“A minor key is always interlaced with major keys-the minor works the major from within”

Erin Manning -Minor Gesture

ഇവിടെ ഓർക്കേണ്ട ഒരു കാര്യം ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിവ പൂർവ്വനിശ്ചിതമായ ഒന്നല്ല എന്നതാണ്. എന്നാൽ, പരസ്പരം കൂടിപ്പിരിഞ്ഞാണ് രണ്ടിന്റെയും കിടപ്പ്. ഭൂരിപക്ഷത്തെ വ്യവസ്ഥാനുസൃതമായ ഒരു പ്രവണതയും, നിലവിലുള്ള മൂല്യ നിർവ്വചനങ്ങൾക്കനുസരിച്ചു സ്വയം ക്രമീകരണക്ഷമതയുള്ള ഒന്നുമായാണ് മനസ്സിലാക്കേണ്ടത്. അത്തരം ഘടനാപരമായ അച്ചടക്കത്തെയും പൊരുത്തങ്ങളെയും വ്യവസ്ഥാപിത മാനദണ്ഡങ്ങളെയും ഉള്ളിൽനിന്ന് അസ്ഥിരപ്പെടുത്തുകയും, പ്രശ്നവൽക്കരിക്കുകയും ചെയ്യുന്ന ശക്തിയാണ് യഥാർത്ഥത്തിൽ ‘ന്യൂനപക്ഷം’. സംഭവങ്ങൾ (event) ഭൂരിപക്ഷ ഇടങ്ങളിൽ മാത്രം നടക്കുന്നു എന്നാണ് പലരുടെയും ധാരണ, സംഭവങ്ങളും അത് സൃഷ്ടിക്കുന്ന മാറ്റവും അവിടെ മാത്രം നടക്കുന്നു എന്ന് അവർ അടിയുറച്ചു വിശ്വസിക്കുന്നു. പുറമെ, മാറ്റത്തെ അടയാളപ്പെടുത്താനും അളക്കാനുമുള്ള നിലവിലുള്ള ഉപാധികൾ ഇത്തരം വിശ്വാസത്തെ ദൃഢപ്പെടുത്തുന്നവയാണ്. ‘സ്ഥൂലരാഷ്ട്രീയം’ (macro politics) അതിന്റെ പ്രഭാവത്താൽ, തനത് മണ്ഡലങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തെ സ്വന്തം പേരിൽ കൈവശപ്പെടുത്തുമ്പോൾ, ന്യൂനപക്ഷാത്‍മകമായ (minoritarian) പ്രവണതകളാണ് സൂക്ഷ്മ വ്യതിയാനങ്ങളിലൂടെ അത്തരം മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നത് എന്നത് യഥാർത്ഥത്തിൽ വിസ്മരിക്കപ്പെടുന്നു . അത്തരം ‘വലുതു’കൾക്ക് അവക്കില്ലാത്ത മൂല്യം നൽകുന്നത് അവക്കുള്ള മാറ്റിതീർക്കൽ ശക്തികൊണ്ടല്ല, മറിച്ച്, ‘സ്ഥൂലവ്യതിയാനങ്ങൾ’ അളക്കാനും അടയാളപ്പെടുത്താനും എളുപ്പവും, എന്നാൽ ന്യൂനപക്ഷത്തിന്റെ അതിസൂക്ഷ്മമായ താളം ഒരിക്കലും പിടിതരാതെ തെന്നിമാറിക്കൊണ്ടിരിക്കുന്നതും ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത്തരം ചലനങ്ങൾ അധികവും അവഗണിക്കപ്പെടുകയാണ് പതിവ്.

ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ‘mobility’ ആണ്. അനുഭവത്തിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനം തന്നെയാണ് ന്യൂനപക്ഷം. അതിന്റെ താളം പൂർവ്വനിശ്ചിതമായ ഘടനകളാൽ നിയന്ത്രിതമല്ല. അതിനെ ഒരു ‘ഒഴുക്കായി’ക്കൊണ്ടാണ് കാണേണ്ടത്. ഒഴുക്ക് ഒരേസമയം മാറ്റവും അനിശ്ചിതവുമാണ്. അതിന്റെ അനിശ്ചിതത്വത്തെ വന്യവും, തീവ്രവുമായ ഒന്നായി കാണുന്നതിന് പകരം, പലപ്പോഴും നിർജ്ജീവതയായി മനസ്സിലാക്കപ്പെടുക പതിവാണ്. യഥാർത്ഥത്തിൽ, അതിന്റെ ‘ദ്രവത്വം’ വെറും കട്ടികുറവ് മാത്രമായി തെറ്റിദ്ധരിക്കപ്പെടുന്നു. മുഖ്യതന്ത്രികൾകിടയിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ നിസ്സാരമായി കരുതുന്ന ലഘുതന്ത്രികൾ ഉണ്ട്. അതിലേക്ക് ആരുടെയും കണ്ണെത്തുന്നില്ല എന്നത് ഒരേസമയം അതിന്റെ ശക്തിയും  ദൗർബല്യവുമാണ്. എറിൻ മാനിങ്ങിന്റെ ഭാഷയിൽ “It is out of time, untimely, rhythmically inventing its own pulse” എന്ന് പറയാം.

എന്താണ് ന്യൂനപക്ഷമെന്ന് മുൻകൂറായി അറിയാത്തതുകൊണ്ടു തന്നെ അത് ഒരിക്കലും അതിന്റെ തന്നെ ഛായയിൽ പുനരുൽപാദിപ്പിക്കപ്പെടുന്നില്ല. സംഭവവുമായി നേർബന്ധമുള്ളത് കൊണ്ടുതന്നെ അത് കൂടുതലും പ്രായോഗികതയിൽ അധിഷ്ഠിതമാണ്.  പലപ്പോഴും സംഭവത്തിനും അപ്പുറമുള്ള അവാച്യമായ ഒരു തലത്തെ സ്പർശിക്കുന്നത് കൊണ്ടുതന്നെ, ‘minor’ എന്നത് ഊഹാത്മകം കൂടിയാണ്. ‘ഊഹാത്മകമായ പ്രായോഗികതയിൽ’ (speculative pragmatism) ഊന്നി അത്  പുതിയ മൂല്യങ്ങൾ കണ്ടെത്തുന്നു. ആ മൂല്യങ്ങളാകട്ടെ എന്നാൽ ഒരേസമയം ക്ഷണികവും ചലനാത്മകവുമാണ്. അതു പലപ്പോഴും പിടിതരാതെയും തിരിച്ചറിയപ്പെടാതെയും പോകുന്നതായതുകൊണ്ടുതന്നെ അവിടെ മൂല്യനിർണ്ണയം ശ്രമകരമായി മാറുന്നു.

ക്ഷണികമാണെങ്കിലും ന്യൂനപക്ഷം എല്ലായിടത്തും ഇടക്കിടെ ഉയർന്നു വരുന്നതായി കാണാം. അതിന്റെ നിൽപ്പ് കേവലമായ ഒരിടത്തല്ല, മറിച്ച് ഒരു വ്യതിയാന സ്ഥലികയിലാണ് (space of variation). ന്യൂനപക്ഷം അസ്തിത്വത്തിന്റെ നവീന രൂപങ്ങൾ തേടുകയും, പുതിയ ‘നമ്മളു’കളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

മഹത്തായ എഴുത്തുകാർ ആരും അവരുടെ ‘ഈഗോ’ കൊണ്ടു എഴുതിയവർ ആയിരുന്നില്ല. അവർ ഒരിക്കലും നിലവിലുള്ള ഒരു രാഷ്ട്രത്തെയോ, ജനതയെയോ അഭിസംബോധന ചെയ്യുന്നില്ല; പകരം കണ്ടെത്തുന്നത് ‘ഇല്ലാത്ത മനുഷ്യരെ’ (missing people) ആണ്.  ദില്യൂസിനെ പോലുള്ള ചിന്തകർ ഇതിനെയാണ് സാഹിത്യത്തിന്റെ വിപ്ലവ ശേഷിയായി (revolutionary potential) കണ്ടത്.

ദില്യൂസും ഗുത്താരിയും, മുതലാളിത്തത്തിന്റെ വർത്തമാനകാല സ്ഥിതിയെ വിശകലനം ചെയ്യുന്നത് വർഗ്ഗത്തിന്റെയും വർഗ്ഗസമരത്തിന്റെയും അടിസ്ഥാനത്തിലല്ല പകരം അതിന്റെ ‘പലായന വഴികളെയും’ (line of flights) ‘ന്യൂനപക്ഷങ്ങളെയും’ അടിസ്ഥാനമാക്കിയാണ്. (Capitalism and Schizophrenia) അവർ വികസിപ്പിച്ചെടുത്ത ‘ന്യൂനപക്ഷ സംഞ്ജ’, സംഗീതം, സാഹിത്യം, ഭാഷാശാസ്ത്രം എന്നിവകൂടാതെ നിയമവും രാഷ്ട്രീയവുമായും ബന്ധപ്പെട്ട ഒന്നാണ്. രാഷ്ട്രീയമായി ‘ന്യൂനപക്ഷം’ പാരിമാണികമായ (quantitative) ഒന്നല്ല. ‘ഭൂരിപക്ഷം’ എണ്ണത്തിൽ കൂടിയവർ ആയല്ല നിർവ്വചിക്കപെടുന്നത്, മറിച്ച് ചില ആദർശ മാതൃകകളും, മാനകങ്ങളുമൊക്കെയാണ് അതിനെ നിർണ്ണയിക്കുന്നത്. വെളുത്തവൻ, പുരുഷൻ, ഭിന്ന ലൈംഗികതയുള്ളവർ, നഗരവാസികൾ, യുക്തിബോധമുള്ളവർ, മാനകഭാഷ സംസാരിക്കുന്നവർ ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് സുപരിചിതമാണ്. അത്തരം സ്വയം സിദ്ധതത്ത്വങ്ങളിൽ നിന്നും (axioms) വ്യതിചലിക്കുന്നവരെ മുഴുവൻ അവരുടെ എണ്ണം പരിഗണിക്കാതെ ‘ന്യൂനപക്ഷ’ത്തിൽ പെടുത്താവുന്നതാണ്. പുരുഷൻമാർ എണ്ണത്തിൽ സ്ത്രീകളെക്കാളും, കുട്ടികളെക്കാളും കുറവാണെങ്കിലും അവർ എപ്പോഴും ഭൂരിപക്ഷമാണ്, മാത്രമല്ല, പലപ്പോഴും ന്യൂനപക്ഷങ്ങൾ എണ്ണത്തിൽ കൂടുതൽ ആയിരിക്കുകയാണ് പതിവ്.

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ എണ്ണത്തെ പരാമർശിച്ചു സംഘപരിവാർ സാധാരണ ഉയർത്തുന്ന എതിർവാദം ഇവിടത്തെ മുസ്‌ലിം, കൃസ്ത്യൻ ന്യൂനപക്ഷങ്ങൾ ചേർന്നാൽ എണ്ണത്തിൽ ഹിന്ദുഭൂരിപക്ഷത്തെ കവിഞ്ഞുനിൽക്കും എന്നതാണ്. കേരളത്തിൽ നമ്പൂതിരി, നായർ സമുദായങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, അവർ ഭൂരിപക്ഷസമുദായം ആണല്ലോ. മുസ്‌ലിം സമുദായത്തിനകത്തെ ‘ഉയർന്ന ജനനനിരക്ക്’ ഭൂരിപക്ഷപദവി ആർജ്ജിക്കാനുള്ള അവരുടെ ശ്രമമായും ‘ഹിന്ദുത്വത്തിന്’ ഉള്ള ഭീഷണിയായും ഉയർത്തിക്കാണിക്കുന്നത് ഒരു സംഘപരിവാർ രീതിയാണ്.

ന്യൂനപക്ഷങ്ങൾ ‘വസ്തുനിഷ്‌ഠമായി’ നിർവ്വചിക്കാൻ പറ്റുന്ന സ്ഥിതിയിൽ ആണെന്നുള്ളത് ഒരു വസ്തുത ആയിരിക്കെത്തന്നെ  ഭാഷാന്യൂനപക്ഷങ്ങളും, മതന്യൂനപക്ഷങ്ങളും, സ്ത്രീകളും, ദളിതരും, ലൈംഗിക ന്യൂനപക്ഷങ്ങളും ഒക്കെ ‘ഭൂരിപക്ഷപദവി’  ആർജ്ജിക്കാനുള്ള നിരന്തരസമരമുഖത്തിൽ ആണെന്നതും വിസ്മരിക്കാൻ കഴിയില്ല. സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള സമരങ്ങളെയും, സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങളെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. പക്ഷെ അതൊരു തിരഞ്ഞെടുപ്പ് വിഷയമായി ഉപയോഗിക്കപെടുമ്പോൾ, അതിന് ‘മൂവ്മെന്റ്’ നഷ്ടമാകുന്നു. രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കാരണമാകുന്ന ‘സൂക്ഷ്മമായ അടിയൊഴുക്കുകൾ’ പലപ്പോഴും അദൃശ്യമാണ്. ‘ഭൂരിപക്ഷം’ തീർത്തും അമൂർത്തമായ (abstract) മാനകങ്ങളെ ആശ്രയിക്കുന്നത് കൊണ്ടു തന്നെ, അത് സൃഷ്ടിക്കുന്ന അപഗ്രഥന വസ്തുതകൾ യഥാർത്ഥത്തിൽ ‘ആരുടെയും അല്ല’. കാരണം, എല്ലാവരും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർതഥത്തിൽ ‘ന്യൂനപക്ഷം ആയിക്കൊണ്ടിരിക്കുന്നവർ’ (becoming minority) ആണ്. ഭൂരിപക്ഷം തന്നെ  ‘ആധിപത്യത്തിൽ ഇരിക്കുന്നവർ’ അല്ല എന്നും, ‘ഒരാധിപത്യവ്യവസ്ഥക്ക് കീഴടങ്ങി നിൽക്കുന്നവർ’ ആണ് എന്നും, ‘ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതിലൂടെ, ‘സ്വയംഭരണത്തിനു’ വേണ്ടി ശ്രമിക്കുന്നവർ കൂടിയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്.

മുതലാളിത്തത്തിലെ യാഥാർത്ഥ സൈദ്ധാന്തികസംഘർഷം, അതിന്റെ സ്വയം സിദ്ധ (വർഗ്ഗ) തത്ത്വത്തിൽ അകപ്പെട്ട ഘടകങ്ങളും, അതിൽനിന്നും നിരന്തരം കുതറിമാറി സ്വതന്ത്രമാകാൻ ശ്രമിക്കുന്ന ഘടകങ്ങളും തമ്മിലാണ് എന്ന ദില്യൂസിന്റെയും ഗുത്താരിയുടെയും വാക്കുകൾ ഇത്തരുണത്തിൽ പ്രസക്തമാണ്.

‘ന്യൂനപക്ഷത്തിന്’ മാതൃകകൾ ഒന്നുമില്ല. അത് അതിൽത്തന്നെ ഒരു ‘പ്രക്രിയയും ആയിക്കൊണ്ടിരിക്കലും’ ഒക്കെയാണ്. ന്യൂനപക്ഷത്തിന്റെ ‘ഉശിര്’ അളക്കുന്നത് അതിന് ഭൂരിപക്ഷ വ്യവസ്ഥയിൽ കടന്ന് ചെന്ന് സ്വന്തം ശക്തിയും സാന്നിധ്യവും പ്രകടിപ്പിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ, രാഷ്ട്ര നിർമ്മിതിക്കുമപ്പുറം രാഷ്ട്രത്തിന് ഒരിക്കലും കടന്നുചെല്ലാൻ കഴിയാത്ത ഊടുവഴികളിൽ പ്രവേശിക്കാനും, മറ്റുചില നിർമ്മിതികൾക്കും, മിശ്രണങ്ങൾക്കും പ്രേരക ശക്തിയാകാനുമുള്ള അതിന്റെ ശേഷിയുടെ അടിസ്ഥാനത്തിൽ ആണ്.

2012ലെ Quebec വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള മസ്സുമിയുടെ (Brian Massumi) നിരീക്ഷണങ്ങൾ പ്രസക്തമാണ്. വിദ്യാർത്ഥി പ്രക്ഷോഭം മുതലാളിത്ത വിരുദ്ധ ദിശയിൽ കൊടുമ്പിരി കൊണ്ടപ്പോൾ ആണ്, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ്  പ്രഖ്യാപിക്കപ്പെട്ടത്. അങ്ങനെ മുതലാളിത്ത വിരുദ്ധപ്രക്ഷോഭം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വഴിമാറി. തീർച്ചയായും വിദ്യാർഥികൾ രാഷ്ട്രീയ നേട്ടമുണ്ടാക്കി, അവരുടെ ട്യൂഷൻ ഫീസ് വർധനവ് പിൻവലിച്ചു. പക്ഷെ അവർ അവരുടെ ‘movement’ നഷ്ടപ്പെടുത്തി. പുതിയ ഭരണകൂടം അതേറ്റെടുത്തുകൊണ്ട് അതിനെ തുരത്തി. പക്ഷെ, എല്ലാ ഏറ്റെടുക്കലിനും(ലുകൾക്കും) കുറുകെ ചില തുടർച്ചകൾ ഉണ്ട്, അതിനെയാണ് ദില്യൂസും ഗുത്തരിയും ‘സൂക്ഷ്മരാഷ്ട്രീയം’ (Micropolitics) എന്ന് വിളിക്കുന്നത്. അതിന്റെ പ്രധാന സവിശേഷത ‘ഇന്ദ്രിയാതീതത’ (imperceptibly) ആണ്.  അത് എപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. സാധാരണ, അരിപ്പകളിൽ ഒന്നും ഇത് കുടുങ്ങുന്നില്ല. ദില്യൂസും ഗുത്താരിയും ഭരണകൂടത്തെ ‘apparatus of capture’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതൊരു ‘കൊടിൽ’ പോലെയാണ്. ഭരണകൂടം അനാവശ്യ പ്രവണതകളെ പിടിച്ചെടുത്തു മന്ദഗതിയിലാക്കി, തുരത്തുന്നു. എന്നാൽ മുതലാളിത്തം,   ത്വരിതഗതിയിലാക്കാനും അതിന്റെ തന്നെ ആവശ്യാനുസരണം ഉപയോഗിക്കാനും ആണ് സാമൂഹിക പ്രവണതകളെ പിടിച്ചെടുക്കുന്നത്. പക്ഷെ ‘സൂക്ഷ്മരാഷ്ട്രീയം’ ഭരണകൂടത്തിന്റെ കൊടിലിന് പിടികൊടുക്കാതെ എപ്പോഴും തെന്നിമാറുന്നു. അവിടെയും ‘മൊബിലൈസ്’ ചെയ്യുന്നുണ്ടെങ്കിലും ഒരു മൂവ്മെന്റ് മറ്റൊന്നാണ്. പക്ഷെ സ്വന്തം നിലക്ക് ചലിച്ചു തുടങ്ങുന്ന ഒന്നിനെ മാത്രമേ ഇത്തരം കൊടിലുകൾക്ക് (apparatus of capture) പിടിച്ചെടുക്കാൻ കഴിയൂ എന്നത് അതിപ്രധാനമാണ്. അപ്പോൾ, അതിന് സൂക്ഷ്മരാഷ്ട്രീയത്തെ ‘പിടികിട്ടും’ വരെ കാത്തിരിക്കാതെ നിവൃത്തിയില്ലെന്നു വരുന്നു. എന്തെന്നാൽ, അതിന് ശേഷം മാത്രമേ അവയെ വരുതിയിൽ നിർത്താൻ അതിന് സാധിക്കൂ.

വൈറ്റ്ഹെഡിനെ (Whitehead) പിന്തുടർന്ന് ‘സൂക്ഷ്മരാഷ്ട്രീയത്തിന്റെ സംഘാടക തത്ത്വ’മായി മസ്സൂമി പറയുന്നത് ‘അ-ശാന്തത’ ആണ് (principle of unrest). എന്നാൽ സ്ഥൂലരാഷ്ട്രീയത്തിൽ സമൂഹ്യ സംഘാടനം അ-ശാന്തതയുടെ എതിർതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥൂലരാഷ്ട്രീയത്തിന്റെ പൊതുവായതും കേന്ദ്രീകൃതവുമായ സംഘാടക തത്ത്വം അതിൽ നിന്നുതന്നെ വേറിട്ട് നിൽക്കുന്നു. അത് പലപ്പോഴും പ്രതിനിധാന സ്വാഭാവം പുലർത്തുന്ന ഒന്നാണ്. മുകളിൽ നിന്ന് താഴേക്ക് പ്രവർത്തനക്ഷമമാകുന്നതും താഴെയുള്ളതിനെ അതിനോട് അനുസരിക്കാൻ നിർബന്ധിക്കുന്നതുമായ ഒന്നാണ്. അതിന്റെ മറ്റൊരു പ്രത്യേകത ‘മതിൽ കെട്ടിനകത്തെ ഏകത്വ’ മാണ് (bounded whole). പ്രാതിനിധ്യം ജനാധിപത്യം എപ്പോഴും ഊറ്റംകൊള്ളുന്നത്  അതിന്റെ ‘ഉൾക്കൊള്ളൽ ശേഷി’ (inclusiveness) യുടെ പേരിലാണ്. പക്ഷെ അതിന്റെ അതിർത്തിഭേദിച്ച് എത്തുന്ന ഒന്നിനെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നിരിക്കെ തന്നെ ‘ഉൾക്കൊള്ളൽ’, ‘പുറംതള്ളൽ’ എന്നീ ദ്വന്ദ്വങ്ങളെ നിലനിർത്തുന്നതുവഴി, ദേശരാഷ്ട്രങ്ങൾ അടക്കമുള്ളവ നടത്തുന്ന പുറന്തള്ളലുകളെ നിശബ്ദമായി അംഗീകരിക്കുകയാണ് ഇവിടെ. നടുക്കടലിൽ കുടുങ്ങിയ റോഹിൻഗ്യൻ അഭയാർത്ഥികൾ പല ലിബറൽ ജനാധിപത്യരാജ്യങ്ങളെയും എങ്ങനെ പരിഭ്രാന്തരാക്കി എന്നു ചിന്തിച്ചാൽ മതി ‘അതിർത്തി’ അവയുടെ നിലനിൽപിന് എത്ര പ്രധാനമാണ് എന്നറിയാൻ. 

എന്നാൽ സൂക്ഷ്മരാഷ്ട്രീയം മറ്റൊന്നാണ്. അവിടെ അസ്വസ്ഥത പതിയെ തലയുർത്തുകയും, അതിന്റെ നിയതമായ ആവിഷ്കാരങ്ങൾ തേടുകയും ചെയ്യുന്നു. സൂക്ഷ്മരാഷ്ട്രീയത്തിലെ വ്യത്യാസത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ആധിക്യം കേവലമായ നിർവ്വചനങ്ങളുടെ അഭാവമല്ല, മറിച്ച് സാധ്യതകളുടെയും ശേഷിയുടെയും നിറവാണ്. അവിടെ മുള പൊട്ടുന്നത് മുഴുവൻ നിയതമായ രൂപമെടുക്കുന്നു. പക്ഷെ വ്യക്തവും സൂഷ്മവുമായ ഈ മേഖലകളെ ചുറ്റിപ്പറ്റി സാധ്യതളുടെ മറ്റൊരു ഉപമേഖലയുണ്ട്. യാഥാർത്ഥ്യമാകാത്ത സാധ്യതളുടെയും ശേഷിയുടെയും അടയാളങ്ങൾ എല്ലായിടത്തുമുണ്ട്. മറ്റൊരിക്കൽ, വേറൊരു സാഹചര്യത്തിൽ അവ സാക്ഷാൽക്കരിക്കപ്പെട്ടേക്കാം. അതിന്റെ സമ്മർദ്ധങ്ങൾ, യാഥാർഥ്യമാകുന്നവയെയും ‘ബാധിക്കുന്നു’. അപ്പോൾ സൂക്ഷ്മരാഷ്ട്രീയം വിഷയി-വിഷയ വിഭജിതമല്ലാത്ത സാധ്യതകളുടെയും ശേഷിയുടെയും തുറന്ന അനേകതയാണെന്ന് വരുന്നു. സ്ഥൂലരാഷ്ട്രീയത്തിന് സുഘടിതമായ ഘടനയും പൊരുത്തവും ഉണ്ട്. അത് കൃത്യമായ അതിർത്തികൾ സൃഷ്ടിക്കുകയും, ഒരു അധികാര കേന്ദ്രത്തെ സകലരെയും അനുസരിക്കാൻ ബാധ്യതപ്പെടുത്തുന്ന ഒരു ക്രമം വ്യവസ്ഥചെയ്യുകയും ചെയ്യുന്നു. ആ അധികാര കേന്ദ്രം ജനാധിപത്യമോ, ഏകാധിപത്യമോ ഒക്കെ ആകാം. നിയമപാലനം തോക്കിൻകുഴലിലൂടെയോ പൊതുസമ്മതിയുടെ നിർമ്മിതിയിലൂടെയോ നടത്തപ്പെടാം. അതെപ്പോഴും സൂക്ഷ്മരാഷ്ട്രീയം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ‘ഉടൻ ജനാധിപത്യം’ (direct democracy) എന്ന സങ്കല്പത്തെ അസാധ്യമാക്കുന്നു. മസ്സൂമിയുടെ അഭിപ്രായത്തിൽ സൂക്ഷ്മരാഷ്ട്രീയം ഭരണകൂടത്തിന്റെ പേടിസ്വപ്നമാണ്.

വാൾസ്ട്രീറ്റ് സമരസമയത്ത്, ഒരു സമരക്കാരനോട് മാധ്യമപ്രവർത്തകൻ സമരപരിപാടിയെയും ലക്ഷ്യത്തെയും കുറിച്ച് ചോദിച്ചതിനുള്ള മറുപടി ഇതായിരുന്നു: “They are asking us what is our program. We have no program. we are here to have goodtime”.അപ്പോൾ, ആവശ്യങ്ങൾ ഒന്നും ഉന്നയിക്കാത്ത സമരത്തെ എങ്ങനെ ഒത്തുതീർപ്പാകും എന്നതും, സമരപരിപാടി അറിയാതെ എങ്ങനെ സമരത്തെ നേരിടും എന്നതും ഭരണകൂടത്തിന് എന്നും ഒരു കീറാമുട്ടിയാണ്.

കേരളത്തിൽ ഈയിടെയുണ്ടായ ചില സമരങ്ങളെ ‘അരാഷ്ട്രീയം’ എന്ന മുദ്രചാർത്തിയാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നേരിട്ടത്. രാഷ്ട്രീയത്തിന്റെ പരമ്പരഗതനിർവ്വചനങ്ങളെ മാറ്റിമറിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ആണ് അവയിൽ പലതും. ‘ഗെയിൽ പൈപ്പ്‌ലൈൻ വിരുദ്ധ സമരവും’, ‘വയൽക്കിളികൾ’ നടത്തിയ വയൽനികത്തലിന് എതിരായ സമരവും, ആലപ്പാട്ടുകാർ കരിമണൽ ഖനനത്തിന് എതിരെ നടത്തിവരുന്ന സമരവും ഒക്കെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കിയിട്ടുണ്ട്. അത്തരം സമരങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്നത് ‘രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും’ അല്ല. കാരണം ആ സമരപങ്കാളികൾക്ക് മുൻകൂർ പരിപാടികൾ ഒന്നുമില്ല. അതിനെയൊക്കെ പരാജയപ്പെട്ട സമരങ്ങളായാണ് അതിനാൽ പൊതുവെ വിലയിരുത്തപ്പെട്ടത്(ടുന്നത്).

മുല്ലപ്പൂ വിപ്ലവകാലത്ത് കെയ്റോവിൽ നടന്ന കലാപത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ ഇങ്ങനെ സംഗ്രഹിക്കാം എന്നു തോന്നുന്നു:”അവർക്ക് പേരെടുത്തു പറയാവുന്ന ഒരു സംഘടന ഉണ്ടായിരുന്നില്ല, അവരാരും കലാപം തുടങ്ങുന്നതിനു മുമ്പ് വിപ്ലവകാരികൾ ആയിരുന്നില്ല.”

സൂക്ഷ്മരാഷ്ട്രീയം എങ്ങനെയാവണം എന്നതിനെ സംബന്ധിച്ചുള്ള  കുറുക്കുവഴികൾ എല്ലാം അപ്രായോഗികമാണ്. എവിടെയും വേഗതയാർജിക്കാനുള്ള മുറവിളികൾ ഉയരുമ്പോൾ, സൂക്ഷ്മരാഷ്ട്രീയം തീർത്തും പതുക്കെ നീങ്ങുന്നത് പലപ്പോഴും ഇന്ദ്രിയാഗോചരമാകാതിരിക്കാൻ അതിന് പ്രയോജനപ്പെട്ടേക്കാം. എന്തെന്നാൽ, സൂക്ഷ്മരാഷ്ട്രീയത്തിൽ വേഗതക്കല്ല, അതിനുമപ്പുറം  ചലനസവിശേഷതകൾക്കാണ് പ്രാധാന്യം. ദില്യൂസും പാർനെറ്റും ചേർന്നെഴുതിയ ‘Dialogues’ലെ വാക്കുകൾ കടമെടുത്താൽ”A minority never exists ready-made, it’s only formed on lines of flight, which are also its way of advancing or attacking.”

*’Minority’ എന്നത് ന്യൂനപക്ഷം എന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഉള്ള ഒരു പ്രശ്‌നം അത് ഇവിടെ ഒരു പ്രത്യേക സമുദായത്തെ കുറിക്കുന്ന വാക്കാണ് എന്നതാണ്. പ്രായപൂർത്തി എത്താത്തവരെയും നമ്മൾ ‘മൈനർ’ എന്നു വിളിക്കാറുണ്ട്. ‘നിസ്സാരമായി’ പൊതുവെ കരുതുന്നവയും ‘minor’ തന്നെ. ഇതൊക്കെക്കുറിക്കുന്ന ഒറ്റ മലയാളവാക്ക് പ്രയോഗത്തിൽ ഇല്ലാത്തതിനാൽ ‘ന്യൂനപക്ഷം’ എന്നവാക്കിനെ പുതിയ വെളിച്ചത്തിൽ പ്രയോഗിക്കാനുള്ള ശ്രമം കൂടിയാണിത്.


Featured Image: Zac Ong
Location: New York, United States

Comments are closed.