കണ്ണൂർ, കാസർകോട് ജില്ലകളിൽ തെയ്യങ്ങളെ കുറിച്ച് നടത്തിയ അന്വേഷണ യാത്രയിൽ കമ്പല്ലൂർ ഗ്രാമത്തിൽ എത്തിയപ്പോഴാണ് മാപ്പിള സമുദായത്തിൽ കണ്ടുവരുന്ന വേഷങ്ങളിൽ ഒരു തെയ്യം അവതരിപ്പിക്കപ്പെടുന്നത് കണ്ടത്. ആ യാത്രയും അന്വേഷണവുമാണ് കലന്തൻ മുക്രി തെയ്യത്തിന്റെ പുരാവൃത്തങ്ങളിലേക്കുള്ളത്. മലബാറിലെ മുസ്ലിംകളും ഹിന്ദുക്കളും മുന്നോട്ടുവച്ച മതസാഹോദര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും ഈശ്വരാരാധനാ രൂപമാണ് മാപ്പിള തെയ്യങ്ങൾ. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ അവതരിപ്പിക്കപ്പെടുന്ന പത്തോളം മാപ്പിള തെയ്യങ്ങളിലെ പുരാവൃത്തങ്ങളും തെയ്യാട്ട കഥകളും കലന്തൻ മുക്രി തെയ്യത്തെ മുൻനിർത്തി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ഫോട്ടോ ആർട്ടിക്കിൾ.

മുഖത്തെഴുത്തില്ലാത്ത തെയ്യം
കലന്തൻ മുക്രിയുടെ ആഘോഷം
കണ്ണൂർ ജില്ലയിലെ വടക്കുകിഴക്കൻ മലയോര പ്രദേശമായ ചിറ്റാരിക്കല്ലിന് സമീപമുള്ള കമ്പല്ലൂർ കോട്ടയിലാണ് കലന്തൻ മുക്രി എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നത്. ഇതിനടുത്തായി, കമ്പല്ലൂർ കോട്ടയിൽ തറവാട്ടുകാർ നൽകിയ സ്ഥലത്താണ് പ്രശസ്തമായ പുളിങ്ങോം പള്ളിയും ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സൂഫിവര്യന്റെ മഖാമും സ്ഥിതി ചെയ്യുന്നത്..

സ്ഥലം: കമ്പല്ലൂർ, കാസർകോട്
അരങ്ങേറ്റ സമയം: മകരം 6, 7
നടത്തിപ്പ് തറവാട്: കമ്പല്ലൂർ തറവാട്

മുക്രിയുടെ ജനനം
പുരാവൃത്തപ്രകാരം, പുളിങ്ങോം പള്ളിയുടെ മുക്രിയായിരുന്ന കലന്തൻ വൈദ്യത്തിലും മനോരോഗ ചികിത്സയിലും നിപുണനായതുകൊണ്ട് ആ നാട്ടിലെ പ്രശസ്തയായ നാട്ടുപരദേവതയായ ചാമുളശിയെ ഒഴിവാക്കി നാട്ടുകാരെല്ലാവരും മുക്രിയെ സമീപിച്ചു. ഈ സമീപനത്തിൽ മനംനൊന്ത ചാമുളശി കലന്തൻ മുക്രിയെ പുഴയിൽ മുക്കി കൊന്നതുമായി ബന്ധപ്പെട്ടാണ് കലന്തൻ മാപ്പിള തെയ്യത്തിന്റെ കടന്നുവരവ്.

ചുവന്ന പട്ടുടുത്ത്, തലയിൽ ഒരു കെട്ടും കെട്ടി, വട്ടത്താടിയും കയ്യിൽ തിരുവായുധവും കൈവശം വച്ചാണ് കലന്തൻ മുക്രി തെയ്യം കോട്ടമുറ്റത്ത് എത്തുന്നത്. നമസ്കാര ചടങ്ങുകളോടെ കർമങ്ങൾ ആരംഭിക്കുന്ന തെയ്യം വിശ്വാസികളുമായി സംവദിക്കാൻ ഉപയോഗിക്കുന്നത് മാപ്പിള മുസ്ലിം ഭാഷയാണ്. കലന്തൻ മുക്രി തെയ്യം പൂർവജന്മത്തിൽ തന്റെ മരണത്തിന് ഹേതുവായ ചാമുളശിയോടൊപ്പം തന്നെയാണ് അനുഷ്ഠാനത്തിൽ നൃത്തം ചവിട്ടുന്നത്.

മലബാറിലെ ഇതര തെയ്യങ്ങൾ
ആലി ചാമുണ്ഡി തെയ്യം
കലന്തൻ മുക്രി
കോയി മമ്മദ്
ബബ്ബിരിയൻ
പങ്കുരാൻ തെയ്യം
കല്ലായി മമ്മു
ഉമ്മച്ചി തെയ്യം
നെയ്ത്തിയാൽ ബീവി
തുടങ്ങിയവയാണ് മലബാറിൽ പ്രശസ്തമായ മാപ്പിള കഥാപാത്രങ്ങൾ. ചേരമാൻ പെരുമാളിന്റെ ഇസ്ലാം മതാശ്ലേഷവും അറക്കൽ രാജകുടുംബത്തിന്റെ ഉത്ഭവകഥയുമൊക്കെ തെയ്യത്തിൽ പറയപ്പെടുന്നുണ്ട്.


Comments are closed.