ഉത്തര യൂറോപ്പിൽ വളർന്ന പൗരസ്ത്യ സൗന്ദര്യശാസ്ത്രത്തോട് ചില സാമ്യതകളുണ്ടെങ്കിലും ലാറ്റിൻ അമേരിക്കയിലെ അൽഹംബ്രിസ്‌മോ പ്രധാനമായും രൂപപ്പെട്ടത് യൂറോപ്പിൽ സഞ്ചരിക്കുകയും പരിശീലിക്കുകയും, അവരെ പ്രചോദിപ്പിച്ച ദേശാതിർത്തികളെ ചിത്രപ്പണിയിലൂടെ രേഖപ്പെടുത്തുകയും ചെയ്ത വാസ്തുശില്പികളുടെ സംഭാവനകളിലൂടെയാണ്. വാസ്തുവിദ്യ മാസികകളുടെയും വാഷിംഗ്‌ടൺ ഇർവിന്റെ ‘Tales of Alhambra’ പോലുള്ള സാഹിത്യ കൃതികളുടെയും സ്വാധീനവും നാം അംഗീകരിക്കേണ്ടതുണ്ട്. അത് കൂടാതെ, ചിത്രങ്ങളിലൂടെയുള്ള ഓറിയന്റലിസം കൊത്തുപണികളിലൂടെയും സചിത്ര മാഗസിനുകളിലൂടെയും പോസ്റ്റുകാർഡുകളിലൂടെയും ലാറ്റിൻ അമേരിക്കയുടെ തലസ്ഥാന നഗരങ്ങളിൽ അക്കാലത്ത് വിഖ്യാതരായിരുന്ന ജനാരോ പെരെസ് ഡി വിയ്യമിൽ, മരിയാനോ ഫോർച്ചൂണി തുടങ്ങിയ പ്രമുഖ യൂറോപ്യൻ പൗരസ്ത്യ പണ്ഡിതരുടെ കൃതികളിലൂടെയും അവിടെയെത്തിയിരുന്നു. ലാറ്റിൻ അമേരിക്കൻ സഞ്ചാരികളും യൂറോപ്പിലേക്ക് പഠന യാത്രകൾ നടത്തിയ പണ്ഡിതരും ഈ ബന്ധങ്ങളെ പിന്നീട് കൂടുതൽ ശക്തമാക്കി.

അൽഹംബ്ര, സ്പെയിൻ

ചിലപ്പോഴൊക്കെ, കുടിയേറിപ്പാർത്തവർ സ്വന്തം നാടിനെ ഓർമിക്കാനുള്ള ആഗ്രഹങ്ങളാൽ സ്വന്തം വീട് നിർമിക്കാൻ യൂറോപ്പിലേക്ക് യാത്ര ചെയ്തവരെ ചുമതലപ്പെടുത്തിയതിലൂടെ രൂപപ്പെട്ടത് കൂടെയാണ് ലാറ്റിൻ അമേരിക്കൻ പൈതൃകങ്ങൾ.

ഈ ഘടകങ്ങളെല്ലാം തന്നെ സാഹചര്യങ്ങൾ, വ്യക്തിപരമായ ആവശ്യങ്ങൾ, ജീവിത ശൈലി, കാലാവസ്ഥ എന്നിവയോടൊക്കെ യോജിച്ച ഒരു ലാറ്റിൻ അമേരിക്കൻ പൗരസ്ത്യ ശിൽപ്പകല രൂപപ്പെടുന്നതിന് സഹായിച്ചു. അതിനാൽ തന്നെ, ചിലപ്പോൾ ഗ്രാനഡയിലെ ഗാർഹികമായ ഭംഗി മറ്റ് പല കെട്ടിടങ്ങളുടെ മുൻവശത്തും, അൽഹംബ്രയിലെ ചുവരുകളിൽ നിറങ്ങളില്ലാതെ പതിഞ്ഞവയെ നിറഞ്ഞ വർണങ്ങളോടെ കരീബീയൻ നാടുകളിലും കാണപ്പെടാൻ സാധിക്കും. എന്നാൽ, അവയെല്ലാം കഴിഞ്ഞ കാലങ്ങളിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല. പ്രധാനമായ, എന്നാൽ ശ്രദ്ധയിൽ പെടാത്ത, ശില്പകലകൾ ഇനിയുമുണ്ട്. ഈ ലക്ഷ്യത്തിനു വേണ്ടി കെട്ടിടങ്ങളുടെ ഒരു പട്ടിക നിർമിക്കുന്നത് അൽഹംബ്രക്ക് ആഗോള തലത്തിലുള്ള കാല്പനിക സ്വാധീനം വ്യക്തമാക്കിത്തരും. അറ്റ്ലാന്റിക്കിന്റെ മറുകരയിൽ അൽഹംബ്രയുടെ പാരമ്പര്യം എങ്ങനെ സംരക്ഷിക്കപ്പെടുന്നുവെന്നും, അൽഹംബ്രിസ്‌മോ എന്ന സൗന്ദര്യ സങ്കൽപം എങ്ങനെയാണ് വിശാലമായ ഒരു ഭൂപ്രദേശം സ്വീകരിച്ച് പുഷ്ടിപ്പെടുത്തിയതെന്നും, അതെങ്ങനെയാണ് ഇന്ന് ലാറ്റിൻ അമേരിക്കൻ സ്വത്വത്തിന്റെ ദൃശ്യതയെ നിർണയിക്കുന്നതെന്നും ആ ഒരന്വേഷണം അടയാളപ്പെടുത്തും.

കാസ്റ്റിലോ മോറിസ്‌കോ, അർജന്റീന

വൈദേശിക സ്പാനിഷ് സ്വാധീനവും ഇസ്‌ലാമിക സ്മരണയും

പത്തൊമ്പതാം നൂറ്റാണ്ടിലെ ലോക വ്യാപാര ബന്ധങ്ങളുടെ വളർച്ച ശില്പകലക്ക് ഒരു പരീക്ഷണ നിലമൊരുക്കി. കൂടാരങ്ങളുടെ രൂപത്തിലും പ്രാദേശിക തനിമയുള്ള കെട്ടിടങ്ങളിലും ദേശീയമായ സ്വത്വത്തിൽ നിന്ന് നിഷ്ക്രമിച്ച, വിദൂര ഭൂതകാലത്തിൽ നിന്ന് കടം കൊണ്ട നിർമ്മിതികളുമായും രാജ്യങ്ങൾ അതിൽ പങ്ക് ചേർന്നു.

ഓറിയന്റലിസത്തോടുള്ള അഭിനിവേശം 1867ൽ പാരിസിൽ നടന്ന അന്താരാഷ്ട്ര എക്സിബിഷനിൽ ഈജിപ്ഷ്യൻ തുർക്ക് വാസ്തുവിദ്യയിലേക്കും 1873ലെ വിയന്ന എക്സിബിഷനിൽ ഓട്ടോമനിലേക്കും ശ്രദ്ധ ക്ഷണിച്ചു. 1878ലെ പാരീസ് എക്സിബിഷൻ ഒരു പൗരസ്ത്യ പട്ടണം തന്നെ (oriantal bazaar) ഉൾക്കൊള്ളിച്ചിരുന്നു . 1889 ഫ്രഞ്ച് തലസ്ഥാനത്തെ എക്സിബിഷൻ അറബ് രീതിയിലുള്ള വീടുകൾ അടങ്ങിയ ഒരു മാർക്കറ്റും കെയ്റോ തെരുവകളുടെ തനി പകർപ്പും ഇസ്ലാമിക അയല്പക്കവും അവതരിപ്പിച്ചിരുന്നു.

1900ത്തിൽ പാരിസിൽ വെച്ച് നടന്ന യൂണിവേഴ്സൽ എക്സിബിഷനിലാണ് മൂറിഷ് ശിൽപ്പകലയുടെ സാന്നിദ്ധ്യത്തിന്റെ വ്യക്തമായ അനുരണനങ്ങൾ ഉണ്ടാകുന്നത്. തനതായ ഈജിപ്ഷ്യൻ കൂടാരത്തിനും, ഓട്ടോമൻ, പേർഷ്യൻ സ്വാധീനത്തിനും പൗരസ്ത്യ ഉൾഭാഗത്തോടെ നിർമിച്ച Palais de l’Electricite എന്ന നിർമിതിക്കും പുറമെ ‘അന്ദലുസിയ ഇൻ ദി ടൈം ഓഫ് മൂർസ്’ എന്ന അൽഹംബ്രയുടെ ഘടകങ്ങൾ അടയാളപ്പെടുത്തുന്ന ഇടങ്ങളും ഗ്രാനഡയിലെ സാക്രോമോന്റെ പ്രദേശവും സെവിയ്യയിലെ ജിറാൽഡയുമെല്ലാം അവിടെ ഉണ്ടായിരുന്നു.

 

 

സാന്റ മരിയ ലാ റിബെറാ, മെക്സിക്കോ

ആ സമയത്ത് സ്പെയിൻ, പ്രത്യേകിച്ചും അന്ദലുസിയ, കാല്പനിക സഞ്ചാരികളാൽ ഭ്രമാത്മകമായി ആകർഷിക്കപ്പെട്ടിരുന്നു. പൗരസ്ത്യ അതിർത്തികൾ മോഷ്ടാക്കളെ പോലെയുള്ളവരെ കൊണ്ട് നിറയുക വരെ ചെയ്തിരുന്നു. എങ്കിലും, അന്ദലൂസിയക്ക് ഇസ്‌ലാമിക ശില്പകലയുടെ വൻ ശേഖരം തന്നെ പ്രകടിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു.

ആ പശ്ചാത്തലത്തിൽ അന്തർദേശിയ പരിപാടികളിൽ നിയോ അറബിക് ശില്പകലയായിരുന്നു സ്പെയിനിനെ പ്രതിനിധീകരിക്കാൻ വേണ്ടി ഉപയോഗിച്ചു പോന്നിരുന്നത്. 1910ലെ ബ്രസൽസ് എക്സിബിഷനിൽ സ്പാനിഷ് കൂടാരവും അമേരിക്കയിലെ സ്പാനിഷ് കൂട്ടായ്മകളുടെ മന്ദിരങ്ങളും ക്ലബുകളും എല്ലാം അതിനുദാഹരണമാണ്. ആ കൂട്ടത്തിൽ തന്നെ 1904ൽ മിഗ്വൽ റെറ്റോമെനോ മൂറിഷ് രീതിയിൽ അലങ്കാരങ്ങളോടെയും വർണ ചമയങ്ങളോടെയും നിർമിച്ച ഇക്വിഖിലേയും ചിലിയിലെയും സ്പാനിഷ് ക്ലബ് കെട്ടിടങ്ങൾ.

1912ൽ ബ്യുണസ് അയ്റിസിൽ വെച്ച് എൻറിക്‌ ഫാൽക്കേഴ്സ് എന്ന ശിൽപി രൂപകൽപന ചെയ്ത സ്പാനിഷ് ക്ലബ്ബിന്റെ താഴ് നില ഗ്രാനഡയുടെ 360 ഡിഗ്രിയുള്ള പനോരമ ദൃശ്യത്തിന്റെ ചുവർചിത്രങ്ങളടങ്ങിയ ഒരു അൽഹംബ്ര മുറി തന്നെ ഉൾക്കൊള്ളിച്ചിരുന്നു. 1913ൽ വിയ്യ മരിയ, കോർഡോബ, അർജന്റീന തുടങ്ങിയ സ്ഥലങ്ങളിൽ മൂറിഷ് രീതിയിൽ സ്പാനിഷ് മ്യൂച്വൽ ബെനിഫിറ്റ് അസോസിയേഷൻ നിർമ്മിക്കപ്പെട്ടു. അതിനു മുമ്പ് തന്നെ നിർമിച്ചതാണെങ്കിലും സ്‌പാനിഷ്‌ അസോസിയേഷൻ ഓഫ് പനാമയിലും (1867-1905) നിയോ അറബിക് സ്വാധീനങ്ങൾ കാണാൻ സാധിക്കും.

സ്പാനിഷ് നിയോ അറബിക് ശില്പകലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു സൂചന സ്‍പാനിഷ് കമ്മ്യൂണിറ്റി പെറുവിന് 1921 ൽ അവരുടെ നൂറ്റാണ്ടിലൊരിക്കലെ ആഘോഷത്തിന്റെ ഭാഗമായി നൽകിയ മൂറിഷ് കൂടാരത്തിൽ കണ്ടെത്താൻ സാധിക്കും. കൊർഡോബ മസ്‌ജിദിനെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ദ്വിവർണമുള്ള തൂണുകളോടെ പ്രദർശ്പ്പിക്കപ്പെട്ട ഈ കൂടാരം 2000 ത്തിൽ പുതുക്കി പണിതു. 1923 ൽ അർജന്റീനയിലെ ബ്യുണെസ്‌ അയ്റിസ് പ്രവിശ്യയിൽ പെട്ട റ്റാണ്ടിലിലെ സെന്റിന്നിയൽ ആഘോഷങ്ങൾക്ക് സ്പാനിഷ് കമ്മ്യൂണിറ്റി നൽകിയ മൂറിഷ് കോട്ട പാർക്കിന്റെ ഉയരം കൂടിയ സ്ഥലത്ത് സ്ഥാപിക്കുകയും നഗരത്തിന്റെ പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നായി നിലനിൽക്കുകയും ചെയ്തു.

 

പാലസ് ഓഫ് അൽഹംബ്ര, ചിലി

ബുൾ‌റിങ്‌സ് ആയിരുന്നു സ്‌പാനിഷ്‌ മാതൃകയിലുള്ള ശിൽപകല ഉൾക്കൊണ്ട മറ്റൊരു സ്ഥലം. അതിൽ ഏറ്റവും കൗതുകകരമായ കാര്യം എമിലിയോ റോഡ്രിഗസും ലോറെൻസോ അൽവരെസും 1874ൽ മാഡ്രിഡിൽ ബുൾറിങ്‌സ് നിർമിച്ചതിന് ഒരു വർഷത്തിനു ശേഷമാണ് അൽവരസ് വിയന്ന എക്സിബിഷന് വേണ്ടി സ്പാനിഷ് പവലിയൻ നിർമിക്കുന്നത് എന്നതാണ്. ചുവന്ന കല്ലുകളാൽ നിർമിക്കുന്ന ആ ഘട്ടത്തെയാണ് നിയോ മുദെഹാർ (Neo mudejar) എന്ന് വിശേഷിപ്പിക്കുന്നത്. 1909ൽ ഉദ്‌ഘാടനം ചെയ്‌ത ഉറുഗ്വയിലെ പ്ലാസ സാൻ കാർലോസ് 1931ൽ തുറന്ന ബൊഗോട്ടയിലെ പ്ലാസ സാന്റ മറിയ തുടങ്ങിയ ലാറ്റിൻ അമേരിക്കയിലെ പ്രധാന മറ്റു നിർമിതികളെയും ആ രീതി സ്വാധീനിച്ചിട്ടുണ്ട്.

സ്ഥാപനാദിഷ്ടിത പൗരസ്ത്യതയുടെ പേരും പെരുമയും

വ്യാപകമായി പ്രചരിച്ചിട്ടില്ലെങ്കിലും സാംസ്കാരികമോ സേവനപരമോ അല്ലെങ്കിൽ അധികാര വിനിമയത്തിനോട് യോജിച്ച രൂപങ്ങൾ സ്വീകരിക്കുന്നതിനോ ഒക്കെയായി സ്ഥാപനങ്ങളുടെ പൗരസ്ത്യമായ അലങ്കാരങ്ങളും മാതൃകകളും അവയുടെ വാസ്തുവിദ്യകളിൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപന സമുച്ചയങ്ങളെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ സംരക്ഷിക്കപ്പെട്ട ബംഗ്ലാവുകളോടും എസ്റ്റേറ്റുകളോടും താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും പല സ്ഥാപനങ്ങളുടെയും പ്രത്യേക മാതൃകകൾ അൽഹംബ്രിസ്ഖ് രീതിയിൽ മാത്രം ഒതുങ്ങിയതല്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

 

 

ലാ ട്രോപ്പിക്കൽ ഉദ്യാനം, ക്യൂബ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശിൽപികൾ അത്തരം വശ്യമായ വൈദേശിക രൂപങ്ങൾ ഉൾപ്പെടുത്തുകയും പിൽക്കാലത്ത് അവ ദേശീയ സ്വത്വത്തിന്റെ തന്നെ ഭാഗമായിത്തീരുകയും ചെയ്‌തിട്ടുണ്ട്. ഗ്രാനഡയിലെ അൽഹംബ്ര കൊട്ടാരം, സെവിയ്യയിലെ ജിറാൽഡ ടവർ, കൊർഡോബയിലെ വലിയ മസ്ജിദ് തുടങ്ങിയ പൗരസ്ത്യ നിർമിതികളോടുള്ള ആകർഷണവും ഓവൻ ജോൺസിന്റെ അൽഹംബ്ര കോർട്ടിന്റെ സ്വാധീനവുമെല്ലാം വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും വ്യാപാരകേന്ദ്രങ്ങളിൽ മൂറിഷ് മാതൃകയിലുള്ള കൂടാരങ്ങളുടെ വ്യാപനത്തിന് കാരണമാക്കി. 1876ൽ ഫിലാഡൽഫിയയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സെന്റീനിയൽ എക്സിബിഷനിൽ വെച്ച് ബ്രസീൽ സമ്മാനിച്ചതാണ് അമേരിക്കൻ മണ്ണിൽ ആദ്യമായി സ്ഥാപിച്ച അത്തരം നിർമിതികളിലൊന്ന്. 1884ൽ ന്യൂ ഒർലാൻസിൽ വെച്ച് നടന്ന വേൾഡ് കോട്ടൺ ആൻഡ് ഇൻഡസ്ട്രി സെന്റീനിയൽ എക്സിബിഷനിൽ മെക്സിക്കോയെ പ്രതിനിധീകരിച്ച കിയോസ്‌ക് ഓഫ് സാന്റ മരിയ എന്ന കൂടാരം അക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്. ഹോസെ റാമൊൺ ഇബറോലയുടെ ശ്രമങ്ങളെയാണ് മെക്സിക്കൻ ഓറിയന്റലിസത്തിന്റെ ഉത്തമ ഉദാഹരണമായി എലിസ ഗാർഷ്യ അഭിപ്രായപ്പെടുന്നത്. ഇബെറോല യൂറോപ്പ് സന്ദർശിച്ചിട്ടില്ലെങ്കിലും മെക്സിക്കോയിലെ നിയോ അറബിക് വാസ്തുവിദ്യയിൽ പ്രഗത്ഭനായിരുന്ന എഡ്‌വേർഡോ ടാമറിസുമായുള്ള സൗഹൃദം അദ്ദേഹത്തിന് പുരാതന മൂറിഷ് കൂടാരങ്ങളെ കുറിച്ചുള്ള അറിവ് നൽകുകയും പ്രചോദനമായിത്തീരുകയും ചെയ്തു. പടികളായുള്ള കോട്ട മതിലും വർത്തുളമായ കമാനങ്ങളും ചതുരക്കട്ടകളും ഗംഭീരമായ വർണങ്ങളുമെല്ലാം പുതിയ വസ്തുക്കളുടെ രൂപത്തിൽ ചേർന്നാണ് ഇന്നറിയപ്പെടുന്ന മെക്സിക്കൻ അൽഹംബ്രയുടെ നിർമാണത്തിലേക്ക് നയിച്ചത്.

ഓറിയന്റലിസം ചിലപ്പോൾ അൽഹംബ്രയുടെ ഗാർഹികമായ ചുരുങ്ങിയ ഇടങ്ങളിലേക്ക് മാത്രമാണ് കടന്ന് വന്നതെങ്കിൽ, മറ്റു ചിലപ്പോൾ കെട്ടിടത്തിൻറെ പുറത്തേക്കും ജാലകങ്ങളിലേക്കും വികസിക്കുകയും പുതിയ മൂറിഷ് മാതൃകകൾ സ്വീകരിക്കുകയും ചെയ്തു.

 

മെക്സിക്കോ നാഷണൽ പാലസിലെ മൂറിഷ് മുറിയെയും സ്വകാര്യ വസതിയിൽ നിന്നും 1897 മുതൽ 1960 വരെ ഗവൺമെന്റിന്റെ ഇടമായി മാറിയ റിയോ ഡി ജനീറോവിലെ പലാസിയോ കാറ്റേറ്റിനെയുമെല്ലാം ആദ്യ ഗണത്തിൽ ഉൾപ്പെടുത്താം. ഏറ്റവും അടുത്തായി ഇക്കൂട്ടത്തിൽ വരുന്ന നിർമിതിയാണ് കോസ്റ്ററിക്ക ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മൂറിഷ് ഗാർഡൻ.

രണ്ടാമത്തെ ഗണത്തിൽ വരുന്നതാണ് പെറുവിലെ ലിമയിലുള്ള മിലിറ്ററി ജസ്റ്റിസ് ഹൈകോർട്ട്. കേവലം രൂപത്തിൽ മാത്രമല്ല നിർമാണ വസ്തുക്കളിൽ വരെ കൊർഡോബ പള്ളിയിലെ ആഷ്‌ലർ കല്ലുകളോട് അതിനു സാദൃശ്യതയുണ്ട്. 1908ൽ ബ്രസീലിലെ കാംപിനാസിൽ ഫ്രാൻസിസ്‌കോ ഡി പോള റാമോസ് എന്ന ശില്പിയുടെ കീഴിൽ മുനിസിപ്പൽ മാർക്കറ്റ് നിർമിക്കുമ്പോൾ ചുവപ്പും വെള്ളയും അടങ്ങിയ ദ്വിവർണ കോർഡോബൻ വാസ്തുവിദ്യാ മാതൃകയാണ് ചുമരുകൾക്കും കമാനങ്ങൾക്കും സ്വീകരിച്ചത്.

അതുപോലെ കൊളമ്പിയയിലെ നെയ്‌വയിലുള്ള ദേശീയ കെട്ടിടം കുതിരലാടാകൃതിയിലുള്ള ഇരട്ട കമാനങ്ങളും വൃത്താകൃതിയിലുള്ള ഒരു താഴികക്കുടം അടങ്ങിയ കോട്ടയും ഉൾക്കൊണ്ടതാണ്. മെക്സിക്കോയിലെ പ്യൂബിലയിലെ സ്റ്റേറ്റ് കോൺഗ്രസ് പോലെ, പല കെട്ടിടങ്ങളും ഗവണ്മെന്റ് സ്ഥാപനം ആകുന്നതിനു മുമ്പ് മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിച്ചവയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പിന്നീട്ട് നഗരത്തിലെ തന്നെ പ്രകടമായ നിയോ അറബിക് നിർമിതിയും കലാകാരുടെയും സംഗീത പ്രേമികളുടെയും കൂട്ടായ്മയായ ലാ പുരിസിമ കോൺസെപ്ഷൻന്റെ ആസ്ഥാനം കൂടിയായി മാറി. 1883ൽ അൽഹംബ്രയുടെ മനോഹാരിതയിൽ നിന്ന് പ്രചോദിതനായി എഡ്‌വേർഡോ ടാമറിസ് നിർമിച്ച നടുമുറ്റം സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രധാന ഭാഗമാണ്. ടൈൽ പതിപ്പിച്ച ബേസ്‌ബോർഡും പ്ലാസ്റ്റർ വർക്കുകളും അടങ്ങിയ ചുമരുകളും കമാനങ്ങളിലൂടെ മറ്റിടങ്ങളിലേക്ക് കടക്കുന്ന ഇടങ്ങളും ഇവിടെ കാണാം.

 

 

ജിറാൽഡ, സ്പെയിൻ

റിപ്പബ്ലിക്ക് ഓഫ് പനാമയുടെ പ്രസിഡന്റിന്റെ വസതി ഹെറോൺസ് പാലസ് പോലെ പൊതു കെട്ടിടങ്ങളും അൽഹംബ്ര മാതൃകകളെ അനുകരിക്കുന്നതിൽ നിന്ന് മുക്തമായിരുന്നില്ല. കെട്ടിടത്തിന്റെ താമസ സ്ഥലത്തുള്ള ഏറ്റവും മികച്ച മുറിയായ സ്മോക്കേഴ്സ് റൂം, രൂപത്തിൽ മാത്രമല്ല അലങ്കാരങ്ങളിലും പൗരസ്ത്യത പ്രതിഫലിപ്പിക്കുന്നുണ്ട്. മതപരമായ രൂപകല്പനകളും അറബ് സ്വാധീനത്തിന് കീഴടങ്ങിയിട്ടുണ്ട്. ചാപ്പൽ ഓഫ് സെൻറ് ജോസഫ്, സെസിൽ ലൂയി ലോങ്ങ് എന്ന ശില്പിയുടെ സംഭാവനകൾ, 1893ൽ മെക്സിക്കോയിലെ പ്രകാശ ദേവതയുടെ കത്തീഡ്രൽ ബസിലിക്കയിലെ നിർമിതി എന്നിവയെല്ലാം അതിനുദാഹരണമാണ്. താഴികക്കുടമുള്ള ഖുബ്ബകളെ പോലെ ഉൾഭാഗത്തെ അലങ്കാരങ്ങളിലേക്കും നിയോ അറബിക് രൂപങ്ങൾ വ്യാപിച്ചിട്ടുണ്ട്. 1935ൽ അർജന്റീനയിലെ സെൻ ലൂയിസിൽ നിർമിക്കപ്പെട്ട ചർച്ച് ഓഫ് റോസെരിയുടെ പുറം ഭാഗം കോർഡോബ പള്ളിയെ അനുസ്മരിപ്പിക്കുന്ന വിധം കുതിരലാടാകൃതിയിലുള്ള കമാനമടങ്ങിയ പ്രവേശന കവാടം ഉൾക്കൊള്ളുന്നതാണ്. ആ കവാടത്തെ സംരക്ഷിക്കുന്ന കോട്ടകൾ സെവിയ്യയിലെ ജിറാൽഡയോടും സാദൃശ്യത പുലർത്തുന്നുണ്ട്.

 

വിവർത്തനം: സയ്യിദ് ഇയാസ് അൽ ബുഖാരി

Image credit: Aramco World

 

Author

Art Historian expert in Mudejar art in Spain and Latin America.

Comments are closed.