റ്റൻസ്) ആകുന്നു. ഇബ്‌നു സീനയുടെ Radical Contingencyയില്‍ നിന്നാണ് ഈ ആശയം മുല്ല സദ്ര കടമെടുക്കുന്നത്. സൃഷ്ടിയുടെ Existenceന്റെയും Essenceന്റയും സങ്കീര്‍ണത രൂപപ്പെടുത്തി അല്ലാഹുവിന്റെ Existenceന്റ സരളത പ്രകടമാക്കുന്ന ഈ ഒരാശയത്തിലൂടെ അല്ലാഹുവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കാനാണ് ഇബ്‌നു സീന ശ്രമിക്കുന്നത്. അല്ലാഹു സൃഷ്ടികള്‍ക്ക് Existence ദാനമായി നല്‍കുന്നു. അല്ലെങ്കില്‍ സൃഷ്ടി അല്ലാഹുവില്‍ നിന്ന് Existence നേടിയെടുക്കുന്നു (?). ഈ രണ്ടവസ്ഥയിലും Existence ഓണ്ടോളജിക്കലി essenceനെക്കാള്‍ മുന്‍കടക്കുന്നു. മുല്ലാ സദ്‌റയുടെ Existenceനെക്കുറിച്ചുള്ള ഈ നിലപാട് അരിസ്റ്റോട്ടിലിയന്‍ കാഴിചപാടിനേക്കാൾ വളരെ റാഡിക്കലാണ്. വസ്തുക്കള്‍ (substance) Existenceന്റ പ്രഥമ ഘടകങ്ങളല്ല (പ്രൈമറി ഫാക്ടേഴ്‌സ്). അവ Existenceന്റെ ആക്ടുകളാണ്. ഈയൊരു ആശയത്തിലൂടെയും ഹറകതുല്‍ ജൗഹരിയ്യ എന്ന തന്റെ സിദ്ധാത്തിലൂടെയും അരിസ്‌റ്റോട്ടിലിയന്‍ Category Theoryയെയാണ് മുല്ലാ സദ്‌റ തിരസ്‌കരിക്കുന്നത്. മുല്ലാ സദ്‌റയെ സംബന്ധിച്ചിടത്തോളം ഓണ്ടോളജിക്കലി ആദ്യം Existence ആണ് വരുന്നത്. പരിപൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയാത്ത തീവ്രതാ വ്യത്യാസമുള്ള (fluctuation in intensity) ഒരു യാഥാര്‍ത്യമാണിത്. ഒരു ടോർച്ചിലെ ലൈറ്റ് പോലെ, ചിലപ്പോൾ ശക്തമായും (തീവ്രത കൂടി) മറ്റു ചിലപ്പോൾ മങ്ങിയും (തീവ്രത കുറഞ്ഞു) പ്രത്യക്ഷപ്പെടുന്നു. Essence കള്‍ക്ക് Beingന്റെ ചുവ പോലുമില്ലെന്നാണ് ഇബ്‌നു അറബിയെ ഉദ്ധരിച്ച് മുല്ലാ സദ്‌റ പറയുന്നത്.

മുല്ലാ സദ്‌റയുടെ മറ്റൊരു ആശയമാണ് തശ്കീകുല്‍ വുജൂദ് (Gradation of Existence). Existence ഒരു ഏക യാഥാര്‍ത്യമാണ്, അതിന്റെ മൗലികമായ – ഭൗതികവും – ബഹുമുഖ അനുഭവങ്ങള്‍ മായയും. അപ്പോള്‍ ലോകത്തിലെ വ്യത്യസ്ഥ ബഹുരൂപങ്ങളെല്ലാം ഈ യാഥാര്‍ത്യത്തിന്റെ വ്യത്യസ്ഥ രൂപഭാവങ്ങൾ മാത്രമാണ്. അങ്ങനെ Existenceല്‍ ഉള്‍കൊണ്ടതും പരസ്പരം ബന്ധപ്പെട്ടിട്ടുമുള്ള existenceന്റെ ലംബവും (vertical) സമാന്തരവുമായ (horizontal) ഒരു ശ്രേണി നിലനില്‍ക്കുന്നുണ്ട്. ഈ ശ്രേണി existenceന്റെ തീവ്രത (ഇശ്തിദാദ്), ദുര്‍ബലത (തദഉഫ്) തലങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇതുവഴി One and the manyയെക്കുറിച്ചുള്ള പഴയകാല മെറ്റാഫിസിക്കല്‍ തര്‍ക്കം existence – അല്ലെങ്കില്‍ being – ഏകവും (singular) അനേകവുമാണ് (plural) എന്നതിലൂടെ പരിഹരിക്കപ്പെട്ടു. ഈ ആശയം ആത്മീയ ശ്രേണിയുടെ സ്വഭാവത്തെയും മനുഷ്യന്റെ വ്യത്യസ്ഥ കഴിവുകളെയുമാണ് വിശദീകരിക്കുന്നത്. അപ്പോഴും മനുഷ്യന്റെ എക്‌സിസ്റ്റൻസിന്റെ ഏക സ്വഭാവത്തെ അത് ഊന്നിപ്പറയുന്നുണ്ട്. മുല്ലാ സദ്‌റ പറയുന്നു: ‘വര്‍ഗം, ഇനം, നിര്‍വചനം ഒന്നുമില്ലാത്ത ഒരു ഏക യാഥാര്‍ത്യമാണ് Existence. പരിപൂര്‍ണത (കമാല്‍), ന്യൂനത (നുഖ്‌സാന്‍), മുന്‍ഗണന (തഖദ്ദും), പിന്‍ഗണന (തഅഖുര്‍), നിരാശ്രയം (ഗിനാ), ആശ്രയം (ഹാജഃ) എന്നീ സ്വഭാവങ്ങള്‍ക്ക് വിധേയമാവുക മാത്രമാണത് ചെയ്യുന്നത് മറിച്ച് വ്യത്യസ്തമാവുകയല്ല’.

ഈയൊരാശയം മുല്ലാ സദ്‌റയുടെ പ്രധാന ആശയമായ ഹറകതുല്‍ ജൗഹരിയ്യ (Substantial Motion) എന്നാശയത്തിലേക്കാണ് എത്തിച്ചേരുന്നത്. എല്ലാ Existenceഉം മാറിക്കൊണ്ടിരിക്കുകയും ചലിക്കുകയും ചെയ്യുന്നുവെന്ന പ്രാഥമിക നിഗമനത്തിലൂടെയാണ് മുല്ലാ സദ്‌റ തന്റെ ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ രൂപങ്ങള്‍ സ്വീകരിച്ച് Existence നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു. നിലനില്‍ക്കുന്ന എല്ലാ വസ്തുക്കളും മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഓരോ സെക്കന്‍ഡിലും നിലവിലുള്ള വസ്തുക്കള്‍ അവയുടെ സ്വഭാവങ്ങള്‍ക്കും രൂപങ്ങള്‍ക്കും പുറമെ അസ്തിത്വപരമായി തന്നെ മാറുന്നു. ഉദാഹരണമായി, സൈദ് എന്ന ഒരാള്‍ വയസ്സായി നരബാധിക്കുമ്പോള്‍ അവന്റെ അസ്തിത്വത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. യുവാവായിരുന്ന സൈദും വയസ്സായ സൈദും തുല്യനല്ല. കാരണം അവനില്‍ അസ്തിത്വപരമായി തന്നെ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. തദ്ഫലമായി ലോകം തന്നെ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നുവെന്ന കാഴ്ചപാടാണ് മുല്ലാ സദ്‌റ അവതരിപ്പിക്കുന്നത്. കാരണം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും നൈമിഷികമായ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു ഇല്ലായ്മയില്‍ (‘അദം) നിന്നും ലോകത്തെ ഓരോ സമയത്തും സൃഷ്ടിക്കുന്നുവെന്ന തിയോളജിക്കല്‍ തിയറിയുടെ ഫിലോസഫിക്കല്‍ രീതിയാണ് ഇബ്‌നു സീനയില്‍ നിന്നും വിഭിന്നമായി മുല്ല സദ്‌റ സ്വീകരിക്കുന്നത്. സമയത്തെ സ്വതന്ത്ര അസ്തിത്വമില്ലാതെ existence ന്റെ രൂപമായി പരിഗണിക്കാനും ഇതിലൂടെ സൂചിപ്പിക്കുന്നുണ്ട്.

Simple Reality എന്ന ആശയത്തിലൂടെയാണ് അല്ലാഹുവിന്റെ അസ്ഥിത്വത്തെ മുല്ലാ സദ്‌റ തെളിയിക്കുന്നത്. അല്‍അസ്ഫാറുല്‍ അര്‍ബഅയില്‍ മുല്ലാ സദ്‌റ ഉദ്ധരിക്കുന്നു: ‘Pure One ആണ് എല്ലാ വസ്തുക്കളുടെയും നിദാനം. എല്ലാത്തിന്റെയും തുടക്കം ഇതില്‍ നിന്നാണ്. എല്ലാ വസ്തുക്കളും ഇതിലാകുന്നു, എല്ലാം ഇതില്‍ നിന്ന് ഒഴുകുന്നു, ‘ഇത്’ കാരണമായി തന്നെ നിലനില്‍ക്കുന്നു, ഇതിലേക്ക് തന്നെ മടങ്ങുന്നു. ദ്വിമാനമില്ലാത്ത ഈ ഒരു വസ്തുവില്‍ നിന്ന് എല്ലാം എങ്ങനെ സാധ്യമാവുന്നെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും: കാരണം, ഈ ഒന്നിന് യാതൊന്നുമില്ല (ബദലായി ഇല്ല/ ആവശ്യമില്ല). സംശുദ്ധമായ ഈ ഒന്നില്‍ നിന്ന് എല്ലാം ഒഴുകുന്നു’ (അല്‍അസ്ഫാറുല്‍ അര്‍ബഅ). Essence കളുടെ സങ്കീര്‍ണതകളില്ലാത്ത വളരെ സംശുദ്ധമായ സരളമായ being ആണ് അല്ലാഹു. നിയോപ്ലാറ്റോണിസത്തിന്റെ കാഴ്ചപ്പാട് അടിസ്ഥാനപ്പെടുത്തിയാണ് മുല്ലാ സദ്‌റ Pure One നെ വിശദീകരിക്കുന്നത്. Simple Reality യിലൂടെ സദ്‌റ പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. ഒന്ന്, പരിപൂര്‍ണ്ണതയോടെയുള്ള അല്ലാഹുവിന്റെ അസ്തിത്വത്തിന് ഇത് തെളിവാകുന്നു. കാരണം, Simplicity സമ്പൂര്‍ണതയുടെ സ്വഭാവമാണ്. രണ്ട്, എല്ലാ വസ്തുവിലുമുള്ള അല്ലാഹുവിന്റെ Necessityയെ ഇത് ശക്തിപ്പെടുത്തുന്നു.

മനസ്സും ontological ആയി രൂപം (form) പ്രാപിക്കുന്നുണ്ടെന്നാണ് മുല്ലാ സദ്‌റയുടെ രസകരമായ മറ്റൊരു വാദം. Mental Existence എന്ന് വിളിക്കപ്പെടുന്ന ഈ ആശയം existence എന്നത് knowledge നോട് തുല്യമാണെന്നാണ് മുല്ലാ സദ്രയെ വിശദീകരിച്ച് ഫസലുര്‍ റഹ്മാന്‍ പറയുന്നത്. എല്ലാ യഥാര്‍ത്ഥ വസ്തുവിനോടും ചിന്ത തുല്യമാവുന്നുണ്ടെന്നതില്‍ മുല്ലാ സദ്‌റ റിയലിസ്റ്റ് ആണെങ്കിലും mental reality യുടെ രൂപത്തെ സ്ഥാപിക്കുന്നതിലൂടെ അദ്ദേഹം ദ്വതവാദിയാണ് (Dualist) . ഈ ഒരാശയത്തിലൂടെ mind-body എന്ന വലിയ പ്രശ്‌നത്തില്‍ നിന്നാണ് മുല്ലാ സദ്‌റ രക്ഷ നേടുന്നത്. External mental (extra-mental) existenceനെ പോലെ Mental Existenceനും മുല്ലാ സദ്രയെ സംബന്ധിച്ചിടത്തോളം സ്വഭാവവും വിശേഷണങ്ങളുമുണ്ട്. കാരണം ഇതും existence ന്റെ മറ്റൊരു രൂപമാണല്ലോ എന്നാണ് മുല്ലാ സദ്രയുടെ വാദം.

പ്ലാറ്റോണിക്‌ അനാംനെസിസിന്റെയും (anamnesis) അരിസ്റ്റോട്ടിലിയൻ ആക്‌സിയങ്ങളുടെയുമെല്ലാം രീതികൾ തിരിച്ചറിഞ്ഞു, മൂന്ന് തരം ജ്ഞാനശാസ്ത്ര രീതികളെ മുല്ല സദ്ര വിലയിരുത്തുന്നുണ്ട്. ഒന്ന് ഫഖ്‌റുദ്ദീൻ റാസി എല്ലാം പറയുന്നത് പോലെ അറിവിന്റെ ഒരു കോ റിലേഷണൽ മോഡൽ ആണ്. അതനുസരിച്ച് അറിവ് എന്നാൽ സ്വയം ഉണ്മയില്ലാത്ത – കൊഗ്നിറ്റീവ് രൂപവും – സബ്ജെക്ടിനും ഒബ്ജെക്ടിനും ഇടയിലുള്ള വെറുമൊരു ബന്ധം മാത്രമാണ്. അവിടെ അറിവ് അറിയുന്ന ആളുടെ ഒരു ഇന്റേണൽ പ്രോപ്പർട്ടി ആണ്. ഇവിടെ അറിവ് എന്നത് ഒരു മെന്റൽ ബിയിങ്ങിന്റെ ഇല്ലായ്മക്ക് മുകളിൽ ഉയർത്തി കൊണ്ട് വന്നതിനാൽ മുല്ലാ സദ്ര ഇത് അംഗീകരിക്കുന്നില്ല.

രണ്ട്, അറിവിന്റെ ഒരു കറസ്പോണ്ടൻസ് തിയറി ആണ് (അൽ ഇൽമൽ ഹുസൂലി അൽ ഇർത്തിസാമി). അതനുസരിച്ച് പുറത്തുള്ള ഒരു റിയൽ ഫോമിനെ ഒരു കണ്ണാടി പോലെ റെപ്രസെന്റ് ചെയ്യുകയാണ് മൈൻഡ് ചെയ്യുന്നത്. അതനുസരിച്ച് പുറത്ത് ഒരു വസ്തു ഉണ്ടെങ്കിൽ മാത്രമേ അറിവ് എന്ന ഒന്ന് ഉണ്ടാവുകയുള്ളൂ. അപ്പോൾ ഇല്ലാത്ത ഒരു യാഥാർഥ്യത്തെ കുറിച്ച് – ഒരു ബാഹ്യമായ യാഥാർഥ്യമില്ലാത്ത കാരണം – നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല എന്ന് വരും. ഇതനുസരിച്ച് അറിവ് ഒരു അബ്സ്ട്രാക്ഷൻ ആണ്. അതിനാൽ യാഥാർഥ്യങ്ങളുടെ ഫോം (ചില ഗുണങ്ങളും, വിശേഷണങ്ങളും) മാത്രമാണ് മൈൻഡിന് മനസ്സിലാക്കാൻ കഴിയുക എസ്സെൻസ് (ബീയിങ്) അല്ല. ഈ കാരണത്താൽ ഇതിനെയും മുല്ലാ സദ്ര തിരസ്കരിക്കുന്നു.

മൂന്ന്, സാന്നിദ്ധ്യം കൊണ്ടുള്ള അറിവാണ് (അൽ ഇൽമൽ ഹുദൂരി അശ്ശുഹൂദി). യാഥാർഥ്യങ്ങളുടെ എക്‌സിസ്റ്റൻസിനെ മനസ്സിലാക്കാനുള്ള ഒരേ ഒരു വഴി നമ്മുടെ മനസ്സിലുള്ള യാഥാർഥ്യം പുറത്തുള്ള യാഥാർഥ്യത്തിന്റെ ഉണ്മയുടെ മറ്റൊരു തീവ്രതയിലുള്ള ഉണ്മയാവുക എന്നതാണ്. അത് പുറത്തുള്ള യാഥാർഥ്യത്തിന്റെ മനസ്സിലുള്ള സാന്നിദ്ധ്യത്തിലൂടെ (അൽ ഹുദൂർ അൽ അയ്നി) മാത്രമേ സാധ്യമാവുകയുള്ളൂ. ഇതാണ് മുല്ലാ സദ്ര അംഗീകരിക്കുന്ന ജ്ഞാനശാസ്ത്ര സിദ്ധാന്തം.

മുല്ല സദ്രയുടെ ട്രാൻസ് സബ്സ്റ്റൻഷ്യൽ മോഷൻ അനുസരിച്ച് intellectഉം, intellecting subjectഉം, intellected objectഉം ഒന്ന് തന്നെയാണ് (മുത്തഹിദ്). എന്നാൽ ഇബ്‌നു സീന അതിനെ വിമർശിക്കുന്നുണ്ട്. കാരണം ഇബ്‌നു സീനയെ സംബന്ധിച്ചിടത്തോളം ഒരു യാഥാർഥ്യവും സബ്സ്റ്റാൻഷ്യലി മറ്റൊന്നാവുകയില്ല. അതായത് മനുഷ്യരുടെ റാഷണൽ ഇന്റലക്ട് ഒരിക്കലും വിഭജിക്കാനാവാത്ത ആക്റ്റീവ് ഇന്റലക്റ്റിനോട് കൂടെ ഒന്നാവുകയില്ല. അതായത് ദൈവത്തിന്റെ ഇന്റലക്റ്റും മനുഷ്യന്റെ ഇന്റലക്റ്റും ഒരിക്കലും ഒന്നാവാൻ സാധിക്കില്ല എന്നും ഇബ്നു സീന വാദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഉണ്ടാവുന്നത് ഒന്നിക്കൽ (ഇത്തിഹാദ്) അല്ല യോജിക്കൽ (ഇത്തിസ്വാൽ) ആണ്. എന്നാൽ മുല്ല സദ്ര ഇബ്നു സീനയുടെ പഴയ ആ വിമർശനത്തെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ട് രീതിയിലാണ് സദ്ര അതിനെ മറികടക്കുന്നത്. ഒന്ന്, എല്ലാ വസ്തുക്കളെയും വ്യത്യസ്തമാക്കുന്നത് – ഇവിടെ intellect, intellecting subject, intellected object എന്നിവയെയും – അവയുടെ എസ്സൻസിലുള്ള മാറ്റമാണ് അല്ലാതെ എക്‌സിസ്റ്റൻസിലുള്ള മാറ്റമല്ല. എസ്സൻസിലുള്ള മാറ്റമുണ്ടാവുന്നത് എക്‌സിസ്റ്റൻസിലുള്ള തീവ്രതയുടെ വ്യതിയാനങ്ങൾ കാരണമാണ്. രണ്ട്, ഒന്നാവൽ (ഇത്തിഹാദ്) എന്നാൽ ഇവിടെ സബ്സ്റ്റാൻഷ്യലി ഉള്ള ഒന്നാവൽ അല്ല മറിച്ച് ഒരു എപിസ്‌റ്റമിക്, റെഫറൻഷ്യൽ ഒന്നാവൽ ആണ്.

ഇനി ദൈവത്തിന്റെ അറിവും മനുഷ്യന്റെ അറിവും ഒന്നാവില്ല എന്ന ഇബ്നു സീനയുടെ വാദത്തെ – ഇത്തിഹാദിനോടുള്ള വിമർശനത്തെ – മുല്ലാ സദ്ര മറികടക്കുന്നത് അറിവിന്റെ അൾട്ടിമേറ് തലത്തിൽ ഡിവൈൻ-ഹ്യൂമൺ എന്ന വേർതിരിവ് ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാൽ അവിടെ ഉയർന്നു വരുന്ന ‘അപ്പോൾ ദൈവത്തിന്റെ ഇന്റലക്റ്റും മനുഷ്യരുടെ പോലെ മൾട്ടിപ്ലിസിറ്റിക്ക് വിധേയമാവുന്നതാണോ’ എന്ന ചോദ്യത്തിനും മുല്ലാ സദ്ര മറുപടി പറയുന്നുണ്ട്. മുല്ല സദ്രയെ സംബന്ധിച്ചിടത്തോളം ഇന്റലക്റ്റിലെ മൾട്ടിപ്ലിസിറ്റി ദൈവത്തിന്റെ മൾട്ടിപ്ലിസിറ്റിയെ സാധ്യമാകുന്നില്ല. കാരണം അവിടെയുള്ള മൾട്ടിപ്ലിസിറ്റി ‘തീവ്രതാ’ രൂപത്തിലുള്ളതാണ്. അതായത് ഒരു യാഥാർഥ്യത്തിന്റെ വ്യത്യസ്ത തീവ്രതയിലുള്ള മാനിഫെസ്റ്റാഷൻസ്. അതിനാൽ മനുഷ്യരുടെ ഇന്റലക്റ്റിന്റെ മൾട്ടിപ്ലിസിറ്റി ദൈവത്തിനെ മൾട്ടിപ്ൾ ആക്കുന്നില്ല. മാത്രമല്ല, intellect, intellecting subject, intellected object എന്നിവക്ക് മറ്റൊന്ന് കൂടാതെ നിലനിൽക്കാനോ, അവയിൽ നിന്ന് ഒന്നിനെ വേർപെടുത്താനോ കഴിയില്ല. അതിനാൽ അവക്കടയിലുള്ള ബന്ധം ‘സറൂറിയാ മുത്ലഖാ’ ആണ്.

മുല്ലാ സദ്രയെ സംബന്ധിച്ചിടത്തോളം എസ്കാറ്റോൺ (പരലോകം) എന്നാൽ എക്‌സിസ്റ്റൻസുകളുടെ പുതിയൊരു മാനിഫെസ്റ്റേഷൻ മാത്രമാണ്. അതിനാൽ തന്നെ എസ്കാറ്റോളജിയെ മെറ്റാ ഫിസിക്സിന്റെ ഒരു ഭാഗമായിട്ടാണ് മുല്ലാ സദ്ര മനസ്സിലാക്കുന്നത്. അതിനാൽ മുല്ലാ സദ്ര തന്നെ പറയുന്നതനുസരിച്ച് അദ്ദേഹം ഖുർആനിക് പുനർജ്ജന്മത്തെ – ശാരീരികമായി തന്നെയുള്ള – ഫിലോസഫിക് ആയി സ്ഥിതീകരിക്കാൻ ശ്രമിക്കുകയാണ്. അതുവഴി ആത്മാവിന്റെ ശാരീരിക മാറ്റം (metampsychosis) എന്ന പഴയ ഗ്രീക്ക് ചിന്തയുടെ മുസ്ലിം ഫിലോസഫിക്കൽ വേർഷനുകളെ തകർക്കുകയായിരുന്നു. മുല്ലാ സദ്രയെ സംബന്ധിച്ചിടത്തോളം ശാരീരികമായി പുനർജ്ജനിക്കുന്നതിന്റെ അടിത്തറ, സദ്രയുടെ അടുത്ത് എക്‌സിസ്റ്റൻസ് എന്നാൽ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, പുതിയ ലോകങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കാരണം അൽ അസ്ഫാർ അൽ അഖ്‌ലിയ്യ അൽ അർബഅയിൽ എക്‌സിസ്റ്റൻസിനെ കുറിച്ചുള്ള പതിനൊന്ന് പ്രിൻസിപൾസ് പറയുന്നതിൽ പതിനൊന്നാമതായി പറയുന്നത് അതാണ്: എക്‌സിസ്റ്റൻസിനു ഏറ്റക്കുറച്ചിലുകളുണ്ട് അവക്ക് മൂന്ന് തലങ്ങളുമുണ്ട്. മെറ്റീരിയൽ ഫോമുകളുടെയും, സെൻസറി ഫോമുകളുടെയും ലോകം; ഇമ്മറ്റീരിയൽ ഫോമുകളുടെ ലോകം; എസ്കാറ്റോൺ അടക്കമുള്ള മനസ്സിലാക്കാൻ മാത്രം കഴിയുന്ന (ഭൗതിക രൂപമില്ലാതെ) ലോകം. മുല്ലാ സദ്രയുടെ അടുക്കൽ മനുഷ്യരുടെ എക്‌സിസ്റ്റൻസും, ഐഡന്റിറ്റിയും ഈ മൂന്ന് ലോകങ്ങളിലും ഒരുപോലെയായിരിക്കും.

എക്‌സിസ്റ്റൻസ് അതിന്റെപൂര്‍ണ്ണതയിലേക്കുള്ള മോഷനിലാണ്. അതിനാൽ ഫ്യൂചർ എന്നത് പ്രെസന്റിന്റെ ഒരു പെർഫെക്ട് ഫോം ആണ്. അതിനാൽ എസ്കാറ്റോൺ എന്നത് എക്‌സിസ്റ്റൻസിന്റെ ഒരു റിലേറ്റീവ് ഫോം മാത്രമാണ്. എക്‌സിസ്റ്റൻസ് അതിനാൽ ‘ഒന്നി’ലേക്കുള്ള (ദൈവത്തിലേക്ക്) മടക്കത്തിലാണ്. അങ്ങനെ പെർഫക്ഷൻ ആഗ്രഹിക്കുന്ന ആത്മാവ് പരിമിതമായ മനുഷ്യന്റെ ശരീരം വിട്ട് അനന്തമായ – ഇന്റെലിജിബിളും – പരലോകത്തേക്ക് പ്രവേശിക്കുന്നു. മുല്ലാ സദ്രയെ സംബന്ധിച്ചിടത്തോളം പരലോകത്തുള്ള ആത്മാവ് – പെർഫക്ഷനിലേക്കുള്ള യാത്രയിലായതിനാൽ – ഈ ലോകത്തുള്ള ആത്മാവിനെക്കാളും സബ്റ്റിലും, കൂടുതൽ സമ്പൂർണ്ണവും, ദൈവത്തോട് കൂടുതൽ അടുത്തതുമാണ്. എന്നാൽ ഭൗതികമായ ശരീരം തന്നെ പുനർജ്ജനിക്കുമെന്ന് മുല്ലാ സദ്ര പറയുന്നുമുണ്ട്. അപ്പോൾ അവ രണ്ടും തമ്മിലുള്ള വ്യത്യാസം ഭൗതികമായ ശരീരത്തിലെ ആത്മാവ് പരിമിതവും, ഫിസിക്കലുമാണ് എന്നാൽ പരലോകത്തെ ആത്മാവ് ശാരീരികമായ അലൈൻമെന്റ് ഉണ്ടെങ്കിലും പെർഫക്ടും, ഇൻഫിനിറ്റുമാണ്. അതിനാൽ മുല്ലാ സദ്രയുടെ എസ്കാറ്റോളജിക്കൽ ചിന്തയിൽ പരലോകത്തെ ബോഡിയും, ആത്മാവും മനുഷ്യനെ സംബന്ധിച്ചിടത്തോളം പുതിയവയാണ്. ആവാതെ പറ്റുകയുമില്ല. അതിനായി ഈസാ നബിയുടെ ഒരു വാക്കാണ് മുല്ലാ സദ്ര തെളിവായി ഉദ്ധരിക്കുന്നത്. അതിങ്ങനെയാണ്: “രണ്ടാം തവണ പുനർജ്ജനിക്കാത്ത ഒരു മനുഷ്യൻ ഒരിക്കലും തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.”

Comments are closed.