ഭാഗം 1
പുറം കാഴ്ചയിൽ ചുറ്റികയും ആണിയും അടഞ്ഞ ഒരു വസ്തുവിനപ്പുറം മറ്റൊന്നുമല്ല. എന്നാൽ അതവിടെ നിൽക്കില്ല- ആണി മതിലിലേക്കും, ചുറ്റിക അത് പിടിക്കുന്ന മനുഷ്യന്റെ കയ്യിലേക്കും എന്നതിലുപരി തൊഴിലിടങ്ങളിലേക്കും, തൊഴിൽ ബന്ധങ്ങളിലേക്കുമൊക്കെ വ്യാപിക്കുന്നു. വിപുലമായ ഈ നെറ്റ് വർക്കിന്റെ അഭാവത്തിൽ ചുറ്റികയും ആണിയുമൊക്കെ ഒന്നിനും കൊള്ളാത്ത ഒരു ചത്ത വസ്തു മാത്രമാകും. അങ്ങനെ നോക്കിയാൽ ഓരോ ‘സാങ്കേതിക വ്യക്തിയും’ (Technical Object) സാങ്കേതികമാകും മുമ്പ് സാമൂഹികമാണ്. ‘ആയുധങ്ങളും ഉപകരണങ്ങളും വെറും പ്രത്യാഘാതങ്ങൾ മാത്രമാണെന്ന് ദല്യൂസും സാങ്കേതികവിദ്യ സമൂഹികവും മാനസികവുമാണെന്ന് മാർസൽ ഡെത്യെനും (Marcel Detienne) പറയുന്നത് ഇതേ അർഥത്തിലാണ്. (P.199, Sauvagnargues 2016).
ദല്യൂസിന്റെയും ഗത്താരിയുടെയും Machinic Assemblage എന്ന സങ്കൽപനം പലവിധ ശക്തികൾ – മാനുഷികവും മനുഷ്യേതരവും, വാക്കുകളും വസ്തുക്കളും, ശരീരവും സ്ഥാപനങ്ങളും- ചേർന്ന ചലനാത്മകമായ ക്രമീകരണമാണ്. ഈ അമൂർത്ത യന്ത്രസംഘാതത്തിൽ നിന്നും (Abstract Machine) വേറിട്ട് ഒരു മൊട്ടുസൂചിക്കുപോലും നിലനിൽക്കാൻ കഴിയില്ല.
കേവലം സാങ്കേതികവിദ്യയുടെ വികാസ പരിണാമങ്ങൾ മാത്രം വിശകലനം ചെയ്ത് ഒരു സാങ്കേതിക വസ്തുവിനേയും മനസ്സിലാക്കാൻ കഴിയില്ല, അത് ചിഹ്നങ്ങളും, ആഗ്രഹങ്ങളും, വസ്തുക്കളും, പ്രയോഗങ്ങളുമൊക്കെയായി ഇഴപിരിഞ്ഞാണ് ഇരിക്കുന്നത്. യന്ത്രങ്ങൾ ഒരേസമയം മൂർത്തവും അമൂർത്തവുമാണ്. സ്കൂളുകളുടെയും തടവറകളുടെയും ആശുപത്രികളുടെയും ഒക്കെ പ്രവർത്തനം പരിശോധിച്ചാൽ ഈ മൂർത്ത-അമൂർത്ത യന്ത്രങ്ങളുടെ വ്യത്യാസം മനസ്സിലാകും. സ്കൂളുകൾ കെട്ടിടങ്ങളും കുട്ടികളും അധ്യാപകരും മാത്രമല്ല അത് ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന, ‘കുരുത്തം കെട്ടവരെ മെരുക്കുന്ന ഇടം’ (To-make-young-body-docile) കൂടിയാണ് (P-25,Massumi1992). കോടതികൾ കോടതിമുറിയും ന്യായാധിപനും കുറ്റാരോപിതനും വക്കീലന്മാരും നിയമപുസ്തകവും മാത്രമാണെന്ന് നിഷ്കളങ്കർ പോലും കരുതുന്നുണ്ടാകില്ല. ഇവിടെയൊക്കെ ശരീരങ്ങളെയും മോഹങ്ങളെയും ചര്യകളെയും ഒക്കെ ക്രമപ്പെടുത്തുന്ന ഒരു ‘ഡയഗ്രം’ ഉണ്ടെന്ന് കാണാം. ഇതിനെ ദല്യൂസും ഗത്താരിയും അമൂർത്ത യന്ത്രങ്ങൾ എന്നാണ് വിളിക്കുന്നത്. Diagrammatic Thought; അതൊരു അമൂർത്ത യന്ത്രത്തിന്റെ കണ്ടെത്തലാണ്.
D&G ആന്റി ഈഡിപ്പസിൽ ”മോഹയന്ത്രത്തെ’ പറ്റി പറയുന്നു. അബോധം ഒരു ദുരന്തനാടകത്തിന്റെ നിലവിട്ട് ഒരു ഫാക്ടറിയായി മാറുന്നു. അബോധത്തിന്റെ ചാലകശക്തി ഒന്നിന്റെയും ‘അഭാവ’മോ അതിനുവേണ്ടിയുള്ള ആഗ്രഹമോ അല്ല. അബോധം തികച്ചും ഭൗതികമാണ്. അത് അനുനിമിഷം ഉടലെടുക്കുന്ന ബന്ധങ്ങളുടെ ഭൂമികയാണ്. ഈ ഒഴുക്കിനെ കൈപ്പിടിയിലാക്കാനുള്ള സാമൂഹികമായമായ പരിശ്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ആ നിലയ്ക്ക് ആഗ്രഹ നിർമിതിയും സാമൂഹിക നിർമിതിയും അഭിന്നമാണ് എന്ന് പറയാം. ദല്യൂസിലും ഗത്താരിയിലും ചിന്ത തന്നെ യന്ത്രസ്വാഭാവമുള്ളതാണ്. അത് ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല, പകരം അത് നിർമാണോൽസുകമായ ചിന്തയാണ്. അർഥാന്വേഷണങ്ങൾക്കല്ല പ്രയോഗികതയിൽ ആണ് ഇവിടെ ഊന്നൽ.
‘യന്ത്രം’ എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന ജൈവ ഭീകരവാദികളാണ് അധികവും. എന്താണ് ആ നിലവിളിയുടെ കാതൽ? യന്ത്രത്തെ മനുഷ്യനും ജീവനും എതിരായി കാണുക, യന്ത്രത്തെ കേവലം മനുഷ്യ സൃഷ്ടിയായി പരിമിതപ്പെടുത്തുക. യന്ത്രത്തെ മനുഷ്യവിരുദ്ധമായി കാണുന്ന ‘യന്ത്രഭീതി’ നിറഞ്ഞ ഒരു സാമൂഹിക-ചിന്താ മണ്ഡലത്തിൽ ജീവിക്കുമ്പോഴും മനുഷ്യൻ കൂടുതൽ കൂടുതൽ യന്ത്രാവലംബിയാകുന്നു എന്നത് ഒരു യാഥാർഥ്യമായി അവശേഷിക്കുന്നു. യന്ത്രത്തെ ജീവന്റെയും ജൈവികതയുടെയും എതിരായി ചിന്തിച്ച് തുടങ്ങിയാൽ നമ്മൾ ഒരു കെണിയിൽ അകപ്പെടുകയാണ്. മറിച്ചു എല്ലാം യന്ത്രങ്ങളാകുമ്പോൾ മറ്റൊരു ചിന്താവഴി തന്നെ തുറക്കുന്നു. ‘യന്ത്രങ്ങളാൽ തീർത്ത യന്ത്രങ്ങൾ’ (Machines of Machines) എന്നാണ് ലബ്നിസ് പറഞ്ഞത്. ഒരൊഴുക്കിനെ മുറിക്കുന്ന മറെറാരൊഴുക്ക്, പക്ഷെ അതും ആത്യന്തികമായി മുറിക്കപ്പെടും. മുലപ്പാലിന്റെ ഒഴുക്കിന് ചുണ്ട് തടയിടുന്നു, ആ ഒഴുക്ക് വീണ്ടും മുറിയുന്നു (P.36, D&G 2009) പ്രപഞ്ചം തന്നെ ഒരു യന്ത്ര സമുച്ചയമായി മാറുന്നു. മനുഷ്യരാകട്ടെ സ്വയം യന്ത്രവും യന്ത്രങ്ങളുടെ ശാശ്വത പരിപാലകനും (The eternal Custodian of the machines of the universe) (P-4, D&G 2009) കൂടിയാണ്. ഹൈഡഗറിനെ കടമെടുത്ത് പറഞ്ഞാൽ ‘യന്ത്രങ്ങളുടെ ഇടയൻ’.
യന്ത്രങ്ങൾ കേവലം മനുഷ്യോപകരണങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരുകാലത്ത് ഉണ്ടായിരുന്ന മനുഷ്യശേഷി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ‘ഉപകരണങ്ങൾ’ പരിണമിച്ചുണ്ടായവയെന്നോ കുറേക്കൂടി മെച്ചപ്പെട്ട ഉപകരണങ്ങൾ എന്നോ യന്ത്രത്തെ കരുതാൻ കഴിയില്ല. യന്ത്രങ്ങൾ പിൽക്കാല മുതലാളിത്തത്തിന്റെ സൃഷ്ടിയും ഒപ്പം സാമൂഹിക വിച്ഛേദനത്തിന്റെ സൂചകം കൂടിയാണ്. യന്ത്രം Lewis Mumford ന്റെ ഒരു സങ്കൽപമാണ്. വ്യവസായപൂർവ സമൂഹങ്ങളിൽ വാസ്തുവിദ്യാവിസ്മയങ്ങൾ നിർമിക്കപ്പെട്ടത് എങ്ങനെയെന്ന് Mumford പരിശോധിക്കുന്നുണ്ട്. സമൂഹിക യന്ത്രത്തിന്റെ (Mega Machines) പ്രവർത്തനത്തിന് എങ്ങനെ സാമൂഹിക ഉച്ചനീചത്വങ്ങളും ജാതി ശ്രേണികളും അസമത്വങ്ങളും ഇന്ധനമായി മാറി എന്ന് Mumford വിശകലനവിധേയമാക്കുന്നു. (P 195, Sauvagnargues 2016) തലപ്പത്ത് നിന്നുള്ള ആഞ്ജകൾക്കൊപ്പം പ്രവർത്തിക്കുന്ന സാമൂഹിക യന്ത്രങ്ങളുടെ അഭാവത്തിൽ നമ്മുടെ ലോകാത്ഭുതങ്ങളിൽ പലതും ഉണ്ടാകുമായിരുന്നില്ല. ഇന്ത്യൻ ജാതിവ്യവസ്ഥപോലും ചില കോഡുകളെ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന, നാടുവാഴികൾക്ക് മിച്ചമൂല്യമുണ്ടാക്കാൻ പണിപ്പെട്ടിരുന്ന ഒരു സാമൂഹിക യന്ത്രമാണെന്ന് കാണാൻ കഴിയും. എന്നാൽ ‘സ്റ്റേറ്റിസ്റ്റ്’ എന്ന് വിളിക്കാവുന്ന മാംഫോഡിയൻ സങ്കല്പനത്തെ ദല്യൂസും ഗത്താരിയും വിപുലീകരിക്കുന്നുണ്ട്. വർഗബന്ധങ്ങളിലും അധ്വാന വിഭജനങ്ങളിലും അധിഷ്ഠിതമായ സമൂഹങ്ങൾക്കുപരി, ആദിമ സമൂഹങ്ങളിൽ പോലും ആചാരങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയുമെല്ലാം ശരീരത്തിന്റെയും മോഹത്തിന്റെയും ഒരു ക്രമവിധാനം സാധ്യമാക്കിയിരുന്നു. ഈ ഉൾകാഴ്ചയുടെ വെളിച്ചത്തിൽ മാർക്സിയൻ ചിന്തയിൽ പ്രതിപാദിക്കുന്ന ‘ഉത്പാദനരീതികൾ’ (Mode of production) വിപുലപ്പെടുത്താവുന്നതാണ്.
ഗത്താരി 1969 ൽ അവതരിപ്പിച്ച സങ്കല്പമാണ് ആന്റി ഈഡിപ്പസിലും തുടരുന്നത്. ഘടനയുടെ കുടുസ്സിൽ നിന്നും യന്ത്രത്തിന്റെ ചിന്താപരമായ തുറസ്സ് കൊണ്ടുവരാൻ ഇത് ദല്യൂസിനെ സഹായിച്ചു. യന്ത്രം ഘടനപോലെ അടഞ്ഞതല്ല, അത് ചരിത്രപരവും പുറത്തേക്ക് തുറന്നതുമാണ്. സിമോന്തനെ (Gilbert Simondon) പോലുള്ള ചിന്തകർ ‘സാങ്കേതിക വ്യക്തിക്ക്’ (Technical Object) വിശാലമായ സാമൂഹിക പരിതസ്ഥിതിയിൽ നിന്നും ഭിന്നമായ അസ്തിത്വം കല്പിക്കുന്നില്ല. ആണിയില്ലാതെ ചുറ്റികയും ചുമരില്ലാതെ ആണിയും ഒന്നുമല്ലലോ. യന്ത്രത്തിന്റെ പുറത്തേക്കുള്ള തുറക്കൽ ഇങ്ങനെ മനസ്സിലാക്കണം.
മിഷേൽ ഫൂക്കോ (Michael Foucault) Discipline and Punish ൽ തടവറയെ യന്ത്രമാതൃകയിലാണ് പ്രതിപാദിക്കുന്നത്. ബെൻന്താമിന്റെ പനോപ്റ്റിക്കോൺ ഒരു ശിക്ഷണ യന്ത്രമാണല്ലോ. തടവറകൾക്ക് നിയമവ്യവസ്ഥയിൽ നിന്നും കോടതികളിൽ നിന്നും ഭരണകൂടത്തിൽ നിന്നും ഒന്നും വേറിട്ട് നില്ക്കാനും കഴിയില്ല. ഇരുട്ടും വെളിച്ചവും ഇടകലർന്ന് പ്രവർത്തിക്കുന്ന യന്ത്രം, തടവുപുള്ളികളെ കാണുന്നവരെ അവർക്ക് തിരിച്ചു കാണാൻ കഴിയില്ല.
ദല്യൂസ് കുതിരചവിട്ടി (Stirrup) എങ്ങനെ യുദ്ധതന്ത്രം തന്നെ മാറ്റി മറിച്ചു എന്ന് വിശദീകരിക്കുന്നുണ്ട്. പടയാളിയും കുതിരയും ചേർന്ന ഒരു സംഘാതത്തിൽ നിന്നും അടർത്തിമാറ്റി ‘കുതിരചവിട്ടി’ എന്താണെന്ന് ആലോചിക്കാൻ പോലും കഴിയില്ല. കുന്തക്കാരൻ ആയിരുന്ന കാലാൾ പടയാളി കുതിരപ്പുറത്തേറുമ്പോൾ വാൾ ആയുധമായി എത്തുന്നു. കുതിരപ്പുറത്ത് ഏറിയ രാജകുമാരൻ ധൈര്യത്തിന്റെയും കുലീനതയുടെയും ചിഹ്നമാണ്. ഫ്യൂഡലിസത്തിന്റെ വിശാലമായ സമൂഹിക രാഷ്ട്രീയ പരിസരത്തിൽനിന്ന് അടർത്തിമാറ്റി ഇത്തരം ‘സാങ്കേതിക വ്യക്തികളെ’പ്പറ്റി ആലോചിക്കാൻ കഴിയില്ല. ആ നിലയ്ക്ക് പിൽക്കാല മുതലാളിത്തം (Late Capitalism) എങ്ങനെ സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറും നിർമിത ബുദ്ധിയും സാധ്യമാക്കി എന്ന് ആലോചിക്കാവുന്നതാണ്. സിലിക്കൺ ചിപ്പുകൾ-നെറ്റ് വർക്കുകൾ-സാമൂഹിക മാധ്യമങ്ങൾ -ആപ്പുകൾ ഇങ്ങനെ വിശാലമായ ഒരു ശ്രേണിയും നമുക്ക് മുന്നിൽ തെളിയുന്നു. ചിന്തയുടെ യന്ത്രസ്വാഭാവം തിരിച്ചറിഞ്ഞതാണ് നിർമിത ബുദ്ധി അടക്കമുള്ള ചിന്തായന്ത്രങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്.
ഏതൊരു സാങ്കേതിക വിദ്യയും സാധ്യമാക്കുന്ന ഒരു സമൂഹിക സംഘാതം ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു യന്ത്രത്തോടൊപ്പവും ഒരു അമൂർത്ത യന്ത്രവും പ്രവർത്തിക്കുന്നുണ്ട്. ആന്റി ഈഡിപ്പസിൽ ‘മോഹം’ ഒരു സാമൂഹിക നിർമിതിയാണെന്ന് ദല്യൂസും ഗത്താരിയും പറഞ്ഞു വയ്ക്കുന്നത് ഇതിനോട് കൂട്ടിവായിക്കണം. എന്നാൽ Thousand Plateus ൽ എത്തുമ്പോൾ Desire (മോഹം) എന്ന വാക്കിന് പകരം Abstract Machine (അമൂർത്ത യന്ത്രം) എന്ന വാക്കാണ് നമുക്ക് കാണാൻ കഴിയുക. ഏതൊരു യന്ത്രത്തെയും പ്രവർത്തന സജ്ജമാക്കുന്ന അതിന്റെ ഭിന്ന ഘടകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഡയഗ്രം, അഥവാ ഭൂപടം ഉണ്ടെന്ന് ഫൂക്കോയെപ്പോലെ ദല്യൂസും ഗത്താരിയും വിശ്വസിക്കുന്നു. ‘അമൂർത്തയന്ത്രം’ യന്ത്രത്തിന് മുകളിലോ കീഴെയോ പാർശ്വങ്ങളിലോ ഒന്നുമല്ല, എപ്പോഴും യന്ത്രത്തോടൊപ്പം പലപ്പോഴും നാം കാണാത്ത ആഴത്തിലും പരപ്പിലുമാണ് പ്രവർത്തിക്കുന്നത്.
മനുഷ്യശേഷി ഉപയോഗിച്ചു പ്രവർത്തിച്ചുവന്ന ഉപകരണങ്ങൾ പരിണമിച്ചുണ്ടായതാണ് യന്ത്രങ്ങൾ എന്ന് കരുതുന്നത് അബദ്ധമാകും. യന്ത്രം അതിന്റെ പ്രവർത്തനത്തോടൊപ്പം അതിന്റെ ഉപയോഗക്രമവും അനുബന്ധ ചര്യകളും ശീലങ്ങളേയും രൂപപ്പെടുത്തുന്നുണ്ട്. യന്ത്രത്തെക്കുറിച് ഈ നിലയ്ക്ക് ചിന്തിച്ച് തുടങ്ങിയാൽ പ്രതീകാത്മക ഘടനയെയും യുക്തിയെയും യഥാർഥ ഉത്പാദന രീതിയിലേക്ക് തുറക്കുന്ന തത്വചിന്താപദ്ധതിക്ക് അനുഗുണമായി സാമൂഹ്യ ശാസ്ത്രത്തെത്തന്നെയും നവീകരിക്കാൻ അത് പര്യാപ്തമാണ്. ഇവിടെ പുതിയ ചരിത്ര ചിന്തയും ഒപ്പം രാഷ്ട്രീയ തത്വചിന്തയും ഉടലെടുക്കുന്നു. വ്യത്യസ്ത യന്ത്രങ്ങളെ അവഗണിച്ച്, ആനുഭവികമാകാത്ത തികച്ചും രേഖീയമായ ചിന്ത ഇനി സാധ്യമല്ലാത്തത് പോലെ രാഷ്ട്രീയ തത്വചിന്തയ്ക്കും കേവലമായ ആശയതലത്തിൽ അഭിരമിച്ചു മൂർത്ത യാഥാർഥ്യങ്ങളെ അവഗണിക്കാൻ കഴിയാതെ വരുന്നു.
അബോധം ഭാഷപോലെ സുഘടിതമാണെന്ന് ലക്കാൻ പറയും. പക്ഷെ അതൊരു ‘മാർക്കോവിയൻ ചെയിൻ’ പോലെ തുറന്നതായി കരുതണം. യന്ത്രങ്ങളുടെ പ്രവർത്തനവും ഈ രീതിയിൽ മനസ്സിലാക്കണം. അതിൽ ഒന്നും മുൻനിശ്ചയപ്രകാരം അല്ല.. നിങ്ങളുടെ ഇപ്പോഴുള്ള ഒരു ചുവട് ആണ് അടുത്ത ചുവടിനുള്ള വഴിതുറക്കലാണ്. ഒരു Keyboard ൽ തെളിയുന്ന Predictive Text പോലെ, നിങ്ങളുടെ Typing History ക്ക് അനുസൃതമായ വാക്കുകൾ ആകും അത് നിർദേശിക്കുന്നത്. മാർക്കോവിയൻ ചെയിൻ എല്ലാ സാമൂഹിക പ്രതിഭാസങ്ങൾക്കും ബാധകമാണ്. അത് ക്രമത്തിനും ക്രമരാഹിത്യത്തിനും ഇടയ്ക്കാണ്. (P 209, Sauvagnargues 2016)
ഓരോ യന്ത്രവും പ്രവൃത്തിക്കുന്നത് അതിന്റെ പാളിച്ചകളിലൂടെയാണ്. ശാശ്വതവും മുൻനിശ്ചിതവും കുറ്റമറ്റതുമായ ശാസ്ത്രീയ മാതൃകകയിൽ (Scientific Paradigm) നിന്നും മാറിയുള്ള യന്ത്രങ്ങളുടെ സൗന്ദര്യാത്മക മാതൃക (Aesthetic Paradigm) അനിശ്ചിതവും അടിക്കടിയുള്ള വീഴ്ചകളിൽ നിന്നും മുന്നോട്ട് നയിക്കുന്നതുമാണ്. അതൊരു കലാകാരനെപ്പോലെ തന്റെ പരാജയങ്ങളിൽ നിന്നും അതുല്യമായ രചനാശൈലി കണ്ടെത്തുന്നു. (P-193, Sauvagnargues,2016) കേരളീയ ചിന്താപരിസര ത്തിലേക്ക് തിരിഞ്ഞാൽ, നമ്മുടെ യന്ത്രസാക്ഷരതയ്ക്ക് പിറകിൽ ഇന്നും മലയാള തത്വചിന്തയ്ക്ക്സു ദീർഘമായ യന്ത്രവിരുദ്ധതയുടെ ചിന്താചരിത്രമാണുള്ളത്. യന്ത്രത്തിന്റെ ‘വിധ്വംസകത്വം’ അതിന്റെ ‘സത്ത'(Essence) യിലും ‘ഉണ്മ’യിലുമൊതുങ്ങാത്ത ‘ആയിക്കൊണ്ടിരിക്കലി’ലാണ് (Becoming). യന്ത്ര ‘പ്രക്രിയകൾ'(Process) ‘സത്ത’ (Essence) ‘പ്രതിനിധാനം'(Representation) ‘ഉണ്മ'(Identity) തുടങ്ങിയ സങ്കൽപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതാണ്. ഉത്തരാധുനികതയും എഴുത്തുകാരന്റെ മരണവുമെല്ലാം വർഷങ്ങളായി പുറമെ കൊണ്ടാടുമ്പോഴും ദകാർത്തിയൻ അന്തർധാരയും കാന്റിയൻ വിചാരധാരയും ഹേഗേലിയൻ മാർക്സിസ്റ്റ് പിടിവാശികളും മലയാള തത്വചിന്തയെ അതിന്റെ ശൈശവത്തിൽ തന്നെ ശയ്യാവലംബയാക്കാൻ മാത്രമാണ് ഉതകിയത്.
തുടരും..
പരാമർശിത കൃതികൾ:
- Sauvagnargues, Anne: Artmachines Deleuze, Gayatri, Simondon: Translated by Suzanne verderber with Eugene W.Holland.Edinburgh University Press Ltd.2016
- Deleuze, Gilles and Felix Guattari. Anti-Oedipus: Capitalism and Schizophrenia: Translated by Robert Hurley, Mark Seem and Helen R. Lane: Penguin Books 2009
- Massumi, Brian: A user’s guide to Capitalism and Schizophrenia (MIT 1992)
Featured Image: Randy Fath


Comments are closed.