[കഥകളും നൈതിക മൂല്യങ്ങളും: സഅദി ഷീറാസി മുതൽ ഇമ്മാനുവൽ കാന്റ് വരെ എന്ന ലേഖനത്തിന്റെ തുടർച്ച]
ആയിരക്കണക്കിന് വൈവിധ്യം നിറഞ്ഞ ജീവിതം നയിക്കാനുള്ള ശേഷിയുമായി ജീവിതം തുടങ്ങുന്ന നാമൊടുക്കം ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു എന്നതായിരിക്കും നമ്മെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യം
ക്ലിഫോർഡ് ഗീറ്റ്സ്
നൈതിക/ധാർമ്മിക മൂല്യങ്ങൾ സ്ഥല, കാല, സാഹചര്യ വ്യത്യാസമില്ലാതെ ഒരുപോലെ പ്രയോഗിക്കാൻ സാധ്യമാകേണ്ടതുണ്ടോ? സാഹചര്യങ്ങളുടെ വ്യത്യാസങ്ങൾക്കും, സങ്കീർണതകൾക്കും അനുസരിച്ച് അത്തരം മൂല്യങ്ങളുടെ പ്രയോഗവൽകരണത്തിൽ വ്യത്യാസങ്ങൾ വരുമോ? സഅദി ഷീറാസിയുടെ നൈതിക വിചാരങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിലേക്കെത്തിച്ചേരാൻ ഗീറ്റ്സിന്റെ ഉദ്ധരണി നമ്മെ സമാഹായിക്കും. മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള സാർവലൗകിക പരികല്പനകളെ നിരാകരിക്കുന്ന ഗീറ്റ്സ് ഒരുപക്ഷേ മനുഷ്യന്റെ ‘സത്ത’ സാർവലൗകികതയിലല്ല, മറിച്ച് ‘യുക്തി’ പോലുള്ള ഗുണങ്ങളായിരിക്കും നമ്മെ ഒരുപോലെയാക്കുന്നതും, അതേസമയം സംസ്കാരങ്ങളേയും, വ്യക്തികളെയും വ്യതിരിക്തമാക്കുന്നതും’ എന്ന് നിരീക്ഷിക്കുന്നുണ്ട്. സഅദി ഷീറാസിയുടെ കഥകളിലെ മനുഷ്യർ ഒരേ സമയം സാർവലൗകികവും, സവിശേഷവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് സാർവത്രികമായ പ്രാധാന്യമുണ്ടെങ്കിലും സവിശേഷമായ സാഹചര്യത്തിലൂടെ മാത്രമേ അവയെ മനസ്സിലാക്കാൻ കഴിയൂ. മനുഷ്യനെക്കുറിച്ചുള്ള ഒരു ഖുർആനിക ആശയത്തെ ഉപയോഗപ്പെടുത്തിയാണ് സഅദി തന്റെ ഈ സങ്കൽപത്തെ വികസിപ്പിക്കുന്നത്:
ഖുർആൻ 49:13
എല്ലാ മനുഷ്യരും തുല്യരാണ് എന്നതിനെ കുറിക്കുന്നതായിട്ടാണ് ഈ ഖുർആനിക വചനം പൊതുവെ വ്യാഖ്യാനിക്കപ്പെടാറുള്ളത് എങ്കിലും ഗീറ്റ്സിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മറ്റു വായനകൾക്കുള്ള സാധ്യതകൾ നമ്മുടെ മുന്നിൽ തുറക്കുന്നുണ്ട്. നാനാത്വത്തെയും, ഏകത്വത്തെയും പരസ്പര പൂരകമായിട്ടാണ് ഖുർആൻ അവതരിപ്പിക്കുന്നത്. മനുഷ്യൻ സത്താപരമായി ഒന്നും ലിംഗപരവും, സാംസ്കാരികവും, കുടുംബപരവുമായ സന്ദർഭങ്ങളിൽ വൈവിധ്യം പുലർത്തുന്നവരുമാണ് ഈ ബഹുസ്വരതയിലൂടെ – അത്തരം വ്യത്യാസങ്ങൾ വഴി – നാം പരസ്പരം പഠിക്കുകയും വൈവിധ്യമാർന്ന നന്മകൾക്ക് രൂപം നൽകിയ ആത്യന്തിക നന്മയെ അറിയുകയും ചെയ്യുന്നു. നമ്മിൽ ഏറ്റവും മികച്ചവർ ഓരോരുത്തരും ജീവിക്കുന്ന സവിശേഷമായ ലിംഗ, സാംസ്കാരിക, കുടുംബ പശ്ചാത്തലങ്ങൾക്കകത് നിന്നും ആ നന്മയിലേക്ക് സ്വയം നയിക്കാൻ നിരന്തരം ജാഗ്രത പുലർത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.
സഅദിയുടെ ഏറ്റവും പ്രസിദ്ധമായ ഒരു വാക്യം മനുഷ്യരാശിയുടെ സത്താപരമായ ഐക്യത്തെക്കുറിച്ചാണ്. ഗുലിസ്താന്റെ തുടക്കത്തിൽ, ദമസ്കസിലെ ഉമയ്യദ് പള്ളിയിലെ യഹ്യാ നബി (സ്നാപക യോഹന്നാന്റെ) ഖബറിടത്തിനരികിൽ ആത്മീയതയിൽ മുഴുകിയിരിക്കെ അദ്ദേഹം ഒരു സ്വേച്ഛാധിപതിയെ കാണാനിടയായി. അപകടകാരിയായ ഒരു ശത്രുവിനെ ഭയന്നിരിക്കുകയായിരുന്ന അയാൾ സഅദിയോട് പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. അഭ്യർത്ഥന കേട്ട് അദ്ദേഹം പ്രതികരിച്ചു: “ശക്തരായ ശത്രുക്കളിൽ നിന്നുള്ള വേദനകളിൽ നിന്ന് രക്ഷനേടാൻ ദുർബലരായ ആളുകളോട് കരുണ കാണിക്കൂ”. തുടർന്ന് സഅദി സാർവലൗകിക മാനവിക ഭാവനയുടെ പശ്ചാത്തലത്തിൽ സഹാനുഭൂതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് പ്രവേശിക്കുന്നു.
- ആദമിന്റെ മക്കൾ പരസ്പരം അവയവങ്ങളാണ്,
അവരുടെ സൃഷ്ടിപ്പിന്റെ ഒരൊറ്റ ഉറവിടത്തിൽ.
വിധി ഒരു അവയവത്തെ ബാധിക്കുമ്പോൾ,
മറ്റു ഭാഗങ്ങൾക്ക് ആശ്വാസം നഷ്ടപ്പെടുന്നു.
മറ്റുള്ളവരുടെ കഷ്ടതയിൽ ദുഃഖം തോന്നാത്തവർ
മനുഷ്യനെന്നു വിളിക്കാൻ യോഗ്യരല്ല .
നാം പങ്കുവെക്കുന്ന മാനവികതയിലെ സമത്വം മാത്രം പോര. മറിച്ച്, നമ്മെ വേർതിരിക്കുന്ന പദവിയിലും, സൗകര്യങ്ങളിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ചും നമുക്ക് ബോധ്യമുണ്ടാവേണ്ടതുണ്ട്. ഒരൊറ്റ സത്തയിൽ ഉത്ഭവിച്ചതായിരിക്കെ തന്നെ ഒരു വ്യക്തി തന്റെ ജീവിത സൗകര്യങ്ങളെ സാർവത്രിക ക്ഷേമമായി തെറ്റിദ്ധരിക്കരുത് എന്നതും പ്രധാനമാണ്. ദൈവത്തെ സേവിക്കുന്നതിനും നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തിൽ പങ്കുചേർന്ന അവർ മനുഷ്യരാശിയുടെ ഭാഗങ്ങൾ നിർമ്മിക്കുന്നു. ഇക്കാരണത്താൽ, ഓരോ ഭാഗവും മറ്റുള്ളവരുടെ പരീക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും, സഹാനുഭൂതിയോടും പിന്തുണയോടും പ്രതികരിക്കുകായും ചെയ്യേണ്ടതുണ്ട്.
സഹാനുഭൂതി മറ്റുള്ളവരുടെ പ്രയാസങ്ങളെ പരിഗണിക്കുന്നതിൽ മാത്രമല്ല, അവരുടെ ബോധ്യങ്ങളെയും, ജീവിത സാഹചര്യങ്ങളെയും വിലമതിക്കുന്നതിലും കൂടി ഉണ്ടാവേണ്ടതുണ്ട്. സഅദി പറഞ്ഞ ഉപ്പയുടെ ഉപദേശം കേൾക്കാതെ സാഹസിക യാത്രക്കിറങ്ങിയ യുവാവിന്റെ കഥയിലേക്ക് മടങ്ങിയാൽ, സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കണ്ണാടിയിലൂടെ നോക്കുമ്പോൾ, സംതൃപ്തിയാണ് കൂടുതൽ നല്ല വഴി എന്ന് മനസ്സിലാക്കുമ്പോഴും പിതാവിന് തന്റെ മകന്റെ സാഹസികതയും, ഒരുപക്ഷേ ആ ഉദ്യമത്തിൽ അയാൾ വിജയിച്ചേക്കാമെന്നതും മനസിലാക്കാൻ കഴിയും. സൈപ്രസിനെക്കുറിച്ചുള്ള ചർച്ചയിൽ സഅദി അത്തരം സാധ്യതകളെ പരിഗണിക്കുന്നുണ്ട്. പേർഷ്യനിൽ, വിവിധതരം നിത്യഹരിത കോണിഫറുകൾ – മെഡിറ്ററേനിയൻ സൈപ്രസ് – സാർവ് എന്നാണ് വിളിക്കുന്നത്. അതിന്റെ വ്യത്യസ്ത ഇനങ്ങളെ വേർതിരിച്ചറിയാൻ പ്രത്യേക വിശേഷണങ്ങളും ഉണ്ട്. ഉദാഹരണത്തിന്, മൃദുവായ അഗ്രങ്ങളുള്ളതിനെ സാർവെ നാസ് എന്ന് വിളിക്കുന്നു. അവയിൽ ആകർഷണീയമായ വടിവൊത്ത അഗ്രങ്ങളുള്ള നിത്യഹരിത ഇനത്തെ സാർവെ ആസാദ് (“കുലീന” അല്ലെങ്കിൽ “സ്വതന്ത്ര” സൈപ്രസ്). ആ വൃക്ഷത്തിന്റെ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ആശ്ചര്യപ്പെടുന്ന ഒരു സംഘത്തോട് സഅദി വിവിവരിക്കുന്നു:
ഒരു ജ്ഞാനി ചോദിക്കപ്പെട്ടു, “ദൈവം, സൃഷ്ടിച്ച ഉൽകൃഷ്ടമായ ജീവിവർഗ്ഗങ്ങളുടെ കൂട്ടത്തിൽ എന്തുകൊണ്ടാണ് സൈപ്രസ് മാത്രം സ്വതന്ത്ര എന്ന് വിളിക്കപ്പെടുന്നത്? അതിനാകട്ടെ പഴങ്ങളൊട്ടും ഇല്ലതാനും, എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം? ” അദ്ദേഹം പ്രതികരിച്ചു, “ഓരോന്നിനും ഒരു പ്രത്യേക കാലത്ത് പ്രത്യേക വിളവുകളുണ്ട്. ഇക്കാരണത്താൽ, ചില സമയങ്ങളിൽ ആ മരങ്ങൾ സീസണിലാണ്, മറ്റ് സമയങ്ങളിൽ അവ വാടിപ്പോകുന്നു. സൈപ്രസ് അത്തരം ചക്രങ്ങളിലൂടെ കടന്നുപോകുന്നില്ല. സ്വതന്ത്രരുടെ വിശേഷണം ഇതാണ്. ”
- കടന്നുപോകുന്നതിനായി നിന്റെ ഹൃദയം നൽകാത്തിരിക്കുക, കാരണം ടൈഗ്രിസ് നദി
ബാഗ്ദാദിലൂടെ ഒഴുകിക്കൊണ്ടിരിക്കും, ഖലീഫമാർ കടന്നുപോയാലും.
കഴിയുമെങ്കിൽ ഈന്തപ്പനയെപ്പോലെ ആവുക: ഉദാരദയിൽ.
അല്ല എങ്കിൽ സൈപ്രസ് പോലെയാകുക: സ്വാത്രന്ത്ര്യത്തിൽ.
ഈന്തപ്പന എല്ലാ കാലത്തും ഫലം കായ്ക്കുന്നു. സഅദിയുടെ കവിതയിൽ, മറ്റുള്ളവർക്ക് ഉദാരമായി നൽകുന്ന സമ്പന്നരെയാണ് അത് പ്രതിനിധീകരിക്കുന്നത്. അത്തരം ഉദാരതയാണ് മനുഷ്യരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അവിടെ സമ്പത്ത് ഇല്ലാത്തവരും, നൽകാൻ കഴിയാത്തവരുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം മാന്യമായ ഒരു സാധ്യത സമ്പത്തിനോട് ആർത്തി കാണിക്കാതിരിക്കലും, ആഗ്രഹങ്ങളിൽ നിന്നും മുക്തരാവലുമാണ്. സൈപ്രസ് പോലെ തരിശായിരിക്കുമ്പോഴും, “സ്വതന്ത്രരായ” വ്യക്തികൾക്ക് ലൗകിക നേട്ടങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്തിന്റെയും നിരാശയുടെയും ശൂന്യത അനുഭവപ്പെടുകയില്ല. സ്വതന്ത്ര വ്യക്തിയുടെ ക്ഷേമം അവന്റെ അല്ലെങ്കിൽ അവളുടെ ശാരീരിക, സാമ്പത്തിക ക്ഷേമത്തെ ആശ്രയിക്കുന്നില്ല. കാരണം അവന് അല്ലെങ്കിൽ അവൾക്ക് അത്തരം കാര്യങ്ങളിൽ താൽപ്പര്യമില്ല. ഇവിടെ സമ്പത്ത് ഉണ്ടാവുകയും അത് മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നതിനെയാണ്, സാമ്പത്തിനോട് താൽപര്യമില്ലാതെ എല്ലാം ത്യജിച്ച് ജീവിക്കുന്നതിനേക്കാൾ മഹത്തരമായി സഅദി കാണുന്നത്.
സാഹചര്യങ്ങളുമായുള്ള ഇത്തരം പൊരുത്തപ്പെടലുകളാണ് സാർവലൗകിക തത്ത്വങ്ങൾ അപ്രയോഗികമായ സാഹചര്യങ്ങളിൽ സഅദിയുടെ ധാർമ്മികത കൂടുതൽ അനുയോജ്യമാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ സമീപനം താത്വികം എന്നതിനേക്കാൾ സാഹിതീയമാണ് എന്ന് പറയാം. ലോകമെമ്പാടുമുള്ള ജ്ഞാന സാഹിത്യത്തിൽ കാണപ്പെടുന്ന ഒരു സാഹിത്യ നൈതികതയാണത്. സാഹിത്യം, പ്രത്യേകിച്ച് കഥപറച്ചിൽ, മിസ്റ്റിക്കൽ ദർശനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ഒരുതരം യഥാർത്ഥ നൈതികത പകർന്നുനൽകുന്നതിനും ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് ഒരു വൈജ്ഞാനിക വ്യവഹാരം എന്നതിനപ്പുറം കമ്പോളങ്ങളിലും, വീടുകളിലും അടക്കമുള്ള നിത്യ ജീവിത പരിസരങ്ങളിൽ പുലർത്തപ്പെടേണ്ട ധാർമ്മിക, നൈതിക മൂല്യങ്ങളും, അറിവുകളുമാണ് അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. അത്തരമൊരു നൈതികത വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും, സാധ്യതകളും കണക്കിലെടുക്കുന്നുണ്ട്. അതോടൊപ്പം തന്നെ സഅദി മാന്യത പുലർത്തുകയും, അറിവ് നേടുകയും, ഭൗതികതയോട് അമിതഭ്രമം ഉപേക്ഷിക്കുകയും, ദൈവത്തെ ഓർമിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന സാർവലൗകിക ഉത്തരവാദിത്വം അടങ്ങിയ ലോകവീക്ഷണം കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മക്കന്റയർ പറയുന്നതുപോലെ മനുഷ്യൻ നൈതികതക്ക് വസ്തുതാപരമായ ഒരു അർത്ഥം നൽകുന്നു, അഥവാ “ഒരു അടിസ്ഥാന സ്വഭാവവും, അനിവാര്യമായ ലക്ഷ്യവും ഉദ്ദേശ്യവും നൽകുന്നുണ്ട്.”
സഅദിയെ സംബന്ധിച്ചിടത്തോളം മനുഷ്യ നന്മയുടെ അന്തർലീനമായ പ്രചോദനം സ്നേഹമാണ്, പ്രത്യകിച്ചും ദൈവ സ്നേഹം.
- പ്രണയിക്കുന്നവർ തന്റെ പ്രണയ ഭാജനത്തിനായി ഹൃദയവും ആത്മാവും നൽകും.
പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് (മിഹ്റാബ്) തിരിഞ്ഞവൻ ഏകാന്തനായി മടങ്ങില്ല.
ആത്മീയ അർത്ഥങ്ങളുടെ പൂന്തോട്ടത്തിനുള്ളിൽ വൃക്ഷം നട്ടവർ
വേരുകൾ ഹൃദയത്തിലും, വിത്ത് ആത്മാവിലും അടക്കിയിരിക്കുന്നു.
മനുഷ്യന്റെ ഏറ്റവും ഉയർന്ന നേട്ടം ദൈവത്തിനായി സ്വയം സമർപ്പിക്കലാണ്. അനുസരണയുള്ള ദാസനായി മാറുക എന്നതിനപ്പുറം, താഴ്‌മയും നിറഞ്ഞൊഴുകുന്ന പ്രണയവുമാണവിടെ സംഭവിക്കുന്നത്. ഇഷ്ടപ്പെടുന്നവക്കാണ്, സഅദി തുടരുന്നു, നാം സ്വയം സമർപ്പിക്കാറുള്ളത്. ദൈവത്തിനായി സ്വയം സമർപ്പിക്കാനായാൽ അനാവശ്യമായ കെട്ടുപാടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക (ഖൽവത്) പോലുള്ള പ്രയാസകരമായ ആരാധനകൾ പോലും നമുക്ക് ആനന്ദം നൽകുന്നതായി മാറും. പ്രണയനിയുമായി തനിച്ചാവുന്നതിലും ആനന്ദകരമായ മറ്റെന്താണുള്ളത്? തങ്ങൾക്ക് ചുറ്റുമുള്ള ദൃശ്യമായ മേഖലക്കപ്പുറത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ‘ഹൃദയത്തിന്റെയും’, ‘ആത്മാവിന്റെയും’ ആളുകളായി മാറുന്നു. അഥവാ, മനുഷ്യ യാഥാർത്ഥ്യത്തിന്റെ ആന്തരിക മാനങ്ങളുമായി ബന്ധപ്പെട്ട ആളുകൾ – ദൈവവുമായുള്ള ആശയ വിനിമയത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നു. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ചാൽ, സഅദിയുടെ അഭിപ്രായത്തിൽ എല്ലാ മനുഷ്യരും പരിശ്രമിക്കേണ്ട സാർവലൗകിക ലക്ഷ്യം അതാണ്. ഖുർആനിന്റെ വാക്കുകളിൽ, “പരസ്പരം പോരടിക്കുന്നവർ അതിനായി പരിശ്രമിക്കട്ടെ” (83:26).
Featured Image: Saadi in a Rose garden, from a Mughal manuscript of his work Gulistan, c. 1645. Saadi is on the right.
ലേഖനം പൂർണ്ണമായി വായിക്കാം: The Secret of the Morality Tale
Comments are closed.