മഹാന്‍മാരായ ഒരുപാട് പണ്ഡിതന്‍മാരുടെയും സൂഫികളുടെയും സവിശേഷമായ കഴിവുകളുള്ള സ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് പ്രശസ്തമായ നാടാണ് മൗറിത്താനിയ. അവിടേക്ക് സ്ഥിരമായി പോകാറുള്ള പണ്ഡിതര്‍ നിരീക്ഷിക്കുന്നത് മൗറിത്താനിയയിലെ സ്ത്രീകള്‍ നിരവധി സാഹിത്യ ശേഖരങ്ങള്‍ മന:പ്പാഠമാമാക്കുന്നുണ്ട് എന്നാണ്. കവിത, സീറ, വംശാവലി തുടങ്ങിയ വിഷയങ്ങളിലെല്ലാം മൗറിത്താനിയന്‍ സ്ത്രീകള്‍ പരമ്പരാഗതമായിത്തന്നെ നല്ല പാണ്ഡിത്യമുള്ളവരാണ്. മര്‍യം ബിന്‍ത് ബ്വയ്ബ അവരില്‍പ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ചില മാലികി ഗ്രന്ഥങ്ങളും അവര്‍ മനപ്പാഠമാക്കിയിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി മര്‍യമിനെ പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അതിഥികളെയെല്ലാം വളരെ നിസ്സ്വാര്‍ത്ഥമായി സേവിക്കുന്ന അവര്‍ ശൈഖ് മുറബിത് അല്‍-ഹാജ്ജിന്റെ ഭാര്യയാണ്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുവാമിറത്ത് എന്ന ആത്മീയ സമുദായത്തിന്റെ ദേശമായ മൗറിത്താനിയയില്‍ ഒരു ടെന്റില്‍ വെച്ചാണ് ഞാന്‍ ശൈഖിനെയും മര്‍യമിനെയും ആദ്യമായി കണ്ടുമുട്ടുന്നത്.

അതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1980ലാണ് മൗറിത്താനിയയിലേക്കുള്ള എന്റെ യാത്രക്ക് കാരണമായ സംഭവം നടക്കുന്നത്. അബൂദബിയിലെ ഒരു പുസ്തകക്കടയിലായിരുന്നു അത്. അവിടെവെച്ച് താജകാനത്ത് ഗോത്രത്തില്‍പെട്ട ശൈഖ് അബ്ദല്ലാ ഊദ് സിദ്ദീഖിയെ ഞാന്‍ കണ്ടുമുട്ടുകയുണ്ടായി. ദിറ എന്ന സവിശേഷമായ വെസ്റ്റ്-ആഫ്രിക്കന്‍ വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്. ഒരു തലയില്‍ കെട്ടും ഉണ്ടായിരുന്നു. അക്കാലത്ത് ഗള്‍ഫില്‍ ആ വേഷം ഒരപൂര്‍വ്വ കാഴ്ചയായിരുന്നു. മാലിയില്‍ ജീവിച്ചിരുന്ന കാലത്ത് വെസ്റ്റ്-ആഫ്രിക്കയില്‍ നിന്നുള്ള പണ്ഡിതരെ ഞാന്‍ പരിചയപ്പെട്ടിരുന്നു. അവരോടൊന്നിച്ച് അറിവ് നേടണം എന്ന ആഗ്രഹം എന്നില്‍ ശക്തമാവുകയും ചെയ്തു. അങ്ങനെ ഞാന്‍ ശൈഖിനോട് ക്ലാസിക്കല്‍ മാലിക്കി ഗ്രന്ഥങ്ങള്‍ പരമ്പരാഗത രീതിയില്‍ പഠിപ്പിച്ചു തരുന്ന ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. ശൈഖവര്‍കള്‍ സ്വയം തന്നെ അതിന് സന്നദ്ധത അറിയിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അല്‍-അയ്‌നിലെ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തോടൊപ്പം ശൈഖ് അബ്ദല്ല ഊദ് സിദ്ധീഖിനോടൊപ്പം ഇരുന്നുകൊണ്ടും ഞാന്‍ ഇല്‍മ് കരസ്ഥമാക്കാന്‍ തുടങ്ങി. മൗറിത്താനിയയിലെ ഉസ്താദുമാരെപ്പോലെ പാഠഭാഗങ്ങള്‍ മനപ്പാഠമാക്കാനോ ലൗഹ് എന്നറിയപ്പെട്ടിരുന്ന മരത്തിന്റെ സ്ലേറ്റ് ഉപയോഗിക്കാനോ അദ്ദേഹം നിര്‍ബന്ധം ചെലുത്തിയിരുന്നില്ല. കിതാബുകളില്‍ നിന്ന് നേരിട്ടായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. കൂടാതെ മാലികി ഫഖീഹുകളായിരുന്ന ശൈഖ് ശയ്ബാനി, ശൈഖ് ബയ്യാഹ്, ഊദ് സാലിക്ക് എന്നിവരും എന്നെ പഠിപ്പിച്ചിരുന്നു. എന്നാല്‍ മസ്സൂമ ഗോത്രക്കാരനായ ഇലക്ട്രീഷ്യന്‍ യഹ്യ ഉദ്ഘാതിയെ കണ്ടുമുട്ടിയതോടെയാണ് എന്റെ വിദ്യാഭ്യാസ ജീവിതത്തിന് ഒരു വഴിത്തിരിവ് സംഭവിക്കുന്നത്. അദ്ദേഹമാണ് നാഗരികതയൊന്നും കടന്നു വന്നിട്ടില്ലാത്ത മൗറിത്താനിയയിലെ ശൈഖ് മുറബ്ബിത് അല്‍-ഹാജ്ജിലേക്ക് എന്നെ എത്തിച്ചത്. ശൈഖവര്‍കളുടെ മകനായ ശൈഖ് അബ്ദുറഹ്മാന്‍ അന്ന് എമിറേറ്റ്‌സിലുണ്ടെന്ന വിവരം കൈമാറിയതും അവരായിരുന്നു.

മസ്സൂമ ഗോത്രത്തിലെ കാരണവരായ ശൈഖ് ബയ്യയുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ശൈഖ് അബ്ദര്‍റഹ്മാനെ കണ്ടുമുട്ടുന്നത്. ഭൗതികലോകത്തോടുള്ള വിരക്തി അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മൗറിത്താനിയയിലെ മുഴുവന്‍ പണ്ഡിതരുടെയും പ്രത്യേകതയാണത്. അവരെ കണ്ടപ്പോള്‍ തന്നെ ശൈഖ് മുറബ്ബിത്തുല്‍ ഹാജ്ജിനെ കാണണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ശൈഖ് അബ്ദര്‍റഹ്മാന്റെ അടുത്ത സുഹൃത്തായ ശൈഖ് ഹാമിദിന്റെ കീഴിലും ഞാന്‍ പഠിച്ചിട്ടുണ്ട്.

ശൈഖ് ഹാമിദില്‍ നിന്നാണ് മനപ്പാഠമാക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനപ്പാഠമാക്കാത്തിടത്തോളം ഒരാള്‍ക്കും വിജ്ഞാനം കൈവരിക്കുക സാധ്യമല്ല. മൗറിത്താനികള്‍ പകല്‍ പണ്ഡിതരെന്നും രാത്രികാല പണ്ഡിതരെന്നും പണ്ഡിതന്മാരെ വര്‍ഗീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് സൂചിപ്പിക്കുകയുണ്ടായി. പകല്‍ പണ്ഡിതര്‍ക്ക് ജ്ഞാന സമ്പാദനത്തിന് പുസ്തകങ്ങളും വെളിച്ചവും ആവശ്യമാണ്. എന്നാല്‍ രാത്രികാല പണ്ഡിതര്‍ക്ക് വെളിച്ചമില്ലെങ്കിലും ഓര്‍മ്മയുടെ കരുത്തുകൊണ്ട് വിജ്ഞാനം സമ്പാദിക്കാന്‍ കഴിയും. അദ്ദേഹം എന്നോടാവശ്യപ്പെട്ടത് മൗറിത്താനികളുടെ ജ്ഞാന സമ്പാദന രീതി പിന്തുടരണമെന്നാണ്.

ഇബ്‌നു ആഷിര്‍, അല്‍-രിസാല, അഖ്‌റാബ് അല്‍-മസാലിക് എന്നിവയെല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട്. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിച്ചിരുന്ന അല്‍-ഫിഖ്ഹ് അല്‍-മാലികി ഫി തൗബിഹി അല്‍-ജദീദിന്റെ ആദ്യ എഡിഷനുകളും ഞാന്‍ ഓതിയിട്ടുണ്ട്. സുഡാനിലെ പ്രശസ്ത ഹദീസ് പണ്ഡിതനായ ശൈഖ് അഹ്മദ് ബദവിയുടെ അടുക്കല്‍ നിന്നാണ് ഞാന്‍ ഹദീസ് പഠിച്ചിരുന്നത്. എന്നാല്‍ ഞാനൊന്നും മനപ്പാഠമാക്കിയിരുന്നില്ല. ശൈഖ് ഹാമിദാകട്ടെ, എനിക്ക് വീണ്ടും അടിസ്ഥാന വിഷയങ്ങള്‍ പഠിപ്പിച്ചുതരുകയും അവ മനപ്പാഠമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പിന്നീട് ഞാനവിടെ ഒരു ചെറിയ പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിക്കുകയുണ്ടായി. അഫ്ഗാന്‍ തൊഴിലാളികളായിരുന്നു കൂടുതലായും അവിടെ വന്നിരുന്നത്. അവിടെ വെച്ചാണ് ഞാന്‍ ഇതുവരെ എന്റെ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ശൈഖ് മുറബ്ബിത്തുല്‍ ഹാജ്ജിനെയും അവരുടെ ഭാര്യയെയും  സ്വപ്‌നം കാണുവാന്‍ തുടങ്ങുന്നത്.  1984 ലാണ് ഞാന്‍ എമിറേറ്റ്‌സ് വിട്ട് അള്‍ജീരിയയിലൂടെ മൗറിത്താനിയയിലേക്ക് പോകുന്നത്. ഖുര്‍ആന്‍ മനപ്പാഠമാക്കിക്കൊണ്ട് അവിടെ കുറച്ച് മാസങ്ങള്‍ ജീവിക്കാം എന്നായിരുന്നു കരുതിയിരുന്നത്. മൗറിത്താനിയയില്‍ കടുത്ത വരള്‍ച്ചയാണെന്നും അവിടെ ജീവിതം ദുസ്സഹമാണെന്നും പലയാളുകളും എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.

അള്‍ജീരിയയിലെ സിഡി വോ സൈദിന്റെ മദ്രസയില്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞ ശേഷം തുനീഷ്യയിലേക്ക് യാത്ര തിരിക്കുകയും അവിടുന്ന് മൗറിത്താനിയയിലേക്കുള്ള വിസ കരസ്ഥമാക്കുകയും ചെയ്തു. തലസ്ഥാനമായ നൗക്‌ചോട്ടിലാണ് (Nouakchott) വിമാനമിറങ്ങിയത്. മുറബ്ബിതുല്‍ ഹാജ്ജിനെ കാണുക എന്നതല്ലാതെ വേറെ പദ്ധതിയൊന്നുമുണ്ടായിരുന്നില്ല.  മാര്‍ക്കറ്റിലെ ഒരു ചെറിയ കടയില്‍ വെച്ചാണ് അബ്ദി സാലിമിനെ കണ്ടുമുട്ടുന്നത്. എന്റെ ഉസ്താദായ ശൈഖ് ഹാമിദിനെപ്പോലെ മസ്സുമ വിഭാഗത്തില്‍ പെട്ട ആളായിരുന്നു അദ്ദേഹം. മുറബ്ബിത്തുല്‍ ഹാജ്ജിനെ കാണണമെന്ന ആഗ്രഹം അദ്ദേഹവുമായി പങ്കുവെക്കുകയും അദ്ദേഹമെന്നെ മുഖ്താറുല്‍ ഹബീബ് എന്ന മസ്സുമ വിഭാഗത്തില്‍ പെട്ട മറ്റൊരാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് അവരെന്നെ മൗലായ് അല്‍-മഖരി അല്‍ മസ്സൂമിയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ചെറിയൊരു വീടായിരുന്നു അത്. അദ്ദേഹമെനിക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ജീവിക്കുകയും ചെയ്തു.

അപ്പോഴേക്കും തന്റെ ഉമ്മയെയും ഉപ്പയെയും കാണാന്‍ വേണ്ടി ശൈഖ് അബ്ദുറഹ്മാന്‍ എമിറേറ്റ്‌സില്‍ നിന്നും തിരിച്ചെത്തിയിരുന്നു. അദ്ദേഹം മൗലായ് അല്‍-മഖരിയെ കാണാന്‍ വരികയും ചെയ്തു. തുടര്‍ന്ന് തുവാമിറാത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒരു സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും അതിനായി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ യാത്രക്ക് ഒട്ടകങ്ങള്‍ അനിവാര്യമായിരുന്നു. ഉടന്‍ തന്നെ ഒട്ടകങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മുറബ്ബിത്തുല്‍ ഹാജ്ജ് വസിക്കുന്ന മരുപ്രദേശത്തേക്ക് ഗവണ്‍മെന്റ് റേഡിയോയിലൂടെ സന്ദേശം കൈമാറുകയായിരുന്നു. അങ്ങനെയാണ് തലസ്ഥാന നഗരിയിലെ ആളുകള്‍ മരുഭൂവാസികളോട് ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍ ഒരു ട്രക്കിലാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. ഏറെ പ്രയാസകരമായ ഒരു യാത്രയായിരുന്നു അത്.

രണ്ട് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഗെരു എന്ന നഗരത്തിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അന്നവിടെ ടെക്‌നോളജിയൊന്നും വികസിച്ചിട്ടുണ്ടായിരുന്നില്ല. മനോഹരമായ കെട്ടിടങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. മഹ്ധറ എന്നാണ് അവിടുത്തെ ഏഴോളം മദ്രസകള്‍ അറിയപ്പെട്ടിരുന്നത്. നൂറോളം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ടായിരുന്നു. രാത്രിയായാല്‍ വിളക്കുകളുടെയും മെഴുകുതിരികളുടെയും പ്രകാശമല്ലാതെ ഗെരു നഗരത്തില്‍ വേറൊരു വെളിച്ചവും ഉണ്ടായിരുന്നില്ല. ഖുര്‍ആനും മറ്റ് ഗ്രന്ഥങ്ങളും പാരായണം ചെയ്യപ്പെടുന്ന ശബ്ദമായിരുന്നു അവിടെ ആകമാനം അലയടിച്ചിരുന്നത്.

അല്‍-ഹാജ്ജിയുടെ ഭാര്യാസഹോദരനായ ശൈഖ് ഖാത്രിയുടെ കൂടെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അക്കാലത്താണ് സിദി മിന്നു എന്ന മഹാനായ സൂഫിവര്യനെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. ഇമാം അല്‍-ജസരിയുടെ ഹിസ്ന്‍ അല്‍-ഹാസിന്‍ അദ്ദേഹത്തിന് മനപ്പാഠമാണ്. മുസ്‌ലിം ഉമ്മത്തിന് വേണ്ടി അദ്ദേഹം ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. ഞങ്ങളൊരിക്കല്‍ കൂട്ടമായിരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോള്‍ തന്റെ ഉള്ളംകയ്യില്‍ കുറച്ച് മണ്ണെടുത്ത് അദ്ദേഹം പറഞ്ഞു: ‘ഭൂമിയില്‍ നിന്ന് ഒരിക്കലും അകലെയായിരിക്കരുത്. കാരണം ഇത് നമ്മുടെ ഉമ്മയാണ്. ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ഒന്നിന്റെ പേരിലും ഖേദിച്ചിട്ടില്ല. എനിക്കില്ലാത്തതിനെ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ ഒരു യുവാവായിരുന്നെങ്കില്‍ എന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിജ്ഞാനമന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ യാത്രയില്‍ എനിക്കും പങ്കുചേരാമായിരുന്നു.’

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ കാമൂറിലേക്ക് പുറപ്പെടുന്നത്. അര്‍ധരാത്രിയിയോടു കൂടി ഗലഗ താഴ്‌വരയില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷമാണ് മുറബ്ബിത്തുല്‍ ഹാജിയും അനുയായികളും താമസിക്കുന്നിടത്തേക്ക് ഞങ്ങള്‍ യാത്ര തിരിക്കുന്നത്. അങ്ങനെ ഞങ്ങള്‍ തുവാമിറാത്തില്‍ എത്തിച്ചേര്‍ന്നു. ആ പ്രദേശത്തിന്റെ സൗന്ദര്യം എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. പഴയ നിയമത്തില്‍ പരാമര്‍ശിക്കപ്പെട്ട എന്തോ ഒരു സംഭവമാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. അവിടെയുള്ള ജനങ്ങളാരും അതിനുമുമ്പ് വെളുത്ത മനുഷ്യനെ കണ്ടിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ മുറബ്ബിത് അല്‍-ഹാജ്ജിന്റെ ടെന്റില്‍ പ്രവേശിക്കുകയും ചെയ്തു.

ഞാനെന്റെ ജീവിതത്തില്‍ കണ്ടതിലേറ്റവും തേജസ്സാര്‍ന്ന വ്യക്തിയായിരുന്നു എന്റെ മുമ്പില്‍ ഇരുന്നിരുന്നത്. അദ്ദേഹമെന്നെ വിളിക്കുകയും ചുമലില്‍ കൈവെച്ച് സ്വാഗതം ചെയ്യുകയും ചെയ്തു. എന്നിട്ടദ്ദേഹമെന്നോട് ചോദിച്ചു, ‘ഇത് സ്വപ്‌നം പോലെയാണോ?’ അതുകേട്ടതും എന്റെ കണ്ണ് നിറയാന്‍ തുടങ്ങി. കാരണം സ്വപ്‌നത്തില്‍ കണ്ടതിന് സമാനമായ കൂടിക്കാഴ്ച തന്നെയായിരുന്നു അത്. പിന്നീട് അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക് തിരിഞ്ഞു. ഒരു വിദ്യാര്‍ത്ഥി എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുതരികയും ചെയ്തു. തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ എന്റെ ശരീരം മസ്സാജ് ചെയ്തുതന്നു. ശരീരം മുഴുവന്‍ വേദനിച്ചിരുന്ന എനിക്കത് ആശ്വാസമായിരുന്നു.

മുറബിത് അല്‍-ഹാജ്ജ് എന്നെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാന്‍ ക്ഷണിച്ചു. അപ്പോഴാണ് ഞാനദ്ദേഹത്തിന്റെ ഭാര്യയായ മര്‍യം ബിന്‍ത് ബ്വയ്ബയെ പരിചയപ്പെടുന്നത്. അവരെനിക്ക് താമസസൗകര്യങ്ങളെല്ലാം ചെയ്തുതരിയും അവിടെയുള്ള ആളുകളെയെല്ലാം പരിചയപ്പെടുത്തിത്തരികയും ചെയ്തു. ഞാനെന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും നിസ്സാര്‍ത്ഥയായ സ്ത്രീയായിരുന്നു അവര്‍. മിക്ക ദിവസങ്ങളിലും രാവിലെ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം പാല്‍ ഉണ്ടാക്കിക്കൊടുത്തിരുന്നത് അവരായിരുന്നു. മരത്തിന്റെ തളികകളിലായിരുന്നു അവര്‍ പശുക്കളില്‍ നിന്നും പാല്‍ ശേഖരിച്ചു വെച്ചിരുന്നത്. ഏത് പശുവാണ് കൂടുതല്‍ പാൽ ഉല്‍പ്പാദിപ്പിക്കുന്നതെന്നെല്ലാം അവര്‍ക്കറിയാമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ കൂടെയുണ്ടായിരുന്ന ഖബുല എന്ന് പേരുള്ള ഒരു പരിചാരികയായിരുന്നു മര്‍യമിനെ സഹായിച്ചിരുന്നത്.

മര്‍യമിന്റെ ആഥിതേയത്വമായിരുന്നു എന്നെ ആകര്‍ഷിച്ചിരുന്നത്. എപ്പോഴും ചിരിച്ചുകൊണ്ടായിരുന്നു അവര്‍ ആളുകളെ സമീപിച്ചിരുന്നത്. ഒരിക്കല്‍ മൗറിത്താനിയയില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനി ബാധിച്ച് ഞാന്‍ കിടപ്പിലായി. വളരെ കരുതലോടെയും വാല്‍സല്യത്തോടെയുമായിരുന്നു മര്‍യം അക്കാലത്ത് എന്നെ ശുശ്രൂഷിച്ചിരുന്നത്. ഒരുമ്മക്ക് മകനോടുള്ള സ്‌നേഹമായിരുന്നു അവര്‍ക്ക് എന്നോടുണ്ടായിരുന്നത്. ഒരിക്കല്‍ പച്ചക്കറിയാണ് ഞാന്‍ കഴിക്കാറുള്ളത് എന്ന് പറഞ്ഞപ്പോള്‍ എല്ലാ ദിവസവും ഭക്ഷണത്തിന് മുമ്പ് കാരക്കയും ക്യാരറ്റും കൊണ്ടുവന്നുതരല്‍ അവര്‍ പതിവാക്കുകയും ചെയ്തു.

എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കലായിരുന്നു അവരുടെ പതിവ്. അവരുടെ പൂര്‍ണ്ണ പേര് മര്‍യം ബിന്‍ത് മുഹമ്മദ് അല്‍-അമീന്‍ ഉദ് മുഹമ്മദ് അഹമ്മദ് ബ്വയ്ബ എന്നാണ്. ചെറുപ്രായത്തില്‍ തന്നെ മുറബിത് അല്‍-ഹാജ്ജുമായുള്ള അവരുടെ വിവാഹം നടന്നിരുന്നു. തുവാമിറാതിലെ ഇസ്‌ലാമിക കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്ന സേവനങ്ങള്‍ എണ്ണമറ്റതാണ്. ദാരിദ്ര്യത്തിലൂടെയാണ് മര്‍യം വളര്‍ന്നതും ജീവിച്ചതും. അവരുടെ ചെറുപ്പകാലത്ത് നഗ്നത മറക്കാനുള്ള നേരിയ ഒരു വസ്ത്രം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവരുടെ ഉപ്പ മുഹമ്മദ് അല്‍-അമീന്‍ ലമാന എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വലിയൊരു പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് എപ്പോഴും മറിയം സംസാരിക്കുമായിരുന്നു.

മര്‍യമുമായുള്ള വിവാഹത്തിന് ശേഷം മുറബിത് അല്‍-ഹാജ്ജിന്റെ ഉപ്പ അവരോട് ഇങ്ങനെ പറയുകയുണ്ടായി: ‘വിവാഹമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗത്തെക്കുറിച്ച് നീ ചിന്തിക്കേണ്ടതുണ്ട്.’ അതിനദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: ‘എന്നെ സംബന്ധിച്ചിടത്തോളം നക്ഷത്രങ്ങളെപ്പോലെ എണ്ണമറ്റതാണ് ഈ ലോകത്തുള്ള ജീവിതമാര്‍ഗ്ഗങ്ങള്‍. എന്നാല്‍ അതിന്റെ പിന്നാലെ പോയി ഞാനെന്റെ ആത്മാവിനെ മലിനമാക്കുകയില്ല.’ വിവാഹത്തിന് ശേഷമുള്ള ആദ്യനാളുകളില്‍ തന്നെ മര്‍യം മുറബിത് അല്‍-ഹാജ്ജിയോടൊപ്പം ധാരാളം ഗ്രന്ഥങ്ങള്‍ പഠിക്കുകയുണ്ടായി. മാലികി ഗ്രന്ഥങ്ങളോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ മുഴുവനും അവര്‍ മനപ്പാഠമാക്കിയിട്ടുണ്ട്. കൂടാതെ സിഡി അബ്ദല്‍ ഖാദിര്‍ ഊദ് മുഹമ്മദ് സാലിമിന്റെ അല്‍-വദീഹ് അല്‍-മുബീനും അതിന്റെ വ്യാഖ്യാനമായ ബുഗ്യാത്ത് അല്‍-റാഗിബീന്‍ അലാ അല്‍- വദീഹ് അല്‍-മുബീനും അവര്‍ പഠിച്ചിട്ടുണ്ട്. മാത്രമല്ല, ഇമാം അല്‍-നവവിയുടെ പ്രാര്‍ത്ഥനകളെക്കുറിച്ച പുസ്തകവും അല്‍-അദ്കാറും മര്‍യമിന് മനപ്പാഠമാണ്.

പുതിയ വിദ്യാര്‍ത്ഥികള്‍ വരുമ്പോഴെല്ലാം മര്‍യം അവരുടെയും അവരുടെ മാതാപിതാക്കളുടെയും സഹോദരി-സഹോദരന്‍മാരുടെയും സുഖവിവരങ്ങളന്വേഷിക്കുക പതിവായിരുന്നു. മൗറിത്താനിയയില്‍ പഠനം കഴിഞ്ഞുപോകുന്ന ആരെയും അവര്‍ മറന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ മൗരിത്താനിയ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും പേരുകള്‍ മര്‍യം ഓര്‍ത്തെടുക്കുമായിരുന്നു. ഞാന്‍ അവിടെ ആദ്യമായി ചെന്ന സമയത്ത് എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും പേരുകള്‍ അവര്‍ ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനവിടെ ചെന്നപ്പോള്‍ ഓരോ കുടുംബാംഗത്തിന്റെയും പേര് പറഞ്ഞുകൊണ്ടാണ് മര്‍യം അവരുടെ സുഖവിവരങ്ങളന്വേഷിച്ചത്. ഞാനാകട്ടെ, ഒരൊറ്റ തവണ മാത്രമാണ് മര്‍യമിന് അവരുടെ പേരുകള്‍ പറഞ്ഞുകൊടുത്തിരുന്നത്. ഞാനാകെ സ്തംബധനായിപ്പോയി. 

നേരിട്ട് കാണുന്നതിന് ഒരു വര്‍ഷം മുമ്പ് 1983 ലാണ് ഞാന്‍ മര്‍യമിനെ സ്വപ്‌നം കാണുന്നത്.  മുറബിത് അല്‍-ഹാജ്ജിന്റെ കൂടെ ടെന്റില്‍ ഇരിക്കുന്ന സമയത്താണ് ഞാനവരെ കാണുന്നത്. അവരെയാണ് സ്വപ്‌നത്തില്‍ ദര്‍ശിച്ചതെന്ന് എനിക്കപ്പോഴാണ് ബോധ്യം വന്നത്. അവസാനമായി മര്‍യമിനെ കാണുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ അവര്‍ക്ക് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പരമ്പരാഗതമായി ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങള്‍ തന്നെയാണ് മര്‍യം ഉപയോഗിക്കുന്നത്. ജീവിതത്തില്‍ കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും പ്രസന്നവതിയായിട്ടാണ് ഞാനിപ്പോഴും അവരെ കാണുന്നത്.

ഒരു ഹജ്ജ് ചെയ്യണമെന്ന് മര്‍യമിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ കുടുംബത്തോടും മൗറിത്താനിയയിലെ വിദ്യാര്‍ത്ഥികളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ സൂക്ഷമമായി നിര്‍വ്വഹിക്കുക എന്നതായിരുന്നു അവര്‍ക്ക് ഏറ്റവും പ്രധാനം. പൊതുമധ്യത്തില്‍ അവരുണ്ടായിരുന്നില്ല. എന്നാല്‍ മുറബിത് അല്‍-ഹാജ്ജിനെ സന്ദര്‍ശിക്കാന്‍ വരുന്നവരെയെല്ലാം നിസ്വാര്‍ത്ഥമായാണ് അവര്‍ സേവിച്ചത്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വന്ന ചില വെസ്റ്റേണ്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ മര്‍യമിനോട് കൂടി ചോദിക്കണമെന്നാണ് ശൈഖ് അവരോട് പറഞ്ഞത്. മര്‍യമിന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മര്‍യമിന്റെ മകന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് ആളുകള്‍ക്ക് ഒരിക്കലും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അപാരമായ ജ്ഞാനമുള്ള സ്ത്രീയായിരുന്നു അവരെന്നാണ്. മര്‍യമിന്റെ ഒരു സഹോദരന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘അവരെനിക്ക് ഉമ്മയെപ്പോലെയായിരുന്നു. മുഴുവന്‍ വിശ്വാസികളുടെയും ഉമ്മയാണവര്‍.’ 


Translation: Saad Salmi
Featured Image: Ron Fung

Comments are closed.