[ഇമാം ഗസ്സാലി (റ)യുടെ മഖ്‌ബറയിലേക്ക് അഫാഖ് അലി നടത്തിയ യാത്രയുടെ തുടർച്ച. ആദ്യ ഭാഗം: ഗസ്സാലി ഇമാമിന്റെ മഖ്ബറയും തേടി; ഇറാനിന്റെ മറവികളിലൂടെ ഒരു യാത്ര]

“നമുക്ക് പോകാം”
ഡ്രൈവര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല.
അടുത്തുണ്ടായിരുന്ന സത്രമുടമക്ക് ഗസ്സാലി ഇമാമിന്റെ ഖബറിടം അറിയാമായിരുന്നു. അദ്ദേഹം എന്റെ സുഹൃത്തിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നൽകി. എനിക്ക് തെറ്റിയിരുന്നില്ല എന്നറിഞ്ഞപ്പോൾ ആശ്വാസമായി. ഞങ്ങൾ രണ്ടുപേരും വാഹനത്തിലേക്ക് ചാടിക്കയറി. ആവേശത്തോടെ വഴികൾ പിന്നോട്ട് ചലിക്കുന്നതും നോക്കി ഞാൻ നിശബ്ദനായി ഇരുന്നു. കയറിയും ഇറങ്ങിയും വളഞ്ഞും തിരിഞ്ഞും ഞങ്ങൾ ആ പാതയുടെ അവസാനത്തിലെത്തി. അവിടന്നങ്ങോട്ട് ചളി നിറഞ്ഞ മണ്‍റോഡായിരുന്നു. റോഡിനിരുവശങ്ങളും വൈക്കോൽ മേഞ്ഞ വീടുകള്‍ നിരയിട്ടു. നമ്മളിതെവിടെയാണ്? ഇതാണോ ഇമാം ഗസ്സാലിയുടെ അരികിലേക്കുള്ള പാത? ഞങ്ങൾ രണ്ട്പേരും പരസ്പരം നോക്കി.

ഞാനെന്റെ ഡ്രൈവറെ നിരീക്ഷിച്ചു. അദ്ദേഹം ആലോചനയിലായിരുന്നു. അതേ ഇതാണ് ഇമാം ഗസ്സാലിയുടെ അരികിലേക്കുള്ള വഴി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നാട്ടിൽ എത്തിച്ചേരണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിത്. അവിടെ നിന്ന് നടക്കാനും ഞാൻ തെയ്യാറായിരുന്നു. ഈ മഹാന്റെ അനുഗ്രഹം മൂലം ഒരുപാട് നാടുകൾ സന്ദർശിക്കുകയും സൂഫികളെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഈ യാത്ര തനതായ വേറിട്ട അനുഭവമായിരിക്കണം എന്നെനിക്ക് തോന്നി. ആഴ്ച്ചകള്‍ക്ക് മുമ്പ് ഞാന്‍ ശീറാസിലായിരുന്നു. ദര്‍വീശുകള്‍ക്കും, കവികള്‍ക്കുമൊപ്പം അവിടെ സമയം ചിലവഴിച്ചു. പല പൂന്തോട്ടങ്ങളും പർവ്വതങ്ങളും ഞാൻ കയറിയിറങ്ങി. അവിടങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകൾ കഴിഞ്ഞു കടക്കേണ്ടിയിരുന്നു. പക്ഷെ, ഇവിടെ ഞാൻ ഒറ്റക്കാണ്. തൂസിലെ ഈ ഒഴിഞ്ഞ പ്രദേശത്ത് ഞാനാരാണെന്നോ എവിടെ നിന്നാണെന്നോ എന്തിനാണെന്നോ ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാൻ ഇറങ്ങി നടക്കാൻ തീരുമാനിച്ചു.

പുറം ലോകത്തെ കുറിച്ചുള്ള ആകുലതകൾ, പലപ്പോഴും നമുക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത രീതിയിൽ, നമ്മെ ആന്തരിക ചോദ്യങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്നുണ്ട്. ഒരുപാട് മുമ്പുതന്നെ കാഴ്ച്ചക്കപ്പുറത്തുള്ള ലോകത്തെ കുറിച്ചുള്ള എന്റെ അന്വേഷണം ഞാന്‍ അവസാനിപ്പിക്കുകയും ബൗദ്ധികതയിൽ മാത്രം വിശ്വസിക്കുവാനും തുടങ്ങിയിരുന്നു. അളവുകളും, രൂപങ്ങളുമുള്ള ശാസ്ത്രീയമായ കാര്യങ്ങളിൽ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. അതെല്ലാം യാഥാര്‍ത്ഥ്യവും അനുഭവേദ്യവുമാണ്. എന്നാൽ ഈ അതിഭൗതികതയും ആത്മീയതയും യാഥാര്‍ത്ഥ്യമാണോ? മുഹമ്മദ് (സ) ചിറകുള്ള കുതിരകള്‍ക്കു മുകളിൽ സഞ്ചരിക്കുകയോ? ഒരു ജിബ്രീലും എന്റെ അടുത്തേക്ക് വരുന്നില്ല, എന്നിട്ടും ഞാൻ വായിക്കുകയും അറിയുകയും ചെയ്യണമെന്ന് പറയുന്നത് എത്രമാത്രം ശെരിയാണ്? ജ്ഞാനോദയാനന്തര കാലഘട്ടത്തിലെ ഏതൊരാളെയും പോലെ വൈരുദ്ധ്യങ്ങൾക്കകത്ത് ഉഴലുകയായിരുന്നു ഞാനും. ഗോയ്ദേയും, ലൂക്കോയും എന്റെ ജീവിതഭാഗമായിരുന്നപ്പോള്‍ തന്നെ മുഹമ്മദ് ഇഖ്ബാലും ബാബാ ഫരീദുദ്ദീനും (ഫരീദുദ്ദീന്‍ ഖന്‍ജഷ്കര്‍) എന്റെ ഹൃദയം കവര്‍ന്നിരുന്നു. ആ നിമിഷങ്ങളി എന്റെ അധരങ്ങള്‍ ഏറ്റവും നല്ല ഖുര്‍ആനിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വേണ്ടി കൊതിച്ചു. യൂറോപ്പിന്‍റെ ചരിത്രവും സംസ്കാരവും പറഞ്ഞുകൊണ്ട് ഒരു ഇംളീഷുകാരനോട് സംവാദം നടത്താനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ യൂറോപിന്റെ ഇരുണ്ട കാലത്തിനപ്പുറത്തേക്ക് യാത്ര ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. രണ്ട് മഹാസംസ്കാരങ്ങള്‍ കൈകൊണ്ട ഒരു മുസ്‌ലിമാണെങ്കിലും ഏറ്റവും വൈകാരികമായ സ്നേഹത്തെക്കുറിച്ച് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള പൂര്‍ണ്ണമായ ഉത്തരമായിരുന്നു ഇമാം ഗസ്സാലി.

മഖ്‌ബറ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ട്

കഴിഞ്ഞ രണ്ടു ദശവർഷങ്ങൾ ഞാൻ പലതിന്റേയും സന്തോഷങ്ങളുമായി ചെലവഴിച്ചു. പള്ളിയുടെ ചുമരുകളിൽ കണ്ടിരുന്ന ആ വലിയ പ്രതാപത്തെ സന്ദർശിക്കാനായി ഞാൻ ഇറാനിലേക്ക് കുതിച്ചു. ഞാൻ എവിടെയെല്ലാമാണ് ദൈവത്തെ തിരഞ്ഞതെന്ന് ചോദിച്ചാൽ എന്റെ കാലുകൾ അതിന് സാക്ഷിയാവും എന്ന് ഞാൻ വിശ്വസിക്കുന്നു. ദിവസവും നടത്തിയ യാത്രകളെക്കുറിച്ച് അവ എനിക്ക് വേണ്ടി സംസാരിക്കും. ഞാൻ അവന്റെ വീടിനകത്തേക്കും പുറത്തേക്കും ഒരു ആസക്തനെപ്പോലെ നടന്നിട്ടുണ്ട്. എന്നെപ്പോലുളള ഒരാൾക്ക് ഇതൊരു അസാധാരണ സംഗതിയാണ്. എനിക്ക് മുഷിഞ്ഞ വസ്ത്രങ്ങൾ ഇല്ല, ഞാനൊരു ഫക്കീർ അല്ല, ഞാനൊരു മദ്രസയിലും ചേർന്നിട്ടില്ല. എന്നിട്ടും ഞാൻ എല്ലാ ദിവസവും വാതിൽ മുട്ടി കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ഇന്നെങ്കിലും നിന്റെ കൂട്ടിയണക്കൽ അനുഭവിക്കാനാവുമെന്ന പ്രതീക്ഷയിൽ ഒരു പ്രാവശ്യം കൂടി ഇതാ ഞാൻ ഒരുങ്ങുകയാണ് അല്ലാഹുവേ. ഈ പ്രയത്നം നിന്നിലേക്കുളളതും ആത്മാർത്ഥമായ ഉദ്ദേശ്യം ഉള്ളതും, ഫലപ്രദവും ആക്കേണമേ. മുന്നോട്ട് ഗമിക്കുന്നതും തിരിഞ് നടക്കാത്തതും സമ്പൂർണവും നിലനിൽക്കുന്നതുംആകേണമേ. മൃദുവായി കാൽപാദം വെച്ച് ഞാനിറങ്ങട്ടെ. പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള ശക്തി നീ നൽകേണമേ.

ഞാൻ പിറകിലേക്ക് നോക്കി. യാത്രാസംഘം അപ്രത്യക്ഷമായിട്ടുണ്ട്. ഞാൻ ശരിക്കും തനിച്ചായി. അൽപം മുമ്പ് അതുവഴി കടന്നുപോകുന്ന ആട്ടിടയനെയും ആട്ടിൻകൂട്ടത്തെയും ഞാൻ കണ്ടിരുന്നു. ഒരുപ്രാവശ്യം കൂടി നോക്കിയപ്പോൾ അയാൾ ചക്രവാളത്തിന്റെ അപ്പുറത്തേക്ക് മറഞ്ഞിരുന്നു. മുന്നോട്ടു നടന്നപ്പോൾ ഇമാം ഗസാലിയുടെ വിശ്രമ സ്ഥലത്തെ സംരക്ഷിക്കുന്ന മതിൽ ശ്രദ്ധിയിൽ പെട്ടു. ‘കല്ലുപാകിയ കബറിലേക്ക് കയറി ഇമാമിന്റെ കാൽപാദത്തിന്റെ സ്ഥലം നിർണയിച്ച് ഞങ്ങൾ ഇരുന്ന് പരസ്പരം സംസാരിക്കും’ ഞാൻ മനസ്സിൽ പറഞ്ഞു.

എന്നെ ഒരു ശൂന്യത വന്ന് വലയം ചെയ്തു. ഞാൻ ആഗ്രഹിച്ചിരുന്നതും അത് തന്നെയായിരുന്നു. ഈ പൊടിനിറഞ്ഞ മഖ്ബറയിൽ കാൽ സ്പർശിച്ചപ്പോൾ എനിക്കൊരു ആത്മീയ ഉണർവും അനുഭവപ്പെട്ടില്ല എന്നതാണ് വാസ്തവം. ഞാൻ ഇതിനുവേണ്ടി ഒരുങ്ങിയിട്ടുണ്ടായിരുന്നു. ഇമാം ഗസ്സാലി ഒരു പ്രവാചകൻ അല്ല ( മുഹമ്മദ് നബിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടായിരുന്നുവെങ്കിൽ അത് ഇമാം ഗസ്സാലി ആയിരിക്കും എന്ന് ചിലർ പറയുന്നുണ്ടെങ്കിലും) അദ്ദേഹം വലിയൊരു പ്രതിഭാശാലിയും ഈശ്വരഭക്തിയുള്ള വ്യക്തിയുമായിരുന്നു. തന്റെ ഹൃസ്വമായ ജീവിതത്തിൽ അദ്ദേഹം നേടിയത് ആയിരം വർഷത്തോളം ഇസ്‌ലാമിക ലോകത്തെ മുഴുവനായും കുലുക്കാൻ പോന്നതായിരുന്നു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നമ്മുടെ തെറ്റിന് മേൽ വെളിച്ചം വീശുന്നതും, ഹൃദയത്തിന്റെ രോഗങ്ങളെ മനസ്സിലാക്കിത്തരുന്നതുമായിരുന്നു. ആത്യന്തികമായി നമ്മുടെ സ്വന്തം നാശകാരണമായ അഹങ്കാരത്തിൽ നിന്നും നമ്മളെ സംരക്ഷിക്കാനുള്ള കാര്യങ്ങളായിരുന്നു അവ. അദ്ദേഹത്തിന്റെ ജീവിതവും ഇസ്‌ലാമിനുള്ള സംഭാവനയും അതായിരുന്നു. അദ്ദേഹത്തെ ഒരുതരത്തിലും പ്രവാചകനായി ഞാൻ കാണുന്നില്ല. അതുപോലെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ മുട്ടുകുത്തുകയും തേങ്ങിക്കരയുകയും ചെയ്യുകയില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ എനിക്ക് എന്നെത്തന്നെ തടഞ്ഞു നിർത്താനായില്ല.

മശ്‌ഹദിൽ ഞാൻ രണ്ട് പ്രാവിശ്യം ഇമാം രിളയുടെ കാൽപാദത്തിനരികിൽ നിന്നിട്ടുണ്ട്. പ്രവാചകരുടെ രക്തത്തിൽ പിറന്നവരാണ് അദ്ദേഹം. സ്നേഹവും വിശ്വാസവും മനുഷ്യനെ ദുർബലമാക്കുന്നത് ഞാനിവിടെ കണ്ടിരുന്നു. ഇതൊക്കെ അല്ലാഹുവിനോടുള്ള സ്നേഹം തന്നെയാണോ? ദൃഢമായ വിശ്വാസത്തിന്റെ ഭാഗമാണോ? അതോ വെറുതെ ഒരു പ്രകടനം മാത്രമോ? ക്ഷുബ്ധമായ സാഗരത്തിലകപ്പെട്ട ഒരു ചെറിയ ബോട്ട് പോലെ ഞാൻ ആടിയുലഞ്ഞു. ചുറ്റുമുളളവർ ആ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ആനന്ദം കണ്ടെത്തുന്നതായി തോന്നി. അത്തരത്തിലുള്ള മതപരമായ തീക്ഷ്ണ വികാരങ്ങൾ എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഞാനെന്റെ ആശ്ചര്യം മറച്ചുവെക്കുകയും നിരീക്ഷണം തുടരുകയും ചെയ്തു. അവിടെ മന്ത്രങ്ങളും, അട്ടഹാസങ്ങളും നടക്കുന്നുണ്ടായിരുന്നു, അവയെല്ലാം എങ്ങിനെയാവും അവരെ സഹായിക്കുന്നത്? ഈ തീർത്ഥാടകർ കാണിക്കുന്നതെല്ലാം വ്യാജ പ്രകടനങ്ങളാവുമോ? ചെറുപ്പക്കാരും, വൃദ്ധരും, കരുത്തരും, ദുർബലരുമായ തീർത്ഥാടകർ ഇമാം രിളയുടെ ദർഗയുടെ ഗ്രില്ല് മത്സരിച്ച പിടിക്കുകയും ചെറിയ സ്പര്ശനം പോലും അവരുടെ വിശപ്പാടക്കുമെന്ന രീതിയിൽ ഗാഢമായി ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ചുറ്റും നോക്കിക്കൊണ്ടിരുന്നു. പക്ഷെ അവിടെയാരും കണ്ടിരിക്കാൻ വന്നതായിരുന്നില്ല. അവർ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ എത്തിയതായിരുന്നു.

ഇമാം എന്ന നിലയിലല്ലെങ്കിലും പ്രവാചകന്റെ കുടുംബാംഗമെന്ന നിലയിൽ ഇമാം രിളയെ സ്നേഹിക്കുകയുംആദരിക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷെ അങ്ങനെ കരച്ചിൽ വരുന്ന കൂട്ടത്തിലായിരുന്നില്ല ഞാൻ. ഗ്രില്ലിന്റെ മുകൾഭാഗത്ത് ചുണ്ടുകൾ വെക്കാൻ ഞാൻ മറ്റുള്ളവരുമായി മത്സരിക്കണം, ഈ സാഗരത്തിലേക്ക് എന്റെ കാൽപാദങ്ങൾ ആഴത്തിലിറക്കി എന്റെ വിശ്വാസം പ്രദർശിപ്പിക്കണം എന്നെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ ഞാൻ അവിടെനിന്നും പുറത്തിറങ്ങി. എന്റെ പോരായ്മകൾ മറ്റുളളവർക്ക് മനസ്സിലായി എന്നെനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഈ തീർഥാടകരുടെ വിശ്വാസത്തിനടുത്ത് പോലും നിൽക്കാൻ അവകാശമില്ലാത്തവനാണ് എന്നോർത്ത് എനിക്ക് ലജ്ജ തോന്നി. സത്യത്തിൽ കാഴ്ച്ചകൾ കാണാൻ വേണ്ടി മാത്രം വന്ന കേവലം ഒരു വിശ്വാസിയായ ടൂറിസ്റ്റ് മാത്രമായിരുന്നു ഞാനാവിടെ. സ്വർണ്ണവും, കണ്ണാടിയും, പച്ചയും പകിട്ടേറിയ മങ്ങിയ പ്രകാശവുമെല്ലാം കൗതുകമുള്ള കാഴ്ച്ചയായിരുന്നു അവിടെ ഒരുക്കിയത്.

മഖ്‌ബറയുടെ കവാടം

എന്നാൽ ഗസ്സാലി ഇമാമിന്റെ അരികിൽ എനിക്ക് കരച്ചിലടക്കാനായില്ല. എന്റെ കാൽപാദം കബറിലേക്ക് ഇറക്കിവെച്ച് ഞാൻ തേങ്ങിക്കരഞ്ഞു. കൈകൾ കൊണ്ട് മുഖം പൊത്തി കണ്ണുകളടച്ച് വിതുമ്പി. അദ്ദേഹത്തെ ഒരിക്കൽ പോലും ഓർക്കാതെ ഒരുപാട് കാലം ഞാൻ ജീവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിലേക്ക് വന്നിരിക്കുകയാണ്. ഞാൻ ഇമാം ഗസ്സാലിയുടെ ശിഷ്യൻ അല്ല. എന്നിട്ടുമെന്തിനാണദ്ദേഹം എന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത്? എന്തിനാണ് ആരെങ്കിലും എന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത്?

മനസ്സിന്റെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ നിയന്ത്രിക്കൽ ദുഷ്കരമാണ്. ചിലരെങ്കിലും അത് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലായിരിക്കാം. അവർ ഭാഗ്യവാന്മാരാണ്. രണ്ടുമാസത്തെ ചുറ്റിത്തിരിയലിന് ശേഷമാണ് ഞാൻ ഇവിടെയെത്തുന്നത്. ഇമാം വിട പറഞ്ഞിട്ട് കാലമൊരുപാടായി. ഞാൻ ഇരിക്കുന്ന പാറയും കബറും ഇപ്പോൾ ശൂന്യമാണ്. അദ്ദേഹത്തിന്റെ കബർ തകർത്തതിന്നും തുടർന്നുണ്ടായ അവഗണനക്കും ചരിത്രകാരന്മാർ കുറ്റം ആരോപിക്കുന്നത് മംഗോളിയന്മാരെയാണ്. ഖുറാസാൻ ഭൂമിയെ തകർത്തെറിഞ്ഞ മംഗോളിയൻ തീക്കാറ്റ് മനുഷ്യ മനസ്സിൽ നിന്നും ഗസ്സാലി ഇമാമിന്റെ വിശ്രമസ്ഥലത്തിന്റെ അടയാളങ്ങളും തകർത്തിരിക്കുന്നു. ഇനിയും അദ്ദേഹം എവിടെയാണ് വിശ്രമിക്കുന്നത് എന്ന് ആരും അറിയാതെ പോവാം. സഹജമായ മൂല്യങ്ങൾ മഖ്ബറകൾക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം അവ പരിമിതമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് ഉള്ളതാണ്. ത്യാഗ ജീവിതം നയിച്ച ഗസ്സാലി ഇമാമിന്റെ സാഹചര്യം എടുക്കുമ്പോൾ, ദീർഘകാലം പ്രശസ്തി ആഗ്രഹിക്കാതെ ജീവിച്ച ഒരു മനുഷ്യന് ഈയൊരവസ്ഥ വന്നുചേർന്നത് എന്ന ആലോചന എന്നിലുണ്ടാക്കിയ ചിരി ഉടനെത്തന്നെ ദീർഘമായ കരച്ചിലിന് വഴിമാറി. ഞാൻ ഫാത്തിഹ സൂറത്ത് നിരവധിതവണ ഓതുകയും നിശബ്ദമായി ഇരിക്കുകയും ചെയ്തു. അവിടെ ഞാനും ഇമാമും തനിച്ചായിരുന്നു. അദ്ദേഹത്തെ ഓർക്കുന്ന എല്ലാ മനസ്സുകളും, അദ്ദേഹത്തെ അന്വേഷിക്കുന്ന എല്ലാ കണ്ണുകളും, അദ്ദേഹത്തിൽ നന്മ കണ്ടെത്തുന്ന എല്ലാ ഹൃദയങ്ങളും മരിച്ചുപോയിട്ടുണ്ട്. ഇപ്പോൾ ഇമാമിന്റെ സമാധാനം ഇല്ലാതാക്കാൻ ഒരു മംഗോളിയനോ, ഒരു മുസ്‌ലിമിനോ, ഈ ഒറ്റപ്പെട്ട സന്ദർശകന് പോലുമോ സാധ്യമല്ല. ഉന്നതമായ സ്വർഗം കൊണ്ട് അള്ളാഹു ഇമാമിനെ അനുഗ്രഹിക്കട്ടെ.

ആ പ്രദേശത്തെവിടെയും ഇമാമിന്റെ സാന്നിധ്യം അടയാളപ്പെടുത്തതാണ് ഒരു വെളിച്ചം പോലുമില്ലായിരുന്നു. അവിടെ പൂന്തോട്ടങ്ങളോ, രാപ്പാടികളോ, തീർഥാടകറോ ഉണ്ടായിരുന്നില്ല. ഈ സ്ഥലത്തെ സംരക്ഷിക്കാൻ പോലും ഒരാളുമില്ല. അവിടെയെങ്ങും ചളി മാത്രം കെട്ടിക്കിടന്നു. ഇവിടെ സംഭവിക്കാൻ ഒരത്ഭുതവുമില്ല. പിടിച്ചു വലിക്കാനും ചുംബിക്കാനും ഒരു ഗ്രില്ലുകളുമില്ല. നിർവഹിക്കാൻ എന്തെങ്കിലും ഒരു ആചാരമോ നിലവിളിയോ ഒന്നുമില്ല. മാർബിൾ പാകിയ പള്ളികളോ, ചുറ്റിനിൽക്കുന്ന നഗരമോ അവിടെ ഉണ്ടായിരുന്നില്ല. ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല ഞാൻ വന്നത് എങ്കിലും എന്റെ വ്യഥകൾ ഒരോന്നായി കെട്ട് പോകുന്നതായും പ്രതീക്ഷയുടെ കിരണങ്ങൾ പ്രകാശിക്കുന്നതായും അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ കരങ്ങൾ ഞാൻ മുറുക്കി പിടിച്ചു. വിരലുകൾ ഓരോന്നായി ഞാൻ ചുംബിച്ചു. ആ കരങ്ങൾ എന്റെ മുഖത്തേയ്ക്ക് അടുപ്പിച്ച് എന്റെ കണ്ണുകൾ അടച്ചു. അപ്പോഴും പ്രകാശം ഉള്ളിൽ കയറി കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഒരുപാട് അലഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്കാവശ്യം വിശ്രമാണ്. ഇതൊരു അവസാനം അല്ലെന്ന് എനിക്ക് വിശ്വസിക്കേണ്ടിയിരുന്നു.

മശ്‌ഹദിലേക്കുള്ള മടക്കയാത്ര ശാന്തമായിരുന്നു. വണ്ടി ഒരു പുരാതന ഒരു ശവക്കല്ലറയുടെ അരികിലൂടെ കടന്നുപോയി. ഇറാനിയൻ ഗവൺമെന്റെ വാദിക്കുന്നത് അതാണ് ഇമാം ഗസ്സാലിയുടെ ദർഗ എന്നാണ്. ഗവണ്മെന്റ് അവകാശവാദത്തിന്റെ സ്രോതസ്സുകൾ ദുർബലമാണെന്ന് മാത്രമല്ല ഒരു അറിയപ്പട്ട ചരിത്രകാരനും അതിനെ പിന്തുണക്കുന്നില്ല. തീകൊളുത്തിയത് മംഗോളുകളാണെങ്കിലും ആ പേര് നമ്മുടെ ഹൃദയത്തിൽ നിന്നും തുടച്ചുനീക്കിയത് നമ്മൾ തന്നെയാണ്.

വണ്ടി വേഗത കൂടുകയും ഞങ്ങൾ തൂസ് വിടുകയും ചെയ്തു. ചെറുതായി ആടികൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് ഞാൻ സാവധാനം ഉറക്കത്തിലേക്ക് വീണു. തൂസ് അപ്രത്യക്ഷമായി. മൃദുവായ സന്ധ്യാസൂര്യൻ ഞങ്ങളെ സ്വാഗതം ചെയ്തു. “അലി, അലി” ടാക്സി ഡ്രൈവർ എന്നെ വിളിച്ചുണർത്തി “ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ ” ക്ഷീണിച്ച ചിരിയോടു കൂടി എണീറ്റ് ഞാൻ അയാളെ നോക്കി. “സഹോദരാ ഞാൻ എന്റെ ജീവിതം മുഴുവൻ മശ്‌ഹദിലാണ് ജീവിച്ചത്. എന്നിട്ടും അൽ ഗസ്സാലിയുടെ ഖബർ ഇവിടെയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സത്യം പറയൂ, താങ്കൾ ഇമാം റളയുടെ അടുത്തേക്ക് വന്ന തീർത്ഥാടകനോ, പള്ളികൾ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറോ അല്ല. നിങ്ങളൊരു ചരിത്രകാരനോ മറ്റോ ആണോ? ഞാൻ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞത് അംഗീകരിച്ചു. എന്ത് വ്യത്യാസമാണ് അത് ഉണ്ടാക്കിയത്? എന്നെ നല്ല രൂപത്തിൽ മനസ്സിലാക്കാൻ ഈ കളവ് അയാളെ സഹായിച്ചിട്ടുണ്ടാകാം. ഞാനിവിന്റെ വന്നത് എനിക്ക് തന്നെ അറിയാത്ത കാരണത്തിന് വേണ്ടിയാണ് എന്ന് അയാൾക്ക് മനസ്സിലായിക്കാണണം.

ആ യാത്ര സംഘത്തോടൊപ്പമുള്ള യാത്ര അതിരാവിലെ തുടങ്ങിയത് പോലെത്തന്നെ വലിയ ട്രാഫിക്കിലാണ് ചെന്നവസാനിച്ചത്. ഇമാം റളയുടെ മന്ദിരത്തിൽ നിന്നും ഒരു മൈൽ അകലെയായി ഞാൻ ഇറങ്ങി. സ്വർണ്ണത്തിന്റെ ഗോപുരം അവിടെ നിന്ന് തന്നെ കാണാമായിരുന്നു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് ഡ്രൈവറുടെ കൈ മുറുകെപ്പിടിച്ചു. രണ്ടുപേർക്കും ഇതൊരു സാധാരണ ദിവസം അല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അയാൾ വിടർന്നു ചിരിക്കുകയും ഒരിക്കൽ കൂടി കൈ പിടിക്കുകയും ചെയ്തുകൊണ്ട് കൊണ്ട് പറഞ്ഞു “ഖുദാ ഹാഫിസ്” (താങ്കളുടെ മേൽ അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാവട്ടെ)


വിവർത്തനം: ഫാളിൽ അബ്ദുൽ അസീസ്‌
Featured Image by Mahkeo

Courtesy: Sacredfootsteps

Comments are closed.