മിഷേല്‍ ഫൂക്കോ തന്റെ ‘ഓര്‍ഡര്‍ ഓഫ് തിംഗ്‌സി‘ ല്‍ നടത്തിയ ഒരു അഭിപ്രായം പ്രസിദ്ധമാണ്. അത്; മത്സ്യം വെള്ളത്തിലേ ശ്വസിക്കൂ എന്നത് പോലെ മാര്‍ക്‌സിസത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താലോകത്ത് മാത്രമേ നിലനില്‍പുള്ളൂ എന്നാണ്. താന്‍ മാര്‍ക്‌സിസ്റ്റല്ല എന്ന് തുറന്ന് പ്രഖ്യാപിച്ച ഫൂക്കോവിന് മാര്‍ക്‌സിസത്തോടുള്ള പ്രശ്‌നം പ്രത്യയശാസ്ത്രപരം എന്നതിനേക്കാള്‍ സൈദ്ധാന്തികമാണ്. അഥവാ, മാര്‍ക്‌സിസം സ്വയം വിലയിരുത്തുന്നത് ചരിത്രത്തെക്കുറിച്ചുള്ള ശാസ്ത്രം എന്നാണ്. അങ്ങനെയെങ്കില്‍ മാര്‍ക്‌സിസത്തിന് സ്വയം ചരിത്രാതീമാവാന്‍ സൈദ്ധാന്തികമായി സാധിക്കില്ല. എന്നാല്‍ ചരിത്രത്തെക്കുറിച്ചുള്ള ശാസ്ത്രം എന്ന് സ്വയം വിലയിരുത്തുന്ന മാര്‍ക്‌സിസം തന്നെ പലപ്പോഴും ചരിത്രാതീമായ, സാര്‍വ്വലൗകികമായ പ്രസക്തി അവകാശപ്പെടുകയും ചെയ്യുന്നു. അതു കൊണ്ടാണ് ഫൂക്കോ മാര്‍ക്‌സിസ്റ്റുകളോട് ചോദിച്ചത്; നിങ്ങള്‍ സയന്‍സ് എന്ന് അവകാശപ്പെടുന്ന കാര്യം ആ സയന്‍സിന്റെ സൈദ്ധാന്തിക ഉപകരണങ്ങള്‍ കൊണ്ട് തന്നെ സ്വയം സാധൂകരിക്കുകയാണ് ആദ്യം വേണ്ടത് എന്ന്. എന്നാല്‍ രസകരമെന്നോണം, മാര്‍ക്‌സിന്റെ നരകം എന്ന പുസ്തകം എഴുതിയ വില്യം ക്ലയര്‍ റോബര്‍ട്‌സ് പറയുന്നത് ഫൂക്കോ മാര്‍ക്‌സിസം എന്ന വെള്ളത്തിലെ മത്സ്യം ആണ് എന്നാണ്. ഫൂക്കോവിന്റെ ചിന്തകള്‍ക്ക് ശ്വസിക്കാന്‍ മാര്‍ക്‌സിസം കൂടിയേ തീരു എന്നാണ് റോബര്‍ട്ട്‌സ് വാദിക്കുന്നത് (റോബര്‍ട്‌സ് 2016). ജാക്വസ് ബൈഡറ്റിനെ പോലെ ഉള്ള പണ്ഡിതര്‍ മാര്‍ക്‌സിനും ഫൂക്കോവിനും ഇടയിലുള്ള സിദ്ധാന്തപരമായ അതിര്‍ത്തി തര്‍ക്കങ്ങളെക്കുറിച്ച് വിശദമായി പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ മുതലാളിത്ത സമൂഹവും ഫൂക്കോവിന്റെ അച്ചടക്ക സമൂഹവും തമ്മിലും മാര്‍ക്‌സിന്റെ ഫാക്ടറി വിമര്‍ശനവും ഫൂക്കോവിന്റെ ആധുനിക സ്ഥാപന വിമര്‍ശനവും തമ്മിലുമുള്ള പാരസ്പര്യങ്ങളെക്കുറിച്ചാണ് ബൈഡറ്റ് എഴുതുന്നത് . ഫൂക്കോവിന്റെയും മാര്‍ക്‌സിന്റെയും വിമര്‍ശന സ്‌കീമുകളെ കോര്‍ത്തിണക്കി മറ്റൊരു രാഷ്ട്രീയ വിമര്‍ശന പദ്ധതിയെക്കുറിച്ച് ആലോചിക്കുക എന്നതാണ് ബൈഡറ്റ് ചെയ്യുന്ന പണി. അതെന്തായാലും, ഈ ലേഖനത്തിന്റെ ഉദ്ദേശം മാര്‍ക്‌സും മാര്‍ക്‌സിസവും തമ്മിലുള്ള വിത്യാസം, മാര്‍ക്‌സിസത്തിന്റെ വ്യവഹാരത്തിലും മാര്‍ക്‌സിസത്തെക്കുറിച്ചുള്ള വ്യവഹാരത്തിലും വംശാവലി ചരിത്രം എന്ന സമീപനത്തിന്റെ പ്രസക്തി, മാര്‍ക്‌സിന്റെ ഇസ്ലാം ബന്ധങ്ങള്‍ തുടങ്ങിയവയെ ഫൂക്കോവിനെ പിന്തുടര്‍ന്ന് കൊണ്ട് അപഗ്രഥിക്കാന്‍ ശ്രമിക്കുക എന്നതാണ്.

കാറല്‍ മാര്‍ക്‌സിന് കാലികത്വം ഉണ്ട് എന്ന നിരന്തര വാദവും ഇല്ല എന്ന വാദവും ഒരുപോലെ മാര്‍ക്‌സിന് കാലികത്വം നല്‍കുന്നതിലാണ് പലപ്പോഴും അവസാനിക്കുക. യഥാര്‍ത്ഥത്തില്‍ കാറല്‍ മാര്‍ക്‌സിന് കാലികത്വം ഉണ്ടാകുന്നതില്‍ എന്താണൊരു പ്രശ്‌നം? നീചെക്കും ഇബ്‌നു ഖല്‍ദൂനും വിഗ്ഗൈന്‍സ്റ്റൈനും ഉള്ള പോലൊരു കാലികത്വം മാര്‍ക്‌സിനും ഉണ്ടാകണമല്ലോ. അങ്ങനെയാണെങ്കില്‍ പിന്നെ മാര്‍ക്‌സിന് ഉണ്ടെന്ന് പലപ്പോഴും ആഘോഷിക്കപ്പെടുന്ന കാലികത്വത്തിന് സവിശേഷമായി എന്താണുള്ളത്.? തീര്‍ച്ചയായും ഫൂക്കോ മാര്‍ക്‌സിസത്തെ കാണുന്ന രീതിയില്‍ കൃത്യതക്കുറവുണ്ട്. കാരണം ഫൂക്കോ പറഞ്ഞത് മാര്‍ക്‌സിസം ഒരു വ്യവഹാരമാണെന്നും മാര്‍ക്‌സ് അതിന്റെ സ്ഥാപകനാണെന്നുമാണ്. പക്ഷെ, മാര്‍ക്‌സിന്റെ കാലത്ത്, അഥവാ, പത്തൊമ്പതാം നൂറ്റാണ്ടില്‍ അല്ല, മറിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ആണ് മാര്‍ക്‌സിസം ഒരു വ്യവഹാരമായി വികസിച്ചത്. മാര്‍ക്‌സിസം ഒരു വ്യവഹാരമാണെന്ന് ഫൂക്കോ പറയുന്നത് പ്രധാനമാകുന്നത്, മാര്‍ക്‌സിസത്തെക്കുറിച്ചുള്ള പലതരം പാര്‍ട്ടി കേന്ദ്രീകൃത വിജ്ഞാനങ്ങളുടെ ഈ കാലത്ത് സവിശേഷമാണ്. മാര്‍ക്‌സിസം സ്വയം അവകാശപ്പെടുന്നത് പ്രായോഗികതയുടെ പ്രത്യയശാസ്ത്രം ആയാണ്. പ്രാക്‌സിസ് അഥവാ പ്രയോഗം ആണ് അതിന്റെ കേന്ദ്രം. വര്‍ത്തമാന കാലത്തെ രാഷ്ട്രീയ ഇടപാടുകളെ പ്രയോഗപരമായി നിര്‍ണയിക്കുന്നത് പാര്‍ട്ടി എന്ന സങ്കല്‍പമാണ്. അതുകൊണ്ട് തന്നെ മാര്‍ക്‌സിസം എന്ന വിജ്ഞാനത്തെ മനസിലാക്കുന്നതിന്റെ പ്രാഥമികവും അടിസ്ഥാന പരവും മാര്‍ക്‌സിസ്റ്റ് യുക്തിക്കനുസൃതവുമായിട്ടുള്ള മാര്‍ഗ്ഗം പാര്‍ട്ടി ആണ്. പക്ഷെ എന്നതു കൊണ്ട് കേരളത്തിലെ സി.പി.എമ്മിലൂടെ ആരും പാര്‍ട്ടിയെ പഠിക്കാന്‍ ശ്രമിക്കാറില്ല, മാത്രമല്ല, ‘യഥാര്‍ത്ഥ’ മാര്‍ക്‌സിസത്തിന്റെ വഴിതെറ്റിയ പ്രയോഗമായാണ് പലപ്പോഴും സി.പി.എം വിലയിരുത്തപ്പെടാറുള്ളത്. പലപ്പോഴും തീവ്ര ഇടതുപക്ഷ പാര്‍ട്ടി വ്യവഹാരങ്ങളില്‍ കാണപ്പെടുന്ന ‘യഥാര്‍ത്ഥ’ മാര്‍ക്‌സിസം എന്ന പ്രയോഗം മാര്‍സിസ്റ്റ് പ്രാക്‌സിസിന്റെ ആശയ മണ്ഡലത്തിന് വിരുദ്ധമാണ്. കാരണം ആശയം മേല്‍തട്ടില്‍ നിന്ന് പ്രായോഗികതയെ നിര്‍ണയിക്കുന്നു എന്ന ഹെഗലിയന്‍ തത്വത്തിനെ വിമര്‍ശിച്ചു കൊണ്ടാണ് മാര്‍ക്‌സ് തന്റെ തിസീസ് രൂപപ്പെടുത്തുന്നത് തന്നെ. ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മാര്‍ക്‌സിസം എന്ന സംഭവം തന്നെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്. എന്നു മാത്രമല്ല, ശരി/തെറ്റ്, യഥാര്‍ത്ഥം/വ്യാജം തുടങ്ങി സമകാലീക മാര്‍ക്‌സിസത്തില്‍ വ്യാപകമായി കാണപ്പെടുന്ന അവകാശ വാദങ്ങളൊക്കെ തന്നെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്ന് കാണാം.

തല്‍കാലം നമ്മള്‍ നീങ്ങുന്നത് മാര്‍ക്‌സിസത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് അവകാശവാദങ്ങളിലൂടെ അല്ല, മറിച്ച് മാര്‍ക്‌സിസത്തെക്കുറിച്ചുള്ള ഫൂക്കോള്‍ഡിയന്‍ കാഴ്ചപ്പാടിലൂടെ ആണ്. ഫൂക്കോ പറഞ്ഞത് മാര്‍ക്‌സിസം ഒരു വ്യവഹാരം എന്നാണ്. വ്യവഹാരം എന്നാല്‍ ഭാഷയുടെ സാമൂഹികവും പരമ്പരാഗതവുമായ അര്‍ത്ഥ ലോകമാണ്. അഥവാ, ഭാഷ സ്വയം തന്നെ അര്‍ത്ഥ പ്രക്ഷേപണം നടത്തുന്നില്ല, മറിച്ച് സാമൂഹികമായും ചരിത്രപരമായും നടത്തപ്പെടുന്ന നിരന്തരമുള്ള അര്‍ത്ഥ നവീകരണത്തിലൂടെ നിലനില്‍ക്കുകയാണ് ചെയ്യുന്നത് എന്നതിനെ നമുക്ക് വ്യവഹാരം എന്നു വിളിക്കാം. അഥവാ, ടെക്സ്റ്റ് എന്നതിന് പുറത്തുള്ള പല ഘടകങ്ങളും ആണ് അര്‍ത്ഥ നിര്‍ണയോപാധികളായി നിലനില്‍ക്കുന്നത് എന്നര്‍ത്ഥം. ഇസ്ലാമിനെക്കുറിച്ച് പ്രമുഖ നരവംശ ശാസ്ത്രകാരനായ തലാല്‍ അസദ് പറഞ്ഞത് ഇസ്ലാം ഒരു വ്യവഹാര പാരമ്പര്യമാണ് എന്നാണ്. അതായത്, ഇസ്ലാമിനെ ഓറിയന്റലിസ്റ്റുകള്‍ കരുതുന്ന പോലെ പൂര്‍വ്വ നിര്‍ണ്ണിതമായ ഒരു വിജ്ഞാനമായല്ല, മറിച്ച് സാമൂഹിക ഇടപാടുകളാല്‍ സാധൂകരിക്കപ്പെടുകയും നിരന്തരം പുതുക്കപ്പെടുകയും ചെയ്യുന്ന അര്‍ത്ഥങ്ങളുടെ ഒരു സെറ്റ് ആയാണ് കാണേണ്ടത് എന്നാണ്. അപ്പോള്‍ ഫൂക്കോ പറഞ്ഞതിനെ നമുക്ക് ഇങ്ങനെ മനസിലാക്കാം; മാര്‍ക്‌സിസം എന്നാല്‍ വിമോചനത്തെക്കുറിച്ചുള്ള (സോഷ്യലിസം) സവിശേഷമായ സങ്കല്‍പങ്ങളെ ചുറ്റിപ്പറ്റി നിലനിന്ന് വരുന്ന പ്രയോഗങ്ങളിലൂടെ അര്‍ത്ഥ രൂപീകരണം സംഭവിച്ച വിജ്ഞാനമാണ് (ചരിത്രത്തിന്റെ ചലനാത്മകതയെയും സാമൂഹിക മാറ്റത്തെയും സംബന്ധിച്ചുള്ള വിജ്ഞാനം എന്ന് കൂടുതല്‍ ആകാംക്ഷ ഉള്ളവര്‍ക്കായി ഇവിടെ ചേര്‍ക്കാം). എന്തിനാണ് ഇങ്ങനെ ഒരു നിര്‍വ്വചനത്തിന്റെ ആവശ്യം? കാരണം, ഈ നിര്‍വ്വചനം നമ്മളെ നയിക്കുക മാര്‍ക്‌സിനെ മാര്‍ക്‌സിസത്തില്‍ നിന്ന് വ്യവച്ഛേദിച്ച് മനസിലാക്കുന്നതിലേക്കായിരിക്കും, അതാണ് ഈ ലേഖനം താല്‍പര്യപ്പെടുന്നതും. കൂടാതെ, മാര്‍ക്‌സ് തത്വചിന്തയുടെ ചരിത്രത്തില്‍ നിലനിര്‍ത്തിയ സ്ഥാനം എന്താണ് എന്ന അന്വേഷണത്തിലേക്കും.

ലൂയി ആള്‍ത്തൂസര്‍ എന്ന തത്വചിന്തകന്‍ കര്‍തൃ രൂപീകരണത്തില്‍ ഭരണകൂടത്തിനുള്ള പങ്കിനെക്കുറിച്ച് വിശദമായി സിദ്ധാന്തീകരിച്ച ആളാണ്. ആള്‍ത്തൂസര്‍ താനൊരു മാര്‍ക്‌സിസ്റ്റ് എന്നതിനേക്കാളും താനൊരു സോഷ്യല്‍ അനാര്‍ക്കിസ്റ്റ് ആണെന്നും മാര്‍ക്‌സിസത്തെ അങ്ങനെ കാണേണ്ടതുണ്ടെന്നും പഠിപ്പിക്കുന്നു. ആള്‍ത്തൂസര്‍ മര്‍ദ്ദക വ്യവസ്ഥക്കെതിരെ മത പാരമ്പര്യങ്ങൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചിന്തകനാണ്. മാര്‍ക്‌സിസ്റ്റ് ചിന്തകനാണെങ്കിലും പ്രാഥമികമായി സ്വയം ഒരു കാത്തലിക് ആണെന്ന് പ്രഖ്യാപിക്കുന്ന ആളാണ് അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിലെ ഏറ്റവും റാഡിക്കലായ ചിന്തകനായ ആള്‍ത്തൂസര്‍ വാദിക്കുന്നത് മാര്‍ക്‌സിസം എന്ന തത്വ ചിന്ത നിലനില്‍ക്കുന്നില്ല എന്നാണ്. ആള്‍ത്തൂസറിന്റെ വിദ്യാര്‍ത്ഥിയും വര്‍ത്തമാന കാലത്തെ ഏറ്റവും പ്രമുഖ ഫിലോസഫറുമായ ഫ്രഞ്ചു മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ എറ്റൈന്‍ ബാലിബറും വാദിക്കുന്നത് മാര്‍ക്‌സിസം എന്ന ഒരു തത്വചിന്ത നിലനില്‍ക്കുന്നില്ല എന്നാണ്. ബാലിബറിനെ സംബന്ധിച്ചിടത്തോളം പ്രസക്തമായ അന്വേഷണം തത്വചിന്തയുടെ ചരിത്രത്തില്‍ മാര്‍ക്‌സ് എന്തു തരം സ്വാധീനമാണ ഉണ്ടാക്കിയത് എന്നതു മാത്രമാണ്. അതിലൂടെ മാര്‍ക്‌സിനെ ഒരു സ്വതന്ത്ര ചിന്തകനായി തിരിച്ചറിയുകയും മാര്‍ക്‌സ് പങ്കുവെക്കുന്ന ചിന്തയുടെ പാരമ്പര്യങ്ങളെ മനസിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അഥവാ, മാര്‍ക്‌സിസം എന്നത് സ്പഷടവും സുതാര്യവുമായ ഒരു തത്വചിന്താ പദ്ധതി അല്ല. മറിച്ച് ഒരു സവിശേഷമായ പ്രായോഗിക ക്രമം മാത്രമാണ്. അതില്‍ ആ പ്രായോഗികതയെ സംബന്ധിച്ച് വിത്യസ്തമായ മാര്‍ഗ്ഗങ്ങളും ചിന്തകളും രൂപീകരിക്കാം. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ജാതി വിരുദ്ധരാഷ്ട്രീയം എന്നത് മാര്‍ക്‌സിസ്റ്റ് സ്വഭാവമുള്ള ഒന്നാണ്. കുറച്ചു കൂടി ജെനറലൈസ് ചെയ്താല്‍ അധികാരം, പ്രതിരോധം എന്നീ സംവര്‍ഗ്ഗങ്ങള്‍ സാമൂഹിക ശരീരത്തെ നിര്‍ണയിക്കുകയും വിജ്ഞാനത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്ന സങ്കല്‍പത്തെ അടിസ്ഥാനമായി സ്വീകരിക്കുന്ന എല്ലാ ആശയങ്ങളും മാര്‍ക്‌സിസ്റ്റ് ആണ്. ഈ ഡയലക്ടിസ് (അധികാരം, പ്രതിരോധം) ഓരോ കാലത്ത് ഓരോ ക്രമങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉദാഹരണത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റുകള്‍ ഈ ഡയലക്ടിക്‌സിനെ പ്രതിഷ്ഠിച്ചത് സാമ്പത്തികമണ്ഡലത്തിലാണ്. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തില്‍ ഗ്രാംഷിയുടെയും ഫ്രാങ്കഫര്‍ട്ട് സ്‌കൂള്‍ ചിന്തകരുടെയും ഉദയത്തോടെ സംസ്‌കാരം എന്നതില്‍ ഈ ഡയലക്ടിക്‌സ് പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് സാഹിത്യത്തിലും സിനിമയിലുമൊക്കെ പരക്കെ മാര്‍ക്‌സിസ്റ്റ് വിമര്‍ശന പാരമ്പര്യം നിലനില്‍ക്കുന്നത് ഈ ഡയലക്ടിസിനെ പ്രയോഗക്ഷമമാക്കിക്കൊണ്ടാണ്. ചരിത്രം മുന്നോട്ട് നീങ്ങുന്നത് ഈ ഡയലക്ടിക്‌സിന്റെ ഫോഴ്‌സിലാണ് എന്നതാണ് മാര്‍ക്‌സിസ്റ്റ് സങ്കല്‍പം. പക്ഷെ തുടക്കത്തിലുണ്ടായ സാമ്പത്തിക നിര്‍ണയവാദത്തിന്റെ ഭാഷ തന്നെയാണ് മറ്റെല്ലാ മണ്ഡലത്തിലും ഉപയോഗിക്കപ്പെട്ടത്. മോഡ് ഓഫ് പ്രൊഡക്ഷന്‍, കാപിറ്റല്‍, വാല്യു തുടങ്ങിയ സാമ്പത്തിക പദാവലികളൊക്കെ പിന്നീട് സാംസ്‌കാരികമായ അര്‍ത്ഥങ്ങള്‍ കൈമാറ്റം ചെയ്യാന്‍ തുടങ്ങി (കള്‍ചറല്‍ കാപിറ്റല്‍, പ്രിവിലേജ് തുടങ്ങിയ പദാവലികള്‍ ശ്രദ്ധിക്കുക). ഇതുകൊണ്ടൊക്കെ ആണ് ഫൂക്കോ മാര്‍ക്‌സിസം എന്നത് ഒരു വ്യവഹാരം അല്ലെങ്കില്‍ സവിശേഷമായ ഒരു ഭാഷാ ക്രമം എന്ന് നിര്‍വചിച്ചത്.

സ്വത്വരാഷ്ട്രീയം എന്ന് പൊതുവെ വിളിക്കപ്പെടുന്ന രാഷ്ട്രീയ ക്രമം അതിന്റെ മാര്‍ക്‌സിസ്റ്റ് പാരമ്പര്യം നിലനിര്‍ത്തുന്നതും അങ്ങനെയാണ്. മാര്‍ക്‌സിസത്തോട് വിമര്‍ശനം വെക്കുന്നു എന്ന് അവകാശപ്പെടുന്ന ഡീകൊളോണിയല്‍ പണ്ഡിതന്മാരും ഇപ്പോള്‍ പറഞ്ഞ ‘ജനറലൈസ്ഡ് മാര്‍ക്‌സിസ’ത്തിനകത്താണ് പലപ്പോഴും കടന്നു വരുന്നത്. അപ്പോള്‍ പിന്നെ എന്തായിരിക്കണം മാര്‍ക്‌സിസത്തോടുള്ള മൗലിക സമീപനം? മാര്‍ക്‌സിസത്തെ ഒരു വെസ്റ്റേണ്‍ പ്രൊജക്ട് ആയി കണ്ട് കൊണ്ട് നടത്തപ്പെടുന്ന എല്ലാ വിമര്‍ശനും ഫലത്തില്‍ മാര്‍ക്‌സിസത്തെ സാര്‍വ്വലൗകികവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ഫൂക്കോവിനെ പിന്തുടര്‍ന്നാല്‍, ഒരു വ്യവഹാരം എന്ന നിലയില്‍ ഡികൊളോണിയലിസവും മാര്‍ക്‌സിസ്റ്റ് ആണ്. വില്യം ക്ലയര്‍ റോബര്‍ട്‌സിന്റെ അഭിപ്രായത്തില്‍ ഫൂക്കോ തന്നെ മാര്‍ക്‌സിസ്റ്റ് ആണ്. അങ്ങനെയെങ്കില്‍ പിന്നെ എന്താണ് വിമോചനത്തെക്കുറിച്ചുള്ള മൗലികമായ ഒരു മാര്‍ക്‌സിസ്‌റ്റേതര ചിന്ത? ഒരുപക്ഷെ അതിനെക്കാള്‍ പ്രസക്തമായ ചോദ്യം, എന്തിനാണ് ഇപ്പോള്‍ അങ്ങനെ ഒരു മാര്‍ക്‌സിസ്‌റ്റേതര ചിന്തയെ തപ്പി പോകുന്നത്? ഡികൊളോണിയലിസം പോലെ സ്വയം തന്നെ സങ്കരമായ വിമര്‍ശന പദ്ധതികള്‍ നമ്മളോട് മാര്‍ക്‌സിസത്തോട് തീര്‍ത്തും സങ്കുചിതമായതും ശുദ്ധിവാദപരമായതുമായ നിലപാട് എടുക്കാന്‍ ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? ആല്‍ബര്‍ട്ടോ ടോസ്‌കാനോ എന്ന ചിന്തകന്റെ നിലപാടാണ് ഇവിടെ കൂടുതല്‍ സഹായകരമായി തോന്നുന്നത്. ടോസ്‌കാനോ പറയുന്നത്, പരസ്പരം മത്സരിക്കുന്ന പ്രത്യയശാസ്ത്ര പദ്ധതികളിലൊന്ന് എന്ന നിലയില്‍ നമ്മള്‍ മാര്‍ക്‌സിസത്തെ കണക്കാക്കേണ്ടതില്ല എന്നാണ്. അഥവാ, ഏറ്റവും മികച്ച വിമോചന പദ്ധതി ഏതാണ് അല്ലെങ്കില്‍ ഏറ്റവുമധികം അധീശവല്‍ക്കരിക്കപ്പെട്ടു പോയ സിദ്ധാന്ത ക്രമമേതാണ് എന്ന് ആലോചിച്ചു കൊണ്ട് മാര്‍ക്‌സിസത്തെ സമീപിക്കേണ്ടതില്ല എന്നര്‍ത്ഥം. മറിച്ച്, നമ്മുടെ റാഡിക്കലും വിമോചനപരവുമായ ചിന്താപ്രക്രിയയെ സമ്പുഷ്ടമാക്കുന്ന ഘടകങ്ങളിലൊന്നായി മാര്‍ക്‌സിസ്റ്റ് വ്യവഹാരത്തെ പൊതുവില്‍ സ്വീകരിക്കുക എന്നതാണ് യുക്തിപരം. ഇതിനെ ഒന്നു കൂടി നമ്മള്‍ ക്ലിപ്തപ്പെടുത്തിയാല്‍, എറ്റൈന്‍ ബാലിബര്‍ പറയുന്നത് പോലെ മാര്‍ക്‌സിസം അല്ല, മറിച്ച് , മാര്‍ക്‌സ് എന്ന തത്വചിന്തകന്‍ നമ്മുടെ ആലോചനകളുടെ ലോകത്തിലും ചരിത്രത്തിലും എങ്ങനെ ഇടപെട്ടു എന്ന രീതിയില്‍ ഈ ചര്‍ച്ചകള്‍ കൊണ്ട് പോകുന്നതിലേ കാര്യമുള്ളൂ എന്നര്‍ത്ഥം.

അപ്പോള്‍ പിന്നെ മാര്‍ക്‌സിനെ നമ്മള്‍ എങ്ങനെ സമീപിക്കും എന്നതാണ് ഇനിയുള്ള ചിന്ത. ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാര്‍ക്‌സിനെ പ്രതിഷ്ഠിച്ചു കൊണ്ട് സമീപിക്കാം (ഈ സമീപനമാണ് നിലവില്‍ ഏറ്റവും സ്വീകാര്യം) അല്ലെങ്കില്‍ മാര്‍ക്‌സിനെ സ്വതന്ത്രമായി വംശാവലി (ജീനിയോളജി) പഠനത്തിലൂടെ സമീപിക്കാം ( നീചേയുടെ മനസ് മുസ്‌ലിം ആണ് എന്ന അല്ലാമാ ഇഖ്ബാല്‍ പറഞ്ഞതോര്‍ക്കുക). ആദ്യത്തെ സമീപനത്തോട് നേരത്തെ സൂചിപ്പിച്ച പോലെ ഈ ലേഖനത്തിന് ഒട്ടും താല്‍പര്യമില്ല. രണ്ടാമത്തെ സമീപനം വിശദീകരിക്കാന്‍ ഈ കുറിപ്പ് മതിയാവുകയുമില്ല. അപ്പോള്‍ പിന്നെ മാര്‍ക്‌സിനെ എന്തുകൊണ്ട് വംശാവലി സമീപനത്താല്‍ പഠിക്കുന്നു എന്നൊരു ആമുഖ സൂചന നല്‍കി അവസാനിപ്പിക്കുന്നതാവും യുക്തിപരം. പീറ്റര്‍ ഹൂഡിസ് എന്ന സ്‌കോളര്‍ നല്‍കുന്ന വിശദീകരണം നമുക്ക് ഉപയോഗപ്രദമാണ്. മാര്‍ക്‌സിന്റെ ഡയലറ്റിക്‌സ് ഓഫ് നെഗറ്റിവിറ്റി അഥവാ നിഷേധാത്മകതയുടെ ഡയലക്ടിക്‌സ് (നിഷേധമാണ് ജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും അടിത്തറ എന്ന് ഏറ്റവും ലളിതമായി പറയാം. ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിന്റെ വചനത്തെ വ്യാഖ്യാനിക്കുന്ന പലരും നിഷേധമാണ് ജ്ഞാനത്തിന്റെ മുന്നുപാദി എന്നു വിശദീകരിക്കുകയും ഇസ്‌ലാം അതു കൊണ്ട് തന്നെ നിഷേധത്തിലാണ് മറിച്ച് നിര്‍വ്വചനത്തിലല്ല (നിര്‍വ്വചനം- എന്താണ് എന്ന് നിശ്ചിതപ്പെടുത്തുക) നിലനില്‍ക്കുന്നത് എന്ന് തെര്യപ്പെടുത്തിയിട്ടുണ്ട്) എന്ന ആശയം പലപ്പോഴും യൂറോപ്യനായ സാമൂഹിക ചരിത്രത്തിന്റെ ഭാഗമായി മാത്രമേ പ്രസക്തമാകുന്നുള്ളൂ എന്നും കിഴക്കന്‍ ചരിത്രത്തിലോ ആഫ്രിക്കന്‍ ചരിത്രത്തിലോ പ്രസക്തമല്ല എന്നും പോള്‍ ഗില്‍റോയി, അന്റോണിയോ നെഗ്രി തുടങ്ങിയ പണ്ഡിതന്മാര്‍ വാദിച്ചിട്ടുണ്ട്. അവരെ വിമര്‍ശിച്ചു കൊണ്ട് ഹൂഡിസ് പറയുന്നത് ഡയലക്ടിക്‌സ് ഓഫ് നെഗറ്റിവിറ്റിയെ സമീപിക്കേണ്ടത് വംശാവലി പഠനത്തിലൂടെ ആണ് എന്നാണ്. ഈ സമീപനം ഡയലക്ടിസ് ഓഫ് നെഗറ്റിവിറ്റി എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക് തിയോളജിക്കല്‍ സംവാദത്തില്‍ നിന്ന് വികസിച്ചതാണ് എന്ന കാഴ്ചപ്പാടിലേക്ക് നമ്മളെ നയിക്കുന്നു.

പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബൂ യഅ്കൂബുല്‍ സിജിസ്താനി എന്ന ഇസ്‌ലാമിക ചിന്തകനാണ് ഹൂഡിസ് വാദിക്കുന്നത് പ്രകാരം ഡയലക്ടിസിന്റെ പ്രഥമവക്താവ്. ഭൗതിക വിജ്ഞാനത്തിന്റെ നിഷേധമാണ് അല്ലാഹുവിലേക്കുള്ള വഴി എന്ന് സിദ്ധാന്തീകരിച്ച സിജിസ്താനിയുടെ സമീപനം ആധുനിക കാലത്തെ ഭൗതികമായ സാഹചര്യങ്ങളിലേക്ക് പറിച്ചു നടുന്ന പ്രക്രിയയാണ് മാര്‍ക്‌സിന്റേത് എന്ന് ഹൂഡിസ് പറയുന്നു. എന്നാല്‍ സിജിസ്താനിയില്‍ നിന്ന് മാര്‍ക്‌സിലേക്കെത്തുമ്പോള്‍ ഡയലക്ടിസിന് ആശയം എന്ന അര്‍ത്ഥത്തില്‍ എന്തു സംഭവിച്ചു എന്ന ഹൂഡിസ് വിശദീകരിക്കുന്നില്ല. യൂറോപ്യന്‍ ഫിലോസഫിയുടെ പിതാവെന്ന് പറയാവുന്ന ദെക്കാര്‍തെ ഇമാം ഗസ്സാലിയുടെ എഴുത്തുകള്‍ വായിച്ചിരുന്നതായും വിജ്ഞാനത്തിന്റെ അടിത്തറയെക്കുറിച്ചുള്ള ദെക്കാര്‍തെയുടെ ആശയങ്ങള്‍ ഇമാം ഗസ്സാലിയാല്‍ സ്വാധീനിക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു. (ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ഫിലോസഫി – എഡി. സയ്യിദ് ഹുസൈന്‍ നസ്ര്, ഒലിവര്‍ ലേമാന്‍ കാണുക). ഹൂഡിസ് നടത്തുന്ന ഈ ജമ്പിംഗിനെ സംശയത്തോടു കൂടി വീക്ഷിക്കേണ്ടതുള്ളപ്പോഴും ഈ സമീപനം പലപ്പോഴും പ്രസക്തമാവാറുണ്ട്. ഈ ഉദാഹരണം പറഞ്ഞത് മാര്‍ക്‌സ് ഒരു ഫിലോസഫര്‍ എന്ന നിലയില്‍ ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്ന് പുറത്തല്ല എന്ന് വെറുതെ പറഞ്ഞു വെക്കാനല്ല, മറിച്ച് മാര്‍ക്‌സിനോടുള്ള സത്യസന്ധമായ ഇടപാടുകളെ മാര്‍ക്‌സിസത്തോടുള്ള രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും വഴിതെറ്റിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയാന്‍ കൂടിയാണ്. കൂടാതെ 1850 കള്‍ക്ക് ശേഷം മാര്‍ക്‌സ് ശേഖരിച്ച പഠന നോട്ടുകള്‍ ശ്രദ്ധേയമാണ് (പലതും ഇംഗ്ലീഷിലേക്ക് ഇനിയും വിവര്‍ത്തനം ചെയ്തു വന്നിട്ടില്ല). ആ നോട്ടുകളില്‍ ലീനിയറായ ചരിത്രത്തെക്കുറിച്ചുള്ള സങ്കല്‍പത്തില്‍ നിന്ന് മാറി കിഴക്കന്‍ ചരിത്രത്തെ പഠിക്കാനും നോര്‍ത്തിന്ത്യന്‍ മുസ്‌ലിം ഭരണത്തെ സംബന്ധിച്ചും ഹനഫീ മദ്ഹബിനെ സംബന്ധിച്ചും പഠിക്കാനും ശ്രമിച്ച മാര്‍ക്‌സിനെ കാണാന്‍ സാധിക്കും. വ്യാപകമായി വിമര്‍ശിക്കപ്പെട്ട 1850 കളിലെ മാര്‍ക്‌സിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാര്‍ക്‌സ് പിന്നീട് തിരുത്തുന്നത് പ്രധാനമാണ്. കൊളോണിയലിസത്തിലൂടെയേ കിഴക്കില്‍ സാമൂഹിക പൂരോഗതി കൈവരൂ എന്ന വാദമൊക്കെ മാര്‍ക്‌സ് കൈയൊഴിയുന്നുണ്ട് (ഹാര്‍സ്റ്റിക് 1977, ജാല്‍, മുര്‍സബാന്‍ 2014, 2016, 2018, ഹൂഡിസ് 2004). അള്‍ജീരിയന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള എഴുത്തില്‍ മാര്‍ക്‌സ് എന്ന ജര്‍മന്‍ കാരന്റെ മുന്‍ധാരണകള്‍ പ്രതിഫലിക്കുമ്പോഴും മാര്‍ക്‌സ് മുസ്‌ലിം സമൂഹത്തിലെ സമത്വത്തെ വാഴ്ത്തുന്നത് ശ്രദ്ധേയമാണ്. അംബേദ്കറിന്റെ ഇസ്‌ലാം റഫറന്‍സിനോളമോ അതിനേക്കാളോ സത്യസന്ധമാണ് മാര്‍ക്‌സിന്റേത് എന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല. എന്തായാലും മാര്‍ക്‌സിനെ പൂര്‍ണമായും സ്വീകരിക്കണം എന്നല്ല ഞാന്‍ വാദിക്കുന്നത്, മറിച്ച് , മാര്‍ക്‌സിനെ കുറിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയസമീപനങ്ങള്‍ക്കും ഡീകൊളോണിയല്‍ വിമര്‍ശന പദ്ധതികള്‍ക്കും അപ്പുറം പോകണമെന്നും മാര്‍ക്‌സ് ഒരു തത്വചിന്തകന്‍ എന്ന നിലയില്‍ നമ്മുടെ ലോകത്ത് എന്തു തരം ആഘാതങ്ങളേല്‍പിച്ചു എന്ന് തിരിച്ചറിയാന്‍ ശ്രമിക്കണമെന്നുമാണ്. മാര്‍ക്‌സിനെക്കുറിച്ചുള്ള ഡീകൊളോണിയല്‍ വാദങ്ങളൊക്കെ തെറ്റാണെന്ന് വാദമില്ല. എന്നാല്‍ അത്തരം സമീപനങ്ങള്‍ പലപ്പോഴും റിഡക്ഷനിസ്റ്റ് ആയിപ്പോകുന്നതിനെക്കുറിച്ചുള്ള ആശങ്ക യാഥാര്‍ത്ഥ്യമാണെന്ന് പറയുകയാണ്.

കേരളത്തില്‍ മാര്‍ക്‌സ് വായിക്കപ്പെടുന്നത് രസകരമാം വിധം ശോഷിച്ച രീതിയിലാണ്. 80 കളിലെയും 90 കളിലെയും നക്‌സല്‍ കാലഘട്ടങ്ങളില്‍ മാര്‍ക്‌സിനെ രക്ഷപ്പെടുത്താനുള്ള മുഖ്യധാരാ വായന ആയിരുന്നു സജീവമായിരുന്നത്. ഇടതു പാര്‍ലമെന്ററി രാഷ്ട്രീയം മാര്‍ക്‌സിനെ സ്വാംശീകരിച്ചപ്പോള്‍ മാര്‍ക്‌സിനെ നഷ്ടപ്പെട്ടു പോയ പഴയ നക്‌സല്‍ ബുദ്ധിജീവികള്‍ പില്‍ക്കാലത്ത് മാര്‍ക്‌സിനോടുള്ള ദലിത് വിമര്‍ശനങ്ങളെ ഏറ്റെടുക്കുന്നത് കാണാന്‍ സാധിക്കും. ബി.രാജീവന്‍, കെ.വേണു അടക്കമുള്ള എഴുത്തുകാര്‍ നെഗ്രിയുടെയും മറ്റും വാദങ്ങളെ അവലംബിച്ച് കേരളത്തില്‍ മാര്‍ക്‌സിന് വിമര്‍ശനമുന്നയിക്കുന്നത് ജനാധിപത്യത്തിന്റെ പുതിയ വികസിത മാര്‍ഗ്ഗങ്ങളാണ് തങ്ങള്‍ ആരായുന്നത് എന്ന് ബോധിപ്പിക്കാനാണ് പലപ്പോഴും. എന്നാല്‍ ദലിത് വ്യവഹാരങ്ങളിലും ഡീകൊളോണിയല്‍ വ്യവഹാരങ്ങളിലും കാണപ്പെടുന്ന മാര്‍ക്‌സ് വിമര്‍ശനം പോലും ലെനിനാന്തര മാര്‍ക്‌സിസത്തോടുള്ള വിമര്‍ശനം മാത്രമാണ്. മാര്‍ക്‌സ് എന്ന തത്വചിന്തകനോടുള്ള സമീപനം അവയൊന്നും വികസിപ്പിച്ചതായി കാണുക സാധ്യമല്ല. മാത്രമല്ല, നവ ജനാധിപത്യപരം എന്ന് പറയപ്പെടുന്ന ഈ വായനകളില്‍ പലപ്പോഴും ജനാധിപത്യത്തിന്റെ അധീശത്വത്തിനെതിരെ ഉള്ള ഒരുതരത്തിലുള്ള വിമര്‍ശന ഇടപാടുകളും കാണുക സാധ്യമല്ല. എന്നാല്‍ അതേ സമയം അലന്‍ ബാദിയൂ, ടോസ്‌കാനോ തുടങ്ങിയ ചിന്തകര്‍ മാര്‍ക്‌സിലൂടെ തന്നെ ജനാധിപത്യത്തിനെതിരെ പുതിയ വിമര്‍ശന പദ്ധതികള്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഒരുപക്ഷെ അങ്ങനെയൊരു മാര്‍ക്‌സിന് കൂടുതല്‍ ഇടമുള്ളത് മൗദൂദിയാനന്തര ഇസ്‌ലാമിക ചിന്തയിലാകണം. മാര്‍ക്‌സിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിന് പകരം (മാര്‍ക്‌സിന്റെ വായനകളെ ജനാധിപത്യവല്‍ക്കരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്) ജനാധിപത്യം എന്ന ആശയത്തെ തന്നെ കര്‍ശനമായി എതിര്‍ക്കാനുള്ള സിദ്ധാന്തപരമായ ഉപയുക്തത മാര്‍ക്‌സില്‍ നിന്ന് കണ്ടെടുക്കുകയാണ് ചെയ്യേണ്ടത്. ഇബ്‌നുസീനയിലൂടെ ഇസ്‌ലാമിൽ നിന്ന് വിമോചനപരമായ ഭൗതികതയെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇടതു ചിന്തകന്‍ ഏണസ്റ്റ് ബ്ലോച്ചും ജൂത ദൈവശാസ്ത്രത്തില്‍ നിന്ന് ചരിത്രത്തെ തടഞ്ഞു നിര്‍ത്താന്‍ മാത്രം സ്‌ഫോടക ശേഷിയുള്ള ഘടകങ്ങളിലൂടെ മാര്‍ക്‌സിന്‍ വിമോചനപദ്ധതിക്ക് ദൈവശാസ്ത്രപരമായ തലം നല്‍കിയ ബെഞ്ചമിനും ഇക്കാര്യത്തില്‍ അനുകരണീയമാണ്.


കടപ്പാട്: പ്രബോധനം

Featured Image: Adam Smith and. Karl Marx. Mural by Jonathan Matas and Zach Rockstad. Location: Manhattan, New York City.

Comments are closed.