[സൂഫി കവിത്രയം, ഭാഗം 3]

ചുമലിൽ ശയിക്കുന്ന ‘കാവിന്റെ’ (മുളയുടെ തണ്ട്) ഒരറ്റത്ത് കൃത്യമായി നിജപ്പെടുത്തിയ എണ്ണം തൈലക്കുപ്പികളുടെ ഒരു കൂട്; മറ്റേ തലക്കൽ പഴയൊരു ഹാർമോണിയപ്പെട്ടി. നാൽകവലകളിലും മുക്കൂട്ടപ്പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ ‘കാവ്’ ഇറക്കി വെക്കപ്പെടുന്നു. മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.

ഹഖി’ന്നിറങ്ങാൻ വയ്യ
ദിക്കിന്നുറങ്ങാൻ വയ്യ
‘ഹഖി’ന്റോരാലമയ്യ
വല്ലാത്തോരാലമയ്യ…
‘അമ്മാറത്ത്‌’ ഉണ്ട് പൊൻമാറത്ത്
ആശ ദോഷങ്ങൾ ഓശാരമാക്കീടണേ
……

ജനങ്ങൾ പലവിധ രോഗങ്ങൾക്ക്  ഔഷധമായിക്കണ്ട തന്റെ ‘ഹാജി ഓയിലി’നോടോപ്പം തന്നെ കേൾക്കുന്ന മനസ്സുകൾക്ക് പകരാൻ പാട്ടുകളുടെ ചെപ്പിലൊളിപ്പിച്ച ആത്മ തീർത്ഥം യഥേഷ്ടം പാടിപ്പകർന്നു ഹാജി എസ്.കെ അബ്ദുർറസാഖ് മസ്താൻ. ആയിരക്കണക്കായ ഗാനങ്ങളിലൂടെ മലയാളത്തിന്റെ സംഗീത ചക്രവാളത്തിൽ തിളക്കമാർന്ന ഒരു താരമായി അദ്ദേഹം. എങ്കിലും ഈ കാവ്യ/ഗാനശാഖയിലെ മറ്റു പലരുടെയും പോലെ ആസ്ഥാന, ഔദ്യോഗിക സാഹിത്യ വിവക്ഷകളിൽ അദ്ദേഹം ഇടം നേടിയില്ല.

ഇലാഹീ പ്രണയത്തിന്റെ നട്ടുച്ചവെയിൽ ഏറെക്കുറെ ഉന്മാദിയാക്കിയ അദ്ദേഹത്തെ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളാണ് ഗൃഹസ്ഥാശ്രമത്തിലേക്ക് നയിക്കുന്നത്. വിവാഹിതനും വീട്ടുകാരനുമൊക്കെയായെങ്കിലും ആത്മ പ്രണയത്തിന്റെ മസ്തിൽ നിന്ന് ആ ജീവിതവും കവിതയും ആലിംഗന ബദ്ധരായി തന്നെ വർത്തിച്ചു.

അമ്പൊത്തൊരക്ഷരത്താൽ
കോർത്ത് വിട്ടൊരിൻസാനെ
ആട്ടങ്ങൾ രണ്ടു നാൾക്കെന്ന്
ഓർത്തു പാർക്കെന്റിൻസാനെ

തമ്പുരാൻ തന്റെ സിർറ്
ചുമന്ന് ചുമത്തിയീ സമാനെ
തങ്കപ്പടി സ്വർഗ്ഗം നിന്നെ
കണ്ടിടുവാനെന്റിൻസാനെ

അമ്പവന്റെ മുമ്പിലേക്ക്
കുമ്പിടെന്റെ ഇൻസാനെ
ആട്ടങ്ങൾ രണ്ട് നാൾക്കൊണ്ട്
ഓർത്ത് പാർക്കെന്റിൻസാനെ…

സമകാലികരും, സുഹൃത്തുക്കളും പരസ്പരം സ്നേഹ ബഹുമാനങ്ങൾ പുലർത്തിയവരുമായിരുന്നു ഹാജിയും കെ.വിയും. കാവ്യ ശൈലിയിലും ഭാഷാ പ്രയോഗത്തിലും ഈ സാഹോദര്യം ദർശിക്കാവുന്നതാണ്. എങ്കിലും നട്ടെല്ലുള്ള ശൈലികൊണ്ടും, ഭാഷയുടെ തനത് ഊർജ്ജം കൊണ്ടും, പാട്ടും കവിതയും തമ്മിലുള്ള അതിരും വരമ്പും ഭേദിക്കുന്ന ഭാഷയുടെ സംഗീതാത്മകത കൊണ്ടും ഹാജിക്കവിതകൾ വേറിട്ടു കേൾക്കുന്നുണ്ട്.

അലിഫ് ലാം മീമത് മറക്കേണ്ടെടാ
അതിൽ അടങ്ങിയതും അറിഞ്ഞ്‌ പാരുങ്കടാ
അറിവേകാൻ മുറബ്ബിയിൽ കൂടടാ
വിട്ടിട്ട് അമ്മാറാത്തെന്നവസ്ഥതും
വീശിട് പൊൻമയിൽ ‘വല്ലോ’ന്റെ മസ്തതും
വിധിയഅബ്ദുറസാഖിൽ താഹ് ചിഷ്തതും

അഞ്ചിൽ അമർന്നിടടാ
അകം വെളിവാക്കിടടാ
‘ആറിൽ’ അടങ്ങേടാ
അതിലാടടാ അത് നേടടാ  
അഹ്ദോനെ ആദരിക്കാൻ കൊള്ളെടാ

വ്യാഖ്യാനം ആവശ്യപ്പെടാത്തവണ്ണം സ്പഷ്ടവും സുവിദിതവുമായ വരികൾ. മരുന്ന് വാങ്ങാൻ തടിച്ചുകൂടിയവർക്കായി വിളമ്പുന്ന ആധ്യാത്മ ഔഷധക്കൂട്ടിൽ സുഗ്രാഹ്യമാം വിധം ലളിത പദങ്ങളും പുറംമോടിയായി ജനപ്രിയ ഹിന്ദി ഗാനങ്ങളുടെ ഈണങ്ങളും ചേർത്തിരിക്കുന്നു. സന്ദർഭത്തിന്റെയും അനുവാചന്റെയും താല്പര്യം മാനിച്ചാവണം കെ.വിയിൽ നിന്ന് വ്യത്യസ്തമായി പല ഗാനങ്ങളിലും തസ്വവ്വുഫിന്റെ അതിസങ്കീർണമായ പ്രയോഗങ്ങളും, സംജ്ഞകളും ഒഴിവാക്കിയത് കാണാം.

അൻപതിലത്ഭുതരാജാ
കൺ കാണാത റോജാ
രാജാ തേട് റോജാ ചൂട്     
ആലം കഥീറായ് ആലം കഥീറായ്
ചൊൽ ചൊൽ ചൊൽ    
കലിമകൾ ചൊൽ
സ്വന്ത ശഹാദത്തെയ് നില ചൊൽ
ആലം കഥീറായ്…

പലപ്പോഴും ദ്രുത കവനമെന്ന രീതിയിൽ രചിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്യുന്ന ഈ വരികൾ പദ സന്നിവേശത്തിലും ഭാഷാ പ്രയോഗങ്ങളിലും നിലീനമായ സംവാദാത്മകതയിലും, സാക്ഷാൽ ഗാനങ്ങളുടെ (ജനപ്രിയ ഹിന്ദി ഗാനങ്ങൾ) പാരഡികൾ എന്ന വിതാനത്തിൽ നിന്ന് ആത്മാവ് കൊണ്ടും  ശരീരം കൊണ്ടും എത്രമാത്രം ഉയർന്നു നിൽക്കുന്നുവെന്ന് നാം കേട്ടറിയുന്നുണ്ടിവിടെ.

ക്ലാസിക്കൽ മിസ്റ്റിക് രചനകളുടെ സഹജമായ ലക്ഷണങ്ങളിലൊന്നാണ് രൂപഭംഗിയും നർത്തനപാടവവും ശബ്ദ മാധുര്യമുള്ള പക്ഷിക്കോലങ്ങളിലേക്ക് ആത്മപ്രകൃതങ്ങളെ സന്നിവേശിപ്പിക്കുക എന്നത്. ഫരീദുദ്ധീൻ അത്താറിന്റെ പക്ഷികളുടെ പരിഷത്ത് (മന്തിഖ് ത്വയ്‌ർ) മുതൽ പക്ഷിപ്പാട്ടും “മയിൽ കോലത്തിലെഴുതിയ മീമു”മൊക്കെ ഛായവാദ (മിസ്റ്റിക്) സാഹിത്യത്തിന്റെ ഇഷ്ട പ്രതീകങ്ങളായി നിലകൊള്ളുന്നവയാണ്. ആദിയും അന്തവുമില്ലാത്ത ദൈവിക സ്വത്വത്തെ മനോജ്ഞ നർത്തമാടി ആകർഷിക്കുന്ന മയൂരമായും ജീവാത്മാക്കൾ അതിനെ കാമിച്ച് നിലകൊള്ളുകയും ചെന്ന് ചേരുകയും, ചെയ്യേണ്ട അനുരാഗവിവശരായ പെണ്മയിലുകളാണെന്നുമുള്ള സൂഫി സർഗാത്മകതയുടെ കല്പനാചാരുത തന്നെയാണ് ഹാജി ഇവിടെ പാടി വെയ്ക്കുന്നത്.

ആത്മജ്ഞാനത്തിന്റെ സങ്കീർണവും നിഗൂഢവുമായ സങ്കല്പങ്ങളും സജ്ഞകളും അതീവ ലാളിത്യമാർന്ന ഇമേജറികളിൽ ആവിഷ്കരിക്കാനുള്ള ഹാജിയുടെ സിദ്ധിക്ക് കവിതയിൽ സമാനതകൾ ഏറെയില്ല. ഗ്രാമ്യ പ്രയോഗങ്ങളും ശൈലിയും പഴഞ്ചൊല്ലുകളും മിത്തുകളും സാരസ്യവും ഹാസ്യവും സമാസമം ചേർത്ത് തസ്വവ്വുഫിന്റെ പ്രതിപാദനം കഴിയുന്നത്ര നേർപ്പിച്ച് സാങ്കേതിക പദങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഹാജി അവതരിപ്പിക്കാറ്.

ഹഖായ ഷൗഖിലാട് 
ഹവ വിട്ടിട്ടും മുന്നാട്
‘ഹമ്മ്’ ‘ദമ്മി’ൽ ‘ഹൂ’
ഉള്ളത്തില് നീ പാട്

ഹിക്മത്തതെന്ന കലിമക്കറിവാൻ ഫർളുണ്ട്
ഹിദ്മത്തിലിസ്ബാത്ത്
ദാത്തതും സ്വിഫാത്തതുണ്ട്
ഹഖെന്ന സിർറിൽ അഫ്ആലുല്ലാഹി സുബൂത്തുണ്ട്
ഹഖാനെ നമ്മിൽ സ്വിദ്ഖ റസൂലെന്ന ഹഖതുണ്ട്
തഖ്‌വയാൽ മൗനം പൂണ്ട്
തൗഹീദത്തിൽ നിണ്ട്
‘ഹമ്മ്’ ‘ദമ്മി’ൽ ‘ഹൂ’
ഉള്ളത്തില് നീ പാട്

ആത്മജ്ഞാനികളുടെ അടിസ്ഥാന ഭാവം ആനന്ദമത്രെ. ശോകത്തിന്റെയും നിരാസത്തിന്റെയും വിരക്തിയുടെയും കടമ്പകൾ കടന്ന് അവരെത്തുന്നത് നിത്യാനന്ദത്തിന്റെ അതിരും അളവുമില്ലാത്ത ആത്മസ്ഥലികളിലേക്കാവും. അത്തരമൊരാനന്ദത്തിന്റെ ബഹിർസ്ഫുരണങ്ങളാവണം പാട്ടും നൃത്തവുമെല്ലാം. അതിനാലാണ് ഹാജിക്ക് ‘ഹഖ്’ ‘ഷൗഖ്’ (ചന്തം, സൗന്ദര്യം) ആയിത്തോന്നുന്നത്. ‘ഹമ്മും’ ‘ദമ്മും’ ആത്മ പ്രഹർഷത്തിന്റെ അതിരേകങ്ങൾ തന്നെയാണ് അവിടെ ആടിത്തിമിർക്കുന്നത്. നാഥനെയറിഞ്ഞ ആത്മാവുതന്നെ അടുത്ത ചരണത്തിൽ തസ്വവ്വുഫിന്റെ ആചാരാനുഷ്ഠാനങ്ങളിലേക്കും അതിന്റെ സങ്കേതങ്ങളിലേക്കും കവി കടക്കുന്നുണ്ട്. എങ്കിലും അവ പരമാവധി സുകരം തന്നെ! ആചാരണത്തിനൊടുവിലെ ‘തഖ്‌വയാൽ മൗനം പൂണ്ട്’ എന്ന വരിയിലെ സാരസ്യം അപൂർവ്വം തന്നെയാണ് തസ്സവ്വഫിന്റെ ഭാവ പ്രകൃതി മുഴുവൻ  ‘മൗനം’ എന്ന ഒറ്റപ്പദത്തിലൊളിപ്പിച്ച് ഒരു ‘ഹൈക്കു’വിന്റെ ചാരുത നേടിയിരിക്കുന്നു ആ വരികൾ.

ഐഹികമായ കെട്ടുപാടുകളിൽ നിന്നകന്നതിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും ആനന്ദാധിക്യവും തന്നെയാണ് ഹാജിയുടെ മിക്കവാറും ഗാനങ്ങളുടെ പ്രകൃതവും ഭാവവും.

കെട്ടുപാടുകൾ വേറിട്ട ജീവിതത്തിന്റെ ആനന്ദോത്സവം തന്നെയായിരുന്നു അബ്ദുർറസാഖ് ഹാജിക്ക് ജീവിതവും കവിതയും. ഉള്ളിലും പുറത്തും വെളിച്ചത്തിന്റെ ധാവള്യം മാത്രം.

അവധൂതന്റെ ഭാവവും പ്രകൃതവും ഹാജിയെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും ദേശാന്തരങ്ങളിലേക്ക് സംക്രമിപ്പിച്ചു. കൊയിലാണ്ടിയിൽ നിന്ന് തെക്ക് കൊച്ചിയിലേക്കും കപ്പൽ കയറി ലക്ഷ്വദീപിലേക്കും ആ ഗാനങ്ങൾ യാത്ര പോയി. ദ്വീപിലെ തനതു കലാരൂപമായ ദോലിപ്പാട്ടുകളിൽ ഹാജിയുടെ ഗാനങ്ങൾ വ്യാപകമായി ആലപിച്ച്‌ പോരുന്നു.

ഇത്രയും ലളിതമായി മനുഷ്യാത്മാവിന്റെ ഭിന്ന ഘട്ടങ്ങളെയും ഭാവങ്ങളെയും ആർക്ക് വർണ്ണിക്കാനാകും.?

മസാറുകളുടെ ഗാഥാകാരൻ

സൂഫീ ആചാര പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് മസാറുകൾ. ജാറങ്ങൾ, ദർഗ്ഗകൾ എന്നിങ്ങനെയെല്ലാം അവ അറിയപ്പെടുന്നുണ്ട്. ഖബർസ്ഥാനുകൾ എന്ന നിലയിൽ അചേതനമായ ഒരു സാരവും സാന്നിധ്യവുമല്ല മസാറുകൾക്കുള്ളത്. പരംപൊരുളായ നാഥനിലേക്ക് പ്രണയാതുരരും വിലയം പ്രാപിച്ച ആത്മാക്കളുടെ ഭൂമിയിലവശേഷിക്കുന്ന സ്മരണാലയങ്ങളാണവ. ഖബറിടങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥനകളർപ്പിക്കുകയും ചെയ്യുകയെന്നത് സാധാരണ ജനങ്ങളുടെ കാര്യത്തിൽ പോലും സുവിദിതമാണെന്നിരിക്കെ അല്ലാഹുവാൽ തിരഞ്ഞെടുക്കപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്തവരുടെ മൃതി കുടീരങ്ങൾ അവരുടെ ആത്മ പ്രഭാവം സ്ഫുരിക്കുന്നയിടങ്ങൾ തന്നെയെന്നതാണ് അഭിജ്ഞ മതം. അതിനാലാവണം ഖബറിടങ്ങൾ പൂന്തോപ്പ് (മസാർ) കളായത്; ചരമ ദിനങ്ങൾ ‘ഉറൂസുകൾ’ ജീവാത്മാ പരമാത്മാ സംഗമ ദിനങ്ങൾ (ഉറൂസ് എന്ന അറബി പദത്തിന് വിവാഹം എന്ന അർത്ഥമുണ്ട്) ആയത്.

ആത്മീയാന്വേഷണത്തിന്റെ അവിരാമമായ യാത്രയിൽ കേരളത്തിലങ്ങോളമിങ്ങോളവും പുറത്തുമുള്ള പുണ്യ ഗേഹങ്ങൾ ഹാജിയുടെയും അഭയ സ്ഥലികളായിരുന്നിരിക്കണം. താൻ സന്ദർശിച്ച ജാറങ്ങളെക്കുറിച്ച് ആയിരക്കണക്കായ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് . അവിടങ്ങളിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹത്തുക്കളുടെ ലഘുചരിത്രവും അപദാനങ്ങളുമടങ്ങിയ സുന്ദരകവനങ്ങളാണവയെല്ലാം.

രക്ത സാക്ഷികളിൽ രത്നതുല്യരും അഗ്രിമസ്ഥാനീയറുമായ ബദ്രീങ്ങളെക്കുറിച്ച് ഹാജി പാടുന്നത്‌  കാണുക :

ബദ്‌രീങ്ങളുടെ പോരാട്ട വീര്യത്തോടൊപ്പം ആ മഹത്തുക്കളുടെ ആത്മ പ്രഭാവത്തിലേക്ക് വെളിച്ചം വീശുന്ന പദാവലികൾ ഈ കാവ്യത്തെ മറ്റു പാട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതായി കാണാം.

എന്ന് തുടങ്ങുന്ന ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂമിനെക്കുറിച്ചുള്ള ഗാനവും

മമ്പുറം വാഴും സയ്യിദ് അലവീ വലീ
ആന്ന് ദീവാനിൽ ഖുതുബു സമാനാ വലി
രാജ രാജാങ്ക ഷാ വലീ -— വലി
തറയാം ശരീഅത്ത് കെട്ടിപ്പടുത്ത്
ചിത്താരത്ത് ഹഖീഖോടടുത്ത്
വലി കരളിൻ തിങ്കൾ മഹാനാവലി
ആന്ന് ദീവാനിൽ ഖുതുബുസ്സമാനാ വലി…

ചടുലമായ ഖവ്വാലി മാതൃകയിലുള്ള മമ്പുറം തങ്ങളുപ്പാപ്പ(റ)യെക്കുറിച്ച ഗാനവും സുപ്രസിദ്ധമാണ്.

അജ്മീറിൽ വാഴുന്നോരെ
അത്ഭുത – ഖാജാ മുഈനുദ്ദീനോരെ
യജമാനിലൊന്നെന്നും പ്രിയമായ പൊന്നും സർദാർ
എഴുപത് ബാബ് തുറന്നിടും മുഹ്‌യുദ്ദീൻ ശൈഖവർ
കനിഞ്ഞിടും നൂറ്
നിജമായ ദീനിൽ കരം തന്തണക്കും
ചിഷ്തിയാം സുഹൂറ്
നിരീശ്വരത്വം മുറിഞ്ഞ അജ്മീർ നഗറിൽ
വസിക്കും പൂമലര്

എന്ന് പാടുന്ന അജ്മീർ ഖ്വാജയെക്കുറിച്ചുള്ള ഗാനം ആ മഹാനുഭാവന്റെ മഹത്വവും യശസ്സും പദങ്ങളുടെ മടുപ്പിക്കാത്ത ധാരാളിത്തത്തിൽ മനോജ്ഞമായ ഖവ്വാലി ശീലിൽ എഴുതപ്പെട്ടിരിക്കുന്നു.

വീശിടും ഏർവാടി ബന്തർ സന്ദേശ
ഫീ സബീലണിയിൽ പുലികൾ പോരിശ
വേശിടും ഇബ്രാഹീമോർ വലി ബാദുഷ
പുത്രരാം അബൂ ത്വാഹിറിലും വിജയാശംസ

ആശിഖോരുടെ ജാഹതിനാൽ
ഹയ്യവാ എൻ കൊതി തീർത്തിടണേ
ദാസൻ എന്നരുടെ ഭാര വിഷമങ്ങൾ തീർത്തിടണേ
ബാദുഷ ഇബ്രാഹീം ഖുതുബോർ ഹഖാലെ…

തുടർന്നുള്ള വരികളിൽ പ്രതിപാദിക്കും പ്രകാരം സ്വർഗ്ഗത്തിലെ “പച്ചക്കിളികളായ” “പ്രാണനുള്ള” ഏർവാടി രക്തസാക്ഷികളുടെ ജാഹിനായുള്ള ഗാനാർച്ചന തന്നെയാണ് ഈ കാവ്യം.

കടലുണ്ടി നാടിലേക്ക് ‘കടലിൽ മുസ്വല്ലയിട്ട്’ഹിദായത്തിൻ്റെ പ്രകശമായി വന്ന സയ്യിദ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി തങ്ങളെക്കുരിച്ച് അനവദ്യ സുന്ദരമായ ഹാജിയുടെ ഗാനമിതാ:

ദേശീയ, പ്രാദേശിക പ്രസിദ്ധിയർജ്ജിച്ച സൂഫീവര്യന്മാർ, രക്തസക്ഷികൾ, പണ്ഡിത മഹത്തുക്കൾ, സാദാത്തുകൾ…. ഇങ്ങനെ പൂർണ്ണമായി പ്രതിപാദിക്കാൻ എളുപ്പമല്ലാത്ത വിധം അത്യധികമാണ് അദ്ദേഹത്തിൻ്റെ ഇവ്വിഷയകമായ രചനകൾ. ഓരോ ഗാനവും അതതു മഹത്തുക്കളുടെ ചരിത്രം, പ്രദേശ വിവരണം, കറാമത്തുകൾ എന്നിവയോടൊപ്പം ഇവക്കെല്ലാം ചാലകമായി വർത്തിക്കുന്ന തസ്വവ്വുഫിലധിഷ്ടിതമായ ആധ്യാത്‌മിക പ്രഭാവം ഓരോ രചനയേയും വേറിട്ടതും പ്രകാശപൂരിതവുമാക്കുന്നു.

ജഢരൂപമായ ദേഹവും കാല സ്ഥലികളുടെ അസ്ഥിര  പ്രകൃതവും തിരിച്ചറിഞ്ഞ് ദേഹിയെ കാമിച്ചും ദേശാന്തരങ്ങളിലൂടെയുള്ള അലച്ചിലിൻ്റെ ചലനാത്‌മകതയിൽ ജഗ-നിയോഗം സാഫല്യം പ്രാപിച്ചും ഈ കുറിപ്പിലെ മറ്റു അവധൂത കവികളെപ്പോലെ ഹാജിയും സ്വന്തം ജീവിതവും ദൗത്യവും സാക്ഷാത്കരിച്ചു. പാട്ടും, പഴക്കവും മരുന്നും ‘മന്ത്ര’വും ആത്‌മീയോപാസനയുടെ പാഥേയങ്ങൾ മാത്രമയിരുനു അവർക്ക് .
    
ഉത്തമരുടെ സൂര്യ ശോഭ അവർക്ക് കാഴ്ചയായത് പോലെ നാം ലൗകികർ കാണുന്ന പലതിനെയും നിഷ്പ്രഭമാക്കുകയോ നിസ്സാരമാക്കുകയോ ചെയ്തു, സാമാന്യ യുക്തിയുടെ ചതുര വടിവിനപ്പുറത്തേക്ക്  അവരുടെ ജീവിതങ്ങൾ വികസ്വരമാവുകയും സാധാരണ വ്യാകരണ നിയമങ്ങൾ കവിഞ്ഞ് അവരുടെ ഭാഷ പടർന്ന് കയറുകയും ചെയ്തത് അങ്ങനെയാണ്.


ദക്ഷിണേന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ ആത്മജ്ഞാന കാവ്യ ശാഖയുടെ ഈ ലഖു വിവരണം അവസാനിപ്പിക്കും മുൻപ് ഇവിടെ പ്രതിപാദിച്ച പൂർവ്വിക കവികൾ, കവിത്രയം എന്നീ കാവ്യ വ്യക്തിത്വങ്ങളോടൊപ്പം അവർക്ക് സമകാലികരും അല്ലാത്തവരുമായ അനേകം കവികൾ കൂടിയുണ്ടെന്ന് വ്യക്തമക്കട്ടെ.  അവരിൽ സവിശേഷം സ്‌മർത്തവ്യരാണ് മർഹൂം ഇമ്പിച്ചിക്കോയ തങ്ങൾ, മസ്ത് ബാവ, എൻ.പി. മുഹമ്മദ്, ഹംസ ലബ്ബ, സി.പി മുഹമ്മദ് വേങ്ങര എന്നിവർ. 

കടപ്പാട്:

തസവ്വുഫ് സംബന്ധിയായ വിവരങ്ങൾക്ക് ആദരണീയനായ സയ്യിദ് ജാഫർ സഖാഫ് തങ്ങൾ, കവികളെക്കുറിച്ചും, ഗാനങ്ങളെക്കുറിച്ചും പറഞ്ഞു തന്ന അനുഗ്രഹീത ഗായകൻ, ഗാന സമ്പാദകൻ മുസ്തഫ തവക്കൽ കടലുണ്ടി എന്നിവരോട് സ്നേഹാദരങ്ങൾ.

Comments are closed.