നീ മരണമടഞ്ഞ നിന്റെ സമകാലികരെ കുറിച്ചോര്‍ക്കുക്കുക, അവരുടെ സുന്ദരമായ മുഖങ്ങള്‍, ആര്‍ജ്ജിച്ച പ്രശസ്തി, സമ്പാദിച്ച സമ്പത്ത്, സ്ഥാനങ്ങൾ. എല്ലാം ഇന്ന് മണ്‍ധൂളികളായി മാറിയിരിക്കുന്നു. നീ ഓര്‍ക്കുക, അവരുടെ സമ്പത്തുകള്‍ നാമാവശേഷമായി. അവര്‍ വിധവകളെയും അനാഥരേയുമാണ് ഉപേക്ഷിച്ച് പോയത്. അവരുടെ ശേഷിപ്പായി ഇപ്പോള്‍ ഈ ഭൂമിയിൽ ഒന്നുമില്ല, അവര്‍ ഇന്ന് ഇരുട്ട് നിറഞ്ഞ ഭൂമിക്കുള്ളി വിശ്രമിക്കുന്നു. അവരുടെ മുഖങ്ങൾ നീ നിന്റെ മനസ്സിലേക്ക് കൊണ്ടുവരിക, പിന്നെ അഗാധമായി ചിന്തിക്കുക
ഇമാം ഗസ്സാലി
ഒരുപാട് അപരനാമങ്ങളിൽ പ്രസിദ്ധനാണ് അബൂ ഹാമിദ് മുഹമ്മദ് ബിൻ മുഹമ്മദ് അൽ ഗസ്സാലി. ഇസ്‌ലാമിന്റെ പ്രമാണം (ഹുജ്ജത്തുൽ ഇസ്‌ലാം) എന്ന പേരാണ് അവയിൽ ഏറ്റവും പ്രശസ്തമായത്. അന്‍പത്തിമൂന്ന് വര്‍ഷം ജീവിച്ച ഇമാം ലോകം ദര്‍ശിച്ച ഏറ്റവും പ്രഗത്ഭനായ മുസ്‌ലിം തത്വജ്ഞാനിയും, ദൈവശാസ്ത്ര പണ്ഡിതനും, നിയമജ്ഞനും, സൂഫിയുമായുമായിരുന്നു. ആയിരം വർഷങ്ങൾക്ക് മുമ്പ് സെൽജൂഖ് ഭരണകൂടത്തിനു കീഴിൽ തൂസ് പട്ടണത്തിലായിരുന്നു ഇമാമിന്റെ ജീവിതം. പഠനത്തിലും അധ്യാപനത്തിലുമായി ചിലവഴിച്ച ഗസ്സാലി ഇമാമിന്റെ ജീവിതവും സംഭാവനകളും സംഗ്രഹിക്കാനോ ക്രിസ്ത്യൻ (കാത്തലിക് ദൈവ ശാസ്ത്ര പണ്ഡിതനായിരുന്ന തോമാസ് അക്ക്വീനാസിനെ ഗസ്സാലി ഇമാം ആഴത്തിൽ സ്വാധീനിച്ചിരുന്നു) മുസ്‌ലിം ജീവിതത്തിൽ ഇമാം ചെലുത്തിയ സ്വാധീനം വിശദീകരിക്കുവാനോ അല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് ഇമാമിന്റെ ജീവിതത്തിൽ ചില ആന്തരിക പരിവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബാഗ്ദാദിലെ ഏറ്റവും അഭിമാനാര്‍ഹമായതും വെല്ലുവിളി നിറഞ്ഞതുമായ നിസാമിയ്യ മദ്റസ തലവനായിരിക്കെ, മതകാര്യങ്ങളിലെ മുസ്‌ലിം ലോകത്തെ അവസാനവാക്കായി മാറിയ സന്ദര്‍ഭത്തിൽ രൂപപ്പെട്ട ആന്തരിക ആത്മീയ പ്രതിസന്ധികൾ സ്ഥാനങ്ങൾ ഉപേക്ഷിച്ച് പത്ത് വർഷം നീളുന്ന മുസ്‌ലിം ലോകത്തിലൂടെയുള്ള യാത്രയിലേക്ക് അദ്ദേഹത്തെ നയിച്ചു. ആ യാത്രക്കിടയിൽ ഹജ്ജ് നിര്‍വ്വഹിക്കുന്നതിലും തന്നെ ഒരു കപടനാക്കിമാറ്റുന്ന അഹംബോധത്തെ ചികിത്സിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലുകള്‍ക്കൊടുവിൽ ഇമാം ഗസ്സാലി പൂർണ്ണമായ ആന്തരിക പരിവർത്തനനം സംഭവിച്ചാണ് തിരിച്ച് വരുന്നത്. ഒരു അദ്ധ്യാപകനായി യാത്ര തുടങ്ങിയ അദ്ദേഹം തനിക്ക് സംഭവിച്ച അപചയങ്ങൾ തടയാനും തിരുത്താനും മറ്റുള്ളവരെ സഹായിക്കാനുള്ള തീരുമാനവുമായിട്ടാണ് തിരിച്ച് വന്നത്.
2018 ലെ വേനൽ കാലത്താണ് മനോഹരമായ ഇസ്‌ലാമിക വാസ്തു ശിൽപങ്ങൾ കൊണ്ടും, കലകള്‍ കൊണ്ടും ‘ലോകത്തിന്റെ പകുതി’ (Naqsh-e Jahan) എന്നറിയപ്പെട്ട ഇസ്ഫഹാനിൽ വെച്ച് ഫാരിസീ ഭാഷ പഠിക്കുക എന്ന ലക്ഷ്യവുമായി ഞാന്‍ ഇറാനിലേക്ക് യാത്ര തിരിക്കുന്നത്. രണ്ടോ മൂന്നോ മാസങ്ങള്‍ ഇറാനിൽ ചിലവഴിക്കുക, ഭാഷാ പഠനത്തോടൊപ്പം ഇറാനിലെ മസ്ജിദുകളിലൂടെയും മദ്റസകളിലൂടെയുമുള്ള യാത്ര നടത്തുക ഇത്രയുമായിരുന്നു എന്റെ പദ്ധതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നിലാരംഭിച്ച ആത്മീയ സംഘര്‍ഷങ്ങൾക്കുള്ള ഉത്തരം തേടാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നത് കൂടെയായിരുന്നു ഈ യാത്രയിലൂടെ ഞാൻ ആഗ്രഹിച്ചത്.
നാലാഴ്ച്ചക്കാലത്തെ ഇസ്ഫഹാന്‍ വാസം കൊണ്ടുതന്നെ ഇറാനിന്റെ മുക്കുമൂലകളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ശക്തമായി മാറിയിരുന്നു. യസ്ദ് (സ്വരാഷ്ട്ര മതക്കാരുടെ നഗരം), ഷീറാസ് (പ്രണയത്തിന്റെ നഗരം), തബ്രീസ്, ഹമദാന്‍ (ഇബ്നുസീനായുടെ അന്ത്യവിശ്രമ സ്ഥലം) തുടങ്ങി ഒരുപാട് സ്ഥലങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. നൂറുകണക്കിന് മൈലുകള്‍ സഞ്ചരിച്ചപ്പോഴും ഈ അയാത്രകൾ കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം ആവും എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തത ഇല്ലായിരുന്നു. യാത്ര നമ്മെ കൂടുത വിവേകിയാക്കും എന്ന പറയാറുണ്ട്, പക്ഷെ ഈ യാത്രകള്‍ എന്നെ ഈ നിത്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകൾക്കപ്പുറത്ത് കൂടുതലൊന്നും പിഠിപ്പിച്ചില്ല.
ഒന്നര മാസം ആയപ്പോഴേക്ക് ഫാരിസി ഭാഷയിൽ ആശയ വിനിമയം നടത്താനാവും എന്ന അവസ്ഥയിലെത്തിയിരുന്നു പഠനം. പക്ഷെ ഈ യാത്രയുടെ അർത്ഥത്തെ മനസിലാക്കാൻ ഞാൻ അപ്പോഴും അശക്തനായിരുന്നു. മുന്‍കരുതലുകളോ തയ്യാറെടുപ്പുകളോ ഇല്ലാത്ത ഒരു ആത്മീയ സഞ്ചാരമായിരുന്നു അത്. ഞാനെപ്പോഴും എന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ചിന്തിച്ചപ്പോള്‍, പരിത്യാഗവും സമര്‍പ്പണവും ഒരു സാങ്കൽപികത മാത്രമായി അവശേഷിച്ചു. റൂമിയും ഇഖ്ബാലും ഗസ്സാലിയുമടങ്ങുന്ന സൂഫികള്‍ പറഞ്ഞുവെച്ച ആത്മീയമായ ഉയർച്ചക്ക് സഹായിക്കുന്ന അഹംബോധത്തിന്റെ തകര്‍ച്ച എന്ന എന്‍റെ ലക്ഷ്യം പൂര്‍ണ്ണമായും അസാധ്യമായി തോന്നി.
അഹങ്കാരത്തെ വഴിയിലുപേക്ഷിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഫാരിസി ഭാഷയും അത് സംസാരിക്കുന്ന മനുഷ്യരുമായുള്ള പ്രണയം എന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച് തുടങ്ങിയിരുന്നു. പലപ്പോഴും അസഹനീയമായ ചൂടിൽ മസ്ജിദുകളിലും ഇടുങ്ങിയ തെരുവുകളിലും ഞന്‍ അലഞ്ഞു നടന്നു. പേർഷ്യൻ ഭാഷയുടെ ആത്മാവ് എന്നെ ആഴത്തിൽ സ്വാധീനിച്ച് തുടങ്ങിയിരുന്നു. “പക്ഷെ യൂറോപ്പ്യനായ താങ്കൾക്ക് ഈ പഠനം ലണ്ടനിലും പാരീസിലും വെച്ചു തന്നെ സാധ്യമാണല്ലോ? ഇങ്ങോട്ട് വരേണ്ട ആവശ്യമെന്താണ്?” തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ തലയാട്ടുക മാത്രം ചെയ്തു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൗതികമായ ആര്‍ത്ഥങ്ങള്‍ തേടുന്നവരോട് എന്റെ ആത്മാവിന്റെ യാതനയെ ഞാനെങ്ങനെ വിശദീകരിക്കും? ഒരു രാത്രി ഡ്യൂട്ടിക്കാരനായ ടാക്സി ഡ്രൈവറോട് താരതമ്യേന സമ്പന്നനായ ഒരു യൂറോപ്യന്‍ തന്റെ അഹംബോധത്തെ ഇല്ലായ്മ ചെയ്യാൻ വന്നതാണെന്ന് ഞാൻ എങ്ങനെ വിശദീകരിക്കും? ഞാന്‍ വെറുമൊരു ആത്മീയ വിനോദയാത്രയാണോ നടത്തിക്കൊണ്ടിരിക്കുന്നത്? എനിക്ക് സ്വയം ലജ്ജ തോന്നിത്തുടങ്ങിയിരുന്നു.
എന്റെ ഇറാനിയന്‍ ട്രിപ്പിന് നാല് ദിവസം ശേഷിക്കെ ഞാന്‍ ടെഹ്റാനിലേക്ക് യാത്ര തിരിച്ചു. തൂസിലാണ് ഇമാം ഗസ്സാലി(റ) മറവ് ചെയ്യപ്പെട്ടത്. 1995ൽ നടന്ന പര്യവേഷണത്തിലാണ് മഖ്ബറ കണ്ടെത്തുന്നത്. തൂസ് നഗരം, പ്രവാചക പൗത്രന്‍ ഇമാം രിളയുടെ മഖ്ബറയുള്ള ശിയാ മുസ്‌ലിംകളുടെ പുണ്യസ്ഥലമായ മശ്ഹദിൽ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ്. ഇറാനിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രവും ഇമാം രിളയുടെ മഖ്ബറയുമുള്ള മശ്ഹദിനോടെനിക്ക് കൗതുകം തോന്നി. തെഹ്റാനിലെ ഹോട്ടലിൽ വെച്ച് ഫലാഫിൽ കഴിക്കെ ഞാന്‍ അടുത്ത ദിവസത്തെ വിമാന ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്തു.
അടുത്ത ദിവസം മശ്ഹദിലെത്തി വഴി അറിയാൻ ഗൂഗിള്‍ മാപ്പ് തുറന്നപ്പോള്‍ സിഗ്നലുകളൊന്നുമില്ലായിരുന്നു ( ഒരു നിലക്ക് നോക്കിയാൽ ഞാനൊരു ആധുനിക സൂഫി സഞ്ചാരിയാണ് എന്ന പറയാം). മശ്ഹദിനടുത്താണ് ഗസ്സാലി ഇമാമിന്റെ മഖ്ബറ എന്നെനിക്കറിയാം. പക്ഷെ, പേർഷ്യൻ കവിയായ ഫിര്‍ദൗസിയുടെയും കവിയും ഗണിത ശാസ്ത്രജ്ഞനുമായ ഉമര്‍ ഖയ്യാമിന്റെയും മഖ്ബറകൾ എവിടെയാണ്? ഈ പട്ടണവും എന്റെ സമയവും ഒരുനിമിഷം എനിക്കൊരു പ്രഹേളികയായി തോന്നി. പക്ഷെ, എനിക്കറിയാമായിരുന്നു ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന്. ഞാന്‍ ഹാഫിസിനെ വായിച്ചുകഴിഞ്ഞിരിക്കുന്നു, ഇബ്നു സീനക്കരികിൽ ഇരുന്നിട്ടുമുണ്ട്, സഅ്ദിയെ ഞാന്‍ വാരിപ്പുണർന്നിരിക്കുന്നു. പക്ഷെ, ഇവിടെയിനി എന്താണ് സംഭവിക്കുക?
ആദ്യദിവസം, ഒരു ദാഹിച്ച് വലഞ്ഞ സഞ്ചാരിയെപ്പോലെ ഇസ്‌ലാമിക വാസ്തുവിദ്യയെ നോക്കി ഇമാം റളയുടെ പരിസരത്ത് ഞാന്‍ കഴിച്ചുകൂട്ടി. ഇമാം റളയുടെ മഖ്‌ബറ നഗരത്തിനകത്തെ ഒരു പട്ടണമാണ്. അവിടത്തെ മനോഹരമായ കലാചാരുത വിശദീകരിക്കാന്‍ ഞാന്‍ അശക്തനാണ്. പേര്‍ഷ്യന്‍ കലയുടെ സൗന്ദര്യം മനസിലാക്കാൻ ഈ സ്ഥലം മാത്രം മതി. അവിടം ഞാന്‍ ഭക്തജനങ്ങളുടെ തീവ്രമായ വികാരപ്പെടലുകള്‍ക്ക് സാക്ഷിയായി. അവരെല്ലാം ഇമാമിനോടുള്ള അഭിനിവേഷവും സ്നേഹവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മഖ്ബറയിൽ നിന്ന് ഒരു അകലം പാലിച്ച് നിൽക്കുമ്പോൾ എനിക്ക് പ്രധാനമായി തോന്നിയത് മുകളിലെ കണ്ണാടി സീലിങ്ങും എന്റെ പിന്നിൽ മുട്ടിക്കൊണ്ടിരിക്കുന്ന കാൽ മുട്ടുകളുമായിരുന്നു ഈ കാണുന്നതെല്ലാം ഒരുതരം ഭ്രാന്തായിരിക്കുമോ? അതോ ഇതാണോ സ്നേഹം ആവശ്യപ്പെടുന്നത്?
പ്രിയ സുഹൃത്തെ, നിന്റെ ഹൃദയം തെളിഞ്ഞ കണ്ണാടിയാണ്. അതിൽ അടിഞ്ഞുകൂടുന്ന പൊടിമറകളെ നീ വൃത്തിയായി സൂക്ഷിക്കുക, കാരണം ദൈവ രഹസ്യങ്ങളുടെ പ്രകാശങ്ങളെ പ്രതിഫലിപ്പിക്കാന്‍ വിധിക്കപ്പെട്ടതാണത്
ഇമാം ഗസ്സാലി
അടുത്ത ദിവസം രാവിലെ ഹോട്ടലിൽ നിന്ന് പുറത്തുകടന്ന് ടാക്സി കൂട്ടങ്ങള്‍ക്കരികിലേക്ക് നടന്നു. ഫിർദൗസിയുടെയും ഗസ്സാലി ഇമാമിന്റെയും മഖ്ബറകളിലേക്ക് 7 ഡോളറിന് എത്തിക്കാമെന്ന് ഒരു ടാക്സി ഡ്രൈവര്‍ സമ്മതിച്ചു. ടാക്സിയുടെ ഡാഷ്ബോഡിൽ ഇമാം അലിയുടെയും (റ) ഇമാം ഹുസൈനിന്റെയും(റ) മഖ്ബറകളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ സംസാരങ്ങള്‍ക്കിടയി ഇമാം അലി(റ) കടന്നു വരുമ്പോൾ അയാള്‍ താന്‍ ധരിച്ച കറുത്ത മോതിരങ്ങള്‍ ചുംബിക്കുന്നുണ്ടായിരുന്നു. ഇറാനിലെ എന്റെ രണ്ടുമാസക്കാലത്തെ ജീവിതത്തിനിടയി പ്രാക്ടീസിംഗ് മുസ്‌ലിമാണ് എന്ന് തുറന്ന് പറയുന്ന ഒരു യുവാവിനെ പോലും എനിക്ക് കാണാന്‍ സാധിച്ചില്ല. പലപ്പോഴും ഞാനൊരു മുസ്‌ലിമല്ല, മതങ്ങളെ ഞാന്‍ വെറുക്കുന്നു, മതം ഈ രാജ്യത്തോട് ചെയതത് നോക്കൂ എന്ന് പറയുന്ന ഒരുപാട് യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവർ അനുഭവിക്കുന്ന ഇസ്‌ലാം അതിന്റെ ആദര്‍ശത്തിൽ നിന്ന് അതിവിദൂരമായതായിരുന്നു എന്നതാണ് യാഥാർഥ്യം. ഭരണകൂട സംവിധാനങ്ങള്‍ മതനിയമങ്ങള്‍ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത് മതത്തെ സ്വയം കണ്ടെത്തുന്നതിൽ നിന്നും സമൂഹത്തെ അകറ്റി നിർത്തുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയത്. ഇസ്‌ലാമിന്റെ സൗന്ദര്യം മതത്തിന്റെ ബാഹ്യമായ ഒച്ചപ്പാടുകൾക്കിടയിൽ യുവസമൂഹത്തിന് അപ്രാപ്യമായി മാറി. ഇവിടെ മതം ഭരണത്തിന് വേണ്ടിയുള്ള ഉപകാരണമായിരുന്നു. മത വിരുദ്ധരായ ഇറാനികളോട് ഞാനെന്റെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിച്ചു. സ്വതന്ത്രവും തിരഞ്ഞെടുക്കാൻ അവകാശവുമുള്ള ഒരു യൂറോപ്യന്‍ എന്തുകൊണ്ട് മതത്തെ തിരഞ്ഞെടുക്കുന്നു? ഞാന്‍ സ്വതന്ത്രനാണ്, എനിക്കെന്റെ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ട്, പക്ഷെ എന്റെ തിരഞ്ഞെടുപ്പ് നിങ്ങള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ച വിശ്വാസത്തെയാണ്. ഇത്തരം സന്ദർഭങ്ങളിലെല്ലാം അവരെന്റെ വിശ്വാസത്തെ ബഹുമാനിച്ചു എന്നതിനപ്പുറം ഒന്നുമുണ്ടായില്ല.
എന്റെ ഡ്രൈവര്‍ സുഹൃത്ത് യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞെന്നെ കളിയാക്കുന്നുണ്ടായിരുന്നു. മരണമടഞ്ഞ കവികളേയും, തത്വചിന്തകന്മാരേയും തേടിപ്പോകുന്നതിന്ന് പകരം താങ്കള്‍ ഇറാഖിലെ നജാഫിലേക്കോ കര്‍ബലയിലേക്കോ ഉള്ള ബസ് പിടിച്ച് നമ്മുടെ ഇമാമുമാരുടെ ദര്‍ഗ സന്ദര്‍ശിക്കണം, അയാൾ നിർദ്ദേശിച്ചു. അയാളോട് ഞാൻ പറഞ്ഞത് എന്റെ പേര് അലിയെന്നാണ്. ഈ ഒരു പേര് മാത്രം മതി എന്റെ വിശ്വാസമെന്താണെന്ന് തീരുമാനിക്കാൻ. എനിക്കെന്റെ സുഹൃത്തിനെ തിരുത്തണമെന്നുണ്ടായിരുന്നു. പക്ഷെ, ഞാനാരാണെന്ന് ഇതുവരെ സ്വയം ബോധ്യം വരാതെ ഞാനെങ്ങനെ എന്റെ സുഹൃത്തിനെ തിരുത്തും? ഞാനൊരു ഹനഫിയും, ഇസ്മാഈലിയും, സൂഫിയും എല്ലാമായിരുന്നു. ചില സമയങ്ങളിൽ ഞാൻ ആത്മീയതയിലേക്കും, യാഥാസ്ഥികതയിലേക്കും തിരിഞ്ഞു. തൂസിലേക്കുള്ള യാത്ര നീണ്ടതും ചൂടേറിയതുമായിരുന്നു. ഇടക്കെപ്പഴോ വിശ്രമത്തിനായി ഞാൻ പതുക്കെ കണ്ണുകളടച്ചു.
അൽപ്പം കഴിഞ് ഞാനുണര്‍ന്നത് ഒരു സംഗീതത്തിലേക്കാണ്. എന്റെ സുഹൃത്ത് റേഡിയോ ഓണാക്കി നഷീദുകള്‍ കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഊർജ്ജം നിറഞ്ഞ ആ മെലഡികൾ ഇറാനിൽ വെച്ച് കേട്ട മിക്ക പാട്ടുകളെയും പോലെ ഇമാമുമാരുടെ മരണത്തെയും, അവരനുഭവിച്ച യാതനകളെയും, നീതിനിഷേധത്തെയും കുറിച്ചായിരുന്നു. നഷീദകളോട് എനിക്ക് പൊതുവെ വലിയ താൽപര്യം തോന്നിയിരുന്നില്ല. എന്നാൽ ഇറാനിലെ ഓരോ നഷീദക്കും വശീകരിക്കുന്ന താളത്തിന്റെയും പ്രകമ്പനത്തിന്റെയും ആകര്‍ഷണീയത ഉണ്ടായിരുന്നു. അറബി ഖുര്‍ആനിന് വേണ്ടി ഉണ്ടാക്കിയ ഭാഷയാണെങ്കിൽ ഫാരിസി കവിതകൾക്കും സംഗീതത്തിനുമായി ഉണ്ടാക്കിയ ഭാഷയാണ് എന്ന പ്രയോഗം തന്നെ നിലവിലുണ്ട്. ഈ പാട്ടുകള്‍ ആസ്വദിക്കാന്‍ ഭാഷാ ജ്ഞാനത്തിന്റെയും, അര്‍ത്ഥങ്ങളുടെയും ആവശ്യമുണ്ടാവില്ല. ഇറാനികൾ എല്ലായിടത്തും പാടിക്കൊണ്ടിരുന്നു. ഞാന്‍ കയറിയിറങ്ങിയ ഓരോ കഫെകളിലും ഹാഫിസിന്റെ ഒരു പ്രതികളുണ്ടായിരുന്നു. ഞാന്‍ ഇസ്ഫഹാനിലെ സായന്ദെരുദ് നദിക്കരികിലൂടെ നടക്കാനിറങ്ങിയ സായാഹ്നങ്ങളിലെല്ലാം അവരുടെ സംഗീതം കേൾക്കാമായിരുന്നു. ഇറാനികളുടെത് മനോഹരമായ ശബ്ദമാണ്. രാപ്പാടി കുയിലുകള്‍ കൂട് കൂട്ടിയത് അവരുടെ കണ്ഠങ്ങളിലാണ്, അവരുടെ പാടലുകാൾ ആ കുയിലുകളെ സ്വതന്ത്രമായി പറക്കാൻ വിടലാണ്.
ഞാൻ വാഹനത്തിന് പുറത്തേക്ക് കണ്ണോടിച്ചു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗസ്സാലി ഇമാം തന്റെ വർദ്ധക്യത്തിൽ തൂസിലേക്ക് തിരിച്ചുവന്നത് ഇതേ പാതിയിലൂടെയാവും. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി. ഞങ്ങളപ്പോള്‍ തൂസിലേക്ക് കടക്കുകയായിരുന്നു. ഇന്ന് തൂസ് പട്ടണം ഒന്നുമല്ല. വിരളമായി ഫിര്‍ദൗസിയുടെ മഖ്‌ബറ സന്ദര്‍ശിക്കാനെത്തുന്ന യാത്രക്കാർ മാത്രമേ അവിടെയൊള്ളു. അറബികളുടെ ഭരണകാലത്ത് പേര്‍ഷ്യന്‍ ഭാഷയെ രക്ഷിച്ചത് ഫിര്‍ദൗസിയാണ് എന്ന് പറയപ്പെടാറുണ്ട്. അദ്ദേഹം രചിച്ച ‘ശാഹ്നാമ’യാണ് ലോകത്തെ ഏറ്റവും ദീർഘമായ കവിത. പേർഷ്യയാണ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട കവിയാണ് ഫിർദൗസി. സൈറസ് ദി ഗ്രേറ്റിന്‍റെ ശവകുടീരത്തിൽ സ്വാധീനം പ്രകടമാവുന്ന പ്രൗഢമായ കെട്ടിടമായിരുന്നു അദ്ദേഹത്തിന്റെ മഖ്‌ബറ.
‘തൂസ്’ ഒരുകാലത്ത് ഖുറാസാന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായിരുന്നു. കവികളും, സൂഫികളും, ബഹുമുഖ പ്രതിഭകളും കൊണ്ട് തൂസ് പ്രശോഭിച്ചു. ജാബിര്‍ ബ്നു ഹയ്യാം, അസ്ദീ തൂസി, നിളാമുൽ മുൽക്, ഇമാം ഗസ്സാലി തുടങ്ങിയ പ്രശസ്തർ ഇവിടെ നിന്ന് ലോകത്തോളം ഉയര്‍ന്നു. ഇസ്‌ലാമിക ലോകത്തേക്കുള്ള മംഗോളിയൻ അധിനിവേശത്തിലകപ്പെട്ട് തൂസ് ചരിത്രത്തിൽ തന്റെ നിര്‍ഭാഗ്യത്തിന്‍റെയും ഭാഗദേയം വഹിച്ചു. ചെങ്കിസ്ഖാന്റെ സൈന്യം തൂസിനെ ചവിട്ടി മെതിച്ചു കടന്നുപോയി. തൂസിന്റെ പൂന്തോട്ടങ്ങളും സംസ്കൃതിയും ആ കുതിരക്കുളമ്പടികള്‍ക്ക് കീഴിൽ ഞെരിഞ്ഞമര്‍ന്ന് തീര്‍ന്നു. ഞാന്‍ തൂസിൽ നിന്ന് തിരിക്കുന്നതിന് മുമ്പ് പുതുതായി ഖനനം ചെയ്യപ്പെട്ട ഒരു മദ്രസക്കരികിലേക്ക് പോയിരുന്നു. അവിടെ 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മംഗോളിയരുടെ തീവെപ്പിന്റെ ചാരം എനിക്ക് കാണാന്‍ സാധിച്ചു. ചരിത്രകാരന്മാര്‍ പറയുന്നത് ഈ തൂസ് നഗരം പഴയ നഗരത്തിന്റെ അംശത്തിന്റെ അംശമാണെന്നാണ്. ഞാനിതിനോട് പൂര്‍ണ്ണമായി യോചിക്കുന്നു. തൂസ് ഇന്ന് സങ്കടം നിറഞ്ഞതും ഇരുളടഞ്ഞതുമായ പ്രദേശണ്. ആ പ്രദേശവാസികള്‍ സങ്കടം നിറഞ്ഞ കണ്ണുകൾ കൊണ്ടും കുലീനമായ ജീവിതം കൊണ്ടും ആ ഓർമകളെ നിലനിർത്തുന്നു. ഞാന്‍ ഫിര്‍ദൗസിയുടെ മഖ്‌ബറ ചുറ്റിക്കണ്ട് കുറച്ച് ഫോട്ടോകളെടുത്ത് പുറത്തിറങ്ങി. ഇമാം ഗസ്സാലിയുടെ മഖ്‌ബറ അടുത്ത് തന്നെയാണ്.
ഞാന്‍ തുടര്‍യാത്രക്ക് ഡ്രൈവര്‍ക്ക് സൂചന നൽകി.
നമുക്ക് പോകാം (‘Bayreem‘)
എങ്ങോട്ട്? (‘Koja?’)
ഇമാം ഗസ്സാലിയുടെ മഖ്ബറയിലേക്ക് (‘Iramga Imam Al-Ghazali’)
ഒരു പ്രശ്നമുണ്ടായിരുന്നു. എന്റെ സുഹൃത്തിന്ന് ഗസ്സാലി ഇമാമിന്റെ മഖ്‌ബറ എവിടെയെന്ന് അറിയില്ല. പക്ഷെ, എനിക്കറിയാമായിരുന്നു. ആദ്യമേ ഗൂഗിള്‍ മാപ്പിൽ ഞാന്‍ ആ സ്ഥലം ഫേവറൈറ്റായി അടയാളപ്പെടുത്തിയിരുന്നു. പക്ഷെ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഇന്‍റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നില്ല. ഇവിടെ നിന്ന് 15 മിനുറ്റ് ദൂരം കാണും, ഞാൻ ഓർത്തെടുത്ത്. ഫോണ്‍ ഡ്രൈവർക്ക് കൈമാറിയെങ്കിലും അയാളത് നോക്കാന്‍ വിസമ്മതിച്ചു. തന്റെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് ജി.പി.എസ് അല്ല ഒരു മനുഷ്യനാണ് അറിയിച്ചുതരേണ്ടത് എന്ന് വിശ്വസിക്കുന്ന വ്യക്തിയായിരുന്നു അയാള്‍. അദ്ദേഹം ഒരുപാട് പേരോട് ചോദിക്കുന്നത് ഞാന്‍ നോക്കിനിന്നു. പക്ഷെ ആര്‍ക്കും ഇമാം ഗസ്സാലിയെക്കുറിച്ച് അറിയുമായിരുന്നില്ല. എനിക്ക് തെറ്റുപറ്റിയോ? എനിക്കും സംശയം തോന്നിത്തുടങ്ങി. തീര്‍ച്ചയായും ഇതുപോലെ ആള്‍താമസമില്ലാത്തിടത്ത് ഇമാം ഗസ്സാലി എങ്ങനെ മറവ് ചെയ്യപ്പെടും? ഇവിടത്തുകാര്‍ക്കെന്നെ അവിടെ എത്തിച്ചുതരാന്‍ കഴിഞ്ഞില്ലെങ്കിൽ ഈ ഫോണെങ്ങനെ എന്നെ അവിടെ എത്തിക്കും? ഞാൻ നിരാശനായിത്തുടങ്ങിയിരുന്നു.
തുടർന്ന് വായിക്കുക: ഗസ്സാലി ഇമാമിന്റെ മഖ്ബറയും തേടി – 2
വിവർത്തനം: മിൻഹാജ് കമ്പളക്കാട്
Featured Image by Steven Su
Comments are closed.