ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പൊന്നാനിയിൽ ജനിച്ച കെ.വി അബൂബക്കർ മാസ്റ്റർ (1908 – 1971 പൊന്നാനി മിസ്‌രി പള്ളി ഖബർ സ്ഥാനിൽ അന്ത്യ വിശ്രമം), ലളിത സുന്ദരമായ രചനാ ശൈലിയാലും അർത്ഥവും, ആഴവുമുള്ള കാവ്യ ചേതനായാലും മലയാളത്തിലെ ആധുനിക സൂഫി കവിത്രയത്തിലെ അദ്വിതീയനാണ്. ജനനം പൊന്നാനിയിലായിരുന്നുവെങ്കിലും, കേരള തീരമുടനീളവും അതിനപ്പുറം മംഗലാപുരം, തമിഴ് തീരങ്ങളിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യവും കാവ്യപ്രഭാവവും നിറഞ്ഞു നിന്നിരുന്നു. സ്‌കൂൾ അധ്യാപകൻ എന്നതിലൊതുങ്ങാതെ ഉള്ളിൽ നുരഞ്ഞുപൊന്തിയ ആധ്യാത്മിക മസ്തിന്റെ ഉന്മാദത്തിൽ ഇലാഹീ പ്രണയത്തിന്റെയും തിരുനബി പ്രകീർത്തനങ്ങളുടെയും ആത്മീയ രസാനുഭൂതികളുടെയും ഒടുങ്ങാപ്പാട്ടുകാരനായി അദ്ദേഹം അലഞ്ഞു.

സൂഫി കവിത്രയത്തിലെ സമകാലികരെപ്പോലെ തന്റെ ആത്മഗുരുവായി അദ്ദേഹം സ്വീകരിച്ചത് വെളിയംകോട് പാടത്തകായിൽ സ്വാലിഹ് മൗലയെ ആയിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം സാമ്പ്രദായിക മണിപ്രവാള മിശ്രഭാഷാ ശൈലിക്ക് പുറമെ ഉർദു ഭാഷയിലും സ്വതന്ത്ര കാവ്യാ രചന നിർവഹിച്ചിട്ടുണ്ട്. മലയാള (സാമ്പ്രദായിക) കവികളിൽ ആശാനെക്കുറിച്ച് പറയും പ്രകാരം ‘ആശയ ഗംഭീരൻ’ എന്ന നിസ്സംശയം കെ.വിയെക്കുറിച്ച് വിലയിരുത്താനാവുന്നതാണ്. പ്രതിപാദനത്തിന്റെ ലാവണ്യവും ലാളിത്യവും ഒട്ടും ചോരാതെ അതി ഗഹനങ്ങളായ ദാർശനിക സത്യങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു.
അതി സങ്കീർണമായ ‘ഹഖായിഖ്'(ആത്മീയ യാഥാർഥ്യങ്ങൾ) ആശയങ്ങൾ ലളിതമായി ചമത്കാര ഭംഗിയോടെ അവതരിപ്പിക്കാൻ ആദ്ദേഹത്തിനുള്ള കഴിവ് അനന്യമാണ്. അശാന്തമായ അലച്ചിലുകളുടെ അർദ്ധവിരാമങ്ങളിൽ നൊടിയിടെയുള്ള കാവ്യപ്രചോദനം കൊണ്ടോ, ആവശ്യപ്രകാരമോ രചിക്കപ്പെടുന്ന ആ കാവ്യങ്ങൾ പക്ഷെ സുദീർഘമായ മനനങ്ങളുടെയും ധ്യാനത്തിന്റെയും ഫലശ്രുതികളായിരുന്നു.
തന്റെ പൂർവ്വികരായ സൂഫികളിൽ നിന്ന് വിഭിന്നമായി ഭാഷയുടെ സംസ്‌കൃത (refined)മായ അവസ്ഥയും തെളി മലയാളത്തിന്റെ ശുദ്ധിയും സൗന്ദര്യവും കെ.വി കവിതകളെ അനുവാചകർക്ക് കൂടുതൽ ഹൃദ്യവും സ്വീകാര്യവുമാക്കുന്നുണ്ട്. ഭാഷാ വികാസത്തിന്റെ നാട്ടുകല്ലുകളായി കൂടി ഈ ഭാഷാ പരിണാമത്തെ ഗവേഷകർക്ക് അടയാളപ്പെടുത്താനാകും. ബഹുഭാഷാ ജ്ഞാനി തന്നെയായിരുന്ന അദ്ദേഹം പരാമവധി ദുർഗ്രഹ പദപ്രയോഗങ്ങളൊഴിവാക്കി ലളിതമായ ഉപമാനങ്ങളും രൂപകങ്ങളും സ്വീകരിച്ചു. അതിഗഹനങ്ങളായ തസവ്വുഫ് സംബന്ധിയായ പ്രമേയങ്ങൾ പോലും ലളിതമായ പാദങ്ങളിൽ ആവിഷ്കരിക്കുകയും സാങ്കേതിക പദങ്ങൾ സുഗ്രാഹ്യമാം വിധം സംവിധാനിക്കുകയും ചെയ്തു.
ഹൂ’ എന്നോതുന്നോർക്കനന്തം
ബന്ധം കാക്കുന്നോർ മുറബ്ബി
അൽഹംദുലില്ലാഹ്, അള്ളാഹു-
എന്നോർക്കുന്നോർക്കനന്തം
‘ഹം’ എന്നധികാരക പട്ടം
അതിനുതടൽക്കായുള്ള നീട്ടം
‘ഹാഹ്’ എന്ന ഫോട്ടം
ആധിപത്യ നോട്ടം
‘അഹ്ദിയ’ത്തിലെ ‘മഹ്ളിയത്തിനാൽ’
‘മഅ്-രിഫ’ത്തുടെ വിത്താൽ
അത്, ആവാനാശിത്താർ
അതി സങ്കീർണവും സൂക്ഷമവുമായ തസവ്വുഫിന്റെ അനുഭവ ഘട്ടങ്ങളെയാണ് ലളിതമായി ഇവിടെ കോർത്തിണക്കിയത്.
കരയണ്ടാ പൊരിയണ്ടാ ഖൽബൊന്ന് നന്നാക്കണം
കളങ്കങ്ങൾ കൂടാതെ കണ്ടിട്ടാന്യോന്യം സ്നേഹിക്കണം
പരിതാപത്തിനുള്ളിലൂടെ
പടച്ചോനോന്നു നോക്കണം
പലതും കൂട്ടീട്ടുള്ളതാണീ
പതിയെന്ന് ചിന്തിക്കണം…
…….
ആലം ‘നാസൂത്താ’കുമണ്ണിൽ
ആദം ‘അമ്മാറ’ത്തിലെ
അമലും ചൊല്ലിയാം ജിബ്രീൽ
വമ്പും ‘ശരീഅത്തി’ലെ ,-–
മനുഷ്യാസ്തിത്വത്തിന്റെ അവസ്ഥാന്തരങ്ങളിലേക്ക് വിരൽ ചൂണ്ടുകയും വാതിൽ തുറക്കുകയും ചെയ്യുന്ന ഗഹനങ്ങളായ സൂഫി സംജ്ഞകളാണിവ. ഇബ്നു അറബിയുടെ പ്രമാണമനുസരിച്ച് വികസ്വരമാകുന്ന ആത്മീയാവസ്ഥകളുടെ എട്ടു ഘടങ്ങളിൽ ഒന്നാമത്തേതാണ് നാസൂത്ത്. ജനസാമാന്യമെന്നർത്ഥം വരുന്ന ‘നാസ്’ എന്ന പദമാണിതിന്റെ പ്രഭാവം. മനുഷ്യ പ്രകൃതിയുടെ സംസ്‌കൃതമായ ആദ്യാവസ്ഥയാണത്. ആദി മനുഷ്യനും പ്രവാചകനുമായ ആദമിനെ കുറിക്കുന്നു ഈ ഘട്ടം. തുടർന്ന് വരുന്ന മലകൂത്ത്, ജബറൂത്ത് ലാഹൂത്ത് ഹാഹുത്ത്, ബാഹുത്ത്, ജംഹൂത്ത്, ദംഹൂത്ത് എന്നിങ്ങനെ ഈ എട്ടു ഘട്ടങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവ യഥാക്രമം ആദം, ഇദ്‌രീസ്, മൂസ, അയ്യൂബ്, ഇസ്മാഈൽ, നൂഹ്, ഇബ്‌റാഹീം, മുഹമ്മദ് (സ) എന്നീ പ്രവാചക വിശേഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
തസവ്വുഫിന്റെയും കവിതയുടെയും ജനകീയത
കവിതയും പാട്ടും കലാനുശീലനങ്ങളും വരേണ്യതയുടെയും ജാതിക്കോയ്മകളുടെയും എട്ടകെട്ടുകളിൽ നിന്ന് മോചിപ്പിച്ചു എന്നതാണ് പൊതുവെ ‘മാപ്പിള’ കലകളടക്കമുള്ള കീഴാള കലകളുടെ പ്രധാന ദൗത്യം. സാമൂഹികവും സാമുദായികവും വംശീയവുമായ ഉച്ചനീചത്വങ്ങൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിലിപികളോ, അമർഷപ്രകടനമോ, ശാപോക്തികളും, അസഭ്യവർഷം പോലുമോ ഒക്കെയായി അവ നിലനിന്നു. സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശങ്ങളും ഓരോ ചരിത്ര ഘട്ടങ്ങളിലും മാപ്പിള സംസ്‌കൃതി പാടിയും പറഞ്ഞും, അല്ലാതെയും പോരടിച്ചുകൊണ്ടേയിരുന്നു. അപ്രകാരം രചിക്കപ്പെട്ട സാഹിത്യങ്ങളും സമർപ്പിക്കപ്പെട്ട ജീവിതങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഏറെക്കുറെ സുവിദിതമായ ‘മാപ്പിളപ്പാട്ട് എന്ന ശാഖയിൽ (genre) വരുന്ന സാംസ്‌കാരിക വ്യവഹാരങ്ങൾക്കപ്പുറം ഈയൊരു ജനകീയ സാംസ്‌കാരിക പ്രതിരോധത്തിൽ സൂഫി കവികളും ഗാനങ്ങളും ജീവിതങ്ങളും നിർവഹിച്ച ദൗത്യം അടയാളപ്പെടുത്തപെടാതെ പോയിട്ടുണ്ട്. കെ.വി അബൂബക്കർ മാസ്റ്റർ അടക്കമുള്ളവരുടെ പ്രസക്തി ഈയൊരർത്ഥത്തിൽ വായിക്കേണ്ടതുണ്ട്.
കുടുംബിനികളായ സ്ത്രീകൾ, തൊഴിലാളികൾ, ചെറുകിട കർഷകർ, കൈത്തൊഴിലാളികൾ, സഞ്ചാര ഗായകർ, കവികൾ ഒക്കെയായിരുന്നു ജനകീയവും വിപ്ലവാത്മകവും ഊർജ്ജസ്വലവുമായ മാപ്പിള സാഹിത്യ പ്രവാഹത്തിന്റെ ധ്വജവാഹകരായിരുന്നത്. കെ.വിയുടെ സാംസ്‌കാരിക കാവ്യ സപര്യയെയും ജീവിതത്തെയും വിലയിരുത്തേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ്. ജനപദങ്ങൾ തേടിയുള്ള അലച്ചിലിൽ കെ.വി ഉസ്താദ് എന്ന ഗുരുഭൂതൻ പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികളെ വിളിച്ച് നിർത്തി കയ്യിലുള്ള കാശിനപ്പടിയും മിഠായി വാങ്ങിക്കൊടുക്കുമായിരുന്നു. കുട്ടികൾക്കും വലിയവർക്കുമായി അദ്ദേഹം പാടി. എല്ലാ കാവ്യ മര്യാദകളും ചമൽക്കാര വ്യാകരണങ്ങളും വേണ്ടിടത്തതൊക്കെ നിലനിർത്തിക്കൊണ്ടുതന്നെ ലളിതമായ ദ്രാവിഡ വൃത്തങ്ങളിൽ, അല്ലെങ്കിൽ ഗാനരൂപത്തിൽ ജനപ്രിയ ഗീതങ്ങളുടെ ചുവടൊപ്പിച്ചായിരുന്നു കെ.വിയുടെ പല രചനകളും. കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി പാടി. കേൾവിക്കാരായത് അഭിജാതരും അറിവാളന്മാരുമായിരുന്നില്ല, സമൂഹത്തിലെയും സമുദായത്തിലെയും അടിത്തട്ടിലെ പാമരന്മാരും, തൊഴിലാളികളും മീൻപിടുത്തക്കാരും മറ്റുമായിരുന്നു ആ ആദ്യ കേൾവിക്കാർ. അവർക്കു മുന്നിൽ അദ്ദേഹം പാടി:
പരിതാപത്തിന്റെ ഉള്ളിലൂടെ
പടച്ചോനൊന്ന് നോക്കണം
പലതും കൂടീട്ടുള്ളതാണീ
പതിയെന്ന് ചിന്തിക്കണം
പറയണ്ട പിരിയണ്ട
പരിഹാസങ്ങൾ മാറ്റണം
പടച്ചോന്റെ വിചാരമോടെ
പഠിക്കാനായ് ശ്രമിക്കണം…..
ഇലാഹീ പ്രണയത്തിന്റെ ഉൾത്താപമേറ്റ് ഉരുകുന്ന ആ കവിമനസ്സ് അലൗകികമായ ആസക്തിയിലും വിദൂര ഭാവത്താലും ഇങ്ങനെ പാടുന്നു:
പ്രേമമേ നീയെന്നെ മാടി വിളിച്ചു
കാമുകനായ ഞാൻ നിന്നിൽ ലയിച്ചു
ഓമനപ്പൂങ്കവിൾ ത്താരിൽ ചുംബിച്ചു
ആ മധുപാനം ഞാനെന്നും സ്വദിച്ചു….
ആത്മ പ്രപഞ്ചത്തിലെ അനുഭൂതികൾ തേടിയുള്ള തന്റെ അലച്ചിൽ സാമാന്യരുടെ ദൃഷ്ടിയിൽ പാഴ്‌വേലയാവാം. എന്നാൽ ദിവ്യോന്മാദത്തിന്റെ ലഹരി മോന്തുന്നവർക്ക് ലൗകിക വ്യാഖ്യാനങ്ങൾ അഗണ്യങ്ങൾ തന്നെ!
കേഴണ്ട കെ.വികൾക്കെന്ത് നിരാശ
കേവലം ഖൽബാണ് റബ്ബിന്റെ കാഴ്ച
പാഴാന മാർഗ്ഗങ്ങൾ പാടെ ത്യജിച്ചാൽ
പടച്ചോന്റെ കാവൽ നമുക്കുണ്ട് തീർച്ച!
ശോകമാണ് കവിയുടെ സ്ഥായീ ഭാവം. ദൈവിക പ്രേമത്താൽ തപ്തമായ കാവ്യ ചേതനയാവട്ടെ സദാ ശോക ദീപ്തമാവുമെന്നത് നിശ്ചയം. ഒട്ടും അഭിമതമല്ലാത്ത ഈ ലൗകിക വാഴ്വിൽ പാഴായ ദിനരാത്രങ്ങൾ അവർക്ക് വേദനയില്ലാതെ മറ്റെന്താണ്. കെ.വിയുടെ ധ്യാന സാന്ദ്രമായ വരികൾ കേൾക്കുക:
അറിവാണപ്പൊരുൾ അറിയാതെയിരുൾ –
അകലാത്തികാലവും പാഴാക്കി, നാം
പാഴാക്കി
തരുവാണത്തരുൾ,…
അശ്റഫ് നബിന്റെ മുഖം നോക്കി
അറിവിന്നിടം അന്വേഷിച്ചാലറിയും
അതുതന്നെ ‘ലദുന്നി’യിൽ നിന്നുരയും
ഇറസൂലെ വഴി, ’ഇത്തിബാഇൻ’ മൊഴി
ഇടറാതെ നടപടി നേരക്ക് – നാം
നേരാക്ക്
സാക്ഷാൽ അറിവ് സത്തയുടെ ജ്ഞാനമത്രെ. ആർജ്ജിത വിജ്ഞാനീയങ്ങൾക്ക് പുറത്താണതിന്റെ സ്ഥിതിയും സ്ഥാനവും. ഉള്ളിൽ തെളിയുന്ന ‘ലദുന്നി’യുടെ ചിരാതാണത്. അത് പൂർണ്ണവും അന്യൂനവുമാകാൻ പരിപൂർണ്ണ തേജസ്സായ മുത്ത് റസൂലിന്റെ കരം കൂടി ഗ്രഹിക്കണം. കവിയുടെ അന്വേഷണം സഹചമാണ്. ഇന്ദ്രീയാതീതമായ അനുഭൂതികൾ അനുവാചകരിലേക്ക് പകരുന്നതിന് ദുർഗ്രഹ പദങ്ങൾ കൂട്ടൂപിടിക്കുക സ്വാഭാവികമാണ് എന്നാൽ തന്റെ കവിത്വ സിദ്ധിയുടെ മാന്ത്രികൻ നിമിത്തം സരള പദങ്ങളാൽ അതികായമായ ആശയങ്ങളെ പകർന്നു തരാൻ കെ.വി ഉസ്താദിന് സാധ്യമായി.
മനുഷ്യന്റെ ഹൃദയത്തിൽ മഗ്ഫിറത്തായ വസ്തു
മുഹബ്ബത്ത് അക്കോട്ടയിൽ മയങ്ങിടുന്ന മാസത്
അനശ്വരമായതിൽ അനുലയിച്ചിടുവാൻ
അന്യോന്യം പ്രേമത്തിന്റെ ആത്മാർത്ഥം കാണുവാൻ
‘ഫനാ’ഉം ‘ബഖാ’ഉം തമ്മിൽ
തിരിച്ചറിഞ്ഞിടുവാൻ
പഠിപ്പും വെടിപ്പും കൊണ്ട് വളം സിദ്ധിച്ചിടുവാൻ
—
മനുഷ്യ ഹൃദയത്തിൽ മുന്നിട്ടു നിൽക്കുന്ന ദിവ്യപ്രണയത്തിന്റെ നുരയുന്ന മധുചഷകം! അനശ്വരമായ ദിവ്യ സാക്ഷാത്കാരം പൂകാനും അങ്ങനെ പ്രണയ സാഫല്യം നേടാനും, ദൈവ സ്മരണ പൂർണ്ണ സംലയനമായ ഫനാഇലൂടെ കരഗതമാക്കുന്ന അനശ്വരതയുടെ ബഖാഇലേക്കുള്ള ആത്മ പ്രയാണം കവി ഈരടികളിലൊളിപ്പിക്കുന്നത് എത്ര ചേതോഹരമായാണ്. തസവ്വുഫിന്റെ അതിവിശാലവും ഋജുവെങ്കിലും ദുഷ്കരവും ദുർഘടവുമായ യാത്രാവഴികളെ ആവിഷ്കരിക്കുന്നിടത്താണ് മാസ്റ്ററുടെ കവിത കനമാർജ്ജിക്കുന്നത്. ദുർഗ്രഹങ്ങളായ സൂഫി സംജ്ഞകളെ കാവ്യരൂപകങ്ങളിൽ കോർത്തിണക്കുക അസാധാരണ സിദ്ധിയാവശ്യപ്പെടുന്നതാണ്.
മഅ്ശൂഖും ആശിഖുമായി മജാറും മഅ്നവിയായി
മീമും ഹയാത്തായ് മിസാലും സ്വിഫാത്തായ്
മാനുടെ ദാത്തായ് സാമ്യമാറ്റതിൽ ചേർന്ന
‘ഹാ’യോട് മീമ് ദാലിൽ അമൈത്തോർ
‘അസ്മാ’ വൈകാട്ടിത്തതാർ…
ജീവാത്മാ-പരമാത്മ പ്രണയത്തിന്റെ ചേതോഹരമായ ആവിഷ്കാരം പ്രണയിയും പ്രേമഭാജനവും തമ്മിൽ; പരമസത്തയും അതിന്റെ ഇച്ഛാനുസരണമുള്ള പ്രതിഫലനവുമായിക്കൊണ്ട് ലയം പൂണ്ടിരിക്കുന്ന അവസ്ഥയെ പ്രകൃതി പ്രതിഭാസങ്ങളിലും പ്രതീകങ്ങളിലും നിറഞ്ഞ ചൈതന്യവും കാവ്യാത്മകവും ധ്യാനാത്മകവുമായി വർണ്ണിക്കപ്പെടുന്നു. സൂഫി ചിന്തയുടെയും ദർശനത്തിന്റെയും രൂപകങ്ങളും ഉപമകളും ധ്വാനികളും പ്രതീകങ്ങളും ഇത്രമേൽ മലയാള കവിതയിൽ മറ്റാരും പകർത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. പ്രതിപാദ്യം പൂർവ്വ മാതൃകകൾ കാണിക്കാനുണ്ടെങ്കിലും (ഏറെയൊന്നുമില്ലങ്കിലും അമീർ ഖുസ്രു മുതൽ ഗുണംകൂടി, ഇച്ച മസ്താൻമാർ വരെയുള്ള പൂർവ്വ സൂരികൾ) പ്രതിപാദന ശൈലിയിൽ അതുവരെ കാണാത്ത അയത്ന ലാളിത്യവും ചാരുതയും കെ.വി ഗീതകങ്ങളിൽ കാണപ്പെടുന്നുണ്ട്.
ഊരല്ല റബ്ബി ഊരല്ല ഉറയിൽ നിന്നും കത്തി ഊരല്ല…..
മീറി വളർന്നു വാളായാൽ
മിമ്പരിൽ ഏറി ഖുതുബ ഓതാം……
സമൂഹത്തിന്റെ നടപ്പ് ശീലങ്ങൾക്ക് പിടി കൊടുക്കാതെ നടന്ന കെ.വിയുടെ നേരെ സ്വാഭാവികമായും പല കോണുകളിൽ നിന്നുയർന്ന വിമർശ ശരങ്ങളെ ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നു.
പട്ടാപ്പകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെത്തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷെ മനുഷ്യനെ കണ്ടില്ലാ മനുഷ്യനെ കണ്ടില്ലാ
പട്ടാപ്പകലും ചൂട്ടും കത്തിച്ചു….
എന്ന വിഖ്യാത ഗാനം ഗ്രീക്ക് മിത്തോളജിയിലെ പ്രസിദ്ധ കഥാപാത്രംതെ ഓർമിപ്പിക്കുന്നുവെങ്കിലും അതുവഴി ഉച്ച വെളിച്ചത്തിലും സമൂഹത്തിൽ നടമാടുന്ന അനീതി, അക്രമ, അസമത്വങ്ങൾ നിശിതമായി ചൂണ്ടിക്കാട്ടുന്നു.
നിതാന്തമായ അന്വേഷണവും അലച്ചിലുമാണ് ജീവിത പൊരുളുതേടി ഇരുളകലാനുള്ള യാത്ര. അവിടെ വഴിവിളക്കുകളും വഴികാട്ടികളെയും തിരിച്ചറിയുക നിർബന്ധം. അതിഗഹനമെങ്കിലും സാരസ്യത്തോടെയുള്ള വരികൾ:
അറിവില്ലെയോ അറിവില്ലാമോ ഉനക്കകാദില്ലാം
ആരെയും കണ്ടാൽ അപരാധം കണ്ടാൽ പേശണ്ട
നിറവ് പെട്ട നിനവ് നീയേ
നമ്പിത്തി പാഠം നീയേ
തിരവ് പെറ്റ തിങ്കൾ തിത്തൈന്ത് പാരടാ—
ശുദ്ധ ദ്രാവിഡത്തിലുള്ള ഈ “തിരവ് പെറ്റ തിങ്കൾ എത്ര ചാരുതയാർന്നിരിക്കുന്നു. ‘ഷംസുൽ ആരിഫീൻ’ ആയ തിരുനബി തന്നെയാവും സൂചന.
പ്രവാചക പ്രണയത്തിന്റെ കാവ്യസൗരഭ്യം
ജ്ഞാനികളുടെ ഉള്ളിൽ കെടാതെ കത്തിജ്ജ്വലിച്ചും അജ്ഞാന താമസ്സിയെന്ന ബാഹ്യ പ്രപഞ്ചത്തെ പ്രകാശമാനമാക്കിയും അകവും പുറവും തെളിയുന്ന സിറാജുസ്സാലികീൻ ആണ് തിരുദൂതർ മുസ്ത്വഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം). പ്രവാചക പ്രകീർത്തനങ്ങൾ കാവ്യലോകത്ത് ദുർലഭമല്ലെങ്കിലും തിരുദൗത്യത്തിന്റെ ഉൾസാരങ്ങളും അവിടുത്തെ അസ്തിത്വത്തിന്റെ ഗൂഡ ജ്ഞാന സൂചനകളും നിറഞ്ഞ താരഖചിതമായ ഒരാകാശം പോലെയാണ് സൂഫി രചനകളിലെ മുഹമ്മദീയ പ്രകീർത്തനങ്ങൾ. അതുകൊണ്ടാണ് മൗലാനാ ജലാലുദ്ദീൻ റൂമിക്കും അമീർ ഖുസ്രുവിനും ഇങ്ങനെ പാടാനായത് :
ജലാലുദ്ദീൻ റൂമി
പൊടുന്നനെ, മധുരത്തിന്റെ ഒരു ശിഖരം മുളച്ചു
‘പൊടുന്നനെ’, അനന്തവാഴ്വിന്റെ ഉറവ ഉയിരെടുത്തു
പൊടുന്നനെ, മഹാരാജനിൽ നിന്ന് ഉദാരതയുടെ നാണയ പ്രവാഹം!
മുഹമ്മദ്(സ) നബിയുടെ ആത്മാവിൽ നാഥൻ ആമോദം നിറയ്ക്കട്ടെമസ്നവി
അമീർ ഖുസ്രു
അങ്ങയോടുള്ള പ്രണയം
അതീത ബോധത്തിനുമപ്പുറത്തെ
അജ്ഞയാ വാർത്തകൾ കൊണ്ടുവരുന്നു.
പിന്നെയോ, അത് കാമികൾക്ക്
കോപ്പകൾ നിറച്ച പ്രണയമധു
തിരിച്ചേകുന്നു…
1- പുത്തിമാൻമാരൊക്കെയും
കുടം കുടിക്കും കള്ളെടാ
പുള്ള്, ലാ ഇലാഹി ഹൂ
മുഹമ്മദുർ റസൂലെടാ
മുത്തോളി മുഹമ്മദെന്റെ
മുമ്പിരുന്ന സിർറടാ
മുത്തിലുള്ള പത്തെടുത്ത്
മുത്തി മുത്തി കൊള്ളെടാ
2- അഹദെന്ന സിർറലിഫിൽ
മീമാൽ വിതച്ച വിള
‘ഇൻസാനെ’ന്നാദ്യം വെളിവായി
അസ്റാറിയാത്തുറുദി
ഫാസിലാലും ഹംദുട
3- മരമായി മുളച്ച ‘അലമായ്’
മുഹിബ്ബെണ്ടതും സിദ്റ്
മൂലപ്പൊരുൾ മുളയിൽ
മുച്ചാണ്ട് വീട് മുനയിൽ
മുരടം ഹയാത്തുടമ
മരമായി മുളച്ച നിധി
‘നഅം’ എന്ന ചൊൽ കാഗസേ..
4- ആദത്തിന്നവ്വൽ, അസ്റാറെന്ന കാന്സറയിൽ
അലിഫുക്കുള്ളലിഫ് ത്വാഹാ
ആധാരമേലരാശിൽ
ഔസാൽ നടന്തവരിൽ
അറിയിൻസ് പിന്നിലാഹ
വേദത്തിന്നടി തന്നിൽ
മയിലായിരുന്നു നബി
വേദാന്ത ജാഹ് ത്വാഹ
വള്ളൽ മുഹമ്മദിലെ മലർ കാലടികാടിയിൽ
വീണ സനാഫുകളെ..
1- കൈകൾ തന്നെന്നെ പോറ്റും
ഖാതിം റസൂലേ
കരുണാ വാരിധിയായ ഖൈറുൽ ബഷറേ
മൊഴികൾക്ക് എല്ലാം മുഅ്ജിസാത്ത് കുബ്റാ
മോക്ഷ മാർഗ്ഗേണ തരും ശഫീഉൽ വറാ
ആയത്തുൽ മുസ്തഖീം ഹർകൽ റസൂലേ
2- ‘വാവു’ൽ കലയെ വ ലൗഹൂനില്ല
‘വശ്ശംസു തജ്‌രീ’ ‘ബി സീൻ’ സ്വല്ലല്ലാഹ്
കാലികൾക്കാവിത്ത്
ആ വിധം എന്നില്ലാ
ഖബ്റിന്ന് പോകുന്ന
ജനം കണക്കില്ല
ബാവ സംസാര ഫലം ചിലതെല്ലാം
ബഹിഷ്‌കരം പോട്ടെ
ഫഹിയെ സ്വല്ലല്ലാഹ്
1- മെഹ്ബൂബ് സുബ്ഹാനീ
ഖുദ്സിയ മദീനെ
മഹ്ശർ ശഫാഅത്തത്തിന് വന്ന
നാസർ സമാനെ-
മാധുര്യപ്പൂമാനെ
റഹ്മത്ത് നബി സാരസൗമ്യ സാര സിറാജ
റഹ്മാനിയ്യത്ത് ലകുന്ന കണ്ണാടിക്ക് രാജ
മഅ്ശൂഖ് യാ അയ്യുഹൽ മുദക്കിർ മദീനെ
മഅ്ശർ ശഫാഅത്തിനു വന്ന
നാഥർ സമാനെ
2- സാര നബികൾക്ക് രാജ ഗുരുവോര മഹാനാ-
നോക്ക് നോക്ക് സംസാര മദീനാ
സാരസ മുത്തേ സൗഭാഗ്യ സിദ്ധാന്തീ
അരശാങ്കൈ ത്വാഹ നബി
മുസ്തഫാവേ മദദാരുൽ ജീവേ
മോക്ഷമതേറ്റി താ പിതാവേ
സ്വത്വ പൂഞ്ചോല നബി
ദാത്ത് നരക കഠോര ദുഃഖം
തീർക്കും പൂമാനാ…
കെ.വിയുടെ പൂർവികരും സമകാലികരുമായ സൂഫി കവികളുടെ, തിരുനബി(സ)യെക്കുറിച്ചുള്ള അസംഖ്യ കാവ്യങ്ങളിൽ നിന്നുള്ള അല്പം ഉദ്ധരണികൾ മാത്രമാണിവ. രചനകളുടെ സാത്മ്യവും ഒപ്പം രചനാ ശൈലിയും പദാലങ്കാര സന്നിവേശങ്ങളിലുമുള്ള അമ്പരിപ്പിക്കുന്ന വൈവിധ്യവും പരിമിതമായ ഈ ഉദ്ദരണികളിൽ നിന്ന് തന്നെ വ്യക്തമാകും. ഇത്തരത്തിൽ കെ.വിയും തിരു റസൂലി(സ)നെക്കുറിച്ചുള്ള തന്റെ കവനങ്ങളിൽ സ്വതസിദ്ധമായ ലാളിത്യത്തോടൊപ്പം തസ്വവ്വുഫിന്റെ അതി സങ്കീർണവും ആഴമാർന്നതുമായ അവസ്ഥാന്തരങ്ങളിലേക്ക് മുഹമ്മദീയ വ്യക്തിത്വത്തെ കാവ്യാത്മകമായി വിളക്കിച്ചേർക്കുക കൂടി ചെയ്യുന്നത് ആത്മീയ ചാരുതയാർന്ന കാവ്യാനുഭവമാണ്. ഏതാനും മാതൃകകൾ:
1- സ്വല്ലിം വസല്ലിം
ഹൈറുൽ വറാ യാ ഹബീബുനാ സല്ലിം
ആഷിഖ് നൂറേ ഐനുൽ ബുദൂറേ
ആശി യെനിക്കരുളൂ
ആണ്ടവുമേൽ പൂവി
ഏണ്ടിയുമേൽ രവി
പാണ്ടവനും പുകഴും
2- ആനഘ പ്പൊൻമലരേ വാ വാ
തിരുവാനനം കണ്ടെനിക്ക് പോവാം
മാനസം നൊന്ത് നൊന്ത് നീറി
പല മാതിരി സംശയങ്ങൾ മാറി
കാനനത്തിന്നു ജിബ്‌രീല്-പണ്ട്
കായം പിളർന്ന യാ രിസാലേ
മാനസം ശുദ്ധമാക്കി നീളേ-ബഹു –
മാനിക്കപ്പെട്ട അയാ റസൂലേ
3-നൂർ മുഹമ്മദ് സ്വല്ലി അലാ
സനൂറ് കെ നൂർ മഹ്മൂദ് റസൂൽ
സോത്രത്തിരു നാമ സ്വരൂപി
സൂര്യൻ നിഴലറ്റ വ്യാപി
കാത്തിരു —– ശതകവും സുഖമേറി
താളും തായ് ഇറസൂൽ റബി
4-വാഹനമേൽ ഏറി വന്ത
ബാദുഷാ നബി നാഥരെ
സാഗർ വാരി പ്രഭാ
കാരനെ നിന്നുഷ്റാ
തേരി പുളകിയ ത്വാഹ നബിയാരെ
ജാഫയൽ എനൈ പിണി
ആകെ പൊറുത്തരുൾ
ത്യാഗമുനി യോഗമണി
ഹാഷിം അന്നബി നാഥരെ
5- ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
ഖുറൈശി മുഹമ്മദ് സ്വല്ലി അലാ
സൂറത്തുൽ ഹസനാത്ത് സ്വരൂപഗുരു
സുബ്ഹാൻ നഖത്തിന് അലിയായ ഉരു
സർലോക നിയോഗ അമീനുല്ലാഹ്
സർദാർ മുഹമ്മദ് സ്വല്ലി അലാ
6- നൂനഖിലമേ സനാഇല്ലാ
നൂറ് മുഹമ്മദ് സ്വല്ലിഅലാ.
ജ്ഞാന പരിപൂർണ്ണ അസ്സവജല്ലാ
നാട്ടിഐനുൽ വുജൂദ് അഅലൽഉലാ
താനോൻ ബഹാഹു സനാഇല്ലാ
ത്വാഹാ മുഹമ്മദ് സ്വല്ലിഅലാ
കെ.വിയുടെ കവിത പിടി തരാത്തവണ്ണം ബഹുമുഖ സ്വരൂപിയും കാവ്യ പ്രകൃതിയുടെ ഏകമാനവും വർണ്ണവും വെടിഞ്ഞ് വൈവിധ്യത്തിന്റെ മഴവിൽച്ചന്തമാർജ്ജിക്കുന്നത് റസൂൽ തിരുമേനിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) വർണ്ണിക്കുമ്പോൾ കാണാവുന്നതാണ്. തൗഹീദിന്റെയും (ഏകദൈവത്വ) ശഹാദത്തിന്റെയും (സാക്ഷ്യം) പരിപൂർണത എന്ന നിലയിലും ദൈവ നിയോഗത്തിന്റെ ആദ്യന്തമില്ലാത്ത പ്രതിഫലനമെന്ന നിലയിലും മുഹമ്മദീയ പ്രഭാവത്തെ സൂഫികൾ കവിതയിൽ അനുഭവിപ്പിക്കുന്നുന്നുണ്ട്. മക്കയുടെ മരുഭൂ മണ്ണിലും മദീനയുടെ ആകാശത്തിലും മാത്രമൊതുങ്ങാതെ കേവലാത്‌മനെന്ന നിലയിൽ ജനന മരണങ്ങളുടെ കാല സീമകൾക്കുള്ളിൽ മാത്രമായിരിക്കാതെ മുഹമ്മദീയ പ്രഭാവത്തിന്റെ നിഗൂഡ രഹസ്യങ്ങളിലേക്കും വ്യക്തിത്വത്തിന്റെ അഭൗമ ധാവള്യങ്ങളിലേക്കുമാണ് സൂഫിയായ കവിയുടെ തൂലിക തീർത്ഥ യാത്ര നടത്തുന്നത്. അതിനാൽ അവർ അക്ഷരങ്ങളാൽ ചൂണ്ടുന്ന അർത്ഥസ്ഥലികൾ ദുർഗ്ഗമങ്ങളും ഭാഷ ജ്ഞാത നിയമങ്ങൾക്കും ഗ്രാഹ്യങ്ങൾക്കും അപ്രാപ്യവുമൊക്കെയായി – ഉപരി വീക്ഷണത്തിൽ- കാണപ്പെടാം. കാവ്യ നിയമങ്ങളുടെ സീമകൾക്കപ്പുറത്തേക്ക് അതുകൊണ്ട് തന്നെയാണ് കെ.വിയുടെ തൂലികയും പറന്നുപൊങ്ങുന്നത്.
ഭാഷയിലും പ്രതിപാദനങ്ങളിലും വിഷയ സ്വീകരണത്തിലും അഭൂത പൂർവ്വവും അത്ഭുതകരവുമായ ഒരു ബഹുസ്വരത ആയിരുന്നു കെ.വി അബൂബക്കർ മാസ്റ്റർ അനുവർത്തിച്ചിരുന്നത്. ഗുണംകുടി മസ്താനെ അനുസ്മരിപ്പിക്കും വിധമുള്ള ദ്രാവിഡ/തമിഴ് പ്രയോഗ പദ പ്രയോഗങ്ങളും തെളിമലയാളത്തിന്റെ സുതാര്യ സൗഭഗമുള്ള ലളിത ഗാന രീതിയും അറബി കൊണ്ട് അടിത്തറ തീർത്ത മണിപ്രവാള മാപ്പിള ശാഖയുടെ സങ്കീർണ സൗഭാഗവും എല്ലാം ആ വരികളിൽ മാറിയും മറഞ്ഞും ദർശിക്കാവുന്നതാണ്.
തുടർന്ന് വായിക്കുക: മസ്താൻ എസ്.കെ അബ്ദുർറസാഖ് ഹാജി: നാൽക്കവലകളുടെ പാട്ടുകാരൻ
Featured Image: Omid Armin
Comments are closed.