ഖസാക്കിൽ കടപ്പുറമുണ്ടായിരുന്നില്ല. വസൂരി പടർന്ന് കുറേ പേരുടെ പേരിന് താഴെക്കൂടി പച്ചവര വീണു. ഏകദേശം കുഞ്ഞാമിന മാത്രം ബാക്കിയായി. കുഞ്ഞാമിനയേയും കൂട്ടി ഒരു യാത്ര പോകാമെന്ന് രവി തീരുമാനിച്ചു. “കുഞ്ഞാമിന കടല് കണ്ടിട്ടുണ്ടോ..?” അവൾ ഇല്ലായെന്ന് തലയാട്ടി. തോളിൽ തട്ടി ജിമിക്കി ചെറുങ്ങനെയൊന്ന് കിലുങ്ങി. രവി ചിരിച്ചു.
കുഞ്ഞാമിന കുറേയുറങ്ങി. രവി വിളിച്ചില്ല. റോഡരികിലെ കടകളിൽ കോഴിക്കോടുണർന്നു നിന്നു. വലത്തേ തോളിൽ മുഖമമർത്തി കുഞ്ഞാമിനയൊന്ന് ചുമച്ചു. “കുട്ടി നന്നായി ചുമക്കുന്നുണ്ടല്ലോ..” ഒരപരിചിതൻ ചോദിച്ചു. രവി ഡോക്ടറെ കാണണമെന്ന് അഭിപ്രായപ്പെട്ടു. നഗരത്തിലെ പരിചയക്കുറവാണ് ചുമപ്പിക്കുന്നതെന്ന് രവിക്കറിയാഞ്ഞിട്ടല്ല. പറയാൻ നിന്നാൽ പിന്നെ ആരാ, എവിടുന്നാ തുടങ്ങി ഒരുപാട് ചോദ്യോത്തരങ്ങൾ.. ഒന്ന് കടല് കാണിക്കാൻ ഒരു കൊച്ചിനേം കൊണ്ട് ഇത്ര ദൂരം താണ്ടാൻ താനവളുടെ അച്ഛനൊന്നുമല്ലല്ലോ.
ഉച്ചയുടെ കൊടുംവെയിൽ. കുഞ്ഞാമിന റോട്ടിൽ മരീചിക കണ്ടു. ഉച്ചയൂണും കഴിഞ്ഞു കടപ്പുറത്തേക്ക് ഓട്ടോ അന്വേഷിക്കുമ്പോഴേക്കും കുഞ്ഞാമിന പൂർണ്ണമായും ഉണർന്നിരുന്നു. മരീചികയെ അവൾക്ക് പരിചയമുണ്ട്. ഖാളിയാരുടെ മിനാരങ്ങളുടെ താഴെ നിന്ന് കിഴക്കോട്ട് നോക്കിയാൽ പരന്നു കിടക്കുന്ന പാറക്കെട്ടിനു മീതെ മരീചിക കാണാം.
അന്ന് കുഞ്ഞാമിന നന്നേ ചെറുതാണ്. “ഇൻക് ഉപ്പാപ്പാന്റൊപ്പം പള്ളീ പോണം..” ഉമ്മാക്ക് വിരോധമുണ്ടായിരുന്നില്ല. സമ്മതം കൊടുത്തപ്പോൾ പക്ഷെ, ഉമ്മ വലിയൊരാശയം പകുത്തു. “ആമിനോയ്, പെണ്ണുങ്ങള് പള്ളീ പോകാൻ പാടില്ല ട്ടോ.. ഖാളിയാര് മന്ത്രം ചൊല്ലി ഞണ്ടാക്കും.” ഞണ്ടിനെ അവൾക്ക് പേടിയാണ്. തുമ്പിയെപ്പിടിക്കാൻ അപ്പുക്കിളി (അപ്പുറാവുത്തര്) തോട്ടാലിയിൽ ഇറങ്ങിയപ്പോൾ അവന്റെ കാലിൽ ഞണ്ടിറുക്കുന്നതും അവൻ വേദന കൊണ്ട് പുളയുന്നതുമെല്ലാം കുഞ്ഞാമിന കണ്ടിരുന്നു.
ചെറിയ കുട്ടികൾക്ക് ആണെന്നോ പെണ്ണെന്നോ ഇല്ലല്ലോ. കുട്ടി, അത്രമാത്രം. അങ്ങനെയാണവൾ മരീചികയേ പരിചയപ്പെടുന്നത്. അവളത് ഖാളിയാരുടെ കറാമത്താണെന്ന് മനസ്സിലാക്കി. ഉപ്പാപ്പ പറഞ്ഞതങ്ങനെയായിരുന്നു. ‘കുട്ടികൾക്ക് മനസ്സിലാകാത്ത കാര്യങ്ങൾ’ എന്നായിരുന്നു അവൾക്ക് കറാമത്തിന്റെ നിർവ്വചനം. കുഞ്ഞാമിന റോട്ടിൽ ഖാളിയാരുടെ ളുഹർ ജമാഅത്ത് നോക്കി നിന്നു.
“മാഷേ, കടലെവ്ടെ?” സായാഹ്നത്തിന്റെ ചെഞ്ചായം രവിയുടെയും കുഞ്ഞാമിനയുടെയും മുഖത്ത് പ്രതിബിംബിച്ചു. രവി മുന്നോട്ട് ചൂണ്ടിക്കാണിച്ചു. കടപ്പുറത്ത് നല്ല തിരക്കായിരുന്നു. അത്ര പേരെ ഒന്നിച്ച് കുഞ്ഞാമിന ആദ്യമായി കാണുകയായിരുന്നു. ഖസാക്കിലെ മൊല്ലാക്കാന്റെ സംസ്കാര ചടങ്ങിൽ പോലും ഇത്ര പേരുണ്ടായിരുന്നില്ലെന്ന് കുഞ്ഞാമിന രവിക്ക് പറഞ്ഞുകൊടുത്തു. രവി അല്‌പം ശബ്ദത്തിൽ തന്നെ മന്ദഹസിച്ചു.
“കടലെവ്ടെ മാഷേ..?” കുഞ്ഞാമിനയുടെ ചോദ്യം രവിക്കൊട്ടും മനസ്സിലായില്ല. കടലിന് മുന്നിൽ നിന്നിട്ട് കടലേതെന്നോ..? അത് ആകാശം തന്നെയാണെന്നാണ് കുഞ്ഞാമിന ധരിച്ചത്. രണ്ടും ഒന്ന് തന്നെ. ആ നിഷ്കളങ്കതയെ രവിയുടെ കളങ്കതക്ക് ഉൾക്കൊള്ളാനായില്ല.
കുഞ്ഞാമിനയെ മടിയിലിരുത്തി കടലമ്മയെപ്പറ്റിയും കടലമ്മയുടെ ക്രോധത്തെപ്പറ്റിയും സുനാമിയെപ്പറ്റിയുമൊക്കെ പറഞ്ഞുകൊടുത്തു. കുഞ്ഞാമിനക്ക് ആകാംക്ഷയും ആതിലേറെ പേടിയും തോന്നി. “കടലമ്മക്ക് ആത്മാവുണ്ടോ മാഷേ,” “അറിയില്ല.” ആ വാക്കിൽ മൗനം നീണ്ടു കിടന്നു. “ഉണ്ട് മാഷേ” കുഞ്ഞാമിനയുടെ ചൂണ്ടുവിരൽ കരയിലേക്ക് ഒഴുകിയടുത്തുകൊണ്ടിരിക്കുന്ന ഒരു എണ്ണക്കുപ്പിക്ക് നേരെ നീണ്ടു.”ഏ..?” രവി അത്ഭുതപ്പെട്ടു. “കടലമ്മ മുടിയിൽ തേച്ച എണ്ണയുടെ കുപ്പിയാകും ലേ അത്…” രവി സമ്മതിച്ച് കൊടുത്തു. കടലമ്മ ഉപയോഗിച്ച മുത്ത് പോയ ഒരു മോതിരവും കളിപ്പന്തും കറിയിലിട്ട തേങ്ങയും ശംഖും കഡ്കയും കരക്കടിഞ്ഞു. അവൾക്കറിയാത്ത പലതും പിന്നെയും കരക്കടിഞ്ഞുകൊണ്ടേയിരുന്നു…
കര ഒഴിയാൻ തുടങ്ങി. നിഴലുകൾ കൂടണയാനും. സൂര്യൻ അവയെയും കൂട്ടി കടലിൽ ഉറങ്ങാൻ കിടന്നു. ചെഞ്ചായം ഇരുണ്ടു. കടലിറങ്ങി. കുഞ്ഞാമിന ഒരുപാട് താഴോട്ടിറങ്ങി, പിന്നിൽ രവിയും. തിരയൽപ്പം ശക്തിയിൽ തന്നെ കാലിലടിച്ചു. തിര തിരിച്ച് പോകുമ്പോൾ കാലിനടിയിലെ പൂഴി വാരിയെടുക്കുന്നത് എന്തിനാണെന്ന് കുഞ്ഞാമിന ശങ്കിച്ചു. പെരുവിരൽ കുത്തി നിന്നാൽ കടലമ്മക്കങ്ങനെ ചെയ്യാനൊക്കില്ലെന്ന് രവി പറഞ്ഞുകൊടുത്തു. കുഞ്ഞാമിന അങ്ങനെ ചെയ്തില്ല. കടലമ്മയെ ദേഷ്യം പിടിപ്പിച്ചാൽ സുനാമി വന്നേക്കുമെന്നവൾ ഭയപ്പെട്ടു. പൂഴിക്കൊപ്പം തന്റെ ധൈര്യവും ചോരുന്നതായി രവിക്ക് തോന്നി. കടലമ്മക്ക് ആത്മാവുണ്ടെന്ന് രവിയും വിശ്വസിച്ചു.
സംശയങ്ങൾ ഒരുപാട് തിരകൾക്ക് വീണ്ടും ജീവൻ പകർന്നു. “ഇതിന്റെ അക്കരെയെന്താണാവോ..?” യാഥാർഥ്യം പറയുന്നത് വെറുതെയായിരിക്കുമെന്ന് രവി മനസ്സിലാക്കി. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞാൽ അത് കുഞ്ഞാമിനയെ കൂടുതൽ വ്രണപ്പെടുത്തുമെന്ന് രവി കണക്കുകൂട്ടി. “ഗൾഫാണ് പൂമ്പാറ്റേ..” ശിവരാമൻ നായരുടെ മൂത്തമകൻ കുഞ്ചുവേട്ടൻ കടലിനക്കരെയുണ്ടാകുമെന്ന് കുഞ്ഞാമിന തീർച്ചയാക്കി.
കുഞ്ഞാമിനയുടെ വലംകാലിന്റെ ഞെരിയാണിക്ക് താഴെ ഒരു കുരു പൊട്ടി, ഝലം വന്നു. ഒരീച്ചയാർത്തു. തേനീച്ച! രവിക്ക് ഭീതിയായി. മുമ്പൊരു കുരു പൊട്ടിയത് രവിയോർത്തു. കുഞ്ഞാമിന നനഞ്ഞു. ഉടുപ്പ് മേലൊട്ടി. പദ്മയെയും ചിറ്റമ്മയേയും വെറുതെയൊന്നോർത്തു. ഒന്നും തോന്നിയില്ല. രവി ഝലം തോർത്തി. ഒരു ഡോൾഫിൻ തിരയെ കവച്ച് ചാടി. ഉപ്പു വെള്ളം നനയണ്ടായെന്ന് രവിയവളെ ശാസിച്ചു. ഉപ്പുണ്ടാക്കുന്നത് കടലിൽ നിന്നാണെന്നും കടലിന് ഉപ്പു രസമാണെന്നും ഞാറ്റുപുരയിൽ നിന്നും കേട്ടത് കുഞ്ഞാമിനയോർത്തു. കാലിന്റെ നീറ്റലിന് അവളെ പിടിച്ച് വെക്കാനായില്ല. ബാഷ്പീകരണത്തെക്കുറിച്ച് പഠിച്ചയന്ന് ‘കടലിന് മുകളിലെ മേഘങ്ങൾക്കും ഉപ്പു രസമായിരിക്കും ല്ലേ..’ എന്ന് അവൾ ചോദിച്ചിരുന്നു. അവൾ മേലോട്ട് നോക്കി. മേഘങ്ങളില്ല, ഇരുട്ട് മാത്രം.
കുഞ്ഞാമിനയെയാകെ തേനീച്ച മൂടി. കരക്കാറ്റടിച്ചു. കിഴക്കൻ കാറ്റിനേക്കാൾ ആർദ്രത. കുഞ്ഞാമിന ദീർഘമായൊന്ന് ശ്വസിച്ചു. ഉച്ച്വസിച്ചില്ല. പിന്നിലൊരു പന വീണു. എല്ലാവരും ഓടിപ്പോയി. രവി തനിച്ചായി. വാച്ചിനകത്തും ഇരുട്ട് അട്ടഹസിച്ചു. ഒരു പാറ പൊട്ടിത്തെറിച്ചു. ലോകം മുഴുവൻ സ്തംഭിച്ചു. തിര മാത്രം ജീവിച്ചു. കുഞ്ഞാമിനയുടെ ആത്മാവ് നക്ഷത്രമായി, അവൾ തുമ്പിയും. രവിയവളെ വാരിയെടുത്ത് മരവിച്ച് നിന്നു. മതിവരുവോളം ചുംബിച്ചു. ഖസാക്ക് മരിച്ചത് പോലെ രവിക്ക് തോന്നി. രവി മുന്നോട്ട് നോക്കി പൊട്ടിക്കരഞ്ഞു.
രവിയുടെ ചെവി വരെ വെള്ളം മൂടി, കുഞ്ഞാമിനയെ മുഴുവനായും. മുകുളങ്ങൾ പൊന്തിയില്ല. ഞണ്ടവളെ പേടിപ്പിച്ചില്ല. രവിക്ക് ദൈവത്തോട് ദേഷ്യം തോന്നി. തല താഴ്ത്തി. മുകുളങ്ങൾ നന്നായി പൊന്തി. കടലമ്മയവരെ സ്വീകരിച്ചു. ഒരു തിര ഖസാക്കിലേക്ക് ആഞ്ഞടിച്ചു. തിരയടങ്ങി, കടലമ്മയുറങ്ങി. ആരും അറിഞ്ഞില്ല. ഖസാക്കിനെയാകെ തേനീച്ച പൊതിഞ്ഞു. ഒരു ഇതിഹാസമസ്തമിച്ചപ്പോഴും ദൈവം മാത്രം ബാക്കിയായി…!
Title Picture: The Starry Night
Painting by Vincent van Gogh
Comments are closed.