മരണം, ബുദ്ധിസം, ഇസ്‌ലാം: മരണസ്മരണയുടെ നൈതിക സാധ്യതകൾ എന്ന ലേഖനത്തിന്റെ തുടർച്ച.
ജ്ഞാനിയായ ഒരു മനുഷ്യന്റെ സ്ഥിരമായ പ്രവർത്തനം മരണസ്മരണയാണ്.
-ബുദ്ധഗോസ (സി.ഇ അഞ്ചാം നൂറ്റാണ്ട്)
ബുദ്ധന്റെ ജ്ഞാനോദയം ലഭിക്കുന്നതിന് മുമ്പുള്ള ജീവിതകാലഘട്ടത്തെക്കുറിച്ച് പാലി ഗ്രന്ഥത്തിൽ കാര്യമായൊന്നും പറയുന്നില്ല. എന്നാൽ, വളരെ സുരക്ഷിതമായ രാജകീയ ജീവിതത്തിൽ നിന്ന് ആത്മജ്ഞാനം കൈവരിച്ച ബുദ്ധനിലേക്കുള്ള പരിണാമത്തെക്കുറിച്ച ആഴത്തിലുള്ള വിശദീകരണം പാലിയിൽ കാണാം. മൂന്ന് വ്യക്തികളുമായുള്ള (വൃദ്ധൻ, രോഗി, പരേതൻ) അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ചയെക്കുറിച്ച് അതിൽ പറയുന്നുണ്ട്. അവർ ഓരോരുത്തരുമായുള്ള കൂടിക്കാഴ്ച്ചയുടെ സന്ദർഭത്തിലും ബുദ്ധനിൽ വ്യാകുലത അധികരിക്കുന്നുണ്ട്. എന്നാൽ, പരേതനെ കണ്ടുമുട്ടുന്നതോടെയാണ് സമ്പന്നതയുടെയും കൊട്ടാരജീവിതത്തിന്റെ ആഢംബരങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു പരിത്യാഗിയുടെ ജീവിതത്തിലേക്ക് അദ്ദേഹം യാത്രതിരിക്കുന്നത്:
എല്ലാ അധികാരങ്ങളും ആഢംബരങ്ങളും ഉണ്ടായിരുന്നപ്പോൾ തന്നെ ഞാനിങ്ങനെ ചിന്തിച്ചിരുന്നു: ‘മരണത്തെ കണ്ടുമുട്ടാൻ പോകുന്ന, മരണത്തിൽ നിന്ന് സുരക്ഷിതനല്ലാത്ത ഒരു സാധാരണ മനുഷ്യൻ മരണപ്പെട്ട ഒരാളെ കാണുമ്പോൾ സ്തബധനാവുകയും അപമാനിതനാവുകയും ആ വ്യക്തിയോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ആരും മരണത്തിൽ നിന്ന് ഒഴിവല്ല എന്ന വസ്തുത അയാൾ മറക്കുന്നു. ഞാനും മരിക്കേണ്ടവനാണ്. മരണത്തിൽ നിന്ന് ഞാനൊരിക്കലും സുരക്ഷിതനല്ല. മരണപ്പെട്ട ഒരാളെ കാണുമ്പോൾ അമ്പരക്കുകയും അപമാനിതനാവുകയും വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് എനിക്ക് യോജിച്ചതല്ല.’ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ജീവിതത്തിന്റെ നിസ്സാരതയിൽ നിന്ന് എനിക്ക് രക്ഷപ്പെടാനായത്….
എന്റെ മുടിയും താടിയുമെല്ലാം ഞാൻ മുണ്ഡനം ചെയ്യുകയും ഒരു മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുകയും സുരക്ഷിതജീവിതത്തിൽ നിന്ന് പരിത്യാഗത്തിന്റെ വഴിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു….
വാർധ്യക്യത്തെയും രോഗാവസ്ഥയെയും കേന്ദ്രീകരിച്ചു കൊണ്ട് ധ്യാനത്തെക്കുറിച്ച് സംസാരിക്കുന്ന വ്യവഹാരങ്ങൾ ഏറെയൊന്നും ബുദ്ധിസത്തിൽ കാണാൻ കഴിയില്ലെങ്കിലും മരണസ്മരണ എന്നത് ബുദ്ധിസ്റ്റ് മിസ്റ്റിക്കൽ വഴികളിലെ വളരെ പ്രധാനപ്പെട്ട ആത്മീയ പരിശീലനമായി വികസിക്കുകയാണുണ്ടായത്. അതിനാൽ തന്നെ മരണത്തെക്കുറിച്ചും മനുഷ്യന്റെ നശ്വരതയെക്കുറിച്ചുമുള്ള പരിചിന്തനങ്ങൾ വിവിധങ്ങളായ ബുദ്ധമത സാമൂഹിക പശ്ചാത്തലങ്ങളിൽ കാണുവാൻ സാധിക്കുമെങ്കിലും ബുദ്ധ പാരമ്പര്യങ്ങളിൽ ഭിക്ഷു എന്ന് വിളിക്കപ്പെടുന്ന ബുദ്ധസന്യാസികളുടെ ജീവിതങ്ങളിലും ആത്മീയ പരിശീലനങ്ങളിലുമാണ് അത് കൂടുതലായും കാണപ്പെടുന്നത്. ഉപസംപാദ എന്ന പേരിൽ ബുദ്ധന്റെ ജീവിത സന്ദർഭത്തെ പുനരാവിഷ്‌കരിക്കുന്ന ഒരു ചടങ്ങ് തന്നെ അത്തരത്തിലുള്ള ആത്മീയ പരിശീലനങ്ങളുടെ ഭാഗമായി അവർക്കിടയിൽ കാണാൻ സാധിക്കും. അത്തരമൊരു ചടങ്ങിലൂടെ കുടുംബ ബന്ധങ്ങളെല്ലാം ഒഴിവാക്കുവാൻ തീരുമാനിച്ച ഒരാൾക്ക് ബുദ്ധിസ്റ്റ് സന്യാസികളുടെ (സംഗ) കൂട്ടായ്മയിലേക്ക് ഔപചാരിക പ്രവേശനം സാധ്യമാകുന്നു.
തെക്കു-കിഴക്ക് ഏഷ്യയിലെ തെറവാദ ബുദ്ധപാരമ്പര്യങ്ങളിൽ മരണവും സന്യാസവും തമ്മിലുള്ള ബന്ധം വളരെ പ്രകടമായി കാണാൻ കഴിയും. വളരെ മനോഹരമായ കാഴ്ച്ചയാണത് : സന്യാസജീവിതത്തിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന വ്യക്തി തന്റെ ഗുരുവിന് മുമ്പിൽ (ഉപജ്ജയ) ബഹുമാനപൂർവ്വം ഇരിക്കുന്നു. അയാളുടെ തല മുണ്ഡനം ചെയ്യുകയും താടി പൂർണ്ണമായി വടിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ മുൻഭാഗം മറച്ച് വസ്ത്രം നീക്കിയതായി കാണാം. പൂർണ്ണ നഗ്നനായിട്ടാണ് അയാൾ ഇരിക്കുന്നത്. തുടർന്ന് ഗുരു അയാളിൽ നിന്ന് ഒരുകൂട്ടം വസ്ത്രങ്ങൾ സ്വീകരിക്കുകയും ബുദ്ധ, ധർമ്മ, സംഘ തുടങ്ങിയ ബുദ്ധമതത്തിലെ മൂന്ന് അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ തത്വങ്ങളിലാണ് ഒരാൾ നിർബന്ധമായും അഭയം തേടേണ്ടത്. ശേഷം, ധ്യാനത്തെക്കുറിച്ച നിർദേശങ്ങൾ നൽകപ്പെടുന്നു. തുടർന്ന് ശരീരത്തിന്റെ അഞ്ച് ഭാഗങ്ങളെ അയാൾ മനപ്പാഠമാക്കുകയും അവ മുകളിൽ നിന്ന് താഴോട്ടും തിരിച്ചും ഉറക്കെ പാരായണം ചെയ്യുകയും വേണം.
കേശ- തലമുടി
ലോമ- ശരീരത്തിലെ മുടി
നഖ- നഖങ്ങൾ
ദന്ത- പല്ല്
ടാക്കോ- തൊലി
(താഴെ നിന്ന് മുകളിലോട്ട്)
ടാക്കോ -തൊലി
ദന്ത- പല്ല്
നഖ- നഖങ്ങൾ
ലോമ- ശരീരത്തിലെ മുടി
കേശ- തലമുടി
തുടർന്ന് ഇത്തരം ശരീരഭാഗങ്ങളുടെ പാലിയിലുള്ള പേരുകൾ അവൻ ആവർത്തിച്ച് ഉച്ചരിക്കുന്നു. അവയോട് എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന നിർദേശമാണ് പിന്നീട് ഗുരു നൽകുന്നത്: ‘നിന്റെ ശരീരഭാഗങ്ങൾ അശുദ്ധമാണ്, അനാകർഷകമാണ്, വിരസമാണ്, ഒട്ടും കഴമ്പില്ലാത്തവയാണ്.’ ശേഷം ഗുരു ഒരു ഷാളെടുത്ത് അവന്റെ തലയിലിട്ടു കൊടുക്കുന്നു. അതിനുശേഷം ഗുരു അവന് വസ്ത്രങ്ങൾ തിരിച്ചുകൊടുക്കുകയും പുറത്തുപോയി അവ ധരിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് ഒരു ചെറിയ കുട്ടിയെപ്പോലെ അവൻ ആ സദസ്സിൽ നിന്ന് പിരിഞ്ഞുപോവുകയും ഹാളിന് പുറത്ത് അനുയോജ്യമായ ഒരു സ്ഥലത്ത് വെച്ച് ഒരു ബുദ്ധ സന്യാസിയുടെ വസ്ത്രം അവന്റെ മേൽ അണിയിക്കപ്പെടുകയും ചെയ്യുന്നു.
ബുദ്ധവഴിയിലെ ഇത്തരം ആത്മീയ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സാധാരണ വ്യക്തിയിൽ നിന്ന് ബുദ്ധ സന്യാസിയിലേക്കുള്ള മാറ്റത്തെയാണ്. രണ്ട് കാര്യങ്ങളാണ് അതുമായി ബന്ധപ്പെട്ട് നമുക്ക് പറയാനുള്ളത്: ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലുള്ള ഒരാളുടെ സ്വത്വം ആചാരപരമായി മരണം കൈവരിച്ചാൽ മാത്രമേ ബുദ്ധയുടെ മകനായിക്കൊണ്ട് അയാൾക്ക് പുനർജൻമം സാധ്യമാവുകയുള്ളൂ. എന്നാൽ പ്രാരംഭ ഘട്ടത്തിലുള്ള ഈ മരണം (initiatory death) പ്രതീകാത്മക മരണത്തിന് (symbolic death) പുറത്ത് സംഭവിക്കുന്ന ഒന്നായിട്ടാണ് മനസ്സിലാക്കേണ്ടത്. മരണത്തിന് മുമ്പുള്ള മരണം എന്ന സൂഫി പാരമ്പര്യങ്ങളിലൊക്കെ നിലനിൽക്കുന്ന ആത്മീയ പരിശീലനത്തെ അതൊരിക്കലും പ്രതിനിധീകരിക്കുന്നില്ല. നാം മുമ്പ് സൂചിപ്പിച്ചത് പോലെ ഒരു മതചടങ്ങിന്റെ ഭാഗമായി നടക്കുന്ന ആത്മീയ പരിശീലനമാണത്. അതിന് വിധേയമാകുന്ന, ബുദ്ധവഴിയിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന വ്യക്തി സ്വയം ഈ പ്രക്രിയയെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും വ്യാഖ്യാനിക്കുന്നുവെന്നും നമുക്കറിയില്ല. എന്നാൽ ഏറെ പ്രധാനപ്പെട്ട ഒരു വസ്തുത കമ്മത്താന (അധ്വാനത്തിന്റെ അടിസ്ഥാനം, അല്ലെങ്കിൽ ഇടം എന്നൊക്കെയാണ് ഈ സാങ്കേതികപദത്തിനർത്ഥം) എന്നറിയപ്പെടുന്ന ധ്യാനത്തെത്തുടർന്ന് തന്റെ അഞ്ച് ശരീരഭാഗങ്ങളെക്കുറിച്ച് അയാൾക്ക് നൽകപ്പെടുന്ന നിർദേശങ്ങളാണ്. പിന്നീട് ശരീരത്തിന്റെ ഓരോ ഭാഗങ്ങളെക്കുറിച്ചും സൂക്ഷമമായി ചിന്തിക്കാനുള്ള നിർദേശം നൽകപ്പെടുന്നു. ഇത്തരത്തിലുള്ള ധ്യാനരീതിയിലൂടെയാണ് മരണത്തിന് മുമ്പുള്ള മരണം എന്ന ആത്മീയ പരിശീലന പരിപാടിയിലേക്ക് ഒരാൾ പ്രവേശിക്കുന്നത്.
ധ്യാനത്തിന്റെ വഴിയിൽ ശരീരത്തെ ഉപയോഗിക്കുന്ന ഈ രീതിക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. ശരീരത്തിലെ വിവിധങ്ങളായ ഭാഗങ്ങളെ മുൻനിർത്തി ധ്യാനത്തിലേർപ്പെടുന്നതോടെ ശരീരം എന്നത് അത്ര പ്രാധാന്യപൂർവ്വം പരിപാലിക്കേണ്ട വിധം സൗന്ദര്യമുള്ള ഒന്നല്ല എന്ന ബോധ്യത്തിലേക്ക് ധ്യാനി എത്തിച്ചേരുന്നു. ശുദ്ധീകരണത്തിന്റെ വഴി (The Path of Purification) എന്ന ഗ്രന്ഥത്തിൽ ബുദ്ധഗോസ ഊന്നിപ്പറയുന്ന കാര്യം ശരീരത്തിന്റെ നിസ്സാരത്വത്തെക്കുറിച്ചാണ്. ഇവ്വിധം ശരീരത്തിന്റെ അനാകർഷത്വത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ ശരീരവുമായുള്ള ബന്ധനത്തിൽ നിന്ന് വിമോചിതമാകാൻ കഴിയുന്നു. എന്നാൽ, കുറച്ചുകൂടി സൂക്ഷമമായി നിരീക്ഷിച്ചാൽ മരണത്തെ മുൻനിർത്തിയുള്ള ധ്യാനമാണത് സാധ്യമാക്കുന്നത്. ബുദ്ധ പണ്ഡിതനും ഭിക്ഷുവുമായ ഖാന്റിപാലോ പറയുന്നത് നമ്മുടെ ശരീരത്തിലെ അഞ്ച് പ്രധാനഭാഗങ്ങളും അപ്രധാനമായ വിഷയങ്ങളാണ് എന്നാണ്.
‘ മനുഷ്യശരീരത്തിലെ പ്രധാനഭാഗങ്ങൾ എന്ന് പറയപ്പെടുന്നവയെല്ലാം ജീവനില്ലാത്തവയാണ്. ശരീരത്തിലെയും തലയിലെയും രോമങ്ങൾ അവയുടെ വേരുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. നാം കാണുന്നത് ജീവനില്ലാത്ത രോമമാണ്. നമ്മൾ കാണുന്ന നഖങ്ങൾ ജീവനില്ലാത്ത നഖങ്ങളാണ്. പ്രകടമായിക്കാണുന്ന പല്ലുകളും ജീവനില്ലാത്തവയാണ്. അപ്പോൾ ഒരാളുടെ ശരീരത്തിലേക്ക് നാം നോക്കുമ്പോൾ ആദ്യമേ മരണം വരിച്ച ഒരു രൂപത്തെയാണ് നമ്മൾ യഥാർത്ഥത്തിൽ ദർശിക്കുന്നത്.
ശരീരത്തെ മുൻനിർത്തിയുള്ള ധ്യാന പ്രവർത്തനങ്ങളിൽ ഏറ്റവും അവസാനത്തേത് ഒരു ശവത്തിന്റെ വിവിധങ്ങളായ ജീർണ്ണാവസ്ഥകളെ മനസ്സിലാക്കിക്കൊണ്ട് സ്വന്തം ശരീരത്തെ അതുമായി തുലനം ചെയ്യലാണ്. തന്റെ ശരീരവും ഒരു ശവത്തെപ്പോലെ ഒരുനാൾ ജീർണ്ണാവസ്ഥ കൈവരിക്കുമെന്ന പൊരുളിനെ ധ്യാനി ഉൾക്കൊള്ളേണ്ടതുണ്ട്. അതിലൂടെ അസ്ഥിരത (anicca), ക്ലേശം (duukkha), ആത്മരാഹിത്യം (anatta) തുടങ്ങിയ മൂന്ന് ആത്മീയ അവസ്ഥകളെക്കുറിച്ച് അവൻ ബോധവാനാകുന്നു. സതിപത്തന സുട്ട ( The Foundations of Mindfulness) എന്ന ഗ്രന്ഥത്തിൽ ഒരുകൂട്ടം ഭിക്ഷുക്കളോട് ഒരു ശവത്തെ മുൻനിർത്തി തങ്ങളുടെ ശരീരത്തെക്കുറിച്ച് ചിന്തിക്കാൻ ബുദ്ധ നിർദേശിക്കുന്നതായി കാണാം.
മൃതദേഹങ്ങളെ മുൻനിർത്തി ശരീരത്തിന്റെ നൈമിഷികതയെക്കുറിച്ച് ചിന്തിക്കുക എന്നത് ബുദ്ധഗോസ മുന്നോട്ടുവെക്കുന്ന രണ്ട് പ്രധാനപ്പെട്ട ധ്യാനപ്രവർത്തനങ്ങളിൽ ഒന്നാണ്. വിസുദ്ധിമഗ്ഗ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം അവയെക്കുറിച്ച് എഴുതുന്നുണ്ട്. ശരീരത്തിന്റെ ജീർണ്ണാവസ്ഥയെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള തീവ്രമായ ചിന്തകളിലൂടെ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള വിചാരങ്ങളിൽ നിന്ന് മനുഷ്യൻ മോചിതനാകുന്നു എന്നാണദ്ദേഹം പറയുന്നത്. ഒരു പശുവിനെ അറുക്കുന്ന അറവുകാരൻ തന്റെ കൃത്യത്തിന് ശേഷം ഒരിക്കലും ആ പശുവിനെക്കുറിച്ച് ചിന്തിക്കാറില്ല. തന്റെ മുമ്പിലുള്ള മാംസത്തിലേക്ക് മാത്രമേ നോക്കാറുള്ളൂ. ഒരു ധ്യാനി അതുപോലെയാണ് തന്റെ ആത്മത്തെക്കുറിച്ച് ചിന്തിക്കേണ്ടത് എന്നാണ് ബുദ്ധഗോസ പറയുന്നത്.
ശവപ്പറമ്പുകളെ ആത്മപരിചിന്തനത്തിന്റെ വളരെ പ്രധാനപ്പെട്ട ഇടങ്ങളായിട്ടാണ് ബുദ്ധ പരിഗണിക്കുന്നത്. ബുദ്ധയുടെ ആത്മീയ ഉപദേശങ്ങളെക്കുറിച്ച വിശദീകരണങ്ങൾ വിമുത്തിമഗ്ഗ (സ്വാതന്ത്ര്യത്തിന്റെ വഴി) എന്ന ഗ്രന്ഥത്തിൽ അറഹാന്റ് ഉപതിസ്സ എന്ന ബുദ്ധ സന്യാസി നൽകുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരണത്തെ സദാസമയവും ഓർക്കുന്നവൻ മനുഷ്യന്റെ അസ്ഥിരതയെക്കുറിച്ചും ആത്മരാഹിത്യത്തെക്കുറിച്ചും (Not-self) ബോധമുള്ളവനാണ്. മരണം ആഗതമാകുമ്പോൾ അവനൊരിക്കലും വിഷമിക്കുകയോ വെപ്രാളപ്പെടുകയോ ചെയ്യില്ല. കാരണം, അവൻ ജീവിതത്തിലുടനീളം മരണത്തെ പുൽകിയവനാണ്. മരണത്തെക്കുറിച്ച ഭയത്തെ മറികടക്കുന്നതിൽ അവൻ വിജയിച്ചവനാണ്. ശരീരവും ആത്മവും തമ്മിലുള്ള ഒരു പുതിയ ബന്ധത്തെയാണ് അവൻ വികസിപ്പിച്ചിട്ടുള്ളത്.
ധുതംഗ കമ്മത്താന എന്ന പേരിൽ വടക്ക്-കിഴക്ക് തായ്‌ലന്റിൽ സജീവമായി നിലനിൽക്കുന്ന ധ്യാന പാരമ്പര്യത്തെ വികസിപ്പിച്ച അജാൻ മുൺ എന്ന ബുദ്ധ സന്യാസി തന്റെ ശിഷ്യൻമാരോട് സെമിത്തേരികൾ സന്ദർശിക്കാൻ നിർദേശിക്കുന്നതായി കാണാം. അദ്ദേഹം പറയുന്നത് ജനനത്തിന്റെയും വാർധ്യക്യത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും നിഴലിലാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യമുണ്ടാവാൻ വേണ്ടിയാണത് എന്നാണ്. ഓരോ നിമിഷത്തിലും മനുഷ്യൻ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നദ്ദേഹം ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ലുവാംങ് പോർ ചാഹ് താനൊരിക്കൽ സെമിത്തേരി സന്ദർശിച്ചതിനെക്കുറിച്ച് എഴുതുന്നുണ്ട്. ഗുരുവിന്റെ കൽപ്പനപ്രകാരം ശവശരീരങ്ങളിലേക്ക് നോക്കിക്കൊണ്ട് ആത്മപരിചിന്തനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം:
‘ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുടെ മുന്നിൽ ഞാൻ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് എന്റെ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടത്. ആ ശബ്ദം എന്റെ സമീപത്തേക്ക് വരുന്നതായി എനിക്കനുഭവപ്പെട്ടു. എന്റെ ശരീരമാകെ ഭയം മൂലം വിറക്കാൻ തുടങ്ങി. ഞാൻ സ്വയം ചോദിച്ചു: ‘നീ എന്തിനാണ് ഭയക്കുന്നത്? ചോദ്യത്തിന് പിന്നാലെ തന്നെ മറുപടിയും വന്നു: ‘ മരണത്തെയാണ് ഞാൻ ഭയക്കുന്നത്.’ ഞാൻ വീണ്ടും ചോദിച്ചു: ‘ എവിടെയാണ് മരണമുള്ളത്?’ എന്റെയുള്ളിൽ നിന്ന് തന്നെയാണ് അതിനുള്ള മറുപടിയും വന്നത്: ‘ നമുക്കുള്ളിൽ തന്നെയാണ് മരണം നിലനിൽക്കുന്നത്. എങ്ങനെയാണ് നിനക്കതിൽ നിന്ന് ഓടി രക്ഷപ്പെടാനാവുക? നീ എങ്ങോട്ട് സഞ്ചരിക്കുകയാണെങ്കിലും മരണം നിന്റെ കൂടെയുണ്ടാകും. ഓടുകയാണെങ്കിലും നടക്കുകയാണെങ്കിലും ശരി. കാരണം, മരണം നിലനിൽക്കുന്നത് നമ്മിലോരോരുത്തരിലുമാണ്.’
മരണത്തിന് മുമ്പുള്ള മരണം എന്ന ആത്മീയാവസ്ഥയെയാണ് മുകളിൽ കൊടുത്ത ആത്മഭാഷണം പ്രതിഫലിപ്പിക്കുന്നത്. മരണത്തെ മുൻനിർത്തി ആത്മത്തോട് നടത്തുന്ന സംഭാഷണമാണിത്. ആത്മത്തെക്കുറിച്ചുള്ള നമ്മുടെ അബന്ധ ധാരണകളെ അത് തിരുത്തുന്നുണ്ട്. എവിടെയാണ് മരണം എന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടി മരണം നമ്മിൽ തന്നെയാണ് എന്നാണ്. മരണത്തെ നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന ഒരു കൂട്ടുകാരനെപ്പോലെയാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ബുദ്ധിസ്റ്റുകളുടെ ആത്മീയ അധ്യാപനങ്ങളിൽ അത് നമുക്ക് കാണാം. ചുരുക്കത്തിൽ, ബുദ്ധിസത്തെ സംബന്ധിച്ചടത്തോളം മരണസ്മരണ എന്നത് ലൗകികതയിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച്, പൂർണ്ണമായും ലൗകികതയിൽ നിലനിന്നുകൊണ്ട് തന്നെ ഉൺമയുടെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളലാണ്. പരിത്യാഗത്തിലേക്കുള്ള യാത്രയുടെ അനിവാര്യതയാണത്.
തുടരും
വിവർത്തനം: സഅദ് സൽമി
Featured Image: lee bernd
Comments are closed.