അടുത്ത കാലത്ത്, ഇബ്നു അറബി(റ)യെ വായിക്കുന്നതിനിടയിൽ തീർത്തും അവിചാരിതമായി കാഫ്കയെ കുറിച്ചുള്ള ചില ബോധോദയങ്ങളുണ്ടായി. ഇബ്നു അറബി(റ)യുടെ ഖയാലിനെ സംബന്ധിച്ച ആലോചനകളിലാണ് കാഫ്കയുടെ സർറിയൽ ഇമേജുകൾ അത്തരം ആലോചനകളോട് സാമ്യത പുലർത്തുന്നതായി എനിക്ക് തോന്നിയത്. നാം അയഥാർഥമെന്ന് കണക്കാക്കുന്ന, അഥവാ സ്വപ്നത്തിൽ മാത്രം സാധ്യമാക്കുന്ന സങ്കൽപ ലോകത്തെ യഥാർഥ ലോകവുമായി ഇടകലർത്തുന്നതാണ് ഇബ്നു അറബിയുടെ ‘ഖയാൽ’ എന്ന ആശയം. എന്ന് വെച്ചാൽ ഉണർച്ചയിലും നാം ഒരു സാങ്കൽപ്പിക ലോകത്താണ് ഇടപെട്ട് കൊണ്ടിരിക്കുന്നത് എന്ന് സാരം. മനുഷ്യരെല്ലാം ഉറങ്ങുകയാണ്, മരിക്കുമ്പോഴാണവർ ഉറക്കിൽ നിന്നുണരുന്നതെന്ന പ്രവാചക വചനമാണ് ഇതിനാധാരം. കാഫ്കയുടെ മെറ്റമോർഫോസിസിൽ ഇതിന്റെ മറ്റൊരു പതിപ്പ് കാണാൻ സാധിക്കും. കാരണം, മെറ്റമോർഫോസിസ് തുടങ്ങുന്നത് തന്നെ ഗ്രിഗർ സാംസ ഒരുറക്കം കഴിഞ്ഞ് ഉണരുന്ന സാഹചര്യം പറഞ്ഞു കൊണ്ടാണ്. നോക്കുമ്പോൾ താനൊരു ഭീമാകാരമായ പ്രാണിയായി അവസ്ഥാന്തരീകരണം സംഭവിച്ചതായി കണ്ട് ഗ്രിഗർ ഞെട്ടുന്നു. ഇവിടെ ഞാൻ മനസ്സിലാക്കുന്നത്, സ്വപ്നത്തിൽ മാത്രം നമുക്ക് ദൃശ്യമാകുന്ന ഖയാലിയായ ഒരു ലോകത്തെ കാഫ്ക ഉണർച്ചയിലേക്ക് പകർത്തുന്നു. അഥവാ, നാം റിയൽ എന്ന് ധരിച്ചു വെച്ചിരിക്കുന്നാരു ലോകത്തെ ഇമാജിനേഷനുമായി ഇടകലർത്തുകയും അതുവഴി റിയൽ/ ഇമാജിനൽ എന്ന ദ്വന്ദ്വത്തെ നിഷ്ഫമാക്കുകയും ചെയ്യുന്നു.
യാഥാർഥ്യം/സാങ്കൽപ്പികം എന്ന ദ്വന്ദ്വത്തിൽ നിന്ന് കാഫ്ക പുറത്ത് കടക്കാൻ ശ്രമിക്കുന്നത് ‘ഖയാലി’യ്യായ ലോകത്തിന്റെ അനന്തതയിൽ കാഫ്ക വിശ്വസിക്കുന്നത് കൊണ്ടാകണം – അങ്ങനെയൊരു വിശ്വാസം കാഫ്ക തുറന്ന് പറയുന്നില്ലെങ്കിലും. അപ്പോൾ കാഫ്കയെ സംബന്ധിച്ച് രൂപാന്തരീകരണം (metamorphosis) വ്യർഥതയല്ല (absurd). മറിച്ച് “ഇമാജിനൽ” യുക്തിയുടെ ശരിയാണത്. എന്ന് വെച്ച് ഫിനോമിനൽ ഫോമുകളുടെ അർഥരാഹിത്യത്തെ കാഫ്ക ആന്തരീകവൽക്കരിച്ചു (ഇബ്നു അറബി ചെയ്തത് പോലെ) എന്ന് പറയാൻ പറ്റില്ല. മറിച്ച്, ഭൗതിക/മൂർത്ത ലോകത്തിന് പുറത്ത് അസ്ത്വിതമുള്ള ആശയങ്ങളെ ഭൗതിക ലോകത്തിന്റെ അകത്ത് കൊണ്ടുവരുന്നതിലൂടെ ഖയാലിന്റെ അസ്ത്വിതപരമായ ഒഴുക്കിനെയും വഴക്കത്തെയുമാണ് കാഫ്ക ഫിക്ഷനിലൂടെ ഇൻഡോക്ട്രിനേറ്റ് ചെയ്യുന്നത്. കാഫ്കയെ അതിലേക്ക് നയിക്കുന്നത് ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങളും പശ്ചാത്തലങ്ങളും ആയിരിക്കണം.
നമ്മുടെ വായനകളിൽ ഏറെ പ്രഹേളികാസ്വഭാവമുള്ള ചിത്രങ്ങൾ കടന്നു വന്നിട്ടുള്ളത് കാഫ്കിയൻ സാഹിത്യത്തിലാണ്. യുക്തിയും അയുക്തിയും തമ്മിൽ, സത്യവും അസത്യവും തമ്മിൽ അസാധാരണമാം വിധം സംഗമിക്കുന്ന ഒരു തരം സമസ്യപൂരകമായ എഴുത്തുഭൂമികയാണ് കാഫ്കയുടേത്. ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യത്തെ തന്റെ അദൃശ്യകരങ്ങൾ കൊണ്ട് പുതിയ ചില ഇടങ്ങളിലേക്ക് വഴി നടത്തിയ എഴുത്തുകാരനാണ് കാഫ്ക. അതിന് സ്വന്തം ജീവിത വെളിച്ചത്തിൽ നിന്നാണ് അദ്ദേഹം പ്രകാശം സ്വീകരിക്കുന്നത്. താൻ എഴുതുന്ന കഥയും കഥാപാത്രങ്ങളും ജീവനുള്ളവയാണെന്ന ബോധത്തിൽ അദ്ദേഹം സാഹിത്യത്തിന്റെ ഉൾബലങ്ങളിൽ ഇടപെട്ടു. യാഥാർഥ്യവും അയാർഥ്യവുമെന്ന വകഭേദങ്ങളെ വെല്ലുവിളിക്കുന്ന ശരീരഭാഷയാണ് കാഫ്കിയൻ കഥകളുടെ ഊർജം. തന്റെ ജീവിത പരിസരങ്ങളെ എഴുത്തു മാതൃകകളിലേക്ക് പരാവർത്തനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ നിയോഗം. ഒരിക്കൽ, തന്റെ ഒരു കഥാപാത്രത്തിന്റെ പേര് ( Josef K [afka]) തന്റെ പേരിന്റെ സ്ഥാനത്ത് ഒരാൾ തെറ്റിയെഴുതിയത് ശ്രദ്ധിച്ച കാഫ്ക ഡയറിയിൽ ഇങ്ങനെ എഴുതുന്നുണ്ട് “ ഞാൻ അവരെ തിരുത്തുകയാണോ വേണ്ടത് അല്ലെങ്കിൽ അതൊരു സത്യമായി ഉൾകൊള്ളുകയാണോ?”.
തന്റെ ആന്തരികലോകത്തെ, കഥാപാത്രങ്ങൾ കൊണ്ട് തെളിച്ചമുള്ളതാക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു കാഫ്കയുടെ ജീവസ്സുറ്റ സൃഷ്ടികൾ. മറ്റൊരു തലത്തിൽ, തന്റെ തന്നെ ജീവിതത്തെ സൂക്ഷ്മമായി സാഹിത്യ സൃഷ്ടിയിൽ നിന്ന് കണ്ടെടുക്കലായിരുന്നു കാഫ്ക ചെയ്തത്. ജീവിതം മുഴുക്കെ പല നിലക്കുള്ള സ്ഥാപനമുഖങ്ങൾ (Institutional forms) കൊണ്ട് അസഹനീയമാകുന്ന ഘട്ടത്തിലാണ് കാഫ്ക സാഹിത്യത്തിലേക്ക് കൂട് മാറുന്നത്. കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്കക്ക് എഴുതിയ കത്തുകളിൽ അദ്ദേഹത്തോട് കാഫ്കക്ക് ഉണ്ടായിരുന്ന അമർഷം തുറന്നു പറയുന്നതായി കാണാം. ഒരുപക്ഷേ, കാഫ്കയുടെ ഒട്ടുമിക്ക കൃതികളിലും മുഴച്ചു നിൽക്കുന്ന ഒരു പ്രതിരൂപം ഹെർമൻ കാഫ്കയുടേതായിരിക്കും. വീട്ടിൽ ഹെർമൻ കാഫ്കയിൽ നിന്ന് നേരിട്ട മാനസികമായ ഞെരുക്കങ്ങളെ (Repression) മറി കടക്കാൻ ഒരു ഘട്ടത്തിൽ കാഫ്ക കല്യണമാലോചിക്കാൻ വരെ തുടങ്ങുന്നുണ്ട്. ഇതിനെ പറ്റി കത്തിൽ കാഫ്ക ഇങ്ങനെ എതുന്നു “ നിങ്ങളുമായി എനിക്കുള്ള അസന്തുഷ്ടമായ ബന്ധത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, നിങ്ങളുമായി സാധ്യമായ ഏറ്റവും കുറഞ്ഞ ബന്ധമുള്ള എന്തെങ്കിലും ഞാൻ ചെയ്യണം; വിവാഹം ഏറ്റവും മഹത്തായ കാര്യമാണ്, അത് ഏറ്റവും ശ്രേഷ്ഠമായ സ്വാതന്ത്ര്യം നൽകുന്നു, അതേ സമയം അത് നിങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളതുമാണ്”.
ഫ്രോയിഡിന്റെ ക്ലാസിക്കൽ ഈഡിപ്പസുമായി കാഫ്ക അഭേദ്യമായി ബന്ധപ്പെട്ടു തുടങ്ങുന്നത് ഇവിടെ നിന്നാണ്. കാരണം, വീട്ടിൽ ഹെൻമൻ കാഫ്ക ഉപയോഗിക്കുന്ന അധികാരശക്തി സംഭരിക്കാൻ അച്ഛനെപ്പോലെ മുതിരണമെന്നും അതിന് താൻ സെക്ഷ്വലി പക്വമാകണമെന്നും (Matured) കാഫ്ക മനസ്സിലാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഫെലിസുമായി കാഫ്ക രണ്ട് വട്ടം കല്യാണമാലോചിക്കുന്നത്. പക്ഷെ അത് നടക്കാതെ പോയതിൽ കാഫ്കക്ക് വലിയ നിരാശയുണ്ടായിരുന്നു. അതിന്റെ തകർച്ചയിലാണ് “ട്രയലും” “ഇൻ ദ പീനൽ കോളനി”യും എഴുതുന്നത്. പതിനാല് ദിവസങ്ങളെടുത്ത് “ട്രയൽ” പൂർത്തിയാക്കിയതിന് ശേഷം “രണ്ടാഴ്ച്ച നീണ്ട മനോഹര സൃഷ്ടി, എന്റെ തന്നെ അവസ്ഥകളെയത് മനസ്സിലാക്കിത്തന്നു” എന്ന് കാഫ്ക എഴുതുന്നുണ്ട്. ഒട്ടും സുഖകരമല്ലാത്ത ജീവിതാവസ്ഥകളെ, അവ തന്നെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞിടത്താണ് സ്വയം നന്നാക്കാനുള്ള ഉപാധിയായി (Self – therapy) എഴുത്തിനെ സ്വീകരിച്ചു കൊണ്ട് കാഫ്ക എഴുതിത്തുടങ്ങുന്നത്.
ഡയറിക്കുറിപ്പുകളിലെവിടെയോ എഴുത്തിലേക്ക് വിവർത്തനം ചെയ്യാൻ മാത്രം അസാധ്യമാണ് തന്റെ ‘’ആന്തരികത” (interiority) എന്ന് കാഫ്ക എഴുതുന്നുണ്ട്. തന്നെ വലയം ചെയ്തിരിക്കുന്ന മനക്ലേശം, വ്യർഥത, അസ്തിത്വ പ്രതിസന്ധി തുടങ്ങിയ സമസ്യകളെ കഥകളിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ കാഫ്കക്ക് മതിയായ തൃപ്തി നൽകിയിരുന്നില്ല. ‘മെറ്റമോർഫോസിസി’ന്റെ ക്ലൈമാക്സിനെ കുറിച്ച് കാഫ്കക്ക് വലിയ രൂപത്തിലുള്ള ആശങ്കയുണ്ടായിരുന്നെന്നും തൃപ്തികരമായ ഒരു എടുപ്പിലേക്ക് അത് മാറ്റാൻ കഴിയാത്തതിൽ വലിയ ഖേദമുണ്ടായിരുന്നെന്നും റോബർട്ട്സൺ എഴുതുന്നുണ്ട്. (ഒരുപക്ഷേ അത് കൊണ്ടായിരിക്കാം അവസാനകാലത്ത് തന്റെ കൃതികളെല്ലാം കത്തിച്ചുകളയാൻ സുഹൃത്ത് മാക്സ് ബ്രോഡിനോട് കാഫ്ക ആവശ്യപ്പെടുന്നത്). അത് കൊണ്ട് തന്നെ, ജീവിതകാലത്ത് രണ്ട് സമയത്ത് മാത്രമാണ് കാഫ്ക തന്റെ സൃഷ്ടി രണ്ടാമതൊരിക്കൽ വായനക്കെടുക്കുന്നത്. അതിലൊരു സമയത്ത്, ചെറിയൊരു ഓഡിയൻസിന് മുമ്പിൽ ട്രയൽ വായിച്ച് കൊടുക്കുന്നതിനിടയിലാണ് പ്രധാന കഥാപാത്രത്തെ കഥയിലേക്ക് കൊണ്ടുവന്ന സമയത്തുണ്ടായിരുന്ന തന്റെ അവസ്ഥയെ ഓർത്ത് കാഫ്ക പൊട്ടിച്ചിരിക്കുന്നത്!
കാഫ്കയുടെ മെറ്റമോർഫോസിസ് (1915), പാശ്ചാത്യ സംസ്കാരത്തെ സംബന്ധിച്ച് ഏറെ നിർണായകമായ കാലഘട്ടത്തിലാണ് വിരചിതമാവുന്നതെന്ന് കാണാൻ പറ്റും. ക്രിസ്ത്യൻ ദ്വൈതവാദത്തെ (Dualism) – ആത്മാവ്, ശരീരം എന്നിവയെ വ്യവച്ഛേദിച്ച് മനസ്സിലാക്കൽ- അടിസ്ഥാനപ്പെടുത്തി മൈൻഡ് – ബോഡി ബന്ധത്തെയും ദ്വൈതസമീപന (Dualistic Approach) ത്തിൽ മനസ്സിലാക്കാനാണ് ദെക്കാർത്തിന്റെ നേതൃത്വത്തിലുള്ള കാർട്ടീഷ്യൻ ഫിലോസഫി പത്തൊൻപതാം നൂറ്റാണ്ട് വരെ പാശ്ചാത്യലോകത്തെ പഠിപ്പിച്ചിരുന്നത്. ‘മെറ്റമോർഫോസിസി’ൽ കാഫ്ക പ്രയോഗിക്കുന്ന രീതിശാസ്ത്രം, ഭീകരമായ ഒരു പ്രാണിയുടെ ശരീരത്തിനകത്ത് മനുഷ്യ ബുദ്ധിയെ പ്രതിഷ്ഠിക്കുക വഴി മനസ്സിനും ശരീരത്തിനും വ്യത്യസ്തമായ രണ്ട് അസ്ത്വിത്വങ്ങൾ കൽപിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന ഒരു മനുഷ്യൻ പൊടുന്നനെ ഭീകര പ്രാണിയായി രുപാന്തരീകരണം സംഭവിക്കുന്നത്പോലെ കൗതുകകരമാണ് പ്രാണിയായി പരിണമിച്ചിട്ടും മനുഷ്യ ബുദ്ധികൊണ്ടതിന് ചിന്തിക്കാൻ കഴിയുന്നു എന്ന കാര്യം.
ശരീരത്തിന് മേൽ മനസ്സിനുള്ള അധികാരത്തെയാണ് ക്രിസ്ത്യൻ Dualism പ്രമാണവത്കരിക്കുന്നത്. അത് പ്രകാരം, വസ്ത്രധാരണയെ ശരീരത്തിന് മേലുള്ള മനസ്സിന്റെ അധികാര പ്രയോഗത്തിന്റെ ബാഹ്യമായ ആവിഷ്കാരമായി വ്യാപകമായി പാശ്ചാത്യ സമൂഹങ്ങളിൽ മനസ്സിലാക്കപ്പെട്ടിരുന്നു. അതിനെതിരെയുള്ള ജ്ഞാനശാസ്ത്ര വ്യവഹാരങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ നീത്ഷേ ആരംഭം കുറിക്കുന്നത് മുതലാണ് ശരീരത്തിന്റെ പരമാധികാരം (Dominance) തിരികെ കിട്ടുന്നത്. Thus Spoke Zarathustra-യിൽ നീത്ഷേ, വിശാലമായ ശരീരത്തിന്റെ ഒരു ചെറിയ ഇടം മാത്രമാണ് മനസ്സ് എന്ന് (the faculty known as mind or intelligence was merely a small part of the great, instinctive intelligence residing in the body) പ്രഖ്യാപിച്ചതിലുടെ യൂറോപ്പിലുടനീളം ആ കാലത്ത് ജീവിച്ചിരുന്ന കാഫ്കയടക്കമുള്ള യുവസമൂഹം “ബോഡി ഫിലോസഫിയെ” ബോധപൂർവം ഉൾകൊള്ളുകയും അതിനെ ആദർശവൽകരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ് നഗ്നതയെ – ശരീരത്തെ വസ്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന അർഥത്തിൽ – ശരീരത്തിന്റെ യഥാർഥ പ്രകൃതിയായി കണക്കാക്കുകയും അത് അനുവർത്തിക്കുന്ന ഒരു ജനസമൂഹം അവിടെ വളർന്നുവരികയും ചെയ്തത്. വാരാന്ത്യം നടക്കാറുള്ള സംഘം ചേർന്നുള്ള ആത്മീയ -ഭൗതിക പരിശീലനത്തിൽ പൂർണ വിവസ്ത്രരായി ചില പ്രത്യേക രൂപത്തിലുള്ള വ്യായാമങ്ങളൊക്കെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ആ കാലപരിസരത്ത് സജീവമായി നിലനിന്നിരുന്നു.
1912 – കളിൽ നടന്ന ഇത്തരം സാംസ്കാരിക വേദികളിൽ കാഫ്ക വലിയ താൽപര്യപൂർവം പങ്കെടുത്തിരുന്നു. കാരണം, കാഫ്കയുടെ ഡയറിക്കുറിപ്പുകളിൽ തന്റെ ശരീരത്തിന്റെ ബലഹീനതയെ കുറിച്ചുള്ള ആകുലതകൾ പ്രകടമായിരുന്നു. മെലിഞ്ഞ പ്രകൃതിയായിരുന്ന തന്റെ ശാരീരിക ദുർബലതയെ മറി കടക്കാൻ സമ്പൂർണ സസ്യഭുക്കായി കാഫ്ക മാറുന്നുണ്ട്. കൂടെ, എല്ലാ ദിവസവും രണ്ട് പ്രാവിശ്യം വീടിന്റെ തുറന്ന ജനാലകൾക്ക് മുമ്പിൽ വിവസ്ത്രനായി കായികാഭ്യാസം ചെയ്യുന്നൊരു പതിവ് കാഫ്കക്കുണ്ടായിരുന്നു. ഫെലിസിനോട് അങ്ങനെ ചെയ്ത് ശരീരത്തിന്റെ പ്രകൃതത്തെ സംരക്ഷിക്കാൻ പറയുകയും ചെയ്യുമായിരുന്നു. ബോഡിയെ സംബന്ധിച്ച നീത്ഷേയുടെ ചിന്തകളാണ്, വടക്കൻ അമേരിക്ക മുതൽ പശ്ചിമ യൂറോപ്പ് വരെയുള്ളൊരു വലിയ ഭൂപ്രദേശത്ത് അത്രയും കാലം നിലനിന്നിരുന്ന ആത്മീയമായ മതാചാരങ്ങളുടെ സ്ഥാനത്ത് സൂര്യസ്നാനവും (Sunbathing), ഭക്ഷണക്രമീകരണ (diet)ങ്ങളുമടങ്ങുന്ന ശരീരത്തെ കൂടുതൽ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉപഭോഗ സംസ്കാരം വികസിച്ച് വരുന്നത്. അതിന്റെ പാർശ്വഫലങ്ങൾ അന്ന് ജീവിച്ചിരുന്ന കാഫ്കയടക്കമുള്ള എഴുത്തുകാരുടെ സാഹിത്യ ഉള്ളടക്കത്തിന്റെ അടിയൊഴുക്കായിത്തീരുകയും ചെയ്തു.
യഥാർഥത്തിൽ, ‘മെറ്റമോർഫോസിസ്’ ഉയർത്തിക്കൊണ്ടുവരുന്ന പ്രധാന പ്രമേയം കാഫ്കയുടെ അസ്ത്വിത പ്രതിസന്ധിയെ സംബന്ധിച്ച ചില ഉത്കണ്ഠകളാണെന്ന് നമുക്ക് പറയാം. ആ ഉത്കണ്ഠകളെ നാം (വായനക്കാർ) അവ്യക്തത (ambiguity) നിറഞ്ഞ കണ്ണുകളോടെ നോക്കിക്കാണാനാണ് കാഫ്ക ഇഷ്ടപ്പെട്ടത്. ‘മെറ്റമോർഫോസിസി’ന്റെ പ്രസാധകരോട് പുസ്തകത്തിന്റെ മുഖചിത്രമായി പ്രാണിയുടെ ഫോട്ടോ കൊടുക്കരുതെന്നും മറിച്ച്, ഒരു പയ്യൻ ഇരുണ്ട ഒരു മുറിക്കകത്തേക്ക് വാതിലിനരികിൽ നിന്ന് ഉറ്റുനോക്കുന്ന ചിത്രം ചെയ്യാൻ കാഫ്ക ആവിശ്യപ്പെട്ടിരുന്നു. അതങ്ങനെ തന്നെ അച്ചടിച്ചു വരികയും ചെയ്തു. മൗലികമായ ആത്മം (Fundamental Self) നഷ്ടപ്പെടുന്ന ദുരന്തപൂർണമായ മാനസിക നിലയെയാണ് “രൂപാന്തരീകരണ”മെന്ന ഭാവാർഥത്തിൽ (metaphor) കാഫ്ക ‘മെറ്റമോർഫോസിസി’ൽ വിവരിക്കുന്നത്. തന്റെ ശരീരവുമായി ഒരു ഭാഗത്ത് അഭേദ്യമായി കാഫ്ക ബന്ധപ്പെട്ടു കൊണ്ടിരുന്നുവെങ്കിലും, മറുഭാഗത്ത് സ്വന്തം ശരീരത്തിൽ നിന്ന് പോലും അന്യവത്കരണം (alienation) നേരിടുന്ന ഒരു ഘട്ടത്തെയാണ് മെറ്റമോർഫോസിസ് മുഖേന കാഫ്ക ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. സ്വന്തം അസ്തിത്വത്തെയാണ് ഏറ്റവും വലിയ രോഗമായി/വ്യഥയായി (IIlness) കാഫ്ക അവിടെ അടയാളപ്പെടുത്തുന്നത്. അസ്തിത്വം രോഗമാണെങ്കിൽ അതിനുള്ള സ്വാസ്ഥ്യമാണ് മരണം. കഥയുടെ അവസാനത്തിൽ ഗ്രിഗർ മരിക്കുന്നത് ആ സ്വാസ്ഥ്യത്തെ സ്വാംശീകരിച്ചു കൊണ്ടാണ്.
ഇനി ഒരുപക്ഷെ, ആ രൂപാന്തരീകരണവും ശേഷം നടക്കുന്ന സംഭവ വികാസങ്ങളും ഗ്രിഗ്രർ എന്ന കഥാപാത്രത്തിന്റെ പകൽസ്വപ്നം ആവാനും സാധ്യതയില്ലെ? (ഇങ്ങനെയൊരു വായന, ഈ എഴുത്തിന്റെ ആദ്യത്തിൽ സൂചിപ്പിച്ച ഖയാലീ ആശയത്തോട് ജ്ഞാനശാസ്ത്രപരമായി വിരുദ്ധമാണ്). എന്ന് വെച്ചാൽ, ഫ്രോയിഡൊക്കെ പറയുന്ന, ബോധമുളള (Conscious) ഒരു ലോകത്ത് നിന്ന് അബോധമായ (Unconscious) മറ്റൊരു രണ്ടാം ലോകത്തിലേക്കുള്ള ചുവടു വെപ്പാണ് “മെറ്റമോർഫോസിസ്”. (അതൊരു തരത്തിൽ സ്വപ്നത്തിലേക്കുള്ള ഉണർച്ചയായി കഥയിൽ നാം മനസ്സു കൊണ്ട് വായിക്കുന്നു). കാഫ്കയുടെ കഥകളിലുള്ള സ്വപ്നത്തെ കുറിച്ചുള്ള സങ്കൽപങ്ങൾ ഫ്രോയിഡിന്റെ സ്വപ്ന വ്യാഖ്യാനങ്ങളുമായി വലിയ തോതിൽ താദാമ്യപ്പെടുന്നുണ്ടെന്ന് ജോസഫ് എപ്സ്റ്റീൻ നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച്, “The Judgement” എഴുതുന്ന സമയത്ത് ഫ്രോയിഡിയൻ സിദ്ധാന്തങ്ങളെ കാഫ്ക ചിന്തകളിൽ സ്വരൂപിച്ചു വെച്ചിരുന്നുവെന്ന് എപ്സ്റ്റീൻ എഴുതുന്നുണ്ട്. “ ഫ്രോയിഡിന്റെ കാൽപ്പനിക വായനയാണ് കാഫ്കയെന്ന്” (Kafka reads like Freud fictionalized) എപ്സ്റ്റീൻ മറ്റൊരിടത്ത് എഴുതുന്നു.
ഗ്രിഗറിലേക്ക് തന്നെ വന്നാൽ, അപൂർണമായ അഭിലാഷം, കുറ്റബോധം, ഉത്കണ്ഠ (anxiety ), ശൂന്യത തുടങ്ങിയ ഗ്രിഗ്രർ കടന്നുപോയിക്കൊണ്ടിരുന്ന വൈകാരിക സങ്കേതങ്ങളുടെ ഒരു ലോകമാണ് അയാളുടെ സ്വപ്നം. അവിവാഹിതനായ ഗ്രിഗറിന്റെ അടിച്ചമർത്തപ്പെട്ട ലൈഗിക ആസക്തിയെ കഥയിൽ ഇങ്ങനെ ആവിഷ്കരിക്കുന്നുണ്ട്. അയാളുടെ മുറിക്കകത്തുള്ള മേശയിൽ കിടന്ന രോമവസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രത്തിന് മുകളിൽ ഗ്രിഗർ ( പ്രാണി) തന്റെ ഉദരം ചേർത്ത് വെച്ച് സുഖം കണ്ടെത്തുന്നു. (the picture of the woman dressed in nothing but fur. He quickly scurried up over it and pressed himself against the glass that held it in place and maid his hot abdomen feel good”.) കാഫ്ക പല കത്തുകളിലും തന്റെ ലൈഗിക ആവിശ്യങ്ങളെ കെടുത്തിക്കളഞ്ഞതിന്റെ പേരിൽ അച്ഛനെ കുറ്റപ്പെടുത്തുന്നുണ്ട്. അമ്മയ്ക്ക് കാഫ്കയോടുള്ള അനുകമ്പയും ദയാവായ്പും അച്ഛൻ അയാളുടെ അധികാരം ഉപയോഗിച്ചു തടയാൻ ശ്രമിക്കുമായിരുന്നു. കഥയിൽ, ഗ്രിഗർ അമ്മയെ സമീപിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അച്ഛൻ ആപ്പിളുകൾ കൊണ്ട് ഗ്രിഗറിനെ എറിഞ്ഞു പരിക്കേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വിധത്തിൽ, ഫ്രോയിഡിന്റെ Phallic Stage -ലൂടെയാണ് ഗ്രിഗർ കഥയിൽ കടന്നുപോയിക്കൊണ്ടിരുന്നത്. അത് മനസ്സിലാക്കുമ്പോഴാണ് തന്റെ അധികാരം വെച്ച് അച്ഛൻ ഗ്രിഗറിനെ അശക്തനാക്കാൻ ശ്രമിക്കുന്നത്.
കാഫ്ക മാക്സ് ബ്രോഡിനെഴുതിയ കത്തിൽ കീക്കെഗാഡിന്റെതായി ഇങ്ങനെ ഒരു വാചകം പറയുന്നുണ്ട് “No human being can lead a true spiritual life while remaining perfectly healthy in body and mind”. അഥവാ, ശരീരത്തിലും മനസ്സിലും പൂർണ ആരോഗ്യവാനായി ആരും നല്ല മനുഷ്യനാകുന്നില്ല. കാഫ്കയെ സംബന്ധിച്ച്, സ്വന്തം അപൂർണതകളിൽ ധ്യാനിക്കലായിരുന്നു യഥാർഥ ആത്മീയത. ജീവിതത്തിന്റെ അവസാന കാലങ്ങളിൽ അഗാധമായൊരു ആത്മീയതയിലേക്ക് ആകൃഷ്ടനായ സമയത്താണ് ഇങ്ങനയൊരു വാചകം ആത്മസുഹൃത്തിനോട് കാഫ്ക പങ്കുവെക്കുന്നത്. ഫ്രോയിഡിന്റെ മനസിദ്ധാന്തങ്ങളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നൊരു ഘട്ടം കൂടിയായിരുന്നു അത്. തന്റെ അവസ്ഥകളെ മനസ്സാലാക്കാനുള്ള ഏറ്റവും മികച്ച വഴി മതാത്മകമായിരിക്കണമെന്ന് കാഫ്ക തിരിച്ചറിഞ്ഞു. 1918 ഫെബ്രുവരി 28- ലെഴുതിയ ഡയറിക്കുറിപ്പിൽ, ഏറെ രഹസ്യാത്മകമായ ആത്മീയതകൊണ്ട് ഉലഞ്ഞ കാഫ്കയെ നാം കാണുന്നു. താൻ അനുഭവിച്ച കാരാഗൃഹ സമാനമായ ശൂന്യതയിൽ നിന്ന് രക്ഷപ്പെടാൻ, സ്വന്തം ആത്മത്തെ (Inner Self) മനസ്സിലാക്കാനുള്ള വഴിയാണ് അതിന് ശേഷം കാഫ്ക തിരഞ്ഞെടുത്തത്. 1921-ൽ ക്ഷയരോഗം പിടിപെട്ട് സഹോദരിക്കൊപ്പം ബൊഹീമിയൻ കുഗ്രാമത്തിൽ താമസിച്ചിരുന്ന ദിനങ്ങളിലാണ് കാഫ്കയുടെ ആത്മസംഘർഷങ്ങൾ ആത്മീയമായൊരു വിതാനത്തിൽ രൂപം പ്രാപിക്കുന്നതായി ആ സമയങ്ങളിലെഴുതിയ കുറിപ്പുകളിൽ നിന്ന് നാം വായിച്ച് മനസ്സിലാക്കുന്നത്. കാഫ്കയുടെ മരണശേഷം മാക്സ് ബ്രോഡ് ആ എഴുത്തുകളെ “Reflections on Sin, Suffering, Hope, and the True Way” എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ എഴുത്തുകൾ ആണ് The Zürau Aphorisms എന്ന പേരിൽ പിന്നീട് പ്രശസ്തിയാർജിക്കുന്നത്.
موتوا قبل أن تموتوا (മരണത്തിന് മുൻപ് മരണപ്പെടൂ) എന്ന, ഫനാഇനെ സൂചിപ്പിക്കുന്ന സൂഫീവാക്യത്തോട് സമാനമായ Non-physical ആയ മരണത്തെക്കുറിച്ച് കാഫ്ക എഴുതിയിട്ടുണ്ട്. മനുഷ്യന്റെ ആത്യന്തികമായ മോചനത്തെ (Salvation) കുറിച്ചുള്ള തിരച്ചിലിലാണ് പ്രസ്തുത ആത്മനാശത്തെ കാഫ്ക കണ്ടെത്തുന്നത്. “Our salvation is death, but not this one” എന്ന് പറയുമ്പോൾ അദൃശ്യമായൊരു അഭൗതിക ലോകത്തെയാണ് കാഫ്ക ഓർമപ്പെടുത്തുന്നത്. “Fail to know yourself! Destroy yourself!” സ്വന്തത്തെ അറിഞ്ഞതിന് ശേഷം അടുത്ത പടി, ആ ആത്മത്തിൽ സ്വയം ഇല്ലാതാവലാണ്. “There is nothing but a spiritual world; what we call the sensuous world is the evil in the spiritual [world], and what we call evil is only a requirement of a moment in our everlasting development” (അലൗകികമായ ലോകം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. ലൗകികലോകം – യഥാർഥത്തിൽ- അലൗകിക ലോകത്തിന്റെ തിന്മ മാത്രമാണ്. തിന്മയെന്ന് പറഞ്ഞാൽ, നമ്മുടെ സ്വയം പുരോഗമിക്കാനുള്ള നിമിഷത്തിന്റെ ആവിശ്യമാണത്). അജയ്യനായ ഒരു ദൈവത്തിൽ വിശ്വസിക്കാതെ മനുഷ്യന് നിലനിൽപില്ലെന്ന് കാഫ്ക എഴുതിയത് യാദൃശ്ചികമല്ല. അതൊരു ആയിത്തീരലിന്റെ (becoming) ഭാഗമായി സംഭവിക്കേണ്ടിയിരുന്ന എസ്സൻഷ്യൽ ബീയിംഗ് ആണെന്ന് പറയേണ്ടിയിരിക്കുന്നു! സത്യത്തിൽ നമ്മൾ കാഫ്കയെ വായിക്കുകയല്ല, മറിച്ച് കാഫ്ക ആയിത്തീരുകയാണ് ചെയ്തിരുന്നത്!
Featured Image: Mario Heller
Reference
Epstein, Joseph. “Is Franz Kafka Overrated?” The Atlantic, November 2013.
“A Study of Kafka’s The Metamorphosis in the Light of Freudian Psychological Theory.” Research Journal of Recent Sciences 2, no. 10 (October 2013): 107-109.
Kafka, Franz. Franz Kafka’s Diaries. New York: Schocken Books, 1948. Reprint, Schocken Books, 2023.
Kafka, Franz. The Zürau Aphorisms. New York: Schocken Books, 2006.
Moran, Brendan, and Karlo Salzani. Philosophy and Kafka. Lanham, MD: Lexington Books, 2013.
Robertson, Ritchie. Kafka: A Very Short Introduction. Oxford: Oxford University Press, 2004.


Comments are closed.