ദലീലുൽ ഇംകാനും, ദലീലുൽ ഹുദൂസും; പോസ്റ്റ് കാന്റിയൻ ഫിലോസഫിയുടെ സ്വബരിയൻ വിമർശനങ്ങൾ എന്ന ലേഖനത്തിന്റെ തുടർച്ച

‘ദലീലുൽ ഇംകാനും’ ‘ദലീലുൽ ഹുദൂസും’: ഉണ്മയുടെ കലാമിക ദർശനങ്ങൾ

ദലീലുൽ ഇംകാൻ: ലോകം (ആലം) മുംകിനാണ് – അതായത്‌ ലോകത്തിന് ഉണ്മയോ ഇല്ലായ്മയോ അനിവാര്യമല്ല (വുജൂബ്). മാത്രമല്ല, ലോകത്തിന് ഇല്ലായ്മ അനിവാര്യമല്ല (ഇസ്തിഹാലത്ത്) എന്നത് അതിന്റെ ഉണ്മയാൽ തന്നെ വ്യക്തവുമാണ്. എന്തെന്നാൽ ഇല്ലായ്മ അനിവാര്യമായൊരു ലോകത്തിന് ഉണ്മയുണ്ടാകുകയില്ല. എന്നാൽ ലോകത്തിന് ഉണ്മയുണ്ട്‌ എന്നതിനാൽ, ലോകത്തിന് ഉണ്മ അനിവാര്യവുമല്ല. കാരണം, ലോകത്തിന്റെ ഇല്ലായ്മയെ യുക്തിക്ക് സങ്കൽപിക്കാൻ സാധിക്കുന്നുണ്ട്‌. അതിനാൽ, അത് സാങ്കൽപികമായി അസാധ്യതയാവുന്നില്ല (അദമിയ്യ് ദിഹ്‌നിയ്യ്) . ധിഷണാപരമായ യാതൊരു അസംഭവ്യതയും ‘ലോകത്തിന്റെ ഇല്ലായ്മ’ക്കു അസാധ്യമാക്കുന്നില്ല. അതുകൊണ്ട് ലോകം മുംകിനാണെന്നും, അതിനെ സാധ്യമാക്കുന്ന ഒരു ‘ഹേതു’ (cause) – സബബ് – ആവശ്യമാണെന്നും: കാര്യ-കാരണ തത്ത്വത്തിന്റെയും (causality), വ്യക്തമായ കാരണങ്ങളില്ലാതെ സമാന സാധ്യതകളുള്ള രണ്ടു കാര്യങ്ങളിൽ നിന്ന് ഒന്നിന് പ്രബലത നൽകൽ അസാധ്യമാണെന്ന തത്ത്വത്തിന്റെയും (തർജിഹൂൻ ബിലാ മുറജ്ജഹ്) അടിസ്ഥാനത്തിൽ താർക്കികമായി വ്യക്തമാവുന്നുണ്ട്. എന്നാൽ, പ്രപഞ്ചത്തിന്റെ ഉണ്മക്ക് പിന്നിൽ പ്രവർത്തിച്ച ‘ഹേതു’ എന്നാൽ മുംകിനോ (contingent) വാജിബോ (neccesary) ആകാം. അപ്പോൾ ‘മുംകി’നാണ് ആ ഹേതുവെങ്കിൽ, ആ മുംകിനായ ഹേതുവിന്‌ മറ്റൊരു മുംകിനായ ഹേതു ഉണ്ടാകണം. അപ്പോൾ ആ പരമ്പര അനുസ്യൂതം (infinite) തുടർന്ന് പോകുന്നു. അങ്ങനെ ശൃംഖലയുടെ അനന്തത അസംഭവ്യമായതിനാൽ, അവിടെ – അപ്പോൾ – പ്രപഞ്ചത്തിന്റെ ‘ഹേതു’ വാജിബാണെന്ന്‌ (ഉണ്മ അനിവാര്യമായത്) വരുന്നു. കാരണം, ഇല്ലായ്മക്കും, സാധ്യതക്കും അപ്പുറമുള്ള അവശേഷിക്കുന്ന ഒരേയൊരു സാധ്യത നിർബന്ധതയാണ്. ആ ദലീലിന്റെ (proof) അടിസ്ഥാനത്തിലാണ് സ്വബരി അല്ലാഹുവിന്റെ ഉണ്മയുടെ നെസസിറ്റിയും, ഖുദൂമിയ്യത്തും (അനാദിമത്ത്വം) വ്യക്തമാക്കുന്നത്.

ദലീലുൽ ഹുദൂസ്: ലോകം മുംകിനായതിനാൽ തന്നെ ലോകത്തിനൊരു തുടക്കമുണ്ട്. കാര്യ-കാരണ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ ഈ ലോകത്തിനൊരു ഹേതുവുമുണ്ട്. ആ ഹേതു സൃഷ്ടിയാകാൻ സാധിക്കില്ല. എന്തെന്നാൽ സൃഷ്ടികൾ ഒരു സൃഷ്ടാവിലേക്ക് ആശ്രിതമാവുന്നവയാണ്. അപ്പോൾ ആ സൃഷ്ടാവും സൃഷ്ടിയാവുകിൽ അതിനും മറ്റൊരു സൃഷ്ടാവ് ആവശ്യമായി വരുന്നു, അങ്ങനെ ആ സൃഷ്ടി-കർമ്മ പരമ്പര ഒന്നുകിൽ മറ്റൊരു സൃഷ്ടാവിന്റെ സ്വാധീനഫലമായിട്ടല്ലാതെ സ്വയം സൃഷ്ടാവായ ഒരാളിൽ ചെന്ന് അവസാനിക്കുന്നു. അല്ലാത്തപക്ഷം ആ പരമ്പര അനന്തമാകുന്നു. അനന്തത നിർണയത്തെ പരിമിതപ്പെടുത്തുന്നു എന്നതിനാൽ താർക്കികമായി അസംഭവ്യവുമാണ്. അപ്പോൾ സൃഷ്ടാവില്ലാതെയുള്ള ഒരു പ്രപഞ്ചത്തിന്റെ ഉണ്മ താർക്കികമായി ദൃഢമല്ല.

കാന്റും ട്രാൻസ്-ഇസ്‌ലാമിക് ഫിലോസഫിയും

പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ ഫിലോസഫറായിരുന്ന ഇമ്മാനുവൽ കാന്റ് ആധുനിക തത്ത്വചിന്തയിലെ ശ്രദ്ധേയനായ ചിന്തകനാണ്. താൻ അവതരിപ്പിച്ച തത്ത്വചിന്തകളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച്‌ അദ്ദേഹം തന്നെ പറഞ്ഞത് “അത് തത്വചിന്തയിൽ ഒരു ‘കോപ്പർനിക്കൻ’ വിപ്ലവം സൃഷ്ടിച്ചു” എന്നാണ്. ഭൂമിയാണ് സുരയൂഥത്തിന്റെ കേന്ദ്രമെന്ന അന്നേ വരെ നിലനിന്നിരുന്ന വാദത്തെ എതിർത്ത് കൊണ്ട് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് കോപ്പർനിക്കസ് സമര്‍ത്ഥിച്ചു. അതു പോലെ കാന്റിയൻ ചിന്തകളും അന്നേ വരെ നിലനിന്നിരുന്ന തത്ത്വചിന്തകളുടെ പാരമ്പര്യത്തിനെതിരെയുള്ള ഒരു കലഹമായിരുന്നു.

മനസ്സ് (mind) ബാഹ്യലോകത്തുള്ള വസ്തുക്കളെ നേരിട്ട് സ്വാധീനിക്കുന്നില്ലെന്നും, മനുഷ്യർക്ക് അനുഭവേദ്യമാകുന്ന വസ്തുക്കളെ മനുഷ്യരുടെ ജ്ഞാനമായി രൂപാന്തീകരണം നടത്തുന്നതിൽ, മനസ്സ് സജീവമായ പങ്ക്‌ വഹിക്കുന്നുണ്ടെന്നും കാന്റ് വാദിച്ചു. ഒരു ഉണ്മയെ മനസ്സിലാക്കുമ്പോൾ അതിന്റെ ബാഹ്യ ലോകത്തുള്ള യഥാർത്ഥ രൂപത്തെയല്ല (form) മനുഷ്യർ മനസ്സിലാക്കുന്നത്, മറിച്ച് മനസ്സിൽ രൂപപ്പെടുന്നത് മനസ്സിന്റെ മാത്രം ആശയങ്ങളാണ് (വുജൂദ് ദിഹനിയ്യ്) എന്ന് അദ്ദേഹം നിരീക്ഷിച്ചു. സമയവും (time), സ്ഥലവും (space) അതുപോലെ മനസ്സിലെ രണ്ട് മാനങ്ങളാണ് (dimensions), എന്നാൽ ബാഹ്യലോകവുമായി അവയെ ബന്ധപ്പെടുത്തുന്നത് (അങ്ങനെയുള്ള തത്ത്വശാസ്ത്ര വ്യവഹാരങ്ങൾ രൂപപ്പെടുത്തുന്നത്) മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടി മാത്രമാണെന്നും ആദ്ദേഹം വാദിച്ചു. അതിനു പുറമെ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ കാര്യ-കാരണ തത്ത്വത്തെ അദ്ദേഹം എതിർത്തു. ആ സിദ്ധാന്തത്തെ എതിർക്കുക വഴി, പ്രപഞ്ച സൃഷ്ടാവിന്റെ ഉണ്മയുടെ അടിസ്ഥാന തെളിവുകൾ നഷ്ടപ്പെടുമെന്നും ആ വാദം ബാലിശമായിപ്പോകുമെന്നും കാന്റ് ധരിച്ചു. പില്‍ക്കാലത്ത് യൂറോപ്പില്‍ രൂപപ്പെട്ട ദൈവ നിഷേധവും മതനിരാസ വാദങ്ങളും കാന്റിന്റെ ആ ചിന്തകളുടെ പരിണതിയായിരുന്നു.

‘Critique of Pure Reason’ എന്ന തന്റെ കൃതിയിലൂടെ, യൂറോപ്പിൽ ദൈവാസ്തിക്യത്തിന്റെ തെളിവുകളായി ഉന്നയിക്കപ്പെട്ട് പോന്നിരുന്ന ഒണ്ടോളജിക്കൽ തിയറിയെയും, എല്ലാ ചലനത്തിനും (dyanamics) കാരണക്കാരനായ ആദ്യ ചാലകനായി ഒരു ഊർജ്ജം – ദൈവം -ഉണ്ടായിരിക്കണമെന്ന വാദത്തെയും, സൃഷ്‌ടിയിൽ പ്രകടമാകുന്ന സംവിധാന ക്രമം സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന വാദത്തെയും അദ്ദേഹം മൗലികമായി തിരസ്കരിച്ചു. സൃഷ്ടാവിന്റെ ഉണ്മയെ സ്ഥാപിക്കുന്നതിന് വേണ്ടി ഇൽമുൽ കലാമിന്റെ പണ്ഡിതർ പ്രയോഗിക്കാറുള്ള തെളിവുകളെ (ദലീൽ) പല കാരണങ്ങൾ ഉന്നയിച്ച് കൊണ്ട് കാന്റ് എതിർത്തിരുന്നു. ‘തസൽസുൽ’ അസംഭവ്യമാണെന്നതിനെയും, അമൂർത്തമായ (abstract/meta-physical) കാര്യങ്ങളിൽ കാര്യ-കാരണ തത്ത്വം പ്രായോഗികമാണെന്നതിനെയും അദ്ദേഹം എതിർത്തു.

സങ്കൽപിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ പൂർണ്ണതയാണ് ദൈവം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒണ്ടോളജിക്കൽ തിയറി പുരോഗമിക്കുന്നത്: യുക്തിബദ്ധമായി സങ്കൽപ്പിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ പൂർണ്ണതക്ക് (absoluteness) ഉണ്മ അനിവാര്യമാണ്. എന്തെന്നാൽ, സങ്കൽപത്തെ എന്ന ഒരു ധാരണയെ തന്നെ അസ്ഥിരമാക്കുന്നതിനാൽ, സങ്കൽപിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണത ഇല്ല എന്ന് പറയുന്നത് യുക്തി രഹിതമാണ്. ഒരു വ്യക്തി – ഉണ്മ – സങ്കൽപ്പിച്ച പൂർണ്ണതക്ക് ‘ഉണ്മ’ എന്ന ഗുണം ഇല്ലെങ്കിൽ അയാളുടെ സങ്കൽപം യാഥാർത്ഥ്യമാവുകയില്ല. പൂർണ്ണതക്ക് ഉണ്മ എന്ന ഗുണം ഇല്ലാത്തപക്ഷം അത് സങ്കൽപ്പിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ പൂർണ്ണതയല്ല. കാരണം, അതിലും തീവ്രമായ ഉണ്മ എന്ന ഗുണമുള്ള ഒരു പൂർണ്ണതയുടെ സങ്കൽപന സാധ്യത അത് അവശേഷിപ്പിക്കുന്നുണ്ട്. സങ്കൽപ്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണതയ്ക്ക് സങ്കൽപ്പത്തിൽ മാത്രമായൊരു നിലനിൽപ്പ് ആരോപിക്കൽ സാധ്യമല്ലാത്തതിനാൽ, അതിന് സങ്കൽപത്തിൽ നിന്നും വിഭിന്നമായ സ്വതന്ത്ര ഉണ്മ അനിവാര്യമാണ്. അതിനാൽ സങ്കൽപിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ പൂർണ്ണതയായ അല്ലാഹുവിന് ഉണ്മയുണ്ട് എന്ന് സ്വബ്‌രി കാന്റിൽ നിന്ന് വിഭിന്നമായി താർക്കികമായി തെളിയിക്കുന്നു. അപ്പോൾ, ആ ഒണ്ടോളജിക്കൽ തിയറി, അടിസ്ഥാന ഇസ്‌ലാമിക തത്ത്വങ്ങളിലൊന്നും തന്നെ കാണാൻ സാധിക്കില്ല(ച്ചിട്ടില്ല) – അത് ഉസൂലിന് (മൗലിക തത്ത്വങ്ങൾക്ക് വിരുദ്ധമായ കാരണത്താൽ) – എന്നതിനാലാണ് ക്രിസ്ത്യൻ തത്ത്വചിന്തകന്മാർ പുതുതായി കൊണ്ടുവന്ന ആ ആർഗ്യുമെന്റിനെ മുസ്തഫ സ്വബ്‌രി തെളിവായി അംഗീക

ന്യൂട്ടൺ, റൂസ്സോ, ഹ്യൂം എന്നീ ചിന്തകന്മാരാണ് കാന്റിന്റെ ചിന്തകളെ സ്വാധീനിച്ചത്. കാര്യ-കാരണ തത്ത്വത്തിൽ സംശയം പ്രകടിപ്പിച്ച ഹ്യൂമിന്റെ ചിന്തകളെ പിന്തുടർന്ന് കൊണ്ടാണ് ആ തത്ത്വത്തെ അദ്ദേഹം എതിർത്തത്. റൂസ്സോയുടെ ചിന്തകളിൽ ആകൃഷ്ടനായതിനാലാണ് മെറ്റാ-ഫിസിക്സിനെ അദ്ദേഹം എതിർത്തത്. അത്തരം ചിന്തകളിലുണ്ടായ സ്വാധീനമായിരുന്നു ദൈവ-വിശ്വാസ ശാസ്ത്രങ്ങളിൽ പുനർ വിചിന്തനം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കാന്റിന് മുൻപ് പതിനാറാം നൂറ്റാണ്ടില്‍, ആധുനിക ഫിലോസഫിയുടെ സ്ഥാപകനായ ദെക്കാർത്തയുടെ സൈദ്ധാന്തികമായ ആഗമനത്തോട് കൂടെയാണ്, ദൈവിക വിശ്വാസ-ശാസ്ത്രത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള വിമർശനങ്ങളും അഭിപ്രായ ഭിന്നതകളും അതിന്റെ ശാസ്ത്രീയ രൂപത്തോടെ രൂപപ്പെട്ട് തുടങ്ങുന്നത്.

തസൽസുൽ അസംഭവ്യമാണെന്ന വാദത്തെ കാന്റ് നിഷേധിച്ചിരുന്നുവെങ്കിലും, തസൽസുൽ ഏതെങ്കിലുമൊരു കാലത്ത് അനിവാര്യമായും ഉണ്മയിൽ ഭവിക്കും എന്ന് അദ്ദേഹത്തിന് വാദമില്ലായിരുന്നു. മറിച്ച്, തസൽസുൽ അസംഭവ്യമാണെന്നത്തിന് തെളിവുകൾ നിരത്താൻ സാധിക്കുന്നത് പോലെ അത് സംഭവ്യമാണെന്നതിനും തെളിവുകൾ നിരത്താം എന്ന് മാത്രമാണ് അദ്ദേഹം വാദിച്ചത്. അതിനാൽ തസൽസുലിനെ, ധിഷണ മുഖേന ലഭിക്കുന്ന അറിവുകളുടെ ഗണത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയില്ല. തൽഫലമായി തസൽസുൽ അസംഭവ്യമാണെന്ന യുക്തിയുടെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവ് ഉണ്ടാകുക എന്നത് അനിവാര്യമാണെന്ന് വാദിച്ച ഇസ്‌ലാമിക വിശ്വാസ-പണ്ഡിതന്മാരെയായിരുന്നു അദ്ദേഹം എതിർത്തത്.

ദൈവാസ്തിക്യത്തെ എതിർത്ത് കൊണ്ട് കാന്റ് പറയുന്നു: “ഈ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ഒരു ശക്തി ഉണ്ടാവുക എന്നത് അനിവാര്യമാണെന്ന് [നിങ്ങൾ] വാദിക്കുന്നു. എന്നാൽ ആ ശക്തി ദൈവം തന്നെയാണെന്നതിനു എന്താണ് തെളിവ്? ദൈവത്തെക്കുറിച്ചുള്ള ചില മുൻധാരണകൾ നിങ്ങൾക്കുണ്ട്, ആ ധാരണയുടെ അടിസ്ഥാനത്തിൽ ദൈവം തന്നെയാണ് [ഇ]അതിന്റെ നിർമ്മാതാവ് എന്ന നിഗമനത്തിലേക്ക് നിങ്ങൾ എത്തിച്ചേരുന്നു. പ്രപഞ്ചത്തിന്റെ ഹേതു ഏതെങ്കിലും പദാർത്ഥമോ (മാദ്ദ), പല പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടായതോ ആകാം.”

പോസ്റ്റ്-കാന്റിയൻ കലാമിക ചിന്തകൾ

തസല്‍സുല്‍ അസാധുവാണെന്നതിന്റെ തെളിവുകള്‍ തന്നെയാണ് കാന്റിനെ എതിർക്കാനും മുസ്തഫ സ്വബ്‌രി ഉപയോഗപ്പെടുത്തിയത്. ‘കാര്യ-കാരണ തത്ത്വം, ഇന്ദ്രിയാനുഭൂതിയുളവാക്കുന്ന മൂർത്ത രൂപങ്ങളിൽ (concrete-phenomenal form) മാത്രമേ പ്രാവർത്തികമാവൂ, സൃഷ്ടാവിന്റെ ഉണ്മ അമൂർത്തമായത് കൊണ്ട് അതിനെ സ്ഥീരീകരിക്കാൻ ആ തത്ത്വം പ്രായോഗികമല്ല’ എന്ന കാന്റിന്റെ വാദത്തെ മുസ്തഫ സ്വബ്‌രി അതിനാൽ തന്നെ യുക്തിപൂർവ്വം നേരിട്ടു. കാന്റ് വാദിക്കുന്നത് പോലെ കാര്യ-കാരണ ബന്ധം പ്രായോഗികമല്ലാത്ത അമൂർത്തമായ ഒന്നല്ല ലോകം. അവിടെ അമൂർത്തമാകുന്നത് പ്രപഞ്ചത്തിന്റെ ഹേതുവായ ദൈവമാണ് (absolute). അതിനാൽ തന്നെ, പ്രപഞ്ചം എന്നും മൂർത്തമായ, ഒരു സൃഷ്ടാവിലേക്ക് ആവശ്യമായ ഒന്നാണ് എന്ന് അദ്ദേഹം മറുപടി നൽകി.

കാന്റിന്റെ മറ്റൊരു വാദം പ്രപഞ്ചത്തിന്റെ ഹേതു പദാർത്ഥങ്ങൾ അകാം എന്നതായിരുന്നു. ആ വാദത്തിനും സ്വബ്‌രി മറുപടി നൽകി. സ്വബ്‌രി പറയുന്നു: “പ്രപഞ്ചം പദാർത്ഥങ്ങൾ കൂടിച്ചേർന്ന് രൂപാന്തീകരണം പ്രാപിച്ചതാണ് എന്ന് പറയുന്നത് ശരിയാവുകയില്ല. എന്തെന്നാൽ ആ പദാർത്ഥങ്ങൾക്കെല്ലാം ഒരു തുടക്കം ഉണ്ടായിരിക്കും. അപ്പോൾ ഓരോ പദാർത്ഥത്തെയും ഉണ്മയാക്കി രൂപപ്പെടുത്തിയ ഒരു ഊർജ്ജം ആവശ്യമാണ്. അവിടെയും സൃഷ്ടാവിന്റെ ഉണ്മ വളരെ വ്യക്തമാണ്. കേവലം ഒരു മാദ്ദയിൽ നിന്ന് മാത്രമാണ് ലോകം ഉണ്ടായതെന്ന വാദവും നിരർത്ഥകമാണ്. കാരണം, മാദ്ദക്ക് (matter) സ്വയം ഉണ്മയില്ല. അതിന് ഉണ്മ പ്രാപിക്കണമെങ്കിൽ മറ്റൊരു ഉണ്മയായ രൂപം (സൂറത്) ആവശ്യമാണ്. സൂറത്തും മാദ്ദയും കൂടിച്ചേരുമ്പോൾ മാത്രമാണ് പദാർത്ഥങ്ങൾ ഉണ്മയിലേക്ക് എത്തിച്ചേരുന്നത്. അപ്പോൾ പ്രപഞ്ചം ഉണ്ടായി(ക്കൊണ്ടി)രിക്കുന്നത് പ്രത്യേകമായ രീതിയിലുള്ള മാദ്ദകളുടെ ഘടനയനുസരിച്ചാണ്. മറിച്ച്, രൂപമില്ലാത്ത കേവലം മാദ്ദകളിൽ നിന്നല്ല. മാത്രമല്ല, മാദ്ദകൾ നിഷേധ-രൂപകങ്ങളായത് (സൽബിയ്യ്‌) കൊണ്ട് അവക്ക് ഒരിക്കലും കർത്താവാകൽ സാധ്യവുമല്ല.”

യുക്തി പുറമെയുള്ള വസ്തുക്കളെ സ്വാധീനിക്കുന്നില്ല എന്ന കാന്റിന്റെ വാദത്തെയും സ്വബ്‌രി എതിർത്തു. ‘മനുഷ്യരുടെ ഉദ്ധശ്യപൂര്‍വ്വമാല്ലാതെ തന്നെ പല കാര്യങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യർ ലഭിക്കണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചിലപ്പോള്‍ മനുഷ്യർക്ക്‌ ലഭിക്കാറില്ല എന്നാല്‍ മനുഷ്യർ ആഗ്രഹിക്കാത്ത പല കാര്യങ്ങളും അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അവിടെ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് മനുഷ്യരിൽ നിന്നും തീര്‍ത്തും വിഘടിച്ച് നില്‍ക്കുന്ന എന്നാല്‍ മനുഷ്യരിൽ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ചില ഊർജ്ജങ്ങൾ ഉണ്ട് എന്നാണ്. അത്തരം ഊർജ്ജങ്ങളാണ് മനുഷ്യരുടെ പഞ്ചേന്ദ്രിയാനുഭവങ്ങളുടെ തന്നെ കാരണം’ എന്ന താർക്കികാടിത്തറയെ മുൻനിർത്തിയാണ് കാന്റിന്റെ ആ വാദത്തെ സ്വബ്‌രി അസ്ഥിരപ്പെടുത്തിയത്.

ആധുനിക ഫിലോസഫിയും ഇല്‍മുല്‍ കലാമും തമ്മിൽ ഭിന്നതകളിലെര്‍പ്പെടുന്ന ഭാഗങ്ങളെ വളരെ കൃത്യമായി നിരീക്ഷിച്ച്, അതിന് ഇല്‍മുല്‍ കലാമിന്‍റെ ഭാഗത്ത്‌ നിന്ന് കൊണ്ട് തന്നെ വ്യക്തമായ വിശദീകരണം നല്‍കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇമാം ഗസ്സാലിയുടെയും, ഇമാം റാസിയുടെയും, ഇമാം തഫ്താസാനിയുടെയും എല്ലാം ഇസ്‌ലാമിക ധൈഷണിക ചരിത്ര പരിസരത്ത് മുസ്തഫാ സ്വബ്‌രിയെയും പ്രസക്തമാകുന്നത്.

Featured Image: Ludwig Deutsch (Austrian, 1855-1935)
The Koran School, 1905. Oil on panel, 27½ x 32 in (69.9 x 81.3 cm)

Comments are closed.