പ്രവാചകന് ശേഷം നിയമങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം, പുതിയ സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളിൽ   മുസ്‌ലിം സമുദായത്തിനകത്ത് ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടിരുന്നു. മുസ്‌ലിം സാമുദായിക വികസന ചരിത്രത്തിൽ രൂപപ്പെട്ട ശീഇസം, ഖവാരിജിയ്യ തുടങ്ങിയ വിഭജനങ്ങൾക്ക് പിന്നിൽ നിയമ വ്യാഖ്യാനവുമായി ബന്ധപെട്ട അതോറിറ്റി ആരായിരിക്കണം എന്ന ചോദ്യത്തിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട് എന്ന് കാണാം. ഭരണകൂടം, ഇമാം തുടങ്ങിയ അതോറിറ്റികളിൽ നിന്ന് മാറി പണ്ഡിതന്മാർക്കിടയിൽ വളർന്നു വന്ന അഭിപ്രായ ഐക്യത്തിലൂടെ രൂപപ്പെട്ട മദ്ഹബുകൾ ആണ് സുന്നികൾ ഖുർആൻ, സുന്നത്ത് തുടങ്ങിയ തെളിവുകളെ വ്യാഖ്യാനിക്കാൻ രൂപപ്പെടുത്തിയ രീതിശാസ്ത്രം. സ്വഹാബികളുടെയും താബിഉകളുടെയും ദേശാന്തര പര്യടനത്തിന്റെ ഫലമായി ചിതറിക്കിടന്ന ഹദീസിന്റെ വ്യത്യസ്ത നിവേദനങ്ങളും, ഘടനകളും, ലക്ഷക്കണക്കിന് വരുന്ന നിവേദനങ്ങളുടെ സ്വീകാര്യതയും അവക്കിടയിൽ മറ്റു തെളിവുകളുമായി നിലനിൽക്കുന്ന പ്രത്യക്ഷ വൈരുദ്ധ്യങ്ങളും എങ്ങനെ നിർദ്ധാരണം ചെയ്യാം എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നതിനായി പണ്ഡിതന്മാർ രൂപപ്പെടുത്തിയ സമഗ്രമായ ഗവേഷണ രീതിശാസ്ത്രമാണ് മദ്ഹബുകൾ.

ഹദീസുകളിലെ പ്രത്യക്ഷ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ ആദ്യ കാല പണ്ഡിതന്മാർ പ്രകടിപ്പിച്ച അനിതര സാധാരണമായ ധൈഷണിക പ്രാപ്തിയും ഓർമശക്തിയും ഏറെ വിസ്മയാവഹമായിരുന്നു. ഇസ്‌ലാമിന്റെ മൗലിക ആശയ പരിസരത്തെ സാധൂകരിക്കുന്നതിനു വേണ്ടിയാണ് ഉസൂലുൽ ഫിഖ്ഹ് ( നിദാന ശാസ്ത്രം) എന്ന വൈജ്ഞാനിക ശാഖ പണ്ഡിതർ വികസിപ്പിച്ചെടുത്തത്. തെളിവുകളിൽ പ്രകടമാവുന്ന വൈരുദ്ധ്യം (തആറുളുൽ അദില്ലത്ത് ) എന്ന സാങ്കേതിക സംജ്ഞയിലടങ്ങിയ നിയമപരമായ സങ്കീർണതയെക്കുറിച്ച് ബോധാവാനാകാത്ത ഒരു കർമശാസ്ത്ര വിദ്യാർത്ഥിയുമുണ്ടാവില്ല. ഇബ്നു ഖുതൈബയെപ്പോലുള്ള പണ്ഡിതർ ഈ വിഷയത്തിൽ മാത്രം നിരവധി കിതാബുകൾ രചിച്ചിട്ടുമുണ്ട്. വ്യാഖ്യാനത്തിലെ വൈവിധ്യമാണ് ഇത്തരം അവതീർണ വചനങ്ങളുടെ പരസ്പര വ്യത്യാസത്തിന് കാരണമെന്ന് നിദാന ശാസ്ത്ര പണ്ഡിതർ അംഗീകരിക്കുന്നു.

പ്രവാചകരുടെ വഫാതിന് മുമ്പേ സമ്പൂർണ്ണമായി അവതരിപ്പിക്കപ്പെട്ടതാണ് ഇസ്‌ലാമിന്റെ സന്ദേശങ്ങൾ. സ്വാഭാവികമായും പിൽകാല പണ്ഡിതുടെ ദൗത്യം ഇവകളെ വ്യാഖ്യാനിക്കലായിരുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വൈരുദ്ധ്യമുള്ള വചനങ്ങളെ (Text) പരിശോധന വിധേയമാക്കുന്ന പണ്ഡിതൻ പ്രശ്ന നിർദ്ധാരണത്തിനുള്ള രീതിശാസ്‌ത്രം ഉപയോഗിച്ചാണ് തീർപ്പുകൽപിക്കുന്നത്. പണ്ഡിതന്മാർ അനുവർത്തിച്ചു പോരുന്ന നിയമ നിർദ്ധാരണ പ്രാഥമിക തത്വങ്ങൾ ഇപ്രകാരം ചുരുക്കാം:

വ്യത്യസ്ത ഖുർആനിക വചനങ്ങളോ അല്ലെങ്കിൽ ഹദീസ് (പ്രവാചക വചനങ്ങൾ, പ്രവർത്തനങ്ങൾ എന്ന് ചുരുക്കിപ്പറയാം ) വാക്യമോ നേർ വിരുദ്ധമായി കണ്ടാൽ ആദ്യമായി രണ്ടു വാക്യങ്ങളുടെയും ഭാഷാർത്ഥത്തെ വിശകലനം ചെയ്യണം. അറബി ഭാഷ മനസ്സിലാക്കുന്നതിലെ പോരായ്മയിൽ നിന്ന് ഉണ്ടായിത്തീർന്നതാണോ വ്യത്യാസമെന്ന് അറിയുവാനാണ് ഈ സങ്കേതം.

ഈ പറഞ്ഞ രീതി ഫലം കണ്ടില്ല എങ്കിൽ, വചന – നിയമ- ചരിത്രപരമായ അവബോധത്തെ അവലംബിച്ച് രണ്ടിൽ ഏതെങ്കിലുമൊന്ന് തഖ്സീസിന് (സവിശേഷ സാഹചര്യ ബന്ധിതമായ വിധി) വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഒരു ഭാഗത്തെ പൊതു വിധിയിൽ നിന്നുമുള്ള അപവാദത്തെ കണ്ടെത്താൻ മറ്റൊരു വചനത്തിലെ തഖ്സീസ് സഹായിക്കുന്നു. ഇതിനും പുറമെ, റിപ്പോർട്ടുകളുടെ സാധുതയും പരിഗണിക്കേണ്ടതുണ്ട്.

ഇത്തരം വിശകലന ഉപാധികൾ ഉപയോഗിച്ചതിനു ശേഷവും നിവേദനങ്ങൾക്കിടയിൽ വൈജാത്യം നിലനിൽക്കുന്നു എങ്കിൽ ഏതെങ്കിലുമൊന്ന് ദുർബലപ്പെട്ടു (നസ്ഖ് ) പോവാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കണം. പ്രവാചകരുടെ ജീവിത സമയത്തു തന്നെ നസ്ഖിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രബോധനം നടത്തിയപ്പോൾ തിരുനബിയുടെ അധ്യാപനങ്ങളിൽ പ്രബോധനത്തിന്റെ പല വികാസ ഘട്ടങ്ങളിലൂടെ കടന്നുപോയതായി കാണാം. ക്രമേണയുള്ള മദ്യനിരോധനം ഒരു ഉദാഹരണം. ആദ്യകാല ഖുർആനിക സൂക്തങ്ങൾ മദ്യോപയോഗത്തെ നിരുത്സാഹപ്പെടുത്തി. പിന്നീട് കുറ്റകൃത്യമാക്കി ഒടുവിൽ നിരോധിക്കുകയും ചെയ്തു. അടിസ്ഥാന ആദർശത്തോട് യോജിച്ച മറ്റൊരു ഉദാഹരണമാണ് അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം. പൂർവ്വ സമുദായത്തിന്റെ മേൽ ദിവസത്തിൽ രണ്ടു നേരo നിർബന്ധമാക്കിയപ്പോൾ നമുക്കത് മിഅറാജിനെത്തുടർന്ന് അല്ലാഹു അഞ്ചു നേരമാക്കി നിശ്ചയിച്ചു. സമാനമായ അനേകം ചരിത്ര സംഭവങ്ങൾ മുസ്‌ലിം സമൂഹത്തിൽ അരങ്ങേറിയിട്ടുണ്ട്.

നസ്ഖ് രണ്ട് വിധത്തിലുണ്ട് (വിധി ദുർബലപ്പെടൽ); വ്യക്തവും അവ്യക്തവും  (sarih and dimni). മുമ്പത്തെ വിധി പ്രസ്താവ്യം മാറ്റിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ടെക്സ്റ്റുകൾ വ്യക്തമായ നസ്ഖിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന് ഖുർആൻ 2: 142 എടുക്കാം. ജെറുസലേമിലേക്ക് തിരിയുന്നതിനെ വിലക്കി, കഅബയിലേക്ക് തിരിയാൻ ആജ്ഞാപിക്കുന്ന ആയത്താണിത്. ഹദീസ് സാഹിത്യത്തിൽ ഇവ ഇടക്കിടെ ചർച്ചയാവാറുണ്ട്. ഉദാഹരണമെന്നോണം ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസ് നോക്കുക. പ്രവാചകൻ സ്ര) പറയുന്നു: ഖബർ സന്ദർശനം ഞാൻ ഇത്രയും നാൾ വിലക്കിയിരുന്നു, ഇനി നിങ്ങൾ തീർച്ചയായും ഖബർ സന്ദർശനം നടത്തണം”. ഇതിനെ വിവരിച്ചുകൊണ്ട് ഹദീസ് പണ്ഡിതർ വിശദീകരിക്കുന്നതിങ്ങനെ- വിശ്വാസികളുടെ മനസ്സുകൾ  വിഗ്രഹ പൂജയുടെ സ്മരണകൾ ബാക്കിയായ ഇസ്‌ലാമിന്റെ തുടക്കകാലത്ത് ഖബർ സന്ദർശനത്തെ വിലക്കിയിരുന്നു. പുതുതായി വന്ന മുസ്‌ലിംകൾ ഒരു പക്ഷേ ശിർക്ക് ചെയ്യാനിടയാവുമെന്ന ഭീതിയായിരുന്നു വിലക്കിന്റെ കാരണം. പിന്നീട്, മുസ്‌ലിംകളിൽ ഏകദൈവ വിശ്വാസം രൂഢമൂലമായിത്തുടങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ വിലക്ക് നീക്കുക മാത്രമല്ല, മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാരത്രിക ലോകത്തെപ്പറ്റി ചിന്തിക്കുവാനുമുള്ള അവസരമെന്ന നിലയിൽ ഖബർ സന്ദർശനത്തെ സുന്നത്താക്കുകയും ചെയ്തു.

നസ്ഖിന്റെ രണ്ടാമത്തെ ഇനം കൂടുതൽ സൂക്ഷ്മവും പണ്ഡിതരുടെ ബൗദ്ധിക ക്ഷമതയെ അടയാളപ്പെടുത്തുവാൻ ഏറെ സഹായകരമായതുമാണ്. പൂർവ്വ വിധിയെ അസാധുവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്ന ടെക്സ്റ്റുകളാണ് ഇവയുടെ പരിധിയിൽ വരുന്നത്. പക്ഷെ, മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് വ്യക്തമായി പരാമർശിക്കുകയില്ല. ഭർത്താവു മരിച്ച സ്ത്രീയുടെ ഇദ്ദയുമായി ബന്ധപ്പെട്ട് അവതരിച്ച സൂറത്തുൽ ബഖറയിലെ 234, 240 എന്നീ ആയത്തുകളിലെ വ്യത്യസ്തതയുടെ അടിസ്ഥാനത്തിൽ പണ്ഡിതർ ഈ വിഷയത്തെ വിശദമാക്കുന്നത് കാണാം. മാത്രമല്ല, ഹദീസിലും സമാനമായ സങ്കേതങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വേദന കാരണമായി ഇരുന്ന് നിസ്കരിക്കുന്ന പ്രവാചക തിരുമേനി പിറകിലുള്ള സ്വഹാബകളോട് ഇരുന്ന് തന്നെ നിസ്കരിക്കാൻ ഒരു വേള കൽപിക്കുകയുണ്ടായി. ഇമാം മുസ്‌ലിമാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതേ മുസ്‌ലിമിൽ തന്നെ തിരുനബി ഇരുന്ന് നമസ്കരിച്ചപ്പോൾ സ്വഹാബിമാർ നിന്ന് നിസ്കരിച്ചുവെന്ന് വായിക്കാം. ഈ പ്രകട വിരുദ്ധതയെ കാലഗണനാക്രമം (Chronological) എന്ന ടൂൾ അവലംബമാക്കിയാണ് പണ്ഡിതർ പരിഹരിക്കുന്നത്. ഒന്നാമത്തെ സംഭവത്തിനു ശേഷമാണ് രണ്ടാമത്തെ സംഭവമുണ്ടായത്. അതിനാൽ രണ്ടാമത്തേതിന് പ്രാമുഖ്യം നൽകണം. ബദ്ധശ്രദ്ധയോടെ  ഇവ രേഖപ്പെടുത്താൻ ആലിമീങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണ് എന്ന് പറയേണ്ടതുണ്ട്.

ഇത്തരം വൈരുദ്ധ്യങ്ങൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ ഹദീസ് ജ്ഞാന ശാഖയിലെ വ്യുൽപത്തി മാത്രം മതിയാവില്ല. മറിച്ച്, ചരിത്രം, സീറ, പ്രസ്തുത ഹദീസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട സ്വഹാബിമാരുടെ വിഭിന്ന അഭിപ്രായങ്ങൾ തുടങ്ങിയ വൈജ്ഞാനിക മേഖലകൾ കൂടി അറിഞ്ഞിരിക്കണം. ചില സമയത്ത്, ഒരൊറ്റ ഹദീസിന്റെ വിവരം അന്വേഷിച്ച് പണ്ഡിതർ ദീർഘയാത്രകളിലേർപ്പെടുക വരെ ചെയ്തിട്ടുണ്ട്.

നസ്ഖ് പ്രായോഗികമാകാത്ത സന്ദർഭത്തിൽ മറ്റു പല രീതി ശാസ്ത്രങ്ങളും ഉലമകൾ അവലംബിച്ചിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ടതാണ് കൈമാറിപ്പോന്ന വാക്യത്തിന്റെ (മത്ൻ) വിശകലനം. ഇതനുസരിച്ച്, സ്പഷ്ടമായ പ്രസ്താവനകൾക്ക് (സ്വരീഹ്) സൂചനാ വാക്യത്തിനേക്കാളും (കിനായത്) നിർണ്ണിത വചനങ്ങൾക്ക് (മുഹ്കം) വ്യാഖാനിക്കപ്പെടേണ്ടതോ ( മുഫസർ ) ഗോപ്യമോ (ഖഫിയ്യ് ) പ്രശ്നവൽ കൃതമോ (മുശ്കിൽ) ആയ ദ്വയാർത്ഥ പദസമുച്ചയത്തേക്കാളും പ്രാമുഖ്യം നൽകപ്പെടും. കൂടാതെ, വിപരീത ഹദീസിന്റെ  നിവേദകരുടെ സ്ഥാനവും വിലയിരുത്തേണ്ടത് അനിവാര്യമാണ്. നേരിട്ട് ഇടപെട്ട വ്യക്തിയുടെ നിവേദനത്തിനാണ് മുൻഗണന. “ഹജ്ജിന്റെ ഇഹറാം വേളയിലല്ല പ്രവാചകൻ എന്നെ വിവാഹം കഴിച്ചത്” എന്ന മൈമൂന ബീവിയുടെ (റ) നിവേദനം ഉദാഹരണത്തിനെടുക്കാം. ഇതിന്റെ വിപരീതത്തിൽ വന്ന ഇബനു അബ്ബാസ് തങ്ങളുടെ ഹദീസിനേക്കാളും മൈമൂന ബീവിയുടേതിന് മുൻഗണന ലഭിക്കുന്നത് ആ സംഭവത്തിന് മഹതി ദൃക്സാക്ഷിയായി എന്ന കാരണത്തെ മുൻനിറുത്തിയാണ്.

” ആജ്ഞാപനത്തേക്കാളും മുൻഗണന നിരോധനത്തിനാണ് ‘ എന്ന പൊതു നിയമം ഇത് പോലെ പ്രധാനമാണ്. സമാനമായി, ഹദീസുകളിലെ വൈരുദ്ധ്യത്തെ സർവ്വ ഫത്വകളും (മതവിധി) സൂക്ഷമാവലോകനം ചെയ്ത ശേഷം സ്വഹാബിമാരുടെ ഫത്വക്കനുസരിച്ച് പരിഹരിക്കപ്പെടാറുണ്ട്. ഒരു തീർപ്പെന്നോണം അനുരൂപത (ഖിയാസ് ) എന്ന രീതിയും ആശ്രയിക്കാറുണ്ട്. സൂര്യ ഗ്രഹണ നിസ്കാരത്തിലെ സുജൂദിന്റെയും റുകൂഇന്റെയും എണ്ണത്തെക്കുറിച്ച് വന്ന വ്യത്യസ്ത ഹദീസ് നിവേദനങ്ങളെ (രിവായത്) ഖിയാസ് മുഖേനയാണ് സമീപിച്ചത്. അഥവാ, പ്രശ്നത്തിലുള്ള നിസ്കാരം സാധാരണ നിസ്കാരം പോലെ ആയതിനാൽ സാധാരണ ഗതിയിലുള്ള ഒരു റുകൂഉം രണ്ട് സുജൂദും എന്ന ക്രമത്തെ ഇവിടെയും പ്രയോഗിക്കപ്പെടണം. മറ്റു ഹദീസുകളെ മാറ്റി നിറുത്തുകയും ചെയ്യാം.

മദ്ഹബിന്റെ ഇമാമായ ശാഫിഈ (റ) പ്രാഥമികമായി ഇത്തരം വിരുദ്ധ ഹദീസുകളെ യോജിപ്പിക്കുന്നതിനുള്ള രീതിശാസ്ത്രത്തെക്കുറിച്ചാണ് ആലോചിച്ചത്. അക്കാലത്തെ തന്റെ സമകാലികർക്കിടയിൽ രൂക്ഷമായ സംശയവും വിയോജിപ്പും മനസ്സിലാക്കി, കർമശാസ്ത്രത്തിന് സ്ഥിരമായ ഒരു നിർദ്ധാരണ സംഹിത അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇമാം ശാഫിഈ (റ) തന്റെ വിശ്രുത ഗ്രന്ഥമായ ‘രിസാല’ എഴുതുന്നത്. മഹാന്റെ ആശയങ്ങൾ കർമശാസ്ത്ര ധാരയിലെ പണ്ഡിതർക്കിടയിൽ പ്രചുരപ്രചാരണം നേടി. അവ ഇന്നും ശരീഅത്തിന്റെ പ്രായോഗത്തിനുള്ള മാനദണ്ഡമാക്കി പരിഗണിക്കുന്നുമുണ്ട്. ശാഫിഈ ഇമാമിന്റെ ഈ സംവിധാനമാണ് ഉസൂലുൽ ഫിഖ്ഹ് എന്നറിയപ്പെടുന്നത്. പിന്നീട്, സുന്നി ഇസ്‌ലാമിലെ ഓരോ വ്യാഖ്യാന പാരമ്പര്യത്തിന്റെ (Interpretive Tradition) വക്താക്കളും വ്യത്യസ്തമായ നിദാന ശാസ്ത്രം കണ്ടെത്തുകയും തദ്ഫലമായി മതാനുഷ്ഠാനങ്ങളുടെ വിധികൾക്കിടയിൽ വൈജാത്യങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. വാസ്തവത്തിൽ ഇത്തരം വൈജാത്യങ്ങളിലൂടെയാണ് ഇസ്‌ലാമിക സമൂഹത്തിൽ ജ്ഞാന സംവാദങ്ങളും സംവേദനങ്ങളും ഊർജിതമാവുന്നത്.

ഇമാം അബൂഹനീഫ (റ), ഇമാം ശാഫിഈ (റ), മാലിക് ബ്നു അനസ് (റ), ഇമാം ഹമ്പൽ (റ) എന്നീ നാലു ഇമാമുമാരാണ്  വ്യതിരിക്തമായ കർമശാസ്ത്ര പാത രൂപപ്പെടുത്തിയത് എങ്കിലും പിൽകാല പണ്ഡിതരാണ് പൂർണ്ണമായ നിയമ നിർദ്ധാരണ വ്യവസ്ഥയുടെ രൂപത്തിലേക്ക് ഇതിനെ കൊണ്ടുവന്നത്. മറ്റുള്ള സുന്നീ പണ്ഡിതന്മാർ ഈ ഇമാമുമാരുടെ ധൈഷണിക പ്രാവീണ്യത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട വസ്തുത, ഹിജ്റ മൂന്നാം നൂറ്റാണ്ടിനു ശേഷം ഒരു പാരമ്പര്യ പണ്ഡിതനും മേൽ പറഞ്ഞ മദ്ഹബല്ലാത്തതിനെ പിന്തുടർന്നിട്ടില്ല എന്നതാണ്. ഇമാം ബുഖാരിയും മുസ്‌ലിമുമടങ്ങുന്ന പ്രഗൽഭരായ ഹദീസ് പണ്ഡിതരും നാലിലൊരു മദ്ഹബിന്റെ വിശേഷിച്ചും ശാഫിഈ മദ്ഹബിന്റെ അനുധാവകരായിരുന്നു. എന്നിരുന്നാലും, ഓരോ മദ്ഹബിലെയും പണ്ഡിതർ ക്രമാനുഗതമായി മദ്ഹബിന്റെ ശാഖകളെയും മാനദണ്ഡങ്ങളെയും വികസിപ്പിച്ച് മുന്നോട്ട് പോയിട്ടുണ്ട്. ചില അവസരങ്ങളിൽ ചരിത്ര സാഹചര്യങ്ങൾ ഇവയെ നിർബന്ധമാക്കുകയും ചെയ്തു. ഏകദേശം ഹിജ്റ അഞ്ചാം നൂറ്റാണ്ട് വരെ അഥവാ മത നിയമ ക്രോഡീകരണം ഒരു പരിധി വരെ സമഗ്രമാക്കുന്നത് വരെ ഇത്തരം വികാസ പരിണാമ പ്രക്രിയകൾ തുടർന്നു വരികയുണ്ടായി. അന്ന് മുതൽ തന്നെ, മദ്ഹബുകൾക്കിടയിൽ സഹിഷ്ണുത രൂഢമൂലമായിരുന്നു. ശാഫിഈ ഫിഖ്ഹിലെ നാലു കിതാബുകളുടെയും ഉസൂലിലെ മുസ്ത്വസ്ഫയുടെയും രചയിതാവായ ഗസ്സാലി ഇമാം ഈ സഹിഷ്ണുത ബോധത്തെ  പ്രോത്സാപ്പിച്ചിട്ടുണ്ട്. സ്വന്തം താല്പര്യ പ്രകാരം പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിനുള്ള പ്രതിരോധമെന്ന നിലയിൽ ഏതെങ്കിലുമൊരു അംഗീകൃത മദ്ഹബ് സ്വീകരിക്കൽ മുസ്‌ലിമിന് നിർബന്ധമാവുമ്പോഴും അവൻ മദ്ഹബിന്റെ പേരിൽ അധീശത്വ മനോഭാവം വെച്ചു പുലർത്താൻ പാടുള്ളതല്ല. ഓട്ടോമൻ കാലത്തെ അപ്രസക്തമായ ഏതാനും സംഭവങ്ങളൊഴികെ, സുന്നി ഇസ്‌ലാമിലെ പണ്ഡിതരൊക്കൊ ഗസ്സാലി ഇമാമിന്റെ നിർദ്ദേശങ്ങളുൾകൊണ്ട്, പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചിട്ടുണ്ട്.

ഇജ്തിഹാദിന്റെ സാധ്യതകൾ

ഓറിയന്റിലിസ്റ്റുകൾ വാദിക്കുന്നത് പോലെ, മദ്ഹബുകൾ കാലോചിതമായ നിയമ പരിഷ്കരണത്തെയോ വികസനത്തെയോ ‘കൊട്ടിയടച്ചിട്ടില്ല’ . മറിച്ച്, യോഗ്യതയുള്ളവർക്ക് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നിയമം കണ്ടെത്തുവാനുള്ള പ്രക്രിയകൾ മദ്ഹബിനകത്തുണ്ട്. അനുവദനീയത്തിൽ നിന്ന് നിർബന്ധത്തിലേക്കെത്തുന്ന സന്ദർഭം വരെ ഇവിടെ കാണാം. ഭൂരിപക്ഷം പണ്ഡിതരുടെ അഭിപ്രായമനുസരിച്ച്, പ്രമാണങ്ങളിൽ അവഗാഹമുള്ള, പാണ്ഡിത്യ നിബന്ധനയൊത്ത നിപുണന് നിലവിലുള്ള മദ്ഹബിനെ സ്വീകരിക്കൽ അനുവദനീയമല്ല. പകരം, അവൻ സ്വയം  പ്രമാണങ്ങളിൽ നിന്ന് നിയമം കണ്ടെത്തുകയാണ് വേണ്ടത്. ഈ വ്യക്തിയാണ് മുആദ് ഇബ്നു ജബൽ (റ) ന്റെ ഹദീസിൽ പറഞ്ഞ മുജ്തഹിദ് (ഗവേഷകൻ). പ്രമാണങ്ങളിൽ നിന്നും നേരിട്ട് നിയമ നിർദ്ധാരണം നടത്തുവാൻ അപാര വൈഭവം ആവശ്യമാണെന്ന വാദത്തെ പലരും നിഷേധിക്കാറുണ്ട്.’ അറിവ് കുറഞ്ഞ വ്യക്തികളുടെ ദുർവ്യാഖ്യാനങ്ങൾ നിയമങ്ങളെ ദുർബലപ്പെടുത്തിയ ചരിത്ര യാഥാർത്ഥ്യങ്ങളെ ഇവിടെ പരിഗണിക്കേണ്ടതുണ്ട്.

തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്ന് ശരീഅത്തിനെ സംരക്ഷിക്കുവാനായി ഉസൂൽ പണ്ഡിതർ ധാരാളം നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇജ്തിഹാദിനുള്ള യോഗ്യത നേടാൻ ഈ നിബന്ധനകൾ പൂർത്തീകരിച്ച വ്യക്തിയായിരിക്കൽ അനിവാര്യമാണ്.

1. അറബി ഭാഷാ പ്രാവീണ്യം. ഭാഷാ തലത്തിൽ നിന്ന് കൊണ്ട് വെളിപാടിനെ ദുർവ്യാഖ്യാനം ചെയ്യാനുള്ള സാധ്യത കുറക്കുവാനാണിത്.

2. ഖുർആൻ, സുന്നത്ത്, ഓരോ ആയതിന്റെയും ഹദീസിന്റെയും പശ്ചാത്തല വിവരണം, ഇവകളുടെ വ്യാഖ്യാനങ്ങൾ (Commentary ) എന്നിവയിലുള്ള അഗാധ ജ്ഞാനം. തുടക്ക ഭാഗത്ത് പരാമർശിച്ച വ്യാഖ്യാന രീതിശാസ്ത്രത്തിലുള്ള നിയന്ത്രണവും ഇതിന്റെ പരിധിയിൽ വരുന്നു.

3. നിവേദകൻ, ടെക്സ്റ്റ് (മത് ന്) പോലോത്ത ഹദീസിന്റെ പ്രത്യേക ഭാഗത്തെക്കുറിച്ചുള്ള അറിവ്

4. സ്വഹാബിമാർ, താബിഇങ്ങൾ, ഇമാമീങ്ങൾ എന്നിവരുടെ നിരീക്ഷണങ്ങളും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്ന ന്യായയുക്തിയും നിലപാടും അറിഞ്ഞിരിക്കണം. കൂടാതെ, ഒരേ കാലത്തെ പണ്ഡിതരുടെ ഏകാഭിപ്രായമുള്ള (ഇജ്മാഅ) വിധികളും അറിയണം.

5. ഖിയാസ്, അതിന്റെ ഇനങ്ങൾ, നിബന്ധനകൾ എന്നിവയെക്കുറിച്ചുള്ള പരിജ്ഞാനം

6. പൊതു താൽപര്യത്തെപ്പറ്റിയും (മസാലിഹ് ആമ്മ) സ്വസമൂഹത്തെയും കുറിച്ചുള്ള അവബോധം

7. ശരീഅയുടെ പൊതു ലക്ഷ്യത്തെക്കുറിച്ച് (മഖാസിദ്) അറിയൽ

8. ഇസ്‌ലാമിക മൂല്യങ്ങളായ ദയ, ഔദാര്യം, ലാളിത്യം തുടങ്ങിയവയോടൊപ്പം സൂക്ഷ്മ ഭക്തിയും ധൈഷണികതയും ഉണ്ടാവണം.

ഈ നിബന്ധനകളൊത്ത വ്യക്തിയാണ് മുജ്തഹിദ് മുത് ലഖ് (നിരുപാധിക ഗവേഷകൻ). നിലവിലുള്ള ഒരു കർമശാസ്ത്ര സരണിയെയും ഈ വ്യക്തി പിന്തുടരാൻ പാടില്ല. അന്ധമായ അനുകരണത്തെ നിരോധിക്കുന്ന ഇമാമുമാരുടെ വാക്യത്തിന്റെ താൽപര്യം ഈ വിഭാഗണ്. അതേ സമയം, ഈയൊരു പദവി പ്രാപിക്കാത്ത പ്രാഗൽഭ്യമുള്ള പണ്ഡിതന്മാർക്ക് മദ്ഹബിന്റെ മുജ്തഹിദാവാൻ (മുജ്തഹിദുൻ ഫിൽ മദ്ഹബ്) സാധിക്കും. താൻ പിൻതുടരുന്ന മദ്ഹബിന്റെ നിയമ പരിധിക്കുള്ളിൽ വെച്ച് തന്നെ സ്വീകരിച്ചു പോരുന്ന വീക്ഷണത്തിൽ നിന്നും വ്യത്യസ്നാവാനുള്ള അവസരം മദ്ഹബിന്റെ മുജ്തഹിദിനുണ്ട്. ഒരു പാട് വിശിഷ്ട വ്യക്തിത്വങ്ങളെ ഇങ്ങനെ കാണാം. ശാഫിഈ മദ്ഹബിലെ ഇമാം നവവി (റ), മാലികി മദ്ഹബിലെ ഖാദി ഇബ്നു അബ്ദുൽ ബറ്, ഹനഫി മദ്ഹബിലെ ഇബ്നു ആ ബിദീൻ, ഹമ്പലി മദ്ഹബിലെ ഖാളി ഇബ്നു ഖുദാമ എന്നിവർ ഏറെ പ്രാധാന്യമർഹിക്കുന്നവരാണ്. അവരെല്ലാം അവരുടേതായ മദ്ഹബിന്റെ മൗലിക തത്വങ്ങളിൽ ഊന്നിക്കൊണ്ടാണ് പുതിയ മതവിധികൾ സ്വരൂപിച്ചത്. ഇജ്തിഹാദ് സംബന്ധമായ ചില ഇമാമുകളുടെ നിർദ്ദേശങ്ങൾ ബാധകമാവുന്നത് ഇത്തരം മുജ്തഹിദുകളുടെ മേലാണ്. “എന്റെ വിധിക്കെതിരായി വല്ല ഹദീസും നിങ്ങൾ കണ്ടാൽ ഹദീസിനെ പിന്തുടരുക ” എന്ന ഇമാം ശാഫിഈ (റ)ന്റെ വാക്കുകൾ ഇവർക്കാണ് ബാധകമാവുക.

മുജ്തഹിദുകളുടെ മറ്റു കാറ്റഗറികളെ പ്രായോഗികമായി രണ്ടു വിധമാക്കി ഉസൂൽ പണ്ഡിതർ തരം തിരിച്ചിട്ടുണ്ട്. ഒന്ന്, മുത്തബി, അഥവാ ഖുർആൻ, ഹദീസ് വാക്യങ്ങളും അവയുടെ ന്യായീകരണ യുക്തിയും നിലപാടും മനസ്സിലാക്കിക്കൊണ്ട് മദ്ഹബിനെ അനുധാവനം ചെയ്യുന്ന വ്യക്തി. രണ്ട്, മുഖല്ലിദ്. അഥവാ, പണ്ഡിതരോടുള്ള വിശ്വാസത്തിൽ പേരിൽ യാതൊരു തെളിവും അറിയാതെ മദ്ഹബിനെ പിന്തുടരുന്നവൻ. മുഖല്ലിദിനെ സംബന്ധിച്ചിടത്തോളം മദ്ഹബിന്റെ പ്രാമാണിക തെളിവുകൾ അവന്റെ/അവളുടെ കഴിവനുസരിച്ച് ഗ്രഹിക്കൽ സുന്നത്താണ്.  എല്ലാവർക്കും പണ്ഡിതനാവാൻ സാധിക്കില്ലെന്നത് വളരെ വ്യക്തമായ കാര്യമാണ്. പാണ്ഡിത്യത്തിന് ദീർഘകാലത്തെ അധ്വാനം ആവശ്യമുണ്ട്. ഉമ്മത്തിന്റെ ക്രിയാത്മക പുരോഗതിക്കാവട്ടെ അക്കൗണ്ടന്റ്, പട്ടാളക്കാരൻ, കശാപ്പുകാരൻ തുടങ്ങിയ തൊഴിലാളിളും വേണം. എന്നല്ല, ബുദ്ധി സാമർത്ഥ്യമുണ്ടെങ്കിൽ പോലും എല്ലാവരും വലിയ പണ്ഡിതന്മാരാവണമെന്നില്ല. നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ചറിയുവാനും ഖുർആൻ ആഹ്വാനം നടത്തുന്നുണ്ട്. (16:43). അറിവിന്റെ ഉറവകളാണ് പണ്ഡിത വിഭാഗം. മറ്റൊരു ആയത്തിലിങ്ങനെ വായിക്കാം “സമുദായത്തിൽ പെട്ട ചിലയാളുകൾ മതവിജ്ഞാനം കരസ്ഥമാക്കാൻ പ്രയത്നിക്കുകയും സമുദായത്തിലേക്ക് മടങ്ങുമ്പോൾ അവരെ ഉത്ബുദ്ധരാക്കുകയും ചെയ്യുക. എന്നാൽ അവർ ശ്രദ്ധിക്കുന്നതായിരിക്കും” (9: 122).

വഹ് യിനെ സൂക്ഷ്മമായി മനസ്സിലാക്കാൻ ആഴത്തിലുള്ള അറിവ് അനിവാര്യമാണെന്ന് ബോധ്യപ്പെടുമെങ്കിൽ സാധാരണ മുസ്‌ലിംകൾക്ക് ഏറ്റവും ഉചിതം വൈയക്തിക ഗവേഷണമൊഴിവാക്കി പണ്ഡിതരുടെ പാത പിൻപറ്റലാണ്. “അബൂബകറിന്റെ വീക്ഷണത്തിൽ നിന്നും വ്യതിചലിച്ച് അല്ലാഹു വിന്റെ സമക്ഷത്തിൽ നിൽക്കുവാൻ എനിക്ക് മടിയാണ് ” എന്ന് പ്രസ്താവിച്ച് ഉമർ (റ) അബൂബകർ (റ) ന്റെ ചില നിർണ്ണിത നിയമങ്ങളെ അപ്പാടെ അനുകരിച്ചു. അത് പോലെ, മുജ്തഹിദിന്റെ യോഗ്യത ഇണങ്ങിയ ഇബ്നു മസ്ഊദ് (റ), ചില വിഷയങ്ങളിൽ ഉമർ (റ) നെ പിന്തുടർന്നിട്ടുണ്ട്. അശ്അബി പറയുന്നു: “ഇബ്നു മസ്ഊദ്, ഉമർ(റ), അലി (റ), സൈദ് ബ്ൻ സാബിത്ത്, ഉബയ്യ് ബ്നു കഅബ്, അബൂ മൂസൽ അശ്അരി എന്നീ പ്രവാചകരുടെ ആറ് അനുചരാണ് ജനങ്ങളിലേക്ക് പൊതുവെ മതവിധി നൽകാറുള്ളത്. ഇവരിൽ മൂന്നു പേർ തങ്ങളുടെ വിധി പ്രസ്താവ്യത്തെ മറ്റു മൂന്നു പേരുടെ വിധി പ്രസ്താവ്യത്തിനു വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. ഉമർ (റ) വിനു വേണ്ടി അബദുല്ലാഹി ബ്നു മസ്ഊദ് (റ) ഉം അലി (റ) വിനു വേണ്ടി അബൂ മൂസ(റ)യും കഅബ് (റ) വിനു വേണ്ടി സൈദ് (റ)വും തങ്ങളുടെ നിലപാടുകൾ ത്യജിച്ചു.

അറബി അറിയാത്ത വിശ്വാസികൾക്ക് ഏറ്റവും അനുഗുണമായത് അറിവുള്ള വ്യക്തിത്വങ്ങളെ മാർഗദർശകരായി സ്വീകരിക്കലാണ്. ഒരാൾക്ക് അറബി ഭാഷയറിയില്ലെങ്കിൽ നിശ്ചിത വിഷയ കേന്ദ്രീകൃതമായ സർവ്വ ഹദീസുകൾ വായിക്കാൻ താൽപര്യമുണ്ടായാൽ പോലും അതിനു സാധിക്കില്ല. പല കാരണങ്ങളാലും പത്ത് എണ്ണത്തിനു മുകളിൽ അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പോലും ഹദീസിന്റെ അടിസ്ഥാന സമാഹരണങ്ങൾ ഇതുവരെയും വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. ഇമാം അഹമദ് ബ്നു ഹമ്പലിന്റെ മുസ്നദ്, ഇബ്നു അബീ ശൈബയുടെ മുസന്നഫ്, ഇബ്നു ഖുസൈമയുടെ സ്വഹീഹ്, ഹാകിമിന്റെ മുസ്തദ്റക് തുടങ്ങിയ മുന്നൂറോളം വരുന്ന ഗ്രന്ഥങ്ങൾ ഇനിയും ബാക്കിയാണ്. ഭാഷാന്തരപ്പെടുത്തിയ ബുഖാരിയിലും മുസ്‌ലിമിലും പരാമർശിക്കാത്ത നിരവധി സ്വഹീഹായ ഹദീസുകളാൽ സമ്പന്നമാണ് ഈ ഗ്രന്ഥങ്ങൾ. നിലവിൽ വിവർത്തനം ചെയ്യപ്പെട്ടതെല്ലാം കൃത്യമാണെന്ന് സങ്കൽപിച്ചാൽ പോലും അറബി ഭാഷ സ്വായത്തമില്ലാത്തവന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് ശരീഅത് നിർദ്ധാരണം ചെയ്തെടുക്കാനാവില്ലെന്ന് തീർച്ച. ഭാഷാന്തരപ്പെടുത്തിയ ഹദീസുകളെ മാത്രം അവലംബമാക്കി ശരീഅത് വികസിപ്പിക്കുന്നത് ഏറെ മൗഢ്യവുമാണ്.

ഞാനിത് രണ്ടു ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. ഒന്ന്, സുന്നി മദ്ഹബിന്റെ നിയാമക തത്വമനുസരിച്ച്, ചെറിയ തോതിലെങ്കിലും അവ്യക്തത പ്രകടമായാൽ ഹൂദൂദ് (ശിക്ഷാ മുറകൾ) നടപ്പിലാക്കാൻ പാടില്ല .എന്നാൽ,സ്വഹീഹായ ആറു ഹദീസ് സമാഹരണത്തിലും (അസ്ഹാ ഹൂസിത്ത) ഈ നിയമത്തിനോട് യോജിച്ച ഹദീസ് വായിച്ചെടുക്കുവാനാവില്ല. പക്ഷെ, ഇബ്നു അബീ ശൈബയുടെ മുസന്ന ഫും ഹരീഥിയുടെ മുസ് നദും മുസദ്ദദ് ബ്നു മുസറദിന്റെ മുസ്നദും രേഖപ്പെടുത്തിയതും സ്വഹീഹായ സനദിലൂടെ നിവേദനം നടത്തിയതുമായ ഒരു ഹദീസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇമാമീങ്ങൾ ഈ നിയമം രൂപീകരിച്ചിരിക്കുന്നത്. രണ്ടാമത്തേത് ഹജ്ജ് സമയത്തെ ഇസ്തിഗ്ഫാറുമായി ബന്ധപ്പെട്ടതാണ്. ഹാജിക്കും അവൻ പ്രാർത്ഥിക്കുന്നവർക്കും പാപമോചനം ലഭിക്കും എന്ന ഹദീസ് ഇതുവരെ പരിഭാഷപ്പെടുത്തിയ ഹദീസ് സമാഹാരത്തിലൊന്നും വായിക്കാനാവില്ല. പക്ഷെ, ത്വബ്റാനിയുടെ അൽ മആജിബു ത്വബ്റാനിയിലും ബശ്ശാറിന്റെ മുസ് നദിലും ഈ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഉദാഹരണം മഗ് രിബ് നമസ്കാരത്തിനു ശേഷമുള്ള സുന്നത്ത് നിസ്കാരമാണ്. ഇതിന്റെ ഹദീസ് ഇപ്രകാരം: മഗ്രിബ് നമസ്കാരാനന്തരമുള്ള രണ്ട് റകഅത് സുന്നത്ത് നിസ്കാരത്തെ നിങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം അവ നിർബന്ധ കർമത്തോടൊപ്പം സ്വർഗത്തിലേക്ക് ഉയർത്തെപെടുന്നതാണ്”. ഇമാം റാസിൻ തന്റെ ജാമിഇൽ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

സ്വന്തം വ്യാഖ്യാനങ്ങളിൽ സംഭവിക്കാവുന്ന പിഴവുകൾ ഭയന്നത് കൊണ്ടാണ് കഴിഞ്ഞ കാല പണ്ഡിതരെല്ലാം മദ്ഹബിനെ അംഗീകരിച്ചു പോന്നത്. പതിനാലാം നൂറ്റാണ്ടിലെ കലുഷിതാവസ്ഥയിൽ ഇബ്നു തൈമിയ്യ, ഇബ്നു ഖയ്യിം പോലെയുള്ള ചുരുക്കം ചിലർ മദ്ഹബിനെ നിഷേധിച്ചു കൊണ്ട് കടന്നു വന്നിരുന്നുവെന്നത് സത്യമാണ്. എങ്കിലും, വിവരമില്ലാത്തവർക്ക്  ഗവേഷണം നടത്താമെന്ന് ഇവർ പോലും പറഞ്ഞിട്ടില്ല. മദ്ഹബിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിഷേധാത്മക സമീപന സ്വീകരിച്ചവരിൽ പ്രമുഖരാണ് മുഹമ്മദ് അബ്ദുവും ശിഷ്യൻ റഷീദ് രിളയും. പാശ്ചാത്യാഭിനിവേശത്തിന് വംശംവദരായ ഈ വ്യക്തികൾ മുസ്‌ലിംകളോട് തഖ്ലീദിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനും നാല്‌ മദ്ഹബുകളുടെ ആധികാരികതയെ നിരാകരിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഐക്യവും വിശ്വാസ്യതയും ക്രിയാത്മകതയും തകർക്കുന്ന വ്യത്യസ്തങ്ങളായ അനേകം അഭിപ്രായ നിർമിതിയിലേക്കാവും ഈ നിരുത്തരവാദിത്തപരമായ സമീപനം നയിക്കുക. ആദ്യകാല മുസ്‌ലിംകൾ അനുവർത്തിച്ച സഹിഷ്ണുതാ മനോഭാവും പരസ്പര ബഹുമാനവും ഇക്കാലത്ത് ഓർത്തെടുക്കേണ്ടതുണ്ട്. സുഫ്യാനുസൗരി (റ) പറയുന്നു: പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായമുള്ള  കാര്യത്തിലേർപ്പെട്ട വ്യക്തിയെ നിങ്ങളുടെ വിശ്വാസമനുസരിച്ച് നിരോധിക്കപ്പെട്ടതാണെന്നതിന്റെ പേരിൽ നിങ്ങൾ തടയാൻ പോവരുത്”. ഈ രീതിയിലല്ലെങ്കിൽ മുസ്‌ലിം സമുദായത്തിനകത്ത് ഛിദ്രതയും ഭിന്നിപ്പും തീവ്രമാവുകയാണുണ്ടാവുക.

പാശ്ചാത്യവൽകൃത ആഗോളാന്തരീക്ഷത്തിൽ ഓരോരുത്തരും അവരവരുടെ പരിമിതി ഉൾകൊണ്ട് വിനയാന്വിതരാവുക എന്നത് സാഹസമേറിയ സംഗതിയാണ്. നാമെല്ലാവരും ഫറോവയെപ്പോലെ പെരുമാറുന്നു. നമ്മളേക്കാളും ധിഷണയും ജ്ഞാനവും അന്യർക്കുണ്ടെന്ന് അംഗീകരിക്കാൻ നമ്മുടെ ഈഗോ മനസ്സ് സമ്മതിക്കുന്നില്ല. ശരീഅത്തിനെ നിർദ്ധാരണം ചെയ്തെടുക്കാൻ സാധാരണ വിശ്വാസികൾ യോഗ്യരാണെന്ന മനോഗതി ഈഗോ മനസ്സിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇത് അവരെ പാരമ്പര്യ ഇസ്‌ലാമിന്റെ ആശയങ്ങളിൽ നിന്ന് അകറ്റി, അവർക്കിടയിൽ ഭിന്നിപ്പുകൾ വളർത്തിയെടുക്കുന്നതിലേക്കാണ് നയിക്കുക. മതത്തിന്റെ  സർവ്വ പണ്ഡിതരും (ഹദീസ് പണ്ഡിതരുൾപ്പെടെ) മദ്ഹബിന്റെ അനുയായികളും അവരുടെ ശിഷ്യഗണങ്ങളോട് മദ്ഹബുകളെ പിൻപറ്റാൻ കൽപ്പിച്ചിരുന്നുവെന്ന വസ്തുതയും ഇന്ന് അനുസ്മരിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ, മുസ്‌ലിംകളോട് അവരുടെ യുക്തിബോധവും മനന ശേഷിയും ഉപയുക്തമാക്കാൻ ഖുർആൻ കൽപിച്ചിട്ടുണ്ട്. പക്ഷെ, ഉപരി സൂചിത പാണ്ഡിത്യത്തികവ് വളരെ ശ്രദ്ധയോടെ മാത്രം ഏൽപ്പിച്ചു കൊടുക്കേണ്ട മേഖലയാണ്. മദ്ഹബ് വിരുദ്ധ പ്രവണതകളെ ‘ഇസ്‌ലാമിക ശരീഅതിനെ നശിപ്പിക്കുന്ന നവീന വാദം’ എന്ന് ലാ മദ്ഹബിയ്യ എന്ന തന്റെ കിതാബിലൂടെ വിശേഷിപ്പിച്ച സഈദ് റമളാൻ ബൂതി മദ്ഹബ് വ്യവസ്ഥയെ മെഡിസിനുമായി സാമ്യപ്പെടുത്തി വിശദീകരിക്കുന്നു: ഒരു കുട്ടിക്ക് രോഗം ബാധിച്ചാൽ ചികിത്സ തേടി മെഡിക്കൽ പുസ്തകങ്ങളെയാണോ പ്രഗൽഭനായ ഡോക്ടറെയാണോ നാം സമീപിക്കുക”. തീർച്ചയായും രണ്ടാമത്തേതിനെ നാം തിരഞ്ഞെടുക്കും.


വിവര്‍ത്തനം: മുഹമ്മദ് ഇ.കെ, നെല്ലിക്കുത്ത്
Featured Image: Usama
Location: Ben Youssef Madrasa, Marrakech, Morocco

Comments are closed.