ചുറ്റൽ എന്നർത്ഥം വരുന്ന തുർക്കിഷ് വാക്കായ ജിവിർമേയിൽ (cevirme) നിന്നാണ് ഷവർമ്മയുടെ ഉൽഭവം. ലെബനൻ, സിറിയ, ഫലസ്തീൻ, ജോർദാൻ തുടങ്ങിയ പ്രദേശങ്ങളിൽ കുത്തുചട്ടകം ഉപയോഗിച്ച് ഇറച്ചി ഗ്രിൽ ചെയ്തെടുത്താണ് ഷവർമ്മ തയ്യാറാക്കുന്നത്. ഫലസ്തീനിയൻ ഷവർമ്മ ഷോപ്പുകളിൽ വൈവിദ്യം നിറഞ്ഞ ഒരു കൂട്ടം ഷവർമ്മ ടോപ്പിംഗുകൾ (ഷവർമ്മയുടെ മുകളിലൊഴിക്കുന്ന കറിക്കൂട്ടുകൾ) കാണാം. കട്ടിയുള്ള താഹിനി-പാഴ്സലി ഭക്ദൂൻസിയ്യ, ഗാസയിൽ നിന്നുള്ള അരച്ച ശത്ത കുരുമുളക്, ലബനീസ് വെളുത്തുള്ളി സോസായസ്, കേബേജ്, തബ്ബോലാഹ് സലാഡ് അവയിൽ ചിലതാണ്. ഈ കൂട്ടത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് മാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന അംബ.

അംബ ഫലസ്തീനിൽ എത്തിപ്പെടുന്നതിന് പിന്നിൽ ദേശാന്തര സാംസ്കാരിക വിനിമയങ്ങളുടെ ചരിത്രമുണ്ട്. ദക്ഷിണേഷ്യൻ മാങ്ങയച്ചാർ അരച്ചുണ്ടാക്കിയ മസാലയിൽ നിന്നാണ് പിങ്ക്-ഓറഞ്ച് നിറമുള്ള അംബ ഉണ്ടാക്കുന്നത്. അംബ നിർമ്മിക്കുന്നതിന്റെ ആദ്യപടി മാങ്ങക്കഷ്ണങ്ങൾ ഉപ്പിലിട്ടുവെക്കുകയാണ്. പിന്നീട് മുളകുപൊടിയും സുർക്കയും കടുകും, മഞ്ഞളും, ഉലുവയും ചേർക്കുന്നു. മാങ്ങാ ചട്ടിണിയെക്കാൾ പുളിപ്പ് രസമുള്ളതായിരിക്കുമിത്. ദക്ഷിണേന്ത്യയിൽ നിന്നും നൂറ്റാണ്ടുകളെടുത്താണ് അംബ ഫലസ്തീനിലെത്തിയത്. മാങ്ങ എന്നർത്ഥം വരുന്ന ‘ആം’ എന്ന മറാത്തി വാക്കിൽ നിന്നാണ് അംബ നിഷിപ്തമായത്. ഇന്ത്യയിൽ നിന്നും ബാഗ്ദാദി ജൂതന്മാരും മറ്റു ഇന്ത്യക്കാരുമാണ് അതിനെ ഇറാഖിലെത്തിച്ചതും ദേശീയ ഭക്ഷണമാക്കി പരിവർത്തിപ്പിച്ചതും. ഇറാഖികൾ പിന്നീടതിനെ ഫലസ്തീനിലെത്തിച്ചു.

ബെത്‌ലഹേമിലെ ഒരു റെസ്റ്റോറന്റിലുള്ള ഷവർമ്മ ടോപ്പിങ്ങുകൾ

ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ വന്നതോട് കൂടി പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ ശ്രംഖലയിൽ വന്ന മാറ്റങ്ങളും, ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മാൻഡേറ്റായ ഫലസ്തീനിൽ സയണിസ്റ്റ് ശക്തികളുടെ കോളനി വൽക്കരണവുമാണ് ഇന്ത്യയിലെ ഈ മാങ്ങയച്ചാർ ഫലസ്തീനിലെ ഷവർമ്മ ഷോപ്പുകളിലെത്തിയത്തിന് പിന്നിൽ പ്രവർത്തിച്ച ചരിത്ര സംഭവങ്ങൾ.

ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യം

സഹസ്രാബ്ധങ്ങളായി സമുദ്രാതിർത്തി കടന്ന് സുഗന്ധ വ്യജ്ഞനങ്ങളെയും, ആശയങ്ങളെയും, മനുഷ്യരെയും ക്രയവിക്രയം നടത്തിയിരുന്ന വ്യാപാരികളുടെ ചരിത്രപ്രധാനമായ ശ്രംഖലയാണ് ഇന്ത്യ മഹാസമുദ്രത്തിലെ വാണിജ്യം രൂപപ്പെടുത്തിയത്. പടിഞ്ഞാറ് കിഴക്കൻ-ആഫ്രിക്കയിൽ നിന്ന് ദക്ഷിണ യുറോപ്പ് വരെയും പശ്ചിമേഷ്യ വരെയും അവിടെ നിന്ന് പേർഷ്യൻ ഉൾക്കടൽ വഴിയും അറബിക്കടൽ വഴിയും ഇന്ത്യ-ഇന്തോനേഷ്യ-ചൈനവരെയും അത് വ്യാപിച്ചുകിടന്നു. എന്നാൽ നൂറ്റാണ്ടുകളോളം ലോക സമ്പദ് വ്യവസ്ഥയിൽ മുഖ്യ പങ്കുവഹിച്ചിട്ടും കരമാർഗ്ഗം പശ്ചിമേഷ്യ-മധ്യേഷ്യവഴി യൂറോപ്പിനെയും ചൈനയെയും ബന്ധിപ്പിച്ച സിൽക്ക് പാതയെപ്പോലെ ഈ കടൽ മാർഗ്ഗം സ്മരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

1600കളോട് കൂടി ഈ വ്യാപാര പാത വികസിത രൂപം കൈവരിക്കുകയും നൂറ്റാണ്ടുകളിലായി പല നഗരങ്ങളിലും ലോകത്തിന്റെ നാനാഭാഗത്തുള്ള വ്യാപാരികൾ വന്നുചേരുകയും സാർവ്വലൗകിക സംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു. യെമനിൽ നിന്നുള്ള ഹദ്റമികൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ താമസമാക്കുകയും സിംഗപ്പൂരിലും ഹോങ്കോങ്ങിലും സ്വന്തമായി പാർപ്പിടയിടങ്ങൾ കണ്ടെത്തുകയും ചെയ്തു. ഗുജറാത്തി കച്ചവടക്കാർ ഒമാനിലേക്കും പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലേക്കും സാൻസിബാർ-ഏദൻ എന്നിവിടങ്ങളിലേക്കും പേർഷ്യക്കാർ ചൈനയിലേക്കും യാത്ര ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇത്തരം താവളങ്ങൾ ഇവരെ രാഷ്ട്രാന്തര വ്യാപാര ശ്രംഖലകളാക്കി പരിവർത്തിപ്പിച്ചു. 1600കളിൽ പോർച്ചുഗീസ്-ഡച്ച്-ബ്രിട്ടീഷ് കച്ചവടക്കാർ അധിനിവേശ വ്യാപനത്തിന്റെ ഭാഗമായി ഇവിടേക്ക് തിരിഞ്ഞപ്പോൾ ഈ ശ്രംഖലയിൽ പങ്കാളികളാകുന്നതിന് പകരം സ്വന്തന്ത്ര നഗര-രാഷ്ട്രങ്ങളായി നിലനിന്ന ശ്രംഖലയിലെ വിവിധ കേന്ദ്രങ്ങളെ കീഴടക്കാനും വ്യാപരപാതയെ പിടിച്ചടക്കാനുമാണ് ശ്രമിച്ചത്.

ജാറുകളിൽ നിറച്ചിരിക്കുന്ന മാങ്ങയച്ചാർ

ബ്രിട്ടീഷ് അധിനിവേശം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തിന് തുറന്നുകൊടുത്തുവെന്ന് പറയപ്പെടുന്നുവെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രിട്ടന് അനുഗുണമാക്കുന്ന രീതിയിൽ ഈ വ്യവസ്ഥയെ ഉടക്കിവാർക്കുകയാണുണ്ടായത്. രണ്ട് നൂറ്റാണ്ടിനുള്ളിൽ തന്നെ ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായിരുന്ന ഇന്ത്യ ദരിദ്രരാജ്യമായി മാറുകയും ചെയ്തു.

ബാഗ്ദാദി ജൂത ബന്ധങ്ങൾ

ബ്രിട്ടീഷ് അധിനിവേശ ഭരണത്തിന്റെ ചില സാധ്യതകൾ ഉപയുക്തമാക്കി പല കച്ചവട സമൂഹങ്ങളും ഈ സംഭവ വികാസങ്ങളെ അതിജീവിച്ചിട്ടുണ്ട്. ബാഗ്ദാദി ജൂത സമൂഹങ്ങൾ അതിലൊന്നാണ്. പതിനേഴാം നൂറ്റാണ്ട് മുതൽ ബാഗ്ദാദിലെ ഇറാഖി-ജൂത കച്ചവടസമൂഹങ്ങൾ പേർഷ്യൻ ഉൾക്കടലിലെ ബസറയിലേക്കും തുടർന്ന് മുഗൾ ഇന്ത്യയിലേക്കും യാത്രചെയ്ത് ബോംബെ, പുനെ, കൽക്കട്ട എന്നീ നഗരങ്ങളിൽ അയൽപ്പക്കങ്ങൾ സ്ഥാപിച്ചു. കാലക്രമത്തിൽ അലപ്പോയിൽ നിന്നും യെമനിൽ നിന്നുമുള്ള അറബ്-ജൂത സമൂഹങ്ങളും അവരോട് ചേർന്നു. 18, 19 നൂറ്റാണ്ടുകളിൽ വ്യവസായ വൽക്കരണം കാരണമായി യാത്ര-വിനിമയ മാർഗ്ഗങ്ങൾ ത്വരിതഗതിയിലായത് ഉപയോഗപ്പെടുത്തി ഒരുഭാഗത്ത് യാൻഗൂൻ, സിംഗപ്പൂർ, ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും മറുതലക്കൽ ലണ്ടൻ മാഞ്ചസ്റ്റർ നഗരങ്ങളിലേക്കും അവർ വ്യാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ തീരങ്ങളിലുടനീളം പന്തലിച്ചു നിന്ന സമഗ്രമായ ഒരു വാണിജ്യ ശ്രംഖലക്കും രാഷ്ട്രാന്തര അറബ് ജൂത സംസ്കാരത്തിനും അത് ജന്മം നൽകി.
ബാഗ്ദാദി ജൂത ഭക്ഷണ വിഭവങ്ങളിൽ ഈ വാണിജ്യ ശ്രംഖലയുടെ പ്രതിഫലനം കാണാം. അംബയെപ്പോലത്തന്നെ ബിരിയാണിയും ചിക്കൻ കറിയും പറാത്തയും ബാഗ്ദാദി ജൂതരുടെ ഇഷ്ട വിഭവങ്ങളാണ്. മറ്റു പല സമൂഹങ്ങളും ഇത്തത്തിൽ താമസമാക്കിയ നാടിന്റെ ഭക്ഷണ സംസ്കാരം സ്വീകരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യെമനിലെ ഹദ്രമികൾ തെക്കുകിഴക്കൻ ഏഷ്യൻ വിഭവങ്ങൾ കഴിച്ചിരുന്നതായി ഏങ്സങ് ഹോ തരീമിലെ കുഴിമാടങ്ങൾ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടോട് കൂടി ബാഗ്ദാദി ജൂതർക്ക് മധ്യേഷ്യയുടെയും ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും ഭൂരിഭാഗം കയ്യാളിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം ബാഗ്ദാദിനേക്കാൾ പ്രധാനപ്പെട്ടതാവുകയും ആംഗലേയ സംസ്കാരത്തിലേക്ക് അവർ കൂടുതലായി സ്വാംശീകരിക്കപ്പെടുകയും ചെയ്തു. ബാഗ്ദാദി ജൂതർക്ക് പുറമെ ഇറാഖിലേക്ക് കുടിയേറിയ മറ്റു ആയിരക്കണക്കിന് ഇന്ത്യക്കാർ ദക്ഷിണ ഇറാഖിൽ അയ്യായിരം വരുന്ന വലിയൊരു സമൂഹത്തിന്റെ ഭാഗമായി. ഒന്നാം മഹായുദ്ധകാലത്ത് ഇറാഖ് കൈവശപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യത്തിലും വലിയൊരളവോളം ഇന്ത്യൻ സൈനികരുണ്ടായിരുന്നു. യുദ്ധശേഷം ഇവർ സ്വദേശത്തേക്ക് മടങ്ങാതെ ഇറാഖിൽ തമാസമാക്കുകയാണ് ചെയ്തത്.

ഷവർമ്മയും അംബയും

സുഗന്ധവ്യജ്ഞനങ്ങളെയും തുണിത്തരങ്ങളെയും ആഡംബര വസ്തുക്കളെയും പോലെത്തന്നെ ഭക്ഷണ വിഭവങ്ങളും ഇന്ത്യയിൽ നിന്ന് ഇറാഖിലെത്തി. അത്തരത്തിലൊന്നാണ് അംബ. ഒരേസമയം മധുരവും പുളിയും എരിവും നിറഞ്ഞ ആസ്വാദകരമായ ഈ മാങ്ങയച്ചാർ അസാധാരണമാം വിധം ഇറാഖിലുടനീളം പ്രസിദ്ധിയാർജിച്ചു (കിഴക്ക്പടിഞ്ഞാറ് ഇറാനിയൻ നഗരമായ അഹവാസിലും). ഇറാഖി-ജൂത നോവലിസ്റ്റായ സോമേവ് സാസ്സൂൻ ബാഗ്ദാദ് ഇന്നലെ എന്ന ആത്മകഥയിൽ ബാഗ്ദാദിന്റെ തെരുവുകളിൽ അംബ നുണഞ്ഞു ചിലവഴിച്ച ബാല്യകാലത്തെ ഓർത്തെടുക്കുന്നുണ്ട്.

ഫലസ്തീൻ മൻഡേറ്റിലെ ഭക്ഷണ സംസ്കാരം

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചേർന്നാണ് ഓട്ടോമൻ സാമ്രാജ്യം തകർക്കുന്നത്. സിറിയയും ലബനാനും ഫ്രഞ്ചുകാർ കൈക്കലാക്കിയപ്പോൾ ഫലസ്ഥീനും ജോർദാനും ബ്രിട്ടീഷുകാർ കയ്യടക്കി. അതേസമയം തന്നെ മുസ്‌ലിംങ്ങളും ക്രൈസ്തവരും ജൂതരും ഒരുമിച്ച് ജീവിച്ചിരുന്ന ഫലസ്തീനിൽ ഒരു ജൂതരാഷ്ട്രം മുഖ്യലക്ഷ്യമാക്കി കൊണ്ടുനടന്ന സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ചില യൂറോപ്യൻ ജൂതന്മാർ ആകർഷിക്കപ്പെട്ടിരുന്നു. സയണിസ്റ്റ് കുടിയേറ്റം ത്വരിതഗതിയിലായപ്പോൾ ജൂതർക്ക് മാത്രമുള്ള നഗരങ്ങളും സ്ഥാപനങ്ങളും ഉയർന്നുവന്നു. തദ്ദേശ ജനതയെ പുറത്താക്കിക്കൊണ്ടുള്ള തങ്ങളുടെ ദീർഘകാല ഉദ്ദേശ്യങ്ങൾ അത് മറനീക്കി പുറത്തുകൊണ്ടുവന്നു. ഇതിനെതിരെ പ്രക്ഷോഭങ്ങൾ നടത്തിയ ഫലസ്തീനിയൻ ജനതയെ ബ്രിട്ടീഷ് സർക്കാർ അടിച്ചമർത്തുകയും സയണിസ്റ്റ് പദ്ധതിക്ക് രാജ്യത്തെ ഒരുക്കികൊടുക്കുകയും ചെയ്തു. 1948ൽ തന്നെ ഇസ്രായേൽ ഫലസ്തീനിയൻ ജനതയെ മൊത്തത്തിൽ നിഷ്കാസനം ചെയ്യുന്നതും ബാക്കി വരുന്ന ഫലസ്തീനികൾ ഇന്നും ഇസ്രായേൽ സൈന്യത്തിന്റെ കീഴിലാവുന്നതും അങ്ങനെയാണ്.

സയണിസത്തിന്റെ ഈ കുതിപ്പ് അറബ് ലോകത്ത് അറബ്-ജൂത സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള കയ്യേറ്റങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും നയിച്ചു. മിക്ക അറബ് ജൂതരും രാഷ്ട്രീയ സയണിസത്തിൽ തൽപ്പരരായിരുന്നില്ല. ഈ ഒരന്തരീക്ഷത്തിൽ മൊറോക്കോ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ ഫലസ്തീനിലെ വംശീയ ഉന്മൂലനത്തെ കുറച്ചുകാണിച്ചുകൊണ്ടും ഇസ്രായേലിലെ വാഗ്ദത്തഭൂമിയാക്കി പ്രദർശിപ്പിച്ചുകൊണ്ടുള്ള ഈ സയണിസ്റ്റ് പ്രോപ്പഗാണ്ടയിൽ സ്വാധീനിക്കപ്പെട്ട് നാടുവിട്ടു. ഈജിപ്ത്, ഇറാഖ് പോലോത്ത രാജ്യങ്ങളിൽ ജൂതരെ ലക്ഷ്യം വെച്ച് ഗവണ്മെന്റുണ്ടാക്കിയ നിയമങ്ങളും പീഡനമുറകളും (ഫർഹൂദ പോലോത്ത) നിയന്ത്രണങ്ങളും ഒരു കൂട്ടപ്പാലായനത്തിലേക്കു തന്നെ നയിച്ചു. നാടുവിട്ട ഇറാഖി ജൂതർ അംബയടങ്ങുന്ന ഭക്ഷണ വിഭവങ്ങളെയും കൂടെകൂട്ടി.

ഇസ്രായേലിൽ പുതിയ രാജ്യത്തിന്റെ അധികാരം കയ്യാളിയിരുന്ന യൂറോപ്യൻ ജൂതർ അറബ് ജൂതരെ സംസ്കാരം സിദ്ധിച്ചിട്ടില്ലാത്ത വിദേശികളായാണ് കണക്കാക്കിയത്. മരുഭൂമി ക്യാമ്പുകളായ “മആബറത്തു“കളിലേക്ക് നാടുകടത്തപ്പെട്ട അവരിൽ പലർക്കും വേദനാജനകമായ അവസ്ഥാവിശേഷങ്ങളാണ് കാത്തിരുന്നത്. ഇത്തരത്തിൽ മുഖ്യധാരാ ഇസ്രായേൽ സംസ്കാരത്തിൽ നിന്നും തങ്ങളുടെ സംസ്കാരവും സംഗീതവും പുറന്തള്ളപ്പെട്ടപ്പോൾ അറബ് ജൂത സംസ്കാരത്തെ സചേതനമായി നില്നിർത്താൻ അവർ കണ്ടെത്തിയ ചുരുക്കം ചില മേഖലകളിലൊന്നാണ് ഭക്ഷണ സംസ്കാരം. ഇസ്രായേലിലെത്തിയ അവർ അധികം വൈകാതെത്തന്നെ ഇന്ത്യൻ അംബ വിൽക്കുന്ന ചെറിയ ഫാക്ടറികൾ സ്ഥാപിച്ചു തുടങ്ങി.

യെമനി സോസായ ‘സ്ക്ഹോക്’, ഇറാഖി ‘ഖുബ്ബഹ്’, മഗ്‌രിബി ‘ശക്ശുക’ തുടങ്ങിയ അനേകം വിഭവങ്ങൾ അറബ് ജൂതർ ഇസ്രായിലിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ വിഭവങ്ങളൊക്കെ മതവ്യത്യാസമില്ലാതെ മുഴുവൻ അറബ് വശംജരും ഭക്ഷിക്കുന്നതായിരുന്നു. ഫലസ്തീനിയൻ ഭക്ഷണ സംസ്കാരത്തിൽ നിന്നും ഇസ്രായേല്യർ കയ്യടക്കിയ പലപ്പോഴും ഇസ്രായേലി വിഭവങ്ങളെന്നു തെറ്റിദ്ധരിപ്പിക്കപ്പെടാറുളള ഷവർമ്മ, ഹുമൂസ്, ഫലാഫൽ തുടങ്ങിയ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമാണത്. ഈ വിഭവങ്ങൾ ലെവന്റൻ പ്രത്യേകതകളാണ്. ഭൂരിഭാഗം വരുന്ന ലെവാന്റൻ ജൂതരും ഇസ്രായേലിലേക്കല്ല, മറിച്ച് ലാറ്റിനമേരിക്കയിലേക്കാണ് കുടിയേറിയത്. അതുകൊണ്ടുതന്നെ ഷവർമ്മക്കു മുകളിലൊഴിക്കുന്ന അംബയുടെ ഉറവിടം ഇറാഖി ജൂതർ താമസിക്കുന്ന ടെൽ അവീവിന്റെ പ്രാന്തപ്രദേശങ്ങളാണെങ്കിലും ഇസ്രായേലി ഷവർമ്മയുടെ ജന്മദേശം ഫലസ്തീനാണ്.

ഇസ്രായേല്യരുമൊത്തുള്ള ജോലിവേളകളിലാണ് ഫലസ്തീനികൾ അംബയെ അറിയുന്നത്. ഒരു ജൂത രാഷ്ട്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സയണിസ്റ്റ് പദ്ധതിയിൽ അന്തർലീനമായിക്കിടക്കുന്ന വ്യവസ്ഥാപിത വംശീയത കാരണമായി ഇസ്രായേലിൽ ജീവിക്കുന്ന പല പലസ്തീനികളും ഇസ്രായേൽ സമ്പദ് വ്യവസ്ഥയിൽ നിന്നും അരിക്കുവത്കരിക്കപ്പെട്ട് ഇന്ന് തുച്ഛം വേദനമുള്ള താഴ്ന്ന ജോലികളെടുക്കാൻ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് തൊട്ടുമുകളിൽ സാമൂഹിക സാമ്പത്തികമായി തഴയപ്പെട്ടവർ തന്നെയാണ് യൂറോപ്യൻ ജൂതരിൽ (Ashkenazi) നിന്നും വിവേചനങ്ങൾ നേരിടുന്ന മധ്യേഷ്യൻ വശംജരായ ജൂതർ (Mizrahim). മിസ്രഹിമുകളുമായി ഫലസ്തീനികൾ സമ്പർക്കത്തിൽ വരാനും മിസ്രഹി ഭക്ഷണവും മ്യുസിക്കും പരിചിതമാവാനും ഇത് കാരണമായിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഫലസ്തീനിയൻ ഷവർമ്മ ഷോപ്പുകളിലേക്കുള്ള അംബയുടെ യാത്ര ഒരു ചരിത്ര കൗതുകമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യവുമായിട്ടും ബ്രിട്ടീഷ് കൊളോണിയലിസവുമായിട്ടും ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണത്. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച്ച പഴയ വാണിജ്യ പാതകൾ അടക്കുകയും പുതിയത് തുറന്നകൊടുക്കുകയും ചെയ്തപ്പോൾ അതിനെ ഉപയുക്തമാക്കിയവരാണ് അംബയെ ഇറാഖിലേക്ക് കൊണ്ടുവന്ന ബാഗ്ദാദി ജൂതർ. ഫലസ്തീനിലെ ബ്രിട്ടീഷ് ആധിപത്യം സയണിസ്റ്റ് വംശീയ ഉന്മൂലനത്തിന് വഴിവെച്ചങ്കിലും ബാക്കിവന്ന ഫലസ്തീനികളിലേക്ക് ഇറാഖി ഭക്ഷണ സംസ്കാരത്തെ പരിചയപ്പെടുത്തി. അംബ നമ്മെ ഓർമ്മപ്പെടുത്തുന്നതിതാണ്- മറ്റെന്തിനെയും പോലെ ഭക്ഷണവും അതിന്റെ ചരിത്രപാശ്ചാത്തലം മാറ്റിവെച്ചുകൊണ്ട് മനസ്സിലാക്കാനാവില്ല.


വിവർത്തനം: എം അബ്ദുൽ ഫത്താഹ്

Author

Iranian-American writer and PhD student of Anthropology at UChicago

Comments are closed.