“……..But here lies a mystery into which Ben Yiju’s papers offer no insight at all: the question of what language the merchants used in their dealings with each other…..what language did Ben Yiju speak with Ashu, for instance? Or for that matter, how did he communicate with Bomma, or with the merchants from various regions in India and beyond, with whom, given the nature of his occupation, he must have had to do business? On the evidence of his paper there is no reason to suppose that he ever acquired fluency in Tulu or any other South Indian language: such Indian words that found their way into his writings were all of northern derivation. Indeed, learning any one language would not have solved Ben Yiju’s problems of communication, for the Indians he dealt with evidently came from several different linguistic regions. In an area as large and diverse as the Indian Ocean, business could not possibly have been conducted in Tulu, Arabic, Gujarati, or indeed any tongue that was native to a single group of traders; to function at all the language of everyday business would have had to be both simpler and much more widely dispersed than any ordinary language…..” (From In an Antique Land, Amitav Ghosh)
ഭാഷയുമായി ബന്ധപ്പെട്ട്, വിശ്വാസികൾ എന്ന നിലയിൽ മലബാറിലെ മുസ്‌ലിംകൾ നേരിട്ട പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംഭവം വിഖ്യാത കർമശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി റഹ്:യുടെ ഫത്‌വകളുടെ സമാഹാരമായ ഫതാവയിൽ(1550) ഉണ്ട്. അതിൽ മലബാറിൽ നിന്ന് ഉന്നയിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ചോദ്യത്തിന് ഇബ്നു ഹജർ മറുപടി പറയുന്നുണ്ട്. ചോദ്യം ഇതാണ്; അറബി ഭാഷയിലെ പ്രാവീണ്യക്കുറവു കാരണം, ഭാര്യയെ ത്വലാഖ് (വിവാഹ മോചനം) ചെയ്യുമ്പോൾ പറയേണ്ട വാക്കുകൾ കൃത്യമായി ഒരാൾ ഉച്ചരിക്കാതെ പോയാൽ ആ ത്വലാഖ് (വിവാഹ മോചനം) സാധുവാകുമോ?. അറേബ്യൻ ഇതര മുസ്‌ലിം സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു സംശയം എന്ന നിലയിൽ ശാഫിഈ മദ്ഹബിന്റെ കർമശാസ്ത്ര വീക്ഷണങ്ങൾ വെച്ചാണ് ഇബ്നു ഹജർ ഈ ചോദ്യത്തിനുള്ള ഫത്‌വ നൽകുന്നത്. പക്ഷേ, പതിനാറാം നൂറ്റാണ്ടിലെ മലബാർ മുസ്‌ലിംകളെക്കുറിച്ചുള്ള ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ചോദ്യം സൂചന നൽകുന്നുണ്ട്. പിന്നീട് ഇബ്നു ഹജറിന്റെ ശിഷ്യനായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം റഹ്: ത്വലാഖ് ചൊല്ലുമ്പോൾ പറയേണ്ട പദാവലികളെ കുറിച്ചും അറബി അറിയാത്തവർക്ക് വന്നേക്കാവുന്ന പിഴവുകളുടെ കർമശാസ്ത്ര വിധികളെ കുറിച്ചും വളരെ വിശദമായി തന്നെ ഫത്ഹുൽ മുഈൻ (1575) എ ന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മുസ്‌ലിംകൾ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾ ചെയ്യുമ്പോൾ പുലർത്തേണ്ട ഭാഷാപരമായ സൂമത എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് സൈനുദ്ദീൻ മഖ്ദൂമിന്റെ ഇത് സംബന്ധിച്ചുള്ള വിവരണവും വിശദീകരണവും.
അറബ് ലോകത്തെ പണ്ഡിതന്മാരുമായി മലബാറുകാർക്ക് ഉണ്ടായിരുന്ന ബന്ധം, ശാഫിഈ മദ്ഹബിന്റെ മലബാർ തീരത്തേക്കുള്ള പ്രചാരം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന, രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രമാണ് ഈ ഫത്‌വ. അതോടൊപ്പം, കൃത്യമായും ഭാഷാപരമായ പ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഉന്നയിക്കപ്പെട്ട ചോദ്യം എന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ മുസ്‌ലിംകളുടെ ഭാഷാ സ്വഭാവം എന്തായിരന്നു എന്നതിലേക്കും ഈ ചോദ്യം ചില സൂചനകൾ നൽകുന്നുണ്ട്. അറബി അല്ലാത്ത മറ്റേതെങ്കിലും ഭാഷ മാത്രം അറിയാവുന്ന ഒരാൾ എങ്ങനെയാണ് മുസ്‌ലിമായി ജീവിക്കുക എന്നതാണ് മേൽ ചോദ്യത്തിന്റെ ആകെത്തുക. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ ഉണ്ടായിരുന്ന മുസ്‌ലിംകൾക്ക് അറബിയിൽ ഉണ്ടായിരുന്ന പ്രാവീണ്യമില്ലായ്മകളിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുന്നു എന്നതിനാൽ ഇബ്നു ഹജറിനോടുള്ള ചോദ്യം അറബി മലയാളം എന്ന് ഇന്നറിയപ്പെടുന്ന ഭാഷാ രൂപത്തിന്റെ ചരിത്രത്തിലേക്കും ചില സൂചനകൾ നൽകാതിരിക്കില്ല. ഇസ്‌ലാം ചെന്നെത്തിയ പല സ്ഥലങ്ങളിലും പ്രാദേശിക ഭാഷകൾ അറബി ലിപിയിൽ എഴുതുന്ന സമ്പ്രദായം രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ തീര പ്രദേശങ്ങളിൽ എമ്പാടും ഇത്തരം സ്വഭാവം പുലർത്തുന്ന ഭാഷാ രൂപങ്ങൾ കാണാം. അറബിത്തമിഴ്, അറബിമലയാളം എന്നിവ ഉദാഹരണം. എന്തു കൊണ്ടാവാം ഇങ്ങനെ അറബി ഭാഷ ഓരോ ദേശങ്ങളിൽ എത്തിയപ്പോഴും അതാതിടങ്ങളിലെ പ്രാദേശിക ഭാഷയുടെ ശബ്ദം സ്വീകരിച്ചത്?, അല്ലെങ്കിൽ, മുസ്‌ലിംകൾ ഉള്ള ഇടങ്ങളിൽ എല്ലാം തന്നെ എന്തുകൊണ്ടാണ് പ്രാദേശിക ഭാഷകൾ അറബി ഭാഷയുടെ രൂപം സ്വീകരിച്ചത്?
ഭാഷയുടെ തുടക്കവും പ്രചാരവും പോലുള്ള ദീർഘ കാലാടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന സാമൂഹിക – സ്വഭാവങ്ങളുടേയും രീതികളുടേയും ഉത്ഭവവും പ്രചാരവും ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്കോ വ്യക്തികളിലെക്കോ മാത്രം ബന്ധിപ്പിച്ചു പറയുക ശ്രമകരമാണ് എന്നു മാത്രമല്ല, ചരിത്ര വിരുദ്ധം കൂടിയാണ്. ഭാഷയെ ഒരു സാമൂഹിക സ്ഥാപനം എന്ന നിലയിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴേ ഇത്തരം പരിമിതികളെ മറികടക്കാൻ നമുക്ക് കഴിയുകയു ള്ളൂ. മലബാർ തീരത്ത് മുസ്‌ലിംകൾക്ക് അധികാരം ഇല്ലാതിരുന്ന സാഹചര്യത്തിൽ ഒരു പ്രത്യേക നയ നിലപാടിന്റെയോ, പൊടുന്നനെയുള്ള തീരുമാനത്തിന്റെയോ ഭാഗമായി ഉണ്ടായതല്ല അറബിമലയാളം എന്ന ഭാഷാ രൂപം എന്ന് മനസ്സിലാക്കേണ്ടി വരും. (മുഗൾ ഭരണ കാലത്ത് പേർഷ്യന് പകരം ഉർദു വരുന്നത് ഒരു രാജ തീരുമാനത്തിന്റെ ഭാഗമായാണ്). സാമൂതിരിയുടെ കാലത്ത് മുസ്‌ലിംകൾക്ക് ഉണ്ടായിരുന്ന പ്രത്യേക പരിഗണനയും ടിപ്പു സുൽത്താന്റെ മലബാർ കാലവും, അറക്കൽ രാജവംശത്തിന്റെ കാലവും മാത്രമാണ് ഇതിനൊരു അപവാദമായി പറയാവുന്നത്. അറക്കൽ രാജ വംശത്തിനെങ്ങാനും കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ കൂടി അധികാരം കിട്ടിയിരുന്നെങ്കിൽ മലയാളത്തിനു പകരം അറബി മലയാളമായിരിക്കും ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടാവുക എന്ന് ഭാഷാ പണ്ഡിതനായ ശൂരനാട് കുഞ്ഞൻ പിള്ള പറഞ്ഞതിനെ ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. അതായത് അറബിമലയാളത്തെ സാധ്യമാക്കുന്ന ചില സാമൂഹിക ഘടകങ്ങൾ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങിനെയൊരു ഭാഷാരൂപം ഇവിടെ ഉണ്ടായതും നില നിന്നതും. ആ ഭാഷാ രൂപം ഇല്ലാതായിപ്പോയതിലും ഉണ്ടാകും ഇത്തരം സാമൂഹിക പശ്ചാത്തലങ്ങൾ. പറഞ്ഞു വരുന്നത് ഭാഷയുടെ ഉൽഭവത്തെയും പ്രചാരത്തേയും മനസ്സിലാക്കേണ്ടത് അവയുടെ ചരിത്രപരമായ ക്രമങ്ങളെ മനസ്സിലാക്കിയും ഓരോ സമൂഹത്തിലും ഭാഷ നിർവഹിച്ച ദൗത്യങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കിയുമാണ്. മലബാർ പോലുള്ള അകത്തേക്കും പുറത്തേക്കുമുള്ള സ്ഥലങ്ങളും സമൂഹങ്ങളുമായി സുദൃഢമായ ബന്ധങ്ങൾ പുലർത്തിയ പ്രദേശങ്ങളെ കുറിച്ചു പഠിക്കുമ്പോൾ പ്രത്യേകിച്ചും. അങ്ങനെ ചെയ്യുന്നതിനു പകരം മലബാർ ചരിത്രകാരന്മാരിലധിക പേരും, മലബാറിനെ മാത്രം അടർത്തി മാറ്റിയെടുത്തു പഠിക്കുന്ന രീതിയാണ് പലപ്പോഴും പിന്തുടർന്നത്. മലബാർ നിരന്തരം സമ്പർക്കത്തിലായിരുന്ന സ്ഥലങ്ങളിൽ, സമൂഹങ്ങളിൽ എന്ത് നടന്നു എന്ന് മനസ്സിലാക്കാൻ അത്തരം ആളുകൾ പിന്തുടർന്നു വന്ന ചരിത്ര രചനാ രീതി കൊണ്ടു സാധിച്ചില്ല. മലബാറിനെ കുറിച്ചു എഴുതപ്പെട്ട ചരിത്രങ്ങളുടെ പ്രധാനപ്പെട്ട ഒരു പരിമിതിയും ഇതാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക മലബാർ ചരിത്രങ്ങളും മലബാറിനെ കുറിച്ചുള്ള വർണ്ണനകൾ മാത്രമായിത്തീരുന്നു.
മലബാറുമായി നടന്ന വ്യാപാര ബന്ധങ്ങൾക്ക് സമാന്തരമായാണ് ഗുജറാത്തുമായി നടന്ന വിദേശികളുടെ വ്യാപാര ബന്ധങ്ങൾ. പക്ഷേ, ഇവയെ തമ്മിൽ ബന്ധപ്പെടുത്തി പഠിക്കാൻ ഇവിടുത്തെ മലബാർ ചരിത്രകാരന്മാർ ഒരിക്കലും മിനക്കെട്ടിട്ടില്ല എന്നത് തന്നെ ഉദാഹരണം. പകരം, എല്ലാം മലബാറിൽ നടന്നു എന്ന നിലയിലുള്ള സമീപനമാണ് അവർ സ്വീകരിച്ചത്. അതിനേക്കാൾ ഖേദകരമാണ് മലബാർ, കേരളം, ഇന്ത്യ, മാപ്പിള എന്നിങ്ങനെയുള്ള പരികല്പനകളെ ഉത്തരവാദിത്വമില്ലാതെ ഉപയോഗിക്കുന്ന രീതി. മലബാർ, കേരളം എന്നിവയെ മലബാർ ചരിത്രത്തിലെ വിശാരദന്മാർ എന്നറിയപ്പെടുന്നവർ വരെ രണ്ടും പരസ്പരം പകരം നിൽക്കും എന്ന മട്ടിൽ ഇടകലർത്തിയാണ് ഉപയോഗിക്കുന്നത്. ഓരോ കാലത്തെയും മലബാറിന്റെ ഭൂമി ശാസ്ത്രപരമായ സ്വഭാവത്തെ പോലും പല പഠനങ്ങളിലും വിശദീകരിക്കാറുമില്ല. പതിനാറാം നൂറ്റാണ്ടിലെ ഭൂപ്രദേശത്തെ കുറിച്ച് തന്നെയാണ് 1921 ലെ മലബാർ കലാപത്തെ കുറിച്ചു പറയുമ്പോഴും സൂചിപ്പിക്കുന്നത് എന്ന പ്രതീതിയാണ് ഇത്തരം അശ്രദ്ധകൾ ഉണ്ടാക്കുന്നത്. കൊളോണിയൽ മലബാറിനെ കുറിച്ച് പഠനം നടത്തിയ ഒരു ഗവേഷകനോട്, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിന്റെ അതിർത്തി ഏതൊക്കെയായിരുന്നു എന്ന് ചോദിച്ചപ്പോൾ യാതൊരു ധാരണയുമില്ലായിരുന്നു. ഇത് പോലെ മുഴച്ചു നിൽക്കുന്ന മറ്റൊരു പ്രശ്നമാണ് പല പഠനങ്ങളും പുലർത്തുന്ന മലബാർ സമം മാപ്പിള എന്ന സമീകരണം. മലബാർ തീരത്തെ മുസ്‌ലിംകളാണ് മാപ്പിളമാർ എന്ന് നിർവചിക്കുന്ന പഠനങ്ങൾ പോലും തൊട്ടടുത്ത പാരഗ്രാഫിൽ ഇസ്‌ലാമിന്റെ വരവിനു മുമ്പ് മലബാറിലുണ്ടായിരുന്ന മാപ്പിളമാർ എന്നെഴുതിയത് കണ്ടിട്ടുണ്ട്. ഇവയെല്ലാം കൂടിച്ചേർന്നുള്ള ഒരു കൃത്യതയില്ലായ്മ നിലവിൽ ലഭ്യമായ മലബാർ പഠനങ്ങളിൽ പലതിന്റെയും മുഖമുദ്രയാണ്. ഈ പ്രശ്നങ്ങളൊക്കെ ഏറിയും കുറഞ്ഞും അറബിമലയാളത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ കാലത്തെയും മലബാറിന്റെയും അവിടുത്തെ വിവിധ സമൂഹങ്ങളുടെയും സാമൂഹികവും രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ അവസ്ഥ എന്തായിരുന്നു. എന്നതിന്റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് മനസ്സിലാക്കിയാലേ മാപ്പിള മുസ്‌ലിംകളേയും അവരുടെ ഭാഷാപരമായ ഉൾവഴക്കങ്ങളേയും കൂടുതൽ കണിശതയോടെ അറിയാൻ പറ്റുകയുള്ളൂ. അതിനു പകരം ഭാഷയുടെ മാത്രം, അല്ലെങ്കിൽ മാപ്പിളമാരുടെ മാത്രം ഒറ്റപ്പെട്ടു നിന്നു കൊണ്ടുള്ള ചരിത്രം പറയുക അസാധ്യമാണ്. ചരിത്രമെന്നത് ഒറ്റപ്പെട്ടു നിൽക്കുന്നതല്ലെന്നും പരസ്പരം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കിട ക്കുന്നതാണെന്നും (സഞ്ജയ് സുബ്രഹ്മണ്യത്തെപ്പോലുള്ളവർ ഇതിനെ കണക്റ്റഡ് ഹിസ്റ്ററീസ് എന്നാണു വിളിക്കുന്നത്) മനസ്സിലാക്കേണ്ടി ഇരിക്കുന്നു. അത്തരം മനസ്സിലാക്കലുകൾ നമ്മുടെ ചരിത്രരചനകളിൽ ഇനിയും പ്രതിഫലിച്ചിട്ടില്ല. മലബാറിനെ മുഴുവനായി മനസ്സിലാക്കുന്ന പഠനങ്ങൾ ഇനിയും വന്നിട്ടില്ല എന്നകാര്യം ഉണർത്താൻ നിലവിലുള്ള മലബാർ ചരിത്ര രചനാ രീതിശാസ്ത്രത്തിലെ പഴുതുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുവെന്നേയുള്ളു.
നമുക്ക് അറബി മലയാളത്തിലേക്ക് തിരിച്ചു വരാം. അറബി മലയാളത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും തുടങ്ങുന്നത് തന്നെ അതിന്റെ കാലഗണന മനസ്സിലാക്കാനുള്ള ചർച്ചകളിൽ നിന്നാണ്. കാലഗണനയെ കുറിച്ചു നമുക്കാകെ പറയാവുന്നത് ഇന്ന് കാലത്തൊക്കെ അറബി മലയാളം ഇവിടെ ഉണ്ടായിരുന്നു എന്ന് മാത്രമാണ്. ഇന്ന കാലത്തിന് മുൻപ് അറബിമലയാളം ഉണ്ടായിരുന്നില്ല എന്ന് പറയാൻ മാത്രം കണിശമായ തെളിവുകൾ നിലവിൽ ലഭ്യമല്ല. ഇപ്പോൾ ലഭ്യമായ, അറബിമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കൃതി മുഹ്യിദ്ദീൻ മാലയാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്. ഖാളി മുഹമ്മദ്ബ്നു അബ്ദുൽ അസീസ് (എ.ഡി 1604-1606) ആണ് ഇതെഴുതിയത്. പക്ഷേ അതിനു മുമ്പേ ഈ ഭാഷയിൽ മറ്റു രചനകൾ ഉണ്ടായിക്കൂടാ എന്നില്ല. പതിനഞ്ചാം നൂറ്റാണ്ടു മുതൽ വിവിധ പാശ്ചാത്യ ശക്തികളുമായുള്ള ഏറ്റുമുട്ടലുകൾക്ക് വിധേയമാക്കപ്പെട്ട, സ്വന്തമായി അധികാരമില്ലാതിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇത്തരം തെളിവുകൾ നൽകാൻ കഴിയുമായിരുന്ന ആധാര രേഖകൾ നഷ്ടപ്പെട്ടു പോകാനുള്ള സാധ്യത ഏറെയാണ് താനും. മുസ്‌ലിംകളെയും അവരുടെ ആരാധനാലായങ്ങളെയും ലക്ഷ്യമാക്കികൊണ്ടുള്ള അതിക്രമങ്ങൾ പോർച്ചുഗീസുകാരിൽ നിന്നും മറ്റും ഉണ്ടായ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഏതായാലും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നിന്നു മുഹ്യിദ്ദീൻ മാലയിൽ എത്തുമ്പോഴേക്കും പദ്യ രചനക്ക് വഴങ്ങും വിധം അറബി മലയാളം പാകപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു മുമ്പ് തന്നെ ആ ഭാഷയിൽ മറ്റു രചനകൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഏറ്റവും ചുരുങ്ങിയത് അറബി മലയാളത്തിലുള്ള ആശയ വിനിമയം (എഴുത്ത് കുത്തുകളുടെയും മറ്റും രൂപത്തിൽ) മലബാറിൽ സജീവമായി നിലവിലുണ്ടായിരുന്നു എന്ന് തന്നെ വേണം മനസ്സിലാ ക്കാൻ.
പക്ഷെ, അറബി മലയാളത്തിന്റെ ചരിത്രം തേടിയുള്ള ഈ അന്വേഷണം എത്ര വരെ പുറകി ലേക്ക് വലിച്ചു നീട്ടാം?. ഇസ്‌ലാം കേരളത്തിൽ എത്തുന്നതിനു മുൻപ് തന്നെ ഇവിടെ അറബികൾ ഉണ്ടായിരുന്നു എന്നതിനാൽ അറബി മലയാളവും ഇവിടെ ഉണ്ടായിരുന്നു എന്നാണു ഒരു വിഭാഗം അവകാശപ്പെടുന്നത്. അറബിയിൽ നിന്നല്ല പേർഷ്യൻ ഭാഷയിൽ നിന്നാണ് അറബി മലയാളം ഉണ്ടായിത്തുടങ്ങിയത് എന്ന് മേൽ വാദത്തെ പിന്തുടർന്നു കൊണ്ട് മറ്റു ചിലർ അവകാശപ്പെടുന്നു. രണ്ടു ഭാഷകളിലും ഒരേ അർഥത്തിൽ ഉപയോഗിക്കുന്ന ചില പദങ്ങൾ എടുത്തു കാട്ടിയാണ് കെ കെ മുഹമ്മദ് അബുൽകരീമിനെ പോലുള്ളവർ ഈ വാദം ഉന്നയിക്കുന്നത്. അറബികളെ അപേക്ഷിച്ചു പേർഷ്യക്കാരുമായുള്ള മലബാറുകാരുടെ ദീർഘ കാലത്തെ ബന്ധമായിരിക്കണം അങ്ങിനെ ആലോചിക്കാൻ അബ്ദുൽകരീം ഉൾപ്പെടെയുള്ള ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. അതോടൊപ്പം, അറബിത്തമിഴിനെ അനുകരിച്ചാണ് അറബി മലയാളം ഉണ്ടായത് എന്ന് അനുമാനത്തെ, ഏറ്റവുമാദ്യം ഇസ്‌ലാം വന്നത് കേരളത്തിൽ ആണെന്നും അറബി ഭാഷക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നല്കിയത് മുസ്‌ലിംകളായിരുന്നു എന്നുമുള്ള വാദമുയർത്തി അബ്ദുൽകരീം ഖണ്ഡിക്കുന്നുമുണ്ട്. ഈ വാദം എത്രമാത്രം ശരിയാണ് എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. ഇത്തരം നിരീക്ഷണങ്ങൾ പുലർത്തുന്ന പിഴവുകളുടെ വലിയ ഒരു ഉറവിടം അറബിമലയാളത്തിന്റെ ചരിത്രത്തിൽ നിന്നും മലയാള ഭാഷയുടെ ചരിത്രത്തെ പൂർണമായും ഒഴിവാക്കുന്ന സമീപനമാണ്. അറബി മലയാളത്തിന്റെ ചരിത്രം പലപ്പോഴും അറബിയുടെ ചരിത്രം മാത്രമായി ചുരുങ്ങിപ്പോയിട്ടുണ്ട് എന്ന് സാരം. പരിമിതമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കെ കെ മുഹമ്മദ് അബ്ദുൽ കരീമും ടി ഉബൈദും മറ്റും തുടങ്ങിവെച്ച മാപ്പിള സാഹിത്യ ചരിത്രത്തെക്കുറിച്ചുള്ള ചരിത്ര ശേഖരങ്ങളും പഠനങ്ങളും വേണ്ടവിധം മുന്നോട്ട് കൊണ്ടു പോകാൻ രണ്ടാം തലമുറയിലെ ചരിത്ര പഠനം തൊഴിലായി സ്വീകരിച്ചവർ പോലും മിനക്കെട്ടില്ല.
അറബിമലയാളത്തിന്റെ ചരിത്രം തേടിപ്പോകുന്നവർ പലപ്പോഴും അറബി മലയാളത്തെ മലയാളം അറബി ഭാഷയുടെ ലിപിയിൽ എഴുതുന്ന രീതി എന്ന് ഒഴുക്കൻ മട്ടിൽ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. അറബിയിൽ നിന്നും ധാരാളം പദങ്ങൾ മലയാളത്തിലേക്ക് വന്നിട്ടുണ്ട് എന്ന് ചിലർ മേൽ വിശദീകരണത്തിനു അനുബന്ധമായി പറയാറുണ്ട്. ഇങ്ങനെ അറബി ലിപിയുടെ സ്വീകരണവും അറബിയിൽ നിന്നുള്ള പദങ്ങളുടെ കടം കൊള്ളലും മാത്രമാണോ അറബിമലയാളം? അറബി ഭാഷയിലെ ശബ്ദത്ത അറബിമലയാളത്തിൽ എങ്ങിനെയാണ് ഉപയോഗിച്ചത്? ഇവ്വിധം ലളിതമായ വിവരണങ്ങളിലും വിശദീകരണങ്ങളിലും ഒതുങ്ങി നിൽക്കുന്നതാണോ അറബി മലയാളത്തിന്റെ സാമൂഹിക പരിസരം?. എന്താണ് അറബി മലയാളം എന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് പകരം അത് വളരെ മുൻപ് തന്നെ വന്നതും, അതിനാൽ എന്താണ് ആ പ്രതിഭാസം എന്നുള്ള ആലോചന തന്നെ അപ്രസക്തമാണ് എന്ന മട്ടിലാണ് പല അവതരണങ്ങളും.
ഒരു ഭാഷ ആവശ്യമായി വരുന്ന ഭാഷയെ സാധ്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കൂടി മനസ്സിലാക്കിയാലേ ആ ഭാഷയുടെ ചരിത്രത്തെ പൂർണാർഥത്തിൽ മനസ്സിലാക്കാൻ കഴിയൂ എന്ന് സൂചിപ്പിച്ചല്ലോ. അത് കൊണ്ട് തന്നെ അറബ് ലോകവുമായി മലബാറിനുണ്ടായിരുന്ന ഇടപാടുകളുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കൂടി വേണം അറബി മലയാളത്തിന്റെ പാരമ്പര്യത്തെ വായിച്ചെടുക്കാൻ. പ്രത്യേകിച്ചും മലബാർ എന്ന ദേശത്തിന്റെ ചരിതപരമായ ഗതിവിഗതികളെ നിർണയിക്കുന്നതിലും ഈ പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വഭാവങ്ങൾ ചിട്ടപ്പെടുത്തുന്നതിലും മലബാറിന് പുറത്തുള്ളവർ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. മലബാർ എന്ന് നാം ഇന്ന് വിളിക്കുന്ന പേരു പോലും മറ്റൊരു നാട്ടുകാരുടെ സംഭാവനയാണ്. അറബികളാണ് ഈ പ്രദേശത്തിന് അങ്ങിനെയൊരു പേരു വിളിച്ചത്. മലകൾ എന്നർഥം വരുന്ന മല എന്ന ദ്രവീഡിയൻ പദവും യഥാക്രമം നാട് എന്നും രാജ്യം/ തീരം എന്നും അർഥം വരുന്ന ബാർ/ബർറ് എന്ന അറേബ്യൻ പേർഷ്യൻ വാക്കും ചേർത്താണ് മലബാർ എന്ന പദം തന്നെ ഉണ്ടായത് എന്നാണു ചില ചരിത്രാന്വേഷികളെങ്കിലും പറയുന്നത്. അതായത് അറബിയിലും ദ്രവീഡിയൻ ഭാഷകളിലും ഒരേ സമയം വേരുള്ള ഒരു സങ്കര പദമാണ് മലബാറിന്റെത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യ ത്തോടെയാണ് ഈ പേര് ഇവിടെയും പുറം ലോകത്തും വ്യാപകമാകുന്നത്. അത് വരെയും പ്രാദേശിക തുറമുഖങ്ങളുടേയും (ഉദാഹരണത്തിന് മുസരിസ്/കൊടുങ്ങല്ലൂർ) ഇവിടെയുണ്ടായിരുന്ന നാണ്യ വിളകളുടെയും (ഉദാഹരണത്തിന് ബിലാദ് ഫിൽഫിൽ | കുരുമുളകിന്റെ നാട്) പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടു പോന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് മലബാർ എന്ന പേര് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് എന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഈ കാലഘട്ടത്തിലാണ് അറബികൾക്ക്, മലബാറുമായുണ്ടായ വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നത്. അറബി മുസ്‌ലിംകളും മലബാറിലെ മുസ്‌ലിംകളും തമ്മിലുള്ള കച്ചവടത്തിലേക്ക്, അറബ് മലബാർ ബന്ധം കടക്കുന്നത് ഇതോടെയാണ്. ചേര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം അറേബ്യൻ തുറമുഖ തീരത്ത് രൂപംകൊണ്ട് നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയ സ്വഭാവം ഈ കച്ചവടത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ടാകണം. അതോടൊപ്പം വിശ്വാസി സമുഹം എന്ന നിലയിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഈ പ്രദേശങ്ങളിൽ കിട്ടിയ സ്വീകാര്യതയും വളർച്ചയും എല്ലാം ചേർന്ന സാമൂഹിക രാഷ്ട്രീയ വാണിജ്യ സാഹചര്യങ്ങളായിരിക്കണം ഒരൊറ്റപ്പേരിൽ ഈ പ്രദേശങ്ങളെ മുഴുവൻ വിളിക്കാനും പരിചയപ്പെടുത്താനും അറബികളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അൽ ഇദ്രീസിന്റെ കിതാബ് രുജറിലാണ് ആദ്യമായി മലബാർ എന്ന പദം രേഖപ്പെടുത്തപ്പെട്ടത് എന്ന് ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. അറേബ്യൻ തീരത്തുള്ള മലബാർ എന്ന് വിളിക്കപ്പെടുന്ന ഈ വലിയ പ്രദേശത്തിന്റെ പിന്നീടുള്ള രൂപാന്തരണത്തിനു അസ്ഥിവാരമിട്ട പല സംഭവങ്ങളും നടക്കുന്നതും ഏതാണ്ട് ഈ കാലത്താണ്. ഇസ്ലാമിന്റെ വ്യാപനവും അറബികളുമായുള്ള കച്ചവടത്തിൽ മുസ്‌ലിംകൾ വഹിച്ച നേതൃപരമായ പങ്കുമാണ് അതിൽ പ്രധാനം. പക്ഷേ അക്കാലത്തെ വ്യാപാര ബന്ധങ്ങൾ അറബി മലയാളം പോലുള്ള ഒരു ഭാഷാരൂപത്തിന്റെ വികാസത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചിരുന്നോ?. അക്കാലത്ത് മലബാർ കേന്ദ്രമായി നടന്ന കച്ചവടങ്ങളുടെ അളവിനെയും അതിൽ ഭാഗഭാക്കായ, ആകാൻ കഴിയുന്ന ആളുകളുടെ എണ്ണത്തെയും കൂടി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ചോദ്യമാണിത്.
പല സാമ്പത്തിക ചരിത്രകാരന്മാരും ചൂണ്ടി ക്കാട്ടിയത് പോലെ, മലബാറിനെക്കാൾ കുരുമുളക് ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടായിരുന്നു. കുരുമുളക് കൂടാതെ ഇഞ്ചിയാണ് മലബാർ തീരത്ത് നിന്നും കയറ്റുമതി ചെയ്ത മറ്റൊരു വിഭവം. മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ അധികവും തന്നെ സിലോണിൽ നിന്നോ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്ത് നിന്നോ ആണ് ലഭിച്ചിരുന്നത്. ഇന്നു പോലും ആഗോള കുരുമുളക് വ്യാപാരത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്ന് നടക്കുന്നത്. മലബാറിൽ നിന്നുള്ള കുരുമുളക് കച്ചവടം അളവിലും അതിൽ പങ്കാളികളായ ആളുകളുടെ എണ്ണവും വെച്ചു നോക്കുമ്പോൾ അത്രയൊന്നും വലുതായിരുന്നില്ല എന്നാണു ഈ സാമ്പത്തിക ചരിത്രകാരന്മാർ അടിവരയിടുന്നത്. അതിനു പുറമേ വിദേശികളുമായി നടന്ന ഇത്തരം കച്ചവട ഇടപാടുകളിൽ ഇവിടുത്ത ജനങ്ങളുമായുള്ള നേരിട്ടുള്ള ഇടപാടുകൾ കുറവായിരുന്നു താനും. കച്ചവടത്തെ ത്വരിതപ്പെടുത്തുന്നതിനു വേണ്ടി സാമൂതിരി രാജാക്കന്മാർ തങ്ങളുടെ കൊട്ടാരങ്ങളിൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ആളുകളെ നിയമിച്ചിരുന്നതായി പറയുന്നുണ്ട്. 1498ൽ വാസ്കോഡ ഗാമ കപ്പലിറങ്ങുമ്പോൾ മലബാറിൽ ഏറ്റവും കുറഞ്ഞത് അഞ്ചു ഭാഷകളെങ്കിലും സംസാരിക്കുന്നവർ ഉണ്ടായിരുന്നതായും, ഗാമയെ സാമൂതിരിക്ക് വേണ്ടി വിവർത്തനം ചെയ്തത് അറബിയും പോർച്ചുഗീസ് ഭാഷയും അറിയാവുന്ന, ഒരു പക്ഷേ ഭാഷാ വിദഗ്ധരായി സാമൂതിരി നിയമിച്ച ആളുകളായിരുന്നുവെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം ആളുകളും മധ്യവർത്തികളും മാത്രം നേരിട്ട് പങ്കാളികളികളായി ഉണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ അറബിമലയാളത്തെ ഒരാവശ്യ ഘടകമാക്കി മാറ്റി എന്ന് വിശ്വസിക്കുക പ്രയാസമാണ്. മാത്രവുമല്ല, അങ്ങനെയുള്ള വാദങ്ങളെ പരിഗണിക്കുമ്പോൾ അറബ് ലോകവുമായുള്ള വ്യാപാര ബന്ധം അറബി ഭാഷയെ പോലും വ്യാപകമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.
അറബി ഭാഷ മലബാർ തീരത്ത് ഒരു വ്യവഹാര ഭാഷ എന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കുന്നതും ആ ഭാഷയിൽ വ്യാപകമായ രചനകൾ ഉണ്ടാകുന്നതും പതിനാറാം നൂറ്റാണ്ടിൽ മഖ്ദൂമുമാരുടെ നേതൃത്വത്തിലാണ്. ഒട്ടുമിക്ക മലബാർ പഠനങ്ങളുടെയും ഒരു പൊതു ശൈലിയെ കുറിച്ചു കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. പോർച്ചുഗീസുകാർക്ക് മുമ്പ് മലബാർ തീരത്തേക്ക് വന്ന ഏക വിദേശ കച്ചവട സംഘം അറബികളുടേതാണ് എന്നും അറബികൾ വന്നത് മലബാർ തീരത്തേക്ക് മാത്രമാണെന്നുമുള്ള ചില ധാരണകളും സമീപനങ്ങളുമാണ് ഒട്ടുമിക്ക പഠനങ്ങളും മുന്നോട്ടു വെക്കുന്നത്. അറബികൾ കച്ചവടത്തിന് വേണ്ടി ഇടപെട്ട ഒട്ടനവധി സ്ഥലങ്ങളിൽ ഒന്നായിരുന്നു മലബാർ എന്നത് പോലെ, മലബാർ തീരത്ത് കച്ച വടാവശ്യാർത്ഥം വന്ന ഒട്ടനവധിയാളുകളുടെ കൂട്ടത്തിൽ ഒന്ന് മാത്രമായിരുന്നു അറബികൾ. അപ്പോൾ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ അറബികൾക്കു ഒരു ഭാഷ മാത്രം മതിയാവില്ലെന്നത് പോലെ, പുറം ലോകത്തെ കച്ചവടക്കാരോട് ഇടപെടാൻ മലബാറുകാർക്കും ഒരു ഭാഷയോ ആ ഭാഷയുടെ വകഭേദങ്ങളോ മാത്രം മതിയാവില്ലല്ലോ? എന്നിട്ടും നാം അറബിയുമായി ചേർത്തു പറയുന്ന അറബി മലയാളം അല്ലാത്ത മറ്റു വിദേശ ഭാഷകളുടെ വ്യത്യസ്ത രൂപങ്ങളെക്കുറിച്ചൊന്നും മലബാർ ചരിത്രത്തിൽ കേൾക്കാത്തത് എന്തുകൊണ്ടാണ്?
പത്താം നൂറ്റാണ്ടിൽ ജീവിച്ച അറബ് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായ അബുൽ ഹസൻ അലി ഇബ്നു ഹുസൈൺ അലി അൽ മദിയെ ഉദ്ധരിച്ചു കൊണ്ട് അമിതാവ് ഘോഷ് പറയുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് എന്ന് തോന്നുന്നു: മലബാർ തീരത്ത് അക്കാലത്ത് നിലവിലുണ്ടായിരുന്ന ലരിയ്യ എന്ന ഭാഷയെ കുറിച്ച് അൽ മസ്ഊദി സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊരു പേര് ദ്യോതിപ്പിക്കുന്ന ഒരു ഭാഷയും നിലവിലില്ലാത്തതിനാൽ, കച്ചവടത്തിന് വേണ്ടി വന്നവർ പല സമൂഹങ്ങളിലും ഉണ്ടാക്കാറുള്ളത് പോലെയുള്ള, കച്ചവടത്തിൽ ഏർപ്പെടുന്നവർക്കിടയിൽ മാത്രം പ്രചാരത്തിലുള്ള താത്കാലികമായ രഹസ്യ ഭാഷയാവാം (trading argot) ഇതെന്നാണ് അമിതാവ് ഘോഷ് പറയുന്നത്. മെഡിറ്റ്റേനിയൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടത്തിൽ ഏർപ്പെട്ട അറബികൾ പലയിടങ്ങളിലും കച്ചവടാവശ്യാർഥം രണ്ടു നാട്ടുകാരുടെതുമല്ലാത്ത പുതിയ ഭാഷ വികസിപ്പിക്കുകയും (an elaborated pidgin language) ആ ഭാഷ ഉപയോഗിച്ചു കച്ചവടം നടത്തുകയുമാണ് ഉണ്ടായതെന്നും ഘോഷ് നിരീക്ഷിക്കുന്നു.
എന്തായിരിക്കും അറബി ഭാഷയെയും, അതിനെ തുടർന്ന് അറബി മലയാളത്തെയും മലബാർ തീരത്ത് വ്യാപകമാക്കിയ സാമൂഹിക ഘടകങ്ങൾ?. അറബി ഭാഷയ്ക്ക് മുസ്‌ലിം ലോകം പൊതുവിൽ നൽകുന്ന വൈകാരികമായ പ്രത്യേക പരിഗണന ഇങ്ങനെയുള്ള പുതിയ ഭാഷാ സ്വരൂപങ്ങൾ വികസിച്ചുണ്ടാകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടാവാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുർആൻ അവതരിച്ചിരിക്കുന്നത് ആ ഭാഷയിലാണ്. സർവോപരി സ്വർഗത്തിലെ ഭാഷ ഖുർആൻ ആണ് എന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. അങ്ങനെയുള്ള പ്രത്യേക പദവികളും പരിഗണനകളും ഉള്ള ഒരു ഭാഷയെ മുസ്‌ലിംകൾ തങ്ങളാൽ കഴിയും വിധത്തിലെല്ലാം ആ വിഷ്കരിക്കുക സ്വാഭാവികമാണ്. പക്ഷേ, ഇതൊരു വിശ്വാസപരമായ കുറേക്കൂടി താത്വികമായ കാരണമായി മാത്രമാവും പ്രവർത്തിച്ചിട്ടുണ്ടാവുക. അതിനപ്പുറം ഒരു ഭാഷയ്ക്ക് നിലനിൽക്കാൻ പ്രായോഗികമായ, ദൈനംദിന ജീവിതത്തിൽ നിന്നും രൂപപ്പെട്ടുവരുന്ന കാരണങ്ങൾ കൂടി ഉണ്ടാവണം. വിശ്വാസവും അനുഷ്ടാനവും ആയി ബന്ധപ്പെട്ടുകിടക്കുന്ന അത്തരമൊരു കാരണത്തിലേക്കാണ് മേൽ സൂചിപ്പിച്ച ഇബ്നു ഹജറിനോടുള്ള ചോദ്യം വിരൽ ചൂണ്ടുന്നത്. അതായത്, ചില മലബാർ ഗവേഷകരെങ്കിലും കരുതുന്നത് പോലെ, മലബാർ തീരത്തേക്കുള്ള ഇസ്‌ലാമിന്റെ വരവിനും അപ്പുറത്തേക്ക് നീളുന്ന വളരെ ദീർഘമായ ഒരു ചരിത്രമൊന്നും അറബി മലയാളത്തിന് ഇല്ലെന്നു കരുതുന്നതാവും സാമൂഹിക യാഥാർത്ഥ്യങ്ങളോട് കുറേക്കൂടി അടുത്തു നിൽക്കുന്ന വാദം.
അറബി ഭാഷയിലെ എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ല മലയാള ഭാഷ. ഇസ്‌ലാമുമായി ബന്ധപ്പെട്ട പല സാങ്കേതിക പദാവലികളും പേരുകളും കൂടുതൽ നന്നായി ഉച്ചരിക്കാനും എഴുതാനും കഴിയുന്നത് അറബിയിലാണ്. അതിനു പുറമേ, മതപരമായി പ്രാധാന്യമുള്ള പല പദാവലികളും അനറബി ഭാഷയിലേക്ക് തർജമ ചെയ്യുന്നതിൽ മുസ്‌ലിംകൾക്ക് താല്പര്യക്കുറവുണ്ടായിരുന്നു താനും. ഖുർആൻ അറബിയിലല്ലാത്ത ലിപിയിൽ എഴുതുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധവുമാണ്. ഇക്കാര്യവും സൈനുദ്ദീൻ മഖ്ദൂം ഫത്ഹുൽ മുഈനിൽ (1575) ഊന്നിപ്പറയുന്നുണ്ട്. അതേ സമയം മുസ്‌ലിംകൾക്ക് അവരുടെ ദിനേനയുള്ള നടപടിക്രമങ്ങളിൽ അറബി ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഷയാണ് താനും. ഇങ്ങനെ അറബി-മലയാള ഭാഷകൾക്കിടയിൽ കുരുങ്ങിക്കിടന്ന മുസ്‌ലിംകളുടെ വിശ്വാസ പരമായ ജീവിത പരിസരങ്ങളാവണം മറ്റു പോംവഴികൾ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്ക് പശ്ചാത്തലമൊരുക്കിയതും മേൽ സൂചിപ്പിച്ചത് പോലെയുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള ഒരു വഴി എന്ന നിലയിൽ നാട്ടു ഭാഷ അറബി ലിപി ഉപയോഗിച്ചു എഴുതുന്ന രീതി, മറ്റു പലയിടങ്ങളിലും പോലെ മലബാർ തീരത്തെ മുസ്‌ലിംകൾക്കിടയിൽ വ്യാപകമായതും. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇബ്നു ഹജറിനോട് അങ്ങനെയൊരു ചോദ്യം ഉന്നയിക്കപ്പെട്ടു എന്നതിന്റെ ഒരർത്ഥം സമാനമായ ഭാഷാ പ്രതിസന്ധി അതിനു മുൻപ് ഇവിടെ ഉണ്ടായിട്ടില്ല എന്നു കൂടിയാണ്. ആ അർഥത്തിൽ അറബി പഠിക്കാത്തതിലുള്ള പ്രായോഗികമായ ബുദ്ധിമുട്ട് ഒരു മലബാറി മുസ്‌ലിം നേരിട്ടനുഭവിച്ച, രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സന്ദർഭമാണ് മേൽ സംഭവം എന്ന് കരുതേണ്ടി വരും. അങ്ങനെ വരുമ്പോൾ അറബിയെക്കൂടി ഉൾക്കൊള്ളാൻ പറ്റും വിധം പ്രാദേശിക ഭാഷയെ മാറ്റിയും തിരുത്തിയും എഴുതാനുള്ള ഒരു ശ്രമമായിരുന്നു അറബിമലയാളം എന്നും അത് കച്ചവടവുമായല്ല മറിച്ച് മുസ്‌ലിംകളുടെ വിശ്വാസപരമായ ദൈനം ദിന ജീവിതവുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നതെന്നും, അതിന്റെ ചരിത്രം ബന്ധപ്പെട്ടുകിടക്കുന്നത് പതിനഞ്ച് പതിനാറു നൂറ്റാണ്ടുകളിലെ മുസ്ലിം ജീവിതത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളോടാണ് എന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും.
പക്ഷേ, ഇങ്ങനെ അറബിമലയാളത്തിലേക്ക് എത്തിച്ചേരാനുള്ള ഊർജം മലബാറിലെ മുസ്‌ലിംകൾ കണ്ടെത്തുന്നത് എവിടെ നിന്നാണ്?. കെ കെ മുഹമ്മദ് അബ്ദുൽ കരീമിനെ പോലുള്ളവർ പറയുന്നത് അറബിമലയാളത്തിന്റെ ചരിത്രം ആരംഭിക്കുന്നത് മലബാറിൽ നിന്ന് തന്നെയാണ് എന്നാണ്. മലബാറിലെ മുസ്‌ലിംകൾക്ക് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മറ്റാരെങ്കിലും നേതൃത്വം നൽകി എന്ന് കരുതാനേ പറ്റില്ലെന്നാണ് ഇവർ പറയുന്നത്. ഒരു ഭാഷ എന്ന നിലയിൽ പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളിൽ മലയാളം വികസിച്ചിട്ടില്ല. മലയാളത്തിന് ഏകീകൃതമായ ഒരു ലിപി ഉണ്ടാകുന്നതാകട്ടെ പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. പകരം ചെന്തമിഴും മണിപ്രവാളവുമായിരുന്നു ഈ പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മേൽ സൂചിപ്പിച്ചതു പോലെ ഗ്രന്ഥ രചനക്കും മറ്റും വേണ്ടി അറബി മലബാറിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതാകട്ടെ മഖ്ദൂമുകളുടെ വരവോടെയും. മഖ്ദൂമുകൾ കേരളത്തിലേക്ക് എത്തുന്നതാകട്ടെ തമിഴ്നാട്ടിലെ മഅ്ബറിൽ കോറമണ്ഡലിൽ നിന്നും. മഖ്ദൂമിന്റെ പേര് തന്നെ ശയ്ഖ് സൈനുദ്ദീൻ മഖ്ദൂം മഅ്ബരി എന്നാണ്. മഖ്ദൂമുമാർ മലബാറിൽ എത്തുന്നതിനും മുമ്പേ, 1340ൽ മലബാറിലുണ്ടായിരുന്ന മത പണ്ഡിതന്മാരെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ഇബ്നു ബത്തൂത്ത എണ്ണിയ മംഗളൂരിലെ ഖാളിയായ ബദ്റുദ്ദീനും മഅ്ബറിൽ നിന്ന് എത്തിയ ആളായിരുന്നു. ഇബ്നു ബത്തൂത്ത പരിചയപ്പെടുത്തുന്ന പതിനാറോളം പള്ളികളിലെയും അവിടങ്ങളിലെ മത വിഷയങ്ങളിൽ പ്രാവീണ്യമുള്ള, ഖാളിയായും, പ്രബോധകരായും നിയമിക്കപ്പെട്ട പണ്ഡിതന്മാരുടെ കൂട്ടത്തിൽ ബദ്റുദ്ദീൻ ഒഴികെ ബാക്കിയുള്ള മുഴുവൻ പേരും ഇറാഖ്, പേർഷ്യ, ഒമാൻ, സോമാലിയ തുടങ്ങിയ ദേശക്കാരായിരുന്നുവത്രെ . അതിലെ ഒരേയൊരു അപവാദമാണ് തമിഴ്നാട്ടിലെ കോറമണ്ഡൽ തീരത്ത് നിന്നെത്തിയ ബദ്റുദ്ദീൻ.
ബദ്റുദ്ദീൻ വിദേശിയായിരുന്നില്ല എന്ന് കരുതാൻ ന്യായമൊന്നുമില്ലെങ്കിലും അദ്ദേഹം മലബാറിൽ എത്തുന്നതിനും മുമ്പേ മഅ്ബറിൽ വന്നു താമസിച്ച ആളായിരുന്നു. ഖാളിയായി നിയമിക്കപ്പെടാൻ മാത്രം അറിവും പരിചയവുമുള്ള ഒരാൾ അക്കാലത്ത് തന്നെ കോറമണ്ഡലിൽ ഉണ്ടായിരുന്നു എന്നതിന്റെ അർത്ഥം മലബാറിനേക്കാൾ കുറേക്കൂടി പിറകോട്ടു പോകുന്ന, ഇസ്ലാമിക ലോകവുമായുള്ള കുറേക്കൂടി സമ്പന്നമായ, അറബി ഭാഷയുമായുള്ള ബന്ധം കോറമണ്ഡലിനു ഉണ്ടായിരുന്നുവെന്നാണ്. പലരും കരുതിയത് പോലെ കോറമണ്ഡലുമായുള്ള മലബാറിന്റെ ബന്ധം അത്രയൊന്നും ചെറുതായിക്കാണാവുന്നതല്ല. അക്കണക്കിന് മലബാറിലേക്ക് ഇസ്ലാം വന്നത് തന്നെ കോറമണ്ഡൽ വഴി ആകാനുള്ള സാധ്യതയും വിരളമല്ല. മലബാർ മുസ്‌ലിംകൾക്കിടയിലെ ആചാരങ്ങളിൽ പലതും കോറമണ്ഡലിൽ നിന്ന് കടം കൊണ്ടതാണെന്ന് ചിലരുടെ നിരീക്ഷണം ഈ വാദത്തിനു കൂടുതൽ ബലം നൽകുന്നുണ്ട്. ഈ വാദങ്ങളെ പരിഗണിക്കുകയാണെങ്കിൽ മലബാറിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തെക്കുറിച്ചു ആഴത്തിലുള്ള പഠനം നടത്തേണ്ടിതായി വരും. മലബാറിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം സംബന്ധിച്ച് നിലവിൽ പ്രചാരത്തിലുള്ള വിശ്വാസങ്ങളെ കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ തന്നെ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിനെ പോലുള്ളവർ സംശയം പ്രകടിപ്പിക്കുന്നുണ്ടല്ലോ?. ഇത്തരം വിശ്വാസങ്ങളിൽ വളരെ കുറച്ചു മാത്രം സത്യമേ ഉള്ളൂ എന്നാണു മഖ്ദൂം തുഹ്ഫതുൽ മുജാഹിദീനിൽ പറയുന്നത്. ചേരമാൻ പെരുമാളിലൂടെയുള്ള ഇസ്‌ലാമിന്റെ ആഗമനത്തിന്റെ കഥയുടെയോ എഴുതപ്പെട്ട ചരിത്ര സംഭവങ്ങളുടെയോ കാലഗണന നബി (സ്വ)യുടെ കാലത്തെ സംഭവ വികാസങ്ങളുമായി ഒത്തു പോകുന്നതല്ലെന്നും നിരീക്ഷിക്കുന്ന വേറെയും ചരിത്രകാരന്മാരുണ്ട്. നബി (സ്വ) യുടെ കാലത്ത് തന്നെ ഇസ്‌ലാം മലബാറിലെത്തി എന്ന് കരുതുന്നതിലൂടെയും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് ചേരമാൻ പെരുമാൾ എന്ന ഒരു ഹിന്ദു രാജാവാണ് എന്ന് പ്രചരിപ്പിക്കുന്നതിലൂടെയും ഔന്നത്യവും ആധികാരികതയും ആർജിച്ചെടുക്കാനാകുമെന്ന ധാരണയായിരിക്കാം ചരിത്രകാരന്മാരെ ഇത്തരമൊരു ധാരണയിലേക്കും രചനയിലേക്കും എത്തിച്ച ഘടകം എന്നാണ് ഈ വാദമുയർത്തുന്ന ചരിത്രകാരന്മാർ പറയുന്നത്. ‘കേരള മുസ്‌ലിംകൾക്ക് തമിഴ് നാട്ടുകാർ നേതൃത്വം നല്കി എന്ന് വിശ്വസിക്കാൻ ന്യായമില്ല’ എന്ന് ഒറ്റയടിക്ക് പറയുമ്പോഴും മലബാറിനെ കുറിച്ചുള്ള അമിതമായ പെരുക്കിപ്പറയലാണ് അതിലൊക്കെ നിഴലിക്കുന്നത്. ഇത്തരം ഒഴുക്കൻ വിവരണങ്ങൾ നടത്താൻ ചരിത്രകാരന്മാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ചരിത്രത്തെ പരസ്പരം ബന്ധിപ്പിച്ചു കാണാനുള്ള സന്നദ്ധത ഇല്ലായ്മയാണ്. കടലോരങ്ങളിലൂടെയുള്ള മുസ്‌ലിംകളുടെ പുറം ലോകവുമായുള്ള ബന്ധങ്ങളെ കുറിച്ചു പഠിക്കുന്നവർ പോലും, ഉൾനാടുമായുള്ള മുസ്‌ലിംകളുടെ ബന്ധവും, ഉൾനാട്ടിലെ മുസ്‌ലിംകൾ തമ്മിലുള പരസ്പരം ഉണ്ടായിരുന്ന ബന്ധവും പഠിക്കാൻ വേണ്ടത്ര താല്പര്യം കാണിക്കാത്തത് ഖേദകരം തന്നെ.സഞ്ജയ് സുബ്രഹ്മണ്യത്തെ പോലുള്ള ചരിത്രകാരന്മാർ പറയുന്ന “പല ഘടകങ്ങൾ ഉൾചേർന്ന ബന്ധങ്ങൾ’ എന്ന പരികൽപന മലബാറിലേതു പോലുള്ള മുസ്‌ലിം സമൂഹങ്ങളുടെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്.
ആരാണ് ഈ ഭാഷാ രൂപത്തെ അറബിമലയാളം എന്ന പേര് വിളിച്ചത്?. ഇതല്ലാത്ത മറ്റു പേരുകൾ അറബിമലയാളം എന്ന് ഇന്ന് നാം വിളിക്കുന്ന ഈ ഭാഷാ രൂപത്തിനു ഉണ്ടായിരുന്നോ?. ഈ ചോദ്യങ്ങളെ അറബി മലയാളത്തെക്കുറിച്ചു പഠനം നടത്തിയ ചരിത്രകാരന്മാർ മുഖവിലക്കെടുത്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. പകരം, ഇതിന്റെ പേര് അദ്യം മുതലേ ഇങ്ങിനെത്തന്നെ ആയിരുന്നുവെന്ന മട്ടിലാണ് പല ഗവേഷണങ്ങളും. അറബി, മലയാളം എന്നീ രണ്ടു ഭാഷകളുടെ ചരിത്രത്തെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഈ വക അന്വേഷണങ്ങൾ മുന്നോട്ടു വരാത്തത്. അറബി മലബാർ തീരത്ത് വന്നപ്പോഴേ ഇവിടെ നിലവിൽ ഉണ്ടായിരുന്ന ഭാഷയാണ് മലയാളം എന്ന തെറ്റായ ഊഹത്തിൽ നിന്നാണ് ഇത് വികസിക്കുന്നത്. ചരിത്രപരമായ ഇത്തരം തെറ്റുകൾക്ക് പുറമേ, ഈ പേര് വിളി ഈ ഭാഷാ രൂപത്തിൽ എഴുതപ്പെട്ട രചനകളെയും ഈ ഭാഷാ രൂപത്തെ തന്നെയും അരികുവല്കരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊട്ടയൽപക്കത്തെ തമിഴ്നാട്ടിലെ ‘അറബിത്ത മിഴി’ന്റെ കാര്യമെടുത്താൽ തമിഴ് ഭാഷയെ അറബി ലിപിയിൽ എഴുതുന്നതിനെ അവിടുത്തുകാർ അർവി എന്നാണു വിളിച്ചുപോന്നിരുന്നത്. ഇത് ആ ഭാഷാ രൂപത്തിനും അതിലൂടെ ഉണ്ടായ എഴുത്തുകുത്തുകൾക്കും സ്വന്തമായ ഒരു തനിമ നൽകുന്നുണ്ട്. ഇവിടെയാകട്ടെ, മലയാളത്തിന്റെ ഏതോ ഒരു ഉപവിഭാഗം എന്ന നിലയിൽ അറബിമലയാളത്തിൽ എഴുതപ്പെട്ട രചനകൾ ന്യൂനീകരിക്കപ്പെടാൻ ഈ പേരിടൽ കാരണമായിത്തീരുകയാണ് ഉണ്ടായത്. മലയാളത്തിന്റെ തണലിൽ ഉണ്ടായ ഒരു ഭാഷാ രൂപം എന്ന പ്രതീതിയാണ് ഇതിലൂടെഅറബിമലയാളത്തിനു ലഭിച്ചത്. അറബി മലയാളത്തിൽ ഇന്ന് ലഭ്യമായ ഏറ്റവും പഴക്കം ചെന്ന രചന പിറവിയെടുക്കുമ്പോൾ പോലും മലയാളത്തിനു ഏകീകൃതമായ ഒരു രൂപം ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോൾ അത്, മലയാളത്തേക്കാൾ ഒരു പക്ഷേ തമിഴിൽ നിന്നാവും ഇന്ന് കാണുന്ന അറബിമലയാളം ഉത്ഭവിക്കാൻ സാധ്യത എന്ന വാദത്തിനു ബലം നല്കുന്നുണ്ട്. അതോടൊപ്പം, അറബിമലയാളം എന്ന ഈ പേരിടലിലൂടെ ഈ ഭാഷാ രൂപത്തിന് നഷ്ടപ്പെട്ട ചരിത്ര പാരമ്പര്യത്തിന്റെ ആഴത്തെ കുറിച്ചു കൂടിയാണ് സൂചിപ്പിക്കുന്നത്.
ഇപ്പോൾ വ്യാപകമായ മലയാള ലിപിക്ക് മുമ്പ് മലയാളം എഴുതാൻ ഉപയോഗിച്ചു പോന്ന വട്ടെഴുത്തും കോലെഴുത്തും ലിപികൾ മുസ്‌ലിംകളെ പഠിപ്പിക്കാൻ വേണ്ടി അറബി മലയാളത്തിൽ എഴുതപ്പെട്ട പുസ്തകങ്ങളിൽ ചിലത് തങ്ങൾ കണ്ടതായി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന പുസ്തക ത്തിൽ അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്ര തീരത്തിന്റെയും അവിടങ്ങളിലെ വിവിധ സമൂഹങ്ങളുമായി വിവിധ കാലങ്ങളിൽ ഇടപാടുകൾ നടത്തിയ പുറം നാട്ടുകാരുടെയും വിശാലമായ സാമൂഹിക അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മലബാറിനെ പഠി ക്കുന്നതിലും മലബാർ ചരിത്രത്തിന്റെ സമഗ്രതയിൽ നിന്ന് അറബിമലയാളത്തെ മനസ്സിലാക്കുന്നതിലും മലബാർ മാപ്പിള ചരിത്രകാരന്മാർക്ക് സംഭവിച്ച പിഴവുകളാണ് അറബി മലയാളത്തിന്റെ (മലബാറിന്റെയും) ഒറ്റപ്പെട്ടു നില്ക്കുന്നതും ഏക ശിലാത്മകവും എകമാനം മാത്രമുള്ളതുമായ ചരിത്രമെഴുതുന്നതിലേക്ക് അവരെ നയിച്ചത്. ഇങ്ങനെ അറബി മലയാളത്തിന്റെ ചിരിത്രം കണ്ടെടുക്കാൻ വേണ്ടി ചിലർ നടത്തിയ ശ്രമങ്ങളുടെ മറ്റൊരു വകഭേതമോ, തുടർച്ചയോ തന്നെയാണ് മറ്റൊരർഥത്തിൽ അറബി മലയാളത്തെ അന്ധവിശ്വാസത്തിന്റെ ഭാഷാ രൂപമായി വക്രീകരിക്കാനും ന്യൂനീകരിക്കാനും ചില ചരിത്രകാരന്മാർ നടത്തിയ ശ്രമങ്ങളും. ആദ്യത്തെ വിഭാഗം അറബി മലയാളത്തിന്റെ വേര് ചരിത്രത്തിൽ പരമാവധി താഴെ കുഴിച്ചിടാൻ ശ്രമിക്കുമ്പോൾ രണ്ടാമത്തെ വിഭാഗം അതിനെ ചരിത്രത്തിൽ നിന്നും പിഴുതുമാറ്റാൻ ശ്രമിക്കുന്നു. രണ്ടുകൂട്ടരുടെയും ജോലി പരസ്പര പൂരകമാണ്. ഇത്തരക്കാരിൽ നിന്ന് അറബി മലയാളത്തിന്റെ ഭൂതകാലത്തെയും ഭാവിയെയും രക്ഷിച്ചെടുക്കുക എന്നതാണ് മലബാർ ചരിത്രത്തെ ഗൗരവത്തോടെ സമീപിക്കുന്നവർക്ക് ചെയ്യാനുള്ളത്. ഏതൊരു ദേശത്തേയും സമൂഹത്തെയും ഭാഷയെയും ഭാഷാ രൂപങ്ങളേയും പോലെ മലബാറിനും മാപ്പിളമാർക്കും അറബി മലയാളത്തിനും ഒരേ സമയം തിരശ്ചീനവും ലംബമാനവുമായ ജീവിതമുണ്ട്. പലരും കരുതുന്നതുപോലെ ചരിത്രത്തിൽ മലബാർ ഒരപവാദം അല്ല.
Featured Image: അൽ ഇദ്‌രീസിയുടെ വേള്‍ഡ് മാപ്പ്
[Published before by രിസാല ആഗസ്റ്റ് 27, സെപ്റ്റംബർ 10, 2014]
Comments are closed.