എന്റെ കുട്ടിക്കാലത്ത് നാട്ടിൽ നിധിയെക്കുറിച്ചുള്ള സംസാരങ്ങൾ സജീവമായിരുന്നു . നിരവധി പേർ നിധി കണ്ടെത്തി എന്ന കിംവദന്തി അന്ന് പരന്നിരുന്നു. യഥാർത്ഥത്തിൽ അവ കണ്ടെടുക്കുക എന്നത്  അതിസാഹസം നിറഞ്ഞ പണിയായിരുന്നു. ഉഗ്രവിഷമുള്ള സർപ്പങ്ങൾ അവക്ക് കാവലിരിക്കുന്നു എന്ന സങ്കൽപമാണ് അതിന് കാരണം. ആപൽകരമായ സാഹചര്യങ്ങൾ മൂലം സ്വത്തുകൾ ഉപേക്ഷിക്കേണ്ടി വന്ന ധനിക കുടുംബങ്ങൾ കുഴിച്ചു മൂടിയ അവരുടെ  വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം ശാപങ്ങൾ ചേർത്തിട്ടുണ്ട് എന്നായിരുന്നു വിശ്വാസം. എന്നിട്ടും നിധിക്കുവേണ്ടിയുള്ള തിരച്ചിലുകൾ പലരും തുടർന്നുപോന്നു. റോഡ് വെട്ടാനായി കുഴിക്കുമ്പോഴും, പുതിയ വീടിന് അടിത്തറ കിളക്കുമ്പോഴും കോരികകൾ മൺപാത്രങ്ങളിൽ മുട്ടുന്ന ശബ്ദം കേട്ടുവെന്ന വാർത്തകൾ പരന്നുകൊണ്ടിരുന്നു. ഈ കഥകളിൽ ചിലത് ശരിയായിരിക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ് മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന നന്നങ്ങാടി എന്ന് പേരുള്ള വലിയ മൺപാത്രങ്ങൾ നിധി അന്വേഷകർ കണ്ടെടുത്തിരുന്നു. അങ്ങനെ നിധിക്ക് വേണ്ടിയുള്ള അന്വേഷണം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ ചെന്നവസാനിക്കും.

അതേസമയം ചിലർ ശരിക്കുള്ള നിധി കണ്ടെത്തിയിരുന്നു. അവരുടെ ജീവിത നിലവാരത്തിലുണ്ടായ ഗണ്യമായ മാറ്റം ഇത് വ്യക്തമാക്കുന്നുണ്ട്. അവരുടെ ഓലമേഞ്ഞ ഒറ്റമുറി കുടിലുകൾ കോൺക്രീറ്റ് വീടുകൾക്ക് വഴിമാറി. പരുക്കൻ ലുങ്കി ഒറ്റമുണ്ടും നേർത്ത മസ്‌ലിൻ ഡബിൾ മുണ്ടും തിളക്കമുള്ള ട്രൗസറുകളുമായി മാറി. ട്രിപ്പിൾ ഫൈവ്, റോത്മൻ, ഡൻഹിൽ സിഗരറ്റുൾക്ക് മുമ്പിൽ പ്രാദേശിക ബീഡിക്കുറ്റികൾ അപ്രത്യക്ഷമായി. ഗൾഫ് രാജ്യങ്ങളിൽ പോയി തൊഴിലെടുത്ത് രണ്ടോ മൂന്നോ അതിലധികമോ വർഷങ്ങൾ കൂടുമ്പോൾ കുറഞ്ഞ മാസങ്ങൾ വീട്ടിൽ ചെലവിടാൻ വരുന്ന പ്രവാസികളായിരുന്നു അവർ. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ  മറുകരയായിരുന്ന ഗൾഫ്,  ധാരാളം നിധികൾ നിറഞ്ഞ ഒരു സ്ഥലമായിരുന്നിരിക്കണം.

അറബിക്കഥകളിൽ പറഞ്ഞ “അറബിപ്പൊന്നി “നെ കുറിച്ച് നാം കേട്ടതിൽ അതിശയകരമായി ഒന്നുമില്ല. എല്ലാത്തിനുമുപരി, ജോലികളിൽ പ്രത്യേക വൈദഗ്ധ്യമില്ലാത്ത, പരീക്ഷകളിൽ വിജയിക്കാത്ത, സാംസ്കാരിക മൂലധനം ഒട്ടുമേ ഇല്ലാത്ത ആളുകൾ സുഗന്ധങ്ങളും, ടേപ്റെക്കോർഡറുകളും, കാമറകളും, ഡ്യൂട്ടി ഫ്രീ ഷോപ് ബാഗുകളുമായാണ് മടങ്ങിയത്.

ഗൾഫ് കേരളത്തെ സംബന്ധിച്ചിടത്തോളം അതിശയോക്തികളുടെ ഒരു മേഖലയായി മാറി. കഥാപ്രസംഗകർ “വലിപ്പം കൂടിയ” ഗൾഫിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. “നമ്മുടെ പുട്ടൊന്നും പുട്ടല്ല, ദുബായിലെ പുട്ടിന്റെ വലുപ്പം കണ്ടിട്ടുണ്ടോ? അതാണ് പുട്ട്! ” കാഥികൻ കരടിയെ ആലിംഗനം ചെയ്യുന്നതുപോലെ കൈകൾ വലുതാക്കി വലുപ്പം കാണിക്കും. മഹീന്ദ്ര ജീപ്പുകളിൽ മുന്നിലും പിന്നിലും തിങ്ങിനിറഞ്ഞു, പിന്നിൽ ഘടിച്ചിച്ച സ്പെയർ ടയറിലും, വശങ്ങളിലും, പിൻവശത്തും തൂങ്ങിയും കഥാ പ്രസംഗം കേൾക്കാനെത്തിയവരോട് കാഥികൻ പറയും:  “ദുബായിൽ ആളുകൾ വിമാനത്തിൽ തൂങ്ങിയാണ് യാത്ര ചെയ്യാറ്”. അയാളുടെ അവതരണത്തിൽ വിമാനത്തിൽ തൂങ്ങി യാത്ര നടത്തുന്ന ഒരു നാട് നാം മനസ്സിൽ സങ്കൽപ്പിച്ചിട്ടുണ്ടാകും.

ഗൾഫിനെക്കുറിച്ചുള്ള എന്ത് സങ്കൽപനകളും സാധ്യമായിരുന്നു. സാമൂഹികമായ പുതിയൊരു ഉന്മേഷം കേരളത്തിൽ പ്രകടമായി. വികസനത്തിൻ്റെ കേരളീയ മാതൃകയെ കുറിച്ച് പഠനം നടത്തിയ പ്രൊഫസർ റോബിൻ ജെഫ്രി അഭിപ്രായപ്പെട്ടത് :” 1940 കളിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾ വാഗ്ദാനം ചെയ്ത സാമൂഹിക വികാസമാണ് എഴുപതകളിലും എൺപതുകളിലും ഗൾഫ് പ്രതിഭാസം പുലർത്തിയത്” എന്നതാണ്. എഴുപതുകളുടെ അവസാനത്തിൽ എൻ്റെ പിതാവ് ഗ്രാമത്തിലെ ആദ്യത്തെ കോൺക്രീറ്റ്  വീട് നിർമ്മിച്ചപ്പോഴേക്ക് അരദശകത്തോളം ഗൾഫിൽ അദ്ദേഹം ചിലവഴിച്ചിരുന്നു. മറ്റൊരു ലോകം നമ്മുടെ നാട്ടിൽ പിറവിയെക്കുന്നത് കാണാൻ ആളുകൾ തടിച്ചു കൂടി. അതുവരെ പേരില്ലായിരുന്ന വസ്തുക്കൾക്ക് പുതിയ പേരുകൾ ആവശ്യമായി വന്ന ഗബ്രിയേൽ മാർക്വേസിൻ്റെ ‘മക്കോണ്ടോ’ എന്ന സാങ്കൽപിക നഗരത്തെപ്പോലെ തോന്നിച്ചു അത്.

ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പുറപ്പാടുകളുടെയും, മടങ്ങിവരവുകളുടെയും രൂപത്തിൽ അനുഭവപ്പെട്ട ഒരു വലിയ ആഘോഷമായിരുന്നു കേരളത്തിൽ ഗൾഫ്. പ്രവാസി എയർപോർട്ടിൽ പോകുന്ന നേരം എല്ലാവരും അയാളുടെ ഇരുവശങ്ങളിലായി നിൽക്കുന്നുണ്ടാകും. എയർപോർട്ടിലേക്ക് പോകുന്ന വാഹനത്തിന്റെയും അയാളുടെയും ഇടയിൽ ഒരു നീണ്ട വഴി പ്രകടമാകും. അയാളുടെ ഒഴികെ മുഴുവൻ ആളുകളുടെയും ചെരുപ്പുകൾ വീടിനു പുറത്തായിരിക്കും. വാഹനത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ പിന്നെ അയാൾ തിരിഞ്ഞു നോക്കില്ല. ഉമ്മയുടെ ആവലാതികളും, ഭാര്യയുടെ നിശ്ചയദാർഢ്യമുള്ള പിരിമുറുക്കവും, മക്കളുടെ കരച്ചിലുകളും അയാൾ കേൾക്കുന്നുണ്ടാകും. എന്നാൽ, കഥകളിൽ കേട്ട, പിറകിലേക്ക് തിരിഞ്ഞുനോക്കിയത് മൂലം ചലിക്കാൻ കഴിയാത്ത പ്രതിമയാകുന്ന യോദ്ധാവിനെപ്പോലെ ആരും തിരിഞ്ഞു നോക്കിയില്ല.

പ്രവാസികൾ അന്നെടുത്ത ചിത്രങ്ങളും എൺപതുകളിലെ മുഖ്യധാര മലയാള സിനിമകളുമാണ് ഗൾഫ് എന്ന കാൽപനിക ലോകത്തിന്റെ കാഴ്ചകൾ നമ്മിലേക്കെത്തിച്ചതും, ഗൾഫിനെക്കുറിച്ചുള്ള ഭാവനകളെ ഊട്ടിയുറപ്പിച്ചതും. എഴുപതുകളിൽ ഗർഫ് മാർക്കറ്റിൽ തുച്ചവിലക്ക് ലഭ്യമായിരുന്ന കാമറകളിൽ പ്രവാസി സ്വന്തമായി എടുത്ത ഇത്തരം ചിത്രങ്ങളിൽ ഗൾഫ്, മരുഭൂമികൾക്ക് പകരം നഗര ദൃശ്യങ്ങളും, പൂന്തോട്ടങ്ങളും ,ഉയർന്ന കെട്ടിടങ്ങളും ഉപഭോഗ വസ്തുക്കളും യാത്രക്കാരുടെ അധിവാസ കേന്ദ്രങ്ങളുമടങ്ങിയ അത്ഭുതകരമായ ഒരു ലോകമായിരുന്നു. ടോക്കിയോ, ഫ്ലോറിഡ, സിങ്കപ്പൂർ, ദുബായ് എന്നിവിടങ്ങളില കാഴ്ച്ചകളിലൂടെ എന്താണ് വികസനമെന്ന് എൺപതുകളിലെ സിനിമ മലയാളിക്ക് കാണിച്ചു കൊടുത്തു.

എന്നാൽ ഗൾഫിനെ കുറിച്ചുള്ള പഠനങ്ങൾ രണ്ടു വീക്ഷണങ്ങളിലാണ് പ്രധാനമായും നടന്നത്. ഒന്നാമതായി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണവും അത് ചിലവഴിക്കപ്പെടുന്ന വഴികകളും. ഗൾഫിലെ മുഴുവൻ അത്ഭുതവും, വാഗ്ദാനങ്ങളും, കരാറുകളും പണം, അതിന്റെ ആവശ്യകത, ഉപയോഗം എന്നിവയിലേക്ക് ചുരുങ്ങി. ചൂഷണാധിഷ്ഠിതമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളിയെ സ്വദേശിയുമായി ബന്ധിപ്പിക്കുന്ന കഫാല സമ്പ്രദായം, വിശപ്പിൻ്റെ യാതനകൾ, ലഭിക്കാത്ത വേതനങ്ങൾ, പ്രവാസിയുടെ ശവപ്പെട്ടികൾ, ചൂഷണ വ്യവസ്ഥയുടെ സ്നേഹസൂന്യത എന്നിവയായിരുന്നു ഗൾഫ് പഠനങ്ങളുടെ മറ്റൊരു മേഖല.

പ്രവാസികളുടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ പ്രധാനം ചെയ്യുന്നതിനും പഠിക്കുന്നതിനും ഈ രണ്ടു വശങ്ങൾ വളരെ പ്രധാനമാണെങ്കിലും നിലവിലെ അക്കാദമിക് ഭാഷയും, എഴുപതുകളിലും എൺപതുകളിലും, രണ്ടായിരം വരെയുള്ള ഗൾഫിനെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിൻ്റെ കാരണങ്ങളും കണ്ടെത്തേണ്ടതായിട്ടുണ്ട്. അക്കാലത്തെ യഥാർത്ഥ ഗൾഫ് ജീവിതത്തെ കുറിച്ചുള്ള അജ്ഞതക്ക് കാരണം പ്രവാസി ഗൾഫിലെ തന്റെ യഥാർത്ഥ ജോലിയെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലാത്തതാണ് എന്നതിലുപരിയായി, പോസ്റ്റ് കൊളോണിയൽ സ്റ്റേറ്റിന്റെ  ഭരണകൂടവൽക്കരണം, പൗരത്വം എന്ന  ആശയവുമായുള്ള തൊഴിലിന്റെ ബന്ധം, ഗൾഫിലെ തൊഴിൽ രീതികൾ, തുടങ്ങിയ ഘടനാപരമായ കാരണങ്ങൾ ഗൾഫിനെ കുറിച്ചുള്ള ചർച്ചകൾ അക്കാദമിക് അന്വേഷണങ്ങൾ പോലുള്ള പൊതു ഇടങ്ങളിൽ ലഭ്യമാകാതെ പോവുകയും ‘സ്വകാര്യ’മായി ചുരുങ്ങുകയും ചെയ്യുന്നതിനു വഴിവെച്ചു.

ഇത്തരത്തിൽ ഗൾഫിനെ കുറിച്ചുള്ള സ്വകാര്യ സംഭാഷണൾ വീണ്ടെടുക്കാൻ ഗൾഫ് കുടിയേറ്റക്കാരന്റെ അത്ഭുത ലോകമായിരുന്നു ഗൾഫിനെക്കുറിച്ച്  സംസാരിക്കാൻ അക്കാദമിക് തലങ്ങളിൽ ഒരു ഭാഷ രൂപപ്പെടുത്തേണ്ടതായുണ്ട്. ഈ ഭാഷ സ്വപ്നങ്ങളുടെ രീതികളെയും, അഭിലാഷങ്ങളുടെ വ്യാകരണത്തെയും ഉൾക്കൊള്ളുകയും കണക്കിലെടുക്കുകയും വേണം. കൂടാതെ, കുടിയേറ്റക്കാരുടെ ജീവചരിത്രങ്ങളെ ഉൾക്കൊള്ളുകയും അവരുടെ ദൂതകാല സ്വത്വത്തിനെതിരിൽ ഗൾഫ് ലഭ്യമാക്കിയ സാധ്യകളെ അത്  ചിത്രീകരിക്കുകയും വേണം. മാത്രമല്ല കുടിയേറ്റക്കാർ എങ്ങനെയാണ് ഗൾഫിനെ അതിൻ്റെ വ്യതിരിക്തതയിൽ അവതരിപ്പിക്കുകയും അന്വേഷിക്കുകയും ചെയ്തതെന്ന് അതിൽ ഉൾക്കൊള്ളിക്കണം. അതോടൊപ്പം, സാമൂഹ്യ ചലനാത്മകതയുടെ പ്രാദേശിക പ്രയോഗങ്ങൾ കൊണ്ട് ഗൾഫിനെ വിവർത്തനം ചെയ്യുകയും വേണം.
അക്കാദമിക്ക് ഭാഷയുടെ പരിധിക്കുള്ളിൽ നിന്ന് തന്നെ സാമ്പത്തിക സാധ്യതകളിലെ  ആവേശത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
അതേസമയം, വിടപറയും നേരം വീട്ടിലെ വാതിലിനും കാറിനും ഇടയിലുള്ള  ഏകാന്തമായ ദൂരത്തിൽ ആളുകൾ ഇരുവശവും ചേർന്ന് കെട്ടിച്ചമക്കുകയും പ്രോത്സാഹിപ്പിക്കുകയും, അനുഗ്രഹിക്കുകയും, പ്രശംസിക്കുകയും, അസൂയപ്പെടുകയും ചെയ്ത ഒരു വിപ്ലവത്തെ കാണാതെ പോകുകയുമരുത് .

ഞാൻ ഇതെഴുതുമ്പോൾ, ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, അടുത്തിടെ ആവേശം തുടങ്ങിയ സിനിമകൾ മലയാള സിനിമ ഇപ്പോൾ കടന്നുപോകുന്ന അസാധാരണമായ സാമ്പത്തിക വിജയങ്ങളുടെ നിരയിലേക്ക് മറ്റൊരു കൂട്ടിച്ചേർക്കലാണ്. പുതിയ അഭിനേതാക്കളുടെ വരവ്, പുതിയ സാമൂഹിക സ്ഥാനങ്ങളിലേക്കുള്ള ആഖ്യാനങ്ങളുടെ സ്ഥാനചലനം, അതുപോലെ തന്നെ ഒരു പുതിയ ദൃശ്യ-ശ്രാവ്യ സൗന്ദര്യശാസ്ത്രത്തിൻ്റെ കടന്നുവരവ് തുടങ്ങി കഴിഞ്ഞ ഒന്നര ദശകമായി മലയാള സിനിമ സാക്ഷ്യം വഹിക്കുന്ന പുതിയ മാറ്റങ്ങളെയും ഊർജങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ സൂചനയാണ് ഈ ചിത്രം.

സൗദി അറേബ്യയിലെ മരുഭൂമിയിൽ ക്രൂരനും ഭീകരനുമായ അർബാബിൻ്റെ കീഴിൽ വഞ്ചിക്കപ്പെട്ട ഒരു മലയാളി കുടിയേറ്റക്കാരൻ്റെ വിശപ്പിൻ്റെയും അപകടത്തിൻ്റെയും കഥയാണ് ആടുജീവിതം. ദി അഡ്വഞ്ചേഴ്സ് ഓഫ് റോബിൻസൺ ക്രൂസോ പോലെ ഒരു അതിജീവന കഥയാണ് നോവൽ മുന്നോട്ടുവെക്കുന്നത്. റോബിൻസൺ ക്രൂസോയെ ഒരു പ്രോട്ടോ-ബൂർഷ്വാ നോവലായി – വ്യക്തിവാദത്തിൻ്റെയും ദേശീയ-രാഷ്ട്രത്തിൻ്റെയും ഉയർന്നുവരുന്ന പുതിയ ക്രമത്തിൻ്റെ ചരിത്ര രേഖയായി നാൻസി ആംസ്ട്രോംഗ് വായിക്കുന്നുണ്ട്. ബെന്യാമിൻ്റെ മലയാളം നോവലായ ആടുജീവിതം, ഗൾഫ് കുടിയേറ്റക്കാരെക്കുറിച്ചുള്ള വ്യവഹാരത്തെ മലയാള സാഹിത്യരംഗത്ത് തിങ്ങിനിറഞ്ഞ കുടിയേറ്റത്തെക്കുറിച്ചുള്ള മറ്റൊരു ജീവചരിത്ര രീതിയാണ്.

1990 കളുടെ അവസാനത്തിൽ ബാബു ഭരദ്വാജിൻ്റെ ‘പ്രവാസിയുടെ കുറിപ്പുകൾ’ ആയിരുന്നു ഈ പ്രവണതയുടെ തുടക്കം. മലയാളത്തിൽ അറിയപ്പെട്ട എഴുത്തുകാരനായിരുന്ന ഭാരദ്വാജ്, മാധ്യമത്തിന് വേണ്ടി എഴുതിയ ഈ പ്രതിവാര കോളത്തിനായി ഓരോ പ്രവാസികളുടെ ജീവിതരേഖകൾ വിവരിച്ചു. ഓരോ ജീവിതരേഖയിലും ഒരു വ്യക്തി ഗൾഫിലേക്ക് പോയതിൻ്റെ കാരണങ്ങളും ഗൾഫിലെ അവരുടെ ദയനീയമായ ജോലി സാഹചര്യങ്ങളും ഉൾപ്പെടുത്തി. മുസഫർ അഹമ്മദിൻ്റെ (കുടിയേറ്റക്കാരൻ്റെ വീട്) ഓർമ്മക്കുറിപ്പുകളോ, വിജയൻ പുറവൂരിൻ്റെയും (സലാല സലാല), നിസാമുദ്ധീൻ റാവുത്തറിന്റെ (അറേബിയയിലെ അടിമ) നോവലുകളോ ആകട്ടെ, ഗൾഫിലെ ജീവിതസാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ഒരു മാർഗമായി ഈ ജീവിതരേഖ എന്ന എഴുത്ത് രീതി അംഗീകൃത രൂപമായി മാറി. ഈ നോവലുകൾക്കും ഓർമ്മക്കുറിപ്പുകൾക്കും ഗൾഫിലെ കുടിയേറ്റക്കാരുടെ കൂട്ടായ ജീവിതവും, ഒരു വ്യക്തിഗത ലെൻസിലൂടെ കൂട്ടായ കുടിയേറ്റത്തിൻ്റെ ചരിത്രവും കാണിക്കാൻ കഴിയുമെങ്കിലും (കൃഷ്ണദാസിൻ്റെ ദുബായ് പുഴ പോലെ), ഒറ്റപ്പെട്ട വ്യക്തി കേന്ദ്രീകൃത കുടിയേറ്റ കഥയുടെ അപകടം രണ്ടാണ്. – ഒന്ന്, കുടിയേറ്റക്കാർക്ക് കേരളവുമായി ഉണ്ടായിരുന്ന സജീവവും കൂട്ടായതുമായ ബന്ധത്തെ അത് നിഷേധിക്കുന്നു, രണ്ട്, ഇത്തരത്തിൽ വ്യക്തികത ആഖ്യാന രീതിയിൽ ചിട്ടപ്പെടുത്തുന്നതിനാൽ, അത് പ്രവാസി നായകനെ ഒരു ഇരയാക്കി മാറ്റുന്നു.

ആഘോഷിക്കപ്പെടുന്ന കേരളാ മോഡൽ വികസനത്തിന്റെ നട്ടെല്ല് പ്രവാസികൾ അയക്കുന്ന പണമാണ് എന്നത് ഇപ്പോൾ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പണമയക്കലിന് വീടുകൾ പണിയുകയോ ഗാഡ്‌ജെറ്റുകളോ ഉപഭോഗവസ്തുക്കളോ വാങ്ങുകയോ പോലുള്ള ഒരു വ്യക്തിഗത മാനം മാത്രമല്ല ഉള്ളത്. മറിച്ച് അനാഥാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനും, ആവശ്യമുള്ളവർക്ക് വൈദ്യസഹായം നൽകുന്നതിനുമായി ഫണ്ട് സ്ഥാപിക്കുന്നതിനും മറ്റും കൂട്ടായ സംഭാവനകളുടെ രൂപത്തിലും കൂടിയായിരുന്നു. പ്രവാസികളുടെ ഇത്തരത്തിലുള്ള കൂട്ടായ ശ്രമങ്ങൾ (തണുത്ത) സാമൂഹിക ശാസ്ത്രം പഠനങ്ങൾക്ക് മാത്രം വിഷയമായപ്പോൾ, സാഹിത്യത്തിലെ പ്രവാസി വിശപ്പും ദാഹവും സഹിച്ച് തൻ്റെ ചെലവിൽ കേരളത്തിൽ നല്ല ജീവിതം ആസ്വദിക്കുന്നവരോട് അസൂയപ്പെട്ട്, തൻ്റെ മോശം വിധിയെപ്പഴിച്ച് കഴിച്ച് കൂട്ടി. ഈ എഴുത്തുകളിൽ വഞ്ചകനായ വിസ ഏജന്റിന്റെയോ, അല്ലെങ്കിൽ ഇണയുടെ കാത്തിരിപ്പുകളുടെയോ, അവസരവാദിയായ സുഹൃത്തിന്റേയോ രൂപത്തിൽ പ്രവാസിയുടെ വ്യക്തിപരമായ ആഴത്തിലുള്ള മുറിവ് എന്ന നിലയിലല്ലാതെ ഈ രചനകളിൽ കേരളം കടന്നുവന്നതേയില്ല. സാഹിത്യം പ്രവാസിയെ ശാരീരികമായും, പ്രായോഗികമായും പുറത്ത് നിർത്തുകയാണുണ്ടായത്. എന്റെ വായനയിൽ സാദിഖ് കാവിലിൻ്റെ ‘ഔട്ട്പാസി’ലെ കാസർകോട്ടെ എൻഡോസൾഫാനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന പ്രവാസി മാത്രമാണ് കേരളത്തിലെ കൂട്ടായ ജീവിതത്തിലേക്ക് മടങ്ങുന്നത് നാം കാണുന്നത്. അല്ലാത്തപക്ഷം, എല്ലാ കുടിയേറ്റ കഥകളും അവസാനിക്കുന്നത് ഓർമ്മകളുടെ ഏകാന്തതയിലും തനിക്കു പുറത്തുള്ള ഇരുണ്ടതും ശൂന്യവുമായ ലോകത്തിലാണ്.

പ്രവാസിക്ക് കേരളത്തിലെ ജീവിതവുമായി ഉള്ള നിരവധി ബന്ധങ്ങൾക്ക് നേരെ കണ്ണടക്കുന്നതിലൂടെ, അവർ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ മുൻനിരക്കാരായിരുന്നു എന്ന യാഥാർഥ്യം അവഗണിച്ച് പ്രവാസിയെ നാം ഇരയാക്കി മാറ്റുകയാണ് ചെയ്യുന്നത്, ഒറ്റപ്പെട്ട  കഥകളുടെയും അപകടവും ഇതുതന്നെയാണ്.

വിവർത്തനം: അബുൽ ഫാതിഹ്

Comments are closed.