മക്ക, April 20,1964

അബ്രഹാം (അ) മുഹമ്മദ് (സ) തുടങ്ങി അനേകം പ്രവാചകന്മാരുടെയും നാടായ ഈ വിശുദ്ധ നഗരത്തില്‍ പലവിധ വര്‍ണങ്ങളിലുള്ള ജനങ്ങള്‍ക്കൊപ്പം അനുഭവിച്ചത് പോലെയുള്ള യഥാര്‍ത്ഥ സാഹോദര്യത്തിന്റെ അതിരു കവിഞ്ഞ ആവേശത്തിനും ആത്മാര്‍ത്ഥമായ ആതിഥേയത്വത്തിനും ഞാനിന്നുവരെ സാക്ഷിയായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയോളം പലവിധ വര്‍ണങ്ങളിലുമായി എന്റെ ചുറ്റുമുള്ള ജനങ്ങളെക്കണ്ട് സന്തോഷത്താല്‍ ഞാന്‍ നിശബ്ദനാക്കപ്പെട്ടു.

വിശുദ്ധ നഗരമായ മക്ക സന്ദര്‍ശിക്കാന്‍ എനിക്ക് സൗഭാഗ്യം ലഭിച്ചു. മുഹമ്മദ് എന്ന് പേരുള്ള യുവ മുത്വവ്വിഫിന്റെ കൂടെ കഅബയെ ഏഴ് തവണ ഞാന്‍ പ്രദക്ഷിണം വെച്ചു. സംസം കിണറില്‍ നിന്ന് ദാഹം തീര്‍ത്തു. സഫ മര്‍വ്വ കുന്നിന്‍ചെരുവുകള്‍ക്കിയില്‍ ഏഴ് തവണ ഓടി. പുരാതന നഗരമായ മിനയില്‍ വെച്ച് പ്രാര്‍ത്ഥനാ നിരതനായി. അറഫയില്‍ വെച്ചും പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ പല ദിക്കുകളില്‍ നിന്നായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ അവിടെയുണ്ടായിരുന്നു. നീലക്കണ്ണുള്ള വെളുത്തവര്‍ മുതല്‍ തൊലി കറുത്ത ആഫ്രിക്കക്കാരടക്കം പല വര്‍ണ്ണങ്ങളിലുമുള്ളവര്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശത്തോടെ ഞങ്ങളനുഷ്ടിച്ചിരുന്നത് ഒരേ ആചാരങ്ങള്‍ തന്നെയായിരുന്നു. വെളുത്തവര്‍ക്കും കറുത്തവര്‍ക്കും ഇടയിൽ ഒരിക്കലും സംഭവിക്കാനിടയില്ല എന്ന് എന്റെ അമേരിക്കന്‍ അനുഭവം എന്നെ പഠിപ്പിച്ച കാര്യങ്ങളായിരുന്നു ഇതെല്ലാം. അമേരിക്ക ഇസ്‌ലാമിനെ മനസിലാക്കേണ്ടതുണ്ട്. കാരണം ഈ ഒരൊറ്റ മതം മാത്രമാണതിന്റെ സാമൂഹികതയില്‍ നിന്ന് വംശീയതയെ ഇല്ലായ്മ ചെയ്തത്. മുസ്‌ലിം രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രകളിലുടനീളം അമേരിക്കയില്‍ വെളുത്തവരായി പരിഗണക്കപ്പെടുന്നവരെ ഞാന്‍ കണ്ടുമുട്ടി. ഞാൻ അവരുമായി സംവദിച്ചു, ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷിക്കുകയും ചെയ്തു. പക്ഷെ, ഇസ്‌ലാമെന്ന മതം വെളുത്തവനെന്ന ഭാവം അവരുടെ ചിന്തകളില്‍ നിന്നും പിഴുതുമാറ്റിയിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ളവർ ഒന്നിച്ച അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവരുടെ നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ സാഹോദര്യ ബന്ധം ഞാനിതുവരെ കണ്ടിട്ടില്ല.

ഞാനീ പറയുന്നതെല്ലാം കേട്ട് ഒരുപക്ഷെ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. പക്ഷെ, ഈയൊരു തീര്‍ത്ഥാടനത്തില്‍ ഞാന്‍ കണ്ടതും അനുഭവിച്ചതുമെല്ലാം മുമ്പ് കൈകൊണ്ട ചിന്തകൾ പലതും പുനരാലോചിക്കാനും, മുമ്പുള്ള എന്റെ കണക്കു കൂട്ടലുകളെ എടുത്തെറിയാനും എന്നെ നിര്‍ബന്ധിതനാക്കുന്നുണ്ട്. ഇതത്ര ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ല. എന്റെ എല്ലാ ഉറച്ച തീരുമാനങ്ങള്‍ക്കുമപ്പുറം ഞാനെപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നവനാണ്. അങ്ങനെ പുതിയ അറിവുകള്‍ നേടി പുതിയ അനുഭവങ്ങളിലൂടെ യഥാര്‍ത്ഥ ജീവിതത്തെ പുല്‍കാനും സന്നദ്ധനായിരുന്നു. എപ്പോഴും ഒരു തുറന്ന മനസായിരുന്നു എന്റേത്. സത്യത്തിനുള്ള ബൗദ്ധികമായ അന്വേഷണത്തിനുതകുന്ന സുതാര്യതക്ക് അത് അനിവാര്യമായിരുന്നു. മുസ്‌ലിം ലോകത്തുള്ള കഴിഞ്ഞ പതിനൊന്ന് ദിവസവും അവര്‍ക്കൊപ്പം ഒരേ ദൈവത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ ഞാന്‍ അവര്‍ക്കൊപ്പം ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷിച്ചിട്ടുണ്ട്, ഒരേ ക്ലാസില്‍ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട്, ഒരേ കട്ടിലില്‍ കിടന്നുറങ്ങിയിട്ടുണ്ട്. അവരില്‍ ചിലരുടെ കണ്ണ് കടും നീല നിറത്തിലായിരുന്നു. അവരുടെ മുടിക്ക് മഞ്ഞ കലര്‍ന്ന നിറമായിരുന്നു. എല്ലാത്തിനേക്കാളും അവരുടെ തൊലി വെളുപ്പിന്റെ പാരമ്യതയിലായിരുന്നു. നൈജീരിയയിലെയും സുഡാനിലെയും ഗാനയിലെയും ബ്ലാക്ക് ആഫ്രിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഞാനനുഭവിച്ച അതേ ആത്മാർത്ഥതയായിരുന്നു ഇതേ ലോകത്ത് വെളുത്ത മുസ്‌ലിംകളുടെ സമ്പര്‍ക്കങ്ങളിലും എനിക്കനുഭവപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ഞങ്ങളൊന്നായിരുന്നു, കാരണം ഒരേ ദൈവത്തിലുള്ള അവരുടെ വിശ്വാസം അവരുടെ ചിന്തകളില്‍നിന്നും സ്വഭാവ പെരുമാറ്റങ്ങളില്‍ നിന്നും ഭാവമാറ്റങ്ങളില്‍ നിന്നും വെളുപ്പെന്ന സമസ്യയെ ഇല്ലായ്മ ചെയ്തിരുന്നു. എനിക്ക് തോന്നുന്നത് വൈറ്റ് അമേരിക്കന്‍സ് ഏക ദൈവത്ത്വത്തെ സ്വീകരിക്കുകയാണെങ്കില്‍ മനുഷ്യന്റെ ഏകത്ത്വമെന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാകും എന്നാണ്. അത് വർണ്ണ വ്യത്യാസത്തിന്റെ പേരില്‍ മറ്റുള്ളവരെ അക്രമിക്കുന്നതില്‍ നിന്നും, ബുദ്ധിമുട്ടിക്കുന്നതില്‍ നിന്നും അവരെ തടയുകയും ചെയ്യും. മാറാവ്യാധിയായ ക്യാന്‍സർ, പോലെ പ്ലാഗ് കണക്കെ വര്‍ദ്ധിക്കുന്ന വംശീയതയോടൊപ്പം ഇത്തരം വിനാശകരമായ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരമുള്‍ക്കൊള്ളാന്‍ ക്രിസ്ത്യന്‍സെന്ന് പറയപ്പെടുന്ന വൈറ്റ് അമേരിക്കക്കാരന്റെ ഹൃദയത്തെ ഇത് പര്യാപ്തമാക്കും. വംശീയത ജര്‍മനിക്കുമേല്‍ കൊണ്ട് വന്ന ഇതേ നാശം അവരാല്‍ അവരെത്തന്നെ നശിപ്പിച്ച് കളയുകയായിരുന്നു. അത്തരമൊരു ആസന്നമായ ദുരന്തത്തില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ചിലപ്പോള്‍ ഇതിന്ന് സാധിച്ചെന്ന് വരാം.

അമേരിക്കയില്‍ കറുത്തവനും വെളുത്തവനുമിടയില്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതിലേക്കുള്ള ആത്മീയമായ ഒരു ഉൾക്കാഴ്ച്ച നേടിയെടുക്കാന്‍ വിശുദ്ധമായ ഈ നഗരത്തിലെ ഓരോ മണിക്കൂറിലും എനിക്ക് കഴിഞ്ഞു. വംശീയമായ അപരിചിതത്വത്തന്റെ പേരില്‍ ഒരു അമേരിക്കന്‍ നീഗ്രോയെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പാടില്ല. നാനൂറ് കൊല്ലമായി അമേരിക്കന്‍ വെള്ളക്കാരന്റെ ബോധപൂര്‍വ്വമായ വംശീയതക്കെതിരെ അവന്‍ നിരന്തരം പോരടിച്ച് കൊണ്ടേയിരിക്കുകയാണ്. കടുത്ത വംശീയത അമേരിക്കയെ ആത്മഹത്യയുടെ വഴിയിലേക്കാണ് നയിക്കുക. ബ്ലാക്ക് അമേരിക്കക്കാരോട് കൂടെയുള്ള എന്റെ അനുഭവം മനസ്സിലാക്കിത്തരുന്നത് കോളേജുകളിലും, യൂനിവേഴ്സിറ്റികളിലുമുള്ള യുവ തലമുറയിലെ വെളുത്തവര്‍ ചുവരെഴുത്തുകള്‍ ശ്രദ്ധിക്കുകയും അവരില്‍ അധികപേരും സത്യത്തിന്റെ ആത്മീയ പാതയിലേക്ക് തിരിയുകയും ചെയ്യും എന്നാണ്. വംശീയത അനിവാര്യമാക്കുന്ന ദുരന്തത്തെ പ്രതിരോധിക്കാന്‍ അമേരിക്കക്ക് ഇത് മാത്രമാണ് വഴി.

ഞാനൊരിക്കലും ഇത്രയധികം ആദരിക്കപ്പെട്ടിട്ടില്ല. എനിക്കൊരിക്കലും സമൂഹത്തില്‍ ഇത്രയും എളിയവനായി അനുഭവപ്പെട്ടിട്ടില്ല. ഒരു അമേരിക്കന്‍ നീഗ്രോക്ക് ഇത്തരം ആശീര്‍വാദങ്ങള്‍ ലഭിക്കുന്നത് ആര്‍ക്കാണ് വിശ്വസിക്കാനാവുക? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ വെളുത്ത വർഗ്ഗക്കാരാണെന്ന് വിളിക്കപ്പെടാവുന്ന യു.എൻ നയതന്ത്രജ്ഞരില്‍ പെട്ട ഒരാള്‍ എനിക്ക് അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറി നല്‍കി. അദ്ദേഹമൊരു അംബാസഡറും രാജാക്കന്മാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആളുമായിരുന്നു. അദ്ദേഹം വഴി ഈ വിശുദ്ധ നഗരത്തിന്റെ ഫൈസല്‍ രാജകുമാരന്‍ ജിദ്ദയിലെ എന്റെ സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞു. തൊട്ടടുത്ത ദിവസം പുലര്‍ച്ചയ്ക്ക് ഫൈസല്‍ രാജകുമാരന്റെ മകന്‍ പിതാവിന്റെ ആഗ്രഹത്താല്‍ ഞാന്‍ അവരുടെ സ്റ്റേറ്റ് ഗസ്റ്റാണെന്ന് എന്നെ അറിയിച്ചു. അവിടുത്തെ പ്രോട്ടോകോള്‍ ഡെപ്യൂട്ടി ചീഫ് എന്നെ ഹജ്ജ് കോര്‍ട്ടില്‍ ഹാജരാക്കി. അവിടന്ന് ശൈഖ് മുഹമ്മദ് ഹാര്‍കോണ്‍ മക്ക സന്ദര്‍ശിക്കാന്‍ എനിക്ക് അനുവാദം നല്‍കി. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും ഒപ്പും ചേര്‍ത്ത ഇസ്‌ലാമിനെക്കുറിച്ചുള്ള രണ്ട് പുസ്തകം എനിക്ക് തന്ന് അമേരിക്കയില്‍ ഇസ്‌ലാമിന്റെ പ്രിയപ്പെട്ട പ്രബോധകനായി നീ മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ വിശുദ്ധ നഗരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നിടത്തോളം സഞ്ചരിക്കാനുതകുന്ന ഒരു കാറും ഡ്രൈവറും ഗൈഡും അവര്‍ എനിക്കായി ഒരുക്കിയിരുന്നു. ഞാന്‍ സന്ദര്‍ശിച്ച ഓരോ നഗരങ്ങളിലും ഗവര്‍മെന്റ് എനിക്ക് ശീതീകരിച്ച കോര്‍ട്ടേഴ്സുകളും അതോടൊപ്പം പരിചാരകരേയും തന്നു. അമേരിക്കയില്‍ രാജാക്കന്മാര്‍ക്ക് മാത്രം നല്‍കപ്പെടുന്ന ഈ ആദരവിന്നും ബഹുമാനത്തിന്നും അര്‍ഹനാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

ഈ ലോകത്തിന്റെ മുഴുവന്‍ പരമാധികാരിയായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും

സ്നേഹപൂര്‍വ്വം അല്‍ ഹാജ്ജ് മാലിക് ശഹബാസ് (മാല്‍കം എക്സ്)


Malcolm X’s (Al-Hajj Malik El-Shabazz) Letter from Mecca

Featured Image: Getty Image
വിവർത്തനം: Ahsan Pullur

Comments are closed.