ഫൂക്കോ ‘ What is an Author ‘ എന്ന തന്റെ രചനയുടെ അന്ത്യത്തിൽ രചയിതാവിന്റെ വ്യക്തിത്വം അപ്രസക്തമാകുന്ന ഒരു ലോകത്തെ സങ്കൽപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. “ബുക്കുകൾ യഥാർത്ഥ രചയിതാവിലേക്ക് ചേർക്കപ്പെട്ടിരുന്നത് …. രചയിതാക്കൾ ശിക്ഷക്ക് വിധേയരാവുമ്പോൾ മാത്രമാണ് – നമ്മുടെ സംസ്കാരത്തിൽ – നിസ്സംശയം മറ്റുള്ളവരുടേതിലും- വ്യവഹാരങ്ങൾ മൗലികമായ ഒരു വസ്തുവോ, ഒരു ഉല്‍പ്പന്നമോ ആയിരുന്നില്ല. മറിച്ച് ഒരു പ്രവർത്തി ആയിരുന്നു” ഫൂക്കോ തന്റെ രചന അവസാനിപ്പിക്കുന്നത് ഒരിക്കൽ നമ്മൾ എഴുത്തുകാരില്ലാത്ത വ്യവഹാരങ്ങൾ സൃഷ്ടിക്കാൻ പ്രാരാപ്തരാവുന്നത് മുതൽ, സമൂഹം ആ വ്യവഹാരത്തക്കുറിച്ച് തന്നെ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങും. പറയുന്നത് ആരുമാവട്ടെ എന്ന് പ്രസ്താവിച്ചുകൊണ്ടാണ്. ഇവിടെ അദ്ദേഹം Roland Barthes ന്റെ The death of the Author എന്ന രചനയെയാണ് പ്രതിധ്വനിപ്പിക്കുന്നത്. പ്രസ്തുത സൃഷ്ടിയിൽ ബാർതേസ് വായനക്കാരന്റെ രചനയുടെ പിന്നിൽ നിന്നും രചയിതാവിനെ കണ്ടെത്തി അവരെ സ്വന്തമെന്ന് കരുതപ്പെടുന്ന സൃഷ്ടിയുടെ ഉത്തരവാദിയാക്കാനുള്ള നിരൂപണാത്മകമായ ശ്രമങ്ങൾ വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിന് ബാർത്തേസ് ചൂണ്ടിക്കാണിക്കുന്ന കാരണം “ഒരു കൃതി എന്നത് അനേകം സംസ്കാര കേന്ദ്രങ്ങളിൽ നിന്നും എടുത്തിട്ടുള്ള ഉദ്ധരണികളുടെ സംയുക്ത ഉല്‍പ്പന്നം ആണ്” എന്നതാണ്

പൂർവ്വാധുനിക ഇസ്‌ലാമിക സമൂഹം എഴുത്തുകാരനും, അയാൾ എഴുത്തിലൂടെ സൃഷ്ടിച്ച വ്യവഹാരവും, ഈ സൃഷ്ടിയെ എഴുത്തുകാരനിൽ നിന്നും മാറ്റി ഇന്നത്തെ ആധുനിക വീക്ഷണത്തിൽ മോഷ്ടിച്ച വ്യക്തിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ആലോചിക്കാനുള്ള സാധ്യതകൾ നൽകുന്നുണ്ട്. ഇമാം ജലാലുദ്ധീൻ ഖുദൈരി അൽ സുയൂതി (849-911 AH, 1445-1505 AD) യുടെ കിതാബുൽ ഫാരിഖ് (الفارق بين المصنف والسارق)ഹൃസ്വവും എന്നാൽ ആകർഷകവുമായ ‘രചന’ ഒരു ഇസ്‌ലാമിക പണ്ഡിതൻ രചനയെയും ‘മോഷണത്തെയും എങ്ങനെ മനസ്സിലാക്കുന്നു എന്ന് വിശദമാക്കുന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ്.

എഴുത്തിനെ കുറിക്കുന്ന തസ്‌നീഫ്, തൊഴിലിനെക്കുറിക്കുന്ന അമൽ എന്നിവ തമ്മിലുള്ള വ്യക്തിയുടെ ബന്ധം സൃഷ്ടിപ്പ് എന്നതിൽ നിന്നും വ്യത്യസ്തമായി ആർജ്ജിക്കലിന്റേതാണ്, അഥവാ എഴുത്തുകാരനും മറ്റു തൊഴിൽ എടുക്കുന്നവരും തങ്ങളുടെ പ്രവർത്തിയെയോ അതിന്റെ ഉല്പന്നത്തെയോ സൃഷ്ടിക്കുകയല്ല മറിച്ച് സൃഷ്ടിക്കപ്പെട്ട ഒന്നിനെ നേടി എടുക്കുകയാണ് എന്ന ഇസ്‌ലാമിക ആശയം എഴുത്തിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ സങ്കീർണമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ വായിക്കുന്നത്. ഫാരിഖിന്റെ ഇത്തരത്തിലുള്ള ഒരു സൂക്ഷ്മമായ വായന പൂർവാധുനിക ഇസ്‌ലാമിക സംസ്‌കൃതി തൊഴിലിനെക്കുറിച്ചുള്ള ആധുനിക ധാരണകളെ വെല്ലുവിളിക്കുന്നതും എഴുത്തിനെക്കുറിച്ച് വ്യത്യസ്ഥമായ ധാരണകൾ രൂപപ്പെടുത്തുന്നതുമാണ് എന്ന് നമുക്ക് ഈ വായന കാണിച്ച് തരുന്നുണ്ട്.

തസ്‌നീഫ്: വർഗ്ഗീകരണങ്ങളുടെ വ്യതിരിക്തത

കൃതിയുടെ തലക്കെട്ട് തന്നെ രചയിതാവ് വളരെ സ്പഷ്ടമായി ഗ്രന്ഥ കർത്താവായ ‘അൽ മുസന്നിഫി’നെയും മോഷ്ടാവിനെയും വേർതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. സുയൂതി രചയിതാവ് എന്നർഥമാക്കുന്ന ഖാതിബ് അല്ലെങ്കിൽ പണ്ഡിതൻ എന്നർഥമാക്കുന്ന ആലിം എന്ന പദപ്രയോഗങ്ങളല്ല മറിച്ച് അൽ തസ്നിഫിന്റെ ക്രിയാനാമമായ മുസന്നിഫാണ് ഉപയോഗിച്ചത്. ലിസാനൽ അറബിൽ വസ്തുക്കളെ ഓരോന്നായി വേർതിരിക്കൽ എന്നാണ് തസ്‌നീഫിന് അർത്ഥം നൽകിയിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ധൈഷണികമായ വർഗ്ഗീകരണം. സുയൂതി കൃത്യമായ ഒരു ചോദ്യത്തെയാണ് ഇവിടെ അഭിമുഖീകരിക്കുന്നത്. പൂർവാസ്തിത്വമുള്ള സൃഷ്ടികളുടെ ക്രമീകരിക്കുന്നതിലും വിഭജിക്കുന്നതിലും നിലനിൽക്കുന്ന വ്യതിരിക്തതയാണത്. മോഷ്ടിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥം പ്രവാചകന്റെ അത്ഭുതങ്ങളെക്കുറിച്ചായതിനാലും, സുയൂതി പ്രവാചകനെ മരണാനന്തരം എട്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജനിക്കുന്നത് എന്നതിനാലും പറയപ്പെടുന്ന ഗ്രന്ഥം പൂർണ്ണമായും ഉദ്ധരണികളുടെ ഒരു കളക്ഷൻ മാത്രമാണ്. എന്നാൽ മറ്റുതരത്തിലുള്ള എഴുത്തിനോട് താരതമ്യം ചെയ്യുമ്പോൾ ഇതൊരു നിലവാരം കുറഞ്ഞ കലാ രൂപമോ ബൗദ്ധിക ശേഷി കൂടുതൽ ആവശ്യമില്ലാത്ത ജോലിയോ ആയി സുയൂതി കാണുന്നില്ല. തസ്‌നീഫിനെ കാവ്യ രചനക്കും മുകളിലായിട്ടാണ് സുയൂതി കാണുന്നത്.

ഇവിടെ സുയൂതി ഈ രചന നടത്തുന്നത് സമകാലികനായ അബൂബക്കർ അൽ ഖസ്തല്ലാനി അൽ ഖുതൈബി എന്ന പണ്ഡിതൻ തന്റെ രചനയുടെ ഒരു ഭാഗം തന്നിലേക്ക് ചേർക്കാതെ പഠിപ്പിച്ചത് തുറന്ന് കാണിക്കാൻ വേണ്ടിയാണ്. അൽ മുഅജിസാത്ത് വാല് ഖസാഇസന്നബവിയ്യ എന്ന ആ പുസ്തകം പ്രവാചകന്റെ അത്ഭുതങ്ങളുടെ അനവധി വിവരണങ്ങൾ ശേഖരിച്ച് അവ പ്രബലവും അംഗീകരിക്കാവുന്നതുമാണെന്ന് ഉറപ്പാക്കിയതിന് ശേഷം ഒരൊറ്റ ഗ്രന്ഥത്തിലായി ചേർത്ത ഒരു ദീർഘമായ ഗ്രന്ഥമാണ്. ഗ്രന്ഥത്തിന്റെ ഈ പ്രകൃതം അൽ ഫാരിഖിലെ വാദങ്ങളെ കൂടുതൽ രസകരമാക്കുന്നുണ്ട്. ഇതിലെ വിവരണങ്ങളൊന്നും തന്നെ സുയൂതി സ്വയം നിർമ്മിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ഈ വിവരണങ്ങൾ ശേഖരിക്കാനും ക്രമീകരിക്കാനും വേണ്ട ക്രിയാത്മകതയും അധ്വാനവും മാത്രമാണ് ഇമാം സുയൂതി അവകാശപ്പെടുന്നത്. അവ ശേഖരിക്കാനും ക്രമീകരിക്കാനും താൻ ചിലവഴിച്ച പ്രയത്നം ആണ് ഖസ്തലാനിയുടെ പ്രവർത്തിയിൽ പ്രതിഷേധം രൂപപ്പെടാനുള്ള കാരണമായി ഭവിക്കുന്നത്.

ഖസ്തല്ലാനിയുടെ പ്രവർത്തിയിൽ തനിക്ക് ദേഷ്യം വരാനുണ്ടായ കാരണമായി സുയൂതി ചൂണ്ടിക്കാണിക്കുന്നത് തന്റെ പദപ്രയോഗങ്ങളടക്കം അദ്ദേഹം മോഷ്ടിച്ച ശേഷം “ഞാൻ പിന്തുടർന്നിരിക്കുന്നു” …,”ഞാൻ ശേഖരിച്ചിരിക്കുന്നു.” എനിക്ക്‌ അപ്രകാരം സംഭവിച്ചിരിക്കുന്നു” തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തി എന്നതാണ്. സുയൂതി ഇമാമിനെ ദുഖിതനാക്കുന്നത് തന്റെ വാക്യങ്ങളുടെ അപഹരണത്തിൽ മാത്രമല്ല മറിച്ച് തന്റെ അധ്വാനം മുഴുവനായും ഖസ്തല്ലാനി സ്വന്തത്തിലേക്ക് ചേർത്തു എന്നതിൽ കൂടിയാണ്. തന്റെ സൃഷ്ടി മദ്ഹബിലെ നിരവധി മികച്ച അഭിപ്രായങ്ങൾ നേടിയിട്ടുണ്ടെന്നും, ഈ വിവരങ്ങളെല്ലാം ശേഖരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ ക്രമീകരിക്കുന്നതിനുമായി അനേകം ദശാബ്ദങ്ങൾ പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

അമൽ: എഴുത്ത് തൊഴിൽ എന്ന നിലയിൽ

തന്റെ സൃഷ്ടിയും അതിൽ നടത്തിയ കടന്നു കയറ്റവും തമ്മിലുള്ള തന്റെ ബന്ധത്തെ വിവരിക്കാൻ സ്വത്തിന്റെയും സ്വത്തവകാശത്തിന്റെയും ഭാഷയാണ് സുയൂതി ഉപയോഗിക്കുന്നത്. അദ്ദേഹം ഖസ്തല്ലാനിയെ ഒരു മോഷ്ടാവ് എന്ന് വിളിക്കുകയും ഫാരിഖിൽ ഉടനീളം ആ കുറ്റത്തെ മോഷണം എന്ന് തന്നെ വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രചന ദെക്കാർത്തെയുടെ മനസ്സ് – ശരീര ദ്വൈതത്തോടുള്ള ഏതെങ്കിലും നിലക്കുള്ള സാദൃശ്യം പതിനാറാം നൂറ്റാണ്ട് വരെയെങ്കിലും ഇസ്‌ലാമിക ചിന്തക്ക് എത്ര മാത്രം ചേർന്നു പോവാത്തതായിരുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്: ഖസ്തല്ലാനി അവ കണ്ടെത്തുന്നതിന്റെയും, ക്രമീകരിക്കുന്നതിന്റെയും അധ്വാനം സ്വന്തത്തിലേക്ക് ചേർത്തി എന്ന് സുയൂതി പരാതിപ്പെടുന്നുണ്ട്. ഇവിടെ ഖസ്തലാനിയുടെ യഥാർത്ഥ തൊഴിൽ എടുത്ത വ്യക്തിയോട് നടത്തിയ നിഷേധം ഒരുതരം ആത്മീയമായ നന്ദികേടായി മാറുന്നു. സുയൂതി അതിനെ കാണുന്നത് ഉപകാരമെടുത്തിട്ടും അത് അംഗീകരിക്കാതിരിക്കലായിട്ടാണ്.

സുയൂതിയുടെ സ്വന്തം രചന തന്നെ മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള വിവരണങ്ങൾ ഒരുമിച്ച് കൂട്ടിയതാണ് എന്ന വസ്തുത എഴുത്ത് മനസ്സിലാക്കപ്പെട്ടത് നിലനിൽക്കുന്ന അറിവുമായി ബന്ധപ്പെട്ടാണ് എന്നും എഴുത്തിന്റെ ലക്ഷ്യം അവയെ രേഖപ്പെടുത്തലും ക്രമീകരിക്കലുമാണ് എന്നും കാണിക്കുന്നുണ്ട്. തൊഴിലുപകരണവും അസംസ്‌കൃത പദാർത്ഥവുമായി മറ്റു തൊഴുത്തിലുകൾ ആശ്രയിക്കുന്നത് പോലെയുള്ള ഒരു ജോലി തന്നെയാണ് എഴുത്തും. സംസാരത്തിന് താഴെ മാത്രമാണ് അതിന് സ്ഥാനം നൽകപ്പെട്ടത്. ധൈഷണിക രചന എന്നത് നിലനിൽക്കുന്ന ജ്ഞാനത്തോട് ചേർന്നോ, എതിരെയോ, അതിനോട് ഓരം പറ്റിയോ ആയിരുന്നു നിലനിന്നിരുന്നത്. അത് കൂടാതെ എഴുത്ത് എന്നത് ഒരിക്കലും ഒരു ഒറ്റപ്പെട്ട പ്രവർത്തിയായിരുന്നില്ല. അത് എക്കാലവും ശേഖരണവും, വ്യാഖ്യാനവും, വിശദീകരണവും, ബന്ധപ്പെടുത്തലുമെല്ലാം ആയിരുന്നു. അത്കൊണ്ട് തന്നെ തന്റെ ടെക്സ്റ്റിനെ കടമെടുത്തു എന്നത് സുയൂതിഥിയെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. മറിച്ച് അത് സംഘടിപ്പിക്കുന്നതിലെ തന്റെ അദ്ധ്വാനം ഖസ്തല്ലാനി സ്വന്തത്തിലേക്ക് ചേർക്കുകയാണ് ചെയ്തത്. “താൻ സ്വയം തന്നെയാണ് ഈ പിന്തുടർന്ന് കണ്ടെത്തിയത് എന്ന രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്” സുയൂതി എഴുതുന്നു. ഇവിടെ എഴുത്തിന്റെ അദ്ധ്വാനത്തെ ‘തതബ്ബുഅ്’ പിന്തുടർന്ന് കണ്ടെത്തുക, അന്വേഷിച്ച് കണ്ടെത്തുക എന്നാണ് വിവരിക്കുന്നത്. ഇത് ധൈഷണിക രചനയെക്കുറിച്ചുള്ള ആധുനികമായ അതുല്യവും, അത്ഭുതപരവുമായ, മുമ്പ് നിലനിൽക്കാത്ത നൂതനമായ എന്തെങ്കിലും സൃഷ്ടിക്കുക എന്ന ആധുനിക സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമാണ്. അതായത് ഫൂക്കോയും ബാർതതേസും തേടിക്കൊണ്ടിരുന്ന എഴുത്തിനെക്കുറിച്ചുള്ള സങ്കൽപ്പമാണത്.

പൂർവാധുനിക ഇസ്‌ലാമിക പണ്ഡിതന്മാർ തമ്മിലുള്ള ബന്ധവും, പ്രത്യേകിച്ച് സുയൂതിക്ക് മുമ്പുള്ള കാലത്ത്, വിവിധ തൊഴിലുകൾക്കിടയിലുള്ള അതിരുകൾ അപ്രത്യക്ഷമാവലും ഈ രചനയുടെയും മറ്റു മധ്യകാല രചനകളുടെയും സുപ്രധാനമായ മാനങ്ങളിൽ പെട്ടതാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന വ്യക്തികൾക് അവസരങ്ങൾ നൽകുന്നതിൽ പൂർവ്വാധുനിക മദ്രസാ സമ്പ്രദായത്തിന്റെ ഫലപ്രാപ്തി മധ്യകാല ബഗ്ദാദിലെ യുവ പണ്ഡിതന്മാരുടെ രക്ഷിതാക്കളുടെ വൈവിധ്യമാർന്ന തൊഴിൽ പശ്ചാത്തലം രേഖപ്പെടുത്തിയിട്ടുള്ള ആർക്കൈവുകളിൽ നിന്നും വ്യക്തമാണ്. മൈലാഞ്ചിച്ചെടികൾ വളർത്തന്നവർ മുതൽ, നിലം ഉഴുന്നവരും, മൺകലം നിർമ്മിക്കുന്നവരും, വീട്ടുവേലക്കാരും ആയവരുടെ മക്കൾ വരെ മദ്രസാ വിദ്യാർഥികളുടെ പശ്ചാത്തലത്തെ പ്രതിനിധീകരിച്ചിരുന്നു. അതു കൊണ്ട് തന്നെ ബുദ്ധിജീവികളും, മറ്റുള്ളവരും തമ്മിലുള്ള അകലം കൃത്യമായ അതിരുകൾ ഇല്ലാത്തതായിരുന്നു. മിക്കപ്പോഴും പണ്ഡിതന്മാർ തന്നെ എഴുത്തും അധ്യാപനവുമല്ലാത്ത തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അതായിരിക്കാം സുയൂതി തന്റെ പ്രതിയോഗിയെ സ്വന്തം അദ്ധ്വാനത്തിന്റെ ഫലങ്ങൾ മോഷ്ടിച്ച ഒരു മോഷ്ടാവായി കണ്ടത്. ഞാൻ സങ്കൽപ്പിക്കുന്നത്, സുയൂതി തനിക്ക് മുൻപ് എഴുതപ്പെട്ട സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച് രൂപപ്പെടുത്തിയ തന്റെ കൃതിയെ മരപ്പണിക്കാരൻ മരക്കഷ്ണത്തെ മിനുസപ്പെടുത്തി രൂപപ്പെടുത്തിയ ഒരു ഫർണിച്ചർ പോലെയാണ് കണ്ടത് എന്നാണ്. തന്റെ ജോലിയിലുടനീളം പണിതു കൊണ്ടിരിക്കുന്ന മരത്തിനോടും, അത് മുറിച്ച മരം വെട്ടുകാരനോടുമുള്ള തന്റെ കടപ്പാട് അംഗീകരിച്ചുകൊണ്ടാണ് ഈ ഫർണിയിച്ചർ നിർമ്മിക്കുന്നത്. എന്നാൽ ഈ മുഴുവൻ അദ്ധ്വാനവും തന്നിലേക്ക് തന്നെ ആരോപിക്കുന്നു എന്നതാണ് ഖസ്തല്ലാനി ചെയ്യുന്ന തെറ്റ്.

അദ്ധ്വാനത്തെക്കുറിച്ചുള്ള സുയൂതിയുടെ ചർച്ച എഴുത്തിനെക്കുറിച്ചുള്ള സങ്കീർണ്ണമായ ആഖ്യാനം മാത്രമല്ല സൃഷ്ടിക്കുന്നത്, മറിച്ച് മോഷണത്തിന്റെ അഭൗതികമായ പരിണിത ഫലങ്ങളെക്കുറിച്ച് അദ്ദേഹം നടത്തുന്ന വിവരങ്ങൾ പണ്ഡിതന് തന്റെ രചനയുമായുള്ള ബന്ധത്തെ കൂടുതൽ സങ്കീര്ണമാക്കുക കൂടി ചെയ്യുന്നുണ്ട്. ഈ കൃതിയുടെ പ്രധാന ഭാഗങ്ങളിലൊന്ന്, മുൻ കാലങ്ങളിൽ മറ്റുള്ളവരുടെ സൃഷ്ടികൾ മോഷ്ടിക്കുകയും അങ്ങനെ അസന്തുഷ്ടമായ അന്ത്യം വഹിക്കുകയും ചെയ്തവരെ കുറിച്ചുള്ള ഒരു അനുഭവ വിവിവരണമാണ്. ഇപ്പറഞ്ഞ കഥകളുടെയെല്ലാം ഗുണപാഠം ഒന്നു തന്നെയാണ്. ശരിയായി കടപ്പാട് നൽകാതെ ഉദ്ധരണികൾ ചേർത്ത രചനകൾ പ്രസിദ്ധമാവുകയില്ല, അവർ ദൈവത്തിന്റെ നിയമത്തെ ലംഘിച്ചതിനാൽ അവരുടെ അദ്ധ്വാനത്തിൽ ബറക്കത്തില്ല, അതിനാൽ അവർ ശപിക്കപ്പെട്ടവരാണ്.

അതു കൊണ്ടു തന്നെ മോഷ്ടിക്കുക എന്നാൽ പരസ്പരമുള്ള വിശ്വാസത്തെ തകർക്കലാണ്, അപ്രകാരം ചെയ്യുന്നത്തിലൂടെ അവർ യഥാർത്ഥ രചയിതാവിനെ മാത്രമല്ല മറിച്ച് സർവ്വജ്ഞനായ ദൈവത്തെ കൂടിയാണ് നിഷേധിക്കുന്നത്. ഇബ്രാഹിം അൽ നുഅമാൻ എന്ന വ്യക്തി വിജയിക്കാതിരിക്കാനുള്ള കാരണം അയാൾ ഖസ്തല്ലാനി മോഷ്ടിച്ച അതേ രചന മോഷ്ടിച്ചതിനാലാണ് എന്ന് സുയൂതി പറയുന്നുണ്ട്. സുയൂതി തനിക്ക് കൃതിയുടെമേൽ വ്യക്തിപരമായ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നില്ല, മറിച്ച് ഒരു രചന അതിന്റെ യഥാർത്ഥ രചയിതാവിലേക്ക് ചേർക്കപ്പെടുക എന്നത് ഒരു ദൈവികമായ അവകാശമായിട്ടാണ് അദ്ദേഹം കാണുന്നത്. അബ്ബാസിദ് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് സുയൂതി തന്റെ വിശിഷ്ട ഗ്രന്ഥം കടമെടുക്കാൻ ഖസ്തല്ലാനിക്ക് അനുവാദം കൊടുക്കാൻ തന്റെ ശിഷ്യന്മാരെ അനുവദിക്കുന്നത്. മറ്റൊരു തരത്തിൽ, സുയൂതി തന്റെ ഗ്രന്ഥം നൽകാൻ തയ്യാറായത് പ്രവാചക കുടുംബവുമായുള്ള അടുപ്പം ഒന്നുകൊണ്ട് മാത്രമാണ്. ഈ ഒരു വസ്തുത ഖസ്തല്ലാനിയുടെ നടപടിയെ കൂടുതൽ മാരകമാക്കി മാറ്റുന്നുണ്ട്. സത്യസന്ധതയും, മധ്യസ്ഥതയും, വിശ്വസ്തതയുടെ നിയമവും നാം ഇന്ന് ‘സാഹിത്യ ചോരണം’ എന്ന് വിളിക്കുന്ന ഒന്നിനെ തികച്ചും വ്യത്യസ്തമായ ഒരു ആദ്ധ്യാത്മികമായ അപരാധത്തിന്റെ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.

വായനക്കാരനെ മോഷണത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനായി ഖുർആനിലെ 4:58 കൊണ്ടാണ് സുയൂതി ഫാരിഖ് തുടങ്ങുന്നത്. ഖുർആൻ പറയുന്നു: “നിങ്ങളെ വിശ്വസിച്ചേല്‍പിച്ചിട്ടുള്ള സാധനങ്ങള്‍ അതിന്റെ അവകാശികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുവാനും നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം വിധിക്കുവാനും അല്ലാഹു നിങ്ങളോട് കല്‍പിക്കുകതന്നെ ചെയ്യുന്നു. നിശ്ചയമായും അല്ലാഹു നിങ്ങളോട് ഉപദേശിക്കുന്ന കാര്യം എത്ര നല്ലതാണ്! അല്ലാഹു ഏറ്റവും കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു” (إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرً). തുടർന്ന് ഖസ്തല്ലാനിക്ക് വേണ്ടി ഖലീഫ നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള പരാമര്ശത്തിലേക്ക് കടക്കുന്നു. ഇത് സൂചിപ്പിക്കുന്നത് സുയൂതിക്ക് മോഷണക്കുറ്റം പ്രഥമമായും യഥാർഥ രചയിതാവിനോടുള്ള അനാദരവല്ല; അത് നാലാം സ്ഥാനത്തെ വരുന്നുള്ളൂ, ദൈവത്തിനും, അവന്റെ പ്രവാചകനും, പ്രവാചക കുടുംബത്തിനും ശേഷം. പ്രസ്തുത ഖുർആനിക വചനത്താൽ തുടങ്ങുന്നതിലൂടെ സുയൂതി സൂചിപ്പിക്കുന്നത് ഖസ്തല്ലാനിയുടെ പ്രവർത്തനം ദൈവിക കല്പനകൾക്ക് വിരുദ്ധമാണ് എന്നും, വിശ്വാസ ലംഘനത്തിന് വ്യക്തമായ ഖുർആനിക മാനങ്ങളുണ്ട് എന്നുമാണ്.

ദൈവിക നിയമവും അമാനത്ത് എന്ന ആശയവും (വസ്തുക്കൾ സൂക്ഷിക്കാനായി വിശ്വസിച്ച് ഏല്‍പിക്കല്‍) മറ്റനേകം ആളുകളുടെ പ്രവർത്തനത്തെക്കൂടി ഉൾക്കൊള്ളിക്കുന്നുണ്ട് എങ്കിലും ഇത്രയും പറഞ്ഞ ശേഷവും രചനയുടെ രൂപപ്പെടുത്തൽ രചയിതാവിന്റെ പ്രവർത്തിയായി തന്നെയാണ് അദ്ദേഹം കണക്കാക്കുന്നത്. ഇവിടെ സുയൂതി മുഹാദിബ് അദ്ദീൻ ഇബ്ൻ അൽ ഖൈമിയുടെ ഒരു അനുഭവവും വിവരിക്കുന്നുണ്ട്. താൻ താമസിക്കുന്ന റൂമിൽ വെച്ച് ഒരു കടലാസിൽ കവിത എഴുതുകയും അത് റൂമിൽ ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്തു അൽ ഖൈമി. ആ കടലാസ് അവിടെ താമസിച്ച നജ്മദ്ദീൻ ഇസ്‌റാഈൽ എന്ന ആളുടെ കൈവശം എത്തുകയും അയാൾ അത് സ്വന്തം കവിത ആക്കി മാറ്റുകയും ചെയ്തു. ഈ രണ്ട് കവികളും തർക്കം പരിഹരിക്കാനായി ഒമർ ഇബ്‌നാൽ ഫരീദിന്റെ അടുക്കലെത്തി. രണ്ട് പേരോടും കവിത രചിക്കപ്പെട്ട അതെ ബഹ്‌റിൽ (റൈം മീറ്റർ) ഒരു പുതിയൊരു കവിത രചിക്കാൻ ആവശ്യപ്പെട്ട ഇബ്‌നൽ ഫരീദ് അവ പരിശോധിച്ച ശേഷം കവിത യാഥാര്‍ത്ഥത്തിൽ ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഈ സംഭവം വിവിധ കവികൾക്കിടയിൽ നടന്ന സംഭവത്തെ ഇതുമായി ചേർത്ത് വായിക്കുക എന്നതിനപ്പുറം ഒരു വ്യക്തിയുടെ എല്ലാ സൃഷ്ടികളും തമ്മിൽ ലംബമായി അയാളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ബന്ധം മാത്രമല്ല, തിരശ്ചീനമായി പിന്തുടരാവുന്ന വ്യത്യസ്ത തൊഴിലിനെ, രചനയെ ബന്ധിപ്പിക്കാവുന്ന സാങ്കൽപ്പികമായ ഒരു സാഹോദ്യര്യ ബന്ധം നിലനിൽക്കുന്നുണ്ട് എന്നതിലേക്ക് സൂചന നൽകുന്നുണ്ട്. ഓരോ വ്യക്തിയുടെയും സൃഷ്ടികൾക്കിടയിൽ ഉണ്ടാവുന്ന സമാനതകൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇബ്നുൽ ഫരീദ് കവിതയുടെ യഥാർത്ഥ രചയിതാവിനെ കണ്ടെത്തുന്നത്. ഒരു വ്യക്തിയുടെ എല്ലാ സൃഷ്ടികളും തമ്മിൽ ഒരു ബന്ധമുണ്ടെന്ന അന്തർലീനമായ സങ്കൽപം കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇവിടെ രസകരമായ ഒരു ചോദ്യം കൂടെ ചോദിക്കാവുന്നതാണ്: അങ്ങനെയെങ്കിൽ ഒരു മനുഷ്യന്റെ എഴുത്ത് എന്ന തൊഴിലും, മറ്റു തൊഴിലുകളും തമ്മിലുള്ള ബന്ധമെന്താണ്? ഒരേ വ്യക്തി നിർമ്മിച്ച കവിതാ ശകലവും മൺ പാത്രവും തമ്മിലുള്ള സമാനത കാണാൻ ഇബ്നുൽ ഫരീദിന് സാധിക്കുമായിരുന്നോ? നിർഭാഗ്യവശാൽ സുയൂതി ഇക്കാര്യം വ്യക്തമാക്കുന്നില്ല. അടുത്ത ഭാഗത്തിൽ രചയിതാവും, രചനയും തമ്മിലുള്ള ബന്ധത്തെ സുയൂതി വിവരിക്കുന്നത് ഒരുതരം പിതൃത്വത്തിന്റേതല്ല മറിച്ച് പൂർത്തീകരണത്തിന്റേതാണ് എന്നാണ് ഞാൻ വാദിക്കുന്നത്. ഇത് നമ്മെ തൊഴിലാളിയും, അവന്റെ തൊഴിലും തമ്മിലുള്ള ബന്ധത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കും.

ഉടമസ്ഥത, പ്രാപ്യത, ആരോപണം: ഫാരിഖിലെ മെറ്റാഫറുകൾ

അക്കാദമികമായ അതിലംഘനമാണ് സംഭവിച്ചത് എങ്കിലും, അത് അധ്യാപനത്തിനായി ഉദ്ദേശിച്ച ഒരു ഗ്രന്ഥത്തെ മോഷ്ടിക്കുന്നതിനെ വിവരിക്കാൻ സുയൂതി ലൈംഗിക മെറ്റാഫറുകൾ ഉപയോഗിക്കുന്നുണ്ട്. “അദ്ദേഹം ഈ കാലഘട്ടത്തിൽ മനുഷ്യനോ, ജിന്നോ തൊടുക പോലും ചെയ്യാത്ത എന്റെ കന്യകമാരായ വധുക്കളെ അതിക്രമിച്ചിരിക്കുന്നു.” മറ്റു രണ്ട് സന്ദർഭങ്ങളിൽ കൂടി അദ്ദേഹം ഇത്തരത്തിലുള്ള പ്രയോഗങ്ങൾ നടത്തുന്നുണ്ട്. ഇത് രചയിതാവും രചനയും തമ്മിൽ ഒരു രസകരമായ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്: അതായത് കൃതി എന്നത് തന്റെ കുട്ടിയല്ല, മറിച്ച് ഇണയാണ്, ഒരു അഗാധമായ ബന്ധമുള്ള തന്റെ പങ്കാളിയാണ്, അതിനാൽ മോഷണം എന്നത് ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും ഇന്റിമേറ്റ് ആയ തലത്തോടുള്ള അതിക്രമം തന്നെയാണ്.

അറബിയിൽ ‘അഅ്മാൽ’ എന്നത് ഒരു സ്ത്രീലിംഗ സർവ്വനാമത്തെയാണ് എടുക്കുക എന്ന വസ്തുത ഈ ഉപമയെ കൂടുൽ ശക്തമാക്കുന്നുണ്ട്. വിവാഹത്തിന്റെയും, ലൈംഗിക ബന്ധത്തിന്റെയും സൂചിപ്പിക്കൽ ഖസ്തല്ലാനിയുടെ പ്രവർത്തി എത്രമാത്രം ദുഷിച്ചതും വഞ്ചനാത്മകമായതും ആണെന്നും അത് പണ്ഡിതന്മാർക്ക് ഉണ്ടാവേണ്ട സ്വഭാവത്തിൽ നിന്നും എത്ര മാത്രം വ്യതിചലിച്ചതാണ് എന്നും കാണിക്കുന്നുണ്ട്. മനുഷ്യനും അവന്റെ അമലും (പ്രവർത്തനം) തമ്മിലുള്ള ഈ ബന്ധത്തെ രണ്ട് തരത്തിൽ മനസ്സിലാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ആദ്യത്തെത് അഷ്അരീ ആശയമായ ഇഖ്തിസാബും രണ്ടാമത്തേത് അമലും (പ്രവർത്തിയും) പ്രാപ്യതയും തമ്മിലുള്ള ബന്ധമാണ്. രണ്ടാമത്തെ ആശയം ബാർബറെ ജോഹാൻസന്റെ മധ്യ കാല കാർഷിക നിയമത്തിന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ വികസിപ്പിക്കുന്നത്. അദ്ദേഹം പറയുന്നത് “ഭൂമിയുടെയും ജലത്തിന്റെയും ഉടമസസ്ഥതയും ഉപയോഗവും ബന്ധത്തിന്റേതായിരുന്നു മറിച്ച് സ്വത്ത് എന്ന നിലക്കുള്ളതായിരുന്നില്ല” എന്നാണ്. ഉടമസ്ഥതയെ കുറിച്ചുള്ള നമ്മുടെ പൊതുവായ ധാരണയെ സങ്കീർണ്ണമാക്കാൻ ഇത് സഹായകമാവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സുയൂതിയും അദ്ദേഹത്തിന്റെ സമകാലികരും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ഒരു ഓണ്ടോളജി ആയിരിക്കണം കല്പിച്ച് നൽകിയത്. പ്രത്യേകിച്ചും തങ്ങളുടെ ഭാര്യ സ്വത്ത് എന്നിവയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ.

ഇന്ന് നാം ഉടമസ്ഥതയെയും നിർമ്മാണത്തെയും ആഴത്തിൽ ബന്ധപ്പെട്ടതായാണ് സങ്കൽപ്പിക്കുന്നത്. എന്നാൽ, ഈ ബസത്തെ അഷ്അരീ വിശ്വാസ ശാസ്ത്രത്തിലെ ഇഖ്തിസാബ് (കൈവശപ്പെടുത്തൽ) എന്ന സങ്കൽപ്പം അട്ടിമറിക്കുന്നുണ്ട്. ഈ സങ്കൽപ്പം അനുസരിച്ച് ദൈവം ഒരു പ്രവർത്തിയെ സൃഷ്ടിക്കുന്നു, മനുഷ്യൻ തന്റെ സ്വേച്ഛ പ്രകാരം അത് കൈവശപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യൻ ഒരു പ്രവൃത്തിയെ സൃഷ്ടിക്കുന്നില്ല. ഇത് തൊഴിലാളിയും തൊഴിലും തമ്മിൽ വ്യത്യസ്തമായ ഒരു ബന്ധം സൃഷ്ടിക്കുന്നു എന്നും സുയൂതി എന്തുകൊണ്ടാണ് തന്റെ എഴുത്തിലുടനീളം ഈ മെറ്റഫറുകൾ ആവർത്തിക്കുന്നത് എന്നതിലേക്ക് അത് വെളിച്ചം വീശിയേക്കാം എന്നും ഞാൻ വിശ്വസിക്കുന്നു. ഒരു മനുഷ്യൻ തന്റെ പ്രവൃത്തികളെ സൃഷ്ടിക്കുകയല്ല മറിച്ച് കൈവശപ്പെടുത്തുകയാണെങ്കിൽ ‘നിർമ്മാണവുമായുള്ള’ അവന്റെ ബന്ധം തീർച്ചയായും പിതൃത്വപരമല്ല മറിച്ച് ഇണ എന്ന നിലക്കാണ്. ഒരാൾ തന്റെ ഇണയെ നേടിയെടുക്കുന്നത് പോലെ അവന്റെ പ്രവർത്തികളെയും സൃഷ്ടിക്കുകയല്ല മറിച്ച് ആര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക നിയമത്തിൽ ഇണകൾ തമ്മിലും, പിതാവും മക്കളും തമ്മിലുമുള്ള ബന്ധം അടിസ്ഥാനപരമായി തന്നെ വ്യത്യസ്ഥമാണ്. അവരിരുവരും സംരക്ഷണത്തിന്റെ ആവശ്യകത പങ്കിടുന്നുണ്ട് എങ്കിൽ പോലും. ഇവിടെ എന്ത്കൊണ്ട് പ്ലാറ്റോയിൽ നിന്നും വ്യത്യസ്തമായി സുയൂതി തന്റെ രചനയെ കുഞ്ഞ് എന്ന് വിശേഷിപിപ്പിക്കുന്നതിന് പകരം ഇണയായി കണ്ടു എന്നത് ഈ രണ്ട് ബന്ധങ്ങൾക്കിടയിൽ ഇസ്‌ലാം പുലർത്തുന്ന വ്യത്യാസങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾക്ക് വ്യക്തമാക്കാനാവും. സുയൂതി തന്റെ രചനയെ സ്വന്തം സൃഷ്ടിയായല്ല മറിച്ച് ദൈവത്താൽ സൃഷ്ടിക്കപ്പെടുകയും താൻ കൈവശപ്പെടുത്തുക മാത്രം ചെയ്യുകയും ചെയ്ത ഒരു പ്രതിഭാസമായാണ് കാണുന്നത്. ഈ പ്രവർത്തിയുടെ അദ്ദേഹം ഇന്റിമേറ്റായ ഒരു ബന്ധം പങ്കിടുന്നുണ്ട്. പ്ലാറ്റോ മറുവശത്ത് രചിക്കപ്പെട്ട കൃതി എത്ര ലളിതമായി കളങ്കപ്പെടുത്തപ്പെടാം എന്ന് വിവരിക്കുന്നിടത്ത് പറയുന്നു ” മോശമായ പെരുമാറ്റങ്ങൾക്ക് പാത്രമാവുകയോ, അന്യായപരമായി ദുരുപയോഗം ചെയ്യപ്പെടുമ്പോഴോ ചെയ്യുമ്പോഴെല്ലാം സ്വയം പ്രതിരോധിക്കുന്നതിനെത്തോട്ട് അശക്തനായതിനാൽ അതിന് രക്ഷക്കായി തന്റെ പിതാവിന്റെ സഹായം ആവശ്യമായി വരും” ഇവിടെ പിതൃത്വവുമായി ബന്ധപ്പെട്ട ഇമേജറികളാണ് പ്ലാറ്റോ കൊണ്ടുവരുന്നത്.

കൃതിയുടെ ഒരു ഘട്ടത്തിൽ സുയൂതി വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതായി കാണാം. ഇവിടെ അദ്ദേഹം തന്റെ രചനക്ക് നേരെയുള്ള വിമർശനങ്ങൾ എടുത്ത്, അതിലെ ഓരോ വിമർശകരെയും സൂക്ഷ്മമായ ഖണ്ഡികാനാണ് ശ്രമിക്കുന്നത്. സ്വന്തം വാദങ്ങളുടെ ശക്തിയും ആരോപിക്കപ്പെട്ട വിമർശനങ്ങളുടെ ദൃഢതയും വിശകലനം ചെയ്യാൻ ശ്രമിക്കുക്കുന്നതായി കാണാം. സ്വന്തം വിമർശകരെ മുഴുവൻ ഖണ്ഡിച്ചതിന് ശേഷം മാത്രാണ് സുയൂതി തന്റെ ചോദ്യം മുന്നോട്ട് വെക്കുന്നത്: ഇനി ഈ മോഷ്ടാവ് എങ്ങിനെയാണ് അത്തരം ഒരു വിമര്ശനത്തെ നേരിടുക? ഇവിടെ സുയൂതി തന്റെ രചനകളോട് തനിക്കുള്ള അടുപ്പം വ്യക്തമാക്കുന്നത് അവയെ തനിക്ക് എങ്ങിനെ വിശദീകരിക്കാനും പ്രതിരോധിക്കാനും ആവും എന്ന് കാണിച്ച് കൊണ്ടാണ്. അതേസമയം ഈ കൃതിയെ മറ്റൊരാളിൽ നിന്ന് പകർത്തി മോഷ്ടിക്കുന്ന വ്യകതിക്ക് ഈ അങ്ങനെ ചെയ്യാനാവില്ല. തന്റെ കൃതിയെ നോക്കാനും സംരക്ഷിക്കാനും കഴിയുന്നു എന്നതിനാൽ ടെക്സ്റ്റുമായി ഒരു ഇണയെപ്പോലെയുള്ള സവിശേഷ ബന്ധത്തിന് താൻ അർഹനാണ് എന്ന നിലയിലാവാം ടെക്സ്റ്റിനോട് ചേർത്ത് ഇണ എന്ന ഉപമ സുയൂതി തുടർച്ചയായി ഉപയോഗിക്കുന്നത്.

ഇസ്‌ലാമിക നിയമം അനുസരിച്ച് വൈവാഹിക ബന്ധത്തിന്റെ അടിസ്ഥാനം ദാമ്പത്യ, പുനരുൽപാദനാവകാശത്തിന് പകരം സാമ്പത്തികവും മറ്റു നിലക്കുമുള്ള സംരക്ഷണം ഉറപ്പ് നൽകുക എന്നതാണ്. ഇവിടെ പ്രതിരോധം കർതൃത്വത്തിന്റെ തെളിവാക്കുക എന്ന ആശയം, അദ്ദേഹം തന്നെ മുന്നോട്ട് വെക്കുന്ന പുനരുൽപ്പാദനം തെളിവാക്കുന്നതിൽ നിന്നും വ്യത്യസ്തമായി പ്രത്യേകം പ്രസക്തമാണ്. അത് രചയിതാവിനെ ഒരു പുതിയ ശാഖയെ ഉൽപ്പാദിപ്പിക്കുന്നതിന് മാത്രമല്ല, കൃതി സൃഷ്ടിക്കുന്ന സംവാദങ്ങൾ തുടരാൻ കൂടി അനുവദിക്കുന്നുണ്ട്. കൃതിയും കർത്താവും തമ്മിലുള്ള ബന്ധം ഒന്ന് മറ്റൊന്നിനെ സൃഷടിക്കുന്നു എന്ന നിലക്കല്ല, ഖുർആൻ 2 :187 ൽ പറയുന്നത് പോലെ രണ്ട് സൃഷ്ടിക്കപ്പെട്ട പ്രതിഭാസങ്ങൾ പരസ്പരം ആര്‍ജ്ജിക്കുകയും ഇഴ ചേരുകയുമാണ് ചെയ്യുന്നത്. ടെക്സ്റ്റിനെ പ്രതിരോധിക്കുക എന്നത് കൃതിക്ക് തന്റെ കർത്താവിന്റെ മേലുള്ള നിയമപരമായ അവകാശമാണ്. അതോടൊപ്പം ഒരു വ്യക്തിയുടെ രചനയെ തട്ടിയെടുക്കുക എന്നത് അയാളുടെ നിയമപരമായ ഇണയെ തട്ടിക്കൊണ്ടുപോവുന്നതിന് തുല്യമാണ് .

കൃതിയും കർത്താവും തമ്മിലുള്ള ഈ ഉപമ നാം നിലനിർത്തുകയാണ് എങ്കിൽ, കർത്താവിന് മാത്രമായി കൃതിയോടുള്ള ബന്ധത്തിന്റെയും, ഇടപാടുകളുടെയും ഫലമായി രൂപപ്പെടുന്ന ഫലം എന്താണ് എന്ന് കൂടെ നാം പരിശോധിക്കേണ്ടതുണ്ട്. സുയൂതി പറയുന്നത് അത് “ഉപകാരവും അനുഗ്രഹവും നേടലും, ജ്ഞാനത്തിനും, അതിന്റെ ആളുകൾക്കും നന്ദി സമർപ്പിക്കലും, മുന്ഗാമികൾക്ക് അവർ നൽകിയ ഫലങ്ങൾക്കുള്ള അർഹമായ പ്രതിഫലം തിരിച്ച് നൽകലുമാണ്” എന്നാണ്. തന്റെ മുന്ഗാമികളോട് വേണ്ട രീതിയിൽ നന്ദി കാണിക്കാതിരുന്നതിനാൽ കഴിവും അറിവും ഉണ്ടായിട്ടും ഇബ്‌റാഹീം അൽ നുഅമാനി എന്ന പണ്ഡിതൻ ഒരിക്കലും പ്രസിദ്ധനായില്ല എന്ന് സുയൂതി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇത്തരം ‘ജാര കൃതികൾ’ നിയമത്തിന്റെ അതിരുകൾക്കപ്പുറമായതിനാൽ ശപിക്കപ്പെടതാണ്: കർത്താവും കർമ്മവും തമ്മിലുള്ള ബന്ധം അനുവദനീയമാേ നിയമപരമോ അല്ലാത്തതിനാൽ രചയിതാവും, അയാളുടെ സൃഷ്ടിയും ശപിക്കപ്പെട്ടതായി മാറി. ബന്ധം പരിശുദ്ധമാകുന്നത് പരസ്പര വിശ്വാസത്തിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും തന്റെ അധ്വാനത്തിൽ ധാർമ്മികത പുലർത്തുകയും ചെയ്യുമ്പോൾ മാത്രമാണ്. ഇവിടെയും ഈ ഉപമ വളരെ പ്രധാനമാണ്. നമ്മൾ നമ്മുടെ രചനയെ സൃഷ്ടിക്കുന്നില്ല, മറിച്ച് കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. നാം അതുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു എങ്കിലും അതിന് നമ്മുടേതിൽ നിന്നും വ്യത്യസ്ഥമായ ഒരു സത്ത ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബാർത്തേസും, ഫൂക്കോയും സങ്കൽപ്പിച്ച ഉട്ടോപ്യൻ പാരമ്പര്യം നിലനിന്നിരുന്നു. അത് രണ്ടു പേരുടെയും പരിധിക്കപുറത്തുള്ള ഇസ്‌ലാമിൽ ആയിരുന്നു എന്ന് മാത്രം.

നടത്തം: പണ്ഡിതോചിതമായ തൊഴിലും പണ്ഡിതന്റെ തൊഴിലും

അൽ ഖത്താനി ഉൾപ്പെടെയുള്ള പണ്ഡിതന്മാരുടെ ജീവ ചരിത്ര നിഘണ്ടുകൾ നമ്മോട് പറയുന്നത് അൽ ഫാരിഖ് വായിച്ചതിന് ശേഷം ഖസ്തല്ലാനി അൽ ഖാഹിറ (പഴയ കൈറോ) മുതൽ 
സുയൂതിയുടെ വാസ സ്ഥലമായ റോഡാ ദ്വീപ് വരെ നഗ്നപാദനായി ക്ഷമ ചോദിച്ചുകൊണ്ട് നടന്നു എന്നാണ്. ഈ രൂപത്തിൽ അപമാനകരമാം വിധത്തിൽ സൂയൂതിയുടെ വാസ സ്ഥലം എത്തിയ ശേഷം ഖസ്തല്ലാനി സുയൂതി ഇമാമിന്റെ വാതിലിൽ മുട്ടിക്കൊണ്ട് താൻ ഇത്തരം ഒരു പ്രവർത്തി ചെയ്തത് ശൈഖിന്റെ മാപ്പിന് വേണ്ടിയാണെന്ന് വിശദീകരിച്ചു. സുയൂതി വാതിൽ തുറക്കാതെ, തന്റെ അതിഥിക്ക് മുഖം നൽകാതെ, ഖസ്തല്ലാനിയോട് താൻ മാപ്പ് നൽകിയിരിക്കുന്നു എന്ന് അറിയിച്ചു. ഒരു മണിക്കൂറിലധികം നീണ്ടിരിക്കാവുന്ന ഈ നടത്തത്തിൽ തന്റെ വഴിയിൽ ഏറ്റവും പഴക്കം ചെന്ന പള്ളിയായ അംറ് ഇബ്നുൽ ആസ് പള്ളിയുടെ അരികിലിലൂടെ ആദ്ദേഹം നടക്കേണ്ടതായി വന്നിരിക്കാം. ഞാൻ ഈ സംഭവം കൊണ്ട് ഉപസംഹരിക്കുന്നതിനുള്ള കാരണം ഇത് സംഭവത്തെ കൂടുതൽ സങ്കീർണമാക്കുന്നു എന്നതിനാലും നമുക്ക് ചിന്തിക്കാൻ കൂടുതൽ വക നൽകുന്നു എന്നതിനാലുമാണ്. എന്തുകൊണ്ടാണ് സുയൂതി തന്റെ അതിഥിയെ സ്വീകരിക്കാൻ തെയ്യാറാവാതിരുന്നത്? എന്തായിരിക്കും ഈ സംഭവങ്ങളെക്കുറിച്ചുള്ള ഖസ്തല്ലാനിയുടെ ഭാഗത്ത് നിന്നുമുള്ള വീക്ഷണം? എങ്ങിനെയാണ് നമുക്ക് ഖസ്തല്ലാനിയുടെ നടത്തത്തെ മാനസ്സിലാക്കാനാവുക?

പൂർവ്വാധുനിക ഇസ്‌ലാമിക സമൂഹം ധൈഷണികവും, കായികവുമായ തൊഴിലുകളെ എപ്രകാരം വേർതിരിച്ചിരുന്നില്ല എന്നും, അദ്ധ്വാനം എന്നത് തന്നെ സൃഷ്ടിക്കുന്നതല്ല, മറിച്ച് ആർജ്ജിക്കുന്നതാണ് എന്നും വിശദീകരിച്ച ശേഷം ഈ നടത്തത്തെയും ഒരു ധൈഷണിക വ്യക്തിത്വവുമായി ചേർക്കാനാവുന്ന എഴുത്ത്, വായന പോലെത്തന്നെയുള്ള ഒരു പ്രവർത്തനമായി വേണം മനസ്സിലാക്കാൻ എന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തിൽ നാം അതിനെ ഒരു ധൈഷണിക പ്രവർത്തനമായി കണ്ടില്ല എന്ന് വരാമെങ്കിലും അത് തീർച്ചയായും ധൈഷണിക വ്യക്തിയുടെ പ്രവർത്തനമാണ്. അതിന് വ്യക്തവും, പ്രായോഗികവുമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു: ആ കാലഘട്ടത്തിലെ പ്രസിദ്ധരായ പണ്ഡിതരിൽ ഒരാളോട് രഞ്ജിപ്പിലെത്തുകയും അതുവഴി അന്നത്തെ പണ്ഡിത സമൂഹത്തോടും പ്രത്യേകിച്ചും പൊതു സമൂഹത്തോട് പൊതുവെയും നല്ലനിലയിലാവുക എന്ന നിലയിൽ.


Featured Image

ഈജിപ്തിൽ 1814ൽ ജീവിച്ചിരുന്ന സൈഫുദ്ധീൻ ബിൻ അമെർ അൽ ജിലൈലി രചിച്ച ഇള്ഹാർ അൽ അസ്രാർ (രഹസ്യങ്ങൾ വെളിപ്പെടുത്തൽ) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള പേജാണിത്. ഈ മാനുസ്ക്രിപ്റ്റുകളിൽ വായനക്കാരന്റെ കൂട്ടിച്ചേർക്കലുകൾ ഉൾക്കൊള്ളിക്കാനായി പ്രധാന ഉള്ളടക്കത്തെക്കാൾ മാർജിനുകൾ നിലനിർത്തുന്ന പതിവുണ്ട്. പ്രധാന ടെക്സ്റ്റിനെ വ്യാഖ്യാനങ്ങൾ, വിമർഷനങ്ങൾ, വിശദീകരണങ്ങൾ എല്ലാം ഇവിടെ എഴുതിച്ചേർക്കപ്പെടുന്നു. ഇങ്ങനെ തുടർച്ചയായി കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നായി കൃത്യമായി ഒരാളുടേത് മാത്രമല്ലാതെ കൃതി മാറുന്നു. ഇവിടെ ഇമാം സുയൂതി തന്റെ കൃതിയിൽ പേര് ചേർക്കപ്പെടണമെന്ന് വാശി പിടിക്കുന്നതിൽ രചന കൊണ്ട് ഉള്ള നേട്ടങ്ങളെക്കുറിച്ചുള്ള ഇബ്നു ഖൽദൂൻ പറയുന്ന ഉപയോഗിക്കുന്നവരുടെ പ്രാർത്ഥന ലഭിക്കുക എന്ന ലക്ഷ്യത്തിലാണ്. വഖ്ഫ് ചെയ്യുന്നത് പോലെ തന്റെ മരണത്തിന് ശേഷവും നിലനിൽക്കുന്ന ഒരു സൽക്കർമ്മമായാണ് അവർ തങ്ങളുടെ എഴുത്തുകളെ കണ്ടത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്ന ആധുനിക സങ്കല്പ്പത്തിൽ നിന്നും വ്യത്യസ്തമായ ലോകബോധാമാണ് ഈ പ്രവർത്തനങ്ങളെ നയിക്കുന്നത് എന്നത് വ്യക്തമാണ്,

വിവർത്തനം: മർവ ഹനീഫ
ഗ്രീൻക്രസന്റ്‌ പബ്ലിക്‌ സ്‌കൂൾ

Comments are closed.