ഒരു നബിദിന കാലത്തെ ഹൈദരബാദ് ഓർമയിൽ നിന്ന് മുസ്‌ലിം ആഘോഷങ്ങളെക്കുറിച്ചുള്ള പ്രത്യേകിച്ചും മൗലിദ്, നബിദിന ആഘോഷങ്ങളെക്കുറിച്ചുള്ള ആലോചനകളിലേക്ക് കടക്കാം. ഹൈദരാബാദുകാരാനയ ഒരു സുഹൃത്തിന്റെ കൂടെയുള്ള നടത്തത്തിനിടയിൽ കൗതുകത്തിന് വേണ്ടിയാണ് ഹൈദരബാദിലെ നബിദിനാഘോഷത്തെക്കുറിച്ച് ചോദിച്ചത്. മലാക്പേട്ടിലെ അലങ്കാരങ്ങളെക്കുറിച്ചും മെക്ക മസ്ജിദിൽ നബിദിനത്തിൽ നടക്കുന്ന ഖുത്ബയെക്കുറിച്ചും വിശദീകരിച്ച സുഹൃർത്ത് ശേഷം ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന തെരുവ് പാട്ടുകളും ആഘോഷങ്ങളും യുവാക്കളുടെ നിയന്ത്രണമില്ലാത്ത ബൈക്ക് റാലികളും ഉണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു. നാട്ടിലെ നബിദിന റാലികളുണ്ടാക്കുന്ന റോഡ് ബ്ളോക്കുകളെക്കുറിച്ചുള്ള സലഫി ആശങ്കകളാണ് എൻ്റെ മനസ്സിലേക്ക് അപ്പൊൾ കടന്ന് വന്നത്. അരാജകത്വം, നിയന്ത്രണമില്ലാത്തത്, പൊതു സമൂഹത്തിൻ്റെ ശാന്തമായ ഒഴുക്കിനെ (റോഡിൽ ബ്ളോക്കില്ലാതെ ഇരിക്കുന്നതിനെ അങ്ങിനെയും വിവര്‍ത്തനം ചെയ്യം എന്ന് തോന്നുന്നു) ഭഞ്‌ജിക്കുന്നത് (disrupt) തുടങ്ങിയ ആശങ്കകൾ ഉൾകൊള്ളുന്ന മൗലിദ് ആഘോഷങ്ങൾ തുറന്ന് വെക്കുന്ന സാധ്യതകൾ എന്തെല്ലാമായിരിക്കും?
ആഘോഷം മനുഷ്യന്റെ സഹജ ഗുണത്തിൽ പെട്ടതാണ്. ചരിത്രപരമായി, പ്രാക് കാലഘട്ടം മുതലുള്ള സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വ രൂപീകരണത്തിന്റെ ആവിഷ്കാരമായി നിരവധി ആഘോഷ നാളുകൾ ആചരിച്ചു പോരുന്നുണ്ട്. നിർണ്ണിതമായ, ചില ചട്ടക്കൂട്ടുകൾക്ക് അനുസൃതമായാണ് ഇത്തരം കാർണിവലുകൾ വികസിപ്പിച്ചെടുക്കുന്നത്. വിശുദ്ധം (sacred) എന്ന ആശയത്തെ ആന്തരവൽകരിക്കുന്ന ഒബ്ജെക്ടുകളാണ് ആഘോഷത്തിന്റെ പ്രേരകശക്തികൾ. റഷ്യൻ ഫിലോസഫറും സാഹിത്യ സൈദ്ധാന്തികനുമായ മിഖായേൽ ബക്തിൻ (1895-1975) കാർണിവലിനെ വ്യത്യസ്തമായാണ് സമീപിക്കുന്നത്. അദ്ദേഹം മുന്നോട്ടു വെക്കുന്ന കാർണിവൽ ആഖ്യാനത്തെ മുസ്‌ലിം സാമൂഹിക പരിസരത്തിലെ മൗലിദുമായി ചേർത്ത് ചില ആലോചനകൾ നടത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തെ മുൻനിറുത്തിയുള്ള മൗലിദിന്റെ ആവിഷ്കാര – പ്രായോഗിക ക്രമത്തെ മനസ്സിലാക്കാനും ഞാൻ താൽപര്യപ്പെടുന്നു.
കാർണിവലിനെ സംബന്ധിച്ച മിഖായേൽ ബക്തിന്റെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കൃതിയാണ് Rabelais and His World. ഫ്രഞ്ച് നോവലിസ്റ്റായ Francois Rabelais (1532-1564) ന്റെ രചനകളെ വിശകലനമാക്കിയാണ് ബക്തിൻ മധ്യ കാലഘട്ടത്തിലെ കാർണിവലുകളുടെ പൊതു സ്വഭാവം, ഉദ്ദേശ്യം, ഘടന, വ്യാപ്തി, പ്രകടന രൂപം തുടങ്ങിയവ തിരിച്ചറിയാൻ വേണ്ടി ഉദ്യമിക്കുന്നത്. ചർച്ചും പുരോഹിതരും അടങ്ങുന്ന അധികാര വർഗത്തെ ഹാസ്യ രൂപേണ നിശിത വിമർശനത്തിന് ഇരയാക്കിയ എഴുത്തുകാരനാണ് Francois Rabelais. കാർണിവലുകളിലും ഇത്തരം അധികാര വർഗത്തിനെതിരെയുള്ള പ്രത്യക്ഷ വിസമ്മത രൂപങ്ങൾ ദൃശ്യമായിരുന്നുവെന്ന് ബക്തിൻ നിരീക്ഷിക്കുന്നു. എവരിഡെ ലൈഫിൽ നിന്നും വ്യത്യാസപ്പെട്ട ഒരു സവിശേഷ യാഥാർത്ഥ്യത്തിന് അകത്താണ് കാർണിവലിന്റെ അന്തരീക്ഷം (carnivalesque) സൃഷ്ടിക്കപ്പെടുന്നത്. ഇതര ദിവസങ്ങളിലെ വിരസതയുളവാക്കുന്ന സമാന അനുഭവത്തിൽ നിന്നുള്ള ഈ വേർപിരിയലാണ് കാർണിവലിന്റെ ആധാരം. കൂടാതെ, സ്ഥലബന്ധിയേക്കാളും (spatial) സമയബന്ധിയാണ് ( Temporal) ആഘോഷത്തെ നിർണയിക്കുന്നത്. എന്തുകൊണ്ടാണ് ഈ സവിശേഷമായ സമയത്തെ അവർ സൃഷ്ടിച്ചെടുക്കുന്നത്?. ഈ ചോദ്യം നമ്മെ കൊണ്ടെത്തിക്കുക ഏറെ രസകരമായ വൈരുദ്ധ്യത്തിലേക്കാണ്. അഥവാ, ചർച്ചുകൾ തന്നെയാണ് പീഡിത വിഭാഗക്കാരായ കർഷകരെ പ്രീണിപ്പിക്കുന്നതിനു വേണ്ടി മധ്യകാലഘട്ടത്തിൽ കാർണിവലുകൾ സംഘടിപ്പിച്ചത്. ചൂഷണത്തിന്റെ ഫലമായി അനിവാര്യമായും രൂപപ്പെടുന്ന പ്രതിരോധ വാസനയിൽ നിന്നും വിപ്ലവ സ്മരണയിൽ നിന്നും അവരെ വിമുക്തരാക്കാൻ ആവുമെന്ന ചിന്ത അധീശ വിഭാഗത്തെ ഭരിച്ചിരുന്നു. കൂടാതെ, അധികാരികൾ തങ്ങളെ സന്തോഷിപ്പിക്കുന്നുവെന്ന മിഥ്യാധാരണ കർഷകരിൽ ഉദ്ദീപിപ്പിക്കാനും കാർണിവലുകൾക്ക് സാധിക്കുമല്ലോ. എന്നാൽ, ചർച്ച് പ്രതീക്ഷിച്ചതു പോലെയല്ല യഥാർത്ഥത്തിൽ നടന്നത്. മറിച്ച്, കുഴിച്ച കുഴിയിൽ അവർ തന്നെ വീണുവെന്ന് പറയും പോലെ, അധികാര ശക്തികൾക്കെതിരെയുള്ള ജനകീയ പൊതുബോധത്തെ ഉൽപാദിപ്പിച്ചെടുക്കു ആയിരുന്നു കാർണിവലുകൾ. ഈ വൈരുദ്ധ്യത്തിന്റെ ഉത്‌ക്കണ്‌ഠയാണ് പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാന ആശയ പരിസരത്തെ നിർമിച്ചെടുത്തത്.
കാർണിവലുകളിൽ എല്ലാവർക്കും പങ്കെടുക്കാം. അഭിനേതാക്കളും സദസ്സും ഒരു പോലെയാണ് കർതൃത്വ നിർവഹണത്തിലേർപ്പെടുന്നത് എന്നതിനാൽ തന്നെ ലംബ സമാനമായ (Vertical) പ്രകടനത്തിൽ നിന്ന് തിരശ്ചീനമായ ( horizontal ) അവസ്ഥയിലേക്ക് ആഘോഷം മാറുന്നു. അധികാരത്തിന്റെ സമതുലിത വിതരണം ഇതിലൂടെ സാധ്യമാവുന്നുണ്ട്. നിയമപരമായ നിയന്ത്രണവും നിരോധനയും കൽപനയും തൽകാലത്തേക്കെങ്കിലും പ്രവർത്തന രഹിതമാക്കുന്ന സമയവുമാണിത്. ഇത്രയും കാലമുള്ള യാഥാർത്ഥ്യത്തിന് വിരുദ്ധമായി ചില കീഴ്മറിച്ചിലുകളുടെ ഇടം കൂടിയാണ് കാർണിവലുകൾ. ഭരണാധികാരി ഭയപ്പെടുത്തി ഉൽപാദിപ്പിക്കപ്പെടുന്ന കീഴാള ബോധം രാജ ബോധത്തേക്കും ഭരണാധികാരികൾ കീഴാള ബോധത്തിലേക്കും മറിച്ചിടാനുള്ള പൊട്ടൻഷ്യൽ ഓരോ കാർണിവലും ഉൾവഹിക്കുന്നു. സാമൂഹിക കൂടിച്ചേരലുകളും പൊതുവായ ചില താൽപര്യങ്ങളും ആയിരിക്കും പൊട്ടൻഷ്യലിനെ സജീവമാക്കിത്തീർക്കുന്നത്. ബക്തിന്റെ വീക്ഷണത്തിൽ,ഒഫീഷ്യലായ സ്ഥാപനത്തെ തരം താഴ്ത്തൽ (Degradation) നിഷേധാത്മകമല്ല. പകരം നിർമാണാത്മകം തന്നെയാണ്. അദ്ദേഹം പറയുന്നു: “ഈ തരം താഴ്ത്തൽ മറ്റൊരു ഉദാത്തമായ ആവിഷ്കാരത്തിനു വേണ്ടിയുള്ള കൊലയാണ് “. ഗർഭം ചുമക്കുന്ന മരണം (Pregnent death) എന്നാണ് ഈ പ്രക്രിയയയെ അദ്ദേഹം വിശേഷിപ്പിച്ചത്. അഥവാ, പുതിയ ഒരു വസ്തുവിനെ അവശേഷിപ്പിക്കുന്ന ‘ക്രിയാത്മക ” മരണം. ഒന്നിന്റെ നിഷേധത്തിലൂടെ (Denial) കൈവരുന്ന കർതൃത്വമെന്ന വിറ്റ് ഗെൻസ്റ്റൈന്റെ ആശയത്തെ ഇവിടെ ചേർത്തി വായിക്കാം.
ബക്തിൻ നിരീക്ഷിക്കുന്ന കാർണിവലിന്റെ സവിശേഷതയെ ഇങ്ങനെ സംഗ്രഹിക്കാം.
- മറ്റു സമയത്തിൽ നിന്നും ഭിന്നമായ വേഷം തൽകാലത്തേക്ക് അണിയാനുള്ള സാധ്യത തുറന്നു തരുന്നു. നിയന്ത്രമില്ലാത്ത അവസ്ഥ.
- സുതാര്യമായ സംവേദനവും ഇടപെടലും. അകറ്റി നിറുത്തപ്പെട്ടവർക്കിടയിൽ ഇടപെടലുകളുണ്ടാവുന്നു
- സ്വഭാവങ്ങളുടെ സംയോജനം. അംഗീകരിക്കപ്പെടാത്ത പല സ്വഭാവങ്ങളും കാർണിവലുകൾ സ്വീകരിക്കുന്നു.
- ഗൗരവപൂർണമായ ഔദ്യോഗിക ഭാഷയെ ജനം തമാശ രൂപത്തിലാക്കുന്നു
- യുക്തി കേന്ദ്രീകൃതമായ അധികാര ഭാഷയെ ഫിസിക്കൽ/ബോഡീ മൂവ്മെന്റുകളിലൂടെ പൊതു ജനം പ്രതിരോധിക്കുന്നു.
- പൂർണതയവകാശപ്പെടുന്ന റെജിമിനെ പ്രതിസന്ധിയിലാക്കുന്നത് ആയിത്തീരലിലാവുന്ന (Becoming) പോപ്പുലസാണ്.
ഇനി മൗലിദിലേക്ക് വരാം. മിഖായേൽ ബക്ത് മുന്നോട്ട് വെച്ച കാർണിവൽസ്ക്യൂവിന്റെ സൈദ്ധാന്തിക അടിത്തറ മൗലിദ് ആഘോഷത്തിന്റെ ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാനാവും. Snacks and Saints ൽ സാമുലീ ഷീൽക്കെ ഒരു സംഭവം പറഞ്ഞു വെക്കുന്നുണ്ട്. ഫ്രഞ്ചു അധികാരികൾ ഈജിപ്തിലെ ദാന്തയിലെ മുസ്‌ലിം പ്രദേശവാസികൾക്ക് മൗലിദ് ആലപിക്കാനുള്ള സമ്മതം തുടക്കത്തിൽ നൽകിയിരുന്നു. മുകളിൽ പരാമർശിച്ചതു പ്രകാരം, എതിർപ്പിനെ അവരിൽ നിന്ന് മറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ, മുസ്‌ലിംകൾ മൗലിദാഘോഷത്തിലൂടെ സംഘടിക്കുകയും ഒരു സോഷ്യൽ കളക്ടിവിറ്റിയായി സ്വയം പരിമണിക്കുകയും ചെയ്തു. ഇതിന്റെ പരിണതി ബോധ്യപ്പെട്ട് ഫ്രഞ്ചു അധികാരികൾ ഉടനെ വിലക്കേർപ്പെടുത്തുകയുമുണ്ടായി. അസ്സയ്യിദ് അൽ ബദവിയുടെ മൗലിദ് പാരായണത്തെ നിരുത്സാഹപ്പെടുത്താൻ നെപ്പോളിയൻ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. അതുപോലെ 1915 കളിൽ ബ്രിട്ടീഷും മൗലിദുകളുടെ മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഈ മനോഭാവത്തിന്റെ പ്രതിഫലനമാണ് മൗലിദുകളെ തിരസ്കരിച്ച മോഡേണിസ്റ്റ് മുസ്‌ലിംകളുടെ വ്യവഹാരങ്ങൾ. മൗലിദ് ചൊല്ലുന്നവർ അന്ധവിശ്വാസത്തിനൊപ്പം കൂടി പഴഞ്ചനാവുന്നുവെന്ന് വ്യാകുലപ്പെടുന്നവർ പടിഞ്ഞാർ ഉൽപാദിപ്പിച്ച കോളോണിയൽ മോഡേണിറ്റിയുടെ ആശങ്കകളിൽ അകപ്പെടുകയുണ്ടായി.
ഫ്രഞ്ചിലേത് ഒരു ഉദാഹരണം. കേരളത്തിലും സമാനമായ രീതിയിലുള്ള പ്രതിരോധ രീതിശാസ്തത്തെ അനുഭവിക്കാനാവും. അടിസ്ഥാനപരമായി, യൂറോപ്യൻ അധിനിവേശത്തെ ചെറുക്കാനല്ല മാല, മൗലിദ് ഗ്രന്ഥങ്ങൾ (കാർണിവലിസ്റ്റ് ടെക്സ്റ്റുകൾ) രചിക്കപ്പെട്ടതെങ്കിലും പിൽകാലത്തെ സമര മുഖങ്ങളെ നിയന്ത്രിച്ചത് ഇസ്‌ലാമിക ചരിത്രത്തിലെ വ്യക്തികളെയും സംഭവങ്ങളെയും വൈകാരികമായി അനാവരണം ചെയ്യുന്ന മാലകളുടെയും മൗലിദിന്റെ വരികളാണെന്ന് സ്പഷ്ടം. ഹെജിയോഗ്രഫിക് ലിറ്ററേച്ചറിന്റെ പ്രതിരോധ മൂല്യം അക്കാലത്തു തന്നെ മുസ്‌ലിംകൾ ഉപയുക്തമാക്കിയിട്ടുണ്ട്. അവരുടെ മതം തന്നെയാണ് പ്രതിരോധത്തെ ശക്തിപ്പെടുത്തിയത്. ശത്രുക്കളുടെ മർദ്ദനോപകരണങ്ങൾക്കു മുന്നിൽ തോൽവി സമ്മതിക്കാതെ ജീവിച്ച മുഹമ്മദ് നബി (സ്വ) യുടെയും സഹചാരികളുടെയും മറ്റു സതീർത്ഥ്യരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ മൗലിദികളിലൂടെയാണ് കേരളീയ മുസ്ലിംകൾ അടുത്തറിഞ്ഞത്. അറബി ഭാഷാർത്ഥം അറിയില്ലെങ്കിൽ പോലും അവരുടെ നാമങ്ങൾ വരെ മുസലിം പ്രതിരോധ ക്രമത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഗവണ്മെന്റ് പല മാലകളും മൗലിദുകളും കണ്ട് കെട്ടിയതും ഉറൂസുകൾ നിരോധിച്ചതുമായ ചരിത്രം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അങ്ങനെയാണ് മുസ്‌ലിംകൾ ബക്തിന്റെ ഭാഷ്യത്തിലുള്ള ഇരവസ്ത്രം അഴിച്ചു വെക്കുന്നത്. മൗലിദല്ലാത്ത പെരുന്നാളക്കടമുള്ള ആഘോഷ വേളകൾക്കൊന്നും തന്നെ മൗലിദ് ആഘോഷങ്ങൾ വിനിമയം ചെയ്യുന്ന പ്രതിരോധ മൂല്യത്തെ മറികടക്കാനാവില്ല. അത്രമേൽ തദ്ദേശീയമായ സാമൂഹിക നിർമിതിയാണ് മൗലിദ് കാർണിവലിനുള്ളത്. മൗലിദിലേക്ക് ചീരണി സംഭാവന ചെയ്യുന്നതിൽ സമൂഹത്തിലെ സാമ്പത്തിക ഉന്നതിയിലുള്ളവരും ഇടത്തരക്കാരും താഴെ തട്ടിലുള്ളവരും ആയ എല്ലാവരുടെയും പങ്കാളിത്തം കാണാം. ഈ പങ്കുവെക്കലുകളും സമ്പർക്കവുമാണ് മൗലിദിനെ നിത്യ ചൈതന്യമേറിയ അനുഭവമാക്കിത്തീർക്കുന്നത്. ഇതിൽ നബിദിന റാലികൾക്കുള്ള ഇതര സമുദായങ്ങളുടെ സ്വീകരണ പങ്കാളിത്തം കൂടെയാവുമ്പോൾ മൗലിദ് ആഘോഷങ്ങൾ രൂപപ്പെടുത്തുന്ന സാമൂഹികതയുടെ ചിത്രം കൂടുതൽ വ്യാപ്തിയുള്ളതായി മാറുന്നതായി കാണാനാവും.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സാമൂഹികമായ പ്രതിരോധത്തിനപ്പുറം ആത്മീയ പ്രതിരോധത്തിന്റെ വശമാണ് കൂടുതലായി പരിഗണിക്കേണ്ടത്. അവരുടെ ദൈനംദിന വ്യവഹാരത്തിന് ആഘോഷവേളയിൽ തീവ്രതയേറുന്നു. ബക്തിന്റെ കാർണിവലിനെ ഈയർത്ഥത്തിൽ ഒരു മെറ്റാഫറിക്കൽ ഫ്രെയ്‌മിലൂടെ വായിച്ചെടുക്കാനാവും. അതായത്, മൗലിദ് ആഘോഷങ്ങളുടെയും ഉറൂസുകളുടെയും സമയത്തിലെ അന്തരീക്ഷം മുമ്പുള്ളതിനേക്കാൾ വ്യത്യസ്തമാണ്. ജനസമ്പർക്കവും ഒരുമിച്ചുകൂട്ടലും വൈവിധ്യ ശബ്ദോൽപാദനവും സജീവമാകുന്ന കാലം. ഈ സവിശേഷത നിലനിൽക്കുന്നത് റബീഉൽ അവ്വലിന്റെ ഒരു മാസത്തെ താൽകാലികത്തിനുള്ളിൽ (Temporary) മാത്രമാണ്. തന്നെയുമല്ല, ആത്മ സംസ്കരണത്തിന്റെ പാതയിൽ സ്വേഛ താൽപര്യത്തിനെതിരെ ആയിത്തീരലിന്റെ ഉള്ളിലാണ് മൗലിദ് ആഘോഷങ്ങൾ പ്രവർത്തിക്കുന്നത്. ഈജിപ്ഷ്യൻ സമൂഹത്തിന്റെ റമളാൻ അനുഭവത്തെ പഠന വിധേയമാക്കി ഷീൽക്കെ പറഞ്ഞ Exceptional morality (അനിതര ധാർമികത ) ഈ ആഘോഷക്കാലത്ത് വളരെയധികം വെളിപ്പെടാറുണ്ട്. Exceptional morality യെക്കാളും എക്സപ്ഷനൽ Piety യാണ് ഇവിടെ പ്രകടമാവുന്നത്. വൈയക്തിക ഭക്തി ശക്തമാവുന്ന റമളാനിനു പകരമായി സാമൂഹിക ഭക്തിയെ കേന്ദ്രികരിക്കുന്നുണ്ട് റബീഅ് മാസം. തോരണങ്ങളും ചീരണ്ണികളും മത്സര പരിപാടികളുമായി ഭക്തിയുടെ സാമൂഹിക സംവേദനം സുതാര്യമാവുന്നു. ഇത്തരം ഇടങ്ങളിൽ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാവുകയും എല്ലാവരും കാര്യക്കാരാവുന്ന, അല്ലെങ്കിൽ ആരും കൈകാര്യ കർത്തതാക്കാളായി ഇല്ലാത്ത റാഡിക്കലായ തുല്യതയുടെ മൊമന്റുകൾ രൂപപ്പെടുത്തുന്നുണ്ട് എന്ന് കാണാനാവും. ഇത്തരം മൊമന്റുകളുടെ നിർമ്മിതിയാവാം മൗലിദ്, ഉറൂസ് സദസ്സുകളെ ഇത്രമേൽ ജനകീയമാക്കി നിലനിർത്തുന്നതും.
Featured Image : സൗത്ത് സുഡാനീസ് തലസ്ഥാനമായ ജൂബയിൽ നടന്ന നബിദിന ആഘോഷം
പദ പരിചയം
മൗലിദ്: പ്രവാചകൻ മുഹമ്മദ് (സ)യുടെ ജന്മദിന ആഘോഷങ്ങളെയാണ് മൗലിദ് എന്ന പദം കൊണ്ട് പൊതുവെ അർത്ഥമാക്കുന്നത്
മാല: മുസ്‌ലിം പുണ്യാത്മാക്കളുടെ അപദാനങ്ങളാണ് മാലകൾ. ഉദാഹരണം: മുഹിയുദ്ധീൻ മാല മുഹിയുദ്ധീൻ ശൈഖിന്റെ അപദാനങ്ങളാണ്
ഉറൂസ്: മുസ്‌ലിം പുണ്യാത്മാക്കളുടെ മരണ ദിനത്തിൽ നടക്കുന്ന അവരുടെ ഓർമ്മ പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ. ആണ്ട്, ആണ്ട് നേര്‍ച്ച എന്നീ പദങ്ങളും മലയാളത്തിൽ സമാനമായ അർത്ഥത്തിൽ പൊതുവെ ഉപയോഗിക്കപ്പെടാറുണ്ട്
ചീരണി: മുസ്‌ലിം മതപരമായ ചടങ്ങുകളിൽ വിതരണം ചെയ്യപ്പെടുന്ന മധുര പലഹാരങ്ങളും ഭക്ഷണ പദാർത്ഥങ്ങളും
റബീഅ് മാസം: വസന്തം എന്നാണ് റബീഅ് എന്ന അറബി പദത്തിന്റെ അർത്ഥം. ഇസ്‌ലാമിക് കലണ്ടറിലെ മൂന്നാം മാസമായ റബീഅ് ഉൽ അവ്വലിൽ (ആദ്യ വസന്തം) ആൺ പ്രവാചകൻ ജനിച്ചത്
Comments are closed.