മുസലിം ലോകത്തെ ഒട്ടു മിക്ക സൂഫീ ധാരകളേയും സ്വാധീനിച്ച ത്വരീഖത്താണ് മലാമത്തിയ്യ. ആത്മ നിയന്ത്രണം, ആത്മ വിമർശനം എന്നിവയെ കേന്ദ്രീകരിച്ച് രൂപപ്പെട്ട മലാമത്തിയ്യ ത്വരീഖത്തിലെ സൂഫീവര്യന്മാരെ എല്ലാ സൂഫീ ധാരകളും ഒരു പോലെ ആദരിക്കുന്നു. സൂഫി ചിന്തയുടെ വളർച്ചയുടെ ആദ്യ ഘട്ടങളിൽ പ്രധാനമായും ബാഗ്ദാദ്, ഖുറാസാൻ, എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ശൈഖ് ജുനൈദ് അൽ ബഗ്ദാദി ബാഗ്ദാദ് വിഭാഗത്തിൻ്റെ അനിഷേധ്യനായ നേതാവായിരുന്നെങ്കിൽ വിശാല ഖുറാസാൻ പ്രദേശത്തിൻ്റെ സൂഫി നേതൃത്വത്തിൽ മലാമത്തി സൂഫീവര്യന്മാർക്ക് അനിഷേധ്യമായ പങ്കാണുള്ളത്.
നൈസാപൂരിൽ ഉദയം കൊണ്ട മലാമത്തി ധാരക്ക് പ്രധാനമായും രണ്ട് ആശയങളാണുള്ളത്. സമർപ്പണം, അനുസരണ, ആത്മ നിയന്ത്രനം, ആത്മ വിമർശനം എന്നിവയിൽ നിന്ന് തടയുന്ന എല്ലാറ്റിനോടും അകലം പാലിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിലനിൽക്കുമ്പോൾ ആ സാഹചര്യത്തിൽ ഏൽക്കുന്ന ആക്ഷേപം (മലാമത്ത്) പരിഗണിക്കാതിരിക്കുക എന്നതാണ് ആദ്യത്തെ ആശയം. ചില സാഹചര്യങ്ങളിൽ ഈ സൂഫീവര്യന്മാർ സ്വയം ആക്ഷേപം ക്ഷണിച്ചു വരുത്തി തങ്ങളുടെ അഹംഭാവത്തെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കാറുണ്ട്. ശൈഖ് ഹംദുൻ അൽ ഖസ്സാർ ആണ് മലാമത്തി ധാരയുടെ ഉപജ്ഞാതാവാവെന്ന് ശൈഖ് അലി ഹുജ് വേരി എഴുതുന്നു. മനുഷ്യരിൽ നിന്ന് എത്രത്തോളം അകന്ന് നിൽക്കുന്നുവോ അത്രത്തോളം അല്ലാഹുവിലേക്ക് അടുക്കുന്നു എന്നാണ് ശൈഖ് അൽ ഖസ്സാറിൻ്റെ കാഴ്ച്ചപ്പാട്. മലാമത്തിയ്യ എന്താണ് എന്നുള്ള ചോദ്യത്തിന് അത് പ്രയാസം നിറഞ്ഞ പാതയാണെന്നും മുർജിഇകളുടെ പ്രത്യാശയും ഖദ്രിയ്യികളുടെ ഭയവുമാണ് മലാമത്തിയ്യ എന്ന് ശൈഖ് അൽ ഖസ്സാർ പ്രതിവചിച്ചു. പ്രസിദ്ധ പണ്ഡിതനായ അബു അബ്ദിൽ റഹ്മാൻ അസ്സുലമി തൻ്റെ ത്വബഖാത്തുൽ സൂഫിയ്യ എന്ന ഗ്രന്ഥത്തിൽ മലാമത്തി ധാരയെക്കുറിച്ചും അവരിലെ സൂഫീവര്യന്മാരെക്കുറിച്ചും വിശദമായി എഴുതുന്നുണ്ട്. അസ്സുലമിയുടെ അഭിപ്രായത്തിൽ ശൈഖ് അൽ ഖസ്സാറാണ് തൻ്റെ അനുയായികളെ ആരിഫ് സാഹിദ് എന്ന് തുടങ്ങുന്ന സൂഫി പദ പ്രയോഗങ്ങൾക് പകരം തങ്ങളുടെ തൊഴിലുകൾ പേരിനോട് ചേർത്ത് ഉപയോഗിക്കാൻ നിർദ്ധേശം കൊടുത്തത്. അക്കാലങ്ങളിൽ പ്രചാരമുള്ള എല്ലാ സൂഫി സാങ്കേതിക സംജ്ഞകളോടും വേഷ ഭൂഷാധികളോടും നിഗൂഢമായ സംസാര രീതികളോടും പ്രത്യേകം അകലം പാലിച്ചിരുന്നതിനാലാണ് മലാമത്തി സൂഫിവര്യന്മാർ ഈ ശൈലി സ്വീകരിച്ചിരുന്നത്. ശൈഖ് അൽ ഖസ്സാറിനെ കൂടാതെ അബൂ ഹഫ്സ് അൽ ഹദ്ദാദ്, അബൂ ഉഥ്മാൻ അൽ ഹീരിയും മലാമത്തിയയുടെ പ്രധാന പണ്ഡിതർ ആണ്. പൊതുവെ എല്ലാ സൂഫീ ധാരകളും മാനുഷിക മൂല്യങ്ങളുടെ പോസിറ്റീവായ വശങ്ങളെ ആണ് ഊന്നുന്നതെങ്കിൽ മലാമത്തി ധാര നെഗറ്റീവായ ആശയങ്ങളെക്കുറിച്ചാണ് കൂടുതൽ സംസാരിക്കാറുള്ളത് എന്ന് ഹസ്സൻ അബൂ ഹനിയ വിലയിരുത്തുന്നുണ്ട്.
മറ്റുള്ളവർക്ക് മുൻഗണന നൽകുക (അൽ ഈഥാർ), പരിത്യാഗം (തൾഹിയ്യ) എന്നീ രണ്ട് ആശയങ്ങൾ അവരുടെ പ്രവർത്തന രീതിയെ നിയന്ത്രിച്ചിരുന്നു. ഒരിക്കലും ഒരാളേയും മുറിവേൽപ്പിക്കാതിരിക്കുക, പരാതി പറയാതിരിക്കുക, ഉദാരമായി സംഭാവന നൽകുക, അഹംഭാവത്തെ നശിപ്പിക്കുവാൻ വേണ്ടി എല്ലാ കീർത്തികളെയും ഒഴിവാക്കുക എന്നിവയെല്ലാം ഈ ചിന്തയുടെ ഭാഗമാണ്. ആത്മ വിമർശനത്തിലൂടെ സ്വന്തത്തെ സംസ്കരിക്കുകയും, സാമൂഹ്യ വ്യവഹാരങ്ങളിലും ഈ ശൈലി അവർ പിന്തുടരുകയും ചെയ്തിരുന്നു. ആദ്യകാല സൂഫി ധാരക്കളെക്കുറിച്ചുള്ള തൻ്റെ പഠനത്തിൽ അൽ മുഖദ്ധസി മലാമത്തി ധാരയിലെ പണ്ഡിതരെ സൂഫികൾ എന്നതിന് പകരം ആബിദ്, വാഇള് , പരിത്യാഗികൾ എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അസ്സുലമി അക്കാലത്തെ സൂഫികളെ അഹ്ലുൽ മഅരിയ്യ, മലാമത്തിയ്യ എന്ന് വേർതിരിച്ച് എഴുതുന്നുണ്ട്. ഇഖ്ലാസ് എന്ന ആശയത്തെ കൂടുതൽ ഊന്നുകയും നിസ്സംശയം അല്ലാഹുവിനെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് മലാമത്തികളുടെ രീതി എന്ന് അദ്ധേഹം വിശദീകരിക്കുന്നു. ‘വലാ യഖാഫൂന ലൗമത്ത ലാഇം’, (സൂറ മാഇദ 54) അന്നഫ്സുൽ ലവ്വാമ (സൂറ അൽ ഖിയാമ: 2) എന്നീ ഖുർആനിക സൂക്തങ്ങളിൽ തങ്ങളുടെ ചിന്തയെ മലാമത്തികൾ കണ്ടെത്തുന്നു.
കെവിൻ ആർ ഡി ഷെഫേഡ് മലാമത്തി ധാരയുടെ ആശയങ്ങളെയും ആചാര രീതികളേയും കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഒരു വ്യക്തിക്ക് സൂഫീ ശൈഖിൽ നിന്ന് നേരിട്ട് വിജ്ഞാനവും അനുഭവവും ലഭിക്കേണ്ടത് അനിവാര്യമാണ്. ഒൻപതാം നൂറ്റാണ്ട് വരെയും മലാമത്തികൾ അംഘടിതരായിരുന്നു എന്ന് അദ്ധേഹം നിരീക്ഷിക്കുന്നു. ‘ദർ ദുനിയ ബാഷ് അസ് ദുനിയ മബാഷ്’ (ദുനിയാവിൽ ജീവിക്കുക, ദുനിയാവിൻ്റേതായി മാറാതിരിക്കുക) എന്നത് ഇവരുടെ ചിന്തകളിൽ പ്രധാനമാണ്. മലാമത്തിയ്യയുടെ നേതൃത്വത്തെ ഖുത്ബ് അല്ലെങ്കിൽ ഗൗസ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മുഹമ്മദ് നബി (സ)യുടെ പിൻഗാമിയായിട്ടാണ് മല്ലമത്തി നേതൃത്വത്തെ അനുയായികൾ പരിഗണിച്ചിരുന്നത്. മലാമത്തി ധാരയിൽ ശൈഖ് അൽ ഖസ്സാറിനെ തീവ്ര ചിന്താഗതിക്കാരനായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. പൊതു ഇടങ്ങളിലെ കൂടുതലായുള്ള ആത്മീയാനുഷ്ഠാനങ്ങളും ആചാരങ്ങളും ഈമാൻ ദുർബ്ബലപ്പെടുത്തുമെന്നാണ് ശൈഖ് ഖസ്സാറിൻ്റെ നിലപാട്. എന്നാൽ ശൈഖ് അൽ ഹദ്ദാദും ശൈഖ് അൽ ഹീരിയും പൊതു ഇടങ്ങളിലെ ആത്മീയ കർമ്മങ്ങൾ അനിവാര്യമാണ് എന്ന അഭിപ്രായമുള്ളവരാണ്. ശൈഖ് ഹാകിം അൽ തിർമിദി മലാമത്തി ചിന്തകളെ നിരൂപണം ചെയ്ത ആദ്യ കാല പണ്ഡിതരിൽ പ്രധാനി ആണ്. ഇല്മുൻ ബിന്നഫ്സ് (സ്വന്തത്തെക്കുറിച്ചുള്ള വിജ്ഞാനം) എന്നതിനേക്കാൾ ഇല്മുൻ ബില്ലാഹി (അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ബോധവും) ആണ് അനിവാര്യമെന്ന് അവരുടെ പ്രവർത്തന രീതികളെ നിരീക്ഷിച്ചുകൊണ്ട് അദ്ധേഹം വിലയിരുത്തി.
ഫുതുവ്വ
മലാമത്തി ചിന്തകളുടെ പ്രധാനപ്പെട്ട രണ്ടാമത്തെ ആശയമാണ് ഫുതുവ്വ എന്നത്. ഫത്വ എന്ന അറബി പദത്തിൽ നിന്ന് രൂപപ്പെട്ട ഈ സാങ്കേതിക സംജ്ഞ യുവത്വം, ധീരത, ദയാപരത, വിശ്വാസ്യത എന്നിവയെല്ലാം കുറിക്കുന്നു സൂറ കഹ്ഫിൽ ഗുഹാവാസികളെ സൂചിപ്പിക്കുവാൻ ഫിത്യാൻ (18:10) ഉപയോഗിച്ചിട്ടുണ്ട്. മൻസൂർ അൽ ഹല്ലാജ് നിരുപാധികമായ വിശ്വസ്തതയും സമർപ്പണവും പ്രകടിപ്പിക്കുന്നവരെ ഫുതുവ്വ എന്ന് പ്രയോഗിച്ചിട്ടുണ്ട്. പേർഷ്യൻ ഭാഷയിൽ ഫത്വ എന്നതിന് ജവാൻ മർദ് എന്നർത്ഥമുള്ളതിനാൽ പേർഷ്യൻ സൂഫീ സാഹിത്യത്തിൽ ഈ പദ പ്രയോഗം ധാരാളമായി കാണം. അസ്സുലമി തൻ്റെ ത്വബഖാത്തു സൂഫിയയിൽ ഫുതുവ്വ എന്നതിന് പ്രത്യേകം ഭാഗം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ശൈഖ് ഖുശൈരിയും തൻ്റെ രിസാലയിൽ ഫുതുവ്വയെക്കുറിച്ച് വിശാലമായി എഴുതുന്നുണ്ട്. ഫത്വ എന്നാൽ ശത്രു ഇല്ലാത്തവനും, പുണ്യാവാളനെന്നൊ ധിക്കാരിയെന്നോ വ്യത്യാസമില്ലാതെ ആരുടെ കൂടെയും സഹവാസത്തിൻ തയ്യാറാകുന്നവനുമാണ്. അന്ത്യ ദിനത്തിൽ പോലും ഞാൻ എന്നതിലുപരി എൻ്റെ സമൂഹം എന്ന് പറയുന്നവനാണ് ഫത്വ. ഇബ്നു അറബി ‘മുതിർന്നവരെ ആദരിക്കുകയും ചെറിയവരോട് കരുണ കാണുക്കുകയും സമന്മാരായി പരിഗണിക്കുകയും ചെയ്യുന്നവരാണ് ‘ഫത്വ’ എന്ന് തൻ്റെ അൽ ഫുതൂഹാത്തുൽ മക്കിയ്യയിൽ എഴുതുന്നുണ്ട്. ഇബ്നു ബത്തൂത്തയുടെ രിഹ്ലയിൽ അനത്തൊളിയയിൽ വെച്ച് മലാമത്തി ഫുതുവ്വയുടെ സ്വീകരണം ലഭിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നു. ബെക്തശി, നഖ്ശബന്ധി സിൽസിലകളുടെ ഘടനാ രൂപമായ അഹിലിക് (സാഹോദര്യം) എന്ന ആശയത്തിൻ മലാമത്തി ഫുതുവ്വയൊടാണ് കൂടുതൽ കടപ്പെട്ടിരിക്കുന്നതെന്ന് കാണാം.
ശൈഖ് ഇബ്രാഹീം ഓസി-എഫയുടെ അഭിപ്രായത്തിൽ ശരീഅത്തിൻ്റെ സംരക്ഷണത്തിനും സാമൂഹിക സേവനത്തിനുമായിട്ടാൺ ഫുതുവ നിലവിൽ വന്നത്ത്. ശൈഖ് ഹബീബ് അലി ജിഫ്രി ഫുതുവയിലെ സ്ത്രീകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗത്ത് ഫാത്തിമ (റ)യെ വളരെ പ്രാധാന്യത്തോടെയാണ് പരാമർശിക്കുന്നത്. നബി (സ)യുടെ തിരു ദേഹത്തിൽ ശത്രുക്കൾ ഇട്ട കുടൽ മാല നീക്കുമ്പൊൾ ഫാത്തിമ (റ) യഥാർത്ഥത്തിൽ സത്യത്തെ പ്രതിരോധിക്കുകയായിരുന്നു ചെയ്തതെന്ന് അദ്ധേഹം വിശദീകരിക്കുന്നു. അഹംഭാവത്തിൻ്റെ നിർമാർജ്ജനം ആണ് മലാമത്തികളുടെ അടിസ്ഥാന ആശയമെങ്കിൽ ഫുതുവ്വയിലൂടെ സാമൂഹിക സേവനത്തിൽ ശ്രദ്ധേയമായ സംഭാവനകള അർപ്പിക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
മലാമത്തി ധാരയും ഫുതുവ്വയും തമ്മിലുള്ള ബന്ധം ചില പണ്ഡിതർ നിഷേധിക്കുന്നുണ്ട്. ലൗകിക ജീവിതവുമായും ശരീഅത്തുമായുള്ള പ്രത്യക്ഷ ബന്ധം നിരാകരിക്കുന്ന മലാമത്തി ധാരയോട് തഖ്വയുടേയും സാമൂഹ്യ സേവനത്തിൻ്റെയും പ്രതിരൂപമായ ഫുതുവ്വയൊട് ചേർത്ത് പറയാൻ കഴിയില്ല എന്നാൺ മാക്സ് ഹോർടെൻ വാദിക്കുന്നത്. എന്നാൽ അസ്സുലമിയുടെ ത്വബഖാത്തിലും ഖുശൈരിയുടെ രിസാലയിലും മലാമത്തിയ്യയും ഫുതുവയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആദ്യകാല മലാമത്തി ചിന്തകർ ശരീഅത്തിന് അനുകൂലമായിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഇബ്നു അറബിയുടെ വഹ്ദത്തുൽ വുജൂദ് മലാമത്തി ചിന്തകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ തന്നെ മലാമത്തി ചിന്തകളുടെ വ്യാപനം വഹ്ദത്തുൽ വുജൂദിൻ കൂടുതൽ പ്രചാരം നേടിക്കൊടുത്തിട്ടുണ്ട് എന്ന് യാനിസ് തുസോലിസ് നിരീക്ഷിക്കുന്നു. ഇബ്നു തൈമിയ്യയും, സയ്യിദ് അഹ്മദ് സർഹിന്ദിയും വഹ്ദത്തുൽ വുജൂദിനെ നിഷിതമായി വിമർശിച്ചിട്ടുണ്ട്.
മലാമത്തിയ്യയെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം നൽകിയത് പ്രമുഖ ചരിത്രകാരനായ ലാലി സാദേ അബ്ദുൽ ബക്കി എഫന്ദി (മരണം 1746) ആൺ. എല്ലാ ത്വരീഖത്തുകളും മലാമത്തിയ്യയെ അഖ്‌റബു തരീഖ് (അല്ലാഹുവിനൊട് ഏറ്റവും അടുത്ത പാത) എന്നാൺ പരിഗണിച്ചിരുന്നതെന്ന് ഇദ്ധേഹം എഴുതുന്നു. അല്ലാഹുവിനെ ഉള്ളകങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും ഹൃദയത്തെ സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കുകയും ചെയ്യുക എന്നത് മലാമത്തികൾ മുന്നോട്ട് വെക്കുന്ന പ്രധാന ആശയമാണ്. ഒരു യാത്രികൻ (സാലിക്) അല്ലാഹുവിൻ വേണ്ടി ഹൃദയത്തെ ഒഴിച്ചിടണം. മലാമത്തികൾ പ്രത്യേക ഔറാദുകളോ അദ്കാറുകലോ സ്വീകരിക്കുന്നവരല്ല. മുർഷിദ് മുരീദിനെ സൂക്ഷ്മ നിരീക്ഷനം നടത്തുകയും മാനസിക നിലയുടെ അടിസ്ഥാനത്തിൽ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. മുരീദിൽ നിന്ന് നിരുപാദികമായ അനുസരണവും കീഴ്വഴക്കവും മലാമത്തി ധാരയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യം സൂക്ഷിക്കാനുള്ള കഴിയും ഈ ധാര ആവശ്യപ്പെടുന്നു. സുഹുർത്തുക്കൾ സഹയാത്രികർ എന്നിവരോട് സുദൃഢമായ ബന്ധം കാത്തു സൂക്ഷിക്കണം. മലാമത്തികൾ ഒരിക്കലും കറാമത്തുകൾ പ്രകടിപ്പിക്കുകയോ ആചാരാനുഷ്ഠാനങ്ങളിൽ തീവ്രത കാണിക്കുകയോ ചെയ്തിരുന്നില്ല. നിശബ്ദത ഇവരുടെ ഒരു പ്രധാന രീതി ആയിരുന്നു. ഇവരുടെ ഭാഷണങ്ങളിൽ സങ്കീർണ്ണമായ സൂഫി സംജ്ഞകൾ അപൂർവ്വമായിരുന്നെന്നും ജനങ്ങളുടെ ബൗദ്ധിക നിലവാരമനുസരിച്ച് അവരോട് സംവദിക്കുക എന്നതായിരുന്നു ഇവരുടെ ആശയം എന്ന് അബ്ദുൽ ബക്കി എഫന്ദി എഴുതുന്നു.
തുർക്കി ചരിത്രകാരനായ ഖലീൽ ഇനാൽജിക് മലാമത്തിയ്യയെ നിഗൂഢ സംഘം എന്നാണ് വിശേഷിപ്പിക്കുനത്. ഉഥ്മാനിയ ഖിലാഫത്തിലെ സൂഫീ ധാരകളെക്കുറിച്ചുള്ള അദ്ധേഹത്തിൻ്റെ പഠനത്തിൽ രണ്ട് വിഭാഗം സൂഫീ ത്വരീഖത്തുകളെ വരച്ച് കാണികുന്നു. വ്യവസ്ഥാപിത ഘടനയും ഖിലാഫത്തിനൊട് പ്രത്യക്ഷമായി തന്നെ ബന്ധം പുലർത്തുകയും ചെയ്യുന്ന നെക്ഷബന്ധിയ്യ പോലുള്ള സൂഫീ ധാരകളും അസംഘടിതവും പൊതു സ്വീകാര്യമായ സൂഫി ചിഹ്നങ്ങളും സ്വീകരിക്കാത്ത മലാമത്തിയ്യ പോലുള്ള വിഭാഗങ്ങളുമാണ് ഇവ. ഈ രണ്ടാം വിഭാഗത്തെ വ്യക്തികത ത്വരീഖത്ത് എന്നാണ് ഇനാൽജിക് വിളിക്കുന്നത്. അശ്രദ്ധയേയും അലസതയേയും വിമർശിക്കുകയും ഉപജീവനത്തിനായി സ്വയം തൊഴിൽ കണ്ടെത്തണമെന്നും ശാഠ്യമുള്ളവരായിരുന്നു മലാമത്തികൾ. മാന്യമായി കൂടുതൽ സമ്പാദിക്കുന്നവൻ അല്ലാഹുവിന് കൂടുതൽ പ്രിയപ്പെട്ടവനാണ് എന്നത് ഇവരുടെ പ്രധാന ആശയങ്ങളിൽ ഒന്നാണ് എന്ന് ഇനാൽജിക് വിശദീകരിക്കുന്നു
മലാമത്തിയ്യ വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ
പ്രമുഖ ചരിത്രകാരനായ അബ്ദുൽ ബക്കി ഗോല്പിനാർലി മലാമത്തി ധാരയുടെ മൂന്ന് ചരിത്ര ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പത്താം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള ഘട്ടമാണ് ആദ്യത്തേത്. ഈ കാലയളവിൽ തുർക്കുമെൻ വംശജർക്കിടയിൽ പ്രചാരം ലഭിക്കുകയും മൗലവിയ്യ (റൂമിയ്യ) ധാരയിൽ മലാമത്തി ചിന്തകളുടെ സ്വാധീനം വർദ്ധിക്കുകയും ചെയ്തു. ബെക്തശി, നക്ഷബന്ധി സിൽസിലകളുടെ വ്യാപനത്തിലും മലാമത്തിയ്യക്ക് അനിഷേധ്യമായ പങ്കുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ഈ ധാരയുടെ യഥാർത്ഥ മുഖം നഷ്ടമാവുകയും അക്കാലങ്ങളിൽ പ്രചാരം നേടിയിരുന്ന സൂഫി ധാരകളോട് ചേർന്ന് പ്രവർത്തിക്കുകയുമാണ് ഉണ്ടായതെന്ന് ഗോല്പിനാർലി പറയുന്നു. പതിനഞ്ച് മുതൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനം വരെയുള്ളതാൺ രണ്ടാം ഘട്ടം. ഈ ഘട്ടത്തിൽ ഉഥ്മാനിയ ഖിലാഫത്തിൻ്റെ അധീന പ്രദേശങ്ങളിൽ മലാമത്തി ധാര പ്രചാരം നേടിയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തന്നെ മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതർ, കവികൾ, ഉദ്യേഗസ്ഥർ എന്നിവരെയും ആഘർഷിക്കുവാൻ മലാമത്തികൾക്ക് കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻ്റെ ആദ്യ ഘട്ടത്തിൽ ഉഥ്മാനിയ ഖിലാഫത്തിലെ ശൈഖുൽ ഇസ്‌ലാം (ഗ്രാൻഡ് മുഫ്ത്തി) പോലുള്ള ഉയർന്ന ഭരണ നിർവ്വഹണ തസ്തികകളിലെല്ലാം മലാമത്തികൾക്ക് സ്ഥാനം ലഭിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദം മുതലുള്ളതാണ് അവസാന ഘട്ടം. ബാൽക്കൻ പ്രദേശങളിലും മറ്റും സയ്യിദ് മുഹമ്മദ് നൂറിനെ പോലുള്ള പണ്ഡിതരുടെ സ്വാധീനം സമകാലിക സാഹചര്യത്തിലും നിലനിൽക്കുന്നു എന്ന് ഗോല്പിനാർലി പറയുന്നു. മലാമത്തികൾ സ്വതന്ത്രമായി കോടതികൾ നിലനിർത്തുകയും അവരുടെ അനുയായികൾ കുറ്റം ചെയ്താൽ നീതിന്യായ വ്യവസ്ഥക്ക് കൈമാറാതെ സ്വന്തമായി ശിക്ഷിക്കുകയും ചെയ്യുന്ന തരത്തിൽ കേന്ദ്രീകൃതമായി അധികാര ശക്തി തന്നെ ഒരു കാലത്ത് കൈകൊണ്ടിരുന്നതായി ഗോല്പിനാർലി നിരീക്ഷിക്കുന്നു.
സയ്യിദ് അലി ഹിജ്വേരിയും മലാമത്തിയ്യയും
സയ്യിദ് അലി ഹുജ്വേരി വിമർശനാതമകമായിട്ടാണ് മലാമത്തി ചിന്തകളെ സമീപ്പിച്ചത്. താത്വികമായി അഹംഭാവത്തെ നശിപ്പിക്കുക എന്നതിൽ ഹുജ്വേരി യോജിക്കുന്നു എങ്കിലും ഇതിനായി ഉള്ള അവരുടെ പ്രവർത്തന രീതികളിൽ പ്രകടനപരത വെളിവാകുന്നു എന്നാണ് അദ്ധേഹം അഭിപ്രായപ്പെടുന്നത്. കശ്ഫുൽ മഹ്ജൂബിൽ മലാമത്തി ധാരയെ മൂന്ന് വിഭാഗങ്ങളായി അദ്ധേഹം തരം തിരിക്കുന്നു. 1. ശരീഅത്തിനെ പിൻപറ്റുന്നതിൽ ആരുടെയും ആക്ഷേപം ഭയപ്പെടാത്ത വിഭാഗം. 2. തന്നിലെ അഹംഭാവത്തെ നശിപ്പിക്കുക എന്നർത്ഥത്തിൽ ശരീഅത്തിന് വിരുദ്ധമല്ലാത്ത എന്നാൽ അനിഷ്ടകരമായ പ്രവർത്തി ചെയ്യുകയും അതിലൂടെ ഇതരരുടെ ആക്ഷേപം ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നവർ. ഈ രീതിയിലൂടെ അല്ലാഹുവിനോട് കൂടുതൽ അടുത്തവരായി മാറുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. 3. ശരീഅത്തിനെ മുഴുവനായും ഉപേക്ഷിക്കുകയും എന്നാൽ ശരിയായ പാതയിൽ തന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്ന വിഭാഗം. ഈ വിഭാഗത്തിൽ പ്രത്യേക തരത്തിലുള്ള പ്രകടന പരത ഉൾക്കൊള്ളുന്നുണ്ട്.
മൂന്നാമത്തെ വിഭാഗത്തിൽ രണ്ടാമത്തെ വിഭാഗത്തെപ്പോലെ പ്രകടന പരതയോ ലോക മാന്യതയോ ഇല്ല. എന്നാൽ മൂന്നാമത്തെ വിഭാഗം ആക്ഷേപാർഹമായ പ്രവർത്തനങളിലൂടെ പ്രസിദ്ധി നേടാനാണ് ആഗ്രഹിക്കുന്നതെന്ന് സയ്യിദ് ഹുജ്വേരി പറയുന്നു. സയ്യിദ് ഹുജ്വേരി ഒരു മലാമത്തിയുമായുള്ള സംഭാഷണത്തിൽ അവരുടെ പ്രവർത്തന രീതികളുടെ ലക്ഷ്യം ആരായുന്നുണ്ട്. ഇതരരുടെ അപ്രീതി തങ്ങളുടെ ഈമാൻ (വിശ്വാസം) വർദ്ധിപ്പിക്കാൻ ഇടയാകുന്നുവെന്നും അതിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ കാരണമാകുമെന്നും മലാമത്തി പറഞ്ഞു. ശരീഅത്തിന് വിരുദ്ധമായ ഈ പ്രവർത്തി ഉപേക്ഷിച്ചു കൊണ്ട് തന്നെ അല്ലാഹുവിൻ്റെ സാമീപ്യം തേടാനാകുമെന്നും അല്ലാത്ത പക്ഷം അത് രിയാഅ (മറ്റുള്ളവർ കാണാൻ ചെയ്യുക) ആയിത്തീരുമെന്നും സയ്യിദ് ഹുജ്വേരി പ്രതിവചിച്ചു.
1924കൾക്ക് ശേഷം തിർക്കിയിലെ മതേതര വൽക്കരണ പ്രക്രിയയോട് അനുകൂല നിലപാടാണ് മലാമത്തികൾ സ്വീകരിച്ചത്. വ്യവസ്ഥാപിതമായ സൂഫി സംഘടനയൊടും അവരുടെ സംരഭങ്ങളോടുമുള്ള എതിർപ്പാണ് ഈ നീക്കത്തിൻ്റെ കാരണം. ഇവരുടെ പൊതു ഇടങ്ങളിലെ അസാന്നിദ്ധ്യവും മലാമത്തി പണ്ഡിതന്മാരെക്കുറിച്ചുള്ള വ്യക്തമായ ചരിത്രത്തിൻ്റെ അഭാവവും ഈ ധാരയെക്കുറിച്ചുള്ള വിശദമായ പഠനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജോൺ എ സുബ്ഹാൻ ഇന്ത്യയിലെ സൂഫിസത്തെക്കുറിച്ച് പഠനത്തിൽ മലാമത്തിയ്യയുടെ സ്വാധീനത്തെക്കുറീച്ച് പരാമർശിക്കുന്നുണ്ട്. ശരീഅത്തിന് അന്യമായ മദ്യം, കഞ്ചാവ് പോലുള്ള ലഹരികൾ ഉപയോഗിക്കുന്ന ഫക്കീറുമാരെയും ഖാദിരീ, സുഹ്രവർധീ സിൽസിലകളുടെ സാന്നിദ്ധ്യത്തെയും അദ്ധേഹം പരാമർശിക്കുന്നു. ലഹരിയിലൂടെ നിർവൃതിയെ പുൽകുക എന്ന ഉദ്ദേശത്തിലാണ് ഈ ഫക്കീറുകൾ ലഹരി ഉപയോഗിക്കുന്നത്. ശരീഅത്തില്ലാതെ ത്വരീഖത്തില്ല എന്ന മഹാന്മാരായ സൂഫീവര്യന്മാരുടെ വാക്കുകൾക്ക് എതിരായ പ്രവർത്തനമാണിത്. അഹംഭാവത്തെ നശിപ്പിക്കുകയും ആത്മ വിമർശനത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്യുക എന്നതാണ് മലാമത്തിയ്യ എന്ന സൂഫീ ധാരയുടെ ഏറ്റവും മഹത്തായ സംഭാവന
Featured Image: Annie Spratt Location: Marrakesh, Morocco
Comments are closed.