
ഖസാക്കിലെ ഓത്തുപള്ളിയിലിരുന്ന് കൊണ്ട് അള്ളാപ്പിച്ച മൊല്ലാക്ക റാവുത്തന്മാരുടെ കുട്ടികൾക്ക് ആ കഥ പറഞ്ഞുകൊടുത്തു. പണ്ടു പണ്ട്, വളരെ പണ്ട്…

പാലക്കാട് ജില്ലയിലെ യാക്കരക്കടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തസ്രാക്ക് (ഖസാക്ക്). മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും നാടായി മാത്രം അറിയപ്പെടേണ്ടിയിരുന്ന ഈ കുഗ്രാമം പ്രസിദ്ധമായത് ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ ത്തിലൂടെയാണ്. നോവലിൽ പ്രതിപാദിക്കുന്ന കഥാപാത്രങ്ങളും സ്ഥലങ്ങളും പ്രകൃതികളും ഇന്നും തസ്രാക്കിനെയും ഖസാക്കിനെയും ഒന്നാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ രവിയും ഖസാക്കും അപ്പുക്കിളിയും മൈമൂനയും ഏകാധ്യാപക വിദ്യാലയവും കൂമൻ കാവും ഒരു മലയാളിക്കും അപരിചിതമായിരിക്കില്ല.

നോവൽ എഴുതുന്ന സമയത്ത് അന്നട്ടുകാരനായിരുന്ന ഹനീഫ റാവുത്തറിന്റെ ഭരയായി ഖസാക്കിലെത്തിയതായി അറിയപ്പെടുന്നു.
ഖസാക്കിലെ പ്രായമേറിയവരിൽ ചെന്തമിഴ് കളർന്ന മലയാളം സംസാരിക്കുന്നവരുമുണ്ടെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. പ്രാദേശിക നിവാസികളിലധികവും മുസ്‌ലിങ്ങളാണ്. സ്വന്തമായി നെൽകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും. മാത്രവുമല്ല, ജീവിതത്തിന്റെ സായം സന്ധ്യകളിലെ ത്തിനിൽക്കുന്നവർക്ക് ഖസാക്കിന്റെ ഇതിഹാസവും അള്ളാപ്പിച്ച മൊല്ലാക്കയുമൊക്കെ നിത്യേന സംസാര വിഷയങ്ങളുമാണ്.


നോവലിൽ വായിക്കുന്ന കാര്യങ്ങളൊക്കെയും നേരിട്ട് കാണാൻ കഴിയുമെന്നതാവാം എല്ലാവരെയും ഖസാക്കിലേക്ക് ആകർഷിക്കുന്നത്. രാജാവിന്റെ പള്ളിയും അള്ളാപ്പിച്ച മൊല്ലാക്ക കഥ പറഞ്ഞുകൊടുത്ത പള്ളിയും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്. രവി അധ്യാപനം നടത്തിയ ഏകാധ്യാപക വിദ്യാലയവും നോവലെഴുത്തിന് വേണ്ടി ഒ വി വിജയൻ താമസിച്ച സ്ഥലവും ഒന്നാണെന്നും ഒരു പറച്ചിലുണ്ട്. അങ്ങനെയല്ല, പള്ളിക്കടുത്തുള്ള മദ്രസ യായിരുന്നു നോവൽ കാലത്തെ ഏകാധ്യാപക വിദ്യാലയം എന്നുള്ള വാദവും ശക്തമാണ്.



കഥക്കും കഥാകൃത്തിനും കാലം റീത്ത് വച്ചെങ്കിലും കാലാന്തരങ്ങളിൽ നിന്നും ആ ഇതിഹാസം കാതോർക്കപ്പെടുന്നുണ്ട്. അള്ളാപ്പിച്ച മൊല്ലാക്കയുടെ ശിഷ്യനായും മൊല്ലാക്കയുടെ തന്നെ പേരക്കുട്ടിയുടെ മകനായുമെല്ലാം ഖസാക്കിന്റെ ഇതിഹാസം ഇന്നും നിലനിൽക്കുന്നു. നോവലിൽ അപ്പുക്കിളി ജീവിച്ചിരുന്ന വീട് പിൽക്കാലത്ത് മറ്റൊരാൾ വാങ്ങുകയും വീടിന് അപ്പുക്കുളിയെന്ന് നാമകരണം ചെയ്തതും സന്ദർശകർക്ക് ഇന്നും കാണാൻ കഴിയും.



ഖസാക്കിലെ ഇതിഹാസങ്ങളൊക്കെയും തസ്രാക്കിലെ ഓരോ ചുമരുകളിലും കൊത്തിവക്കപ്പെട്ടിട്ടുണ്ട്. ശൈഖ് മിയാൻ തങ്ങളും നൈസാമലിയുടെ കുതിരയും മൊല്ലാക്കയുമെല്ലാം അറബിക്കുളത്തിന് കാവൽ നിൽക്കുന്നവരെന്നോണം കല്ലുകളിൽ ജീവിച്ചു കൊണ്ടിരിക്കുന്നു. ഇന്നും നിരവധിയാളുകളാണ് ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ കാണാൻ തസ്രാക്കിലേക്ക് കടന്നുവരുന്നത്.
രവി ബസ്സിനായി കാത്ത് നിന്നു.
അപ്പോഴേക്കും അള്ളാപ്പിച്ച മൊല്ലാക്ക കഥ പറഞ്ഞ് കഴിഞ്ഞിരുന്നു.
ചിത്രങ്ങൾ:



Comments are closed.