ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ട്മെന്റിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന സുലൈമാൻ ബഷീർ ദിയഗ് നെയുമായി സുരേൻ പിള്ളയ് നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ചില ഭാഗങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ദക്ഷിണാഫ്രിക്കൻ അക്കാദമിയിലെ അറിവിന്റെ അപകോളനീകരണത്തെ സംബന്ധിച്ച ചിന്തകളുടെ വംശാവലി പരിശോധിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി നടത്തിയതാണ് ഈ അഭിമുഖം. തർക്കശാസ്ത്രത്തിന്റെ ചരിത്രം, തത്വശാസ്ത്രത്തിന്റെ ചരിത്രം, ഇസ്‌ലാമിക ദാർശനികത, ആഫ്രിക്കൻ തത്വചിന്ത, സാഹിത്യം എന്നീ വിഷയങ്ങളിലാണ് ദിയഗ് നെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 1980- 90 കാലഘട്ടങ്ങളിലെ അക്കാദമിക സംവാദങ്ങളിൽ മുൻനിരക്കാരൻ കൂടിയായിരുന്നു ദിയഗ് നെ. മുസ്‌ലിംകളടക്കമുള്ള ആഫ്രിക്കൻ ദാർശനികർ മതസംബന്ധിയായ കാറൽ മാർക്സിന്റെ ചിന്തകളുമായി നടത്തിയ ഇടപാടുകളെ പുനരാലോചിക്കുകയാണ് ദിയഗ് നെ അഭിമുഖത്തിൽ.

സുരേൻ പിള്ളയ് : ഒരു പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമായിട്ടാണ് താങ്കൾ ഇസ്‌ലാമിക് ഫിലോസഫിയിൽ ഒരു കോഴ്സ് രൂപപ്പെടുത്തുന്നത് എന്ന് മുമ്പ് പറഞ്ഞിരുന്നുവല്ലോ. എന്തായിരുന്നു ആ സാഹചര്യം?

സുലൈമാൻ ബഷീർ ദിയഗ് നെ : 1982-ലാണ് ഷെയ്ഖ് അന്റാ ദിയോപ്പ് യൂണിവേഴ്സിറ്റിയിൽ ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്. ഇറാൻ വിപ്ലവം കഴിഞ്ഞ് മൂന്നാം വർഷമായിരുന്നു അത്. വിപ്ലവത്തിന് ശേഷം ക്യാമ്പസിൽ ഹിജാബ്, മുഖമക്കന, ഇറാനിയൻ ചാദർ എല്ലാം ധരിക്കുന്ന പെൺകുട്ടികൾ കൂടുതലായി കണ്ട് തുടങ്ങി. മുസ്‌ലിമാവുക എന്ന രാഷ്ട്രീയ സ്വത്വ നിർണയത്തിന്റെ ഭാഗമായാണ് ക്യാമ്പസിൽ ഇസ്‌ലാം എത്തുന്നത്. ഈ ഘട്ടത്തിൽ, ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തുള്ള സർവ്വകലാശാലയിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റ് എന്ന നിലയിൽ ഇസ്‌ലാമിലെ തത്വചിന്ത പാരമ്പര്യത്തെ കൂടി അവർക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന് ഞങ്ങൾ കരുതി. യുക്ത്യാധിഷ്ഠിത വാദം, സന്ദേഹ വാദം, ഇസ്‌ലാമിക ദാർശനികരുടെ യുക്തിചിന്ത എന്നിവ പഠിപ്പിക്കാനായിരുന്നു തീരുമാനം. അതായിരുന്നു ഇസ്‌ലാമിക് ഫിലോസഫിയിൽ ഒരു കോഴ്സ് രൂപവത്കരിക്കുന്നതിലേക്ക് നയിച്ച ഘടകം.

നിലവിൽ തത്വചിന്തയിൽ ഇത്തരം വ്യവഹാരങ്ങൾ കൂടുതലായും കാണപ്പെടുന്നത് ഫ്രഞ്ച് പാരമ്പര്യത്തിലാണ്?

അതെ. ഫിലോസഫിയുടെ ചരിത്രമെന്നത് ഗ്രീക്ക് ഫിലോസഫി, മധ്യകാലത്തെ ഫിലോസഫി, പ്രത്യേകിച്ചും ക്രിസ്ത്യൻ ഫിലോസഫി, ലാറ്റിൻ ക്രിസ്ത്യൻ ഫിലോസഫി എന്നിവ അടങ്ങിയതാണ്. അതേ സമയം ഗ്രീക്കിലെ യാഥാസ്ഥിക ഫിലോസഫിയോ, മധ്യകാലത്തെ ഇസ്‌ലാമിക് ഫിലോസഫിയോ, ജൂത പാരമ്പര്യമുള്ള ഫിലോസഫിയോ അതിൽ ഉൾപ്പെട്ടിരുന്നില്ല. യഥാർത്ഥ മധ്യകാല ഫിലോസഫിയെ മനസ്സിലാക്കണമെങ്കിൽ അക്കാലത്തെ ധൈഷണിക സംവാദങ്ങൾ പുനർനിർമ്മിക്കണമെന്ന് വാദിക്കുന്ന ഫിലോസഫിയുടെ അനേകം ചരിത്രകാരന്മാരുണ്ട് ഇന്ന് ഫ്രാൻസിൽ. അതായത് ഈ ദാർശനികരെല്ലാം മുസ്‌ലിം, ജൂത ദാർശനികരുമായി സംവാദങ്ങളിൽ ഏർപ്പെട്ടവരായിരുന്നു. ഉദാഹരണത്തിന്, തോമസ് അക്വിനാസിനെ എടുക്കാം. അദ്ദേഹം സെന്റ് തോമസ് അക്വിനാസ് ആകുന്നതിനുമുമ്പ് മതനിന്ദയുടെ പേരിലും ഇബ്നു റുഷ്‌ദിയൻ ആയതിന്റെ പേരിലും വൻ ആരോപണങ്ങൾക്ക് വിധേയനായിരുന്നു. മുസ്‌ലിം ദാർശനികനായ ഇബ്നു റുഷ്‌ദിനെ വായിച്ച അക്വിനാസ് അരിസ്റ്റോട്ടിലിനെ വായിക്കുന്നതും ഇബ്നു റുഷ്‌ദിന്റെ എഴുത്തുകളിൽ നിന്നാണ്. അപ്പോൾ ഇബ്നു റുഷ്ദിനെ വായിക്കാതെ തോമസ് അക്വിനാസിനെ വായിക്കാനായില്ല. മധ്യകാല ഫിലോസഫിയെ കുറിച്ചുള്ള നമ്മുടെ ധാരണ എത്രത്തോളം സങ്കുചിതമാണ് എന്ന് മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.

ഫിലോസഫിയുടെ ചരിത്രം ഒരു യൂറോപ്പ്യൻ ഇടപാട് മാത്രമായിരുന്നു എന്നത് ആത്യന്തികമായി പത്തൊമ്പതാം നൂറ്റാണ്ടിൽ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യവഹാരമായിരുന്നു. ഉദാഹരണത്തിന്, ഹെഗലിനെ സംബന്ധിച്ചിടത്തോളം ഫിലോസഫിയുടെ ചരിത്രവും absolute spirit ന്റെ ചരിത്രവും ഗ്രീക്ക് ദിവ്യ അത്ഭുതങ്ങളിൽ നിന്നും തുടങ്ങുന്ന യൂറോപ്യൻ വ്യവഹാരമായിരുന്നു. അത്ഭുതം എന്ന് വിളിക്കൽ സൗകര്യപ്രദമാകുന്നത് അത്ഭുതങ്ങൾക്ക് പൂർവ്വ ഉത്ഭവമുണ്ടാവണമെന്നില്ല എന്നത്കൊണ്ടാണ്. യൂറോപ്പിൽ നിന്ന് തുടങ്ങി യൂറോപ്പിൽ തന്നെ തങ്ങിയ യൂറോപ്യൻ വൻകരയുടെയും യൂറോപ്യൻ മാനവികതയുടെയും അൽഭുതം. അതു കൊണ്ടു തന്നെ ഫിലോസഫിയുടെ ചരിത്രത്തിന്റെ ഈ വ്യവഹാരത്തിനെതിരെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് ഞങ്ങൾക്ക് തോന്നി. ഒരു മുസ്‌ലിം രാജ്യത്തെ സർവകലാശാലയിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റ് എന്ന നിലക്ക് അത് വളരെ പ്രധാനവുമാണ്. ആഫ്രിക്കൻ ഫിലോസഫി പഠിപ്പിക്കാൻ ഞങ്ങൾക്ക് കീഴിൽ അധ്യാപകർ ഉള്ളതുപോലെ ഇസ്‌ലാമിന്റെ ചരിത്രം പഠിപ്പിക്കാനും അധ്യാപകരെ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു.

സെനഗലിലെ ഇടതു പാരമ്പര്യവുമായി താങ്കൾക്ക് ഉണ്ടായിരുന്നു ബന്ധത്തെപ്പറ്റി താങ്കൾ സംസാരിച്ചിരുന്നുവല്ലോ. ആ രാഷ്ട്രീയ പാരമ്പര്യത്തോട് എന്തു തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്?

വിദ്യാർത്ഥി കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയിലും അണിചേർന്നിരുന്നില്ല എങ്കിലും ഞാൻ സ്വയം ഒരു മാവോയിസ്റ്റ് ആയിരുന്നു. ഫ്രാൻസിലായിരുന്നപ്പോൾ രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു യൂണിയനിൽ അംഗമായി. അതു കൊണ്ടുതന്നെ അൽത്തൂസർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി കൂടിയായിരുന്നു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു അൽത്തൂസർ. പാർട്ടിയിലെ വിമതനായ അംഗമായിരുന്നെങ്കിലും Normale കോളേജിലെ തലമുറകളെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്ത് ഫ്രാൻസിലെ École Normale Supérieure കോളേജ് തീവ്ര ഇടത് ചിന്താഗതിയുടെ കേന്ദ്രം കൂടിയായിരുന്നു. അങ്ങനെയാണ് Normale ലെ രാഷ്ട്രീയ ഗതി എന്റെ ധൈഷണിക മണ്ഡലത്തെ സ്വാധീനിക്കുന്നതും, ഞാൻ മാവോയിസ്റ്റ് ചിന്തയുടെ ഭാഗമാവുന്നതും

സെനഗലിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വാധീനമുണ്ടായിരുന്നോ? ഈസ്റ്റ് ആഫ്രിക്കയിലെ സർവ്വകലാശാല ബുദ്ധിജീവിക്കിടയിൽ ചെറിയ തോതിൽ മാവോയിസ്റ്റ് സംഘടനകൾ പ്രവർത്തിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

സെനഗലിൽ മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. 1968-ലെ സംഭവ വികാസങ്ങൾ സെനഗലിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമർഹിക്കുന്നതായിരുന്നു. ആ സംഭവങ്ങൾക്കൊക്കെ ശേഷമാണ് എന്റെ തലമുറ കടന്നു വരുന്നത്. 1968 ന്റെ അനുഭവ സമ്പത്തുള്ളവരായിരുന്നില്ല ഞങ്ങൾ. ഞങ്ങൾക്ക് വളരെ ചെറുപ്പമായിരുന്നു. പക്ഷേ 1968 ന്റെ അനന്തരഫലങ്ങൾ ഞങ്ങളും അനുഭവിച്ചിരുന്നു. അന്നത്തെ വിപ്ലവത്തിൽ പങ്കെടുത്ത വിദ്യാർഥികളായിരുന്നു എന്റെ പ്രചോദനം. അതിലൊരാൾ എന്റെ ബന്ധുവായ ആലിയൻ സൽ പലോമ ആയിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജീവിച്ചിരുന്ന അദ്ദേഹം താബോ എംബക്കിയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന African Futures Institute ന്റെ തലവൻ കൂടിയായിരുന്നു.

Normale ൽ പലോമയുടെ ഉറ്റ സുഹൃത്തായിരുന്നു ഒമർ ബ്ലണ്ടിൻ ദിയോപ്. ഇരുവരും 1968 വിപ്ലവ പ്രസ്ഥാനത്തിലെ ഫ്രഞ്ച് നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അവർ രണ്ടുപേരും സെനഗലിലെ അറിയപ്പെട്ട ഇടതു പ്രവർത്തകരായിരുന്നു. 1970 ൽ രണ്ടു പേരും അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെടുകയും ജയിലിൽ വെച്ച് ഒമർ കൊല്ലപ്പെടുകയും ചെയ്തു. തീവ്ര ഇടതുപക്ഷത്തിന് തീരാ നഷ്ടമായിരുന്നു ഒമറിന്റെ മരണം. അക്കാരണത്താൽ സെനഗൽ പ്രസിഡന്റ് സെൻഘോറിന് വിമർശനങ്ങൾ ഏറ്റിരുന്നു. ഒമറിന്റെ മരണത്തിനു പിന്നിൽ സെൻഘോറിന്റെ ഗൂഢാലോചനയുണ്ടെന്നു എന്ന് വരെ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ സെൻഘോർ അത്തരത്തിലുള്ള ആളായിരുന്നില്ല. ഒമറിന്റെ മരണവാർത്ത കേട്ട് സെൻഘോർ പൊട്ടിക്കരഞ്ഞിരുന്നു. 1968 ന് ശേഷം അദ്ദേഹം ഫ്രഞ്ചുകാരനല്ലാത്തതിനാൽ 1968 നു ശേഷം അദ്ദേഹത്തെ ഫ്രഞ്ച് അധികാരികൾ ഫ്രാൻസിൽ നിന്നും പുറത്താക്കി.

സെൻഘോർ തന്റെ സുഹൃത്തായ ജോർജസ് പോംപിഡോ മുഖേന ഫ്രഞ്ച് അധികാരികൾ തനിക്കു മേൽ ഏർപ്പെടുത്തിയ വിലക്ക് നീക്കാനും അതുവഴി ഒമറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഒമർ Normale ലെ വിദ്യാർത്ഥി ആണെന്നും ദാർശനികനാണെന്നും അറിഞ്ഞപ്പോൾ സെൻഘോർ അത്ഭുതപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഒമർ ജയിലിൽ വെച്ച് കൊല്ലപ്പെടുന്നത്.മറ്റൊരു കാര്യം ഴാങ് ലുക് ഗൊഡാർഡിന്റെ La chinoisie എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട ചെറുപ്പക്കാരനായ സെനഗൽക്കാരൻ ഒമറായിരുന്നു. ചിത്രത്തിൽ മാർക്സിസത്തെക്കുറിച്ചുള്ള പുസ്തകം ഒമറാണ് വിശദീകരിക്കുന്നത്.

മാർക്സിസവുമായി ബന്ധപ്പെട്ട ഒരു സംവാദത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. എന്തായിരുന്നു ഇസ്‌ലാമിക് ഫിലോസഫിയെക്കുറിച്ചും ആഫ്രിക്കൻ ഫിലോസഫിയെക്കുറിച്ചുമുള്ള സംവാദങ്ങൾ താങ്കൾക്കും സംവാദത്തിൽ താങ്കളോടൊപ്പം ഉണ്ടായിരുന്നവർക്കും കാണിച്ചു തന്നത്?

മാർക്സിസ്റ്റ് ലെഫ്റ്റ് ആഫ്രിക്കൻ ഫിലോസഫിയിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. എത്തനോ-ഫിലോസഫിയുടെ വിമർശനമാണ് ഇടതു പക്ഷം ഉയർത്തിക്കൊണ്ടു വന്നത്. ആഫ്രിക്കൻ പരികൽപ്പനകളും മത സങ്കൽപ്പങ്ങളും നിരീക്ഷിച്ചു കൊണ്ട് അവർ വാദിച്ചത് ആഫ്രിക്കൻ ഫിലോസഫി യഥാർത്ഥ ഫിലോസഫിയല്ല എന്നാണ്. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് വര്‍ഗ്ഗസമര സിദ്ധാന്തമാണ്. എത്തനോ-ഫിലോസഫിയെ വിമർശിക്കുന്ന പ്രധാന ദാർശനികനായ പോളിൻ ഹൗണ്ടോഡ്ജി പറയുന്നത് “ആരാധനാ കേന്ദ്രങ്ങൾ എന്ത് ചെയ്തു എന്നതോ അതിന്റെ അനുയായികൾ എന്ത് എഴുതി എന്നതോ യഥാർത്ഥത്തിൽ ഫിലോസഫി അല്ല” എന്നാണ്. അക്കാര്യത്തിൽ അദ്ദേഹം വളരെ അൽത്തൂസറിയൻ ആയിരുന്നു.

എന്താണ് ഫിലോസഫി, എന്താവണം ഫിലോസഫി എന്നതിനെ സംബന്ധിച്ചുള്ള യാഥാസ്ഥിക മാർക്സിയൻ നിലപാടുകളിൽ നിന്നുമുള്ള ഒരു തെന്നിമാറ്റമാണ് സെൻഘോറിന്റെ ചിന്തകളോടുള്ള എന്റെ താൽപര്യം. എന്താണ് ഫിലോസഫി എന്നതാണ് വിമർശനത്തിന് മാനദണ്ഡമാക്കേണ്ടത്. അല്ലാതെ ആഫ്രിക്കൻ, ഇസ്‌ലാമിക് ഫിലോസഫി ഒരു മതം, ആദർശവാദം, ആത്മീയത എന്നിവ ആയതുകൊണ്ട് ഫിലോസഫി അല്ലാതെ വരുന്നില്ല. അത്തരം തീവ്ര നിലപാടുകൾ കാമറൂണിയൻ ദാർശനികനും യാഥാസ്ഥിതിക മാർക്സിസ്റ്റുമായ മാർഷ്യൻ തോവയിൽ കാണാം. മതവുമായി ബന്ധമുള്ളതിനൊന്നും ഫിലോസഫി ആവാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഫിലോസഫിയെക്കുറിച്ച് അത്രയും സങ്കുചിതമാണ് ധാരണകൾ. ദാർശനികർ ഇക്കാലമത്രയും ലോകത്തെ വ്യാഖ്യാനിച്ചത് ലോകത്തെ രൂപാന്തരപ്പെടുത്താൻ വേണ്ടിയാണ്. അതു കൊണ്ട് അത്തരം രൂപാന്തരങ്ങളിലേക്ക് നയിക്കുന്നവയാണ് യഥാർത്ഥ ഫിലോസഫി എന്ന് അവർ വിശ്വസിച്ചിരുന്നു. ഞങ്ങൾക്കും അത്തരം ധാരണകൾ ഉണ്ടായിരുന്നു. ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന എന്റെ മേഖലയിൽ പോലും ആ രീതിയിലായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് അതിൽ നിന്നും ഞാൻ പിന്മാറി. മതത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഞാൻ സ്വയമേ ഒരു മാവോയിസ്റ്റും മാർക്സിസ്റ്റും ആയിരുന്നെങ്കിലും ഒരിക്കലും നാസ്തികനായ ഭൗതികവാദി ആയിരുന്നില്ല. ഇസ്‌ലാമെന്ന മതത്തെയായിരുന്നു ഞാൻ ഉൾവഹിച്ചിരുന്നത്. ഒരിക്കൽ പോലും ഞാനതിനെ ഉപേക്ഷിച്ചിരുന്നില്ല.

ആദ്യ കാല മാർക്സിനും പിൽക്കാല മാർക്സിനും ഇടയിലെ വ്യത്യാസത്തിന് താങ്കൾ അതീവ പ്രാധാന്യം നൽകിയിരുന്നു എന്നറിയാം. വളരെ കൃത്യമായ അതിരുകൾ ഒന്നും കൂടാതെ അവ രണ്ടിനെ കുറിച്ചുമുള്ള ചിന്തകൾ എങ്ങനെയാണ് സാധ്യമാക്കിയത്? അക്കാലത്ത് താങ്കൾക്ക് അവയെക്കുറിച്ച് ധാരണയുണ്ടായിരുന്നുവോ?

അക്കാലത്ത് എനിക്ക് അത്തരം ധാരണകൾ ഉണ്ടായിരുന്നില്ല. എന്റെ ആത്മീയ പാരമ്പര്യത്തെ രാഷ്ട്രീയ പ്രതിബദ്ധതയുമായി ഞാൻ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. സെൻഘോറിനെ പോലെയുള്ള ഒരാൾക്ക് ഇക്കാര്യം എങ്ങനെയായിരിക്കുമെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. തന്നെപ്പോലെ കത്തോലിക്കൻ വിശ്വാസിയുമായി സംവദിച്ചിരുന്ന വ്യക്തിയായിരുന്നു ആദ്യ കാല മാർക്സ് എന്ന് സെൻഘോർ ധരിച്ചിരുന്നു. ഒരു സോഷ്യലിസ്റ്റ് എന്ന നിലക്ക് അന്യവൽക്കരണത്തെ വളരെ സൂക്ഷ്മാർത്ഥത്തിലാണ് അദ്ദേഹം കണ്ടത്. മനുഷ്യ വികാരങ്ങളെ അവനിൽ നിന്നും അവന്റെ മാനവികതയിൽ നിന്നും അവന്റെ തൊഴിലിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. മാനവികതയുടെ ആവിഷ്കാരമാകുന്നതിനു പകരം അവന്റെ രക്തത്തെ ഊറ്റിക്കുടിക്കുകയാണ് തൊഴിൽ. മാർക്സിലെ അത്തരം ചിന്തകളാണ് മതവിശ്വാസിയായ സെൻഘോറിനോട് സംവദിച്ചത്. ഫ്രഞ്ച് പാരമ്പര്യത്തിലെയും യൂറോപ്യൻ പാരമ്പര്യത്തിലെയും ഇടതുപക്ഷ ക്രിസ്ത്യാനികൾക്ക് മാർക്സ് ഒരു പ്രധാന വ്യക്തിയാവാനുള്ള കാരണം എന്തായിരുന്നുവെന്ന് ഇത് മനസ്സിലാക്കിത്തരുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഫ്രാൻസിലെ ഇടതുപക്ഷ മത പുരോഹിതന്മാരിൽ പലരും മാർക്സിന്റെ ആദ്യ കാല രചനകളുടെ അടിസ്ഥാനത്തിൽ ഹ്യൂമനിസത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 1948 ൽ രണ്ടാം ലോക മഹായുദ്ധാനന്തരം അദ്ദേഹം ‘മാർക്സിസവും ഹ്യൂമനിസവും’ എന്ന തലക്കെട്ടിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ലേഖനമെഴുതി. ആ ലേഖനത്തിൽ അദ്ദേഹം മാർക്സിനെക്കുറിച്ച് പറയുന്നത് : “ഇതാണ് യഥാർത്ഥ മാർക്സ്. കൂടുതൽ പോസിറ്റിവിസ്റ്റും ശാസ്ത്രവാദിയും ആയ മാർക്സ് യഥാർത്ഥത്തിൽ ചതിക്കപ്പെടുകയായിരുന്നു”. മാർക്സ് മതത്തെ കുറിച്ച് പറഞ്ഞതെല്ലാം മതം എന്തായി മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള മതപരമായ പ്രതികരണമായിരുന്നു എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. സാമൂഹിക സന്ദേശം നഷ്ടപ്പെട്ട് ഉറഞ്ഞു പോയ മതത്തിനെതിരെ ഉയർത്തേണ്ട വിമർശനം ഇതായിരുന്നു എന്നും ഒരേ സമയം മതാത്മകമായി ചിന്തിക്കുകയും, സാമൂഹ്യ നീതിക്കായി പോരാടുകയും ചെയ്യുന്നവർക്ക് ഈ മാർക്സിനെ ഉപയോഗപ്പെടുത്താനാവും എന്നും അദ്ദേഹം വിശ്വസിച്ചു. അഥവാ ഒരു വിമോചന ദൈവശാസ്ത്രം പോലെ. വിമോചന ദൈവശാസ്ത്രം എന്ന് സെൻഘോർ ഉപയോഗിച്ചില്ലെങ്കിലും അദ്ദേഹം ഒരു വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം പോലെയാണ് മാർക്സിസത്തെ കണ്ടത്.


Featured Image: Souleymane Bachir Diagne

വിവർത്തനം : എൻ.മുഹമ്മദ്‌ ഖലീൽ

Comments are closed.