തിരുനബിയെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങളിൽ വേറിട്ട് നിൽക്കുന്നതാണ് മാർടിൻ ലിംഗ്സിന്റെ ‘മുഹമ്മദ്‘ (Muhammad: His Life Based on the Earliest Sources). നിരവധി ജീവചരിത്ര രചനകൾക്കിടയിൽ ഈ ഗ്രന്ഥം വായനക്കാനായി എന്നെ പ്രോത്സാഹിപ്പിച്ചവരിൽ പ്രമുഖൻ മുട്ടാണിശ്ശേരിൽ കോയാക്കുട്ടി ഉസ്താദാണ്. കെ.ടി സൂപ്പി മാസ്റ്റർ ഭംഗിയായി വിവർത്തനം ചെയ്ത്, അദർ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷക്ക് അവതാരിക എഴുതുവാനായി ഉസ്താദിനെ നിർദ്ദേശിച്ച എഡിറ്റോറിയൽ മീറ്റിംഗിൽ ഞാനും ഉൾപ്പെട്ടിരുന്നു. അവതാരിക എഴുതാനുള്ള അപേക്ഷയുമായി ഒരു വെള്ളിയാഴ്ച ഔസാഫ്ക ഉസ്താദിനെ വിളിക്കുമ്പോൾ ജുമുഅക്ക് പള്ളിയിൽ പോകുന്നതിന് മുമ്പായി പതിവുപോലെ പുസ്തകത്തിലെ ഏതാനും പേജുകൾ വായിക്കുകയായിരുന്നു ഉസ്താദ്. മാർടിൻ ലിംഗ്സ് കൂടി ഉൾപെട്ട പെരേന്നിയൽ ഫിലോസഫിയെ രൂക്ഷമായി വിമർശിച്ചിരുന്ന ബാംഗ്ലൂരിലെ അൻവറാണ് പുസ്തകം വായിക്കാൻ എന്നെ ഉപദേശിച്ച മറ്റൊരാൾ. വിമർശകരും ആരാധകരും പറഞ്ഞ് കേട്ട് പുസ്തകം വായിച്ച എത്രയോ ആളുകളുണ്ടാവും. എഴുത്തിന്റെ വിശദാംശങ്ങളേക്കാൾ കാവ്യാത്മകമായ പുസ്തകത്തിന്റെ ശൈലിയാണ് മാർടിൻ ലിംഗ്സിന്റെ പുസ്തകത്തെ വേർതിരിക്കുന്നത്.
‘തിരുനബിയുടെ ജീവചരിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയാണോ?’ എന്ന ചോദ്യം ഇവിടെ ബാക്കിയുണ്ട്. ആ മഹത്ചരിതത്തെ നോക്കിക്കാണാനും തിരുനബിയോടുള്ള തീക്ഷണമായ അനുരാഗത്തെ ആവിഷ്കരിക്കാനുമുള്ള മാധ്യമം എന്ന നിലക്കും ഒരാൾ ജീവചരിത്ര രചനയെ സമീപിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ ജീവചരിത്രങ്ങളെ തരംതിരിക്കുന്നത് അനുരാഗത്തെ തരംതിരിക്കുന്നത് പോലെയല്ലെ. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനമുള്ള, പ്രകടനപരത മൂല്യം നിശ്ചയിക്കുന്ന ഇന്നത്തെ വായനാ ലോകത്ത് പുസ്തങ്ങൾ ഒരുക്കുന്ന ഒരു സ്വയംവരച്ചടങ്ങിലൂടെ തിരഞ്ഞെടുക്കാനുള്ളതാണോ നബിചരിതം. പൂർവകാലത്ത് അങ്ങിനെയൊരു വർഗീകരണം ഉണ്ടായിരുന്നോ. ഖസീദത്തുൽ ബുർദയോ, ബാനത് സആദോ, ഇതിലേതാണ് മെച്ചം? അതുപോലൊരു ചോദ്യം പണ്ടുണ്ടായിരുന്നോ? തീക്ഷണമായ അനുരാഗത്തിന്റെ സുന്ദരമായ രണ്ട് ആവിഷ്കാരങ്ങളായി രണ്ടും നിലനിന്നിരുന്നില്ലേ?
സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, തന്റെ പ്രവർത്തനങ്ങൾക്ക് അർത്ഥം നൽകുന്ന ആധികാരിക ശബ്ദമായിരിക്കും പ്രവാചകൻ. എന്നാൽ നന്മയെക്കുറിച്ചുള്ള ആധുനിക സങ്കൽപങ്ങളെ പൂർവാധുനിക ലോകത്തെ ഒരു വ്യക്തി സ്രോതസ്സിലേക്ക് ചേർത്ത് പറയുന്നതിലെ കാല-ദേശാനുസാരിയായ ചേർച്ചക്കേടുകൾക്കപ്പുറം (anachronism) ആധുനികമായ പ്രവാചക ജീവചരിത്രങ്ങൾ ശ്രമിക്കുന്നത് പുതിയ കാലത്തെ സ്വീകർത്താക്കളുമായി പ്രവാചകനെ സംഭാഷണത്തിൽ കൊണ്ടുവരാനാണ്. അതുവഴി പുതിയ സന്ദർഭത്തിൽ പ്രവാചകനെ പ്രസക്തമാക്കുവാൻ അവർ ലക്ഷ്യമിടുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽ രാഷ്ട്രീയമായ കാരണങ്ങളാൽ ആരാധ്യ പുരുഷൻമാരായ പല വ്യക്തിത്വങ്ങളുടെയും ആദ്യപ്രരൂപമാണ് പ്രവാചകൻ- മാൽകം എക്സ്, ചെ, ലിങ്കൺ, മാർടിൻ ലൂതർ. വ്യത്യസ്ത വായനകളിൽ പ്രവാചകന് പല മൂപങ്ങൾ കൈവരുന്നതായി കാണാം -പ്രോട്ടോ ഫെമിനിസ്റ്റ്, പ്രോട്ടോ ലിബറൽ, പ്രോട്ടോ കമ്മ്യൂണിസ്റ്റ്, പ്രോട്ടോ അനാർകിസ്റ്റ്, പ്രോട്ടോ പരിസ്ഥിതി പ്രവർത്തകൻ തുടങ്ങി പ്രോട്ടോ ഭൗതിക ശാസ്ത്രജ്ഞനായി പോലും പ്രവാചകൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജീവചരിത്ര രചന പ്രവാചകന്റെ ജീവിതവുമായി ചേർന്നുപോകുന്ന ആവിഷ്കാരമാണോ? പ്രവാചകൻ സഞ്ചരിക്കുന്ന ഖുർആൻ ആണെന്ന് ഹദീസുകൾ പറയുന്നു. ഖുർആന്റെ അവതരണത്തെ പ്രവാചകന്റെ ജീവിതത്തിൽ നിന്ന് വേർതിരിച്ചെടുക്കാനാവില്ലല്ലോ. എന്നാൽ, ഖുർആനിൽ നാം കാണുന്നത് ചരിത്രത്തിന്റെ രേഖീയതയല്ല. പൂർവചരിത്രത്തിൽ നിന്നും ചരിത്രത്തിലേക്കും അവിടുന്ന് തിരിച്ചും കൃത്യമായ അച്ചടക്കമില്ലാതെ ഒഴുകിപ്പരക്കുന്നതാണ് ഖുർആന്റെ സൗന്ദര്യമെന്ന് ഹരോൾഡ് ബ്ലൂം പറഞ്ഞതെത്ര ശരി. വെളിപാട് ഒരിക്കലും നോർമലല്ല. നോം, അഥവാ ചട്ടങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും ശ്രേണിക്കകത്ത് നിരന്തരം നടക്കുന്ന കയോട്ടിക് ആയ വിസ്ഫോടനമാണ് അത്. വെളിപാടിനെ ചരിത്രത്തിനകത്ത് ഇരുത്താനാകില്ല. ഇരുന്നുപോയ ചരിത്രത്തെ എഴുന്നപ്പിൽക്കാനും, വേണമെങ്കിൽ പറപ്പിക്കാനും വെളിപാടിന് കഴിയും. വെളിപാടിന്റെ കാലത്ത്, കുറച്ചുപേരൊഴികെ ബഹുഭൂരിപക്ഷത്തിനും നോർമലായി തോന്നിയിട്ടില്ലാത്ത ഒരു പ്രവാചകനെ ജീവചരിത്രമെന്ന നോമിനകത്ത് ഇരുത്തുന്നത് എങ്ങിനെയാണ്. അതു കൊണ്ടാണ് കേവലം ചരിത്രപുരുഷനായി പ്രവാചകനെ ആവിഷ്കരിക്കുന്ന ജീവചരിത്രങ്ങൾ പലപ്പോഴും ആഖ്യാനത്തിൽ ഇടറുന്നത്. ആ ആഖ്യാനങ്ങൾക്ക് സമാനമായ വിമോചനസങ്കൽപങ്ങളും ഇടറുന്നതങ്ങിനെതന്നെ.
കെസിയ അലി പ്രവാചക ജീവചരിത്രങ്ങളെ കുറിച്ചുള്ള തന്റെ വിമർശന ഗ്രന്ഥത്തിൽ (The Lives of Muhammad) പറയുന്നതു പോലെ, ചരിത്രത്തിന്റെ തെളിവെളിച്ചത്തിൽ പിറന്ന വ്യക്തിത്വമാണ് പ്രവാചകൻ എന്ന ഏണസ്റ്റ് റെനാന്റെ പ്രസ്താവനയെ സാധൂകരിക്കും വിധം പല പരിപ്രക്ഷ്യങ്ങളിലൂടെ ആവിഷ്കരിക്കപ്പെട്ട ചരിത്രനിർമാതാവിന്റെ പങ്കാണ് രേഖീയമായ ചരിത്രമെഴുത്തിൽ കാണാവുന്നത്. ഖുർആൻ അവതരിച്ച ക്രമത്തിൽ ക്രോഡീകരിക്കാനുള്ള റിചാർഡ് ബെല്ലിന്റെയോ, റോഡ്വെല്ലിന്റെയും പരിശ്രമം പോലൊന്ന്. ഈ രേഖീയമായ എഴുത്തിനോട് വിയോജിച്ച് കൊണ്ടാണ്, മൈക്കിൽ മുഹമ്മദ് നൈറ്റ് അർബയീന പാരമ്പര്യത്തിൽ വരുന്ന ഗ്രന്ഥരചനക്ക് മുതിരുന്നത്. പ്രവാചകന്റെ നാൽപത് ഹദീസുകൾ ക്രോഡീകരിക്കുമ്പോൾ ക്രോഡീകരിക്കുന്ന ആളിന്റെ ജീവിതവുമായി ആ ഹദീസുകൾ സംവദിക്കുന്നതെങ്ങിനെയെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നു. ഇമാം നവവിയുടെയും മറ്റും തുടർച്ചയാണ് ഇവിടെ സംഭവിക്കുന്നത്.
പ്രവാചക പ്രകീർത്തനങ്ങളുടെ സ്വഭാവം ചരിത്ര രചനയിലേക്ക് ഇറ്റുവീഴുന്ന സന്ദർഭങ്ങൾ ധാരാളമുണ്ട്. ചരിത്രം എന്ന രേഖീയതയിൽ ഊന്നി നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സന്ദർഭങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. രണ്ട് ഉദാഹരണങ്ങളെടുക്കാം. ഹലീമാ ബീവിയുടെ പാൽകുടിച്ച് ആ ഉമ്മയുടെ മക്കളോടൊപ്പം വളരുന്ന വേളയിൽ മാലാഖമാർ വന്ന് അവിടുത്തെ ഹൃത്തടം ശുദ്ധീകരിച്ച സന്ദർഭം. ഏഴാകാശങ്ങൾക്കപ്പുറം മിഅറാജിന്റെ രാവിലെ അനിർവചനീയമായ ദിവ്യാനുഭൂതിയുടെ പ്രകാശത്തെ അശ്ലേഷിച്ച നിമിഷം മറ്റൊന്ന്. രണ്ട് സന്ദർഭങ്ങളും മാപ്പിളപ്പാട്ടിലൂടെ നാം കേട്ട് രസിച്ചിട്ടുണ്ട്, രണ്ട് സംഭവങ്ങളുടെയും ‘അയുക്തികത’ മനസിലാകാത്തവർ പോലും.
ചരിത്രത്തികത്ത് പെട്ടന്ന് കുതറിച്ചെല്ലുന്ന ഈ നിമിഷങ്ങളെ എങ്ങിനെയാണ് ചരിത്രമായി രേഖപ്പെടുത്താനാവുക. പ്രവാചകൻ കണ്ടത് സ്വപ്നമാണെന്നും, ആ കുട്ടികൾ കണ്ടത് കൂട്ടം ചേർന്നുള്ള സ്വപ്നമാണെന്നും (shared dreams) അതിനെ യുക്തിവത്കരിക്കാനാകുമോ. മാർടിൻ ലിംഗ്സ് ഈ സംഭവങ്ങളെ കാണുന്നത് ഈ സന്ദർഭത്തിൽ എടുത്ത് പറയേണ്ടതുണ്ട്.
പുസ്തകത്തിൽ വീക്ഷണകോണുകളെ ഇടകലർത്തിക്കൊണ്ടുള്ള രചനാ രീതിയാണ് ലിംഗ്സ് സ്വീകരിച്ചിരിക്കുന്നത്. വീക്ഷണകോൺ അഥവാ പോയിന്റ് ഓഫ് വ്യൂ വ്യതിയാനം ആധുനികമായ രചനാസങ്കേതമല്ല, ആധുനിക സാഹിത്യത്തുലും സിനിമയിലും പരീക്ഷണാത്മകമായ കഥാഖ്യാനവുമായി ബന്ധപ്പെട്ട് പലപ്പോഴായി അത് പറഞ്ഞ് കേൾക്കാറുണ്ടെങ്കിലും. കുറസോവയുടെ റാഷമോൻ എന്ന ചലിച്ചിത്രവുമായി ബന്ധപ്പെട്ട് ആഖ്യാതാക്കളുടെ അവിശ്വാസ്യതയെ കുറിക്കാൻ റാഷമോൻ എഫക്ട് എന്ന പ്രയോഗമുണ്ട്. ദൃസാക്ഷി വിവരണങ്ങൾ പരസ്പരപ്പൊരുത്തം ഇല്ലാതെ വരുമ്പോൾ (ദൃസാക്ഷികളുടെ വ്യാഖ്യാനം ആഖ്യാനവുമായി കൂടിക്കലരുമ്പോൾ) ആഖ്യാനത്തിന്റെ സത്യസന്ധത നഷ്ടപ്പെടും റാഷമോൻ എഫക്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഹദീസ് റിപോർടുകളിൽ പ്രത്യകിച്ചും പാഠത്തിന്റെ കാര്യത്തിൽ (മത്ൻ അഥവ ടെക്സ്റ്റ്) പലതരം വീക്ഷണകോണുകൾ മാറിവരുന്നത് കാണാം. പ്രഥമപുരുഷൻ അഥവാ പ്രവൃത്തിയുടെ കർത്താവിനെക്കുറിച്ചുള്ള തൃദീയ പുരുഷൻ അഥവാ മൂന്നാമതൊരാൾ പറയുന്നതാണ് ജീവചരിത്ര രചനകളിലെ സങ്കേതം. എന്നാൽ ഹദീസിന്റെ രചനാസങ്കേതം, പല വീക്ഷണകോണിലുള്ള പാത്രവിവരണവും സംഭവവിവരണവും പറയുക എന്നതാണ്. സമാനമായ മറ്റ് ടെക്സ്റ്റുകൾ, പറയുന്നയാളിന്റെ സത്യസന്ധത എന്നിവയിലൂടെ സത്യസന്ധത ഉറപ്പുവരുത്താൻ ഈ രീതി സഹായിക്കുന്നു.
സർവജ്ഞനായ ആഖ്യാതാവ് (Omniceint narrator) എന്ന നിലക്ക് ത്രിദീയ പുരുഷാഖ്യാനത്തെ സംശയത്തോടെ കാണണം എന്ന ചിന്തയാണ് റാഷമോൻ മുന്നോട്ട് വെക്കുന്നത്. സർവജ്ഞനായ ആഖ്യാതാവിനെ വലിഞ്ഞ്കയറുന്ന ആഖ്യാതാവായി (intrusive narrator) സാഹിത്യ വിമർശനം അടയാളപ്പെടുത്തുന്നത് ശ്രദ്ധിക്കുക (Wallace Martin, Recent Theories of Narrative (1986). ആഖ്യാനത്തിനും വ്യാഖ്യാനത്തിനും ഇടയുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതാണ് കാരണം. എന്നാൽ വീക്ഷണകോൺ വ്യതിയാനം വഴി നിരവധി വീക്ഷണകോണുകളിലൂടെയുള്ള ആഖ്യാനത്തെ അണിനിരത്തിക്കൊണ്ട് തന്നെ ആഖ്യാന ശ്രേണിയിൽ നിന്ന് പുറത്ത് നിറുത്താൻ ആഖ്യാതാവിന് കഴിയുന്നു.
കുട്ടിക്കാലത്തെക്കുറിച്ചുള്ള വിശകലനത്തിൽ, കുട്ടികളുടെ ദൃസാക്ഷിവിവരണം, ഹലീമബീവിയുടെയും ഭർത്താവിന്റെയും ദൃസാക്ഷി വിവരണം, പ്രവാചകന്റെ പ്രഥമ പുരുഷാഖ്യാനം എന്ന രീതിയിലാണ് ആഖ്യാനശ്രേണി. സംഭവം ഇന്നതുപോലെ നടന്നു എന്ന രീതിയിൽ രചയിതാവിന്റെ ആ(വ്യാ)ഖ്യാനം അവിടെ കടന്നുവരുന്നില്ല. പ്രവാചക പ്രകീർത്തനങ്ങളിലെ ഹികായത്തുകൾക്ക് സമാനമാണിത്. അതേസമയം സീറകളായ ഇബ്നു ഇസ്ഹാഖ്, ഇബ്നു സആദ്, തബരി എന്നിവരെ ആശ്രയിക്കുമ്പോഴും, അവയിലെ മവ്ളൂആത്തുകളെ (موضوع/ഉറവിടം വ്യക്തമല്ലാത്തതിനാൽ ദുർബലമായ സംഭവങ്ങളെ) നിരവധി സ്ത്രോതസുകളെ ആധാരമാക്കി പരിശേധിച്ച് നിചപ്പെടുത്തുന്ന രീതിയാണ് ലിംഗ്സ് സ്വീകരിച്ചിരിക്കുന്നത്. വെയ്ൻസികിന്റെ ഹാൻഡ്ബുക് ഓഫ് ഏർളി മുഹമ്മദൻ ട്രഡീഷനിലെ ഹദീസ് നമ്പറിംഗ് രീതി അശ്രയിച്ചതു കൊണ്ട്, ഹദീസ് ഗ്രന്ഥങ്ങൾ നേരിട്ട് ആശ്രയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹദീസുകൾ പരിശോധിച്ച് വിശകലനം നടത്താൻ പ്രയാസമുണ്ട്. എങ്കിലും വിമർശനാത്മകമായി പുസ്തകം വായിക്കുന്നവർക്ക് വിവരണങ്ങളുടെ സാധുത മനസിലാക്കാവുന്നതാണ്. ജീവചരിത്രകാരൻ എന്ന നിലക്കല്ല, ആഖ്യാനങ്ങളെ ക്രോഡീകരിക്കുന്ന ആൾ എന്ന നിലക്കാണ് ലിംഗ്സ് ഇടപെടുന്നത് എന്ന് സാരം.
അതേ സമയം ആകാശ യാത്രാവിവരണത്തെ നോക്കുക The Light of Thy Countenance” എന്നാണ് അധ്യായത്തിന്റെ പേര്. അങ്ങയുടെ മുഖദാവിന്റെ വെളിച്ചം എന്ന്. സൂഫിജ്ഞാനത്തിൽ അന്വേഷണത്തിന്റെ പരമമായ ലക്ഷ്യമാണ് അള്ളാഹുവുമായുള്ള ദാസന്റെ സമാഗമം. അത് അവാച്യമാണ്. അനുഭവാധിഷ്ഠിതവുമാണ്. മറ്റാർക്കും പറഞ്ഞുകൊടുക്കാനാവാത്തത്. എന്നാൽ പറയണമെങ്കിൽ എങ്ങനെയാണ് പറയേണ്ടത്. അഖ്യാനങ്ങളെ ക്രോഡീകരിക്കുന്ന ലിംഗ്സ് പെട്ടന്ന് ഖുർആൻ പരിഭാഷകനോ, വ്യാഖ്യാതാവോ ആയി മാറുന്നു ഈ അധ്യായത്തിൽ. പ്രവാചക ജീവിതത്തിലെ സുപ്രധാന മുഹൂർത്തത്തെ അതിലളിതമായി, കാച്ചിക്കുറിക്കി ആഖ്യാനം ചെയ്തിരിക്കുന്ന സൂറത്ത് നജ്മിന്റെ തഫ്സീറോ അവതരണ പശ്ചാത്തലമോ ആയി ഈ അധ്യായം വായിക്കാവുന്നതാണ്. അതേസമയം സിദ്റത്തുൽ മുൻതഹയെ The Lote Tree of the Uttermost End എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധിക്കുക. അനുരാഗിയായ അന്വേഷകന്റെ അങ്ങേയറ്റത്തെ ലക്ഷ്യമായ ദിവ്യ സമാഗമത്തെ കുറിക്കുന്ന രൂപകത്തെ മറ്റേത് വാക്കുകൾ കൊണ്ടാണ് ഭാഷാന്തരം ചെയ്യുക.
മാർടിൻ ലിംഗ്സ് ഖുർആനെ അധികരിച്ച് ഒരു പ്രധാന കൃതി രചിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത വചനങ്ങളുടെ പരിഭാഷ. സഹ്ൽ അൽ-തുസ്തരിയുടെ പാരമ്പര്യത്തിന്റെ തുടർച്ച. ഖുർആന്റെ വിശാലതയ്ക്കു മുമ്പിൽ സ്വന്തം എളിമയെ എടുത്തുവെക്കുന്ന ഒരു രചനാദൗത്യം. എല്ലാ ഖുർആൻ പരിഭാഷകരും സ്വയം പിന്തിരിഞ്ഞ് ഉള്ളകം നോക്കി പഠിക്കേണ്ട ഒരു പാഠം. എന്തു കൊണ്ടാവാം അർബഈനക്ക് പകരം ജീവചരിത്ര രചനക്ക് മാർടിൻ ലിംഗ്സ് മുതിർന്നത്. ചോദ്യം അദബ്കേടായിരിക്കാം. പക്ഷെ, ജിജ്ഞാസ രൂപപ്പെട്ടത് ആദരവില്ലായ്മയിലല്ല.
എനിക്ക് തോന്നുന്നത്, അർബഈനയിലൂടെ പൂർത്തീകരിക്കേണ്ട ദൗത്യമായി പ്രവാചക ജീവിതത്തെ അദ്ദേഹം കണ്ടിട്ടില്ല എന്നതാണ്. മറിച്ച് അധ്യാത്മിക ധാരയിൽ വളരുന്ന ഗുരുവിനെ സംബന്ധിച്ചിടത്തോളം പ്രവാചക ജീവിതത്തിന്റെ ഓരോ അടരും വെളിച്ചമാണ്. കണിശമായ മാപ്പുസാക്ഷി നീതികരണങ്ങൾക്കോ, കാര്യമറിയാത്ത വിമർശനങ്ങൾക്കോ ആ വെളിച്ചം കണ്ടെത്താനാവില്ല. നീതികരണങ്ങൾക്ക് പാകമാകാത്ത ഹദീസുകളെ ആധികാരികതയുടെ അളവ്കോൽ വെച്ച് തള്ളാം. വിമർശനങ്ങൾക്ക് ബലം കിട്ടാൻ ദുർബലമായ സ്ത്രോതസുകളിലെ ഹദീസുകളെ പോലും പെരുപ്പിക്കാം. എന്നാൽ പ്രവാചകജീവിതത്തിന്റെ അടരുകൾക്കിടയിലെ വെളിച്ചത്തെ പ്രണയമുള്ളവർക്കേ കണ്ടെത്താനാകൂ. മാർടിൻ ലിംഗ്സിനെ സംബന്ധിച്ചിടത്തോളം ആ പ്രണയത്തിന്റെ മറ്റൊരു പേരാണ് സൂഫിസം. സൂഫിയായിരിക്കുക എന്ന ജീവിത ധർമത്തിന്റെ മറ്റൊരു പേരാണ് ഈ പുസ്തകം. അതു കൊണ്ടായിരിക്കാം പുസ്തകത്തിന്റെ അവതാരിക എഴുതാനായി വിളി വരുന്ന സമയത്ത് മുട്ടാണിശ്ശേരി ഉസ്താദ് ആ പുസ്തകം വായിച്ചുകൊണ്ടിരുന്നത്.
മാർടിൻ ലിംഗ്സിന്റെ സൂഫിസത്തെക്കുറിച്ചുള്ള ആമുഖ പുസ്തകം What is Sufism ശ്രദ്ധേയമാണ്. എല്ലാ മതങ്ങളിലെയും അദ്ധ്യാത്മിക ധാരയുടെ ഏകതയെ വിളംബരം ചെയ്യുന്ന സനാതനദ ർശനത്തിൽ (Sophia Perannis) വിശ്വസിക്കുന്ന ലിംഗ്സിന്റെ സൂഫിസത്തിന്റെ സവിശേഷതയെക്കുറിച്ചുള്ള പുസ്തകത്തിലെ വിശകലനം ശ്രദ്ധേയമാണ്. ലിംഗ്സ് എഴുതുന്നു,
മതത്തിന്റെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രമാണ് സൂഫിസം എന്ന് വാശിപിടിക്കുന്നവർ അങ്ങിനെ ചെയ്യാനുള്ള ഒരു കാരണം സൂഫിസത്തിന്റെ പ്രാപഞ്ചികതക്ക് കോട്ടം തട്ടരുതെന്ന അവരുടെ സങ്കൽപമാണ്. എന്നാൽ സൂഫിസത്തിന്റെ സംശയാതീതമായ പ്രാപഞ്ചികതയെക്കുറിച്ചുള്ള അവരുടെ ഈ വാശിയോട് അനുകമ്പ കാട്ടുന്നതോടൊപ്പം, സൂഫിസത്തിന്റെ സവിശേഷത ഈ പ്രാപഞ്ചികതയുമായി ചേർന്നു പോകുന്നതാണെന്ന കാര്യം മറന്ന് പോകരുതെന്നും പറയേണ്ടിയിരിക്കുന്നു. ഈ സത്യം മനസിലാക്കാൻ പാവനമായ കലകളെല്ലാം തന്നെ ഒരേ സമയം സവിശേഷവും പ്രാപഞ്ചികവുമാണെന്ന കാര്യം നമുക്ക് ആലോചിക്കാം.
പ്രവാചകനെ സവിശേഷവത്കരിക്കുന്നത്, അവിടുത്തെ ചരിത്രദൗത്യമാകുന്നു. എന്നാൽ പാവനമായ ആ ദൗത്യത്തിലെ പ്രാപഞ്ചികമായ വെളിച്ചത്തെ രേഖപ്പെടുത്താനുള്ള ഉദ്യമമാണ് പ്രവാചക ജീവിതത്തെക്കുറിച്ചുള്ള ലിംഗ്സിന്റെ ജീവചരിത്രാഖ്യായികയുടെ രൂപത്തിലുള്ള മൗലിദ്.




പേര്: മുഹമ്മദ്
മാർട്ടിൻ ലിംഗ്സ്
പ്രസാധകർ: അദർ ബുക്സ്
Comments are closed.