ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുമ്പ് മുസ്‌ലിം പണ്ഡിതന്മാരും ചിന്തകന്മാരും ശാസ്ത്രപഠനത്തിന്റെ വിസ്മയകരമായ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ചിരുന്നു. ഗ്രീക്കിലും സംസ്കൃതത്തിലുമുള്ള ജ്യോതിശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങളെ അവർ അറബിയിലേക്ക് ഭാഷാന്തരം ചെയ്തു. ആകാശ ലോകത്തിന്റെ നിഗൂഢതകളെക്കുറിച്ച് പഠനം നടത്തുവാൻ വേണ്ടി ഈ ഗ്രന്ഥങ്ങളെ അവർ ആശ്രയിക്കുകയും തങ്ങളുടേതായ രീതികൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. അവർ സൂര്യചന്ദ്രാദികളുടെ ചലനത്തെ കൃത്യമായി രേഖപ്പെടുത്തുകയും, ഭൂമിയിൽ നിന്ന് തങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുന്ന മറ്റ് ഗോളങ്ങളുടെ വ്യാസം (Diameter) കണക്കാക്കുകയും പ്രപഞ്ചത്തിൽ അവയുടെ കൃത്യമായ സ്ഥാനങ്ങളെ മനസ്സിലാകുകയും ചെയ്തു.
എട്ടാം നൂറ്റാണ്ടു മുതൽ ഏകദേശം പതിനാലാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇത്. എന്നാൽ ഇത്തരം ചരിത്രപരമായ നേട്ടങ്ങൾ പശ്ചിമേഷ്യയിൽ നിന്നും ഈ മേഖലയിൽ നടക്കുന്ന ആധുനിക മുന്നേറ്റങ്ങളെ മറച്ചുപിടിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സൗരയൂഥത്തിന് അപ്പുറമുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ ആഗോള വ്യാപകമായി 2010ൽ നടന്ന ഖത്തറിന്റെ ഗവേഷണം (Qatar Exoplanet Survey) പോലെയുള്ളവ ഇതിന് ഉദാഹരണമാണ്.
“മറ്റുള്ളവരെ അപേക്ഷിച്ച് അറബ് ലോകത്തെ ശാസ്ത്രജ്ഞരെക്കുറിച്ച് ചെറിയ രീതിയിലുള്ള അവബോധം മാത്രമേ ഇന്ന് നിലവിലുള്ളൂ, അധികമാളുകളും അറബ് തീവ്രവാദിയുടെ പേരുകൾ അറിയാമായിരിക്കും, ഒരിക്കലും അവർ ഒരു അറബ് ശാസ്ത്രജ്ഞന്റെ പേരുകൾ കേൾക്കാറില്ല, ഒരുപക്ഷേ അറബ് തീവ്രവാദികളെ കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുള്ളതാകാം ഇതിന്റെ പ്രധാന കാരണം” ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറായ മത്തിയാസ് ഡിറ്റേർമൻ പറയുന്നു. Space science and Arab world: Astronauts, observatories and Nationalism in the Middle East എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കുകയാണ് മത്തിയാസ് ഡിറ്റേർമൻ. ഈ മേഖലയിലെ വ്യത്യസ്തരായ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളെക്കുറിച്ചാണ് പുസ്തകം അന്വേസഹിക്കുന്നത്. 1800ൽ സ്ഥാപിച്ച ആദ്യ ബഹിരാകാശ പര്യവേഷണം കേന്ദ്രം മുതൽ 2020ൽ നടക്കാനിരിക്കുന്ന ചൊവ്വാ പര്യവേഷണം വരെയാണ് അദ്ദേഹം തന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മരീന കൊറൻ : സുവർണ്ണ കാലഘട്ടത്തെ മാറ്റിവെച്ച് പശ്ചിമേഷ്യയിലെ ആധുനിക സ്‌പേസ് നിരീക്ഷണങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താങ്കൾ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
മത്തിയാസ് ഡിറ്റേർമൻ: 1800 കാലഘട്ടം മുതൽ നിലനിൽക്കുന്ന അറബ് മേഖലയിലെ ബഹിരാകാശ അന്വേഷണങ്ങൾ വളരെ കുറച്ച് മാത്രമേ പഠനവിധേയമാക്കപ്പെട്ടിട്ടുള്ളൂ. മധ്യകാലഘട്ടത്തിലെ അറബ്, മുസ്‌ലിം ശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും. ശാസ്ത്രം ചരിത്രത്തോടൊപ്പം മുന്നോട്ട് പോവുകയും അതിൽ ഒരു പ്രത്യേക സമയത്ത് മാത്രമെ അറബ് ലോകത്തിന് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നൊള്ളൂ എന്ന ഒരു വിശ്വാസം പൊതുവെ നിലനിൽക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയൻ സമൂഹത്തോടൊപ്പമാണ് ശാസ്ത്രം ഉണ്ടായതെന്നും, ഒരുപക്ഷേ ചെറിയ ഭാഗം പുരാതന ചൈനക്കാരുടെ കൂടെയും, തുടർന്ന് റോമൻ, ഗ്രീക്ക് സംസ്കാരങ്ങളിലേക്ക് കൈമാറുകയും, അവിടെ നിന്ന് അറബികളിലെത്തിച്ചേരുകയും അവരതിനെ സംരക്ഷിക്കുകയും തങ്ങളുടേതായ രീതിയിൽ വികസിപ്പിക്കുകയും ശേഷം യൂറോപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. യൂറോപ്പ് നവോത്ഥാനത്തിലൂടെ കടന്നുപോവുകയും ഒടുവിൽ ഇന്നത്തെ ശാസ്ത്രത്തിന്റെ കേന്ദ്രമായ അമേരിക്കയിലേക്ക് എത്തിച്ചേരുകയുമാണ് ചെയ്തത് എന്നാണ് ശാസ്ത്ര ചരിത്രത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രധാന ആഖ്യാനം.
പുരാതന ഗ്രീക്ക്, പേർഷ്യൻ ഗ്രന്ഥങ്ങളെ സംരക്ഷിക്കുന്നതിലും വിവർത്തനം ചെയ്യുന്നതിലും മധ്യകാല അറബ്, മുസ്‌ലിം ചിന്തകന്മാരുടെ പങ്കിനെ പ്രതിപാദിക്കുന്ന ധാരാളം പുസ്തകങ്ങൾ നമുക്കിന്ന് നിലവിലുണ്ട്. മാത്രമല്ല ആധുനിക യൂറോപ്പിലേക്കുള്ള ഈ ജ്ഞാനകൈമാറ്റത്തിന്റെ ചരിത്രത്തെ കുറിച്ച് പഠനം നടത്തുവാൻ നമുക്ക് ധാരാളം സ്കോളർഷിപ്പുകളും നിലവിലുണ്ട്. ഈ ആഖ്യാനങ്ങൾ പ്രകാരം പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രതേകിച്ച് യൂറോപ്പിൽ ഐസക് ന്യൂട്ടൻ, ഗലീലിയോ തുടങ്ങിയ ശാത്രജ്ഞരുടെ കാലഘട്ടത്തിലുണ്ടായിരുന്ന ശാസ്ത്ര വിപ്ലവങ്ങൾ നടക്കുന്ന സമയത്ത് തന്നെ അറബ് – മുസ്‌ലിം ലോകത്ത് നിലനിന്നിരുന്ന സുവർണ്ണ കാലഘട്ടത്തിന് ഒരു അന്ത്യവും സംഭവിക്കുന്നുണ്ട്. പക്ഷേ ഇത് പ്രശ്നവൽക്കരിക്കപ്പെടേണ്ട ആഖ്യാനമാണ്.
എന്തുകൊണ്ടാണ് താങ്കൾ പ്രശ്നവൽക്കരിക്കപ്പെടേണ്ട ആഖ്യാനമാണ് എന്ന് സൂചിപ്പിച്ചത്?
ഇത് പാശ്ചാത്യ ലോകത്ത് മാത്രം നിലനിൽക്കുന്ന വീക്ഷണമല്ല. മറിച്ച് അറബ് ലോകത്ത് തന്നെ നിലനിന്നിരുന്ന ഒരു വീക്ഷണമാണ്. അറബ് മുസ്‌ലിം ലോകത്ത് ആയിരം വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന ശാസ്ത്രത്തെ പറ്റി കൂടുതൽ ഗൃഹാതുരമായ മനസ്സോടെ സമീപിക്കുന്നത് വളരെയധികം അപകടകരമാണ്. അത് തീർത്തും പിന്തിരിപ്പനായ ഒരു വീക്ഷണത്തിന് മാത്രമേ ഉപകരിക്കുകയുള്ളൂ. ‘1000 വർഷങ്ങൾക്കു മുമ്പ് സുവർണ്ണ കാലഘട്ടത്തിൽ (Golden Age) നമ്മുടെ ശാസ്ത്രം ഉന്നതവും ലോകത്തിൽ ഏറ്റവും മികച്ചതായിരുന്നു. പിന്നെ എവിടെയാണ് പിഴച്ചത്? ഒരുപക്ഷേ നൂറു വർഷങ്ങൾക്കു മുമ്പുള്ള ഇസ്‌ലാം എങ്ങനെയായിരുന്നോ അതിലേക്ക് നാം മടങ്ങി പോകേണ്ടതുണ്ട്. മാത്രവുമല്ല ആയിരം വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ സമൂഹത്തിന്റെ ചിത്രം എങ്ങനെ ആയിരുന്നോ അതിലേക്കും നമുക്ക് മടങ്ങി പോകേണ്ടതുണ്ട്’ എന്ന ചിന്ത അപകടകരമായ മൗലികവാദത്തിലേക്കും സലഫിസത്തിലേക്കും ആയിരിക്കും കൊണ്ടെത്തിക്കുക.
ഇന്ന് ലോകത്ത് നിലവിലുള്ള അറബ് ശാസ്ത്രജ്ഞരെയും, ജോതിശാസ്ത്രജ്ഞരെയും, ബഹിരാകാശ സഞ്ചാരികളെയും കാണാനാണ് ഞാൻ ശ്രമിക്കുന്നത്. അറബിക് ലോകത്തുടനീളം യൂണിവേഴ്സിറ്റികളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. പക്ഷേ അവിടെ നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചോ പഠനങ്ങളോ നാമാരും കേൾക്കുന്നില്ല. ഒരുപക്ഷേ അറബ്, വെസ്റ്റേൺ രാജ്യങ്ങളിലുള്ള അഭ്യസ്തവിദ്യരായ ചുരുക്കം ചില ആളുകൾ മാത്രം മധ്യകാല ഇസ്‌ലാമിക പണ്ഡിതൻമാരെ അറിയാമായിരിക്കും. ഞാൻ മനസ്സിലാക്കുന്നത് വളരെ ചുരുക്കം ചില ആളുകൾ മാത്രമേ അറബ് ബഹിരാകാശ ശാസ്ത്രജ്ഞമാരേ അറിയൂ. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അറബ് ലോകത്തെ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്.
ആധുനിക ജ്യോതിശാസ്ത്രജ്ഞന്മാർക്ക് തങ്ങളുടെ മധ്യകാല പൂർവികന്മാരെക്കുറിച്ചുള്ള വീക്ഷണം എന്താണ്?
പ്രഥമമായും സുവർണ്ണകാലഘട്ടം അവരുടെ പൈതൃകത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. വളരെ ചെലവേറിയ വാനശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനുമായി പണം ചെലവഴിക്കാൻ ഗവൺമെന്റുകളെ ബോധ്യപ്പെടുത്താൻ ഈ പൈതൃകം ഉപയോഗപ്പെടുത്തനാവും. ഒരു ബഹിരാകാശ സഞ്ചാരിയെ (Astronaut) ബഹിരാകാശത്തേക്ക് അയക്കുന്നതും അതിനായുള്ള റോക്കറ്റുകളുടെ നിർമ്മാണവും വലിയ ടെലിസ്കോപ്പുകളുമെല്ലാം ചെലവേറിയ പദ്ധതികളാണ്. അതുകൊണ്ടുതന്നെ സൈനിക ആവശ്യങ്ങൾക്കും, സ്കൂളുകൾക്കും, ഹോസ്പിറ്റലുകളും ചിലവഴിക്കുന്നതിനേക്കാൾ ബില്യൻ കണക്കിന് ഡോളറുകൾ പുതിയ സ്പേസ് ടെലസ്കോപ്പുകളുടെ പര്യവേഷണങ്ങൾക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നേക്കാം.
മധ്യകാലഘട്ടത്തിലെ പണ്ഡിതന്മാരുടെ നാമത്തിലുള്ള തെരുവുകൾ ഇന്നും നിലവിലുണ്ട്. മധ്യകാല പേർഷ്യൻ ഫിസിഷ്യനും എഴുത്തുകാരനുമായിരുന്ന ഇബ്നുസീനയുടെ (Avisenna) പേരിലും പട്ടണങ്ങളുണ്ട്. ഞാൻ താമസിക്കുന്ന ദോഹയിൽ ഫാർമസികളുടെ ചൈൻ തന്നെ അറിയപ്പെടുന്നത് ഇബ്നുസീനയുടെ നാമത്തിലാണ്. ഇംഗ്ലണ്ടിലെയും കേംബ്രിഡ്ജിലേതിനും സമാനമായ സയൻസ് ആൻഡ് ടെക്നോളജി പാർക്കുകൾ ഇന്ന് ഖത്തറിലും ഉണ്ട്. അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ ചുറ്റു ഭാഗത്തുള്ള ഹബ്ബുകൾ പോലെയുള്ള നിർമ്മിതിയാണതിന്ന്. സ്റ്റീലിലും ഗ്ലാസ്സിലുമായി പണികഴിപ്പിച്ച നവീന രീതിയിലുള്ള സ്പേസ്ഷിപ്പുകളുടെ രൂപാകൃതിയിലുമാണ് ഈ ഹബ്ബുകൾ. അവയ്ക്കുള്ളിലെ ഓരോ മീറ്റിംഗ് റൂമുകൾക്കും മധ്യകാല അറേബ്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ പേരുകൾ നല്കിയിരിക്കുന്നു. ഈ സുവർണ്ണ കാലഘട്ടത്തിന്റെ സ്മരണകളും പൈതൃകങ്ങളുമെല്ലാം ആധുനികശാസ്ത്രത്തിന്റെ ഇടങ്ങളിലെ സുപ്രധാനമായ സാന്നിദ്ധ്യമാണ്.
താങ്കളെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിൽ ബഹിരാകാശ ശാസ്ത്രത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് എവിടെയാണ് ?
പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ആ ചരിത്രം ആരംഭിക്കുന്നത്. ഏതാണ്ട് പ്രപഞ്ചത്തിന്റെ ഹീലിയോ സെൻട്രിക് വീക്ഷണം ആരംഭിക്കുന്നതോടെ. സൗരയൂഥത്തെക്കുറിച്ചും വിവിധങ്ങളായ മറ്റ് ഗോളങ്ങളെ കുറിച്ചുമുള്ള ധാരാളം ഗവേഷണ പ്രബന്ധങ്ങൾ ആ സാഹചര്യത്തിൽ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. അതോടൊപ്പം ആധുനിക ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കൊണ്ടുള്ള പര്യവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. 1870-കളിൽ സിറിയൻ പ്രൊട്ടസ്റ്റൻറ് കോളേജിൽ സ്ഥാപിതക്കപ്പെട്ട ഒബ്‌സർവേറ്ററി ഇതിന് ഉദാഹരണമാണ്. പിന്നീട് ആ സ്ഥാപനം അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബൈറൂത് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1880ൽ ഈജിപ്ത് ഗവൺമെന്റും ബ്രിട്ടീഷ് കൊളോണിയൽ ഗവണ്മെന്റും ചേർന്ന് ഈജിപ്തിൽ നിർമ്മിച്ച പര്യവേഷണ കേന്ദ്രങ്ങളും ഈ ചരിത്രത്തിന്റെ ഭാഗമാണ്.
അടുത്ത നൂറ്റാണ്ടിലേക്ക് കടന്നാൽ ഈജിപ്ഷ്യൻ ശാസ്ത്രജ്ഞനായിരുന്ന ഫാറൂഖ് അൽ ബാസിനെ കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ട് .1970കളിൽ ഈജിപ്ഷ്യൻ പ്രസിഡണ്ടിന്റെ ഉപദേശകനായും അതേസമയം വാഷിംഗ്ടൺ ഡിസിയിലെ Smithsonian National Air and Space Museum ഡയറക്ടർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എങ്ങനെയാണ് ഈ രണ്ടു ലോകത്തെയും ഒരുമിച്ചുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞത്?
ഒരുപക്ഷേ അറേബ്യൻ ബഹിരാകാശ ശാസ്ത്രജ്ഞരിൽ ഏറ്റവും പ്രസിദ്ധൻ ഫാറൂഖ് അൽ ബാസ് ആയിരിക്കും. തുടക്ക കാലങ്ങളിൽ അദ്ദേഹം ഒരു ഒരു ബഹിരാകാശ സഞ്ചാരി ആയിരുന്നില്ല. ഒരു ജിയോളജിസ്റ്റായാണ് ഈജിപ്തിലും അമേരിക്കയിലും പരിശീലനം പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനപരമായി നല്ല അറിവുണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് പിഎച്ച്ഡിയും ജർമനിയിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റും നേടിയശേഷം തന്റെ അമേരിക്കൻ ഭാര്യയുമായി ഈജിപ്തിൽ സെറ്റിലാവാനുള്ള തീരുമാനത്തോടെയാണ് അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങിവരുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ തന്റെ വലിയ പദ്ധതികൾക്കും ചിന്തകൾക്കും രാജ്യം അവസരങ്ങൾ നൽകുന്നില്ല എന്നദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ അപ്പോളോ സ്പേസ് പ്രോഗ്രാമിന്റെ ഭാഗമാവുകയും ചെയ്തു. ആ സമയത്ത് അപ്പോളോ സ്പേസ് പ്രോഗ്രാം ചന്ദ്രോപരിതലത്തെ കുറിച്ചും കൃത്യമായ ലാൻഡിംഗ് സ്പോട്ടുകളെ കുറിച്ചും പഠനം നടത്താൻ ജിയോളജിസ്റ്റിന്റെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അൽ ബാസ് മറ്റുള്ള അറബികളെപ്പോലെ തന്നെ ധാരാളം വിവേചനങ്ങൾക്ക് വിധേയനായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹമൊരു തടസ്സമായി കണ്ടില്ലെന്ന് മാത്രമല്ല തന്റെ പ്രവർത്തനത്തിലും ദൗത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അതികഠിനമായി അധ്വാനിച്ചു. ശേഷം അപ്പോളോ സ്പേസ് സെന്ററിലെ ചന്ദ്രോപരിതലത്തെ കുറിച്ചുള്ള പഠനത്തിൽ പ്രധാനിയായി മാറുകയും ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരികൾക്കുള്ള ട്രെയിനർമാരിൽ പ്രമുഖനാവുകയും ചെയ്തു.
ഇതുതന്നെയല്ലേ ആദ്യത്തെ സൗദി ബഹിരാകാശ സഞ്ചാരി ആയിരുന്ന സുൽത്താൻ ബിൻ സൽമാന്റെ വിഷയത്തിലും സംഭവിച്ചത്. അദ്ദേഹം ബഹിരാകാശ സഞ്ചാരത്തിനായി തയ്യാറെടുത്തപ്പോൾ ഹൂസ്റ്റണിനടുത്ത് ഓഫീസുള്ള പ്രധാന അറബ് എണ്ണക്കമ്പനിയായ aramco യിൽ നിന്നും നാസ ആളുകളെ എത്തിച്ചു. സൗദി സംസ്കാരത്തെക്കുറിച്ച് നാസയുടെ സഞ്ചാരികൾക്ക് ഒരു ദിവസത്തെ ക്രാഷ് കോഴ്സ് നൽകാൻ വേണ്ടി. എന്തു കൊണ്ടാണ് ഇത് അനിവാര്യമാണെന്ന് നാസയുടെ അധികൃതർ ചിന്തിച്ചത്?
ഒരു സാധാരണ അമേരിക്കൻ പൗരനെ സംബന്ധിച്ചെടുത്തോളം, അല്ലെങ്കിൽ ആ സ്പേസ് പ്രൊജക്റ്റ് ഉൾപ്പെട്ടിരിക്കുന്ന ഒരു അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് അറബിക് സംസ്കാരത്തെക്കുറിച്ച് വലിയ രീതിയിലുള്ള അറിവ് ഉണ്ടാകണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ പശ്ചിമേഷ്യക്കാരായ ആളുകൾക്ക് ഓറിയന്റലിസ്റ്റ് മിഥ്യകളും മറ്റു അപകടകരമായ ആശയങ്ങളുമായായാണ് ബന്ധം. സൗദി അറേബ്യയെ കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ അവരുടെ മനസ്സിലേക്ക് ആദ്യമെത്തുക ലോറൻസ് ഓഫ് അറേബ്യയും, ഒട്ടകങ്ങളും, മരുഭൂമികളും, സുൽത്താന്മാരും, ശൈഖുമാരും, രാജകുമാരന്മാരുമാണ്. അധികം അമേരിക്കക്കാർക്കും എന്താണ് ഒരു അറേബ്യൻ ബഹിരാകാശ സഞ്ചാരിയെ രൂപപ്പെടുത്തുന്നതെന്ന് അറിയില്ല. മാത്രവുമല്ല അദ്ദേഹം ഏതു തരത്തിലുള്ള ഒരു വ്യക്തിയാണെന്നും ഒരു സ്പേസ് പ്രോജക്ടിലെ അംഗം എന്ന നിലയ്ക്ക് എങ്ങനെ അവരോട് പെരുമാറണമെന്നും ഇടപെടണമെന്നും അവർക്കറിയില്ല. ഒരുപക്ഷേ നാസയിലെ അധികൃതർ ആശയക്കുഴപ്പത്തിലായിട്ടുണ്ടാവുക ഇത്തരത്തിലുള്ള സാംസ്കാരികമായ തെറ്റിദ്ധാരണകൾ മൂലമായിരിക്കാം.
സത്യത്തിൽ അക്കാലത്തെ അറബ് വരേണ്യവര്‍ഗ്ഗത്തിലെ മറ്റു വ്യക്തികളെ പോലെ അദ്ദേഹവും അമേരിക്കൻ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നത് അമേരിക്കയിലായിരുന്നു. യഥാർത്ഥത്തിൽ അവിടെയുണ്ടായിരുന്ന ഫ്രഞ്ച് ബഹിരാകാശ സഞ്ചാരികളെക്കാൾ കൂടുതൽ അമേരിക്കൻ സംസ്കാരത്തെക്കുറിച്ച് ബോധ്യം ഉണ്ടാവുക ഇദ്ദേഹത്തിനായിരുന്നു എന്നു മാത്രമല്ല അവരെക്കാൾ നന്നായി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കൂടുതലും ഇദ്ദേഹത്തിനായിരുന്നു. പക്ഷേ എന്തുകൊണ്ടോ നാസയുടെ അധികൃതർക്ക് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരികരുമായിമായി ബന്ധപ്പെട്ട് സാംസ്കാരിക തെറ്റിദ്ധാരണകൾ താരതമ്യേന കുറവായിരുന്നു.
മരണത്തിനുള്ള സാധ്യത കൂടുതലായതിനാൽ 2014 ൽ ഇസ്‌ലാമിക പണ്ഡിതന്മാർ വൺ വേ ചൊവ്വാ യാത്രക്കെതിരെ ഫത്‌വ നൽകിയ കാര്യം താങ്കൾ മുമ്പ് സൂചിപ്പിച്ചിരുന്നു. “ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത് ഒരുപക്ഷേ പരലോക ജീവിതത്തിൽ ആത്മഹത്യ ചെയ്തവനുള്ള ശിക്ഷ ലഭിക്കാൻ കാരണമായേക്കും” എന്നതായിരുന്നു ഫത്‌വ. ഒരാളുടെ ജീവൻ എടുക്കുക എന്നത് പാപകരമായി കാണുന്ന ഇസ്‌ലാമിന്റെ പരമ്പരാഗതമായ മൂല്യങ്ങളും അത്യന്തം അപകടകരമായ വാന പര്യവേക്ഷണങ്ങളും എങ്ങനെ യോജിച്ചു പോകും?
മോഡേൺ ബയോഎത്തിക്സിന് (Bio Ethics- മനുഷ്യജീവിതത്ത കൈകാര്യം ചെയ്യുന്ന) അറബ് ലോകത്ത് വികസിച്ച് കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലോകത്തെ ഇതുപോലെയുള്ള ഫത്‌വ നൽകിയ ആളുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യ എന്നുള്ളത് വളരെ വലിയൊരു പ്രശ്നമാണ്. മനുഷ്യ ജീവിതത്തിനു പ്രാധാന്യം നൽകുന്ന ഏത് മതവിഭാഗത്തെ സംബന്ധിച്ചിടത്തോളവും അത് സമാനമാണ്. അത് ഇസ്‌ലാമിൽ മാത്രം പ്രത്യേകമായ പ്രശ്നമല്ല.
ഇത് ചൊവ്വാ ദൗത്യത്തെ പിന്തുടരുന്നതിൽ നിന്നും മുസ്‌ലിം രാജ്യങ്ങളെ പിന്തിരിപ്പിച്ചില്ല എന്നാണോ താങ്കൾ പറയുന്നത്?
യുഎഇയെ സംബന്ധിച്ചിടത്തോളം ദേശീയ, രാഷ്ട്രീയ, സാമ്പത്തിക താൽപര്യങ്ങൾ ഈ ദൗത്യത്തിന് പിന്നിലുണ്ട്. ഒരുപക്ഷേ പശ്ചിമേഷ്യയിലെ ചൊവ്വാ ദൗത്യത്തെ ഏറ്റവും താൽപര്യത്തോടെ സമീപിക്കുന്നതും യുഎഇയാവും. 2020ഓടെ ചൊവ്വയിലെ അന്തരീക്ഷത്തെ പഠനവിധേയമാക്കുന്ന ഒരു ബഹിരാകാശ പേടകത്തെ അയക്കാനുള്ള തെയ്യാറെടുപ്പിലാണ് അവർ. ഈ ബഹിരാകാശ പേടകം 2021ൽ ചൊവ്വയിൽ എത്തുമെന്ന് കരുതപ്പെടുന്നു. യുഎഇയുടെ അമ്പതാമത്തെ വാർഷിക ആഘോഷങ്ങൾ നടക്കേണ്ട സമയം കൂടെയാണത്.
മാത്രവുമല്ല ഒരു നൂറുവർഷ കാലയളവിനുള്ളിൽ ചൊവ്വയിൽ 2117 ആകുമ്പോഴേക്ക് ഒരു വലിയ നഗരം പണിയാനും യുഎഇക്ക് പദ്ധതിയുണ്ട്. പദ്ധതി അതിന്റെ ആദ്യ ഘട്ടത്തിലാണ് ഉള്ളത്. നിങ്ങൾക്ക് ചൊവ്വയിൽ ഒരു നഗരം സ്ഥാപിക്കണമെങ്കിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ ദൗത്യത്തിന്റെ ഭാഗമായി കുറേ ജീവനുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ പദ്ധതികളോടും പ്രവർത്തനങ്ങളോടും മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും എന്നുള്ളത് ഉറപ്പാണ്. പക്ഷേ ഇത്തരം അഭിലാഷങ്ങളും പദ്ധതികളും മുന്നോട്ട് പോകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.




വിവർത്തനം: മുഹ്‌സിൻ അബ്ദുൽ ഹകീം
Featured Image: The Emirates Mars Mission, Hope Probe
Comments are closed.