മുഹമ്മദീയ ദിവ്യത്വത്തിന്റെ മുദ്ര, അല്ലെങ്കില്‍ ഒരൽപം പദാനുപദമായി വിവര്‍ത്തനം ചെയ്താല്‍ മുഹമ്മദീയ സൗഹൃദത്തിന്റെ മുദ്ര എന്നീ വിശേഷണങ്ങള്‍ കൊണ്ടായിരുന്നു തന്റെ അനുചര തലമുറകളാല്‍ ഇബ്നു അറബി (റ) സംബോധന ചെയ്യപ്പെട്ടിരുന്നത്. കുറഞ്ഞ പക്ഷം, ചില കവ്യങ്ങളിലൂടെയെങ്കിലും അത്തരമൊരു വിശേഷണം അദ്ദേഹം അവകാശപ്പെട്ടിരുന്നു എന്ന വസ്തുത സുവ്യക്തമാണ്. പക്ഷെ, എന്തായിരിക്കും അദ്ദേഹത്തെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാരമ്പര്യത്തെയും സംബന്ധിച്ചിടത്തോളം ഈ പദപ്രയോഗം യഥാർത്ഥത്തിൽ അര്‍ത്ഥമാക്കിയിട്ടുണ്ടാവുക ?

വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിനെ(സ) വിശേഷിപ്പിച്ച പ്രവാചകന്മാരുടെ മുദ്ര എന്ന ഗുണവിശേഷണത്തില്‍ നിന്നാണ് ഈ പദപ്രയോഗത്തിന്റെ ഉത്ഭവം. നൈസര്‍ഘികമായി ഈ പദപ്രയോഗം രണ്ട് യാഥാര്‍ത്ഥ്യങ്ങളെ വ്യക്തമാക്കിത്തരുന്നുണ്ട്. ഒന്ന്, മനുഷ്യകുലത്തിലേക്ക് തന്റെ സന്ദേശവുമായി ദൈവം അയച്ച ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരില്‍ നിന്ന് ഏറ്റവും ഒടുവിലെത്തത് പ്രവാചകന്‍ മുഹമ്മദ്‌(സ) ആണെന്നും, രണ്ട്, മുൻ കഴിഞ്ഞ എല്ലാ പ്രവാചകന്മാരിലേക്കും ദൈവം ഇറക്കിയ സര്‍വ ജ്ഞാനത്തെയും പ്രവാചകന് കരസ്ഥമായ ഖുര്‍ആന്‍ എന്ന വെളിപാട്‌ ഒരുമിച്ചുകൂട്ടുകയും, സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നുമാണവ.

സൗഹൃദം എന്ന ഒരു ബ്രിഹത് സങ്കൽപത്തെ ഉള്‍കൊള്ളുന്ന പദത്തിന്റെ ഉത്ഭവം വിശുദ്ധ ഖുര്‍ആനിലെ സുഹൃത്ത് എന്ന പദത്തില്‍ നിന്നാണ്. ബഹുമുഖമായ അര്‍ത്ഥ തലങ്ങളുള്ള ഈ അറബി പദം എങ്ങനെ ഉപയോഗിക്കപ്പെട്ടാലും സുഹൃത്ത് ഏറ്റവും അടുത്ത വ്യക്തി, ആധികാരികത കൽപിക്കപ്പെട്ടവൻ, പരോപകാരി, സംരക്ഷകന്‍ എന്നിവയിലെ ഏതെങ്കിലുമൊരു അര്‍ത്ഥത്തെയോ അല്ലെങ്കില്‍ എല്ലാ അര്‍ത്ഥത്തെയും തന്നെയോ ഉള്‍കൊള്ളും. ദൈവത്തിന്റെ ഒരു പരിശുദ്ധ നാമമായും വിശുദ്ധ ഖുര്‍ആന്‍ ഈ പദത്തിനെ അവതരിപ്പിക്കുന്നുണ്ട്. അതിന് പുറമേ, ഈ പദത്തിന്റെ ആശയപരമായ ബാഹുല്യത്തെ വ്യക്തമാക്കുവാനായി ദൈവതിന്റെ സൗഹൃദം കരസ്ഥമാക്കിയ ഒരു വിഭാഗത്തെ കുറിച്ചും, പിശാചിന്റെ സൗഹൃദം കരസ്ഥമാക്കിയ ഒരു വിഭാഗത്തെക്കുറിച്ചും കൂടി പരാമര്‍ശിക്കുന്നുണ്ട്. ദൈവം, അവന്റെ സാമീപ്യം നല്‍കിയവരേയും, അവന്‍ പ്രത്യേക സംരക്ഷണം നല്‍കുന്നവരെയും അവനോടുള്ള സാമീപ്യത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ പക്ഷം ആത്മ സംബന്ധിയായ വികാര വിചാരങ്ങളിലെങ്കിലും സ്വയാധികാരവും ഭരണീയതയും ഉപയോഗിക്കാനുള്ള പ്രത്യേക അനുവാദം നൽകപ്പെട്ടവരുമാണ് ദൈവത്തിന്റെ സൗഹൃദം കരസ്ഥമാക്കിയ വിഭാഗം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ഇബ്നു അറബിയുടെ കാലഘട്ടമായപ്പോഴേക്കും സുഹൃത്ത് എന്നത് പ്രവാചകന്‍ മുഹമ്മദ്‌(സ) സ്ഥാപിച്ച പരിപൂര്‍ണ്ണ മനുഷ്യ മാതൃകയോട് അതിന്റെ എറ്റവും അടുത്ത രൂപത്തില്‍ സാക്ഷാത്കാരം പ്രാപിച്ച മുൻഗാമികളായ മുസ്‌ലിം സാത്വികന്മാരെ സൂചിപ്പിക്കുവാനുള്ള ഒരു വിശേഷണ പദമായി മാറിയിരുന്നു. പടിഞ്ഞാറന്‍ പണ്ഡിതന്മാര്‍ സാധാരണയായി വലിയ്യ്‌ എന്നതിനെ സന്യാസി എന്നാണ് ഭാഷാന്തപ്പെടുത്തറുള്ളത്. പക്ഷെ ഇസ്‌ലാമിക അധ്യാത്മിക പരിസരത്ത് പല നിലക്കും സാധ്യമാകാത്ത ചില സവിശേഷമായ ക്രൈസ്തവ അര്‍ത്ഥ തലങ്ങള്‍ ഉള്ളതിനാല്‍ ആ ഒരു ഭാഷാന്തര പ്രയോഗത്തെ വളരെ ശ്രദ്ധയോട് കൂടെ തന്നെ സമീപിക്കേണ്ടതുണ്ട്.

ദൈവവുമായുള്ള സൗഹൃദം എന്ന സങ്കല്‍പം ഇബ്നു അറബിയുടെ രചനകളിലെ ഒരു പ്രധാന പ്രതിപദ്യമാണ്. മനുഷ്യ കുലത്തില്‍ വെച്ച് എറ്റവും ഉത്തുംഗമായ സവിശേഷതകളെ സാക്ഷാത്കരിച്ചവരെ മാത്രമാണ് ദൈവം സുഹൃത്തുക്കളായി തിരഞ്ഞെടുക്കുക എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതിലൂടെ ചുരുക്കത്തില്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ മുഖ്യധാരയെ തന്നെയാണ് അദ്ദേഹവും പിന്തുടരുന്നത്. അത്കൊണ്ട് പ്രവാചകന്മാര്‍ തന്നെയാണ് ദൈവത്തിന്റെ പ്രഥമവും പ്രധാനവുമായ സുഹൃത്തുക്കള്‍. പ്രവാചകന്മാരിലേക്ക് തുറക്കപ്പെടുന്ന അവന്റെ വെളിപടുകളിലൂടെ അങ്ങനെ മറ്റുള്ളവര്‍ക്കും അവന്റെ സൗഹൃദം കരസ്ഥമാക്കുന്നതിനുള്ള അവസരം ലഭ്യമാവുന്നു. ഒരോ പ്രവാചകനും മാർഗ്ഗദർശനത്തിന്റെ ഉറവിടവും മാനുഷിക നന്മയുടെയും പരിപൂര്‍ണ്ണതയുടെയും മാതൃകയുമാണ്.

ഒരു പ്രവാചകനെ പിന്തുടർന്ന് കൊണ്ട് ദൈവവുമായുള്ള സൗഹൃദം എന്ന പരമോന്നതമായ സ്ഥാനം നേടിയ ഒരു വ്യക്തിക്ക് ആ പ്രവാചകനില്‍ നിന്നുള്ള ഒരു അനന്തരാവകാശത്തെ പിന്നീട് നൽകപ്പെട്ടേക്കാം. അടിസ്ഥാനപരമായി ആ അനന്തരാവകാശത്തിന് മൂന്ന് തലങ്ങളുണ്ട്. ഒന്ന്, ക്രിയകള്‍. അതായത് പരിപക്വവും ഉചിതവുമായ പ്രവര്‍ത്തനങ്ങള്‍. രണ്ട്, അവസ്ഥകള്‍. അതായത് നൈതികമായ സ്വഭാവ ഗുണങ്ങളെ ദൃശ്യമാക്കുന്ന ആന്തരിക അനുഭവങ്ങള്‍. മൂന്ന്, ജ്ഞാനതലത്തിന്റെ സ്ഥിതികള്‍. അതായത് യാഥാര്‍ത്ഥ്യത്തെ അതിന്റെ വിഭിന്ന മാതൃകകളില്‍ തന്നെ യഥാർത്ഥമായി തിരിച്ചറിയാനുള്ള ശേഷിയുടെ അചഞ്ചലത്വം.

ദൈവത്തെ സ്നേഹിക്കുന്നവർ

ഇബ്നു അറബിയെ (റ) സംബന്ധിച്ചിടത്തോളം ക്രിയകള്‍, അവസ്ഥകള്‍, ജ്ഞാനം, എന്നീ മൂന്ന് മാതൃകാ തലങ്ങളിലൂടെ സ്വന്തം പരിപൂർണ്ണതയെ പ്രാപിക്കാന്‍ മനുഷ്യനെ പ്രപ്തനാക്കലാണ് മതത്തിന്റെ ദൌത്യം. തന്റെ എറ്റവും പ്രശസ്തമായ ദാര്‍ശനിക പ്രയോഗമായ പരിപൂര്‍ണ്ണ മനുഷ്യന്‍ (അല്‍ ഇന്സനുല്‍ കാമില്‍) എന്ന നാമം കൊണ്ടാണ് ആ സ്ഥാനം കൈവരിച്ചവരെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇവിടെ ഇന്‍സാന്‍ എന്നാ പദം ലിങ്കപരമായ യാതൊരു അര്‍ത്ഥത്തെയും ധ്വനിപ്പിക്കുന്നില്ല. മാനുഷിക പരിപൂര്‍ണ്ണത പ്രാപ്തി എന്ന സങ്കൽപ്പത്തിന്റെ എറ്റവും പ്രധാനമായ പ്രാമാണിക അടിത്തറയായ പ്രവാചകന്റെ (സ) ഹദീസില്‍ പുരുഷനും സ്ത്രീയും ഒരു പോലെ തന്നെയാണ് പരാമര്‍ശിക്കപ്പെടുന്നത്. പ്രവാചകന്‍ പറയുന്നു: “പുരുഷന്മാര്‍ക്കിടയില്‍ നിന്ന് ധാരാളം ആളുകള്‍ പരിപൂര്‍ണ്ണത കൈവരിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ നിന്ന് മറിയമും ആസിയയും (ഫറോവയുടെ പത്നി) അത് കൈവരിച്ചിരിക്കുന്നു” ആദമില്‍ നിന്ന് തുടങ്ങുന്ന പ്രവാചക പരമ്പര തന്നെയാണ് പരിപൂര്‍ണ്ണത കൈവരിച്ച മനുഷ്യരില്‍ നിന്നുള്ള എറ്റവും പ്രാഥമികമായ ഉദാഹരണങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ കുലത്തിന് മാതൃകാരൂപകമായി ദൈവം സൃഷ്‌ടിച്ച പരിപൂര്‍ണ്ണ മനുഷ്യര്‍ എന്ന നിര്‍വചനം അവര്‍ അര്‍ഹിക്കുന്നവരാണ്.

വിവേചന ശേഷിയും ക്രമധിഷ്ടിതത്ത്വവും അടങ്ങിയ ജ്ഞാനം തന്നെയാണ് ഏതൊരു രൂപത്തിലും മാനുഷിക പരിപൂര്‍ണ്ണതയുടെ എറ്റവും പരമപ്രധാനവും മൌലികവുമായ തലം. “ഒരു മനുഷ്യന്‍ പരിപൂര്‍ണ്ണതയോട് അടുക്കുന്നതിന് അനുസൃതമായി ദൈവം അവന് വസ്തുക്കള്‍ക്കിടയില്‍ വിവേചനശേഷി നല്‍കുകയും,യാഥാര്‍ത്ഥ്യങ്ങളിലൂടെ അവനെ സാക്ഷാത്കാരത്തിലേക്ക് നയിക്കുകയും ചെയ്യും” എന്ന് പറയുന്നതിലൂടെ ഇബ്നു അറബി ഇത് വ്യക്തമാക്കുന്നുണ്ട്.

സാക്ഷാത്കാരം എന്നാല്‍ മാനുഷികതയുടെ സമ്പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യവൽക്കരണമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ എന്നാല്‍ വസ്തുക്കള്‍ യഥാർത്ഥത്തിൽ എന്താണോ അല്ലെങ്കില്‍ ദൈവത്താല്‍ വസ്തുക്കള്‍ എങ്ങനെ അറിയപ്പെടുന്നുവോ അതുപോലെ ആവലുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനുള്ള പക്വതയുടെ കരസ്ഥമവലും, യാഥാര്‍ത്ഥ്യങ്ങളോട് എങ്ങനെ പക്വമായി പ്രതികരിക്കണമെന്നുള്ള തിരിച്ചറിവ് ലഭിക്കലുമാണ് യാഥാര്‍ത്യങ്ങളെ കുറിച്ചുള്ള യഥാര്‍ത്ഥ ബോധം നല്‍കപ്പെടുക എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്‌. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ജ്ഞാനത്തെയും ക്രിയയെയും ആവശ്യപ്പെടുന്ന ഒന്നാണ് സാക്ഷാത്കാരം. ഈ പദത്തിന്റെ ദ്വന്ത മാനത്തെക്കുറിച്ചുള്ള വ്യക്തമായ ചര്‍ച്ചകള്‍ തുടർന്ന് ചർച്ച ചെയ്യാം.

ഒരു പ്രവാചക മാതൃകയെ പിന്തുടര്‍ന്ന് കൊണ്ട് പരിപൂർണ്ണതയെ പ്രാപിക്കുന്ന പ്രതിഭാസീയമായ പ്രക്രിയ ഒരു പ്രത്യേക ഘടനയിലൂന്നിയ യാഥാര്‍ത്ഥ്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചുള്ള ജ്ഞാനത്തെയും അതിനോട് കൂടെ സാധ്യമാക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ അനന്തമാണ്‌. അതിനാല്‍ തന്നെ അവയെ എല്ലാം ഒരേ സമയം അറിയല്‍ ദൈവത്തിന് മാത്രമാണ് സാധ്യമാവുക. എന്നിരുന്നാലും മനുഷ്യന് എല്ലാ യാഥാര്‍ത്ഥ്യങ്ങളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചില തത്വങ്ങളെ അറിയാന്‍ സാധ്യമായേക്കും. യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ള രീതിശാസ്ത്രങ്ങളെ വിശുദ്ധ ഖുര്‍ആന്‍ നിരന്തരമായി അടയാളപ്പെടുത്തുന്ന ദൈവിക നാമങ്ങളോട് പാഠത്തിന്റെ പല ഭാഗത്തും ഇബ്നു അറബി ബന്ധപെടുത്തുന്നുണ്ട്‌. വ്യത്യസ്ത ദൈവിക നാമങ്ങള്‍ അവയുടെ സവിശേഷ സ്വഭാവങ്ങളെയും അടയാളങ്ങളെയും പ്രപഞ്ചത്തില്‍ എങ്ങനെയാണ് ആവിഷ്കരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള പ്രത്യേകമായ ഒരുള്‍ക്കാഴ്ച പ്രവാചകന്മാര്‍ക്കുണ്ട്.

ഒരോ പ്രവാചകനും തനിക്ക് ഒരു അനന്തരാവകാശിയെ അവശേഷിപ്പിക്കുന്നുണ്ട്. ”പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്‌ ഉലമാ”, അഥവാ ദൈവത്തെയും പ്രവാചക പാഠങ്ങളെയും കുറിച്ച് ജ്ഞാനമുള്ള പണ്ഡിതര്‍ എന്ന ഹദീസ് ഇതിന് തെളിവായി പലയിടങ്ങളിലും ഇബ്നു അറബി ഉദ്ധരിക്കുന്നുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ എല്ലാ കാലഘട്ടത്തിലും ഒരോ പ്രവാചകനും ഒരോ അനന്തരാവകാശി എന്ന നിലക്ക് കുറഞ്ഞത് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം സുഹൃത്തുക്കളെങ്കിലും അനിവാര്യമാണ്. മനുഷ്യത്മാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചെല്ലാമുള്ള ജ്ഞാനത്തെയും, ആധികാരികമായ അനുഭവ സാക്ഷാത്കാരം നേടിയെടുക്കാനുള്ള രീതിശാസ്ത്രങ്ങളെയും പ്രവാചകന്മാരുടെ ഈ അനന്തരാവകാശികളിലൂടെ കൈമാറി വരുന്ന അനന്തര സ്വത്ത്‌ വെളിപ്പെടുത്തിത്തരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു പ്രവാചകനില്‍ അന്തര്‍ലീനമായിട്ടുള്ള മാനുഷിക പരിപൂര്‍ണ്ണതയുടെ മൗലിക മാതൃകയെ അറിയുകയും അതിനനുസരിച്ച് ക്രിയകളെ രൂപപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ. ദൈവികമായി നിയോഗിക്കപ്പെട്ട ഈ മധ്യവര്‍ത്തികളുടെ അഭാവത്തില്‍ ഒരു സൃഷ്ടിക്കും യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.

എങ്ങനെ ഒരു പ്രവാചകനില്‍ നിന്നുള്ള അനന്തരാവകാശം നേടിയെടുക്കാം എന്ന ചോദ്യം ഇബ്നു അറബിയുടെ(റ) രചനകളിലെ കേന്ദ്ര പ്രതിപാദ്യമാണ്. അതിനുള്ള ലളിതമായ മറുപടി, മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഒരു പ്രവാചക ശിക്ഷണ മാതൃകയെ പിന്തുടരുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ ഒരു വലിയ വിഭാഗം പ്രവാചകന്മാരുടെയും ശിക്ഷണം നേരിട്ട് നമ്മിലേക്കെത്തിയിട്ടില്ല. അതിനാല്‍ തന്നെ ആ പ്രവാചകന്മാരിൽ നിന്നെല്ലാം അനന്തരാവകാശം നേടിയെടുക്കാനുള്ള ഏക മാര്‍ഗ്ഗം മുന്‍കഴിഞ്ഞ എല്ലാ പ്രവാചകന്മാര്‍ക്കും നഷ്ടപ്പെട്ട സര്‍വ്വതിനെയും ഉള്‍കൊള്ളുന്ന പ്രവാചകന്‍ മുഹമ്മദിന്റെ (സ) സന്ദേശത്തെ മുന്‍നിര്‍ത്തിക്കൊണ്ട് അവരിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കലാണ്. അങ്ങിനെയൊക്കെ ആണെങ്കിലും ആത്യന്തികമായി ദൈവം തന്നെയാണ് അവന്റെ സ്വയേഷ്ടപ്രകാരം അനന്തരാവകാശം നൽകപ്പെടേണ്ട വ്യക്തിയെ തിരഞ്ഞെടുക്കുന്നത്.


വിവർത്തനം: അൻവർ ഹനീഫ
Featured Image: elCarito
Location: Fez, Morocco

Comments are closed.