ഇബ്നു ബത്തൂത്തയുടെ കാഫില കൂട്ടം ചെറുസംഘങ്ങളായി മരുഭൂമി കടന്നു വരുന്നു . ബാബുസ്സലാമിലൂടെ അവർ വിശുദ്ധ നഗരത്തിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയാണ്. നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് വായനക്കാരനെ ആനയിച്ച് കൊണ്ടുപോകുകയാണ് മൈക്കൽ വൂൾഫിന്റെ ‘ഹാജി’. ഓരോ വരികളിലും വിശുദ്ധ നഗരത്തിന്റെ ലാൻഡ്സ്കേപ്പ് നിറച്ചുവെച്ചിരിക്കുന്നു. വിശുദ്ധ യാത്രയുടെ ആത്മാവ് നിറഞ്ഞ രചനാശൈലിയിലൂടെ വായനക്കാരനും ഒപ്പം സഞ്ചരിക്കുന്നു. ഓരോ നഗര കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോഴും അവിടുത്തെ തിരക്കിന്റെയും ജനക്കൂട്ടത്തിന്റെയും ഭാഗമായി യാത്രികൻ അലിഞ്ഞു ചേരുന്നത് കാണാം. നഗരമധ്യത്തിൽ കച്ചവട കൂട്ടങ്ങളുടെ ബഹളങ്ങളോടൊപ്പം മനസ്സും ശരീരവും ഒരുമിച്ച് നീങ്ങുന്നു. തിയേറ്ററിൽ ഫിലിം നീങ്ങുന്നത് പോലെ ഓരോ നിമിഷങ്ങളും ഒരു ചിത്രം കാണുന്ന പ്രതീതിയിൽ ചലിച്ചുകൊണ്ടിരിക്കുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ആഖ്യാന രീതിയാണ് വൂൾഫ് തന്റെ ഹാജിയിൽ സ്വീകരിച്ചിരിക്കുന്നത്.

വിമാനം ജിദ്ദ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നത് മുതൽ തൽബിയത്ത് ആരംഭിക്കുകയായി. ഇഹ്റാം വസ്ത്രം ധരിച്ച ഓരോ ഹാജിയുടെയും നാവും മനസ്സും സദാ നനച്ചു കൊണ്ടിരിക്കുന്ന വിശുദ്ധ മന്ത്രം. മക്കയിലെ ജീവിതത്തിലുടനീളം പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്ന വരികൾ.

ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക്
ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക്

അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു

ഹാജിമാരുടെ മക്കയിലെ സ്വപ്നങ്ങളിൽ പോലും തൽബിയത്തിന്റെ മന്ത്രണങ്ങൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. സൃഷ്ടാവിന്റെ ക്ഷണത്തിന് ഉത്തരം നൽകലാണത്. നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രവചകന്മാരിലൂടെ കൈമാറി വന്ന വരികളാണ് തൽബിയത്തിന്റെ സത്ത. (അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നിനക്കൊരു പങ്ക്കാരനുമില്ല. സര്‍വ്വ സ്തുതിയും നിനക്കാകുന്നു. എല്ലാ അനുഗ്രഹവും നിന്റേതാകുന്നു. എല്ലാ അധികാരവും നിനക്ക് മാത്രം. നിനക്കൊരു പങ്ക്കാരനുമില്ല). ഇതും ചൊല്ലിക്കൊണ്ട് ഓരോ ഹാജിയും പ്രത്യേക താളത്തിൽ മുന്നോട്ട് നീങ്ങുന്നു.

സർവ്വ രാജ്യങ്ങളുടെയും വംശങ്ങളുടെയും വേരുകളുള്ള കോസ്മോപൊളിറ്റൻ നഗരമാണ് മക്ക. വ്യത്യസ്ത സംസ്കാരങ്ങളാലും ഭാഷകളാലും നിബിഡമായ അറേബ്യൻ നഗരം. ചെങ്കടലിൽ നിന്നും അമ്പതു മൈൽ കിഴക്കു ഭാഗത്ത്‌ ഉയർന്ന പ്രദേശങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയിലാണ് സ്ഥിതിചെയ്യുത്. സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിലാണ് മക്കാ നഗരമുള്ളത്. ഇരുവശത്തെയും ഭീമാകാരമായ മലകൾക്കിടയിൽ ആ വലിയ പള്ളി നിറഞ്ഞുനിന്നു. മുകളിൽനിന്നുള്ള വെളിച്ചവും തുറസ്സായ നടുമുറ്റവും അതിന് കൂടുതൽ ഭംഗിയേകി. തിരക്കുള്ള ദിവസങ്ങളിൽ 12 ലക്ഷത്തോളം ഹാജിമാർക്ക് വരെ നിസ്കരിക്കാൻ പാകത്തിലുള്ളതാണ് പള്ളിയുടെ നിർമ്മാണം.

വൂൾഫിന്റെ വിമാനം ജിദ്ദ വിമാനത്താവളം തൊടുമ്പോൾ വായനക്കാരന്റെ ഉള്ളിൽ നിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുകളുയരുന്നു. സൗദിയുടെ പൊള്ളുന്ന ചൂടിലേക്ക് ഇറങ്ങുകയായി. ബഹളമയമായ തെരുവുകളിലൂടെ കാതും മനസ്സും തുറന്ന് വെച്ച് അദ്ദേഹം നീങ്ങുന്നു. വിശ്വാസത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സുഹൃത്തുക്കളുമായി സംസാരിച്ച്‌ അവരിൽ ഒരാളായി മാറുന്നു. ഓരോരുത്തരും തങ്ങളുടെ വ്യക്തിത്വങ്ങൾ അഴിച്ചുവെച്ച് ആൾക്കൂട്ടത്തിന്റെ ഭാഗമായിത്തീരുകയാണ്. ഞാൻ എന്ന സംജ്ഞക്ക് അർത്ഥം നഷ്ടപ്പെട്ടുപോകുന്ന ചിലയിടങ്ങളുണ്ട്. ശരിക്കും നമ്മുക്കത് ഹജ്ജ് വേളയിൽ അനുഭവപ്പെടും. ശേഷം നാം എന്ന പദം അവന്റെ ഉള്ളിലേക്ക് ആവാഹിക്കപ്പെടുന്നു. സാഹോദര്യത്തിന്റെ വാതിലുകൾ ഉള്ളിലേക്ക് തുറക്കപ്പെടുക്കായി. രണ്ടു കഷണം ഇഹ്റാമിന്റെ തുണിയിലാണ് സർവ്വ മനുഷ്യരും ഒരുമിക്കുന്നത്. സമൂഹ്യശാസ്ത്രത്തിന്റെ സർവ്വ ശ്രേണീകരണങ്ങളും ഇവിടെ അപ്രസക്തമാകുന്നു. മരണത്തെപ്പോലും പ്രതീക്ഷിച്ചുകൊണ്ടാണ് മഹത്തായ യാത്രക്ക് വേണ്ടി ഒരു വലിയപക്ഷം തീർത്ഥാടകരും പുറപ്പെടുന്നത്. മരണത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് രണ്ടു കഷണം ഇഹ്റാം തുണികളുടെ ക്രമീകരണം.

മക്കയുടെ ക്ലൈമറ്റിൽ ശക്തമായ മരുകാറ്റ് ഒരു നിറസാന്നിധ്യമാണ്. മരുക്കാറ്റ് സ്പർശിക്കുന്നതിനെല്ലാം ഈർപ്പം നഷ്ടപ്പെടുന്നു. ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന ഈർപ്പത്തെ അത് വലിച്ചെടുക്കുന്നു. മനുഷ്യരിൽ നിന്നും ചെടികളിൽ നിന്നും ചൂട്ടുപഴുത്ത മരുക്കാറ്റ് പച്ചപ്പിനെ വലിച്ചെടുക്കുന്നു. പ്രതിദിനം തെർമോമീറ്ററിൽ 49 ഡിഗ്രി സെൽഷ്യസ് ചൂട് കാണിച്ചു കൊണ്ടിരിക്കുന്നു. ജൂൺ മാസത്തിൽ അതൊരു പതിവാണ്. ഭൂലോകത്തെ ഏറ്റവും ചുട്ടുപഴുത്ത പ്രദേശമെന്ന ബഹുമതിക്കായി മക്കയും, യാമ്പുവും, ജിദ്ദയും മത്സരിക്കുകയാണ് എന്ന് തോന്നും. കെട്ടിടങ്ങൾ റേഡിയേറ്ററിന് സമാനമായി ചുട്ടുപഴുക്കുന്ന സമയമാണ്. തീർത്തും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ഓരോ ഹാജിമാരും. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തടസ്സമാകുമ്പോഴും ഫൈനൽ ഡെസ്റ്റിനേഷലിക്കുള്ള അതീവതാൽപര്യവും അടങ്ങാത്ത അഭിവാഞ്ജയുമാണ് ഓരോ ഹാജിയേയും മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്നത്. മരുക്കാറ്റിന്റെ ശക്തമായ ആക്രമണത്തിൽ ആ മനസ്സുകൾക്ക് ഇളക്കം സംഭവിക്കുന്നില്ല.

ഇറാനിയൻ ഫിലോസഫറായ മുഹമ്മദ് ശബസ്തരി പറയുന്നുണ്ട്
” ഒരൊറ്റ കണികയെ നിങ്ങൾ പകുത്താൽ അതിന്റെ ഹൃദയത്തിനുള്ളിൽ നിങ്ങൾക്കൊരു സൂര്യനെ കാണാം”

ചൂടിന്റെ കാഠിന്യത്തിൽ മോഹാലസ്യപ്പെട്ടു വീഴുന്ന എത്രയെത്ര തീർത്ഥാടകർ. അവർക്കിടയിലും പാകിസ്ഥാനികളും ആഫ്രിക്കക്കാരുമായ തീർത്ഥാടകർ വിയർപ്പു പൊടിഞ്ഞ ശരീരവുമായി കരുത്തോടെ കഅബക്ക് വലം വെക്കുന്നു. കഷ്ടതകൾ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഹജ്ജ് ഹജ്ജാകുന്നതെന്ന് വൂൾഫ് ഇടക്ക് ആത്മഗതം ചെയ്യുന്നുണ്ട്. ചൂടിന്റെ കാഠിന്യത്തെ വകവെക്കാതെ നടന്നു നീങ്ങുന്ന ഹാജിമാർ ഏവരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെയാണ്. മുഹമ്മദ് അസദ് The Road to Mecca യിൽ ഗ്രീഷ്മത്തിലെ തന്റെ കഠിനമായ ഹജ്ജ് യാത്രയെ കുറിച്ച് വിവരിക്കുന്നുണ്ട്.

പുതു പട്ടണം പിറക്കുന്നു

ഒരു പുതിയ പട്ടണത്തിന്റെ ഉത്ഭവമാണ് മിനായിൽ നാം ദർശിക്കുന്നത്. വർഷത്തിൽ 50 ആഴ്ചകളോളം ഒന്നുമല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന തരിശു ഗ്രാമം പെട്ടെന്ന് ഒരു നഗരമായി രൂപാന്തരപ്പെടുകയാണ്. ലോകത്ത് തന്നെ അത്യപൂർവമായി കാണുന്ന കൂടാര കൂട്ടമായി ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നു. കാൻവാസ് നഗരം എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. മക്കയിൽനിന്ന് അരകിലോമീറ്ററോളം ദൂരേക്ക് ക്യാമ്പുകൾ മൊട്ടിട്ട് വ്യാപിക്കുന്നു. ഭക്ഷണശാലകളും അത്യാവശ്യ മെഡിക്കൽ ഉപകരങ്ങളുമെല്ലാം അവക്കുള്ളിൽ സൗകര്യപ്പെടുത്തുന്നു. ഹാജിമാരുടെ തണ്ണീർ പന്തലുകളാണിവകൾ. അവസാനം, ഹജ്ജിന് ശേഷം ആ പട്ടണത്തെ ചുരുട്ടി മടക്കി മക്കയിലേക്ക് തന്നെ കൊണ്ടുപോകുന്നു. വിസ്മയകമാണ് ആ പട്ടണം.

പ്രാർത്ഥനകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ ബുക്കാർട്ടിന്റെ ട്രാവൽസ് ഇൻ അറേബ്യയിലേക്ക് വൂൾഫ് ഊളിയിട്ടു പോകുന്നുണ്ട്. 1814 ലാണ് ബുക്കാർട്ട് മക്കയിൽ എത്തുന്നത്. അദ്ദേഹത്തിൻറെ മക്കയെ കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആധുനിക മക്ക. കഅബയാണ് മക്കാ നഗരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഏക പുരാതന കെട്ടിടം. ഇബ്നു ബത്തൂത്തയുടെ കാലത്തുതന്നെ മക്ക ആധുനിക നഗരമായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു.

പള്ളിയുടെ നിർമ്മാണ രീതികൾ ഒരു തികഞ്ഞ ആർക്കിടെക്ചറിന്റെ അനുഭവ പാടവത്തോടെ മൈക്കിൾ വിവരിക്കുന്നുണ്ട്. പള്ളിയുടെ തച്ചുശാസ്ത്ര രീതിയും, ഡമസ്കസ് ശൈലിയിലുള്ള കവാടങ്ങളും. ഉസ്മാനി തച്ചുശാസ്ത്രം പിന്തുടർന്ന് നിർമ്മിച്ച താഴികക്കുടങ്ങളും മിനാരങ്ങളും. Shrine ആർക്കിടെക്ചർ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് നിർമ്മിതികളിളെല്ലാം.

മക്കയിലെ ബാങ്കിന്റെ മാധുര്യവും വേറിട്ട ശൈലിയും ഒരു പ്രത്യേക അനുഭൂതിയാണ്. കഅബക്ക് ചുറ്റുമുള്ള കരിങ്കൽ പാറകളിൽ തട്ടിയ ശബ്ദം പ്രതിധ്വനിക്കുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു അകൗസ്റ്റിക് സിസ്റ്റം നമുക്കവിടെ അനുഭവപ്പെടും. മക്കയുടെ വിശാലമായ വീഥികളിലൂടെ ആ ശബ്ദം വിശ്വാസികളിലേക്ക് ഒഴുകിയകലുന്നു .

ഓരോ നിസ്കാരത്തിനായി നിൽക്കുമ്പോഴും ഇമാം ഒരുപ്രാവശ്യം മൈക്കിൽ മുട്ടുന്നു .അപ്പോഴേക്കും പ്രത്യേക വസ്ത്രധാരികളായ വളണ്ടിയർമാർ മഞ്ചലുകളുമായി (palanquin) ഓടിയടുക്കുന്ന ദൃശ്യം ആദ്യം ഞെട്ടിച്ചു കളയും. കാരണം അവരുടെ വേഗതയിൽ അതിലുള്ള ആളുകൾ നന്നായി ഇളകുന്നത് കാണാം. പിന്നീട് അന്വേഷിച്ചപ്പോഴാണ് മയ്യിത്തുകളാണ് അവർ ചുമന്നു കൊണ്ട് വരുന്നത് എന്നറിയുന്നത്. കഅ്ബക്ക് ചുറ്റും ഹാജിമാർ നിസ്കാരത്തിനായി കാത്തുനിൽക്കുന്നു. ഓരോ നിസ്കാരത്തിനുള്ള തയ്യാറെടുപ്പുകളും തിരക്കുകളും വളരെയേറെ അനുഭവങ്ങൾ നിറഞ്ഞതാണ്. ആദ്യമാദ്യമുള്ള നിരകളിൽ ഇടംപിടിക്കാനുള്ള തിരക്കിട്ട ഓട്ടങ്ങൾ. വളരെ മുന്നിൽ എത്താൻ നേരത്തെ തന്നെ ഇടം പിടിക്കുന്ന ഹാജിമാരെ നമുക്ക് കാണാം. നിസ്കാരത്തിന് മണിക്കൂറുകൾക്ക് മുന്നേ വന്ന് കാത്തിരിക്കുന്നവർ. നിസ്കാരത്തിനായി ഇമാം നിന്ന് കഴിഞ്ഞാൽ കബക്ക് ചുറ്റും വൃത്തങ്ങൾ രൂപപ്പെടുകയായി.

“ഒരു തടാകത്തിൽ കല്ലിട്ടാലെന്ന പോലെ ഓളങ്ങൾ വലുതായി വലിയ വൃത്തങ്ങളായി പുറത്തേക്ക് വ്യാപിക്കുന്നു” ഓരോ വക്ത് നിസ്കാരത്തിന്റെയും സ്ഥിതി ഇങ്ങനെയാണ്, മുഴു സമയവും ത്വവാഫിൽ ആയിരിക്കുന്ന ഹാജിമാർ നിസ്കാരത്തിൻറെ സമയമായാൽ സ്വഫുകളായി തോൾചേർത്ത് നിൽക്കുന്നു. വളരെ സിസ്റ്റമാറ്റിക് ആയ രീതിയിൽ ഈ മാറ്റങ്ങൾ നടക്കുന്നത്.

മക്കയുടെ ചരിത്രം പൂർത്തിയകുന്നതിവിടെയാണ്. ഏറ്റവും പ്രധാനമായ തീർത്ഥജലമാണ് സംസം. വരണ്ടുണങ്ങിയ ഹിജാസിന്റെ മരുഭൂവിനെ അത്ഭുതകരമായി നിലനിർത്തുന്ന സംസം ജലം. അത്ഭുതമാണ് ഉറവയുടെ ചരിത്രവും പരിശുദ്ധിയും. ഭൂഗർഭ ഉറവകൾ വഴി അത്ഭുതകരമായി ഈ കിണറ്റിലേക്ക് വെള്ളമെത്തുന്നു എന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ ഈയടുത്തായി കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ എത്തുന്നവർക്ക് കുടിക്കാനും വുദു (ablution) ചെയ്യാനും ഈ കിണറാണ് ആശ്രയം. ധാരാളം ധാതുക്കളാൽ നിബിഡമായിരുന്നതിനാൽ വെള്ളത്തിന് അല്പം കട്ടി കൂടുതലായി അനുഭവപ്പെട്ടു. ഇബ്നുബത്തൂത്ത എഴുതുന്നത് പോലെയുള്ള പുരാതന അറേബ്യൻ രീതിയിലുള്ള കിണറുകൾ നമുക്കവിടെ കാണാൻ സാധിക്കില്ല. അത്യാധുനിക കൂളിങ് സംവിധാനത്തിലൂടെ തണുപ്പിച്ച ശുദ്ധമായ സംസം,അവിടെ നിരത്തിയ കോപ്പകളിൽ നിന്നും പാർന്ന് കുടിക്കാം.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കച്ചവടോത്സവങ്ങളുണ്ട് മക്കയുടെ തെരുവീഥികളിൽ. ഒരുപക്ഷേ മധ്യേഷ്യയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട നഗരമാവാം ഈ വിശുദ്ധ നഗരം. എന്നാൽ ലോകത്തിന്റെ സംസ്കാരങ്ങളും ഭാഷകളും വൈവിധ്യങ്ങളും ഇവിടേക്ക് ഒരു പ്രത്യേക കാലയളവിൽ വന്നുചേരുന്നു. നൂറ്റാണ്ടുകൾ മുൻപ് നദീതടങ്ങളിൽ ചില പ്രത്യേക കാലയളവിലേക്ക് നാഗരികതകൾ വന്നുചേർന്നു രൂപപ്പെട്ടത് പോലെ കഅബയുടെ മുറ്റത്ത് ഒരു മഹാനാഗരികതക്ക് തുടക്കമിടുകയാണ്. ബുഖാറയിൽ നിന്നെത്തിയവർ തങ്ങളുടെ പേര് കേട്ട വിശിഷ്ടങ്ങളായ പരവതാനികൾ വിൽക്കുന്നു. നൈജീരിയക്കാർ തങ്ങളുടെ മുത്തുകളും വിവിധങ്ങളായ വിഭവങ്ങളും വിൽക്കുന്നു. ചന്തയുടെ ഓരോ മൂലകളിൽ ഓരോ കൂട്ടങ്ങൾ ,ചെറു സംഘങ്ങൾ.. അവർക്കിടയിലൂടെ അറേബ്യൻ ബീൻസും ഏലക്കയും ചേർത്ത വിശിഷ്ടമായ പാനീയം ചെറിയ കപ്പുകളിലായി വട്ടം ചുറ്റി.

തന്റെ വഴികാട്ടിയായ മർദീനിക്ക് പിന്നാലെ മൈക്കൽ വൂൾഫ് നടക്കുന്നു. ഹജ്ജിന്റെ ചരിത്രത്തെയും ആത്മാവിനെയും തൊട്ടറിഞ്ഞ്. അവസാനം ഹജ്ജ് എന്ന മഹാ പ്രതിഭാസത്തെ ഉള്ളിലേക്കാവാഹിച്ചു കൊണ്ട് അദ്ദേഹം മടങ്ങുകയാണ്. വിദാഇന്റെ ത്വവാഫിനായ്. വിടവാങ്ങൽ തവാഫ് ഓരോ തീർത്ഥാടകനും നിർണായകമാണ്. പട്ടണം ഒഴിയുകയാണ്. ജനസാന്ദ്രമായിരുന്ന ഒരു നഗരം ആൾ തിരക്കൊഴിഞ്ഞ് സാധാരണ രീതിയിലേക്ക് മടങ്ങുന്നു.

” കാലിഡോസ്കോപ്പിലെ കുപ്പിച്ചില്ലുകൾ പോലെ ആളുകൾ അതാത്‌ സ്ഥാനങ്ങളിലേക്ക് വന്നു.. ത്വവാഫ് പൂർത്തിയായതിനുശേഷം നിസ്കാരത്തിനായി സ്വഫ്ഫ് കെട്ടി.. എനിക്ക് കഅ്ബയുടെ വളരെ അടുത്തായി സ്ഥാനം കിട്ടിയിരുന്നു. കഅബയുടെ ഇഷ്ടികകളിൽ കൈകൾ കൊണ്ടുള്ള വിയർപ്പുതുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു. പള്ളി ശാന്തമായി. ലക്ഷക്കണക്കിന് ആളുകളുടെ കാത്തിരിപ്പിന്റെ നിശ്വാസം മാത്രം. വിശുദ്ധ നഗരത്തിനു വിട..” മനുഷ്യനാക്കുന്ന പാത്രങ്ങളിലേക്ക് ഹജ്ജിനെ ഒഴിക്കപ്പെടുകയിരുന്നു ആണോ എന്ന തോന്നൽ….

Dr .ഔസാഫ് അഹസന്റെ ഹൃദയം ചോരാതെയുള്ള മൊഴിമാറ്റം വായന കൂടുതൽ സുഗമാക്കുന്നുണ്ട് എന്ന് എടുത്ത് പറയേണ്ടതുണ്ട്


ഹാജി
Translated by Auswaf Ahsan
Publisher: Other Books

Comments are closed.