കുറ്റം ഒരു ബോധമായിത്തീരുന്നത് എങ്ങനെയാണ്. കുറ്റബോധം എന്നത് വെറും ഒരു പ്രയോഗമാണോ. എല്ലാ ബോധങ്ങളും തന്നെ ഒരു കുറ്റമോ, കുറ്റകൃത്യമോ ആണോ. കൃത്യത്തിന് എത്രമാത്രം ബോധത്തെ പോറാൻ പറ്റും. കൃത്യം എത്രമാത്രം കൃത്യമാണ്. ബോധം വരുന്നതിനാലാണ് ഒരാൾക്ക് കുറ്റം തോന്നുന്നത്. കുറ്റബോധം. ബോധം എന്നത് തന്നെ ഒരു കുറ്റമാണ്. ബോധപൂർവമായ പ്രവർത്തി എന്നത് എന്താണെന്ന് നോക്കുക. ബോധത്തിന്റെ പൂർവം ആയിട്ടുള്ള ഒന്നാണത്. ബോധത്തിന് മുന്നേയുള്ള ഒന്ന്. ബോധപൂർവമായ പ്രവർത്തിയും ബോധം പൂർവ്വമായുള്ള പ്രവർത്തിയും രണ്ടാണ്. ഒരു പ്രവർത്തി നടക്കണമെങ്കിൽ ബോധം നിർബന്ധമാണോ എന്നാണ് അപ്പോൾ ഞെട്ടിയുണരുന്ന ആലോചന. സ്വസ്ഥമായിക്കിടക്കുന്ന ആലോചനയെ വെറുതെ എന്തിനാണ് ഉണർത്തുന്നത്. ശരി. ഉണർന്ന് കഴിഞ്ഞ സ്ഥിതിക്ക് പിന്തുടരുക തന്നെ ആ, ലോചനയെ.
ബോധമില്ലാത്തവൻ എന്നത് നാട്ടുകാരുടെ ഇടയിലെ ശകാരവാക്കാണ്. ബോധമില്ലാത്തവരെ ഇവർ പുച്ഛിക്കുന്നത് എന്തിനാലായിരിക്കും . അവർ വഴിയിൽ കിടക്കുന്നതിനാലാണ്. ബോധമുള്ളവർ കിടക്കുന്നത് വീട്ടിലും ബോധമില്ലാത്തവർ വഴിയിലും. വഴിയിൽ ആളുകൾ കിടക്കുന്നത് കാണുന്ന ചിലയാളുകൾക്കെങ്കിലും ഉണ്ടാകുന്ന ബോധം കുറ്റമായി വരാം. അവർക്ക് അപ്പോഴുണ്ടാകുന്നത് കുറ്റബോധമാണ്. തങ്ങൾക്കും ഇങ്ങനെ കിടക്കാനാവുന്നില്ലല്ലോ എന്ന തരം. അല്ലെങ്കിൽ അവിടെ വഴി മുടക്കിക്കിടക്കുന്ന ആളിനെ കാണുമ്പോഴുണ്ടാകുന്ന മറ്റുള്ളവരുടെ പ്രവർത്തി കുറ്റമായി വളരും.
വഴി യാത്ര ചെയ്യാനുള്ളതാണ് കിടക്കാനുള്ളതല്ല എന്നാണ് എതിർപ്പുള്ളവരുടെ ബോധത്തിലുണ്ടാവുക. വഴിപോക്കർക്ക് എന്നാൽ അങ്ങനെയല്ല. വഴി മറ്റുള്ളവർക്കാണ് പോക്ക്. ഇവർക്ക് വഴി തന്നെയാണ് പോക്ക്. വഴി പോകാനുള്ളതാണ്. എതിർപ്പുകാർക്ക് വഴി ഒരു പോക്കാണ്, പിശകാണ്. വഴിയിൽ കാണുന്ന കാര്യങ്ങളെ പ്രതി ചിന്തിച്ചാണ് എതിരാളുകൾ വീട്ടിലേക്ക് ചെല്ലുന്നത്. വീട് അവർക്ക് കുറ്റബോധത്തെ കിടത്താനുള്ള തൊട്ടിലാണ്. കുറ്റബോധത്തിന് വഴിയിൽ കിടക്കാനാവില്ല. വഴിയിൽ കിടക്കുന്നത് ശുദ്ധബോധമാണ്. ബോധത്തിന് എപ്പോഴാണ് ശുദ്ധി കൈവരുന്നത്. അത് വഴിയിൽ വഴിയറ്റ് വാഴുമ്പോഴാണ്. വീടുള്ളത് കൊണ്ടാണ് വഴി സാധ്യമാകുന്നത്. വീടുള്ളതിനാലാണ് പലർക്കും അത് വിട്ട് വരാനും വഴിയിൽ സത്യവും ജീവനും കണ്ടെത്താനുമായത്. അതിനാൽ വഴി വീടിനോട് കടപ്പെട്ടിരിക്കുന്നു. വീട്ടിലേക്ക് എത്താനും വീട് വിട്ട് വരാനും വഴി വേണം. വഴി മുട്ടിയവരാണ് പലപ്പോഴും വീട് വിട്ട് പോവുക. ലോകത്ത് വഴി മാത്രമാവുകയും വീടില്ലാതിരിക്കുകയും ചെയ്താലോ. വീട് പലപ്പോഴും പലതും വീട്ടാനുള്ള സ്ഥലമാണ്. കടം വീട്ടാനുള്ള സ്ഥലം. പക വീട്ടാനുള്ള സ്ഥലം. ആദ്യകാലത്തെ വീടുകളെല്ലാം നല്ല വീട്ടിയിൽ ഉണ്ടാക്കിയതായിരുന്നു. വീട് വെച്ചതിന് ശേഷമായിരുന്നു ചെയ്തത് തെറ്റായിപ്പോയല്ലോ എന്ന ബോധമുണരുക. “കൂപേ വീണുഴലുന്നതു പോലെ ഗേഹേ വാണുഴലുന്ന ജനാനാം”- എഴുത്തച്ഛനേതോ കാലം ഇതെഴുതി. എഴുത്തച്ഛന്റെ കാലവും കോലവും ഇന്നും ആർക്കും കിട്ടിയിട്ടില്ല. കാലമേതെന്ന് തിട്ടം കിട്ടാതുള്ളഴുത്ത് പേറി, ഏതച്ഛനും.
അച്ഛൻമാർ പാർക്കുന്നത് അവർ തന്നെ കെട്ടിയുണ്ടാക്കിയതിലാണ്. അപ്പൻമാർ വേറൊന്നിനെയും കേറ്റുകയുമില്ല, വേറൊന്നിലും കേറുകയും. അപ്പനപ്പൂപ്പന്മാരായിട്ടുള്ള ശീലം. കെട്ടുക കൂടുക. അതിൽ കേറിയത് മുതൽ കുററബോധവും വീട്ടിൽ പാർപ്പ് തുടങ്ങുന്നു അവർക്കൊപ്പം. അപ്പോഴും പുറത്ത് വഴിയിൽ ബോധം കിടക്കുന്നുണ്ട്. ബോധത്തെ വീട്ടിലുള്ളവർക്ക് ഉപേക്ഷിക്കാൻ പറ്റില്ല. അതിനെ അകത്തേക്ക് കൊണ്ട് വരാനും സാധ്യമല്ല. ഇതൊരു പ്രതിസന്ധിയുണ്ടാക്കും. പ്രതിവിധിയില്ലായ്മ. അതിനാൽ തെരുവിൽ വന്ന് വീട്ടുകാർ ബോധത്തെ സമയം കിട്ടുമ്പോഴെല്ലാം കാണുക ശീലമാക്കി. കുറ്റം നടന്നാൽ പൊതുവെ കുറ്റവാളികളെയാണ് അന്വേഷണത്തിന് വിധേയമാക്കുക. കുറ്റവും കുറ്റവാളിയും തമ്മിലുള്ള ബന്ധം എന്താണ്. കുറ്റത്തെ ആളുന്നവനാണ് കുറ്റവാളി. അതായത് കുറ്റം ആളുന്നത് ഒരാളിലാണ്. അയാളാണ് കുറ്റവാളി. കുറ്റവാളി ആളുന്നത് ആരിലാണ്. കുറ്റവാളി ആളുന്നത് മറ്റൊരാളിലാണ്. അതിനാൽ കുറ്റം, കുറ്റവാളി, കുറ്റപ്പെട്ടവൻ എന്നിങ്ങനെ മൂന്നെണ്ണമുണ്ടാവുന്നു. മൂന്നാമത്തെ ഇനം എല്ലാ കുറ്റങ്ങളിലും ഉണ്ടാവണമെന്നില്ല. കുറ്റം കൊലയാണെന്ന് കരുതുക. അപ്പോൾ മൂന്നാമത്തെ ഇനം വരും. ഈ മൂന്നിനം പൂരിപ്പിക്കുന്നത് ഇപ്രകാരമാവാം- കുറ്റം (കൊല), കുറ്റവാളി (കൊലയാളി), കുറ്റപ്പെട്ടവൻ (കൊല ചെയ്യപ്പെട്ടവൻ) എന്നിങ്ങനെ. കുത്തിക്കൊലയാണെങ്കിൽ കുത്തപ്പെട്ടവൻ എന്നും വായിക്കാം.
എന്നാൽ കുറ്റം അസൂയ ആണെങ്കിലും ഈ മൂന്ന് ഇനങ്ങളും വരാം. പക്ഷെ മൂന്നാമത്തെ ഇനം മറ്റുള്ളവയിലേത് മാതിരി അത്ര അറിയണമെന്നില്ല. അസൂയ കുറ്റമാണോ എന്നതും തർക്കമന്ദിരമാണ്. അതായത് അയാളല്ലാതെ മറ്റൊരാളിലേക്ക് പടരുന്നതിനെ മാത്രമാണോ കുറ്റം എന്ന് പറയാനാവുക? അസൂയ പോലുള്ളവയെ കുറ്റമെന്ന് പറയാനാവില്ല. കുറ്റത്തിന് കുറ്റമാകാനുള്ള യോഗ്യത എന്താണ് ? കുറ്റം എന്ന വാക്കിന് കുറക്കുന്നത് എന്നർത്ഥമുണ്ടോ. കുറ്റവും കുറവും എന്ന് ഇരട്ടപെറ്റാണ് കാണാറ്. നിറവും കുറവായി കാണുന്നവരുണ്ട്, നിറം കുറവായാൽ. നിറവിനെ കുറവാക്കുന്നത് ഏറിയ അറിവ്. കുറ്റവുമായി ബന്ധപ്പെട്ട് ഏറ്റം എന്ന അർത്ഥം വരാറുണ്ട്, കുറ്റമേറ്റല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ. കുറ്റത്തിൽ ഏറുക എന്നത് കുരിശിൽ എറുന്നതു പോലെ ആളുകൾ സങ്കൽപിച്ചിരിക്കണം. കുറ്റം ഒരു കുരിശ്. കുറ്റമേറിയാൽ അത് കുരിശേറി തീരണം.

കുറ്റത്തെ ആര് ക്രൂശിക്കും. കുറ്റത്തെ ക്രൂശിക്കുക എന്നത് കുറ്റ-വാളിയെ ക്രൂശിക്കുകയാണോ. കുറ്റ വ്യാളി. കുറ്റം തന്നെ കുറ്റവാളി എന്ന് ഉറപ്പിൽ തറയുകയാണ് യേശുവിന്റെ പീഢകർ. അവർ തന്നെ കുറ്റ വ്യാളി. അവർക്കുള്ളമേ കുറ്റവ്യാധി. ഹാ കഷ്ടം, കുറ്റവാളികൾക്കറിയില്ലല്ലോ കുറ്റമേൽക്കുവാനേ വന്നു യേശുവെന്ന്. പീഢകരുടെ കുറ്റമേറ്റ് വെന്നു യേശു. പീഢകരിൽ ചിലർക്കെങ്കിലും അത് കണ്ടുള്ളു വെന്തു. അങ്ങനെയാണല്ലോ ആ പിൻമുറക്കാർ കുരിശ് തന്നെ ഏറ്റാമെന്ന് ആചാരമേറിയത്. ഒരാൾക്ക് വേറൊരാളുടെ കുറ്റത്തിൽ ഏറാനാകുമോ. കുറ്റമേറ്റ യേശു സ്വർഗത്തിലേക്കേറി. കുരിശിലും സ്വർഗത്തിലും കുറ്റത്തിലും പോയി ഏറിയും വരാനാകുന്നത് അവൻ യേശുവായതിനാലാണ്. യേശുവിനെ ഇനിമുതൽ ഒരാൾക്ക്, നമുക്കും, യേറു എന്ന് വിളിക്കാം. ഏറ്റം പാടില്ലെന്ന് പറയുന്നവർക്കിതറിയില്ലല്ലോ. യേശു മനുഷ്യരോട് പറയുന്നത് കുറ്റത്തിൽ പോയി ഏറാനാണോ. കുറ്റത്തിൽ പോയി ഏറ്റം വന്നവനാകാനാണോ. കുറ്റം കേറ്റമാണെന്ന് ക്രിസ്തു പറയുന്നതാണോ.
കുറ്റിയറ്റ് പോകാത്ത കുറ്റങ്ങളുണ്ട്. അതിനെയാണ് വാസന എന്ന് പറയുന്നത്. ചില മണങ്ങൾ പോലെയാണത്. മാഞ്ഞ് മാറില്ല ആ മഞ്ഞ്. കുറ്റമറ്റ് അത് അവിടെ തന്നെ നിൽക്കും, തൂമഞ്ഞായി. തൂത്താലും പോകാത്ത ജാതിക്കൂറ അത്. മണം പിടിച്ച് ചെന്നാൽ ഇതിന്റെ ഉടമയെ കിട്ടുമെന്ന് നായകൾക്കറിയം. നായകൾക്കോ അതോ നായക്ക് മാത്രമോ. എല്ലാ നായകൾക്കും ഈ സിദ്ധിയുണ്ടെന്ന് ഉറപ്പിക്കാനാവില്ല. ചില സിദ്ധികളെങ്കിലും ബഹുവചനത്തിന് സാധിച്ചു തരാനാകില്ല. ഏകവചനത്തിന് മാത്രം മണത്തെടുക്കാനാകുന്ന വാസനയത്രെ അത്. ഏകനു മാത്രം ഉതകുന്നത്. ചില നായകൾ പരിശീലനത്തിലൂടെ തുറന്നതും ചിലർക്ക് ജനനാൽ പിറന്നതുമാകാം. മണം പിടിച്ച് കാര്യങ്ങൾ പിടിച്ചെടുക്കുന്ന നായ, നായകൻ തന്നെ. ഇതിൽ തന്നെ വിശേഷപ്പെട്ട നായകളെ വിനായകൻ എന്ന് വിളിക്കാം. ബഹുമാനപുരസ്സരം വിനായകർ എന്നും വിളിക്കാം. ൻ, ർ. ഈ ലിപി തന്നെ നോക്കുക. ഉള്ളതിൽ നിന്നും ഒരു കഷണം കളഞ്ഞ് കിട്ടുന്നതാണ് പിന്നെ ഉണ്ടായത്. ൻ, ർ.
കുറ്റം കണ്ട് പിടിക്കുന്നതിനാലാണോ നായ വിനായകനും വിനായകരും ആകുന്നത്. കുറ്റം കണ്ടെത്തുക എന്ന കുറ്റിയിൽ മാത്രം ഇതിനെ കെട്ടിയിടാനാണ് ആൾക്കാർക്ക് താൽപര്യം. കുറ്റത്തെ കണ്ടെത്താൻ കൂട്ടുന്നതിലൂടെ നായകളും കുറ്റത്തി ൽ കൂടട്ടേ എന്നാണോ മനുഷ്യമനോഹരഭാവം ? ആളുകളെയെല്ലാം പിടിച്ച് മനുഷ്യരാക്കുകയാണോ. ആളുകൾ എന്തിലായാലും കുറ്റത്തിൽ ഊറ്റം കൊള്ളുന്നവരാണ്. കുറ്റമാണ് അവർക്ക് കുറി. എല്ലാ കുറിയും അതാകാതിരിക്കണേ എന്ന് ഉറ്റു നോക്കുന്നവരും ആ കൂട്ടത്തിലുണ്ട്. ആളുകൾ അവരെ കുറി കിട്ടിയവരായി കണ്ട് മാനിക്കും.
കഷ്ടം എന്ന് തന്നെ പറയണം, പല മനുഷ്യർക്കും കുറിക്ക് കൊള്ളിക്കാൻ സാധിക്കാറില്ല. കുറി കൂടി അതിൽ ആദ്യത്തെ നറുക്ക് തന്നെ കിട്ടണമെന്ന് കൊതിച്ചിട്ടും കിട്ടാതെ പോകുന്നവരെ മിക്കവരും കുറിയവർ എന്ന് വിളിക്കാറുണ്ട്. കൂട്ടത്തിൽ കുറിയവരെ നമ്പരുതെന്ന് പഴഞ്ചൊല്ലിൽ ചേർത്ത്. കിട്ടിയ കുറിയെ കാണാത്തവരുമാണ് ഇവരിൽ പലരും. നിരീച്ചതല്ലെന്ന ന്യായത്തിൽ പുളഞ്ഞ്. കുറ്റവാളികളെ ആളുകളും മനുഷ്യരും (ഉള്ളാലെയെങ്കിലും) ബഹുമാനിക്കുന്നത് അവർ കുറിക്ക് കൊള്ളിക്കുന്നവരായതിനാലാണ്. ഓരോ കുറിയും അവർക്ക് അത് സാധിക്കും. കുറി വെച്ചാലും സാധാരാണ് ആളുകൾക്ക്, അതായത് കുറ്റവാളികളല്ലാത്തവർക്ക്, കുറി കിട്ടാറില്ല. കുറി നാടൻ ആൾക്കാർ കണ്ടെത്തിയത് തന്നെ ജീവിതത്തിൽ ഒരു കുറിയെങ്കിലും നേടാനാണ്. ഓരോ തവണ കുറിയുടെ നറുക്കിന് ചെല്ലുമ്പോഴും അവർക്ക് കിട്ടുന്ന ഉത്തരം ഇക്കുറിയും നിങ്ങൾക്കില്ല എന്നാണ്. അവർ തിരിച്ച് മടങ്ങുക അടുത്ത കുറി നോക്കാം എന്ന പ്രതീക്ഷയോടെയാണ്. “കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ” എന്ന് പുകൾ പെറ്റ കാമുകമുദ്രാവാക്യം സകല കാമുകമനസുകൾക്കും നൽകി പി. ഭാസ്കരാചാര്യത്തിരുവടികൾ. കുറി അവർക്ക് എപ്പോഴും വരുംകുറി. കുറ്റവും കുറിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ത് ഇപ്രകാരമാണ്. കുറ്റം ചെയ്തതിനാലാണ് അവർക്ക് കുറി കൂടണമെന്ന ബോധം വന്നത്. എന്താണവരുടെ കുറ്റം. കാലയരികത്ത് വലയെറിഞ്ഞത്. പല കുറിയിലാണ് അവർ പലകുറിയും കൂടുന്നത്. വലയെറിഞ്ഞാൽ വലഞ്ഞു എന്നറിയാതെ പോയി ഈ കാമുകർ “കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ”. കുറിയിൽ കൂടിയവരെ നോക്കുക. എല്ലാവരും കണക്കുള്ളവരായിക്കും. ഒരു മനക്കണക്കുള്ളവർ. എന്നാൽ കണക്കപ്പിള്ളമാരങ്ങിനെയല്ല. ഒരു മനക്കണ്ണുമില്ലാത്തവർ. എന്തെന്നാൽ അവർക്ക് വഴിക്കണക്കറിയില്ല. വെറും കണക്കപ്പിള്ളമാർക്ക് കൂട്ടാനാവാത്തതാണ് വഴിയുടെ കണ്ണും കണക്കും.
വഴിയിൽ കിടക്കുന്നവർക്ക് മാത്രമതറിയാം. അവർക്ക് വഴിയിൽ നിന്ന് കേറാനോ മാറാനോ പറ്റുന്നില്ല. വഴിയിലെ മുള്ള് കാലിൽ പറ്റിയിരിക്കുന്നു. മുള്ള് കൊണ്ടതിനാൽ ഉള്ള് നൊന്തവരാണവർ. അതിനാൽ അവർക്ക് വഴി മതി. വഴി മതിയായി. എല്ലാ വഴിയും അടഞ്ഞാണ് അവർ വഴിയിൽ കിടക്കുന്നത്. എല്ലാവരും അഴിച്ചു കളഞ്ഞവർ. ഉടുക്കാനില്ലാത്തതാണ് ഇവരെ വീട്ടുകാരിൽ നിന്ന് വിട്ടവരാക്കുന്നത്. ഈ വഴി വീട്ടുകാർക്ക് ഉടുക്കാനാവില്ല. അണിയാത്തവർ അണയുന്നതാണ് ഈ വഴി.
വീട്ടുകാർക്ക് വഴി വീട്ടിലേക്ക് പോകാൻ വേണ്ടി മാത്രമാണ്. ഇവർക്ക് വഴി എവിടേക്കും പോകാനല്ല. വഴി അവർക്ക് വീഴ്ചയാണ്. അവർ വഴിയിൽ വീണപ്പോഴാണല്ലോ വഴിയുണ്ടെന്ന് തിരിഞ്ഞത്. മണമാണവരെ തിരിച്ചത്. മണ്ണ് മൂക്കിൽ തട്ടിയപ്പോൾ. മുക്കിൽ കിടക്കുന്ന നായയുടെ മണം വന്ന് തട്ടിയപ്പോൾ. നായ നടപ്പാതയിൽ നായകൻ. കിടക്കുന്നുണ്ട് അത് രാത്രി മുഴുവൻ ഉണർന്നലഞ്ഞതിന്റെ ക്ഷീണം തലക്കടിയിൽ വെച്ച്. വീണതിനാൽ മാത്രം വീണവർ കണ്ടു വഴിയുറക്കത്തിന്റെ ശ്വാനമേൻമ. ശ്ലോ, എന്തൊരു മതി കെട്ടുള്ള മയക്കം ഒരു നായ.
വീട്ടുകാർക്ക് വഴി വാഴ്ചയാണ്. അവർ വഴിവാണിഭക്കാരാണ്. വഴി വാണിഭം ചെയ്യുന്നവരായതിനാൽ തന്നെ വീട്ടുകാർ വഴി വാണിഭക്കാരെ അടുപ്പിക്കാറുമില്ല. വഴി വാണിഭക്കാർ വഴിയിൽ വെച്ച് വാണിഭം ചെയ്ത് തിരിച്ച് പോകുന്നവരാണെന്നും എന്നാൽ വീട്ടുകാർ വഴി തന്നെയാണ് വാണിഭം ചെയ്യുന്നതെന്നും ഓർക്കില്ലാരും. വഴിവാണിഭക്കാർക്ക് വീട്ടുകാർ ഒരു എതിരേ അല്ല. മറിച്ച് വീട്ടുകാർക്കാണ് ഇവരെ എതിരായി തോന്നുന്നത്. അവർ ഒഴിഞ്ഞാലാണല്ലോ ഇവർക്ക് വഴി വിൽക്കാനാകൂ.
വീട്ടുകാരിൽ ചിലർക്കെങ്കിലും വഴിവാണിഭക്കാരുമായുള്ള സഹവാസം വഴിവിട്ട് പോകാറുണ്ട്. വഴിയും വീടും സഹവസിച്ച് കലഹിക്കുകയും കലഹിച്ച് സഹവസിക്കുകയുമാണ് പതിവ്. പതിവിൻപടി വീട് വഴിയുമായി ബന്ധം എന്നെന്നേക്കും ഉപേക്ഷിക്കണമെന്ന് വാദിക്കുന്നവർ ഇരുഭാഗത്തും ഉയർന്ന് വരാറുമുണ്ട്. ഇവ രണ്ടും ഇരു ചേരികളല്ല ഒന്നിന്റെ തന്നെ ഇരു പ്രേരണകളാണെന്ന് തത്വം പറയുന്നവരും ഇരു ഭാഗത്ത് നിന്നും ഉയർന്നു വരാറുണ്ട്. വീടും വഴിയും എങ്ങനെ ഇരുവഴിയായി എന്ന് ഇന്നും തീർപ്പാകാത്ത കാര്യമാണ്. വീട്ടുകാര്യമോ അതോ വഴിത്തർക്കമോ ഈ തത്വചിന്ത?
ആൾക്കാർക്ക് വേണ്ടത് വീടാണോ വഴിയാണോ എന്ന പഴക്കത്തോളം തത്വചിന്തയുമുണ്ടിതിൽ. പഴുക്കാതെ വീണ ഫലം പല തർക്കവും. തർക്കപ്പഴം തിന്നാത്ത ആരെങ്കിലും വീട്ടിലോ വഴിയിലോ ഉണ്ടോ. തർക്കമുണ്ട് തർക്കമുണ്ണും. പലരും പറഞ്ഞ് കേട്ടിട്ടുള്ളത് ഉണ്ട് കഴിഞ്ഞ തോണ്ടാണ് തർക്കിക്കുന്നതെന്ന്. ഉണ്ണാനില്ലാത്തവന് തർക്ക വിഷയം ഊണാണെന്ന്. എവിടെയാണ് അടുത്തതായി ഊന്നേണ്ടത് എന്ന പ്രശ്നം അടുത്തൂൺ പറ്റിയവർക്കുമുണ്ട്. ഉണ്ട് കഴിഞ്ഞാൽ പിന്നെ വിണ്ട് കഴിയണമെന്ന മോഹം അധികപ്പറ്റും. പറ്റും മോഹക്കുറ്റി. മോഹാഗ്നി അവർക്ക് ഹോമാഗ്നി. പലമാതിരി മോഹങ്ങൾ നിറവേറ്റാനാണ് യാഗങ്ങൾ മിക്കതും ഉണ്ടായിട്ടുള്ളത്. യാഗം ഒരു തീക്കളിയാണ് കേട്ടോ. തീകൊണ്ടുള്ള അഹം ചൊറിയലാണത്. അഗ്നിക്ക് അശിക്കാനാകാത്ത അഹവുമുണ്ട്. അകത്ത് കേറാനാകാത്തതിനെ അഗ്നിയെന്ന് വിളിക്കരുത്. ഖൽബിലെത്തീ ഖൽബിലെത്തീ എന്ന് പാടുന്നവർക്ക് അവ അകത്തെത്തി എന്ന് പറയാനാവില്ല. അകത്ത് തീയിട്ടാൽ പുകഞ്ഞ് ചാടും പുറം. മുൻ തലമുറ ഇത് ചെയ്തത് എലികളെ ഓടിക്കുന്നതിനായിരുന്നു. ഇല്ലത്തിന് എലി ഒരു വല്ലായ്മ ആയതിനാലാണത്. വീട്ടിലെ എലിയെ ചിലർ ദൈവമാക്കിയപ്പോഴാണ് അവിടെയുള്ള ചിലർ വഴിയിലുള്ളവരുടെ പ്രേരണയോടെ വീട്ടിന് തീയിട്ടത്.
എലിയെ കൊല്ലാൻ ഇല്ലം ചുടണോ എന്ന് അക്കാലത്തെയും എലിവാദികൾ ചോദിച്ചു. എലികളെ കൊന്നല്ല. നിങ്ങളുടെ എളിമ കാട്ടേണ്ടതെന്ന് എലി വാദികൾ എതിർത്തു. പലരും സഹോദരീ ഭർത്താക്കളെ എളിയാ എന്ന് വിളിക്കാനുമാരംഭിച്ചു. ഇതിന് തുടക്കമിട്ടത് ഒരു അളിയന്റെ പേര് അലി എന്നായതിൽ പിന്നെ ആയിരുന്നു. അലിയളിയനെ സുഖിപ്പിക്കാനാണ് എലിക്കാലത്തുള്ളവർ എലിയളിയാ എന്ന് വിളി തുടങ്ങിയത്. അടി തുടങ്ങിയതും ഇതിൽ പിന്നെ ആയിരുന്നു. അലിവിളിയെ ചുറ്റിപ്പറ്റിയായി പിന്നീട് നൂറ്റാണ്ടുകൾ നീണ്ട തർക്കം തുടങ്ങിയത്. യാ അലീ എന്ന് അവർ ആത്മഹർഷത്തോടെ പാടി. മഖാമുകളിൽ അനവധി പാട്ടലികൾ മുഴങ്ങി.
എലിയെ ദൈവമാക്കുന്നത് കണ്ട ചില മൂഷികർ എലിയെ രക്ഷിക്കുന്നതിന് വേണ്ടി എലിയാണ് പ്ലേഗ് പരത്തുന്നതെന്ന് വാദിച്ചു. ആ നേരങ്ങളിലെല്ലാം അവർ ശാസ്ത്രത്തിൽ ആണയിട്ടു. എലിവാദികളായ മൂഷികവംശം തന്നെ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കി. എലിയാണ് അതിന് കാരണമെന്ന് അവർ സ്ഥാപിച്ചു. എലി എങ്ങനെ പ്ലേഗ് പരത്തി എന്ന് സന്ദേഹം ഉയർത്തിയവരോട് അവർ കണ്ണ് കൊണ്ടാ കാണാനാവാത്ത ചില സൂക്ഷ്മജീവികളാണ് എലിയിൽ മറഞ്ഞിരുന്ന് മനുഷ്യരെ കൊന്നതെന്നായി അവരുടെ വാദം. കൺവെട്ടത്ത് നിൽക്കുന്ന മനുഷ്യർ തന്നെയാണ് ഇതെല്ലാം ചെയ്തതെന്നും ഇതിന് പുറകിലുള്ളതെന്നും വേറെ ചിലർ വാദിച്ചെങ്കിലും എലികൾ കൂട്ടത്തോടെ കൊല്ലപ്പെട്ട് തുടങ്ങി. കൂടെ മനുഷ്യരും.
എലി പ്രേമിയായ ഒരു കുഴലൂത്തുകാരൻ അപ്പോഴാണ് അവിടെ വന്ന് ചേർന്നത്. എലികളെ കൂട്ട മരണത്തിൽ നിന്നും മനുഷ്യരുടെ ശാസ്ത്രീയ ബോധത്തിൽ നിന്നും രക്ഷിച്ച് കൊണ്ട് പോകുന്നതിനായിരുന്നു അയാൾ അവിടെ വന്നത്. കുഴലൂതിയാണ് അയാൾ വന്നത്. അലിയുടെ ആളുകളാണ് ഈ ഊത്തുകാരനെ കൊണ്ടു വന്നതെന്ന് പറഞ്ഞ് കേൾക്കുന്നുമുണ്ട്. അലിയും എലിയും ഒന്നേയെന്ന് അറിയെടോ എന്ന് അവിടെയുള്ള തത്വജ്ഞാനികൾ പാടി. ഇതറിഞ്ഞ് കർണ്ണാടക ശാസ്ത്രീയ സംഗീതത്തിലെ മഹാമേരു എം.ഡി. രാമനാഥൻ “ഹരിയും ഹരനും ഒൻറേ എന്റ് അറിയാതരുളരോ’ എന്നു കച്ചേരിയുണ്ടാക്കി. പലരും രാമനാഥനെ ഇതിന്റെ പേരിൽ നന്നായി കച്ചേരി കേറ്റി. നന്നായി.
അലിയെയും എലിയെയും ഒന്നാക്കുന്നതിനെതിരെ, തത്വജ്ഞാനത്തിനെതിരെ ഇവരിൽ പലരും എതിരാളി. തത്വജ്ഞാനിയെ കൊല്ലാൻ ചെന്നവർ അയാളുടെ ന്യായം കേട്ട് ലജ്ജിച്ചത്രേ. തത് + ത്വം, കൂട്ടുമ്പോഴാണത്ര തത്വം. അതിനാൽ “അത് നീ’യാണെന്ന് അറിയുന്നയാളാണത്രേ തത്ത. അലിയും എലിയും ഒന്നാണെന്ന് പറയുന്നത് തത്വജ്ഞാനികളുടെ ശീലമാണെന്നും തത്വജ്ഞാനി തന്നെ പറയുന്ന പോലെ പറഞ്ഞു. പരിശീലക്കുട ചൂടിയാൽ അതവർക്ക് തണൽ. ഭാഷാഗവേഷകനും കുറെ വാദങ്ങളെ ആട്ടിത്തെളിച്ചു വന്നു. അലിയും എലിയും ഒന്നാകില്ലെന്നതിന് അയാൾക്ക് ഭാഷാകാരണമുണ്ടായിരുന്നു. ഭാഷ കാരണം വഴി പണ്ടേ അലഞ്ഞവനായിരുന്നു ഈ പടു. രണ്ടാമത്തെ അക്ഷരങ്ങൾ ഒന്നാണെങ്കിലും ഒന്നാമത്തെ അക്ഷരങ്ങൾ രണ്ടല്ലേ. അയും എയും രണ്ടല്ലോ. അലിയും എലിയും രണ്ടേയെന്ന് പാടെടോ എന്ന് ഇവരും മാറ്റെലി പാടി. അലിയുടെ ഒലിയിൽ എലികളൊളിച്ചു. കൊള്ളാത്ത പാട്ടെന്ന് കൂട്ടിലിരുന്ന് തത്വജ്ഞാനി തത്തയും. കുഴലൂത്തുകാരൻ എലിവാദി അപ്പോഴേക്കും ഊത്ത് തുടങ്ങിയിരുന്നു. ഇവർക്കുള്ളിൽ വളർന്നു വന്ന കൂറ്റൻ-ബോധത്തിൽ നിന്നായിരുന്നു അത് പുറപ്പെട്ടത്. ഒന്നിനും കുറക്കാനാവില്ലല്ലോ ഒന്നിലുള്ള ബോധം.
വര: മിഥുൻ മോഹൻ
Comments are closed.