“Don’t you feel […] that your mind roves more freely over the measureless expanse? That just to gaze at it uplifts your soul, gives you glimpses of the infinite, the ideal?”
Gustave Flaubert
ചലനം, സമയം, വേഗത, യന്ത്ര നിയന്ത്രിതമായ ലോകം, വയലൻസ്, തുടങ്ങിയ പ്രതിഭാസങ്ങൾക് ആധുനിക ലോകത്തുള്ള പ്രാധാന്യങ്ങളെയും സാധ്യതകളെയും കുറിച്ച് അന്തമില്ലാതെ ആലോചിക്കുക, അവയെ കലയുടെ ഭാഗമാക്കുക തുടങ്ങിയ പരിഗണനകളെ മുൻനിർത്തിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇറ്റലിയിലെ കലാഭൂമികയിൽ ഫ്യൂച്ചറിസം എന്ന മൂവ്മെന്റ് രൂപം കൊണ്ടത്. അതിന്റെ അമരക്കാരിൽ പ്രധാനിയും ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കുകയുമൊക്കെ ചെയ്ത ഉംബെർട്ടോ ബൊച്ചിയോനിയുടെ പ്രധാനപ്പെട്ട ഒരു പെയിന്റിങ് ആണ് ‘Dynamism of a soccer player’ (1913). പെയിന്റിങിന്റെ ക്യാപ്ഷൻ സൂചിപ്പിക്കും പോലെ ഒരു പന്തുകളിക്കാരന്റെ/കളിക്കാരിയുടെ ചലനങ്ങളെയും നീക്കങ്ങളെയുമെല്ലാം, അതായത് എത്ര അടുത്ത് നിന്ന് നോക്കിയാലും അയാളുടെ ചലന രഹസ്യങ്ങളിലേക്കുള്ള വഴികൾ അകന്ന് തന്നെ കിടക്കുന്ന തരത്തിലുള്ള താളത്തിന്റെയും, വേഗത്തിന്റെയും എല്ലാം രേഖപ്പെടുത്തലുകളാൽ Dynamism of a soccer player ആസ്വാദകനെ പതിവ് കലാ ആസ്വാദനത്തിൽ നിന്നും അനുഭവത്തിൽ നിന്നും വഴി തെറ്റിപ്പിക്കുന്നു. ‘അവിടെ അങ്ങേയറ്റം തിമർപ്പിലാറാടുന്ന ഒരു ഫുട്ബോൾ കാണി രൂപപ്പെടുന്നു. അയാൾ കളിയുടെ ആളൊഴിഞ്ഞ ദേശങ്ങളിൽ അരങ്ങ് വാഴുന്ന കുതിപ്പിന്റെയും, കണ്ണഞ്ചിപ്പിക്കുന്ന വെട്ടിക്കലുകളുടെയും, അവിശ്വസനീയമായ നീക്കങ്ങളുടെയും അത്യനുഭൂതിജനകവും അയുക്തികരവുമായ മൈതാന ഭാഷയുടേയുമെല്ലാം സൗന്ദര്യമേടുകളിൽ അലയാൻ തുടങ്ങുന്നു!’ കളി കഴിയുമ്പോൾ ആളുകൾ ആഹ്ലാദത്തിമർപ്പിലോ അല്ലെങ്കിൽ നിരാശയോടെയോ ഒക്കെ ഗ്യാലറിയിൽ നിന്ന് പിൻവാങ്ങുമ്പോൾ അയാൾ സമയ ചലനങ്ങളുടെ അപരിചിത ജീവിതലോകങ്ങളിൽ നിന്നും രീതികളിൽ നിന്നും തന്നെ തിരിച്ചു വിളിക്കാൻ മടിച്ച് മിഴിച്ചിരിക്കുന്നു.
“Movement and light destroy the materiality of bodies” എന്ന് ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോയിൽ ബൊച്ചിയോനി എഴുതി. ഫ്രഞ്ച് കവിയും നാടകകൃത്തുമായ അന്റോണിൻ അർത്തോ അവയവങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനും ദശാബ്ദങ്ങൾക് മുൻപായിരുന്നു അത്. ‘ബോച്ചിയോനിയിലുള്ള ഡൈനാമിക് ആയ പന്തുകളിക്കാരനെ തന്നെയാണോ പന്തുകളി കണ്ടുകൊണ്ടേയിരിക്കുന്നവർ കാണുന്ന പന്തുകളിക്കുന്ന ശരീരം’ എന്ന ആശ്ചര്യത്തിന് പന്തുകളിയുമായി നടക്കുന്നവർ പന്തിന് ചുറ്റും കറങ്ങിത്തിരിയുകയല്ലേ എന്ന കൗണ്ടർ ആശ്ചര്യം രൂപപ്പെടും വരെയുള്ള ആയുസ് മാത്രമേ ഉണ്ടായുള്ളൂ. അതായത് ‘നിശ്ചലതയെ’ ഒരു നിമിഷം പോലും നിലക്ക് നിർത്താത്ത അവരുടെ കാഴ്ച്ചയിൽ പന്ത് കളിക്കാരൻ/കളിക്കാരി തന്റെ വിശിഷ്ടമായ ചലന ഭൂമികയിലേക് സ്ഥല സമയങ്ങളെ ചുരുക്കുകയും അതിനെ നിരന്തരം ക്രമീകരിക്കുകയും വ്യഖ്യാനിക്കുകയും വിശാലമാക്കുകയും ചെയ്യുന്നു.
മരിയോ ബലോട്ടെല്ലിയെക്കുറിച്ഛ് ഇന്റർനെറ്റിൽ പരതിയാൽ ആദ്യം തന്നെ വരിക ‘Mario Balotelli funny’ എന്ന, പ്രത്യക്ഷത്തിൽ റേസിസ്റ്റ് നോട്ടങ്ങളുടെ പ്രത്യാഘാതം എന്നൊക്കെ തോന്നിപ്പിക്കും വിധത്തിലുള്ള വിവരങ്ങളാണ് (അങ്ങനെ അല്ല എന്നല്ല). എന്നാൽ ഇതിലെ funny എന്ന വാക്കിനെ അടുത്ത് പരിശോധിക്കുമ്പോൾ മൈതാനത്തിലും അതിന് പുറത്തും ‘അൺ പ്രൊഫഷണൽ’ ആയ പെരുമാറ്റരീതികളാലും, താൻ നേരിട്ട വംശീയ വിവേചനങ്ങളോടുള്ള പ്രതികരണങ്ങൾ കൊണ്ടുമെല്ലാം ഫുട്ബോൾ ലോകത്ത് വ്യത്യസ്തമായ ഒരു അസ്തിത്വമുള്ള ബലോട്ടെല്ലി എന്ന കളിക്കാരനോടുള്ള അടുപ്പം കൂടി വരുന്നു. 2010ൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക് ചേക്കേറുന്നതോട് കൂടിയാണ് ഘാനയിൽ നിന്നുള്ള ദമ്പതികൾക് ഇറ്റലിയിൽ ജനിച്ച്, ജീവിതത്തിന്റെ ആദ്യ ഒരു വർഷത്തിന്റെ ഭൂരിഭാഗവും ആശുപത്രികളിൽ ജീവിച്ച് പിന്നീട് ഇറ്റാലിക്കാരായ ‘ബലോട്ടെല്ലി ദമ്പതി’കളുടെ ദത്ത് മകനായി മൂന്നാം വയസ്സ് മുതൽ ജീവിക്കുന്ന, അവരുടെ പിന്തുണയോടെ ഫുട്ബോളിന്റെ സാധ്യതകളിലേക് ഊക്കനടികളുമായി കടന്ന് വന്ന ബലോട്ടെല്ലിയിലേക്ക് മറ്റു പല ഫുട്ബോൾ കമ്പക്കാരെയും പോലെ എന്റെയും ശ്രദ്ധ പതിയുന്നത്.
സിറ്റിയിലെ പ്രകടനവും പിന്നീട് 2012ലെ യൂറോകപ്പിലെ ഗോളടികളും, നിർണായക നിമിഷങ്ങളെ തീർത്തും നിസ്സാരമായി സമീപിക്കാനുള്ള പ്രവണതയും കഴിവുമെല്ലാം (അവരുടെ പെനാൽറ്റി കിക്കുകൾ ഉദാഹരണം) ബലോട്ടെല്ലിയെ ലോകത്തെ മുൻനിര കളിക്കാരുടെ പട്ടികയിലേക് നയിച്ചു. എന്നാൽ 2011ൽ അമേരിക്കൻ ക്ലബ് ആയ LA Galaxyയുമായുള്ള പ്രീ സീസൺ മത്സരത്തിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേ പന്തുമായി തിരിഞ്ഞ് കാലിന്റെ പിന്നാമ്പുറം കൊണ്ടടിച്ച് ഗോളാക്കി മാറ്റാനുള്ള ശ്രമം ബലോട്ടെല്ലിക്ക് ഫുട്ബോൾ ലോകത്ത് സങ്കീർണമായ ഒരു ഇമേജുണ്ടാക്കി. ഗോളെന്നുറപ്പിച്ച ആ അവസരം അങ്ങേയറ്റത്തെ നിരുത്തരവാദത്തോടെയും യുക്തിക്ക് നിരക്കാത്ത രീതിയിലും നഷ്ടപ്പെടുത്തിയതിന് അന്നത്തെ സിറ്റി മാനേജറും ബലോട്ടെല്ലിയുടെ ഏറ്റവും പ്രിയപ്പെട്ട ആശാനുമായ റോബർട്ടോ മാൻസിനി ബലോട്ടെല്ലിയെ തൊട്ടടുത്ത നിമിഷം തന്നെ കളിയിൽ നിന്നും തിരിച്ച് വിളിച്ചു. ബലോട്ടെല്ലിയുടെ നിലവാരമുള്ള ഒരു സ്‌ട്രൈക്കർക് ഒട്ടും ശ്രമകരമല്ലാത്ത രീതിയിൽ ഗോളാക്കി മാറ്റാവുന്ന ഒരു അവസരം ബാക്ക് ഹീലിലൂടെ ലക്ഷ്യസ്ഥാനത്ത് നിന്നും അടിച്ചു തെറിപ്പിച്ചതോടെ ബലോട്ടെല്ലിയുടെ പ്രൊഫെഷണലിസത്തിലും കളിയോടുള്ള പ്രാഥമികമായ സമീപനത്തിലുമെല്ലാം ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് കായിക ലോകം എഴുതി വെച്ചു. നേരെ അടിച്ച് ആഘോഷിക്കേണ്ടതിന് പകരം തിരഞ്ഞു നിന്ന് പിൻകാൽ കൊണ്ട് തട്ടി അവസരം നശിപ്പിച്ച ബലോട്ടെല്ലിയെ കണക്ക് കൂട്ടലുകൾക് മുകളിലിരുന്ന് കളി കാണുകയും അതിന്റെ പിന്നാലെ പായുകയും ചെയ്യുന്നവർ അവിശ്വസിക്കാൻ തുടങ്ങി. എന്നാൽ തന്റെ അസാധാരണമായ പ്രതിഭ കൊണ്ട്, ബലോട്ടെല്ലി അവിശ്വസനീയമായ ആംഗിളുകളിൽ നിന്ന് പോലും പന്ത് വലയിലേക് അടിച്ചു കയറ്റി. ഗോളടിച്ചാൽ ചിലപ്പോൾ അയാൾ ആഘോഷിക്കും, ചിലപ്പോൾ ഭാവമാറ്റങ്ങളൊന്നുമില്ലാതെ മൈതാന മധ്യത്തിലേക് തിരിഞ്ഞ നടക്കും. മറ്റ് ചിലപ്പോൾ ‘why always me’ എന്ന് ആർപ്പു വിളിയിൽ മതിമറഞ്ഞുലയുന്ന ഗ്യാലറികളോട് ഒച്ചയില്ലാതെ ചോദിക്കും.
ബോഡി വിത്തൗട്ട് ഓർഗൺസ്: ബലോട്ടെല്ലിയും സർ റിയലിസവും
വാൾട്ട് വിറ്റ്മൻ അംശങ്ങളുടെ/അവയവങ്ങളുടെ (part) കവിയല്ല, അയാൾ തീർച്ചയായും പൂർണതയുടെ/തികവിന്റെ (whole) പാട്ടുകാരനാണ്. ശരീരത്തിന്റെയും, ഉണ്മയുടെയും അതെ സമയം നഗരങ്ങളുടെയും, പാലങ്ങളുടെയും, മരങ്ങളുടേയുമെല്ലാം കവി. ദില്യൂസിന്റെയും ഗ്വാത്തരിയുടെയും ഒരു സംജ്ഞ കടമെടുത്ത് പറഞ്ഞാൽ അയാൾ ‘അംഗ-മുക്ത ശരീരങ്ങളുടെ’ (bodies without organs) പൗരാണികമായ വെളിച്ചങ്ങളെയും വൈവിധ്യപൂർണമായ ആസക്തികളെയുമെല്ലാം പറ്റി വാചാലനായിക്കൊണ്ടിരുന്നു. ഒരു ദീർഘ കവിതയിൽ വിറ്റ്മൻ എഴുതുന്നു:
But the expression of a well-made man appears not only in his face,
It is in his limbs and joints also, it is curiosity
In the joints of his hips and wrists
It is in his walk; the carriage of his neck,
The flex of his waist and knees, dress does not hide him,
The strong sweet quality he has strikes through
The cotton and broadcloth
To see him pass conveys as much as the best poems, perhaps more.
ഈ വരികളിൽ അവയവങ്ങളിലേക്കുള്ള നോട്ടങ്ങളാണെങ്കിലും കവിത എത്തുന്നത് ഇതെല്ലാം കൂടിച്ചേർന്ന് ഇതെല്ലാമാണ് ആത്മാവ് (soul) എന്നതിലേക്കാണ്. അതായത് ഇതിന്റെയെല്ലാം കൂടിച്ചേരലിലൂടെ ഇതിനപ്പുറത്തേക് നീങ്ങിക്കൊണ്ടിരിക്കുന്ന ശരീരം തന്നെയാണ് സോൾ എന്ന ആലോചനയിലേക്കാണ് വിറ്റ്മൻ നിരന്തരം തന്നെ എത്തിച്ചു കൊണ്ടിരുന്നത്. ബലോട്ടെല്ലിയുടെ കൂസലില്ലാത്ത ശരീരം അതിന്റെ നിഗൂഢങ്ങളായ ഭാവങ്ങളാൽ മൈതാന നിയമങ്ങളെയും പെരുമാറ്റ രീതികളെയും ഭാഷകളെയുമെല്ലാം നിരന്തരം നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്നു. അയാളുടെ പരന്ന ചുമലുകളും നെഞ്ചും കരുത്തുറ്റ കാലുകളും കറുത്ത തലയും പ്രത്യക്ഷത്തിൽ ‘ശൂന്യമായ മുഖ’വുമെല്ലാം ചില നീക്കങ്ങളിലൂടെ, അതിന്റെ ആയാസരാഹിത്യത്തിന്റെ ഭംഗി കൊണ്ടും വിശ്വസിക്കാൻ കഴിയാതിരിക്കുന്നതിലെ വിറയൽ കൊണ്ടും കാണികളെ ചിതറിത്തെറിപ്പിക്കുന്നു. അയാളുടെ കാലുകളിൽ നിന്നും അതിവേഗത്തിൽ അറ്റുപോവുന്ന പന്ത് വലയിലൂടെ ഊർന്നിറങ്ങുമ്പോൾ, അല്ലെങ്കിൽ പന്തിനെ മൈതാനത്തിലെ ഏറ്റവും ഏകാന്തനായ തന്റെ സഹ-കളിക്കാരനിലേക് എത്തിക്കുമ്പോൾ, നിമിഷ നേരങ്ങൾ കൊണ്ട് പുതിയ വഴികൾ വെട്ടിത്തുറക്കുമ്പോൾ എല്ലാം ‘കാല് കൊണ്ട് കവിത രചിക്കുക’ എന്ന് പറഞ്ഞ് തഴമ്പിച്ച പ്രയോഗത്തിന് വ്യത്യസ്ത ജീവിതങ്ങൾ സാധ്യമാക്കി നൽകുന്നു. ബൊച്ചിയോനിയുടെ വർക്കിൽ നീക്കങ്ങൾക്കും നിറങ്ങൾക്കും ഫോമുകൾക്കും ഒപ്പം നമുക്ക് കാണാൻ കഴിയുക ഒരു കരുത്തുറ്റ കാലാണ്. കളിക്കാരന്റെ/കളിക്കാരിയുടെ മുഖം മറന്നാൽ പോലും കാൽ മറക്കാതിരിക്കുന്നത്, കളി സാധ്യമാക്കുന്ന വ്യത്യസ്ത നോട്ടങ്ങളുടെ തുടർച്ചയിൽ വെച്ച് തന്നെയാണ്.
2011ലെ സംഭവത്തിലേക്ക് തിരിച്ച് വരാം, ആ സംഭവം പോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ‘ബലോട്ടെല്ലിയൻ ഇവന്റ്’ ആണ് അയാൾ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാന് വേണ്ടി കളിക്കുന്ന സമയം നഗരവൈരികളായ AC മിലന്റെ ടി ഷർട്ട് അണിഞ്ഞ് ഒരു ടി വി ഷോയിൽ പ്രത്യക്ഷപ്പെട്ടത്. അതുപോലെ മാഞ്ചസ്റ്റർ സിറ്റി കപ്പ് ചാമ്പ്യന്മാരായപ്പോൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കാതെ കടുത്ത ഹോംസിക്ക്നെസ്സ് ആണെന്നും പറഞ്ഞ് ഇറ്റലിയിലേക്ക് മടങ്ങിയത്. “എന്ത് കൊണ്ടാണ് ഇറ്റാലിയൻ നാഷണൽ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ ആദ്യത്തെ കറുത്ത വർഗക്കാരന്, അതിലുപരി, ‘an abandoned child never forgets’ എന്ന് വളരെ ചുരുക്കി തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും ചോദിക്കപ്പെടുമ്പോൾ പ്രതികരിക്കുന്ന ബലോട്ടെല്ലി എന്ന പ്രൊഫഷണൽ കളിക്കാരന് മറ്റു കളിക്കാർക്കില്ലാത്ത വിധത്തിലുള്ള ആരാധകക്കൂട്ടങ്ങളുണ്ടാവുകയും ഇടക്കിടെ അവരുടെ തന്നെ അമർഷങ്ങൾക്ക് വിധേയാമവേണ്ടി വരികയും ചെയുന്നത്?” മുകളിൽ സൂചിപ്പിച്ച ബലോട്ടെല്ലിയാൻ ഇവെന്റുകളെ ഡച്ച് ഹിസ്റ്റോറിയൻ ആയ യോഹാൻ ഹ്യൂയ്‌സിംഗയുടെ ‘Homo Ludens’ എന്ന വർക്കിന്റെ വെളിച്ചത്തിൽ വായിച്ചാൽ ഒരു പക്ഷെ ബലോട്ടെല്ലിയുടെ ‘അൺ പ്രൊഫെഷനലും ഏറെക്കുറെ അനാർക്കിക്കും ആയ’ സ്പോർട്ടിങ് സ്വഭാവങ്ങങ്ങളുടെ ചുരുളുകളിലേക് ഒരു വഴി തെളിയും. അതിനർത്ഥം, ബഷീറിന്റെ പ്രയോഗം കടമെടുത്തു പറഞ്ഞാൽ, ‘യുക്തിയുടെ സൂചിമുന കൊണ്ട് കുത്തി പൊട്ടിക്കാവുന്ന അത്ഭുതത്തിന്റെ ഒരു കുമിള’ ആണ് ബലോട്ടെല്ലി എന്നല്ല, പകരം അയാളെ ഏറ്റവും അടുത്തെത്താനുള്ള ശ്രമം മാത്രം.
‘Homo Ludens’ കളിയും (play) സംസ്കാരവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെ, സംസ്കാരത്തെക്കാൾ പുരാതനമായ കളിയുടെ പല വശങ്ങളെ, നാഗരികതയിൽ അതിനുള്ള പങ്കിനെ ഒക്കെ കോൺസെപ്ച്ച്വലൈസ് ചെയ്യുന്നുണ്ട്. ‘കളി യാഥാർഥ്യത്തിന്റെ പുറത്ത് കയറിക്കളിക്കലാണ്’ (ഒരർത്ഥത്തിൽ സർറിയലിസം) എന്നും അത് ദൈനംദിന ജീവിതലോകങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും ഹ്യൂയ്‌സിംഗ നിരീക്ഷിക്കുന്നു. അതിന് അതിന്റേതായ സമയ-സ്ഥല സങ്കല്പങ്ങളുണ്ട്. അത് മടുപ്പുളവാക്കുന്ന ഒഴുക്കുകളെ അലങ്കോലപ്പെടുത്തുകയും, അലങ്കോലമായതിനെ ആഘോഷിക്കുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി കളിക്ക് സൗന്ദര്യമുള്ളതായിരിക്കാനുള്ള അടങ്ങാത്ത പ്രവണത ഉണ്ടെന്നും, അത് ഭാഷകളുടെ എയ്സ്തറ്റിക്സിനെ സമ്പന്നമാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു (ഫുട്ബാൾ കമന്ററിയിൽ കയറി വരുന്ന വാക്കുകളെ പരിശോധിച്ചാൽ ഇത് വ്യക്തമാവും). ഉദാഹരണമായി, 2018-19ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സിലോണക്കെതിരെ ഗ്രീസിൽ നിന്നുള്ള കളിക്കാരനായ Manolasലൂടെ A.S Roma നിർണായക ഗോൾ നേടിയപ്പോൾ പീറ്റർ ദ്രുറി എന്ന കമന്റേറ്റർ അതിനെ വിവരിച്ചത് അതിന്റെ പൊയറ്റിക്ക് ഭംഗി കൊണ്ട് ഒരുപാട് ശ്രദ്ധിക്കപ്പെട്ടതാണ്: “Roma have risen from their ruins! Manolas, the Greek God in Rome. The unthinkable unfolds before our eyes. This was not meant to happen, this could not happen, this is happening!.”
എന്നാൽ മോഡേൺ സ്പോർട്സ്, കളി എന്നതിന്റെ പലതരം സാധ്യതകളെ മിക്കവാറും തള്ളിക്കളയുന്നുണ്ട് എന്നത് ഒരു യാതാർഥ്യമാണ്. ഹ്യൂയ്‌സിംഗ ഇത് നിരീക്ഷിച്ചിട്ടുണ്ട്, 1938ലെ ആ വർക്കിൽ തന്നെ മോഡേൺ സ്പോർട്സിൽ ‘കളിഘടകങ്ങൾക്’ (playful elements), മുകളിൽ പറഞ്ഞ കളിയുടെ സവിശേഷതകൾക് സാധ്യത കുറവാണെന്നും എന്നിരുന്നാലും അതിൽ അബോധപൂർവ്വമായെങ്കിലും അത്തരം ഘടകങ്ങളുടെ മിന്നലാട്ടങ്ങൾ കാണാമെന്നും അദ്ദേഹം എഴുതിയിരുന്നു. അതായത്, നിശ്ചിതമായ നിയമസംഹിതകളാൽ സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങളിലും, ‘കളി-ഘടകങ്ങൾ’ അതിന്റെ സ്ഥലം കണ്ടെത്തുകയും, മത്സരങ്ങളെ സൗന്ദര്യപൂർണവും ഉത്‌കൃഷ്ടവുമായ അനുഭവവും കാഴ്ചയുമാക്കി മാറ്റുകയും ചെയ്യുന്നു. അത് കളിയിൽ ഉൾച്ചേർന്നിട്ടുള്ള അനിശ്ചിതത്വത്തിന്റെ അതിർത്തികൾ വിപുലീകരിക്കുന്നു.
പ്ലാറ്റോക്കപ്പുറത്തെ ബലോട്ടെല്ലിയൻ ‘വിളയാട്ട’ങ്ങൾ
Play എന്നതിന് ‘വിളയാടൽ’ എന്ന അർത്ഥം കൂടി ഉണ്ട് മലയാളത്തിൽ. അങ്ങനെ നോക്കുമ്പോൾ ഹ്യൂയ്‌സിംഗയുടെ ‘playful elements’നെ ‘വിളയാടൽ ഘടകങ്ങൾ’ എന്ന രീതിയിൽ വായിക്കാവുന്നതാണ്. ബലോട്ടെല്ലിയിലെ വൈരുദ്ധ്യം അയാൾ ഒരേ സമയം പ്രൊഫഷണൽ ആയിരിക്കുകയും എന്നാൽ ‘തനിക്ക് തോന്നിയ രീതിയിൽ കളിക്കുകയും’ ചെയ്യുന്നതാണെന്ന വായനകളുണ്ട്. അതായത് ബലോട്ടെല്ലിയിൽ ആ വിളയാടൽ ഘടകങ്ങൾ, അതായത് ഓരോ നിമിഷങ്ങളെയും എക്സ്റ്റാറ്റിക്ക് ആക്കാനുള്ള, എക്സ്റ്റാറ്റിക് ആയി സമീപിക്കാനുള്ള തള്ളിച്ചകൾ/നീക്കങ്ങൾ തീവ്രമായ രീതിയിൽ തന്നെയുണ്ടെന്ന്. LA Galaxyക്കെതിരെ അയാൾ വളരെ എളുപ്പത്തിൽ ഗോളാക്കി മാറ്റാവുന്ന അവസരം തുലച്ചെങ്കിൽ അയാൾ ഒരു സ്‌പെക്ടാക്കുലർ മൊമെന്റിനല്ലാതെ മറ്റെന്തിനെയെല്ലാം പരിഗണിച്ചട്ടുണ്ടാകും? ആ ഇവെന്റിനെ പറ്റി ചോദിച്ചപ്പോൾ ബലോട്ടെല്ലി പറഞ്ഞത് അത് ഞാൻ ഓഫ്‌സൈഡിലാണെന്ന് കരുതി ചെയ്തതാണെന്നായിരുന്നു. ഇതിഹാസ താരം സിനദിൻ സിദാനെ പോലെ (2006 വേൾഡ് കപ്പ് ഫൈനൽ) ബലോട്ടെല്ലിയും നിഗൂഢമായ ചില മോമെന്റുകളെ അങ്ങനെ തന്നെ ഉപേക്ഷിക്കുന്നു, ഒരിക്കൽ പോലും നമുക്ക് അതിലേക്കുള്ള വഴികളുടെ നേരിയ സൂചന പോലും തരാതെ. ബലോട്ടെല്ലിയിലെ നീക്കങ്ങൾ അപ്രതീക്ഷിതവും, വിരളമായി മാത്രം അനുഭവപ്പെടുന്ന ‘കനമില്ലായ്മയിലെ കാഴ്‌ചകൾ’ പോലെ അതിസുന്ദരവുമാണ്. എതിർ ടീമിന്റെ പോസ്റ്റിന് മുന്നിലൂടെയുള്ള അയാളുടെ അപ്രവചനീയമായ ഓട്ടങ്ങൾ അവരുടെ മുഴുവൻ പദ്ധതികളുടെയും സൂക്ഷ്മതകളെ തകർക്കും. ഗോൾ പോസ്റ്റിന് മുന്നിൽ അയാൾ അത്ഭുതകരമായ രീതിയിൽ അയാളെ ഏകാന്തതിയിലേക് നയിക്കും, ഒറ്റപ്പെടാൻ ആഗ്രഹിക്കുന്ന മറ്റേത് സ്‌ട്രൈക്കർമാരെയും പോലെ അയാൾ അത്തരം നിമിഷങ്ങളിൽ ‘കൂറ്റൻ അടി’കളുമായി ഗ്യാലറികളെ തരിപ്പണമാക്കും. പലപ്പോഴും പ്രൊഫഷണലിസത്തിന് പുറത്തു കടന്ന് പെരുമാറിയിട്ടും കഴിഞ്ഞ ഒരു ദശാബ്ദത്തോളം കാലമായി യൂറോപ്പിലെ ഏറ്റവും നല്ല ക്ലബ്ബുകളിൽ ‘വിളയാടിക്കൊണ്ടിരിക്കുന്നതിൽ’ തന്നെ അയാളിലെ പ്രതിഭയെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അപകടകാരിയായ സ്‌ട്രൈക്കർ എന്ന നിലയിൽ ഡിഫൻഡർമാരും കറുത്ത വർഗക്കാരൻ എന്ന നിലയിൽ വംശീയ വെറുപ്പുമായി നടക്കുന്ന കാണികളും നിരന്തരം മാർക്ക് ചെയ്യാൻ ശ്രമിച്ചിട്ടും അവരെയൊന്നും കൂസാക്കാതെ ‘സൂപ്പർമാരിയോ ബലോട്ടെല്ലി’ നിർണായകമായ മത്സര നിമിഷങ്ങളിലേക് ഉന്മാദജനകമായ ചലനങ്ങളും നീക്കങ്ങളും സ്പര്ശങ്ങളുമായി വരുന്നു.
ഫ്രഞ്ച് സോസിയോളോജിസ്റ്റ് ആയ ലോയി വാക്വന്റിന്റെ (Loïc Wacquant) പ്രശസ്തമായ ഒരു പഠനം ആഫ്രോ അമേരിക്കക്കാർക്കിടയിൽ ബോക്സിങ് എങ്ങനെ ജീവിക്കുന്നു എന്നതാണ്. അതിൽ അദ്ദേഹം പറയുന്ന ഒരു കാര്യം വളരെ രസകരമായി തോന്നി. DeeDee എന്ന് പേരുള്ള ഒരു ബോക്സിങ് ജിം ഇൻസ്ട്രക്ടർ ബോക്സിങ് പഠിക്കാൻ പലർക്കുമുള്ള പ്രചോദനങ്ങളെ പറ്റി വാക്വന്റിനോട് സംസാരിക്കുന്നു. ചിലർക്ക് ബോക്സിങ് ഒരു ജീവിത മാർഗമായി സ്വീകരിക്കാനാണെങ്കിൽ, മറ്റു ചിലർ ആകർഷണീയമായ പുരുഷശരീര നിർമാണത്തിനും സ്വയം രക്ഷക്ക് വേണ്ടി അവരെ തയ്യാറാക്കാനുമൊക്കെയാണ് ജിമ്മിൽ ചേരുന്നത്. എന്നാൽ പരിശീലനം തുടങ്ങി രണ്ട് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴേക്കും അവർ കളിയുടെ ലഹരിസമാനമായ സത്തയുടെ രുചിയറിയുകയും ആർപ്പു വിളിക്കുന്ന ജനക്കൂട്ടത്തിന് മദ്ധ്യേയുള്ള റിങ്ങുകളിലെ ചലനങ്ങൾ സ്വപ്നം കാണാൻ തുടങ്ങുകയും ചെയ്യുന്നു. കളിയിലേക്കുള്ള വീഴ്ചയെ സീരിയസ് ആയി കളിയെ കാണുന്നതിൽ നിന്നും ‘പ്ലേയ്‌ഫുൾ സീരിയസ്നെസ്സി’ലേക്കുള്ള (Simon Critchley) വീഴ്ചയായി കാണാവുന്നതാണ്. കളിക്കാനുള്ള പ്രചോദനം അല്ലെങ്കിൽ ഊർജ്ജം എന്ത് തന്നെയാണെങ്കിലും അത് കളിയിലെ പ്ലേയ്‌ഫുൾ ഘടകങ്ങളെ അവഗണിച്ച് കൊണ്ട് ചെയ്യാനാവില്ല എന്നതാണ് ബല്ലോട്ടെല്ലിയൻ ഇവെന്റുകൾ വ്യക്തമാകുന്നത്. “The essence of football is a gesture at the service of beauty” എന്ന് മുൻ അർജന്റീനിയൻ കളിക്കാരനും അറിയപ്പെട്ട ഫുട്ബോൾ മാനേജറുമായ മാഴ്‌സെലോ ബിയൽസ പറഞ്ഞുവെക്കുന്നുണ്ട്. ബലോട്ടെല്ലി അഴകിനും വശ്യതക്കും നിഗൂഢങ്ങളായ അലസതക്കും നിരുത്തരവാദപരമായ നീക്കങ്ങൾക്കും പിന്നാലെ മാത്രം പാഞ്ഞ് ബ്യൂട്ടിഫുൾ ഗെയിമിന്റെ ബ്യൂട്ടിയെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്. “Plato is dear to me, but dearer still is truth” എന്ന് തന്റെ ആശാനായ പ്ലേറ്റോയെക്കുറിച്ച് അരിസ്റ്റോട്ടിൽ പറഞ്ഞ പോലെ ക്ലബും ടീമും പ്രൊഫഷണലിസവുമെല്ലാം പ്രാധാന്യമുള്ളതാണെങ്കിലും അതിലേറെ പ്രാധാന്യം കളിയുടെ സത്തയിൽ ഉൾച്ചേർന്നിട്ടുള്ള നിമിഷങ്ങളെ അവയുടെ അനന്തമായ സാധ്യതകളിലേക് തുറന്ന് വെക്കുന്നതിലാണെന്ന് ഓരോ ബലോട്ടെല്ലിയൻ ഇവെന്റുകളും നമ്മോട് പറയുന്നു.
ഹോസെ മൗറീന്യോ ഇഷ്ടമല്ലാത്ത മാനേജർ ആവാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ബലോട്ടെല്ലി പറഞ്ഞ മറുപടിയിൽ ‘പൂർണതയോട്/തികവിനോട് (whole) ചേർന്ന് കിടക്കുന്ന ഒരു ഭാഗം (part) എന്ന നിലയിൽ താൻ അതിനോട് എങ്ങനെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയുണ്ട്: “The problem with Mourinho and me was that we are the same kind of character”. അത് മൗറിന്യോയിലേക്കുള്ള ഒരു നോട്ടം കൂടിയാണ്. ബലോട്ടെല്ലി താൻകൂടി ഉൾച്ചേർന്നിട്ടുള്ള കൂട്ടത്തിനോട് തന്റേതായ രീതിയിൽ മാത്രം ബന്ധം സ്ഥാപിക്കുന്നു. നിയമങ്ങളാലും കോഡുകളാലും ബന്ധിതമായ ഒരു വ്യവസ്ഥയിൽ അത്തരത്തിലുള്ള ഒരു സമീപനത്തിന് വെല്ലു വിളികൾ ഏറെയാണെങ്കിലും കളിയുടെ വിളയാടൽ ഘടകങ്ങൾ അയാളെ, അയാളുടെ വേഗതയെ, നിസാരമായ രീതിയിൽ അയാളിൽ നിന്നും വിഴിഞ്ഞിറങ്ങുന്ന ചലന താളങ്ങളെ എല്ലാം, സവിശേഷമായ ഒരു അനുഭവമാക്കി മാറ്റുന്നു. വംശീയമായ വെറുപ്പ് കൊണ്ട് ബലോട്ടെല്ലിയെ നിരന്തരം ഇകഴ്ത്തിക്കൊണ്ടിരിക്കുമ്പോഴും അയാളിലെ ചടുലമായ ‘dynamism’ കളിക്കമ്പക്കാരുടെ ശ്വാസം അപഹരിച്ചു കൊണ്ടിരിക്കുന്നു. അയാൾ മൈതാന ഭാഷയുടെ രഹസ്യ സൗന്ദര്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കുന്നു.
Comments are closed.