അനവധി വൈരുദ്ധ്യങ്ങള്‍ ഒന്നിച്ച് നിലനിൽക്കുന്ന, അതേ സമയം ഒന്നും മറ്റൊന്നിനെക്കുറിച്ച് വ്യാകുലപ്പെടാതെയും നിർത്താതെയും ഓടിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് നഗരങ്ങൾ. ഒരിടത്തും നിൽക്കാതിരിക്കുക എന്നതാണ് നഗരങ്ങളുടെ കാതൽ. ഒന്ന് നിൽക്കാനോ, സ്ഥലങ്ങളോടോ, വ്യക്തികളോടോ, വസ്തുക്കളോടോ ഒന്നു വൈകാരികമായി ഒട്ടിച്ചേരാനോ അത് നിങ്ങളെ അനുവദിക്കുന്നില്ല. മാനസികമായി അടുത്തു തുടങ്ങുമ്പോഴേക്കും നഗരം അതിനെ തുടച്ച് നീക്കുകയും പുതിയ കാഴ്ച്ച നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. തുടർച്ചയായ ഉന്മൂലനങ്ങളുടെ കൂടി ഇടങ്ങളാണ് നഗരങ്ങൾ.

IMG_8717 copy

പക്ഷെ നമ്മുടെ ശരീരത്തിന് ഒരു കുഴപ്പമുണ്ട്. അതിന് അങ്ങനെ ഓടിക്കൊണ്ടിരിക്കാനാവില്ല. ഓട്ടത്തിനിടയിൽ  അത് പല സമയങ്ങളിലും, പല സ്ഥലങ്ങളിലുമായി ചെറിയ കൊളുത്തുകളിട്ട് കൊണ്ടിരിക്കും. വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന പൊരിച്ച മീനിന്റെ സ്വാദ്, കാമുകി ഉപയോഗിച്ചിരുന്ന ശാമ്പു,പെർഫ്യൂമിന്റെ ഗന്ധം അങ്ങനെ പലതും നമ്മെ കാലത്തിലൂടെ പിന്നോട്ട് വലിക്കാറില്ലെ? ആ കൊളുത്തുകൾ പലഭാഗങ്ങളിൽ നിന്നായി വലിഞ്ഞ് മുറുകുകയും, നഗരത്തിന്റെ വേഗത്തോടൊപ്പം ഓടാനാവാതെ നാം തളർന്ന് പോവുകയും ചെയ്യാറില്ലെ? ആ കൊളുത്തു വലികളെയാണ് നമ്മൾ പ്രണയം എന്ന് വിളിക്കുക. എന്നാൽ ആധുനികതയും, മുതലാളിത്തവും  നമ്മോട് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് മെറ്റീരിയലുകളെപ്പോലെ  നമുക്കും ഇത്തരം കൊളുത്തുകളൊന്നുമില്ല/ഉണ്ടാവാൻ പാടില്ല എന്നാണ്, പ്രൊഫഷണലാവൂ എന്നാണ്, പണത്തെ മാത്രം പ്രണയിക്കൂ എന്നാണ്, നിർത്താതെ ഓടിക്കൊണ്ടിരിക്കൂ എന്നാണ്.

IMG_8736 copy

വ്യത്യസ്ത സ്ഥല-കാല ലോക ബോധങ്ങളുമായി ജീവിക്കുന്ന മനുഷ്യരോട് ആധുനിക മനുഷ്യൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. സൽമാൻ റുഷ്ദിയുടെ ‘ദ മൂർസ് ലാസ്റ്റ് സൈയി‘ൽ അറോറ സോഗൊയ്ബി എന്ന ഒരു കഥാപാത്രമുണ്ട്. മോഡേണിസ്റ്റ് പെയ്ന്ററായ അവർ എല്ലാ വർഷവും ഗണപതി ഉൽസവ സമയത്ത്, താഴെ റോഡിൽ ഗണപതിയെ നിമജ്ജനം ചെയ്യാൻ വന്ന് ഡാൻസ് ചെയ്ത്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ‘പ്രാകൃത മതബോധത്തോടുള്ള’ പ്രതിഷേധമായി മലബാർ ഹിൽസിലെ തന്റെ വീടിന് മുകളിൽ ഡാൻസ് ചെയ്യും. നഗരത്തെക്കുറിച്ചുള്ള വികസിതം, ആധുനികം തുടങ്ങിയ സങ്കൽപ്പങ്ങളെ അസ്ഥിരപ്പെടുത്തുന്ന നഗരത്തിനകത്ത് തന്നെ സജീവമായ എലമെന്റുകളോട് സമരസപ്പെടാനാവാത്തത് കൊണ്ടാണ് റുഷ്ദിയുടെ അറോറ സോഗൊയ്ബി ഡാൻസ് ചെയ്ത് കൊണ്ടിരിക്കുന്നത്. പലപ്പോഴും അത്തരം എലമെന്റുകൾക്കാവും നഗരങ്ങളിൽ കൂടുതൽ അധികാരമുണ്ടാവുക. ബോംബെ എന്ന പേര് മുംബൈ ആയി മാറുന്നത് നഗരത്തെ മുംബാ ദേവിയുടെ പേരിൽ നാമകരണം ചെയ്യണമെന്ന ശക്തമായ ആവശ്യപ്പെടലുകൾക്ക് ശേഷമാണ്. മാറ്റത്തിന്റെ തുടക്കത്തിൽ പല എഴുത്തുകാരും താൻ ബോംബെ എന്ന് തന്നെ എഴുതുമെന്ന് നിർബന്ധം പിടിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ദേവിയുടെ പേരിൽ പുനർ നാമകരണം ചെയ്യപ്പെടുന്നത്, ആധുനിക മനുഷ്യന് മുന്നോട്ട് ഒരു വളരേണ്ട നഗരത്തെ പിന്നോട്ട് വലിക്കലാണ്. ഇത്തരം സംഘർഷങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ കിടക്കുന്ന പ്രണയങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൂടിയല്ലെ?

nz10

നിസാമുദ്ധീൻ ഔലിയ പറഞ്ഞ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരു കൊട്ടാരത്തിലെ അലക്കുകാരന് ഒരു മകനുണ്ടായിരുന്നു. രാജകുമാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അയാൾ അവളുടെ വസ്ത്രങ്ങൾ കണ്ട് അവളുമായി പ്രണയത്തിലായി. പ്രണയാർദ്രമായി, വളരെ അധികം സൂക്ഷമത പുലർത്തിയായിരുന്നു അയാൾ ആ വസ്ത്രങ്ങൾ അലക്കിയിരുന്നത്. അതോടൊപ്പം ആ വസ്ത്രങ്ങൾ തന്നാലാവും വിധം മോടിപിടിപ്പിക്കാനും അയാൾ ശ്രദ്ധിച്ചു. അവളെക്കുറിച്ച് ചിന്തിച്ച് (അയാൾ അവളെ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നോർക്കണം) അയാൾ കരയുകയും സങ്കടപ്പെടുകയും ചെയ്തു. അത് കണ്ട് അയാളുടെ മാതാപിതാക്കൾ ആശങ്കയിലായി. എന്ത് ചെയ്യണമെന്നറിയാതെ അവസാനം അവർ ഒരു ഉപായം കണ്ടെത്തി. ഒരു ദിവസം അയാളുടെ മാതാവ് വളരെ സങ്കടത്തോടെ വീട്ടിലെത്തി. എന്താണ് കാര്യമെന്ന് തിരക്കിയ മകനോട് രജാകുമാരി മരിച്ചതിന്റെ മൂന്നാണ് ഇന്ന് എന്ന് അവർ മറുപടി പറഞ്ഞു. നമ്മൾ വസ്ത്രം അലക്കുന്ന കുമാരി മരിച്ചെന്നൊ? അയാൾ വിശ്വസിക്കനാവതെ ഉമ്മയോട് വീണ്ടും വീണ്ടും ചോദിച്ചു. അതെ എന്ന് അവർ മറുപടിയും പറഞ്ഞു. അത് കേട്ടത്തോടെ ഒരു നിലവിളിയുമായി അയാൾ മരിച്ചു വീണു.

IMG_8806 copy

അടുത്ത തവണ അലക്കിയ വസ്ത്രങ്ങൾ തിരിച്ച് നൽകിയപ്പോൾ കുമാരി ആരാണ് തന്റെ വസ്ത്രങ്ങൾ അലക്കിയത് എന്ന് തിരക്കി.  അവ മുൻപത്തെപ്പോലെ വൃത്തി ആയിട്ടില്ലായിരുന്നു. ചോദ്യം കേട്ടതോടെ ആ സ്ത്രീ കരയാൻ തുടങ്ങി. കുമാരിയുടെ നിർബന്ധത്തിന് വഴങ്ങി എന്താണ് സംഭവിച്ചത് എന്ന് അവർ വിശദീകരിച്ചു. അത് കേട്ടതോടെ സങ്കടം വന്ന കുമാരി അയാളുടെ ഖബറിടം കാണണമെന്ന് ആഗ്രഹം അറിയിച്ചു. കുമാരി അടുത്തെതിയതും ആ ഖബർ നെടുകെ പിളർന്നു. അത് കണ്ട കുമാരി ഈ പിളർന്ന ഖബറിനകത്തിരിക്കുന്ന മനുഷ്യന്റെ ഹൃദയം അശാന്തമാണല്ലൊ എന്ന് പറയുകയും അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

nz11

ഈ സംഭവത്തെക്കുറിച്ച് നിസാമുദ്ധീൻ ഔലിയ പറഞ്ഞത് നമുക്ക് ആ അലക്കുകാരന്റെ മകനെപ്പോലെ ആവാനായില്ലല്ലൊ എന്നാണ്. നമ്മൾ ആലോചിച്ചാൽ ഒരു യുക്തിയുമില്ലാത്ത ഇത്തരം പ്രണയത്തിലേക്കാണ് ഡെൽഹി എന്ന നഗരത്തിലിരുന്ന് നിസാമുദ്ധീൻ ഔലിയ നമ്മെ ക്ഷണിച്ച് കൊണ്ടിരിക്കുന്നത്. മെഹബൂബെ ഇലാഹി (Beloved of God) എന്ന പേരിലാണല്ലോ ഔലിയ അറിയപ്പെടുന്നത് തന്നെ. അവരിലൂടെയാണ് ആമിർ ഖുസ്രു ദിവ്യപ്രണയത്തിന്റെ പൊരുളറിയുന്നത്. രാജ്യത്തിന്റെ ഭരണ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് നിസമുദ്ധീൻ ഔലിയയുടെ ദർഗ്ഗ. ആധുനിക ഇന്ത്യയുടെ ഭരണ കേന്ദ്രത്തിൽ തന്നെയാണ് കാണാത്ത പ്രണയിനിയെ സ്നേഹിച്ച് ഫനാഇലേക്ക് നടന്ന അലക്കുകാരന്റെ പ്രണയത്തിലേക്ക് നിസാമുദ്ധീൻ ദർഗ്ഗ നമ്മെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് എന്നത് എത്ര മനോഹരമായ ഒരു വിരോധാഭാസമാണ്.

nz15
nz14
IMG_8973 copy
nz16
IMG_8744 copy
IMG_8822 copy
IMG_8719 copy

Photographed by  Trishila Roy

She is an emerging photographer based in Delhi. She loves to capture people and their emotions.

Comments are closed.