ഇസ്‌ലാമും ആതിഥേയത്വവും അധ്യായം മൂന്ന്
ആതിഥേയത്വം നൽകുക എന്നാൽ അവർക്കായി സമ്പത്തോ വസ്തുക്കളോ നൽകുക/ചിലവഴിക്കുക എന്ന് കൂടിയാണ് അർത്ഥം. നന്മയും, ഭക്തിയും നിർവ്വചിക്കുന്ന സ്ഥലങ്ങളിൽ ഖുർആനിൽ കാണുന്ന പൊതുവായ തീമുകളിലൊന്ന് മറ്റുള്ളവർക്കായി ചെലവഴിക്കാനും ദരിദ്രർക്ക് നൽകാനുമുള്ള ഉദ്‌ബോധനങ്ങളാണ്. സകാത്ത് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളുടെ ഭാഗമായ നിർബന്ധിത ബാധ്യതകളുടെ ഇനത്തിൽ ഉൾപ്പെടുമ്പോൾ, സമ്പത്തിന്റെ സ്വമേധയാ ഉള്ള നൽകൽ (സദഖ) വ്യത്യസ്തമായ ഔദാര്യവും, മനോഭാവവുമാണ് ആവശ്യപ്പെടുന്നത്. ഇസ്‌ലാമിക ചിന്തയിൽ ‘സമ്പത്തിന്റെ ശുദ്ധീകരണം അതിന്റെ ന്യായമായ വിതരണത്തിലൂടെയായിരിക്കണം’ എന്ന ആശയത്തിന്റെ ശക്തമായ സാന്നിദ്ധ്യം കാണാം. പലപ്പോഴും സ്വമേധയാ ഉള്ള നൽകലിലും നിർബന്ധ സ്വരം പ്രകടമാകുന്നുണ്ട്. അതോടൊപ്പം നന്മ ചെയ്യുകയും, മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നതിനുള്ള നിർദ്ദേശത്തിൽ സകാത്തും സദഖയും (നിർബന്ധിതവും, ഐച്ഛികവുമായ നൽകലുകൾ) തമ്മിലുള്ള വിഭജനം അവ്യക്തമാകുന്നതും കാണാം.
- നിങ്ങളുടെ മുഖങ്ങള്‍ (കേവലം) കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നതല്ല പുണ്യം. പക്ഷേ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നവരും, ധനത്തോട് ആഗ്രഹമുണ്ടായിരിക്കെ തന്നെ ബന്ധുക്കള്‍, അനാഥർ, അഗതികള്‍, യാത്രക്കാര്‍, യാചകന്മാര്‍ എന്നിവര്‍ക്കും, അടിമകളെ സ്വതന്ത്രരാക്കുന്നതിനും ധനം കൊടുക്കുകയും, നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവരും കരാര്‍ ചെയ്താല്‍ അത് നിറവേറ്റുന്നവരും ദരിദ്രാവസ്ഥയിലും രോഗവേളയിലും യുദ്ധാവസരത്തിലും സഹനമവലംബിക്കുന്നവരും ആകുന്നു പുണ്യവാന്മാര്‍. അവര്‍ സത്യം പാലിച്ചവരാണ്. അവര്‍ തന്നെയാണ് ദോഷബാധയെ സൂക്ഷിച്ചവരും. Quran 2:177
- എന്താണ് ചെലവ് ചെയ്യേണ്ടത് എന്ന് താങ്കളോട് അവര്‍ ചോദിക്കുന്നു. പറയുക: ധനത്തില്‍ നിന്ന് എന്ത് ചെലവ് ചെയ്യുകയാണെങ്കിലും അത് മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥർക്കും, സാധുക്കള്‍ക്കും, യാത്രക്കാര്‍ക്കുമാണ്. നിങ്ങള്‍ എന്ത് നന്മ ചെയ്യുന്നുവോ അതിനെക്കുറിച്ച് നിശ്ചയമായും അല്ലാഹു നന്നായി അറിയുന്നവനാകുന്നു. Quran 2:215
ദരിദ്രർക്കും, യാത്രക്കാർക്കും നൽകുക എന്നത് ഖുർആനിൽ ആവർത്തിക്കപ്പെടുന്ന കൽപ്പനയാണ് എങ്കിലും സമാനമായ ബാധ്യതയാണ് ബന്ധുക്കളെ പരിപാലിക്കൽ എന്നും ഖുർആൻ ഓർമ്മിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ ബന്ധുക്കൾക്ക്, പ്രത്യേകിച്ച് അവർ ദരിദ്രരാണെങ്കിൽ, സമ്പത്ത് നൽകുമ്പോൾ മുൻഗണന നൽകേണ്ടതുണ്ട്. ഈ മതപരമായ അനിവാര്യതയെ ഊന്നിപ്പറയുന്ന നിരവധി ഹദീസുകൾ (പ്രവാചക സന്ദേശങ്ങൾ) വിവരിച്ചുകൊണ്ട് ഇമാം ദഹബി (റ) ബന്ധുക്കളെ ഉപേക്ഷിക്കുന്നത് ഒമ്പതാമത്തെ വലിയ പാപമായി എണ്ണുന്നത് കാണാം:
- അല്ലാഹുവിന്റെ പ്രവാചകർ പറഞ്ഞു: ‘കുടുംബബന്ധം വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. കുടുംബ ബന്ധങ്ങൾ തകർക്കുന്ന, സമ്പത്തും പദവിയും ഉള്ള അഹങ്കാരം മൂലം ദരിദ്രരും ദുർബലരുമായ ബന്ധുക്കളെ ഉപേക്ഷിക്കുകയും, ദയയോടെയല്ലാതെ പെരുമാറുകയും, ആവശ്യത്തിൽ അവരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാത്ത പക്ഷം സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.
- പ്രവാചകർ പറഞ്ഞു: ‘ഒരാൾക്ക് ദരിദ്രരായ ബന്ധുക്കളുണ്ടായിരിക്കെ അവർക്കായി ചിലവഴിക്കുന്നതിനുപകരം അവൻ മറ്റുള്ളവർക്ക് ദാനം നൽകിയാൽ അവന്റെ ദാനം അല്ലാഹു സ്വീകരിക്കുകയില്ല, ഉയിർത്തെഴുന്നേൽപ്പുനാളിൽ അല്ലാഹു അവനെ നോക്കുകയുമില്ല.
ദാരിദ്ര്യത്തിന്റെയും, ആവശ്യത്തിന്റെയും വിശദാംശങ്ങളും, ആരാണ് ദരിദ്രർ എന്ന വിശദീകരണവും ഖുർആൻ വ്യക്തമാക്കുന്നില്ല; നൽകുക എന്ന ആശയത്തിലാണ് ഖുർആൻ കേന്ദ്രീകരിക്കുന്നത്. ഇത് സ്വീകർത്താവിൽ നിന്നുള്ള ചോദ്യങ്ങൾ അനുവദിക്കുകയോ, നിഷേധിക്കുകയോ ചെയ്യുന്നില്ല. ആദ്യം ചോദ്യം ചെയ്താൽ അനുകമ്പ പ്രകടിപ്പിക്കാൻ കഴിയില്ല. ജോൺ ക്രിസോസ്റ്റോമിനെപ്പോലുള്ള സഭാപിതാക്കന്മാർ ഈ പ്രമേയം പ്രകടിപ്പിക്കുന്നുണ്ട്. ശൈത്യകാലത്ത് ചന്തയിലൂടെ കടന്നുപോകുമ്പോൾ ദരിദ്രരും, ഭിക്ഷക്കാരും, രോഗികളും പരിഗണിക്കപ്പെടാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം കാരുണ്യവും, പാപമോചനത്തിനുള്ള തേട്ടവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാണ് എന്ന് ആഹ്വാനം ചെയ്തു, ക്രിസോസ്റ്റമിനെ സംബന്ധിച്ചിടത്തോളം മോഷ്ടിക്കുന്ന, കൊള്ളയടിക്കുന്ന അല്ലെങ്കിൽ വേശ്യാവൃത്തി ചെയ്യുന്നവരിൽ നിന്ന് ദൈവം തന്റെ ആനുകൂല്യങ്ങൾ പിൻവലിക്കുന്നില്ല, മറിച്ച് അവന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ അർത്ഥം നാമെല്ലാവരും ‘സൂര്യനും മഴയും ഭൂമിയിലെ വിളകളും പങ്കിടുന്നു’ എന്നാണ്. ക്രിസോസ്റ്റമിന്റെ വീക്ഷണത്തിൽ, നൽകാനുള്ള ഉദ്‌ബോധനം വാങ്ങുന്നവനോട് ചോദ്യങ്ങൾ ചോദിക്കാതെ നൽകലിനെ ആവശ്യപ്പെടുന്നുണ്ട്.
സന്യാസികളും, സൂഫികളും പലപ്പോഴും ദാരിദ്ര്യത്തെ ദൈവകേന്ദ്രീകൃത ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആവശ്യമുള്ള ഏതൊരാൾക്കും നൽകാനുള്ള ബാധ്യത നിലനിൽക്കുന്നുണ്ട്. അഥവാ സകാത്തും സദഖയും അതിന്റെ അവകാശികളായ യാത്രക്കാർ, ദരിദ്രർ, വിധവകൾ തുടങ്ങിയവർക്കിടയിൽ വിഭജിച്ച് നൽകേണ്ടതുണ്ട്.
- സകാത്തിന്റെ ധനം പരമദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും സകാത്ത് സംബന്ധിച്ച പ്രവൃത്തിയിൽ വ്യാപൃതരായവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും അടിമ വിമോചനത്തിലും കടത്തില്‍ അകപ്പെട്ടവര്‍ക്കും ധര്‍മയുദ്ധത്തിനു സന്നദ്ധരായി നില്‍ക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും മാത്രമായി അവകാശപ്പെട്ടതാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ട വ്യവസ്ഥയാണിത്. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രജ്ഞനുമാകുന്നു. Quran 9:60
ഖുർആൻ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇമാം തബ്‌രി (റ) ഖുർആൻ പരാമർശിക്കുന്ന ‘ഇബ്നുസ്സബീലി’നെ യാത്രക്കാരൻ മാത്രമായി പരിഗണിക്കണോ അതോ അതിഥിയായിട്ട് പരിഗണിക്കേണ്ടതുണ്ടോ? ‘ഇബ്നുസ്സബീലിന്’ യാത്രക്കാരന്റെ അവകാശങ്ങളാണോ അതല്ല അതിഥിയുടെ അവകാശങ്ങളാണോ ലഭ്യമാക്കേണ്ടത്? എന്നീ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് വിശദീകരിക്കുന്നുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിലെ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതനായ അൽ ഖുദ്‌രി തന്റെ ‘മുക്തസറിൽ’ സകാത്തിന് അർഹരായ വിഭാഗങ്ങളെ പറയുന്നിടത്ത് ഇബ്നുസ്സബീലിനെ (വഴിയാത്രക്കാരൻ) നിർവ്വചിക്കുന്നത് ‘സ്വന്തം ഭൂമിയിൽ സമ്പത്ത് ഉള്ളയാളാണ് എങ്കിലും ഇപ്പോൾ മറ്റൊരു സ്ഥലത്തായതിനാൽ കയ്യിൽ ഒന്നുമില്ലാത്ത വ്യക്തി’ എന്നാണ്. അതിനാൽ സമ്പത്തോ പശ്ചാത്തലമോ അല്ല യാത്രക്കാരന്റെ അവകാശത്തെ നിർണ്ണയിക്കുന്നത്, മറിച്ച് വിദേശ രാജ്യത്താണ് എന്നതും, എത്തിപ്പെട്ട ദേശത്ത് അപരിചിതനാണ് എന്നതുമാണ്. യാത്രക്കാരൻ നിലവിൽ ഭവനരഹിതമായ അവസ്ഥയിൽ ആയതിനാൽ അവൻ സ്വന്തമായി അഭയമില്ലാത്ത ആളായി പരിഗണിക്കപ്പെടേണ്ടതുണ്ട്.
സകാത്തും, സദഖയും, ആതിഥ്യവും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും മങ്ങുകയും വ്യക്തിയുടെ കഴിവിനനുസരിച്ച് നൽകുക എന്നതിൽ ഊന്നൽ നൽകപ്പെടുകയും ചെയ്യുന്നത് കാണാം. ഒരാൾക്ക് നൽകാനായി ഒന്നുമില്ലെങ്കിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതും ഒരു ജീവകാരുണ്യ പ്രവർത്തനമാണ്. ഇത്തരം അധ്യാപനങ്ങൾ മുസ്‌ലിംകൾക്കിടയിൽ ‘സർവ്വവ്യാപിയായ ജീവകാരുണ്യത്തിന്റെ’ സംസ്കാരം വളർത്തിയെടുത്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹങ്ങളിലൂടെ സഞ്ചരിച്ച നിരീക്ഷകർ തങ്ങൾ കണ്ടുമുട്ടിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, ഗുണഭോക്താക്കളുടെയും വൈവിധ്യത്തെക്കുറിച്ച് വിവരിക്കുന്നത് കാണാം. പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതനും മിസ്റ്റികുമ്മായ ഗ്വില്ലൂം പോസ്റ്റൽ ഒട്ടോമൻ സാമ്രാജ്യത്തിലേക്കും, മിഡിൽ ഈസ്റ്റിലെ മറ്റ് ഭാഗങ്ങളിലേക്കും പലതവണ സഞ്ചരിക്കുകയും അവിടങ്ങളിൽ കണ്ട കാഴ്ച്ചയിൽ ആകൃഷ്ടനാവുകയും ചെയ്തു. അദ്ദേഹം എഴുതി:
- മറ്റുള്ളവരെ സഹായിക്കുക എന്നാൽ ഭക്ഷണപാനീയങ്ങൾ നൽകുക എന്നത് മാത്രമല്ല, എല്ലാത്തരം ആവശ്യങ്ങളും ഉൾക്കൊള്ളുന്നുവെന്ന് മനസ്സിലാക്കുന്ന ദരിദ്രരായ ആളുകളെ നിങ്ങളവിടെ കണ്ടുമുട്ടുന്നു: ചിലർ ജീവിതം മുഴുവൻ കേടായ റോഡുകൾ നന്നാക്കുന്നു, കല്ലുകളും, മരക്കഷ്ണവും ഉപയോഗിച്ച് കുഴികൾ നികത്തുന്നു, മറ്റുചിലർ അരുവികളുടെയും, ജലസ്രോതസ്സുകളുടെയും ഗതി ക്രമീകരിച്ച് വെള്ളം കൊണ്ടുവരുന്നു; ചിലർ കിണറുകൾ കുഴിക്കുകയും, ഷെഡിൽ വെള്ളം ശേഖരിച്ച് ആവേശത്തോടെ വഴിയാത്രക്കാരെ കുടിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു. നോർത്ത് ആഫ്രിക്കയിൽ നഗരങ്ങൾക്ക് സമീപം വെള്ളം കുറവായതിനാൽ സൂഫീ ദർഗകളിൽ വഴിയാത്രക്കാർക്കായി വെള്ളത്തിന്റെ ഫൗണ്ടനുകൾ കാണാം. റോഡുകളിലെ വെള്ളത്തിനായുള്ള അത്തരം ഫൗണ്ടനുകളാണ് പാവപ്പെട്ടവർ പൊതുവായി മറ്റുള്ളവരെ സഹായിക്കുന്നതിനായി കണ്ടെത്തുന്ന വഴി. വഴിയാത്രക്കാരെ സൗജന്യമായി ഭക്ഷണം കഴിക്കാനും, കുടിക്കാനും, ഉറങ്ങാനും സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുന്ന സമ്പന്നരെ തുർക്കിയിൽ ഏറ്റവുമധികവും കാണാനാവുക ആനത്തോളിയയിലാണ്. യാത്രക്കാരൻ ധനികനോ, ദരിദ്രനോ ആവട്ടെ പിറ്റേന്ന് മടങ്ങുമ്പോൾ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം പ്രതിഫലമായി നൽകി അവർ മടങ്ങുന്നു. ഇത്തരത്തിലുള്ള ആളുകൾ മുസ്‌ലിംകൾക്കിടയിൽ ഏറ്റവും ആദരണീയരാണ്, കാരണം അവർ തങ്ങൾക്ക് മുന്നേ അവരുടെ ദാനധർമ്മത്തെ സ്വർഗത്തിലേക്ക് അയയ്ക്കുന്നു. De la République des Turcs,
സമ്പത്ത്, പ്രവൃത്തികൾ, വാക്കുകൾ എന്നിവയിലൂടെ നൽകുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടാൻ കാരണം ദൈവം തന്നെ അത്തരം പ്രവൃത്തികളെ ബഹുമാനിക്കുന്നു എന്നതാണ്. നമ്മൾ ചെയ്യുന്ന ഔദാര്യങ്ങൾ എല്ലായ്പ്പോഴും നമ്മെ ദൈവവുമായി കൂടുതൽ അടുപ്പിക്കും. ആതിഥ്യത്തെക്കുറിച്ചുള്ള ക്രൈസ്തവ പ്രതിഫലനങ്ങൾ പരിശോധിക്കുമ്പോൾ അപരിചിതനെയും സ്വീകരിക്കുന്നത്തിനും, ആതിഥ്യത്തിനുമുള്ള കടമകളെക്കുറിച്ചുള്ള വ്യവഹാരങ്ങളെല്ലാം വികസിക്കുന്നത് യേശുവുമായി ബന്ധപ്പെട്ടാണ്. മത്തായി 25: 35-36 ‘ഞാൻ വിശന്നിരുന്നു, നിങ്ങൾ എനിക്ക് ഭക്ഷണം തന്നു, എനിക്ക് ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചു, ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ സ്വാഗതം ചെയ്തു’ എന്ന വചനം ‘യേശു’ എന്ന ഏറ്റവും ആഗ്രഹിക്കപ്പെടുന്ന അതിഥി ദുർബലനായ അപരിചിതന്റെ രൂപത്തിൽ വരുന്നത്തിലൂടെ അപരിചിതരും ആതിഥേയരും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്നുണ്ട്. പുതിയനിയമത്തിലെ എഴുത്തുകാർ യേശുവിനെ എല്ലാത്തരം പാപികളെയും തന്റെ സാന്നിധ്യത്തിലേക്ക് സ്വാഗതം ചെയ്ത കൃപാവരനായാണ് ചിത്രീകരിക്കുന്നത്. അതോടപ്പം തന്നെ യേശുവിനെ ദുർബലനായ അതിഥിയായും ദരിദ്രനായ അപരിചിതനായും കാണാനാവും.
മുകളിൽ സൂചിപ്പിച്ചതുപോലെ, ആതിഥ്യം നൽകപ്പെടേണ്ട പ്രധാന വിഭാഗങ്ങളിൽ പെട്ടവരാണ് വഴിയാത്രക്കാരും, അപരിചിതരും. ഹദീസിലേക്ക് വരുമ്പോൾ (പ്രവാചക സന്ദേശങ്ങൾ) അത്തരം ആതിഥ്യത്തിന് മറ്റൊരു മാനം കൂടി കൈവരുന്നുണ്ട്. അഥവാ വഴിയാത്രക്കാരനും അതിഥിയുടേതിന് സമാനമായ അവകാശങ്ങളുണ്ട്. യാത്രക്കാരെയും അവരുടെ അവകാശങ്ങളെയും കുറിച്ച് സംസാരിക്കാൻ ഹദീസുകളിൽ ‘ഇബ്നു സബീൽ’ എന്ന പദം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. യാത്രക്കാരനും, വഴിപോക്കനും അവരുടെ സ്വഭാവം, പശ്ചാത്തലം, ലക്ഷ്യം എന്നിവ കണക്കിലെടുക്കാതെ സ്വീകരിക്കപ്പെടേണ്ടതുണ്ട്. മരുഭൂമിയിൽ വെച്ച് തന്റെ കയ്യിൽ നൽകാനുള്ള വെള്ളമുണ്ടായിരിക്കെ വഴിപോക്കന് വെള്ളം നൽകാൻ വിസമ്മതിച്ച വ്യക്തിയെ പ്രവാചകൻ അന്ത്യദിനത്തിൽ ദൈവിക കോപത്തിന് പാത്രമാകുന്നവരുടെ കൂട്ടത്തിലാണ് എണ്ണുന്നത്. അവിടെ വെള്ളം മിച്ചമില്ലായിരുന്നുവെങ്കിൽ യാത്രക്കാരന് വെള്ളം നൽകുക എന്ന ബാധ്യത ഉണ്ടാകുമായിരുന്നില്ല. ആതിഥ്യം എന്നത് അർഹനായ വക്തിയോടുള്ള ബാധ്യതയാണ് എന്നിരിക്കെത്തന്നെ ആതിഥേയന്റെ സ്വന്തം സാഹചര്യങ്ങൾ കൂടെ കണക്കിലെടുക്കേണ്ടതുണ്ട്.
മറ്റു മതപരമ്പര്യങ്ങളെപ്പോലെ ഇസ്‌ലാമും ദൈവത്തിന്റെ പ്രവർത്തികളിലേക്കും അവൻ മനുഷ്യരെ എങ്ങിനെ പരീക്ഷിക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്ന കഥകളാൽ സമ്പന്നമാണ്. ആതിഥ്യവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു സംഭവം ഇബ്‌റാഹീം നബി (അ) അപരിചിതന് ആതിഥ്യം നൽകാത്തതുമായി ബന്ധപ്പെട്ടതാണ്:
- “ഒരു സൊരാഷ്ട്രിയൻ ആതിഥ്യം ചോദിച്ചപ്പോൾ അല്ലാഹുവിന്റെ സുഹൃത്ത് (ഇബ്‌റാഹീം നബി (അ) പറഞ്ഞു: നിങ്ങൾ മുസ്‌ലിമായാൽ ഞാൻ നിങ്ങൾക്ക് ആതിഥ്യം നൽകാം. അതുകേട്ട് ആതിഥ്യം സ്വീകരിക്കാതെ സൊരാഷ്ട്രിയൻ കടന്നുപോയി, ദൈവം വെളിപ്പെടുത്തി: മതം മാറാതെ നിങ്ങൾ അയാൾക്ക് ഭക്ഷണം നൽകില്ലെ? അവിശ്വാസിയായിരുന്നിട്ടും എഴുപതു വർഷമായി ഞാൻ അയാൾക്ക് ഭക്ഷണം നൽകുന്നു. ഒരു രാത്രി നിങ്ങൾ അദ്ദേഹത്തിന് ആതിഥ്യം നൽകിയിരുന്നെങ്കിൽ എന്തായിരുന്നു നിങ്ങളുടെ മേൽ വരാനിരുന്നത്? അത്കേട്ടതും ഇബ്‌റാഹീം നബി (അ) സൊരാഷ്ട്രിയന്റെ പിന്നാലെ ഓടിച്ചെന്ന് അയാളെ തിരികെ കൊണ്ടുവന്ന് ആതിഥ്യം നൽകി. സൊരാഷ്ട്രിയൻ ചോദിച്ചു: ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം? പ്രവാചകൻ എന്താണ് നടന്നത് എന്ന് വിവരിച്ചു. അപ്പോൾ സൊരാഷ്ട്രിയൻ പറഞ്ഞു: അവൻ എന്നോട് ഈ വിധത്തിൽ ഇടപെടുമോ? എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുതരൂ, ഞാൻ മുസ്‌ലിമാവുകയാണ്. ”
സഞ്ചാരികളെക്കുറിച്ചുള്ള ഹദീസുകൾ ഒരു ദേശത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്യുന്നവരോട് സഹാനുഭൂതിയോടെയും ആര്‍ദ്രതയോടെയുമുള്ള പെരുമാറ്റത്തിന്റെ തത്ത്വചിന്തയാണ് പ്രതിഫലിപ്പിക്കുന്നത്. ഭൗതിക, സാമ്പത്തിക സഹായത്തിന് അർഹരായ ആളുകളുടെ കൂട്ടം എന്ന നിലയിൽ പ്രാർത്ഥന ചുരുക്കൽ, നോമ്പിൽ നിന്ന് ഒഴിവാകൽ തുടങ്ങി ജീവിതം സുഗമമാക്കപ്പെടേണ്ടവരാണ് യാത്രക്കാർ. അതുകൊണ്ടാണ് ഹദീസുകളിൽ യാത്രക്കാരന് നന്മ ചെയ്യാനുള്ള ഉദ്‌ബോധനങ്ങൾ ഉള്ളത്. യാത്രക്കാരനോട് കാരുണ്യം കാണിക്കുക എന്ന ആശയം ഹദീസുകളിലുടനീളം കാണാനാവും:
- (മരണപ്പെടുമ്പോൾ) അല്ലാഹുവിന്റെ റസൂൽ ഒരു കോവര്‍കഴുതയും, ആയുധവും, വഴിയാത്രക്കാരെ സഹായിക്കാനായി ദാനം ചെയ്ത ഭൂമിയുമൊഴികെ ഒരു ദിനാറോ, ദിർഹമോ, അടിമയോ അടക്കം ഒന്നും അവശേഷിപ്പിച്ചിരുന്നില്ല.
ഒരിടത്തും വേരുറപ്പിക്കാതെ, എത്രകാലം താമസിച്ചാലും ഒന്നിനോടും ബന്ധം നിലനിർത്താത്ത യാത്രക്കാരന്റെ ജീവിതത്തെ മാത്രകാ ജീവിതമായി കാണിക്കുന്ന ഹദീസുകളും കാണാം:
- ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: റസൂലുള്ള (പ്രവാചകർ) എന്നെ തോളിലേറ്റിക്കൊണ്ട് പറഞ്ഞു: ഈ ലോകത്ത് നീ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെപ്പോലെ ആവുക’. ഇബ്നു ഉമർ (റ) പറയുമായിരുന്നു: ‘വൈകുന്നേരം [രാവിലെ വരെ] ജീവിക്കുമെന്ന് പ്രതീക്ഷിക്കരുത്, രാവിലെ [വൈകുന്നേരം വരെ ജീവിക്കുമെന്ന്] പ്രതീക്ഷിക്കരുത്. നിങ്ങളുടെ ആരോഗ്യത്തിൾ നിന്ന് നിങ്ങളുടെ അസുഖത്തിനുള്ളതും, ജീവിതത്തിൽ നിന്നും നിങ്ങളുടെ മരണത്തിലേക്കുള്ളതും എടുക്കുക ‘(ബുഖാരി)
മനുഷ്യ ജീവിതത്തിന്റെ അസ്ഥിരതയും നൈമിഷികതയും സഞ്ചാരിയായ ‘ആബിർ സബീലിന്റെ’ (വഴിയാത്രക്കാരൻ) ജീവിതത്തിൽ ഉൾക്കൊള്ളുന്നുണ്ട്. ജീവിതത്തെ യാത്രയോട് ഉപമിച്ച് ‘മനുഷ്യൻ ഭൂമിയിൽ എല്ലായിടത്തും എല്ലാ കാലത്തും അപരിചിതരാണ്’ എന്ന ആശയം ഇസ്‌ലാമിക പാരമ്പര്യത്തിൽ വ്യാപകമായി കാണപ്പെടുന്ന പ്രമേയമാണ് എന്ന് റോസെന്താൽ നിരീക്ഷിക്കുന്നുണ്ട്. സൂഫികൾ ഈ ഉപമയെ ആത്മീയതയുടെ ഭാഗമാക്കി മാറ്റുകയും അപരിചിതനായി മാറുക എന്നത് ഒരു ജീവിതശൈലിയായി പരിവർത്തിപ്പിക്കുകയും ചെയ്തു. ഭൂമിയിലെ ജീവിതം ഒരു യാത്രയാണെങ്കിൽ, നിരന്തരമായ യാത്രകളിലൂടെ ഈ വസ്തുത വ്യക്തമാക്കേണ്ടതുണ്ട്, അത് അപരിചിതനാവുക എന്നത് കൂടെയാണ് അർത്ഥമാക്കുന്നത്. സൂഫികളെ സംബന്ധിച്ചിടത്തോളം ഇതിനർത്ഥം സ്വയം അപരിചിതരാവുക എന്നതാണ്. അവർ ഒരിടത്തും സ്ഥിരതാമസമാക്കാൻ പാടില്ല.
പ്രായപൂർത്തിയായ മുസ്‌ലിമിന്റെ അഞ്ച് മതപരമായ ബാധ്യതകളിലൊന്നാണ് സകാത്ത്. സകാത്ത് എപ്പോൾ, എന്ത് സാധനങ്ങളാണ് നൽകേണ്ടതെന്ന്, ആരാണ് നൽകേണ്ടത്, ആരാണ് ശരിയായ സ്വീകർത്താക്കൾ തുടങ്ങിയ ചോദ്യങ്ങൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ വിശദമായി ചർച്ചചെയ്യുന്നുണ്ട്. സകാത്ത് എന്നത് വ്യക്തിപരമായ ഇടപാടല്ല, മുസ്‌ലിം സമുദായത്തിലെ സാമൂഹിക ക്രമത്തിന്റെ നന്മക്കായുള്ള വിശ്വാസത്തിന്റെ (ഇമാൻ) ആവിഷ്‌കാരമായാണ് ഇത് പരിഗണിക്കപ്പെട്ടത്. ആമി സിംഗർ എഴുതുന്നതുപോലെ, ‘സകാത്തിന്റെ ബാധ്യത നിറവേറുന്നത് ആളുകളുമായുള്ള ഇടപാടുകളിലൂടെയാണ്, പ്രാർത്ഥനകളെപ്പോലെ വ്യക്തിപരമായി ദൈവത്തെ അഭിമുഖീകരിച്ചുകൊണ്ടല്ല’.
- രാവും പകലും രഹസ്യമായും പരസ്യമായും സ്വന്തം ധനം ചെലവ് ചെയ്യുന്നതാരോ, തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും ഭയപ്പെടുവാനില്ല. അവര്‍ ദുഃഖിക്കുന്നതുമല്ല. Quran 2:274
വിശ്വാസത്തോടൊപ്പം ചേർന്ന് വരുന്ന ആദ്യ പ്രവൃത്തി ദാനധർമ്മമാണ്, എന്നാൽ മറ്റൊരാൾക്ക് നൽകാനുള്ള ബൗതിക വിഭവങ്ങളോ സഹായിക്കാനുള്ള ആരോഗ്യമോ ഇല്ല എങ്കിൽ ആ വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും ചുരുങ്ങിയ സഹായം ‘മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ നിന്ന് മാറിനിൽക്കുക’ എന്നതാണ്. അതിനാൽ ദാനധർമ്മം എന്നത് വിഭവങ്ങൾ നൽകി സഹായിക്കുക മാത്രമല്ല, വിശ്വാസിയുടെ സ്വഭാവത്തിലെ അടിസ്ഥാന ഗുണമായി രൂപപ്പെടേണ്ട പ്രത്യേക മനോഭാവമാണത്.
പിശുക്ക് (ബുഖ്‌ൽ), പൂഴ്ത്തിവെപ്പ് എന്നിവ ദരിദ്രരെയും, ആവശ്യക്കാരെയും അവഗണിച്ചുകൊണ്ടാവുമ്പോൾ പ്രത്യേകിച്ചും ധാർമ്മിക ന്യൂനത എന്ന നിലയിൽ ന്യായവിധിനാളിൽ കഠിനമായ ശിക്ഷക്ക് കാരണമാകുമെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നുണ്ട്:
- തന്റെ അനുഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ ലുബ്ധത കാട്ടുന്നവര്‍, ആ ലുബ്ധത തങ്ങള്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്; മറിച്ച് അത് അവര്‍ക്ക് വമ്പിച്ച ദോഷമാണ്. തങ്ങള്‍ പിശുക്ക് കാട്ടുന്ന ധനം കൊണ്ട് അന്ത്യദിനം അവര്‍ക്ക് കണ്ഠാഭരണം അണിയിക്കപ്പെടുന്നതായിരിക്കും. ആകാശഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. Quran 3:180
ദരിദ്രർക്ക് നൽകുക എന്നതിനെ ഇസ്‌ലാം സമീപിക്കുന്നത് സമ്പത്ത് മനുഷ്യരെ സമ്പന്നരും ദരിദ്രരുമായി വിഭജിക്കുമ്പോൾ ദരിദ്രരെയും ആവശ്യക്കാരേയും പരിഗണിക്കുന്നതിലൂടെ മാത്രമേ സമ്പന്നർക്ക് അവരുടെ സമ്പത്ത് ‘ശുദ്ധീകരിക്കാനാവൂ’ എന്ന ആശയത്തിലൂടെയാണ്. സമ്പത്ത് ശേഖരിക്കൽ ഒരു പാപമല്ല, കാരണം സമ്പത്ത് കേവലം ദ്രവ്യമാണ്, ദ്രവ്യത്തെ ധാർമ്മികമായി നിഷ്പക്ഷമായി കാണണം. അതുപോലെ സ്വയം അടിച്ചേൽപ്പിച്ച ദാരിദ്ര്യം ഒരു പുണ്യവുമല്ല. സമ്പത്ത് മാന്യുഷ്യനെ അതിന്റെ അടിമകളാക്കി മാറ്റാം. ദരിദ്രർക്കും, ബന്ധുക്കൾക്കും ചെലവഴിക്കാൻ തയ്യാറാകാത്തിരിക്കുമ്പോഴാണ് സമ്പത്ത് പാപമായി മാറുന്നത്. ഇവിടെ സ്വകാര്യ സ്വത്തിന്റെയും, വ്യക്തിഗത ഉടമസ്ഥതയുടെയും നിഷേധമല്ല, മറിച്ച് സമ്പന്നർ അവരുടെ സ്വത്ത് ദൈവവുമായുള്ള ബന്ധത്തെ മുൻ നിർത്തിയാവണം കൈകാര്യം ചെയ്യേണ്ടത്. ആത്മീയജീവിതം എന്നത് ആത്മത്തിൽ നിന്നും അപരത്തിലേക്കുള്ള യാത്രകളാണ്. നമ്മുടെ പക്കലുള്ളവയിൽ നിന്ന്, അത് എത്ര ചെറുതാണെങ്കിലും, നൽകുക എന്നതാണ് നമ്മുടെ ബൗതിക ജീവിതത്തെ രൂപപ്പെടുത്തുന്നതും അർത്ഥപൂർണ്ണമാക്കുന്നതും.
പാട്രിസ്റ്റിക് സാഹിത്യങ്ങൾ ദാരിദ്ര്യത്തിന്റെയും സമ്പത്തിന്റെയും ശരിയായ ബന്ധത്തിലൂടെ ആത്മീയ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സഭാപിതാക്കന്മാരെ സംബന്ധിച്ചിടത്തോളം ധനികരോ ദരിദ്രരോ ഇല്ല, നാമെല്ലാവരും ഒരേപോലെ ജനിക്കുകയും ഒരേ രീതിയിൽ മരിക്കുകയും ചെയ്യുന്നു. എന്നാൽ ദരിദ്രരെ എല്ലായ്പ്പോഴും ക്രിസ്തുവിനൊപ്പമാണ് കണ്ടിരുന്നത്. സമ്പത്തിന്റെ അസമത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യർ പരസ്പരം നടത്തുന്ന അനീതികളാണ്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും പരിമിതപ്പെടുത്തുന്നതിനും അമിതമായി കുന്നുകൂട്ടുന്നതിനെ ഒഴിവാക്കുന്നതിനുമുള്ള കഴിവ് തിരിച്ചറിയുന്നതിലാണ് ജ്ഞാനം. ഇസ്‌ലാമിക ചിന്തയിലും പ്രയോഗത്തിലും നൽകുക എന്നത് ഒരു മതപരമായ ബാധ്യതയും ദരിദ്രരുടെ അവകാശവുമാണ്. ദാനത്തിന്റെ നിർബന്ധിതവും, ഐച്ഛികവുമായ വശങ്ങൾ ലക്ഷ്യമാക്കുന്നത് കേവലം സമ്പന്നർ ദരിദ്രർക്ക് നൽകുക എന്നതല്ല, മറിച്ച് അഭിലഷണീയമായ സാമൂഹിക, ധാർമ്മിക ക്രമം സൃഷ്ടിക്കുക എന്നതാണ്. ഒരാളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് നൽകുക എന്നാൽ ആളുകളുമായി റാഡിക്കലി വ്യത്യസ്തമായ ബന്ധങ്ങൾ സൃഷ്ടിക്കുക എന്നതാണ്. സ്വന്തം ആവശ്യങ്ങളുടെ ശരിയായ അളവ് തിരിച്ചറിയുന്നതിലൂടെയും, അമിതവ്യയം ഒഴിവാക്കുനതിലൂടെയും – മറ്റുള്ളവർക്ക് ആവശ്യമായതിനെ സ്വന്തമായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിലൂടെ- മാത്രമേ നമ്മുടെ നിലനിൽപ്പ് പരസ്പര്യത്തിലൂടെയാണ് എന്ന് നാം തിരിച്ചറിയുകയൊളളൂ. അത് തന്നെയാണ് ആതിഥേയത്വത്തിന്റെ അടിസ്ഥാന ലക്ഷ്യവും.
അധ്യായം രണ്ട് : അതിഥിയും അയൽക്കാരനും: അപരിചിതരില്ലാത്ത ഇടങ്ങളെക്കുറിച്ച്
അധ്യായം നാല് : ഭക്ഷണം രൂപപ്പെടുത്തുന്ന വ്യക്തിയും സമൂഹവും
Featured Image: Annie Spratt
Comments are closed.