[ശബ്ദം, ഇടം, സാമൂഹികത: ജമാമസ്ജിദിലെ ബഹളങ്ങളെക്കുറിച്ച് എന്ന പഠനത്തിന്റെ തുടർച്ച]


“യാതൊരു സംസ്ക്കാരവുമില്ലാത്ത ആൾക്കാർ നിറഞ്ഞ, ബഹളം നിറഞ്ഞ സ്ഥലമല്ലേ അത്. ഇപ്പോൾ എനിക്ക് അവിടെ പോകുന്നത് ആലോചിക്കാൻ പോലും വയ്യ. നീയെങ്ങനെയാണവിടെ ദിവസവും പോയി വരുന്നത്? തന്റെ പുതിയ വാച്ചിൽ സമയം കാണിച്ചുകൊണ്ട് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. സമയം ഏകദേശം മഗ്‍രിബാകാറായി എന്നായിരുന്നു അവന്റെ സൂചന. ഫീൽഡ് വർക്ക് ആവശ്യാർത്ഥം ദിനേനയുള്ള എന്റെ ജമാമസ്ജിദ് സന്ദർശനത്തിന് കൂടെ വരാൻ ആവശ്യപ്പെടതായിരുന്നു ഞാൻ അവനോട്. ജമാമസ്ജിദിന്റെ പരിസരത്തെ ബഹളത്തെ കുറിച്ചും തിരക്കിനെ കുറിച്ചുമായിരുന്നു അവൻ ഏറെ അവജ്ഞയോടെ സൂചിപ്പിച്ചത്. കേൾവിയെയും (listening) ശ്രവണതയെയും (hearing) വേർതിരിച്ച് കൊണ്ട് ആരുടെ കേൾവികൾക്കാണ് പരിഗണന ലഭിക്കുന്നത് എന്നും, ആരുടേതാണ് അഭികാമ്യമായത് എന്നും ഡൽഹിയിലെ ശബ്ദലോകത്തെ കുറിച്ചുള്ള പഠനത്തിൽ തൃപ്ത ചന്ദോള അന്വേഷിക്കുന്നുണ്ട്. എങ്ങനെയാണ് ഈ പരിഗണനകളെ ‘ഇടത്തിന്റെ സ്വഭാവവും, സാംസ്കാരിക പരിസരവും, ശബ്ദലോകവും’ നിർണയിക്കുന്നത് എന്നും അവർ നോക്കുന്നു. ഇത്തരത്തിൽ, ജമാമസ്ജിദിന്റെ ദൈനംദിന ശബ്ദലോകങ്ങൾ ഈ കാമനകളെയും പരിഗണനകളെയും വലിയരീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്നുകാണാം.

നിലയ്ക്കാത്ത ബഹളങ്ങളും ശബ്ദ കോലാഹലങ്ങളുമാണ് ജമാമസ്ജിദിന്റെ ദൈനംദിനതയുടെ പ്രധാന സവിശേഷത. നിശബ്ദതക്ക് വേണ്ടിയുള്ള സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ ശ്രേണിയിൽ ബഹളങ്ങൾക്ക് സ്പഷ്ടമായ അർത്ഥങ്ങളുണ്ട്. കോലാഹലങ്ങളുടെയും ബഹളങ്ങളുടെയും അസാന്നിദ്ധ്യമെന്നത് നഗര ശബ്ദലോകങ്ങളിൽ വർഗ-ജാതി ഘടകങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പ്രിവിലേജാണെന്ന് കാണാം. ഈ ബഹളങ്ങളിൽ നിന്നും തങ്ങളെ മാറ്റിനിർത്താൻ സാധിക്കാത്ത ജമാമസ്ജിദ് പരിസരത്തെ, താമസക്കാരുടെയും, കച്ചവടക്കാരുടെയും നിസ്സഹായതക്ക് ഒരു വർഗാടിസ്ഥാനമുണ്ടെന്ന് വ്യക്തമാണ്. നഗരത്തിലെ ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ദൈനംദിന വാണിജ്യ ഇടപാടുകൾക്ക് ഈ ശബ്ദങ്ങളുമായുള്ള ചേർച്ച ഇവർക്ക് അത്യന്താപേക്ഷിതമായി മാറുന്നു. നേരത്തെ ഒരു സാഹിത്യ കേന്ദ്രമായിരുന്ന ഉർദു ബസാറിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇപ്പോൾ ഈ ബസാറിൽ നിറയെ ഭക്ഷണശാലകളാണ്. തെരുവിലെ ഇടങ്ങൾ കൈയ്യടക്കുന്ന വിധത്തിൽ തുറന്ന അടുക്കളകളുള്ള ഈ ശാലകളിൽ നിന്നുള്ള മാംസത്തിന്റെയും മസാലയുടെയും കൊതിയൂറുന്ന ഗന്ധവും, അവിടത്തെ ജീവനക്കാരുടെ കച്ചവടതന്ത്രങ്ങളുടെ ഭാഗമായുള്ള വശീകരണവിളികളും നിറഞ്ഞുനിൽക്കുന്നതാണിവിടം. സൈക്കിൾ റിക്ഷ, ഓട്ടോ റിക്ഷ, ഇ-റിക്ഷ തുടങ്ങി പലതരം റിക്ഷകൾ കൂടെ മറ്റുവാഹനങ്ങൾക്കൊപ്പം നിറഞ്ഞ് നിൽക്കുന്ന ഇവിടെ വൈകുന്നേരമാകുമ്പോഴേക്കും ഹോണടി മുഴങ്ങാത്ത ഒരു നിമിഷവുമുണ്ടാവില്ല. ഈ ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ദൈനംദിനതയാണ് ജമാമസ്ജിദിന്റെ സാമൂഹിക ഇടസങ്കൽപ്പത്തെ നിർണയിക്കുന്ന പ്രധാന ഘടകം.

നഗരത്തിന്റെ ശാന്തവും വരേണ്യവുമായ തെക്ക് ഭാഗത്ത് താമസിക്കുന്ന നഗരവാസികളുടെ പ്രധാനപ്പെട്ട ആവലാതികളിലൊന്നായിരുന്നു ഈ ആളുകൾക്ക് ‘പൗരബോധം പകർന്നുനൽകുക’ എന്നത്. ഇത്തരത്തിലുള്ള ആളുകൾ‍ പലപ്പോഴും തങ്ങളുടെ സമുദായങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനേക്കാൾ തങ്ങളുടെ വ്യക്തിഗത അവകാശങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നവരായിരിക്കും എന്ന നാരായണി ഗുപ്തയുടെ നിരീക്ഷണത്തിൽ നിന്നും വിഭിന്നമായി, ഇവിടെ സാമുദായിക യുക്തി ഏറെ ശക്തവും ദൃഢവുമാണെന്ന് കാണാം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാമസ്ജിദിലും പരിസരപ്രദേശമായ തുർക്ക്മാൻ ഗേറ്റിലുമെല്ലാം നടന്ന വലിയ സമരങ്ങളിൽ ഈ ശക്തി ഏറെ പ്രകടമായിരുന്നു. ഈ സമരത്തിന്റെ ഭാഗമായി ജമാമസ്ജിദിന്റെ ഭാഗത്ത് എത്തിച്ചേർന്ന വലിയൊരു കൂട്ടം ആളുകളും വളരെ ക്രൂരമായി പോലീസ് മർദനത്തിരിയായിരുന്നു. ജന്തർ മന്തർ പോലെയുള്ള ഇടങ്ങളിൽ നടക്കുന്ന ‘പരിഷ്കൃത’ സമരങ്ങളിൽ നിന്നും വിഭിന്നമായി, ഇത്തരം സമരങ്ങൾ, പ്രത്യേകിച്ചും തുർക്ക്മാൻ ഗേറ്റിലെ സമരം, ഡൽഹിയിലെ സിവിൽ സമൂഹങ്ങളിലെ വരേണ്യരിൽ നിന്നും വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. അവ ശബ്ദകോലാഹാലങ്ങൾ നിറഞ്ഞതും, ഹിംസാത്മകവും, അച്ചടക്കം തീരെയില്ലാത്തതും ആണെന്നായിരുന്നു പ്രധാന പരാതി. അതുപോലെ തന്നെ, ദേശത്തിന്റെയും പ്രതിരോധ മുന്നേറ്റത്തിന്റെയുമെല്ലാം മതേതര സ്വഭാവത്തെ തകർക്കുന്ന തരത്തിലുള്ള ‘ശബ്ദ’ങ്ങളും ‘മുദ്രാവാക്യ’ങ്ങളുമെല്ലാം ഇത്തരം സ്ഥലങ്ങളിൽ നിന്നുമുയർന്നിരുന്നു എന്ന ആരോപണവും കൂടെയുണ്ടായിരുന്നു.

കോലാഹലങ്ങൾ നിറഞ്ഞ ‘ബഹള’ത്തിൽ നിന്നും ‘ശബ്ദ’ത്തെ വേർത്തിരിച്ച് മനസ്സിലാക്കുന്നതിന്റെ മാനകമായി വർഗം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് തന്റെ എത്തനോഗ്രാഫിക്ക് വിവരണങ്ങളിൽ നിന്നും ചന്ദോള നമുക്ക് മുന്നിൽ വരച്ച് കാണിക്കുന്നുണ്ട്. നഗരവാസികളായ പരിഷ്കൃത വർഗത്തെ സംബന്ധിച്ചിടത്തോളം, ജമാമസ്ജിദെന്നാൽ ഏറെ ‘നിരാശപ്പെടുത്തുന്നതും, തലവേദന’ സൃഷ്ടിക്കുന്നതുമായ ഇടമാണെന്ന് മാത്രമല്ല, ‘ഉച്ചത്തിലുള്ള ബഹളങ്ങളുടെ’ ഉറവിടം കൂടിയാണ്. നേരത്തെ സൂചിപ്പിച്ച സുഹൃത്തിന്റെ കേവലം വ്യക്തിഗതമായ അഭിപ്രായം എന്നതിലുപരിയായി വളരെ കൃത്യമായ സാമൂഹിക മനോഭാവമാണിതെന്ന് നമുക്ക് കാണാം. ‘സാംസ്കാരിക നിർമിതികൾ ഇന്ദ്രിയാനുഭൂതികളിലൂടെയാണ് തങ്ങളുടെ സാമൂഹിക ബന്ധങ്ങളെ നിർമിക്കുന്നത്’ എന്ന് പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഡേവിഡ് ഹോവ്‍സിന്റെ നിരീക്ഷണത്തിലേക്കാണ് നമ്മളെ ഈ അനുഭവങ്ങളെത്തിക്കുന്നത്. ഇത്തരത്തിൽ, ബഹളത്തിന്റെയും ശബ്ദ കോലാഹാലങ്ങളുടെയും ഇന്ദ്രിയാനുഭൂതികൾ സൗന്ദര്യാത്മക സവിശേഷതകളാൽ നിർമിക്കപ്പെട്ട സാംസ്കാരിക സഭ്യതകളാലാണ് (cultural sophistication) നിയന്ത്രിക്കപ്പെടുന്നത്. ഇവിടെ അഭിരുചി എന്നത് പിയറെ ബോർദ്യു നിരീക്ഷിക്കുന്നത് പോലെ ‘ഒരു വർഗ അടയാളമായി മാറുകയും’ ചെയ്യുന്നു.

സൗന്ദര്യശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുമ്പോൾ

മുസ്‌ലിംകൾ എന്തുകൊണ്ടാണ് ഒരു സവിശേഷമായ രീതിയിൽ ചിന്തിക്കുന്നതും, വസ്ത്രധാരണം നടത്തുന്നതും പ്രവൃത്തികളിൽ ഏർപ്പെടുന്നതുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന രാമചന്ദ്ര ഗുഹ ചെന്നെത്തുന്ന അനുമാനമിതാണ്: ഒരു കാലത്ത് ഇറാനും അന്തലൂസും തുർക്കിയും ഇന്ത്യയുമെല്ലാം ഭരിച്ചിരുന്ന അവരുടെ ശ്രേഷ്ഠമായ പുരാതന കാലത്തിൽ അഭിരമിച്ച് കൊണ്ട് വിവേചനങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന വർത്തമാന കാലത്തിൽ നിന്നും അഭയം തേടുകയാണ് അവർ എന്നാണ് ഗുഹയുടെ നിരീക്ഷണം. “രാഷ്ട്രീയപരമായ അധികാരത്തിന്റെ കാലം എന്നേ കഴിഞ്ഞുപോയി, എന്നാലും, സുന്ദരമായ നിർമിതികളിലും സംഗീത-സാഹിത്യ പാരമ്പര്യങ്ങളിലുമെല്ലാം അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു” എന്നുകൂടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പക്ഷെ, മുസ്‌ലിം തന്മയെ ഇത്തരത്തിലൊരു ഏകശിലാത്മക യുക്തിയിലേക്ക് ചേർത്ത് വെക്കുന്ന ഗുഹ അതിന്റെ ദൈനംദിന സാമൂഹ്യ പരിതസ്ഥിതിയെ പരിഗണനയിലേക്കെടുക്കുന്നില്ല എന്ന് കാണാം. തലയിൽ തൊപ്പിയോ തലമറക്കുന്ന ഷാളോ ധരിച്ച മുസ്‌ലിംകൾ ജമാമസ്ജിദ് പരിസരങ്ങളിൽ അതിസാധാരണമായ കാഴ്ച്ചയാണ്. രാഷ്ട്രീയപരമായി ദൽഹി വളരെയധികം അരക്ഷിതാവസ്ഥയിൽ എത്തിനിൽക്കുന്ന ഈ സമയത്തും (നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിനും മറ്റ് അക്രമങ്ങൾക്കും ശേഷം) അവർ തങ്ങളുടെ സ്വാഭിമാനത്തെയും അന്തസ്സിനെയും ചേർത്ത് വെക്കുന്നത് ഇത്തരത്തിൽ തങ്ങളുടെ അടയാളങ്ങളെ ശരീരത്തിലേക്ക് ചേർത്ത് വെച്ചുകൊണ്ടാണെന്ന് കാണാം. മുസ്‌ലിംകളുടെ കാര്യത്തിൽ മാത്രമല്ല, ജമാ മസ്ജിദിന്റെ കാര്യത്തിലും നേരത്തെ പറഞ്ഞത് പോലെയുള്ള വിചിത്രവത്കരണം (exoticization) കാണാം. ഔദ്യോഗിക ചരിത്രവും, സംരക്ഷണ നിയമങ്ങളും, മുസ്‌ലിം പൈതൃക സംരക്ഷണമെന്ന യുക്തിയുമെല്ലാം വളരെ സങ്കീർണമായി ഇടകലരുന്ന ഒരു പ്രത്യേക രീതിയിലുള്ള സ്മാരകവത്കരണമായിരുന്നു ജമാ മസ്ജിദിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന് ഹിലാൽ അഹ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഒരു സാമൂഹിക ഇടമെന്ന അർത്ഥത്തിൽ ജമാമസ്ജിദിനെ ‘യാതൊരു രാഷ്ട്രീയ ശേഷിയുമില്ലാത്ത സൗന്ദര്യാത്മ സ്ഥല’മായി കണ്ടിരുന്ന കൊളോണിയൽ ധാരണയെ ഈ ഇടം നിരന്തരം അട്ടിമറിക്കുകയും ചെയ്യുന്നുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഭരണകൂടത്തിനെതിരെ ഫത്‍വ നൽകിയ ഷാഹി ഇമാം ബുഖാരിയുടെ ‘രാഷ്ട്രീയ ഫത്‍വ‍’കളുടെയും, പിന്നീട് ബാബരി മസ്ജിദിന്റെ താഴ് തുറക്കുന്നതിന് വേണ്ടി ജമാ മസ്ജിദിന്റെ വാതിലുകൾ അടച്ചിടുന്നതിന്റെയും, അതുപോലെ പൗരത്വസമര കാലത്ത് ചന്ദ്രശേഖർ ആസാദിന് വേണ്ടി വേദിയൊരുക്കുന്നതിന്റെയുമെല്ലാം നിമിഷങ്ങൾ ജമാ മസ്ജിദിനെ ‘കേവല ആസ്വാദനത്തിന് വേണ്ടിയുള്ള സൗന്ദര്യശാസ്ത്ര വസ്തു’വായി കണക്കാക്കുന്ന ധാരണയെ തിരുത്തിക്കുറിക്കുന്നുണ്ട്. ജമാമസ്ജിദിന്റെയും അതിന്റെ പരിസര പ്രദേശങ്ങളുടെയും സാമൂഹിക-ഇടപരമായ ബന്ധത്തിന് ഒന്നാം സ്വാതന്ത്ര്യസമരം മുതൽ ഈയടുത്ത പൗരത്വ പ്രക്ഷോഭങ്ങൾ വരെയുള്ള വളരെ നീണ്ടൊരു വംശാവലി തന്നെയുണ്ട്. അതുകൊണ്ട് തന്നെ, കേവല സൗന്ദര്യ ശാസ്ത്ര നിർമിതിയായി ജമാമസ്ജിദിനെ ചുരുക്കിക്കാണിക്കുന്നത് ഷാജഹാനാബാദിലെ മുസ്‌ലിംകൾ ജമാമസ്ജിദ് എന്ന ഇടത്തോട് ചേർത്ത് വെക്കുന്ന സവിശേഷമായ ഒരു വികാരത്തിന്റെ (affect) കൊളോണിയലും കോളനിയാന്തരവുമായ രാഷ്ട്രീയ ചരിത്രത്തെ തന്നെ മായ്ച്ചുകളയലാകും.

ആധുനിക ബ്യൂറോക്രസികൾ രേഖകളെ സ്മാരകങ്ങളാക്കി മാറ്റി എന്ന ഫൂക്കോയുടെ നിരീക്ഷണത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ ചരിത്രകാരിയായ മൃണാളിലി രാജഗോപാലൻ തിരിച്ചുവായിക്കുന്നുണ്ട്. നമ്മുടെചരിത്രങ്ങളെ, സവിശേഷമായും വാമൊഴി പാരമ്പര്യങ്ങളെ, വിശ്വാസയോഗ്യമല്ലാത്തതായും, കേവല നാടോടിക്കഥകളായുമെല്ലാം കണക്കിലാക്കിയ ബ്രിട്ടീഷുകാർ സ്മാരകങ്ങളെയും നിർമിതികളെയുമാണ് രേഖകളായി പരിഗണിച്ചത് എന്നവർ നിരീക്ഷിക്കുന്നു (Rajagopan 2016: 3-4) . ഭൂതകാലത്തെ സംബന്ധിച്ച വിവരങ്ങളെ ശേഖരിക്കാനുതകുന്ന സ്ഥായിയായ രേഖകളായാണ് കോളോണിയൽ വിദഗ്ധർ വാസ്തുശാസ്ത്ര നിർമിതികളെയും സ്മാരകങ്ങളെയും കണക്കിലെടുത്തത്. ഇത്തരത്തിൽ, കോളോണിയൽ- കോളനിയാന്തര ഇന്ത്യയിലെ മുസ്‌ലിം ജീവിത ‘രേഖ’യായി ജമാ മസ്ജിദിനെ കണക്കിലെടുക്കുമ്പോൾ സിവിൽ സമൂഹവും ഭരണകൂടവുമെല്ലാം നിലനിർത്തിപ്പോരുന്ന സൗന്ദര്യശാസ്ത്രപരമായ വന്ധ്യത്വത്തെ മറികടക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. സാംസ്കാരിക വൈവിധ്യത്തെ കൂട്ടിച്ചേർക്കുന്നതിന്റെ പേരിൽ ഈ ഇടത്തിന്റെ സക്രിയമായ രാഷ്ട്രീയ പരിതസ്ഥിതിയെ നിഷ്ക്രിയമായ സാംസ്കാരിക സ്മാരകമെന്ന യുക്തിയിലേക്ക് തളച്ചിടുന്നതും ഈ യുക്തിയിലാണ്.

ഭരണകൂടങ്ങളെന്ന് കേവലം ‘നിർവ്വഹണയുക്തിയിലുള്ള ബ്യൂറോക്രാറ്റിക്ക് അധികാരങ്ങളല്ല’ മറിച്ച് ‘പ്രതീകാത്മകവും സാംസ്കാരികവുമായ നിർമിതികളെ സാധ്യമാക്കുന്ന ശക്തമായ ഇടങ്ങളാണ്’ എന്ന് പ്രശസ്ത നരവംശശാസ്ത്രജ്ഞനായ അഖിൽ ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ഇടങ്ങൾ വളരെ നിശ്ചിതമായ മാർഗങ്ങളിലൂടെയാണ് സാംസ്കാരികമായ പ്രതിനിധീകരിക്കപ്പെടുന്നതെന്നും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒരു സാമൂഹ്യ ഇടത്തെ കേവല സാംസ്കാരിക സ്മാരകമായി പരിമിതപ്പെടുത്തുന്ന മാർഗങ്ങളിൽ നിന്നും എങ്ങനെയാണ് ഭരണകൂടം കേവലമായ ശ്രേണീകൃത കേന്ദ്രം എന്നതിൽ നിന്നും വിട്ടുമാറി, ദൈനംദിന പ്രവൃത്തികളുമായി ചേർന്നു നിൽക്കുന്ന പ്രവൃത്തികൾക്ക് അർത്ഥം നൽകുന്ന ഭാവനയായി നിലനിൽക്കുന്നത് എന്ന് കാണാം. ജമാമസ്ജിദിന്റെ ഇടപരമായ അർത്ഥങ്ങൾ ഈ യുക്തിയിലാണ് പൊതുഭാവനയിൽ പ്രതിനിധീകരിക്കപ്പെടുന്നത്. പ്രഥമമായ ദൃഷ്ടിയിലുള്ള വാസ്തുശാസ്ത്ര അത്ഭുതമായോ, സാംസ്കാരിക സ്മാരകമായോ ഉള്ള ജമാമസ്ജിദിന്റെ പ്രതീതിയെ സാധ്യമാക്കുന്നത് ജ്ഞാനോദയത്തിന്റെ തുടർച്ചയായി ‘ദൃഷ്ടി’ ‘കാഴ്ച്ച’ തുടങ്ങിയ സങ്കേതങ്ങൾക്ക് ലഭിച്ച ജ്ഞാനശാസ്ത്രപരമായ മുൻഗണനകൾ കൊണ്ടാണെന്ന് കാണാം. എന്നാൽ ഇന്ദ്രിയാനുഭൂതികളെ കേന്ദ്രീകരിച്ചുള്ള പരിപ്രേക്ഷ്യത്തിലൂടെ ജമാമസ്ജിദിനെ നോക്കിക്കാണുമ്പോൾ ഈ കേവല പ്രതീതിയെ മറികടക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. ഈ ‘നോട്ടം’ നമുക്ക് ജമാമസ്ജിദിന്റെയും അതിന്റെ പരിസപരപ്രദേശങ്ങളിലെയും ദൈനംദിനതയിൽ ഉൾച്ചേർന്നിരിക്കുന്ന സക്രിയമായ യുക്തികളെയും പ്രവൃത്തികളെയും വെളിവാക്കിനൽകുകയും ചെയ്യുന്നു.

ദൈനംദിന സാമൂഹികത എന്ന ആശയത്തെ സാമൂഹ്യശാസ്ത്രത്തിന് ഈയടുത്ത് പരിചയപ്പെടുത്തിയ ഗോപാൽ ഗുരുവും സുന്ദർ സരുക്കായും ഈ ദൈനംദിന സാമൂഹികതയെ നിർണയിക്കുന്ന ഘടകങ്ങളായി ശബ്ദത്തെയും, ഗന്ധത്തെയും രുചിയെയും മനസ്സിലാക്കുന്നുണ്ട്. ഒരു പ്രാവശ്യമെങ്കിലും ജമാമസ്ജിദ് സന്ദർശിച്ചിട്ടുള്ളവർക്ക് അതിന്റെ ശബ്ദലോകത്തെയും കബാബുകളുടെ വശ്യമായ ഗന്ധത്തെയും മറക്കുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ കേവലമാധ്യമ പ്രതിനിധാനങ്ങളുടെയും ഭരണകൂട-സിവിൽസമൂഹ യുക്തിയുടെയും ആലോചനകളിൽ നിന്നും ജമാ മസ്ജിദിനെ പരസ്പര സഹവർതിത്വത്തിന്റെ വൈവിധ്യ മണ്ഡലമായി (D.Massey 2015:9) മനസ്സിലാക്കാൻ ഈ ഇന്ദ്രിയാനുഭൂതികളിലൂടെയുള്ള അന്വേഷണം നമ്മെ സഹായിക്കുന്നുണ്ട്. അതേസമയം, ഈ സൗന്ദര്യശാസ്ത്ര നിഷ്ക്രിയത ഈ ഇടത്തിനെ സംബന്ധിച്ചിടത്തോളം സക്രിയമായ ഒരു രാഷ്ട്രീയ ഇടമായി സ്വയം പരിവർത്തിപ്പിക്കുന്നതിൽ നിന്നും തടയുന്ന ഒരു പരിമിതിയേ അല്ല എന്നും ഈയടുത്ത് നടന്ന പ്രക്ഷോഭങ്ങൾ നമ്മൾക്ക് മുന്നിൽ വ്യക്തമാക്കുന്നു. അത്തരത്തിൽ, വൈവിധ്യമാർന്ന പ്രവൃത്തികളിലൂടെ. തന്റെ സാംസ്കാരികമോ, സൗന്ദര്യശാസ്ത്രപരമോ, ചരിത്രപരമോ ആയ യാതൊരു സവിശേഷതകളെയും അടിയറവ് വെക്കാതെ, നിരന്തരം സ്വന്തം ഇടപരമായ യുക്തിയെയും വിശേഷണങ്ങളെയും സ്വയം പുനർനിർവചിച്ചുകൊണ്ടിരിക്കുന്ന ഒരു ഉറവായി ജമാ മസ്ജിദ് മാറുന്നു.


References

Gupta N. “The Indian City” (2005) in Veena Das. Handbook of Indian sociology (p. 142-155). New Delhi: Oxford University Press
Fergusen James, Gupta Akhil. spatializing states: toward an ethnography of neoliberal governmentality. American Ethnologist, Vol. 29, No. 4 (Nov., 2002), pp. 981-1002
Thomas Porcello, Louise Meintjes, Ana Maria Ochoa, David W. Samuels. The Reorganization of the Sensory World. Annual Review of Anthropology 2010 39:1, 51-66
Russolo, Luigi, Robert Filliou, and Francesco Balilla Pratella. 1967. The art of noise: futurist manifesto, 1913. New York: Something Else Press.
Massey, Doreen Barbara. 2015. For space. London: SAGE.
Rajagopalan, Mrinalini. 2017. Building Histories: the Archival and Affective Lives of Five Monuments in Modern Delhi. Chicago, IL: University of Chicago Press.
Ahmed, Hilal. Muslim political discourse in postcolonial India: monuments, memory, contestation. Routledge: India. 2014
Ahmed, Hilal. Mosque as Monument: The Afterlives of Jama Masjid and the Political Memories of a Royal Muslim Past, South Asian Studies, (2013) 29:1, 51-59
Bourdieu, Pierre. 1984. Distinction: a social critique of the judgement of taste. London: Routledge & Kegan Paul.
Guru, Gopal, and Sundar Sarukkai. Experience, Caste and the Everyday Social. , 2019. Print.
Chandola, Tripta. Listening into Others: Moralising the Soundscapes in Delhi. International Development Planning Review. 34. 391-408, 2012
Simpson, Paul. “Sonic Affects and the Production of Space: ‘Music by Handle’ and the Politics of Street Music in Victorian London.” Cultural Geographies 24, no. 1 (January 2017): 89–109.
https://doi.org/10.1177/1474474016649400.
Guha, Ramachandra. Burdens of the Past. The New Indian Express. April 10, 2018

Comments are closed.