മുസ്‌ലിം മുഖാവരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയ ആദ്യ പാശ്ചാത്യ ചിന്തകനായ ഫ്രാൻസ് ഫാനൺ അവയുടെ ‘സൂക്ഷമനോട്ടങ്ങളെ (gaze) നിരാകരിക്കുന്ന സാന്നിദ്ധ്യത്തെ’ സൂചിപ്പിച്ചത് “വൈരുദ്ധ്യാത്മകമായ അനിശ്ചിതത്വം” (ironic ambiguity) എന്ന പ്രയോഗം കൊണ്ടാണ്. അൾജീരിയൻ സ്ത്രീകളുടെ പ്രകടമായ അദൃശ്യതയെ അറബ് അപരത്വത്തിന്റെ അടയാളമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ആ അപരത്വം അവിടെയെത്തുന്ന (പ്രധാനമായും ഫ്രഞ്ച്) വിദേശ സഞ്ചാരികൾക്കാണ് (മാത്രമാണ്) മൗലികമായി അനുഭവപ്പെട്ടിരുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. ആ വൈരുദ്ധ്യത്തെ സൂചിപ്പിച്ച് കൊണ്ട് തുർക്കിഷ് ഫെമിനിസ്റ്റ് എഴുത്തുകാരിയായ മെയ്‌ദ ഏഗനോഗ്ലു ‘നേത്രങ്ങൾക്ക് മേലെയുള്ള സൂക്ഷ്മനോട്ടത്തിന്റെ വിജയം’ എന്ന ലക്കാനിയൻ ചിന്തയെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്നുണ്ട്. ലക്കാനെ സംബന്ധിച്ചിടത്തോളം ‘നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത പലതും പക്ഷെ സൂക്ഷമനോട്ടങ്ങൾക്ക് കാണാൻ കഴിയും’. എന്നാൽ സാധാരണയായി കാണപ്പെടേണ്ട മുഖം മറക്കുമ്പോൾ ഉണ്ടായിത്തീരുന്ന ‘ശൂന്യത’ പുതിയ കൊളോണിയലിസ്റ്റ് ഫാന്റസികളുടെ വിവരണങ്ങൾക്ക് ഇടം ഒരുക്കുക കൂടി ചെയ്യുന്നുണ്ട്. സ്വയരക്ഷക്കായി സ്വന്തം ശരീരത്തെ നിഷേധിക്കുന്നതിലൂടെ (negate) സ്ത്രീ, ഒരു ദൃശ്യപരമായ മോഷണമാണെങ്കിൽ (visual theft) പോലും, അപരന്റെ – ലോകത്തിന്റെ – മുൻപിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് സ്വന്തം ‘പ്രതിനിധാന’ത്തെ പിൻവലിക്കുക കൂടിയാണ് ചെയ്യുന്നത്. അതിനാൽ, ഒരേസമയം കാണാനും കാണാതിരിക്കപ്പെടാനുമുള്ള സ്ത്രീയുടെ ആ ‘അദൃശ്യതയുടെ അധികാരം’ അവർക്ക് തന്നെ എതിരായ ഒന്നായി മാറുക കൂടി ചെയ്യുന്നു. അങ്ങനെ മുഖാവരണം ധരിക്കുന്നതിലൂടെ സ്വന്തം എന്ന യാഥാർത്ഥ്യത്തെ അയാഥാർത്ഥ്യമാക്കുന്ന സ്ത്രീ ഉണ്മാപരമായി നഗ്നമായിത്തീരുന്നു.
ലക്കാനിയൻ വായനയിൽ നിന്ന് വ്യത്യസ്തമായി ഏഗനോഗ്ലുവിനെ സംബന്ധിച്ചിടത്തോളം നേത്രം എപ്പോഴും അശുഭകരം (evil) ആയ ഒന്നല്ല. കാരണം ഖുർആനിൽ ‘ഖാഇനാതുൽ അ’യുൻ’ – ചതി ഉള്ളതും എന്നാൽ ദൈവം അറിയുന്നതുമായ – എന്ന ഒരു നോട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അപരന്റെ പൂർണ്ണതയെ മോഷ്ടിക്കുന്ന ഒരു നോട്ടമല്ല അത്. മറിച്ച്, അപരനിലേക്കുള്ള ഓരോ നോട്ടവും കണ്ണാടിയിലേക്കുള്ള നോട്ടം പോലെ തന്നെ ആണ് എന്നതിനാൽ, ഒരോ നോട്ടവും (അതിലെ പരിമിതികളും) അത് നോക്കുന്ന ആളുടെ സ്വന്തത്തെ കുറിച്ചും അപരനെ കുറിച്ചുമുള്ള ജ്ഞാനം സ്വായത്തമാക്കുന്നതിന്റെ പരിമിതി കൂടിയാണ് വ്യക്തമാക്കുന്നത്. ലക്കാൻ പറയുന്നു: “[ആ] കുറവ് (lack) അതിനെ പരിഹരിക്കാൻ കഴിയുന്ന എല്ലാത്തിനും അപ്പുറത്താണ്. ആ മറ നിലനിൽക്കുമ്പോൾ മാത്രമാണ് അതിന് പുറകിലുള്ള ആ കുറവ് നിലനിൽക്കുന്നത്”.
അധികാരപരമായ പുരുഷ നോട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്വത്വമല്ല സ്ത്രീശരീരം എന്നും, സ്ത്രീ ശരീരം എപ്പോഴും പുരുഷ നോട്ടങ്ങൾക്കതീതമാണെന്നും ഉള്ള മുഖാവരണം വഴിയുള്ള സ്ഥാപിക്കലിലൂടെ വ്യക്തമാവുന്നത് ഇസ്‌ലാമികമായ മുഖാവരണം, ഒരു മുഖം മൂടി എന്നതിനേക്കാൾ ശരീരത്തിന്റെ തന്നെ ഒരു ലയർ ആയി വർത്തിക്കുന്നു എന്നതാണ്. കാരണം അത്, ധരിക്കുന്ന സ്ത്രീ അവളായി തന്നെ തുടരുകയും, പുരുഷൻ അവളെങ്ങനെയാണോ അങ്ങനെ സമീപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്വയം ആത്മാധികാരമുള്ള ഒരു സ്വത്വം എന്നതിനേക്കാളും സ്ത്രീയെ ഒരു കാഴ്ച്ചവസ്തുവായി കണക്കാക്കിയിരുന്ന ക്ലാസിക്കൽ നിർവ്വചനങ്ങളെയും, ഒപ്പം ‘സ്ത്രീകളുടെ രക്ഷാധികാരി’ എന്ന സ്വയം ആൺ നിർവ്വചനങ്ങളെയും ഒരു നിലക്ക് അംഗീകരിക്കുമ്പോൾ തന്നെയും ഇസ്‌ലാമിക മുഖാവരണം സ്ത്രീകളുടെ കണ്ണിനേക്കാൾ പുരുഷന്മാരുടെ കണ്ണുകളെ തന്നെയാണ് മറക്കുന്നത്. കാരണം, മുഖാവരണം ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് കൊണ്ട് തന്നെ ഇസ്‌ലാമിക നിയമങ്ങളിലെ അടിമ സ്ത്രീകൾക്ക് അപര ദൃശ്യതക്കപ്പുറത്ത് സ്വന്തം ഇടം രൂപപ്പെടുത്താനുള്ള ഒരു സ്വയം ഭരണാധികാരം നഷ്ടപ്പെടുകയും അതുവഴി അവർക്ക് പല പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുകയും ചെയ്തതായി ചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
നോർത്ത് ആഫ്രിക്കൻ ക്രൈസ്‌തവ പുരോഹിതനായ തെർട്ടലിയൻ (Tertullian) വിശദീകരിക്കുന്ന മുഖാവരണത്തിൽ നിന്ന് വ്യത്യസ്‍തമാണ് ഇസ്‌ലാമിക മുഖാവരണം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ‘വിനീതമായ സ്ത്രീ വസ്ത്രധാരണം’ ഒരു ജീവിതശൈലിയും ഒപ്പം ഹവ്വയിൽ നിന്ന് ലഭിച്ചിട്ടുള്ള ‘സ്വാതന്ത്ര്യത്തിന്റെ അടയാളമായ’ ശാരീരികാസക്തിയോടുള്ള നിഷേധവുമാണ്. “സ്ത്രീകൾ പൊതുമധ്യത്തിൽ അണിഞ്ഞൊരുങ്ങുന്നത് അവരെ സാമൂഹികമായി ഉയർത്തുന്നതിനേക്കാൾ യഥാർത്ഥത്തിൽ താഴ്ത്തുകയാണ് ചെയ്യുന്നത്” എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അൾജീരിയൻ സ്ത്രീകൾക്ക് തെർട്ടലിയൻ അഭികാമ്യനാണ്. തെർട്ടലിയന്റെ അഭിപ്രായത്തിൽ ആത്മീയോന്നതിക്ക് എതിരാണ് എന്നതിനാൽ, ലൈംഗികതക്ക് സ്ഥാനമില്ലാത്ത ഒരു സ്വർഗ്ഗമാണ് നിലനിൽക്കുന്നത്. ഭൗതികലോകത്തെ കന്യകാത്വം എപ്പോഴും അതിനാൽ അദ്ദേഹത്തിന് ആ സ്വർഗ്ഗത്തിന്റെ പൂർവ്വരൂപവും സൈദ്ധാന്തിക അടിത്തറയുമാണ്. അതേസമയം ഇസ്‌ലാമിൽ ലൈംഗികതക്ക് ഇടമുള്ളതാണ് സ്വർഗ്ഗം എന്നതിനാൽ ലൈംഗികതയുടെയും അതിന്റെ ഇടങ്ങളായ ശരീരത്തിന്റെ സ്വകാര്യതകളുടെയും നിയന്ത്രണങ്ങൾ വരാനിരിക്കുന്ന സ്വർഗ്ഗീയ ലൈംഗികതയുടെ പൂർവ്വ മാതൃകയാണ്.
സൂഫി സാഹിത്യങ്ങളിൽ മറ അല്ലെങ്കിൽ മുഖാവരണം, അപ്രാപ്യമായതും എന്നാൽ ആഗ്രഹിക്കപ്പെടുന്നതുമായ ‘പ്രിയതമയെ/നെ’ നിഷേധിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യത്തെ ഉയർത്തുന്ന ഒന്നായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് കാണാം. ആദ്യകാല മുസ്‌ലിം ഭക്തികാവ്യങ്ങളിൽ നിറഞ്ഞ് നിന്നിരുന്നത് ദൈവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. പ്രിയതമയെ/നെ കാണുവാനായി ‘തമ്പുകളിൽ കയറി മറ ഉയർത്തുക’ എന്ന ബദവിയൻ ആലങ്കാരിക ചിന്തയുടെ സ്വാധീനം അത്തരം ആദ്യകാല കാവ്യങ്ങളിൽ വ്യക്തമായിരുന്നു. ശേഷം, അന്ദലൂസിയൻ സൂഫി ആയിരുന്ന ഇബ്നു അറബിയിൽ എത്തുന്നതോടെ അത്തരം സൂഫി അന്വേഷണങ്ങൾ പൊതുസമ്മതമായ പുരുഷകേന്ദ്രീകൃത അലങ്കാരങ്ങളിൽ നിന്നെല്ലാം മാറി പുതിയ തലങ്ങൾ കണ്ടെത്തി. കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം “മനുഷ്യ സത്തയിൽ, പുരുഷന്മാരെക്കാൾ സ്ത്രീകളിൽ ആണ് ‘ദൈവ’ത്തെ അതിന്റെ ഏറ്റവും സാധ്യമായ രീതിയിൽ കാണാൻ കഴിയുമായിരുന്നത്.”
ക്രൈസ്തവ മതകീയ സാഹിത്യങ്ങളെ അപേക്ഷിച്ച് അനുരാഗ ചേഷ്ടയുള്ള (erotic) രൂപാലങ്കാരങ്ങൾ മുസ്‌ലിം ആത്മീയ സാഹിത്യങ്ങളിയിരുന്നു കൂടുതലായി പ്രത്യക്ഷപ്പെടുന്നുണ്ട്. മക്കയിലെ ക’അബയിൽ ആരാധനക്കായി ഒരുമിച്ച് കൂടിയിരുന്ന മാലാഖമാരെ പലപ്പോഴും ‘മറക്കുള്ളിലെ സ്ത്രീ’ എന്ന ആലങ്കാരിക പ്രയോഗം കൊണ്ടാണ് വിശേഷിപ്പിച്ചിരുന്നത്:
“ഞാൻ കറുത്ത കല്ലിനെ മുത്തിയപ്പോൾ, മിത്രഭാവേന സ്ത്രീകൾ എനിക്ക് ചുറ്റും വന്നു;
മറക്കപ്പെട്ട മുഖവുമായി വലയം വെക്കാൻ എത്തിയവരാണവർ.
സൂര്യകിരണങ്ങളെപ്പോൽ മുഖം വെളിവാക്കിയവർ എന്നോട് പറഞ്ഞു:
“സൂക്ഷിക്കുക, ഞങ്ങളെ നോക്കിക്കൊണ്ടിരിക്കുന്ന, ആത്മാവിന്റെ മരണം നിങ്ങളിലാവുന്നു.”
ഭയപ്പെടുമ്പോൾ തലമുടികളവർ മുഖത്തേക്കിടുന്നു, മറക്കപ്പെടുന്നതിനായ്,
അന്ധകാരത്തിന്റെ അലങ്കാരം പോൽ.”
ഈ കവിതയെ കുറിച്ച് ഇബ്നു അറബി എഴുതുന്നതിങ്ങനെയാണ്: “ഈ മാലാഖമാർ സ്വമേധയാ മുഖം മറക്കുന്നത് മനുഷ്യകുലത്തോടുള്ള അവരുടെ ദയയുടെ പേരിലാണ്. അവരുടെ സൗന്ദര്യം തീർത്ഥാടകരെ ദൈവിക ചിന്തകളിൽ നിന്നും വ്യതിചലിപ്പിക്കുമെന്ന് അവർ ഭയപ്പെട്ടിരിക്കുന്നു. അവരുടെ കാരുണ്യം കാരണമായി അവർ തലമുടി കൊണ്ട് മുഖം മറക്കുന്നു. അവർ മറയായി അവഗണിക്കപ്പെടേണ്ടവരാണെന്ന് നമ്മളെ ഓർമ്മപ്പെടുത്താൻ വേണ്ടിയാണത്.” പ്രവാചകൻ മുഹമ്മദും (സ) ദിവ്യ വെളിപാടിന്റെ പ്രകാശത്തിൽ നിന്ന് തന്റെ മേലങ്കി കൊണ്ട് സ്വയം മറച്ചിരുന്നു. “ഓ, മേലങ്കി കൊണ്ട് പ്രവാചകത്വത്തിന്റെ പ്രഭ മറച്ചിരിക്കുന്നവനെ!” (يٰۤاَيُّهَا الۡمُدَّثِّرُۙ) എന്ന സൂക്തം കൊണ്ടാണ് സൂറത്തുൽ മുദ്ദസിറിൽ ഖുർആൻ പ്രവാചകനെ അഭിസംബോധന ചെയ്യുന്നത്. തന്റെ മുഖത്തിന്റെ പ്രകാശം വിദ്യാർഥികളെ വഴിതെറ്റിക്കുമോ എന്ന ഭയത്താൽ മുഖം മറച്ചിരുന്ന സൂഫികളുടെ ചരിത്രങ്ങളും ഇസ്‌ലാമിക വ്യക്തിചരിത്രങ്ങളിൽ (hagiography) പ്രശസ്തമാണ്.
ദൈവിക യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ സൂഫികൾ ഉപയോഗിച്ചിരുന്ന രാത്രി എന്ന അർഥം വരുന്ന ‘ലൈല’ എന്ന അലങ്കാര പദം എപ്പോഴും സ്വന്തം മുടി കൊണ്ട് മുഖം മറക്കുന്ന ഒരു കഥാപാത്രം കൂടിയായിരുന്നു. “അവൾ അവളുടെ മുടിക്കെട്ട് അഴിച്ചിട്ടിരിക്കുന്നു, ഒരു കറുത്ത സർപ്പത്തെ പോലെ. അത് കൊണ്ട് അവളെ പിന്തുടരുന്നവരെ അവൾ ഭയപ്പെടുത്തുന്നു” എന്ന കവിതാശകലത്തെ ഇബ്നു അറബി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “അവിടെ മുടിക്കെട്ട് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം തെളിവുകളുടെയും പ്രമാണങ്ങളുടെയും ചങ്ങലകളാണ്. പ്രിയതമന്റെ/യുടെ മുടി അതിന്റെ മുഖത്തേക്കും അതിലേക്ക് തന്നെയും നയിക്കുന്നു. ഒപ്പം അത് ഒരു മറയായി നിൽക്കുകയും ചെയ്യുന്നു. അത് ഒരു കറുത്ത സർപ്പമായി കാണപ്പെടുന്നുവെന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതിലടങ്ങിയിട്ടുള്ള ദൈവിക ഭയഭക്തിയുടെയും രാജകീയതയുടെയും ശാസ്ത്രത്തെയാണ്. അത് ദൈവത്തിന്റെ സർവശക്തിയെയും, ഭൗതികതക്കപ്പുറമുള്ള ദൈവത്തിന്റെ അവസ്ഥാ വിശേഷത്തെയും മനസ്സിലാക്കുക എന്ന ഭീകരതയിലേക്ക് കാഴ്ച്ചക്കാരനെ/വായനക്കാരനെ നയിക്കുന്നു.” റുഡോൾഫ് ഓട്ടോയുടെ ഭാഷയിൽ, മനുഷ്യകുലം മോഹിക്കുകയും എന്നാൽ ഭയപ്പെടുകയും ചെയ്യുന്ന ‘mysterium tremendum’ എന്ന സങ്കീർണ്ണമായ ഒരവസ്ഥയാണത്.
‘കറുത്ത മറ ധരിക്കുന്ന’ ക’അബയിൽ എത്തിയ മാലാഖാമാരായോ അല്ലെങ്കിൽ ദൈവവുമായി തന്നെയോ ഉള്ള കാല്പനികമായ കൂടിക്കാഴ്ച്ചകളെ വർണിക്കുന്ന സൂഫീ കാവ്യശകലങ്ങളിൽ അനുരാഗ ചേഷ്ടയുള്ള രൂപകങ്ങൾ (erotic metaphor) കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ആത്മീയ രചനകളിൽ അത്തരം പ്രയോഗങ്ങൾ സാധാരണമായിരുന്നു. ഉത്തമ ഗീതത്തിന്റെ (song of songs) മൊണാസ്ട്രി വ്യാഖ്യാനങ്ങളുമായി മുസ്‌ലിം ആത്മീയ സാഹിത്യങ്ങൾ അതിനാൽ തന്നെ സദൃശ്യത പുലർത്തുന്നുണ്ട്. ഹീബ്രു ബൈബിളിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണത്. രണ്ട് കമിതാക്കളുടെ ശബ്ദത്തിൽ (രൂപത്തിൽ), പരസ്പരം പ്രകീർത്തിക്കുന്ന, ലൈംഗികപരമായ പ്രണയത്തെ ആഘോഷിക്കുന്ന മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു സംഭാഷണമാണത്. എന്നാൽ മുസ്‌ലിം ആത്മീയ സാഹിത്യങ്ങളും സോളമൻ സംഗീതവും തമ്മിലുള്ള വ്യത്യാസങ്ങളെ ഒഴിവാക്കാനും സാധിക്കുകയില്ല.
ദൈവവുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള തോമസ് അക്വയ്നസിന്റെ കാഴ്ച്ചപ്പാടുകൾ ക്രിസ്തുമതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ശരിയായ സൗഹൃദത്തിന്റെ ഗുണങ്ങൾ പങ്ക് വെക്കാൻ സാധിക്കുന്നത് ദൈവത്തിൽ നിന്ന് അത് ലഭിക്കപ്പെട്ടവർക്കാണ്. അതിനാൽ തന്നെ അവർ പുണ്യാളന്മാർ (saint), ദൈവവുമായി അടുത്തവർ, ആയിരിക്കും. അത്തരം സാമീപ്യം കരസ്ഥമാക്കാൻ പ്ലാറ്റോ പറഞ്ഞുവെച്ച ‘ആത്മസംഹാരം’ (annihilation) – ദൈവത്തിൽ ലയിച്ച് ഇല്ലാതെയാവുക – എന്ന സങ്കല്പമാണ് അക്വയ്നസിന്റെ സ്വാധീനമുണ്ടായിരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഉൾക്കൊണ്ടിരുന്നത്.
ക്രിസ്ത്യൻ സങ്കല്പത്തിൽ ദൈവിക സാമീപ്യം ലഭിച്ചവരെ ‘പുണ്യാളൻ’ എന്ന സങ്കൽപം കൊണ്ടാണ് സൂചിപ്പിച്ചിരുന്നതെങ്കിൽ, ഇസ്‌ലാമിൽ അത് ‘വിലായ’, ‘വലിയ്യ്’ – അഥവാ സുഹൃത്ത് – എന്ന പദം കൊണ്ടാണ് അതിനെ സൂചിപ്പിച്ചിരുന്നത്. അതിനാൽ തന്നെ ഇസ്‌ലാമിക സാഹിത്യങ്ങളിലോ, ദർശനങ്ങളിലോ ആ വിഷയത്തിൽ അടിസ്ഥാനപരമായ ഒരു പ്രശ്നം ഉണ്ടാവുന്നില്ല. കാരണം, ലൈംഗികതയുടെ വിഷയത്തിൽ ഇബ്നു അറബിയും അദ്ദേഹത്തെ പോലുള്ള സൂഫികളും അതിനെ ക്രിയാത്മകമായ ഒരു ക്രിയയായിട്ടാണ് (മാത്രമാണ്) മനസ്സിലാക്കുന്നത്. ഇസ്‌ലാമിൽ ‘വിലായ’ സമ്മാനിക്കപ്പെട്ട ആൾ ആത്മസംഹാരത്തിലൂടെ (annihilation) അപരനിലേക്ക് എത്തുകയും, ശേഷം ബോധിസത്വയെ പോലെ സൃഷ്ടികളുടെ ‘ബഖാ’അ’ – ‘നിലനിൽപ്’ – എന്ന അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. അങ്ങനെ, പ്രിയതമനു/യുമായും മനുഷ്യകുലവുമായും ഉള്ള നിരുപാധികമായ സൗഹൃദത്തിന്റെ അവസ്ഥയിൽ, ഒരാൾ മറക്ക് പിന്നിലേക്ക് കടന്ന് പോവുകയും ശേഷം തിരിച്ച് വരികയും ചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രവാചകന്റെ ‘ഇസ്റാഅ’ – ആകാശാരോഹണം. അതിലൂടെ പ്രവാചകൻ ദൈവത്തിലേക്ക് ഉയർത്തപ്പെടുകയും പിന്നീട് കഷ്ടതകൾ അനുഭവിക്കുന്ന തന്റെ ജനങ്ങളിലേക്ക് തിരിച്ച് വരികയും ചെയ്തു.
പ്രവാചകന്റെ ആകാശാരോഹണത്തിൽ ഭാഗമായ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളായ മക്കയും ജറുസലേമും പ്രതീകാത്മകമായ വായനയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചില സൂചനകൾ നൽകുന്നുണ്ട്. എല്ലാ കാലത്തും മൂടുപടത്താൽ മറക്കപ്പെട്ടിട്ടുള്ള ക’അബയുടെ അവസ്ഥയെക്കുറിച്ച് ഫ്രിറ്റ്സ് മേയ്യ്യറിനെ (Fritz Meier) പോലുള്ള മുസ്‌ലിം ആദ്ധ്യാത്മികതയെ പറ്റി ഗവേഷണം നടത്തുന്ന പല പഠിതാക്കളും പരാമർശിച്ചിട്ടുണ്ട്. പൗരാണിക കാലത്തിന്റെയും, ചിന്തകൾക്കപ്പുറത്തെ സമയത്തിന്റെയും പ്രതീകമായ ക’അബ ദൈവത്തിന്റെ കാലാതീതമായ അസ്തിത്വത്തിന്റെ പ്രതീകമായിട്ടാണ് നിലനിൽക്കുന്നത്. അപ്പോൾ, അതിനെ എപ്പോഴും പുതപ്പിക്കുന്ന ‘കിസ്വ’, ‘അൽ ഹഖി’ലേക്ക് – അഥവാ യാഥാർത്ഥ്യത്തിലേക്ക് – ഉണ്മകൾക്ക് പ്രവേശിക്കണമെങ്കിൽ ഉയർത്തപ്പെടേണ്ട ദൈവികമായ മറ കൂടി ആവുന്നു. പുറമെ, ക’അബക്ക് ചുറ്റും ത്വവാഫ് (വലയം നടക്കുന്ന) ഒരു ദൈവശാസ്ത്ര പണ്ഡിതന് കിസ്വയുടെ കറുപ്പ് നിറം അദൃശ്യമായ ദൈവത്തെ സംബന്ധിച്ച ഒരു നിഗൂഢത കൂടിയാണ്. അതിന്റെ അപ്രാപ്യമായ രൂപം ഒരു സന്ദിഗ്ദ്ധതയാണ്. എന്നാൽ ദൈവത്തിന്റെ വലത്തെ കൈ ചുംബിക്കുന്നതിന് വേണ്ടി ഒരു ആത്മ ജ്ഞാനി ആ അപ്രാപ്യമായ അവരണത്തെ ഉയർത്തുന്നു.
ക’അബയെ കുറിച്ചുള്ള വിശ്വാസികളുടെ കാല്പനിക സങ്കല്പങ്ങൾ എപ്പോഴും അപൂർണ്ണമാണെങ്കിലും അവ നിയമാനുസാരമാണെന്നും, ‘കഅബയുടെ ദൈവം’ അത്തരം കാല്പനിക പ്രതിനിധാനങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവനാണെന്നും ഇബ്നു അറബിയും മറ്റ് സൂഫികളും പറഞ്ഞ് വെക്കുന്നുണ്ട്. ‘നേത്രങ്ങൾക്ക് മേലെയുള്ള സൂക്ഷമനോട്ടങ്ങളുടെ വിജയം’ എന്ന ലക്കാനിയൻ പരികല്പനയിലൂടെ ചിന്തിക്കുമ്പോൾ, ശരിയായ ഒരു മുസ്‌ലിം ആവരണം ഉയർത്തുമ്പോൾ അതുവഴി അവൻ ദൈവം കാണുന്ന കണ്ണുകളായി മാറുന്നു. പ്രണയാസക്തനായി അറേബ്യൻ മരുഭൂമിയിൽ അലഞ്ഞു നടന്നിരുന്ന മജ്നൂൻ അത്തരത്തിലുള്ള ഒരു നേത്രമായിരുന്നു. ഹെൻറി കോർബിൻ വിശദീകരിച്ചത് പോലെ, ആ പ്രണയത്തിന്റെ കർമ്മത്തിൽ ദൈവം തന്നെ സ്നേഹിക്കുന്ന സ്നേഹിയിലൂടെ, ‘തന്നെ’ തന്നെ സ്വയം സ്നേഹിക്കുന്നു. “ഞാൻ മറഞ്ഞു കിടന്നിരുന്ന ഒരു നിധിയായിരുന്നു, അത് കൊണ്ട് തന്നെ അറിയപ്പെടുവാൻ ഞാൻ ആഗ്രഹിച്ചു, അങ്ങനെ എന്നെ അറിയപ്പെടുവാനായി ഞാൻ സൃഷ്ടികളെ സൃഷ്ടിച്ചു” എന്ന (ഖുദ്‌സിയ്യായ) ഹദീസിന്റെ ഭൗതികമായ ഒരു ആവിഷ്കാരത്തെ ക’അബയുടെ ‘ആവരണം’ പ്രതിനിധീകരിക്കുന്നുണ്ട്.
ക’അബയിലേക്കുള്ള വൈജ്ഞാനിക പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസികളെ മൂന്ന് വിഭാഗമായി തരം തിരിക്കാം. ചിലർക്ക് ആ നിധിയെപ്പറ്റി അറിയാം. എങ്കിലും എല്ലാവിധ ബഹുമാനങ്ങളും നൽകിക്കൊണ്ട് തന്നെ, ആ നിധിയിലേക്ക് പ്രവേശിക്കാതെ അതിന് പുറത്തായി തന്നെ അവർ തുടരുന്നു. അവരാണ് സാധാരണ വിശ്വാസികൾ; എന്നാൽ ചിലർ അതിനുള്ളിൽ പ്രവേശിക്കുന്നു, എന്നാൽ അവരുടെ സൂക്ഷമനോട്ടം ക’അബയുടെ കിസ്വ വരെ മാത്രമേ എത്തുകയുള്ളൂ. അവരാണ് ദൈവശാസ്ത്ര പണ്ഡിതർ. സമ്പൂർണ്ണമായ സങ്കല്പങ്ങളിലൂടെയോ, വർണ്ണനകളിലൂടെയോ ഒരിക്കലും ദൈവത്തെ വിശദീകരിക്കുവാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് (തൻസീഹ്) അവർ അതിനായി നിഷേധാത്മകമായ വർണനകൾ ഉപയോഗിക്കുന്നു; എന്നാൽ ഏറ്റവും ഉന്നതർ, ദൈവിക പ്രതീകമായ ആ ക’അബയെ തിരിച്ചറിയുകയും അതുമായി ഒന്നായിത്തീരുകയും, അതിനെ ചുംബിക്കുകയും ചെയ്തവരാണ് – ആത്മജ്ഞാനം ലഭിച്ച സൂഫികളാണ്.
മുഖാവരണം അതുകൊണ്ട് ഉണ്മയുടെ തന്നെ ഒരു ലയർ എന്ന നിലയിൽ സൂഫി ആലങ്കാരിക പദപ്രയോഗങ്ങളിൽ ഉപയോഗിക്കപ്പെടാറുണ്ട്. ആ ഒരർഥത്തിൽ, എന്നാൽ പ്രിയതമന്റെ/യുടെ മുഖത്തെ മറക്കുന്ന മുടിക്കെട്ടും വ്യത്യസ്തമല്ല. ആ ആലങ്കാരിക പ്രയോഗത്തെ പേർഷ്യൻ കവിയും സൂഫിയുമായ മൗലാനാ ജലാലുദ്ദീൻ റൂമി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്:
“ദൈവം നിന്നോടൊപ്പം ആണ് – അവൻ നമ്മോട് നമ്മുടെ കണ്ഠനാളത്തിലെ ഞരമ്പിനേക്കാൾ അടുത്താണ് (ഖുർആൻ) – പക്ഷേ,
നീ അവന്റെ മുടിക്കെട്ടിൽ ആണ്, അറിയാതെ, ഒരു ചീർപ്പ് പോലെ.
കസ്തൂരിഗന്ധമുള്ള മുടിക്കുള്ളിൽ ആണ് ആ മുഖം. ആ മുഖം!
ദൈവം തന്നെ അതിനെ കഴുകുന്നു, മുഴുവൻ മുഖം കഴുകുന്നവരിൽ നിന്നും അകന്നുകൊണ്ട്.
ഒന്നും അവളുടെ മുഖത്തെ മറക്കുന്നില്ല, ആ മുടിക്കെട്ടിന്റെ അതിരല്ലാതെ,
ചിലപ്പോൾ അതൊരു പന്താട്ടക്കോൽ ആണ്, ചിലപ്പോൾ പന്തും.
അവളുടെ മുഖം ദീപ്തമത്രെ, കമിതാക്കളെ വഴി തെറ്റിക്കുന്നത്രയും, അവർ അവളുടെ മുഖത്തെ കാണുന്നു,
ആ കേശങ്ങളുടെ അന്ത്യത്തിൽ.”
റൂമിയുടെ ആദ്ധ്യാത്മിക കാല്പനികത ദൈവിക തത്വത്തെ മറക്കുന്ന മുടിക്കെട്ടിനെ ഒരു പന്താട്ടക്കോൽ ആയിട്ടാണ് കാണുന്നത്. അഥവാ ചില സമയങ്ങളിൽ അത് പ്രിയതമ തന്റെ കമിതാക്കളെ വശീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ്. എന്നാൽ മറ്റ് സമയങ്ങളിൽ കമിതാക്കൾക്ക് തട്ടിക്കളിക്കാവുന്ന പന്തായി അത് മാറുന്നു. അവ – അഥവാ മൂടിക്കെട്ടാകുന്ന ആ മറ – ഭൗതികലോകത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യരിൽ നിന്ന് ദൈവത്തെ അത് മറക്കുന്ന കാരണത്താൽ അത് സ്വയം പശ്ചാതപിക്കുമ്പോൾ പോലും, അത് മുടിക്കെട്ട് പോലെ ദൈവത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന കാരണത്താൽ അതിനെ കുറ്റപ്പെടുത്താനും സാധിക്കില്ല. സൂക്ഷമനോട്ടങ്ങളെ തടയുകയും, ഒപ്പം ദൈവികമായ കർശന നിയമങ്ങളുടെ ഭാഗമായതുമായ ഒരു ലയർ ആണത്. എന്നാൽ ഒരു ലയർ ആയി മറ സൃഷ്ടിക്കുമ്പോഴും അതിന് പിറകിൽ എന്താണെന്നതിനെ കുറിച്ചുള്ള ഭാവനകൾ സാധ്യവുമാണ്. മധ്യകാല സൂഫിസത്തിൽ അതിനാൽ തന്നെ പ്രപഞ്ചത്തെ മുഴുവനായി ഒരു ഹിജാബ് – മറ – ആയിട്ടായിരുന്നു സങ്കല്പിക്കപ്പെട്ടിരുന്നത്. ആ ഒരു അർത്ഥത്തിലേക്കാണ് ഖുർആൻ “നീ എവിടേക്ക് തിരിഞ്ഞാലും, അവിടെ ദൈവത്തിന്റെ മുഖമുണ്ട്” (فَاَيۡنَمَا تُوَلُّوۡا فَثَمَّ وَجۡهُ ٱللَّٰه) എന്ന സൂക്തത്തിലൂടെ സൂചിപ്പിക്കുന്നത്.




വിവർത്തനം: മിദ്‌ലാജ് പാലക്കൽ
Featured Image: Mehdi Sepehri
Comments are closed.