ഇസ്‌ലാമും ആതിഥേയത്വവും, അധ്യായം ഏഴ്

ആത്മീയത എന്നത് ഏകാന്തതക്കും – ഒറ്റപ്പെടലിനും, ശത്രുതക്കും – ആതിഥേയത്വത്തിനും, മിഥ്യാബോധത്തിനും – പ്രാർത്ഥനക്കും ഇടയിലുള്ള നിരന്തരമായ യാത്രകളാണ് എന്ന് എഴുപതുകളിൽ ഹെൻറി നൗവെൻ എഴുതുന്നുണ്ട്. ‘നാം എത്രമാത്രം നമ്മുടെ വേദനാജനകമായ ഒറ്റപ്പെടലും, ശത്രുതയും, മിഥ്യാബോധങ്ങളും തിരിച്ചറിയുന്നുവോ അത്രയും ആഴത്തിൽ ഏകാന്തതയും, ആതിഥേയത്വവും, പ്രാർത്ഥനയും നമ്മുടെ ജീവിതത്തിന്റെ ദർശനമായി കാണുവാൻ നമ്മൾ പ്രാപ്തരായി മാറും’. നൗവെന്റെ അഭിപ്രായത്തിൽ തിരക്ക് പിടിച്ച ജീവിതം നമ്മൾ ഒരിക്കലും അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഏകാന്തതയിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്. ഏകാന്തതയെ മൗലികമായ മനുഷ്യാവസ്ഥയായിട്ടാണ് പല തത്വചിന്തകരും കാണുന്നത്. മനുഷ്യർ അവരുടെ ലൗകികജീവിതത്തിലെ ഓരോ നിമിഷവും ഏകാന്തത അനുഭവിക്കുന്നുണ്ട് എന്ന് റോജർ സ്ക്രൂട്ടൻ എഴുതുന്നുണ്ട്, ‘സൗഹൃദ വലയത്തിന്റെ അഭാവത്തിൽ നിന്നല്ലാതെ തന്നെ രൂപപ്പെടുന്ന ഒരുതരം ഏകാന്തത മനുഷ്യനിലുണ്ട്. ആ വസ്തുതയെ മനസ്സിലാക്കിയ ആത്മജ്ഞാനികൾ അതിനെ മെറ്റാഫിസിക്കൽ തലങ്ങളിലാണ് വ്യാഖ്യാനിച്ചത്. ആത്മബോധമുള്ള വ്യക്തിയും, അവന്റെ ലോകത്തിനും ഇടയിൽ ഉണ്ടാകുന്ന വേർപാട് പ്രകൃതിപരമായ എന്തെങ്കിലും പ്രക്രിയ കൊണ്ട് തരണം ചെയ്യാൻ കഴിയ്യുന്നതല്ല, ദൈവകൃപ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന അഭൗതികമായ ഒരു വിടവാണത്‌’.

ഏകാന്തതയിലേക്കുള്ള വ്യക്തിയുടെ സഞ്ചാരങ്ങളിലാണ് നൗവെൻ മോക്ഷം കണ്ടെത്തുന്നത്. ഈ അർത്ഥത്തിൽ ഏകാന്തത ഒറ്റപ്പെടലല്ല, മറിച്ച് ശാന്തമായ ഒരു ആന്തരിക കേന്ദ്രത്തിൽ നിന്ന് ലോകത്തെ അറിയുവാനും, മനസ്സിലാക്കുവാനും ഉള്ള കഴിവാണ്. അഥവാ ഒരു സവിശേഷമായ അസ്തിത്വത്തിനായി ഹൃദയത്തിൽ ഒരു ഇടത്തെ രൂപപ്പെടുത്തൽ. ഈ ഒരു ബോധ്യത്തിൽ നിന്നാണ് നമ്മുടെ ആത്മീയ ജീവിതം ആരംഭിക്കുന്നത് തന്നെ. അപ്പോൾ ചുറ്റുമുള്ള ലോകത്തിന്റെ ഉത്തേജനങ്ങളെ കാണുവാനും, ആസ്വദിക്കുവാനും നമുക്ക് കഴിയും. ഒപ്പം തന്നെ നമ്മുടെ ഉൾപ്രേരണകളിലേക്കും, അനുബന്ധമായ ആലോചനകളിലേക്കും എത്തിച്ചേരാൻ സഹായിക്കുന്ന സമാധാനപൂർണ്ണമായ ഒരവസ്ഥയും നമുക്ക് ലഭ്യമാവും. അത് ഒരുപക്ഷെ അനിശ്ചിതത്വങ്ങളും വേദനയും സങ്കടകരമായ നിമിഷങ്ങളും ഒക്കെ ഉൾകൊള്ളുന്ന ഒരവസ്ഥയാവാമെങ്കിലും ജീവിതത്തിന്റെ വിശാലമായ അർത്ഥങ്ങളെ പറ്റിയുള്ള തിരിച്ചറിവുകൾ നമ്മെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.

ജീവിതത്തെ അർത്ഥപൂർണ്ണമാക്കുക എന്നതിനർത്ഥം ജീവിതത്തെ വിജയകരമാക്കുക എന്നത് മാത്രമല്ല. രണ്ടും ഒരേപോലെ സാധ്യമാണെങ്കിലും നമ്മുടെ ആന്തരിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനായി ആതിഥേയത്വവും, സ്വീകരണ മനോഭാവവും എത്രമാത്രം പ്രധാനമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കടമകളെ ബുദ്ധിമുട്ടായി കാണുന്ന ഒരു സാംസ്കാരിക പരിസരത്ത് ആതിഥേയത്വവും അത്ര തന്നെ അന്യമായിരിക്കുമെന്ന് കാണാം. അത്കൊണ്ട് തന്നെ ദൈവ-കേന്ദ്രീകൃതമായ ഒരു ജീവിതത്തിൽ നമുക്ക് ചുറ്റുള്ളവരോട് ആതിഥ്യ മനോഭാവം പുലർത്തുക എന്നത് സർവ്വപ്രധാനമാണ്. ആതിഥ്യ മനോഭാവം എന്നതിനെ നിർവചനങ്ങളിൽ ഒതുക്കുന്നതും, അതിന്റെ ഘടകങ്ങളെ പട്ടികപ്പെടുത്തുന്നതും പ്രയാസമാണ് എങ്കിലും, ഒരു വ്യക്തിയിലെ നന്മയെ തിരിച്ചറിയുന്നത് പോലെത്തന്നെ വാക്കുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അത് തിരിച്ചറിയാനാവും. പത്താം നൂറ്റാണ്ടിലെ സൂഫി തത്വജ്ഞാനിയായിരുന്ന ഇമാം അസ്സുലമി അദ്ദേഹത്തിന്റെ കിതാബുൽ ഫുതുവ്വയിൽ ഒരു വിശ്വാസിക്ക് അനിവാര്യമായ സ്വഭാവ ഗുണങ്ങളെപ്പറ്റി എഴുതുന്നുണ്ട്:

  • “സത്യസന്ധനും കൂറുള്ളവനും, മറ്റുള്ളവർക്ക് ആശ്രയവുമാവുക; ഉദാരമതിയാവുക; മനോഹരമായ സ്വഭാവം കാത്ത് സൂക്ഷിക്കുക; ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക; സുഹൃത്തുക്കളെ അപഹസിക്കാതിരിക്കുക, അവരോടൊപ്പം സ്നേഹത്തോടെ കഴിയുക; അപവാദങ്ങൾക്ക് വഴങ്ങാതിരിക്കുക; നല്ലത് മാത്രം ചെയ്യുവാൻ ആഗ്രഹിക്കുക; നല്ലൊരു അയൽക്കാരനാവുക; നല്ലത് സംസാരിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക; വീട്ടുകാരെയും, ആശ്രിതരെയും വേണ്ട വിധം പരിഗണിക്കുക; സേവിക്കുന്നവരെ നന്നായി നോക്കുക, യുവാക്കൾക്ക് വിദ്യാഭ്യാസം നൽകുകയും സത്‌സ്വഭാവം പഠിപ്പിക്കുകയും ചെയ്യുക; മുതിർന്നവരെ ബഹുമാനിക്കുക; വിദ്വേഷങ്ങളിൽ നിന്നും പ്രതികാര മനോഭാവങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക; ജനങ്ങളെ വഞ്ചിക്കുകയോ അനാവശ്യമായി വിമർശിക്കുകയോ അവർക്കെതിരെ സംസാരിക്കുകയോ ചെയ്യാതിരിക്കുക”

സഹാനുഭൂതി ആതിഥ്യ മനോഭാവത്തിന് അത്യന്താപേക്ഷിതമാണ്. അത് ഉണ്ടാകുമ്പോഴാണ് വ്യക്തികൾ എന്ന നിലയിൽ നമ്മൾ വളരുന്നതും നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി ഉണ്ടാവുന്നതും. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു വിദ്യാഭ്യാസ മാർഗം എന്ന നിലയിൽ അറിവിനെ കുറിച്ചും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് അക്കാദമിക് റിസൾട് പോലെ തന്നെ എത്രത്തോളം പ്രധാനമാണെന്നതിനെ കുറിച്ചും ഞാൻ ഒരു പ്രഭാഷണം നടത്തിയിരുന്നു. നല്ല മാർക്ക് നേടുന്നതിലും, ഒരു നല്ല ജോലി ലഭിക്കുന്നതിലും ജീവിത സ്വപ്നങ്ങളും തീരുമാനങ്ങളും ഒക്കെയായി മുന്നോട്ട് പോകുന്നതിലും എന്താണ് തെറ്റ് എന്ന് അന്ന് ഒരു വിദ്യാർത്ഥി ചോദിച്ചിരുന്നു. ഈ ചോദ്യം നിഷ്കളങ്കമാണെങ്കിലും നമ്മളുടെ ആഗ്രഹങ്ങളുടെ പിന്നാലെ മാത്രം പോകുമ്പോൾ ജീവിതത്തിന്റെ ലക്ഷ്യം അത് മാത്രമായി മാറുന്നുവന്നത് പ്രശ്നമാണ്. ദാനശീലത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും രീതിയിൽ നിന്ന് മാറി സ്വന്തത്തെ മാത്രം കേന്ദ്രീകരിക്കാൻ അത് കാരണമാവുന്നു. നമ്മുടെ ആഗ്രഹങ്ങൾക്ക് ഒരു അവസാനം ഉണ്ടാവുകയുമില്ല.

നിത്യ ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങൾക്ക് പവിത്രത നൽകുന്നത് ആതിഥേയത്വമാണ് എന്നതാണ് യാഥാർത്ഥ്യം. ഏകാന്തത അനുഭവിക്കുമ്പോൾ, ദുർബലനായിപ്പോകുമ്പോൾ, സങ്കടകരമായ സാഹചര്യത്തിപ്പോടെ കടന്നുപോകുമ്പോൾ എല്ലാം നാം പലപ്പോഴും ദൈവത്തിലേക്ക് തിരിയാറുണ്ട്, അതോടൊപ്പം തന്നെ മാനുഷികമായ അനുകമ്പയും, സ്നേഹവായ്‌പും മറ്റുള്ളവരിൽ നിന്ന് ആഗ്രഹിക്കുകയും ചെയ്യും. ഒറ്റപ്പെടുകയും, ഭയക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ സങ്കടം മറ്റുള്ളവരെ സമ്പന്ധിച്ചിടത്തോളം പ്രധാനമാണെന്നും, നമുക്ക് വേണ്ടി ആരെങ്കിലും ഉണ്ടാവണമെന്നും നമ്മൾ ആഗ്രഹിക്കും. മറവിയിലേക്ക് പോവുകയും, നമ്മുടെ ഭയങ്ങളെ അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയെ നാം വെറുക്കുന്നുണ്ട്. പ്രാർത്ഥനയും ദൈവവും മാത്രം ആശ്വാസവും, പ്രതീക്ഷയും ആയി മാറുന്ന ആത്മജ്ഞാനികളുടെ ഉയരങ്ങൾ നമുക്ക് എത്തിച്ചേരാൻ കഴിയണമെന്നില്ല.

അതിഥിയാവുന്നതിനേക്കാൾ കൂടുതൽ അതിഥികളെ സ്വീകരിക്കുന്ന ഒരു വീടിന്റെ അന്തരീക്ഷത്തിലാണ് ഞാൻ വളന്നത്. ഭക്ഷണവും, ആതിഥേയത്വവും മുസ്‌ലിം ആവുക എന്നതിന്റെ പ്രകട സ്വഭാവമായാണ് കണക്കാക്കിയിരുന്നത്. പൊതുവെ അതിഥികളായെത്തുന്നത് സുഹൃത്തുക്കളും, കുടുംബങ്ങളും സാംസ്കാരികമായി സമാനമായ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു. അപരിചിതരായ അതിഥികളെ സ്വീകരിക്കുക എന്നത് വിരളമായിട്ടാണ് സംഭവിച്ചിരുന്നത്. എന്തെങ്കിലും വിൽക്കുവാനായിട്ടല്ലാതെ ഇപ്പോൾ അപരിചിതർ വീടിന്റെ വാതിലുകൾ മുട്ടാറില്ല.

എന്റെ ഉപ്പയുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെക്കാമെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വാർധക്യ കാലത്ത് സ്‌ട്രോക് ഉണ്ടാവുകയും പിന്നീട് വർഷങ്ങളോളം അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്തിരുന്നു. വീട്ടിൽ നിന്നും അകലെ ജോലിസ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിന് സ്ട്രോക്ക് അനുഭവപ്പെട്ടത്ത്. ക്രിസ്മസ് അവധിക്കായി വീട്ടിലേക്ക് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായത്. ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന നിലയിൽ ഒരിക്കൽ പോലും അതിന് മുൻപ് എനിക്ക് ഉപ്പയെ കാണേണ്ടിവന്നിട്ടില്ല. അഡ്മിറ്റ് ചെയ്ത ആശുപത്രി, വീട്ടിൽ നിന്ന് ദൂരെ ആയിരുന്നതിനാൽ ഞങ്ങൾ നേരിട്ട പ്രധാന പ്രശ്നം താമസിക്കാനായി ഒരിടം കണ്ടെത്തുക എന്നതായിരുന്നു. ആ പ്രതിസന്ധിഘട്ടത്തിൽ തുടർന്ന് സംഭവിച്ചത് ഒരുപാട് കാലം എന്റെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നതായിരുന്നു. അപരിചിതരിൽ നിന്ന് സംഭവിക്കുന്ന കാരുണ്യ സ്പർശങ്ങൾ എത്രമാത്രം ആശ്വാസകരമാണ് എന്ന് എന്നെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്ക് നമ്മെ നയിക്കുന്ന ഒരു ദൈവിക സമ്മാനമായി നമുക്ക് അത്തരം സഹായങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു.

ആശുപത്രിയുടെ സമീപം അനുയോജ്യമായ താമസ സൗകര്യം സംഘടിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമം കണ്ട് ഞങ്ങൾക്ക് അവിടെ ആരെയും പരിചയമില്ല എന്ന് മനസ്സിലാക്കിയ ഉപ്പയുടെ സീനിയർ ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എനിക്കും, ഉമ്മക്കും വേണ്ടെന്ന് പറയാൻ പറ്റാത്ത അത്ര ആത്മാർത്ഥമായിരുന്നു ആ ക്ഷണം. സമീപത്തുള്ള ഏതെങ്കിലും ഹോട്ടലിൽ താമസിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു എങ്കിലും ആദ്ദേഹത്തിന്റെ വാക്കുകൾ കേവലം താമസ സ്ഥലം എന്നത് മാത്രമായിരുന്നില്ല അർത്ഥമാക്കിയത്. ഉപ്പയുടെ രോഗാവസ്ഥയുടെ സങ്കടത്തിൽ നിന്ന് ഒരു പരിധി വരെ ഞങ്ങളെ തങ്ങിനിർത്തിയത് അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഞങ്ങളോടുള്ള ഇടപെടലുകളായിരുന്നു. പകൽ സമയം ഞങ്ങൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രാർത്ഥനയും സന്ദർശനങ്ങളും സ്വീകരിച്ച് ഉപ്പയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞു, ചിലപ്പോഴൊക്കെ ആശ്വാസത്തിനായി പുറത്തിറങ്ങി നടന്നു. രാത്രി വീട്ടിൽ പാകം ചെയ്ത ഭക്ഷണവും, മനോഹരമായി സജ്ജീകരിച്ച തീൻമേശയും, കാര്യങ്ങൾ സാധ്യമായത്ര ആശ്വാസകരമാക്കാൻ ശ്രമിച്ച ദമ്പതികളും ഞങ്ങളെ കാത്തിരുന്നു. ഒരേസമയം ആത്മീയവും, ഭൗതികവുമായ പിന്തുണയായിരുന്നു അത്. അവർ ഉപാധികളില്ലാതെ നൽകുകയും, ഞങ്ങളത് ഉപാധികളൊന്നുമില്ലാതെ സ്വീകരിക്കുകയും ചെയ്തു. ആതിഥേയത്വത്തിന്റെ ഏറ്റവും ലളിതവും, വൈകാരികവും, ആത്മീയവുമായ പങ്കുവെക്കലായിരുന്നു അത്.

അവരുടെ ആതിഥേയത്വത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങളാണ് ഓർമയിൽ തങ്ങി നിൽക്കുന്നത്. ഓരോ ദിവസവും മേശപ്പുറത്ത് ഒരുക്കി വെക്കുന്ന വ്യത്യസ്തമായ വിഭവങ്ങൾ, വളരെ സൂക്ഷ്മതയോടെ പ്ളേറ്റുകളും തൂവാലകളും ഒരുക്കി വെച്ചിരുന്നത്, എവിടെ നിന്നോ വന്ന ഞങ്ങൾ അവർക്ക് മുന്നിൽ അതിഥികളായി ഇരുന്നത്.. അങ്ങനെ. വളരെയധികം സ്നേഹത്തോടെയും ശ്രദ്ധയോടെയുമാണ് അവർ ഞങ്ങളെ സത്കരിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഞങ്ങൾ മേശക്ക് ചുറ്റും ഇരിക്കുമായിരുന്നു. അവരുടെ അനുകമ്പയും, സംഭാഷങ്ങൾക്കിടയിലെ നുറുങ് തമാശകളും ക്ലേശകരമായ ആ ദിവസങ്ങളെ ആശ്വാസകരവും, പലപ്പോഴും സന്തോഷകരവുമാക്കി മാറ്റി. വ്യത്യസ്തമായ സാംസ്കാരിക പരിസരത്ത് നിന്നാണെങ്കിലും ഞങ്ങൾ പരസ്പരം പങ്കുവെച്ച മുസ്‌ലിം പശ്ചാത്തലം കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാവാൻ സഹായകരമായി. ഹലാൽ എന്ന് ഞങ്ങൾ മനസ്സിലാക്കിയ ഭക്ഷണം ഒരുമിച്ച് കഴിക്കുകയും, ഒരേ രീതിയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഇത്തരത്തിൽ പരസ്പരം പങ്ക് വെക്കുന്ന മൂല്യബോധങ്ങളും വീക്ഷണങ്ങളും സുഹൃത്തുക്കൾ ആകുന്നതിന് മുമ്പും ഞങ്ങൾക്കിടയിൽ ഒരു സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ സത്യത്തിൽ കാരണമായി.

അതിഥിയാവുന്നതിനേക്കാൾ കൂടുതൽ അതിഥികളെ സ്വീകരിക്കുന്ന ഒരു വീടിന്റെ അന്തരീക്ഷത്തിലാണ് ഞാൻ വളന്നത്. ഒരു അതിഥിയും ഇല്ലാതിരിക്കുമ്പോഴും ഭക്ഷണവും, ആതിഥേയത്വവും മുസ്‌ലിം ആവുക എന്നതിന്റെ പ്രകടസ്വഭാവമായാണ് വീട്ടിൽ കണക്കാക്കിയിരുന്നത്. ഇവിടെ അതിഥികളായെത്തുന്ന പൊതുവെ അതിഥികളായെത്തുന്നത് സുഹൃത്തുക്കളും, കുടുംബങ്ങളും സാംസ്കാരികമായി സമാനമായ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ അപരിചിതരായ അതിഥികളെ സ്വീകരിക്കുക എന്നത് വിരളമായിട്ടാണ് സംഭവിച്ചിരുന്നത്. എന്തെങ്കിലും വിൽക്കുവാനായിട്ടല്ലാതെ അപരിചിതർ ഇപ്പോൾ വീടിന്റെ വാതിലുകൾ മുട്ടാറില്ല. ഒരുപക്ഷെ അപരിചിതരെ സത്കരിക്കുകയെന്നത് ആതിഥേയത്വം ഒരു ജീവിതമാർഗമായി സ്വീകരിക്കുന്നവർക്ക് മാത്രമായി ലഭിക്കുന്ന അവസരമായി മാറിയിട്ടുണ്ട്. വീട്ടിൽ വരുന്ന അതിഥികളിൽ അധികവും സുഹൃത്തുക്കളും, മുസ്‌ലിംകളും ആയിരുന്നെങ്കിലും പ്രതിജ്ഞാബദ്ധമായ ആതിഥ്യമനോഭാവത്തിന് സൗഹൃദം സത്യത്തിൽ ഒരു മാനദണ്ഡം പോലുമല്ലെന്ന് നമുക്ക് മനസ്സിലാക്കാനാവും.

ഒരു തലത്തിൽ അതിഥികളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിൽ മതം പ്രധാനമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതായത് ഭക്ഷണ നിയമങ്ങളെയും മറ്റ് ആചാരങ്ങളെയും കുറിച്ചുള്ള പരസ്പരം പങ്ക് വെക്കുന്ന വിശ്വാസങ്ങൾ ആതിഥേയത്വത്തിന്റെ പ്രായോഗിക വശങ്ങളെ അഥവാ കൊടുക്കൽ വാങ്ങലുകളെ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. എന്റെ യൗവ്വനത്തിൽ കുടുംബക്കാർക്ക് വേണ്ടിയും സുഹൃത്തുക്കൾക്ക് വേണ്ടിയും ഭക്ഷണം ഉണ്ടാക്കാനായി ഒരുപാട് സമയം ചിലവഴിക്കുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് മാതാപിതാക്കളിൽ നിന്ന് തന്നെ ആദ്യം കുട്ടികൾ ആതിഥേയത്വത്തിന്റെ മൂല്യബോധങ്ങൾ നേടുന്നതിന്റെയും മൊത്തത്തിൽ ആതിഥേയത്വം എന്ന സങ്കല്പത്തിൽ ഭക്ഷണത്തിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിയുന്നത്. മറ്റുള്ളവരെ ഊട്ടുക എന്നത്, മറ്റുള്ളവരോടുള്ള ഉദാരതയുടെ, നൽകലിന്റെ ഒരു ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ഒരുമിച്ച് തയ്യാറാക്കി പരസ്പരം പങ്ക് വെക്കുന്ന ഭക്ഷണം മഹത്തായ കുടുംബജീവിതത്തിന് വഴിവെക്കുന്നു. വീട്ടിൽ ആളുകൾ ഉണ്ടാവുകയെന്നതും അവർക്ക് വേണ്ടി പാചകത്തിന് സമയം കണ്ടെത്തുകയെന്നതും നമ്മുടെ വൈകാരികവും മാനസികവുമായ തലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആത്യന്തികമായി ഏറ്റവും ലളിതവും അങ്ങേയറ്റം തീവ്രവുമായ ദൈവത്തിന്റെ അനുഗ്രഹം ഭക്ഷണമാണ്. പാരമ്പര്യ നിഷ്ഠകളിൽ ഭക്ഷണം വിശ്വാസത്തിന്റെ അടിസ്ഥാനം കൂടിയാണ്.

  • “എന്താണ് വിശ്വാസമെന്ന് ഒരിക്കൽ നബി(സ)യോട് ചോദിക്കപ്പെട്ടു. “ഭക്ഷണം നൽകലും, അഭിവാദ്യങ്ങൾ പരസ്പരം കൈമാറലും” അവിടന്ന് മറുപടി നൽകി. “പാപ പരിഹാരത്തെയും, സത്‌പ്രവൃത്തികളിൽ ഏറ്റവും നല്ലതിനെക്കുറിച്ചും തിരുനബി പറഞ്ഞു: “രാത്രിയിൽ മറ്റുള്ളവർ ഉറങ്ങുന്ന വേളയിലെ നിസ്കാരവും ഭക്ഷണം നൽകലും”. അനസ് (റ) പറയുന്നു, “അതിഥികൾ പ്രവേശിക്കാത്ത വീട്ടിൽ മാലാഖമാർ പ്രവേശിക്കുകയില്ല”.

അതിഥികളെ സൽക്കരിക്കലും, ആതിഥേയത്വം ജീവിതരീതിയാക്കി മാറ്റലും ഒരുപോലെയല്ല. ആരുടെയെങ്കിലുമൊക്കെ വീട്ടിൽ പ്രവേശിക്കുമ്പോൾ ഞാൻ ഒരു ഖുർആൻ സൂക്തം ഓർക്കാറുണ്ട്. “അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെത് അല്ലാത്ത വീടുകളിൽ അനുവാദം ചോദിക്കാതെയോ, അഭിവാദനം ചെയ്യാതെയോ പ്രവേശിക്കരുത്. അതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്, നിങ്ങൾ സൂക്ഷ്മതയുള്ളവരാകുവാൻ”. (24:27) മറ്റൊരാളുടെ വീട്ടിൽ പ്രവേശിക്കുകയും അവർക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് അഭിവാദനം നടത്തുകയും ചെയ്യുമ്പോൾ ദൈവിക സാന്നിധ്യത്തെക്കുറിച്ചാണ് പെട്ടെന്ന് ഒരാൾ ചിന്തിക്കുക. കേവലം അനുഷ്ഠാനങ്ങളുടെ അതിരുകൾക്കുള്ളിലേക്ക് ഉദാരമതിയാവുന്നതിനെ കുറിച്ചുള്ള മതപരമായ വിശ്വാസത്തെ ചുരുക്കുന്നത് ശരിയല്ല. കാരണം ആതിഥേയത്വം ആവശ്യപ്പെടുന്നത് അപരരെ പറ്റിയുള്ള ചിന്തയും അവരെ ഉൾക്കൊള്ളലുമാണ്. ഇത്തരത്തിൽ ഉൾക്കൊള്ളുക എന്നത് അപരരോടുള്ള കടമയും, അനുകമ്പയും ഉണ്ടാക്കിയെടുക്കുക എന്ന നൈതികമായ ഒരു സ്ഥിതിയാണ്. അത് തീർത്തും ‘ഉണ്മാപരമായ’ (being) മനോഭാവമാണ്, മറിച്ച് അനുഷ്ഠാനപരമായി നമ്മൾ ചെയ്യുന്ന പ്രവൃത്തികളല്ല.

ദൈവശാസ്ത്ര പണ്ഡിതന്മാരുടെ ആതിഥേയത്വത്തെക്കുറിച്ചുള്ള വ്യഹാരങ്ങളിൽ ഊന്നൽ നൽക്കുന്നത് അപരിചിതരും, പാർശ്വവത്‌കൃതരുമായാ അതിഥികൾക്കാണ്. അവർ ക്ഷണിക്കപ്പെടേണ്ടവരും ഭക്ഷണം, സംരക്ഷണം, താമസം എന്നിവ നല്കപ്പെട്ടേണ്ടവരുമാണ്. അപരിചിതർക്ക് നൽകുന്ന ഊന്നൽ അയൽവാസികളോടും നാട്ടുകാരോടുമുള്ള ഉദാസീനത എന്ന അടിയന്തിര യാഥാർഥ്യത്തെ അവഗണിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. നാട്ടുകാർ എന്നത് വിശാലമായ ഒരു ചിന്തയാണ്, അതിന്റെ അടിസ്ഥാനം സാമീപ്യവും പ്രാദേശികതയുമാണ്. നമ്മളിന്ന് അടുത്തുള്ളവരിൽ നിന്നും പ്രാദേശികമായ ആവശ്യങ്ങളിൽ നിന്നും മാറി നിൽക്കുകയും എന്നാൽ തീർത്തും അപരിചിതരായവരുടെ വിദൂരസ്ഥമായ ആവശ്യങ്ങൾക്ക് മുന്നിൽ അറിയാതെ തന്നെ എത്തിപ്പെടുകയും ചെയ്യുന്നു. ആയിരക്കണക്കിന് മയിലുകൾക്കപ്പുറെയുള്ള ക്ഷാമത്തെപ്പറ്റിയും കുടിയൊഴിപ്പിക്കലുകളെ പറ്റിയുമുള്ള പുതിയ പുതിയ വാർത്തകളെക്കുറിച്ച് ക്രിസ്റ്റിനെ പോൾ എഴുതുന്നുണ്ട്. “ദിനേനയുള്ള ഓഫിസിലേക്കുള്ള യാത്രയിൽ കടന്ന് പോകുന്ന ഭവന രഹിതനായ മനുഷ്യനെക്കാൾ, അല്ലെങ്കിൽ രണ്ട് വാതിലുകൾക്കപ്പുറത്തുള്ള പ്രായമായ സ്ത്രീയെക്കാൾ, നമ്മൾ അറിയുന്നത് വംശഹത്യയുടെ ഭാഗമായി കുടുംബം നഷ്ടപ്പെട്ട റുവാൻഡയിലെയോ കൊസോവയിലെയോ വൃദ്ധയെക്കുറിച്ചാണ്.”

യുദ്ധത്തിന്റെ നീതികേടുകൾ, ഏകാധിപത്യം, വംശഹത്യ, തദ്ദേശീയരോടുള്ള അക്രമം, തുടങ്ങിയവയെ സംബോധനം ചെയ്യുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ വൃത്തങ്ങളിൽ, അന്താരാഷ്ട്ര തലത്തിൽ തന്നെ ക്ഷമയെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേല വർണ്ണ വിവേചനത്തിന്റെ നേതാക്കൾക്ക് മാപ്പ് നൽകിയിരുന്നു

നാം സ്നേഹിക്കുന്നവർ, കുടുംബക്കാർ, ബന്ധുക്കൾ തുടങ്ങിയവരോട് ആതിഥ്യമര്യാദ കാണിക്കുക എന്നത് ദുർഭരമായി നമ്മൾ കരുതുന്നു. ഏതൊരാളെയും ഉൾക്കൊള്ളുക എന്നതിന് വലിയ പരിശ്രമം തന്നെ ആവശ്യമാണെന്ന് കാണാം. ആത്മാഭിമാനവും നിർബന്ധ ബുദ്ധിയും ഇതിന് പലപ്പോഴും വിലങ്ങ് തടിയാവുന്നു. സത്യത്തിൽ ഉദാര മനോഭാവത്തിന് ക്ഷമ അത്യന്താപേക്ഷിതമാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് രാജ്യങ്ങൾക്കിടയിലോ വർഗപരമായ സംഘർഷങ്ങൾക്കിടയിലോ പോലെ ഒത്തുതീർപ്പും, ക്ഷമയും കുടുംബങ്ങൾക്കിടയിലും അനിവാര്യമാണ്. ക്ഷമയെപ്പറ്റിയുള്ള ഇസ്‌ലാമിക ചിന്ത നീതിയെ സംബന്ധിച്ചുള്ള സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. നമ്മോട് തെറ്റ് ചെയ്തവരോടും പ്രതികാര ചിന്തക്ക് പകരം മാപ്പ് നൽകുകയാണ് വേണ്ടത്. വളരെ സങ്കീർണ്ണമായ ഒരു സങ്കല്പമായിട്ടാണ് ജീവിതത്തിലുടനീളം നീതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരുന്നത്. അത് നമ്മൾ കേവലം എത്തിച്ചേരുന്ന ഒരു അവസ്ഥയല്ല, മറിച്ച് അതാണ് സമ്പൂർണ്ണ മാതൃക. ആ മാതൃകക്ക് വേണ്ടി പോരാടുമ്പോൾ, നമ്മൾ സ്നേഹം, ദേഷ്യം, അസൂയ, വഞ്ചന തുടങ്ങിയ അവസ്ഥാന്തരങ്ങളിലൂടെ തന്നെ എന്നും നല്ലത് പ്രവർത്തിക്കേണ്ടതുണ്ട്.

ഒരു തെറ്റിനോടുള്ള ഉചിതമായ മറുപടി സമാനമായ തെറ്റാണെങ്കിലും, അപരരോട് ക്ഷമിക്കാൻ ആണ് മുസ്‌ലിംകളോട് പറയപ്പെട്ടിട്ടുള്ളത്. അതാണ് ശരിയായ വഴിയെന്ന് ഖുർആൻ നമ്മളെ ഓർമപ്പെടുത്തുന്നു. “അപമര്യാദയോടെയുള്ള പ്രവർത്തനങ്ങളും വലിയ തെറ്റുകളും ഉപേക്ഷിക്കുന്നവരത്രെ സത്യവിശ്വാസികൾ. അവർ ദേഷ്യപ്പെടുമ്പോൾ ക്ഷമിക്കുന്നവരുമാകുന്നു.” (42 : 40) ക്ഷമിക്കുകയെന്നത് മറ്റുള്ളവർക്ക് നമ്മൾ ചെയ്യുന്ന ദാനത്തിന്റെ ഒരു രൂപഭേദം തന്നെയാണ്. ആത്യന്തികമായി ക്ഷമ ഒരു തരത്തിലും അപഹരണം അല്ല, ഉദാരമനോഭാവം ഉള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി നമ്മൾ പരസ്പരം ചെയ്യുന്നതും സ്വീകരിക്കുന്നതുമായ നന്മയാണ്.

യുദ്ധത്തിന്റെ നീതികേടുകൾ, ഏകാധിപത്യം, വംശഹത്യ, തദ്ദേശീയരോടുള്ള അക്രമം, തുടങ്ങിയവയെ സംബോധനം ചെയ്യുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ വൃത്തങ്ങളിൽ, അന്താരാഷ്ട്ര തലത്തിൽ തന്നെ ക്ഷമയെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേല വർണ്ണ വിവേചനത്തിന്റെ നേതാക്കൾക്ക് മാപ്പ് നൽകിയിരുന്നു. ഒപ്പം ആർച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു സത്യാനുരഞ്ചന കമീഷൻ അധ്യക്ഷൻ എന്ന നിലയിൽ ‘ക്ഷമയില്ലാതെ ഭാവിയില്ല’ എന്ന് ധാർമ്മികോദ്‌ബോധനം നടത്തുകയുമുണ്ടായി. ഉഗാണ്ട, സിയേറ ലിയോൺ, ജർമനി, ഉത്തര അയർലാന്റ്, ചിലി, ഗ്വാട്ടിമാല, എൽ സാൽവദോർ, തുടങ്ങിയവയെപ്പറ്റിയുള്ള വ്യവഹാരങ്ങളിലും ക്ഷമ മുഖ്യ വിഷയമാണ്. യു.എൻ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, അന്താരാഷ്ട്ര നിയമജ്ഞർ, ആഗോള നയതന്ത്രജ്ഞർ, എന്നിങ്ങനെ ‘അന്താരാഷ്‌ട്ര സമൂഹം’ മാപ്പ് രാഷ്ട്രീയത്തെ വിമർശിക്കുകയും തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ വിമർശിക്കുന്നവർ, “ക്ഷമ പലപ്പോഴും ഇരകളുടെ മേൽ അടിച്ചേല്പിക്കപ്പെടുകയും അവരുടെ സ്വയം നിർണയാവകാശം അവഹേളിക്കപെടുകയും ചെയ്യുന്നു” തുടങ്ങിയ ഗൗരവതരമായ വിമർശനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ക്ഷമയോടുള്ള നമ്മുടെ സമീപനം എന്തായിരുന്നാലും, നമ്മൾ പലപ്പോഴും ക്ഷമിക്കുവാൻ പരാജയപ്പെടുമ്പോഴും ദൈവം എങ്ങനെ ഇത്രമേൽ ക്ഷമിക്കുന്നു എന്ന ചിന്ത അത്ഭുതപ്പെടുത്തുന്നതാണ്. ക്ഷമയെ ഉൾക്കൊള്ളാനുള്ള ത്രാണി ഇല്ലെങ്കിൽ ഏതൊരു ബന്ധത്തിലും ആതിഥേയത്വം നിലനിൽക്കില്ല എന്നത് യാഥാർഥ്യമാണ്.


അധ്യായം ആറ്: ദൈവം എന്ന ആതിഥേയൻ
Featured Image by: David Lusvardi
വിവർത്തനം: മിദ്‌ലാജ് പാലക്കൽ

Comments are closed.