അറിയാൻ കഴിയാത്ത ഒന്നിനെ എങ്ങനെയാണ് അറിയുക? ദൈവത്തെ അറിയുക എന്നതിന്റെ അർഥമെന്താണ്? ദൈവത്തെ കൂടുതൽ അറിയുന്നതാണോ യഥാർഥ ജ്ഞാനം? അതോ മനുഷ്യന്റെ അറിവുകൊണ്ട് ദൈവത്തെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്ന തിരിച്ചറിവാണോ? സൂഫി പാരമ്പര്യത്തിൽ അറിവും അറിയായ്മയും എല്ലായ്പ്പോഴും പരസ്പരവിരുദ്ധങ്ങളല്ല. ചിലപ്പോൾ അറിവിന്റെ പരമാവസ്ഥ അറിയായ്മയിലാണ് എത്തിച്ചേരുന്നത്. സ്വന്തം അറിവിന്റെ പരിമിതികൾ തിരിച്ചറിയുമ്പോഴാണ് മനുഷ്യന് മറ്റൊരു തരത്തിലുള്ള അറിവ് സാധ്യമാകുന്നത്.
അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞതായി കരുതപ്പെടുന്ന ഒരു പ്രസിദ്ധ വചനത്തിൽ ഈ ആശയം പ്രകടമാണ്: ദൈവത്തെ പൂർണമായി അറിയാൻ കഴിയില്ലെന്ന തിരിച്ചറിവുതന്നെയാണ് ദൈവത്തെക്കുറിച്ചുള്ള യഥാർഥ അറിവ്. ഇവിടെ അറിയായ്മ എന്നത് ഒന്നിനെക്കുറിച്ചും അറിവില്ലാത്ത അവസ്ഥയല്ല. അറിയുന്ന വ്യക്തിയും അറിയപ്പെടുന്ന കാര്യവും തമ്മിലുള്ള സാധാരണ ബന്ധം ദൈവികാനുഭവത്തെ മനസ്സിലാക്കാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണത്. ഒരു വസ്തുവിനെ അറിയുമ്പോൾ നാം അതിനെ നിരീക്ഷിക്കുകയും അതിന്റെ സവിശേഷതകൾ തിരിച്ചറിയുകയും നിർവചിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തെ ഇത്തരത്തിൽ ഒരു വസ്തുവായി സമീപിക്കാനാകുമോ? മനുഷ്യന്റെ ചിന്തയ്ക്കും ഭാഷയ്ക്കും അതിരുകളുണ്ട്. അതിരുകളില്ലാത്തതിനെ പരിമിതമായ അറിവുകൊണ്ട് പൂർണമായി ഗ്രഹിക്കാനാവില്ല. സഹ്ൽ അൽ തുസ്തരി, മൻസൂർ ഹല്ലാജ്, ഹുജ്വീരി, ഐനുൽ ഖുദാത്ത് ഹമദാനി (റ) തുടങ്ങിയ സൂഫി ചിന്തകരുടെ രചനകളിൽ ഈ പ്രശ്നം വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൈവത്തെ അറിയാനുള്ള ശ്രമം ഒടുവിൽ മനുഷ്യനെ സ്വന്തം അറിവിന്റെ അപര്യാപ്തതയിലേക്കാണ് നയിക്കുന്നത്.
അറിയാത്തതിലൂടെ അറിയുക
ദൈവത്തെ അറിയാനുള്ള വഴിയിൽ മനുഷ്യന്റെ അറിവുതന്നെ തടസ്സമായി മാറാമെന്ന ആശയം സൂഫി ചിന്തയിൽ മാത്രമല്ല കാണുന്നത്. ക്രൈസ്തവ ആത്മീയപാരമ്പര്യത്തിലെ നിഷേധാത്മക ദൈവശാസ്ത്രവും സമാനമായൊരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ദൈവം എന്താണെന്ന് നിർവചിക്കുന്നതിനെക്കാൾ, ദൈവം എന്തല്ലെന്ന് തിരിച്ചറിയുന്നതിലൂടെയാണ് ഈ പാരമ്പര്യം മുന്നോട്ടുപോകുന്നത്. സ്യൂഡോ-ഡയോനീഷ്യസിന്റെ ആത്മീയരചനകളിൽ മൂസാ(അ) പ്രവാചകൻ ദൈവസാന്നിധ്യത്തിലേക്ക് പ്രവേശിക്കുന്നത് അന്ധകാരത്തിലൂടെയാണ്. ഇവിടെ അന്ധകാരം ദൈവത്തിന്റെ അഭാവത്തെയല്ല സൂചിപ്പിക്കുന്നത്. മനുഷ്യന്റെ കാഴ്ചയ്ക്കും അറിവിനും അതീതമായ ദൈവികപ്രകാശത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.
അമിതമായ പ്രകാശം കണ്ണിനെ അന്ധമാക്കുന്നതുപോലെ, ദൈവിക യാഥാർഥ്യത്തിന്റെ അതീതസ്വഭാവം സാധാരണ അറിവിനെ നിഷ്പ്രഭമാക്കുന്നു. നിക്കോളാസ് ഓഫ് കൂസയുടെ അറിവുള്ള അറിയായ്മ എന്ന ആശയത്തിലും The Cloud of Unknowing എന്ന ക്രൈസ്തവ ആത്മീയകൃതിയിലും ഈ ചിന്തയുടെ പ്രതിധ്വനികളുണ്ട്. സോക്രട്ടീസിന്റെ ചിന്തയിലും സ്വന്തം അറിവില്ലായ്മ തിരിച്ചറിയുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ സൂഫി ചിന്തയിലെ അറിയായ്മ കേവലം ബൗദ്ധികമായ വിനയമല്ല. അത് മനുഷ്യന്റെ ആത്മബോധത്തെയും അനുഭവത്തെയും മാറ്റിമറിക്കുന്ന ഒന്നാണ്.
അറിവ് ഇല്ലാതാകുമ്പോൾ
റൂസ്ബിഹാൻ ബഖ്ലി ഈ ആശയത്തെ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നുണ്ട്. മനുഷ്യൻ പരിമിതനാണ്. അവന്റെ അറിവും അനുഭവവും കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധിക്കുള്ളിലാണ്. എന്നാൽ ദൈവിക യാഥാർഥ്യം ഈ പരിധികൾക്ക് അതീതമാണ്. അതുകൊണ്ടുതന്നെ മനുഷ്യന് സ്വന്തം കഴിവുകൊണ്ട് ദൈവത്തെ പൂർണമായി ഗ്രഹിക്കാനാവില്ല. ഈ പരിമിതി തിരിച്ചറിയുന്നതോടെ ആത്മീയാന്വേഷണം അവസാനിക്കുന്നില്ല. മറിച്ച്, അത് മറ്റൊരു അനുഭവത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. സൂഫികൾ ഇതിനെ ഫനാഅ് എന്ന ആശയവുമായി ബന്ധപ്പെടുത്തുന്നു. സ്വന്തം അഹംബോധത്തിൽനിന്നും അറിവിനെക്കുറിച്ചുള്ള ഉറപ്പുകളിൽനിന്നും മനുഷ്യൻ മോചിതനാകുന്ന അവസ്ഥയാണിത്.
സാധാരണ അറിവിൽ അറിയുന്ന ഒരാളും അറിയപ്പെടുന്ന ഒരു വസ്തുവുമുണ്ട്. എന്നാൽ ദൈവികാനുഭവത്തിന്റെ പരമാവസ്ഥയിൽ ഈ വേർതിരിവുതന്നെ അപ്രസക്തമാകുന്നു. അറിയുന്ന വ്യക്തി തന്റെ അറിവിനെ സ്വതന്ത്രമായ ഒരു നേട്ടമായി കാണാതാകുന്നു. ഇതിനെത്തുടർന്നുള്ള ബഖാഅ് എന്ന അവസ്ഥയിൽ ആത്മീയബോധത്തിന് മറ്റൊരു സ്വഭാവം കൈവരുന്നു. എന്നാൽ ഫനാഅ് എന്നാൽ മനുഷ്യൻ ദൈവമായി മാറുന്നു എന്നല്ല അർഥം. നശ്വരമായ മനുഷ്യസത്ത അനന്തമായ ദൈവസത്തയായി പരിണമിക്കുന്നില്ല. മറിച്ച്, സ്വന്തം അസ്തിത്വത്തെയും അറിവിനെയും സ്വതന്ത്രവും സമ്പൂർണവുമായ ഒന്നായി കാണുന്ന ബോധമാണ് ഇല്ലാതാകുന്നത്. ദൈവത്തെ പൂർണമായി സ്തുതിക്കാനുള്ള തന്റെ കഴിവില്ലായ്മ പ്രകടിപ്പിക്കുന്ന പ്രവാചകവചനവും ഇതേ അനുഭവത്തിന്റെ സൂചനയായി വായിക്കാം. സ്തുതിയുടെ പരമാവസ്ഥയിൽപ്പോലും മനുഷ്യൻ തിരിച്ചറിയുന്നത് സ്വന്തം വാക്കുകളുടെ പരിമിതിയാണ്.
സ്വയം മറക്കാതെ ദൈവത്തെ അറിയാനാകുമോ?
ആത്മീയാന്വേഷണത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും സൂക്ഷ്മമായ തടസ്സങ്ങളിലൊന്ന് സ്വന്തം അഹംബോധമാണ്. ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യൻ പലപ്പോഴും തന്റെ അന്വേഷണത്തെക്കുറിച്ചുതന്നെ ബോധവാനായിരിക്കും. തന്റെ ഭക്തി, ആത്മാർഥത, ആത്മീയപുരോഗതി എന്നിവയെക്കുറിച്ചുള്ള ചിന്തയും അവനെ പിന്തുടരും. എന്നാൽ ഈ സ്വയംബോധംതന്നെ ദൈവികാനുഭവത്തിന് തടസ്സമായേക്കാം. അൽ വാസിതിയുടെ ഒരു പ്രസ്താവനയിൽ ഈ പ്രശ്നം വ്യക്തമാകുന്നു. പ്രിയപ്പെട്ടവനെ അന്വേഷിക്കുന്ന ഒരാൾ തന്റെ അന്വേഷണത്തിന്റെ ആത്മാർഥതയെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ, അയാളുടെ ശ്രദ്ധ പ്രിയപ്പെട്ടവനിൽനിന്ന് സ്വന്തം അന്വേഷണത്തിലേക്ക് മാറിപ്പോകുന്നു.
ദൈവത്തെ അന്വേഷിക്കുമ്പോഴും മനുഷ്യൻ സ്വന്തം ആത്മീയതയെയാണ് കേന്ദ്രത്തിൽ നിർത്തുന്നതെങ്കിൽ, അയാൾ യഥാർഥത്തിൽ എന്തിനെയാണ് അന്വേഷിക്കുന്നത്? ശിബ്ലി കാഴ്ചയെയും ചിന്തയെയും സൂചനകളെയും സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളും പ്രതീകങ്ങളും മനുഷ്യനെ ഒരു പരിധിവരെ സഹായിച്ചേക്കാം. എന്നാൽ അവയെ അന്തിമയാഥാർഥ്യമായി കരുതുമ്പോൾ അവതന്നെ തടസ്സങ്ങളായി മാറുന്നു. ജഅ്ഫർ അൽ ഹദ്ദാഅ് കണ്ണുകൊണ്ടുള്ള കാഴ്ചയും ഹൃദയത്തിന്റെ ആത്മീയസാക്ഷ്യവും തമ്മിൽ വ്യത്യാസപ്പെടുത്തുന്നുണ്ട്. കണ്ണുകൊണ്ട് കാണുന്നത് ഒരു വസ്തുവിനെയാണ്. എന്നാൽ ഹൃദയത്തിന്റെ അനുഭവം അത്തരമൊരു വസ്തുനിഷ്ഠമായ കാഴ്ചയല്ല. അവിടെ മനുഷ്യൻ സ്വന്തം പരിമിതി തിരിച്ചറിയുകയും അഗാധമായ വിസ്മയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ വിവരിക്കാൻ മരുഭൂമിയുടെ പ്രതീകം ഉപയോഗിക്കുന്നുണ്ട്. പരിചിതമായ അടയാളങ്ങളോ ആശ്രയങ്ങളോ ഇല്ലാത്ത വിശാലമായൊരു ഇടം. മനുഷ്യൻ ഇതുവരെ ആശ്രയിച്ചിരുന്ന അറിവുകളും നിർവചനങ്ങളും അവിടെ അയാളെ സഹായിക്കുന്നില്ല.
വിസ്മയത്തിലേക്ക് തിരിച്ചെത്തുന്ന ജ്ഞാനം
അറിയായ്മയുമായി അടുത്ത ബന്ധമുള്ള മറ്റൊരു സൂഫി ആശയമാണ് ഹൈറത്ത്. വിസ്മയം, അമ്പരപ്പ്, ആശയക്കുഴപ്പം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന അനുഭവമാണിത്. സാധാരണയായി അറിവ് ആശയക്കുഴപ്പം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. എന്നാൽ സൂഫി ആത്മീയാനുഭവത്തിൽ അറിവിന്റെ ഏറ്റവും ഉയർന്ന അവസ്ഥതന്നെ വിസ്മയമായി മാറാം. അൽ വാസിതി വ്യക്തതയിലൂടെ ദൈവത്തെ അന്വേഷിച്ചപ്പോൾ അവ്യക്തതയിലാണ് ദൈവത്തെ കണ്ടെത്തിയത്. അബൂ യഹ്യ അൽ ഷീറാസിയുടെ ചിന്തയിൽ ആത്മീയയാത്രയുടെ തുടക്കത്തിലും അവസാനത്തിലും വിസ്മയമുണ്ട്. എന്നാൽ ഈ രണ്ട് വിസ്മയങ്ങളും ഒരുപോലെയല്ല.
തുടക്കത്തിലെ വിസ്മയം അറിവില്ലായ്മയിൽനിന്നാണ് ഉണ്ടാകുന്നത്. മനുഷ്യൻ അറിയാത്തതിനാൽ അമ്പരക്കുന്നു. തുടർന്ന് പഠിക്കുകയും അന്വേഷിക്കുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്യുന്നു. ലോകത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള തന്റെ ധാരണകൾ ക്രമപ്പെടുത്തുന്നു. എന്നാൽ ഈ അറിവുകളെല്ലാം നേടിയശേഷം, താൻ അന്വേഷിക്കുന്ന യാഥാർഥ്യം അവയ്ക്കെല്ലാം അതീതമാണെന്ന് തിരിച്ചറിയുന്നു. അപ്പോൾ മറ്റൊരു വിസ്മയം ആരംഭിക്കുന്നു. ഇത് ആദ്യത്തെ അറിവില്ലായ്മയിലേക്കുള്ള തിരിച്ചുപോക്കല്ല. അറിവിലൂടെ സഞ്ചരിച്ച് അതിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ ഒരാളുടെ വിസ്മയമാണിത്.
അൽ ഹുസ്രിയുടെ അഭിപ്രായത്തിൽ ആത്മീയജ്ഞാനം മനുഷ്യൻ മുമ്പ് പഠിച്ചതും ശീലിച്ചതുമായ ധാരണകളെ മറികടക്കാൻ ആവശ്യപ്പെടുന്നു. ചിലപ്പോൾ അറിവ് നേടുന്നതിനെക്കാൾ പ്രയാസകരമാണ് അറിവിന്റെ പേരിൽ നാം ഉറപ്പിച്ചുവെച്ച കാര്യങ്ങളിൽനിന്ന് മോചിതരാകുന്നത്. ഹല്ലാജിന്റെ ചിന്തയിൽ അറിവും അറിയായ്മയും പൂർണമായി വേർതിരിക്കപ്പെട്ട രണ്ട് അവസ്ഥകളല്ല. അറിവിനുള്ളിൽ അറിയായ്മയും അറിയായ്മയ്ക്കുള്ളിൽ മറ്റൊരു അറിവും നിലനിൽക്കുന്നു.
റൂസ്ബിഹാന്റെ വ്യാഖ്യാനത്തിൽ, ദൈവികസത്തയെ സാധാരണ ഗ്രഹണശേഷികൊണ്ട് ഉൾക്കൊള്ളാനുള്ള കഴിവ് നിലയ്ക്കുമ്പോഴാണ് ഈ അറിയായ്മയുടെ അനുഭവം സാധ്യമാകുന്നത്. ഇവിടെ മനുഷ്യൻ ഒന്നും അറിയാത്തവനായി മാറുന്നില്ല. മറിച്ച്, ഇതുവരെ അറിവെന്ന് കരുതിയിരുന്ന കാര്യങ്ങൾക്ക് മറ്റൊരു അർഥം കൈവരുന്നു.
ഇബ്ലീസിന് മനസ്സിലാകാതെ പോയത്
അറിവിന്റെയും അറിയായ്മയുടെയും ഈ വൈരുധ്യം മൻസൂർ ഹല്ലാജ് ഇബ്ലീസിന്റെ കഥയിലൂടെയും വിശദീകരിക്കുന്നു. ആദമിനെ (അ) വണങ്ങാൻ ദൈവം നിർദേശിച്ചപ്പോൾ ഇബ്ലീസ് വിസമ്മതിച്ചു. തന്റെ നിലപാടിനെ ന്യായീകരിക്കാൻ അവന് കാരണങ്ങളുണ്ടായിരുന്നു. താൻ തീയിൽനിന്നും ആദം(അ) മണ്ണിൽനിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് അവൻ സ്വന്തം ശ്രേഷ്ഠതയെക്കുറിച്ച് തീരുമാനിച്ചത്. എന്നാൽ ആ അറിവുതന്നെയാണ് അവന് തടസ്സമായത്. ഹല്ലാജിന്റെ തവാസീൻ എന്ന കൃതിയിൽ ഇബ്ലീസിന്റെ നാല് നിഷേധങ്ങൾ പ്രത്യക്ഷപ്പെടുന്നു. നിഷേധം, ദൈവത്തെ തള്ളിപ്പറയൽ, വിലക്ക്, അറിയായ്മ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളുള്ള ഈ വിശദീകരണത്തിൽ അവസാനത്തേതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇബ്ലീസിന് നിഷേധിക്കാൻ കഴിഞ്ഞു. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും കഴിഞ്ഞു. എന്നാൽ തന്റെ അറിവിന്റെ പരിമിതി തിരിച്ചറിയാൻ കഴിഞ്ഞില്ല. സ്വന്തം അറിവിലൂടെ നിർമിച്ച ഉറപ്പുകളെ മറികടക്കാനുള്ള കഴിവാണ് അവനില്ലാതിരുന്നത്. ഇബ്ലീസിന്റെ പ്രശ്നം കേവലം അറിവില്ലായ്മയായിരുന്നില്ല. മറിച്ച്, തന്റെ അറിവിനെ അന്തിമസത്യമായി കരുതിയതായിരുന്നു.
ഈ സന്ദർഭത്തിൽ ഹല്ലാജ് അറബി ഭാഷയിലെ ചില പദങ്ങളുടെ വ്യാകരണപരമായ അർഥങ്ങളും ഉപയോഗിക്കുന്നു. മഅ്രിഫ ജ്ഞാനത്തെയും നിർദിഷ്ടതയെയും സൂചിപ്പിക്കുമ്പോൾ, നകിറ അനിർദിഷ്ടതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിവിന്റെയും അറിയായ്മയുടെയും ബന്ധം വിശദീകരിക്കാൻ ഭാഷയുടെ ഈ സാധ്യതകൾ ഉപയോഗിക്കുന്നു. എന്താണ് അറിയുന്നതെന്ന് ഉറപ്പിക്കുന്നതിനൊപ്പം, അറിയപ്പെടാത്തതിനെ അംഗീകരിക്കാനുള്ള ശേഷിയും മനുഷ്യന് ആവശ്യമാണ്. ഇബ്ലീസിന് നഷ്ടമായത് ഈ ശേഷിയാണ്.
ദൈവിക യാഥാർഥ്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യൻ ആദ്യം ആശ്രയിക്കുന്നത് ആശയങ്ങളെയും അടയാളങ്ങളെയും അനുഭവങ്ങളെയുമാണ്. എന്നാൽ ഒരു ഘട്ടത്തിൽ അവയ്ക്കെല്ലാം പരിമിതികളുണ്ടെന്ന് തിരിച്ചറിയേണ്ടിവരും. ദൈവത്തെക്കുറിച്ചുള്ള അറിവ് ദൈവം തന്നെയല്ല. ദൈവത്തെ സൂചിപ്പിക്കുന്ന വാക്കുകൾ ദൈവികയാഥാർഥ്യത്തിന്റെ പൂർണമായ ആവിഷ്കാരവുമല്ല. അറിവിനെ അന്തിമമായി കരുതുന്നിടത്ത് അന്വേഷണം നിലയ്ക്കുന്നു. എന്നാൽ അറിവിന്റെ അപര്യാപ്തത തിരിച്ചറിയുന്നിടത്ത് മറ്റൊരു ആത്മീയസാധ്യത തുറക്കപ്പെടുന്നു. അങ്ങനെ, സൂഫി ചിന്തയിലെ അറിയായ്മ ജ്ഞാനത്തിന്റെ പരാജയമല്ല. അറിവ് സ്വന്തം പരിധികളെ തിരിച്ചറിയുന്ന അവസ്ഥയാണത്. ദൈവത്തെ അറിയുക എന്നത് ദൈവത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തുക എന്നതല്ല. ചിലപ്പോൾ മനുഷ്യന്റെ ഉത്തരങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ഒരു യാഥാർഥ്യത്തിനു മുന്നിൽ നിൽക്കാൻ കഴിയുക എന്നതുകൂടിയാണ്.

കാൾ ഡബ്ല്യു. ഏണസ്റ്റിന്റെ Words of Ecstasy in Sufism (SUNY Press, 1985) എന്ന ഗ്രന്ഥത്തിലെ “Knowledge and Unknowing” (പേജ് 32–35) എന്ന ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ സംഗ്രഹാത്മക മലയാള പുനരാഖ്യാനമാണിത്.
Featured Image: Hrithik Sarker


Comments are closed.