ക്രിസ്മസ് വന്നതോടെ പിള്ളേർ വീണ്ടും തുഴവള്ളത്തിനായി ശഠിച്ചു.

“ശരി, കർട്ടഹേനയിൽ തിരിച്ചെത്തുമ്പോൾ വാങ്ങിത്തരാം” അച്ഛൻ പറഞ്ഞു.

അച്ഛനുമമ്മയും വിചാരിച്ചതിനുമപ്പുറം ഉറച്ചുതന്നെയായിരുന്നു ഒൻപത് വയസുകാരൻ ടോട്ടോയും ഏഴുവയസുള്ള ജോയലും.

“അതുപറ്റില്ല” രണ്ടുപേരും ഒരേസ്വരത്തിൽ പറഞ്ഞു. “ഇപ്പോൾ തന്നെ കിട്ടണം.”

”അതിനിവിടെ ആകെ ബോട്ട് ഓടിക്കാൻ വേണ്ട വെള്ളമായി ഉള്ളത് ആ ഷവറിൽനിന്ന് വരുന്നത് മാത്രമാണ്.” അമ്മ പറഞ്ഞുനോക്കി.

അവരും ഭർത്താവും പറഞ്ഞത് ശരിയായിരുന്നു. കർട്ടഹേന ദെ ഇന്ത്യാസിലെ അവരുടെ വീട്ടുമുറ്റത്ത് ഒരു കപ്പൽത്തുറയും രണ്ടു വലിയ വള്ളങ്ങൾ കൊള്ളുന്ന ഒരു ഷെഡുമുണ്ടായിരുന്നു. ഇവിടെ മാഡ്രിഡിൽ കാര്യങ്ങളങ്ങനെയല്ല. 47 പാസിയോ ദെ കാസ്റ്റില്ലാനയിലുള്ള അഞ്ചാം നിലയിലെ അപ്പാർട്ട്‌മെന്റിൽ അവർ തിങ്ങിഞെരുങ്ങിയാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒടുക്കം ഇരുവർക്കും കുട്ടികളുടെ ആവശ്യം നിരസിക്കാനായില്ല. ക്ലാസിൽ ഒന്നാം സ്ഥാനം നേടിയാൽ വടക്കുനോക്കിയന്ത്രവും സെക്സ്റ്റന്റുമെല്ലാമുള്ള ഒരു തുഴവള്ളം വാങ്ങിത്തരാമെന്ന് അവർ കുട്ടികൾക്ക് വാക്കുകൊടുത്തിരുന്നു. ഇപ്പോഴിതാ കുട്ടികൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു. ഭാര്യയോട് ഒന്നും പറയാതെ പപ്പ കുട്ടികൾ പറഞ്ഞതെല്ലാം വാങ്ങിച്ചു‌; പന്തയക്കടം വീട്ടാൻ തന്നെക്കാൾ മടിയാണു ഭാര്യയ്ക്ക്. വെള്ളം തൊടുന്നിടത്ത് സ്വർണ്ണ വരയുള്ള മനോഹരമായൊരു അലുമിനിയം വള്ളമായിരുന്നു വാങ്ങിയത്.

“വള്ളം ഗാരേജിലുണ്ട്..” ഉച്ചഭക്ഷണത്തിനിടെ പപ്പയുടെ പ്രഖ്യാപനമുണ്ടായി. “പക്ഷെ ഒരു പ്രശ്നമുണ്ട്.. എലിവേറ്ററിലോ കോണിപ്പടി വഴിയോ അത് ഇങ്ങോട്ടെത്തിക്കാൻ ഒരു വഴിയുമില്ല. ഗാരേജിലാണെങ്കിലിനി കൂടുതൽ സ്ഥലവും കാണുന്നില്ല.”

തൊട്ടടുത്ത ശനിയാഴ്ച ഉച്ചതിരിഞ്ഞ് വള്ളം മുകളിലെത്തിക്കാൻ സഹായത്തിനായി പിള്ളേർ തങ്ങളുടെ കൂട്ടുകാരെ ക്ഷണിച്ചു. അവർ എല്ലാവരും ചേർന്ന് അത് വീട്ടുവേലക്കാരിയുടെ മുറിവരെ എത്തിക്കുകയും ചെയ്തു.

“കൊള്ളാം…” പപ്പ കുട്ടികളെ അഭിനന്ദിച്ചു. “ഇനി എന്താണ് ഇതുകൊണ്ട് പരിപാടി?”

“ഇനി ഒന്നുമില്ല…” കുട്ടികൾ പറഞ്ഞു. “ഞങ്ങൾക്ക് മുറിയിൽ ബോട്ട് ഉണ്ടായിരിക്കണമെന്നേയുള്ളൂ… അതിനിപ്പോൾ പരിഹാരമായിരിക്കുന്നു.”

ബുധനാഴ്ച രാത്രി എല്ലാ ബുധനാഴ്ചയും ചെയ്യുന്ന പോലെ അച്ഛനുമമ്മയും സിനിമക്ക് പോയി. അതോടെ വീടിന്റെ ഉടമസ്ഥരും അവകാശികളുമായി മാറിയ കുട്ടികൾ വാതിലുകളും ജനലുകളും ഭദ്രമായി അടച്ച് സ്വീകരണമുറിയിലെ വിളക്കുകളിൽ കത്തിക്കൊണ്ടിരുന്ന ബൾബിന്റെ ചില്ല് തകർത്തു. തകർന്ന ബൾബിനകത്തുനിന്ന് ജലംകണക്കെ തണുപ്പാർന്ന പൊൻപ്രഭാ പ്രവാഹം പുറത്തേക്കു പൊട്ടിയൊഴുകാൻ തുടങ്ങി. ഏകദേശം മൂന്നടി പൊക്കത്തിൽ അതു വന്നുനിറയും വരെ അവർ കാത്തു. എന്നിട്ട് വൈദ്യുതി അണച്ചു തുഴവള്ളം പുറത്തെടുത്ത് വീട്ടിലെ ദ്വീപുകൾക്കിടയിൽ ഇഷ്ടംപോലെ തുഴഞ്ഞുനടന്നു.

വീട്ടുവസ്തുക്കളുടെ കവിതയെക്കുറിച്ചുള്ള ഒരു സെമിനാറിൽ പങ്കെടുക്കവെ ഞാൻ നടത്തിയ നിസ്സാരമായൊരു പരാമർശത്തിന്റെ അനുരണനമായിരുന്നു ഈ അതിശയകരമായ സാഹസികത. ഒരു സ്വിച്ച് തൊടുമ്പോഴേക്കും എങ്ങിനെയാണ് പ്രകാശം പരക്കുന്നതെന്ന ടോട്ടോയുടെ ചോദ്യത്തിന് മറുപടി പറയാൻ രണ്ടാമതൊന്ന് ചിന്തിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

“വെള്ളം പോലെയാണ് വെളിച്ചം..” ഞാൻ മറുപടി നൽകി. “നിങ്ങൾ ടാപ്പ് തുറക്കൂ… അത് പുറത്തേക്കൊഴുകും…”

എല്ലാ ബുധനാഴ്ച രാത്രിയും അവർ ഇതുതന്നെ തുടർന്നു. വടക്കുനോക്കിയന്ത്രവും, സെക്സ്റ്റന്റും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചുകൊണ്ട് അമ്മയും അച്ഛനും സിനിമ കഴിഞ്ഞു തിരിച്ചെത്തും വരെ തുഴച്ചിൽ തുടർന്നു. വീട്ടിലെത്തുമ്പോൾ രണ്ടുപേരും കാണുന്നത് വരണ്ട നിലത്ത് മാലാഖമാരെപ്പോലെ ഉറങ്ങുന്ന മക്കളെയാണ്. മാസങ്ങൾക്കു ശേഷം കൂടുതൽ ദൂരം പോകാൻ കൊതിച്ച് കുട്ടികൾ സമ്പൂർണമായ ഡൈവിംഗ് വസ്ത്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു: മാസ്‌കുകൾ, മീൻചിറകുകൾ, തൊട്ടികൾ, കംപ്രസ്ഡ് എയർ റൈഫിളുകൾ.. എല്ലാം…

”നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ബോട്ട് വീട്ടുജോലിക്കാരിയുടെ മുറിയിൽ കൊണ്ടുവച്ചത് തന്നെ ശരിയല്ല… പോരാഞ്ഞിട്ട് ഇനി ഡൈവിംഗ് ഉപകരണങ്ങളും വേണമല്ലേ..” പപ്പ പറഞ്ഞു.

“ആദ്യ സെമസ്റ്ററിനുള്ള ഗോൾഡ് ഗാർഡനിയ സമ്മാനം ഞങ്ങൾ സ്വന്തമാക്കിയാൽ വാങ്ങിത്തരാമോ?” ജോയൽ ചോദിച്ചു.

“ഇല്ല” ഭീഷണിസ്വരത്തിൽ അമ്മ വ്യക്തമാക്കി. “ഇപ്പോൾ ഉള്ളതൊക്കെ മതി.”

കുട്ടികളോട് ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുന്നതിന് പപ്പ അമ്മയെ ശകാരിച്ചു.

“ആവശ്യം വരുമ്പോൾ ഒരു ആണിപോലും കൊണ്ടുവരാൻ പിള്ളേരെക്കൊണ്ട് പറ്റില്ല… പക്ഷെ എന്തെങ്കിലും കാര്യം നേടിയെടുക്കാനാണെങ്കിൽ അവർക്ക് എന്തും നടക്കും; ടീച്ചറുടെ കസേര പൊക്കിക്കൊണ്ടുവരാൻ പോലും.” അവർ പ്രതികരിച്ചു.

ഒടുക്കം അച്ഛനുമമ്മയും വാങ്ങിത്തരാമെന്നോ തരില്ലെന്നോ പറഞ്ഞില്ല. എന്നാൽ ജൂലൈയിൽ ടോട്ടോയും ജോയലും ഗോൾഡ് ഗാർഡനിയ മെഡലും പ്രധാനാധ്യാപകന്റെ പൊതു അംഗീകാരവും സ്വന്തമാക്കി. ഇതേദിവസം ഉച്ചയ്ക്ക്, വീണ്ടും ചോദിക്കേണ്ടി വരാതെത്തന്നെ ഡൈവിംഗ് വസ്ത്രങ്ങൾ അവയുടെ യഥാർത്ഥ പാക്കിങ്ങിൽ തന്നെ തങ്ങളുടെ കിടപ്പുമുറിയിൽ അവർക്കു കണ്ടെത്താനായി. അങ്ങനെ അടുത്ത ബുധനാഴ്ച അച്ഛനുമമ്മയും ‘ലാസ്റ്റ് ടാംഗോ ഇൻ പാരീസ് ‘ കാണാനായി പുറത്തുപോയ സമയം പിള്ളേർ അപ്പാർട്ട്‌മെന്റിൽ രണ്ടാൾ പൊക്കത്തിൽ വെളിച്ചം നിറച്ചു. ബെഡുകളടക്കമുള്ള ഫർണിച്ചറുകൾക്കടിയിലേക്ക് സ്രാവുകളെപ്പോലെ ഊളിയിട്ടു. വർഷങ്ങളായി ഇരുട്ടിൽ കാണാതായ വസ്തുക്കൾ അവർ വെളിച്ചത്തിൽനിന്ന് കണ്ടെടുത്തു.

വർഷാവസാനത്തെ അവാർഡ്ദാന ചടങ്ങിൽ സ്‌കൂളിനു മൊത്തം മാതൃകയാണെന്ന പ്രശംസയ്ക്കു പാത്രമാകുകയും വിദ്യാഭ്യാസ മികവിനുള്ള പ്രമാണപത്രങ്ങൾ സ്വന്തമാക്കുകയും ചെയ്തു ടോട്ടോ-ജോയൽ സഹോദരങ്ങൾ. ഇത്തവണ അവർക്ക് ഒന്നും ചോദിക്കേണ്ടി വന്നില്ല. എന്താണ് വേണ്ടതെന്ന് അച്ഛനുമമ്മയും അവരോട് അങ്ങോട്ട് ചോദിക്കുകയായിരുന്നു. കൂടുതൽ വിവേകമതികളായിരുന്നു ഇത്തവണയവർ. കൂട്ടുകാർക്ക് വീട്ടിലൊരു വിരുന്നൊരുക്കണം എന്നുമാത്രമേ അവർ ആവശ്യപ്പെട്ടുള്ളൂ.

ഭാര്യയ്‌ക്കൊപ്പം തനിച്ചിരിക്കെ ഏറെ പ്രസന്നവദനനായിരുന്നു പപ്പ.

”അവർക്ക് പക്വത വച്ചതിന്റെ അടയാളമാണത്…” അദ്ദേഹം പറഞ്ഞു.

”താങ്കളുടെ നാക്ക് പൊന്നാകട്ടെ” ഭാര്യ പ്രതിവചിച്ചു.

അടുത്ത ബുധനാഴ്ച അച്ഛനുമമ്മയും ‘ബാറ്റിൽ ഓഫ് അൾജിയേഴ്‌സ് ‘ കാണുകയായിരുന്നു. അന്നേരം പാസിയോ ദെ കാസ്റ്റില്ലാനയിലൂടെ നടക്കുകയായിരുന്ന ആളുകൾ മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പഴയ കെട്ടിടത്തിൽനിന്ന് വെളിച്ചത്തിന്റെ ജലപ്രവാഹം താഴേക്ക് പതിക്കുന്നതു കണ്ടു. ബാൽക്കണിയിലൂടെ കവിഞ്ഞൊഴുകിയത് മലവെള്ളപ്പാച്ചിലായി കെട്ടിടത്തിന്റെ മുൻവശത്തേക്കു കുത്തിയൊഴുകി. പ്രധാന വീഥിയും കടന്ന് മുന്നോട്ടു കുതിച്ചൊഴുകിയ ആ സ്വർണരാശി പ്രവാഹത്തിൽ ഗ്വാഡറാമ വരേക്കുമുള്ള നഗരം കത്തിനിന്നു.

അത്യാഹിതം നേരിടാനെത്തിയ അഗ്നിശമന സേന അഞ്ചാം നിലയിലെ വാതിൽ ചവിട്ടിത്തുറന്നു നോക്കുമ്പോൾ അപാർട്‌മെന്റ് മേൽക്കൂര വരെ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുന്നതാണു കണ്ടത്. സ്വർണ്ണ നിറത്തിലുള്ള മാന്ത റേ മത്സ്യത്തെപ്പോലെ പാതിവെള്ളത്തിലാണ്ടു പാറിപ്പറക്കുന്ന മനില ഷാളിനൊപ്പമുള്ള ഗ്രാൻഡ് പിയാനോയ്ക്കും ബാറിൽനിന്നുള്ള കുപ്പികൾക്കുമിടയിൽ പുള്ളിപ്പുലി തൊലിയിൽ പൊതിഞ്ഞ സോഫയും ചാരുകസേരകളും സ്വീകരണമുറിയിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു. ഗൃഹോപകരണങ്ങൾ, അവയുടെ കാവ്യപൂർണിമയിൽ, സ്വന്തം ചിറകുവിടർത്തി അടുക്കളയാകാശത്തിൽ പറന്നുനടന്നു. കുട്ടികൾ നൃത്തം ചെയ്യാനുപയോഗിച്ചിരുന്ന മാർച്ചിംഗ് ബാൻഡ് ഉപകരണങ്ങൾ അമ്മയുടെ അക്വേറിയത്തിൽനിന്ന് മോചിപ്പിച്ച തിളക്കമുള്ള വർണമത്സ്യങ്ങൾക്കിടയിലൂടെ ഒഴുകിപ്പോയി. വിശാലമായ ആ പ്രകാശത്തിന്റെ ചതുപ്പിൽ ജീവനോടെയും സന്തോഷത്തോടെയും അവശേഷിച്ച ജീവികൾ ആ മത്സ്യങ്ങൾ മാത്രമായിരുന്നു. എല്ലാവരുടെയും ടൂത്ത് ബ്രഷുകൾ പപ്പയുടെ കോണ്ടങ്ങൾക്കും അമ്മയുടെ ലേപനങ്ങൾ അടച്ചുവച്ച ജാറുകൾക്കുമൊപ്പം ബാത്ത്‌റൂമിൽ ചെന്നടിഞ്ഞു. കിടപ്പുമുറിയിലുള്ള ടെലിവിഷൻ സെറ്റ് വശം തിരിഞ്ഞ് പൊങ്ങിക്കിടന്നു. ഒരു പാതിരാ കമ്പിപ്പടത്തിന്റെ അവസാന എപ്പിസോഡ് അപ്പോഴും അതിൽ ഓടിക്കൊണ്ടിരുന്നു.

ഹാളിന്റെ അറ്റത്ത് കര പറ്റാൻ മാത്രമുള്ള വായുവുമായി മുഖംമൂടിയിൽ ഒഴുക്കിനൊത്തുനീങ്ങി, പങ്കായം മുറുക്കിപ്പിടിച്ച് ലൈറ്റ്ഹൗസിനായി തിരഞ്ഞുകൊണ്ട് ബോട്ടിന്റെ അമരത്ത് ഇരിക്കുന്നുണ്ടായിരുന്നു ടോട്ടോ. സെക്സ്റ്റന്റിൽ വടക്കൻ നക്ഷത്രവും തിരഞ്ഞ് ജോയൽ വള്ളത്തിന്റെ മുൻവശത്തും സ്ഥാനംപിടിച്ചിരുന്നു. ജെറേനിയം പൂച്ചെട്ടിയിലേക്കു മൂത്രമൊഴിച്ച നിമിഷത്തിന്റെ അനുഭൂതിയിൽ ലയിച്ചും, പ്രധാനാധ്യാപകനെ കളിയാക്കാനായി വാക്കുകൾ മാറ്റി സ്‌കൂൾ ഗാനം ആലപിച്ചും, പപ്പയുടെ കുപ്പിയിൽനിന്ന് ഒരു ഗ്ലാസ് ബ്രാണ്ടി അടിച്ചുമാറ്റിയും അവരുടെ മുപ്പത്തിയേഴ് സഹപാഠികളും ആ വീടുമുഴുവൻ ഒഴുകിനടന്നു. ഒരേസമയം ഒരുപാട് ലൈറ്റുകൾ ഒരുമിച്ച് കത്തിച്ചതിനാൽ അപാർട്‌മെന്റ് മുഴുവനായും വെളിച്ചത്തിൽ മുങ്ങിയിരുന്നു. സെന്റ് ജൂലിയൻ ഹോസ്പിറ്റലർ പ്രാഥമിക വിദ്യാലയത്തിലെ രണ്ട് ക്ലാസുകൾ മുഴുക്കെ 47 പാസിയോ ദെ കാസ്റ്റില്ലാനയുടെ അഞ്ചാം നിലയിൽ മുങ്ങിപ്പോയിരുന്നു. സ്‌പെയിനിലെ മാഡ്രിഡിൽ, സമുദ്രമോ നദിയോ ഇല്ലാത്ത, കത്തുന്ന വേനലും മഞ്ഞുവീഴ്ചയുമുള്ള ഉൾപ്രദേശത്തുള്ള ആ നഗരത്തിലെ തദ്ദേശവാസികൾ ഒരിക്കലും വെളിച്ചത്തിൽ വള്ളമോടിക്കാനുള്ള വിദ്യ സ്വന്തമാക്കിയിരുന്നില്ല.


ഗബ്രിയേൽ ഗാർഷ്യ മാർക്കോസിന്റെ La Luz Es Como El Agua എന്ന ചെറുകഥയുടെ വിവർത്തനം
വര: അലി ഹൈദർ
വിവർത്തനം: അഹ്മദ് ഹബീബ്

Comments are closed.