യാത്രയെ കുറിക്കുന്ന ‘സഫർ’ എന്ന പദം സൂഫി സാഹിത്യങ്ങളിൽ പതിവായി കടന്നുവരാറുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള സ്ഥാനാന്തര ഗമനത്തെ സൂചിപ്പിക്കുന്നതിനാണ് ‘യാത്ര’ പൊതുവെ ഉപയോഗിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ‘യാത്ര’ എന്ന പദപ്രയോഗം സൂഫിസത്തിൽ അക്ഷരാർത്ഥത്തിൽ മാത്രമല്ല, മരണം, ജീവിതത്തിന്റെ ക്ഷണിക സ്വഭാവം, ഒരാളുടെ അവസ്ഥയിലെ മാറ്റങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നതിനുള്ള രൂപകമായും ഉപയോഗികാറുണ്ട്. യാത്രയുടെ ആലങ്കാരിക പ്രയോഗം ആത്മജ്ഞാന പാതയിലെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കാൻ സൂഫികളെ സഹായിച്ചു.

അറബി നിഘണ്ടുവിൽ ഈ പദത്തിന് വൃത്തിയാക്കുക, മറ്റൊന്നിൽ നിന്ന് എന്തെങ്കിലും എടുക്കുക, പകൽ പ്രകാശിപ്പിക്കുക, മുഖം അനാവരണം ചെയ്യുക, കാറ്റിനാൽ മേഘങ്ങൾ ചിതറിപ്പോവുക, അല്ലെങ്കിൽ സ്പഷ്ടമാവുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇപ്രകാരം ‘സഫർ’ യാത്രക്കാരുടെ വ്യക്തിത്വവും മറഞ്ഞിരിക്കുന്ന യഥാർത്ഥ സ്വഭാവത്തെ അനാവരണം ചെയ്യുകയും ചെയ്യുന്നുണ്ട്. യാത്ര എല്ലാ മനുഷ്യർക്കും കാണാനും, അനുഭവിക്കാനും കഴിയും. ഈ അനുഭവത്തിന്ന് വ്യത്യസ്ത മാനങ്ങളുണ്ട്. പൂർവ്വധുനിക കാലത്ത് യാത്ര എന്നത് സുരക്ഷിതത്വമില്ലാതിരിക്കൽ, കൊള്ളയടിക്കൽ, വഴി നഷ്ടപ്പെടൽ തുടങ്ങി നിരവധി പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്ന വസ്തുത ഇവിടെ പ്രധാനമാണ്.

യാത്രകൾ ഖുർആനിൽ

ദൈവിക കൽപനകളെ നിഷേധിച്ചവരിൽ നിന്നും, പാപങ്ങൾ ചെയ്തവരിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുന്നതിനും, സൃഷ്ടാവിന്റെ ശക്തി തിരിച്ചറിഞ്ഞ്‌ പുനരുദ്ധാരണത്തിനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കാനുമെല്ലാമായി യാത്രകൾ നടത്താൻ ഖുർആൻ നിർദേശിക്കുന്നുണ്ട്. മനുഷ്യന്റെ ഹൃദയങ്ങളെ ഉണർത്താനായി ചില ഖുർആനിക വാക്യങ്ങൾ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യാത്രയെ ഉപജീവനത്തിനുള്ള ഒരു മാർഗമായി കണക്കാക്കുന്ന ഖുർആനിക വാക്യങ്ങളും കാണാം. ഖുർആനിൽ യാത്ര എന്നത് ഒരാളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായുള്ള പാലായനവുമായും ബന്ധപ്പെട്ട് കിടക്കുന്നു. മാത്രമല്ല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഹജ്ജ് യാത്രകൾ ഇസ്‌ലാമിൽ യാത്രയുടെ മറ്റൊരു പ്രബലമായ സന്ദർഭത്തെ സൂചിപ്പിക്കുന്നു. സൂഫികൾ ഇത്തരത്തിൽ യാത്രയുടെ വിവിധങ്ങളായ മാനങ്ങൾ പരിഗണിക്കുന്നുണ്ട്. സൂഫിസത്തിൽ ‘യാത്ര’ എന്ന പദത്തിന്റെ ആദ്യ ഉപയോഗം ഇത്തരം യാത്രകളെ സൂചിപ്പിക്കുന്നതിനാണ്.

സൂഫികളുടെ യാത്രകൾ

പേർഷ്യൻ സൂഫി പണ്ഡിതനും രചയിതാവുമായ അബൂബക്കർ അൽ കാലാബാദി യാത്രയെ പരിഗണിക്കുന്നത് തസവ്വുഫിന്റെ പത്ത് തൂണുകളിൽ ഒന്നായാണ്. യാത്ര എന്ന ആശയത്തെ സൂഫികൾ സാധാരണ ഗതിയിൽ രണ്ട് ഘടകങ്ങൾ ചേർത്താണ് മനസ്സിലാക്കുന്നത് 1. യാത്രയുടെ ലക്ഷ്യം, 2. യാത്രയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ. ദൈവീകമായ യുദ്ധത്തിൽ പങ്കെടുക്കുക, തീർത്ഥാടനം നടത്തുക (ഹജ്ജ്), കുടുംബങ്ങളുമായി ബന്ധം പുലർത്തുക, ആത്മീയ ഗുരുവിനെ കണ്ടുമുട്ടുക തുടങ്ങിയ നല്ല ലക്ഷ്യങ്ങളോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് സൂഫികൾ പറയുന്നു. അവർ പഠനത്തിനും, ഗുരുനാഥന്മാരിൽ നിന്നും അറിവുകൾ ശേഖരിക്കുന്നതിനും വിശാലമായി യാത്ര ചെയ്തു. ആത്മീയാന്വേഷകർ ഗുരുവിനെ കണ്ടെത്താനായി സുദീർഘമായി യാത്ര ചെയ്തിരുന്നു.

സൂഫികളെ സംബന്ധിച്ചിടത്തോളം യാത്രയുടെ ലക്ഷ്യത്തിന് പുറമെ യാത്ര തന്നെയും പ്രധാനമാണ്. ഒരു വഴിയാത്രക്കാരന് യാത്രയിലൂടെയല്ലാതെ സഞ്ചാരത്തിന്റെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ല. ധാർമികതയുടെയും, ആത്മീയതയുടെയും അടിസ്ഥാനമായ ആത്മാവിന്റെ ശുദ്ധീകരണത്തിൽ യാത്ര വഹിക്കുന്ന പങ്കിനെക്കുറിച്ച് അബൂ താലിബ്‌ അൽ-മക്കി ചർച്ച ചെയ്യുന്നുണ്ട്. ‘സഫർ’ എന്ന പദത്തിന്റെ ഭാഷാർത്ഥം സൂചിപ്പിക്കുന്ന പോലെ യാത്രകൾ സഞ്ചാരിയുടെ നൈസർഗിക വാസനകളും, യഥാർത്ഥ മുഖവും മറ നീക്കി പുറത്തുകൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസിച്ചു. സമർപ്പണം (തവക്കുൽ), സംതൃപ്തി (റിദ), അർപ്പണം, അനുസരണ (തസ്‌ലീം) എന്നീ ആത്മാവിന്റെ പ്രശാന്തവും, കുലീനവുമായ വിശേഷണങ്ങൾ ഗൃഹാതുരത്വം അനുഭവിക്കുകയും, യാത്രയുടെ ക്ലെശങ്ങളുമായി മല്ലിടുകയും ചെയ്യുന്നതോടെ മാഞ്ഞുപോവുകയും, യഥാർത്ഥ സ്വഭാവം പ്രകടമാകുകയും ചെയ്യും. ഇങ്ങനെ ആത്മാവിനെ ചുറ്റിയ മറഞ്ഞ പാളികളെ കുറിച്ചുള്ള അവബോധം സൂഫി പാതയിൽ ആത്മശുദ്ധീകരണത്തിനും തിരുത്തലിനുമുള്ള വഴികാട്ടിയായി പ്രവർത്തിക്കുന്നു.

ലക്ഷ്യം നേടുന്നതിനായി ഒരു വ്യക്തി കടന്നു പോകുന്ന യാത്ര ആത്മാവബോധത്തിനുള്ള അവസരങ്ങൾ മാത്രമല്ല, ആത്മ സംസ്കരണത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. യാത്രയുടെ പ്രാധാന്യം സൂചിപ്പിക്കുന്നതിനായി പ്രവാചകന്മാരുടെ യാത്രകളെക്കുറിച്ചും, അവയുടെ ആത്മ ശിക്ഷണത്തിലുള്ള ഗുണപരമായ ഫലങ്ങളെക്കുറിച്ചും മുസ്താംലി ബുഖാരി എഴുതുന്നുണ്ട്. ആദ്യ പ്രവാചകൻ ആദം നബി(അ) മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) തങ്ങൾ വരെയുള്ള ഓരോ പ്രവാചകന്മാരുടെയും യാത്രകളും, പര്യടനങ്ങളും ഇതിന് തെളിവായി അദ്ദേഹം പരാമർശിക്കുന്നത് കാണാം. സമാനമായി ഒരാളുടെ ദുഷ്കർമങ്ങളുടെ ശുചീകരണത്തിന് ശാരീരിരികേച്ഛകളുടെ (നഫ്സ് അൽ-അമ്മാറ) ഉദാസീനത ആവിശ്യമാണെന്നും, അതിന് യാത്ര സഹായകരമാണ് എന്നും സൂഫി പണ്ഡിതനായ ഇമാം ഖുശൈരി വിശ്വസിക്കുന്നുണ്ട്.

പാഠങ്ങൾ ഉൾക്കൊള്ളുക എന്നത് യാത്രയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ദൈവിക കൽപന അനുസരിക്കാത്തവരും ശിക്ഷിക്കപ്പെടുന്നവരുമായ ആളുകളെ നിരീക്ഷിക്കുന്നതും, ദൈവത്തിൽ വിശ്വസിക്കുകയും ദൈവിക അനുഗ്രഹങ്ങൾ അനുസരിക്കുന്നവരെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് ആത്മാവിനുള്ള ഉപദേശം പോലെയാണ്. യാത്രയുടെ മറ്റൊരു നേട്ടം ദൈവമൊഴികെ മറ്റെല്ലാ ബന്ധങ്ങളിൽ നിന്നുമുള്ള വിച്ഛേദനമാണ്. ഇത്തരം നേട്ടങ്ങൾ ഹിജ്‌റ (പലായനം) എന്ന മതപരമായ സങ്കൽപത്തിലുള്ള ഒരിടത്ത് എല്ലാ ബന്ധങ്ങളും വിട്ട് ദൈവവുമായി മാത്രം ബന്ധം നിലനിർത്തിക്കൊണ്ടുള്ള യാത്രയുടെ ഭാഗമാണ്.

യാത്രയുടെ മര്യാദകൾ സൂഫീ ജീവിതത്തിൽ പ്രാധാന്യപൂർവ്വം പരിഗണിക്കപ്പെടുന്നുണ്ട്. ധാർമിക ജീവിതത്തെയും, സൂഫിസത്തെയും കുറിച്ചുള്ള ആദ്യകാല രചനകളിൽ യാത്രയുടെ ശരിയായ മര്യാദകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് കാണാം. സ്വന്തം ആഗ്രഹങ്ങൾക്കും, അഭിനിവേശങ്ങൾക്കും വേണ്ടിയല്ലാതെ ദൈവത്തിന്റെ തൃപ്തി നേടുന്നതിനായി മാത്രം യാത്ര ചെയ്യുക, ശുചിത്വം പാലിക്കുക, പ്രവാചക ചര്യകളെ പിന്തുടരുക, പ്രാദേശിക ജനതയെ ബഹുമാനിക്കുക, മറ്റ് വഴിയാത്രക്കാരുമായി നന്നായി പെരുമാറുക, സഹയാത്രികരെ സഹായിക്കുക, മറ്റുള്ളവരെ ദുരുപയോഗം ചെയ്യാതിരിക്കുക എന്നിവ ഇത്തരം മര്യാദകളുടെ ഭാഗമാണ്.

യാത്ര എന്ന രൂപകം

‘യാത്ര’ എന്ന പദത്തിന്റെ ഭാഷാപരമായ വ്യത്യസ്തമായ അർത്ഥ വശങ്ങൾ പരിഗണിച്ച് അവയെ വൈവിധ്യം നിറഞ്ഞ ആശയങ്ങളെ കുറിക്കുന്നതിനുള്ള രൂപകങ്ങളായി ഉപയോഗിക്കുക എന്നത് സൂഫി പരിസരങ്ങളിൽ പതിവാണ്. മരണത്തെയും, ജീവിതത്തിന്റെ വിത്യസ്ത ഘട്ടങ്ങളെയും അടക്കമുള്ള ആശയങ്ങളെ സൂചിപ്പിക്കാൻ അവർ യാത്രയെ ഉപയോഗിച്ചു. മതാധ്യാപനങ്ങളിൽ മരണത്തെ പലപ്പോഴും യാത്രയായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. സൂഫികളുടെ അഭിപ്രായത്തിൽ, മരണം എന്നത് ഈ ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തിലേക്കുള്ള യാത്രയാണ്. ദീർഘവും പ്രയാസകരവുമായ യാത്രയാണിത്. ഈ യാത്രയുടെ കൃത്യമായ സമയം അജ്ഞാതമാണ്. അനർത്ഥങ്ങൾ നിറഞ്ഞ ഈ യാത്രക്കായി ഓരോരുത്തരും സജ്ജരാകേണ്ടതുണ്ട്. ഏതൊരു യാത്രക്കും പുറപ്പെടുന്നത് പോലെ ആവശ്യമായ എല്ലാ കാര്യങ്ങളും തയ്യാറാക്കി സദാ സജ്ജരാകാനും, ഈ യാത്രക്കായുള്ള വേണ്ട ആസൂത്രണങ്ങൾ ചെയ്യാനും സൂഫികൾ ഓർമ്മപ്പെടുത്തുന്നുണ്ട്. തുടക്ക സമയമറിയാത്ത കാഠിന്യമേറിയ മരണം, യാത്രക്കായുള്ള തയ്യാറെടുപ്പുകൾ പലപ്പോഴും ധാർമികോപദേശങ്ങളുടെ കേന്ദ്ര ആശയമായി വർത്തിക്കാറുണ്ട്. ഈ യാത്രയിലെ പ്രധാന സഹായം നന്മകളും ധാർമികതയിലൂന്നിയ പ്രവർത്തനങ്ങളുമാണ്.

ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെയും, പരിണാമങ്ങളെയും ഉൾപ്പെടുത്തുന്നതിനായി യാത്രയുടെ അർത്ഥത്തെ വിപുലീകരിക്കുമ്പോൾ, ഭാഷാർത്ഥത്തിൽ ഒരു സഞ്ചാരി, തന്റെ യാത്രയിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നത് പോലെ ആലങ്കാരിക പ്രയോഗത്തിൽ സഞ്ചാരം നടക്കുന്നത് സമയത്തിലാണ്. അതായത് സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ഒരാൾ ജനിക്കുന്നത് മുതൽ തന്റെ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്. രാത്രികളുടെയും പകലുകളുടെയും കടന്ന് പോക്ക്, യാത്രക്കാരനെ തന്റെ അന്ത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. കുറഞ്ഞ നാളുകൾ മാത്രം നീണ്ടുനിൽക്കുന്ന ഈ യാത്ര ഒരാൾക്ക് തന്റെ അന്തിമ സങ്കേതത്തിലേക്ക് (പരലോകം) വേണ്ട ആവശ്യവസ്തുക്കൾ നേടാനുള്ള അവസരം ഒരുക്കുന്നു. ഈ യാത്രയുടെ നിക്ഷേപം സമയമാണ്. എന്നാൽ ശാരീരിക ചോദനകളും, ഇന്ദ്രിയാനുഭൂതികളും ഈ യാത്രയുടെ ആത്യന്തിക നേട്ടമായ ദൈവദർശനത്തിലേക്ക് അടുക്കുന്നതിൽ നിന്നും മനുഷ്യനെ തടയുകയും, മൂലധനത്തെ കവർന്നെടുക്കുകയും, അവനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മറ്റെല്ലാ യാത്രകളെയും പോലെ ഈ യാത്രക്കും ഒരു അന്ത്യം ഉണ്ടെന്ന വസ്തുതയെ അടിസ്ഥാനമാക്കി സൂഫികൾ ഈ ജീവിതത്തെ ഒരു യാത്രയായി കണക്കാക്കുന്നു. എന്നാൽ ഒരു സഞ്ചാരിയെ സംബന്ധിച്ചടത്തോളം വഴിയിലെ മനോഹാരിതയിലും, വശ്യതയിലും അഭിരമിച്ചു പോകാതെ സദാ അവന്റെ ചിന്തകൾ ലക്ഷ്യത്തെ കുറിച്ചും, ലക്ഷ്യസ്ഥാനമായ പരലോകത്തെ കുറിച്ചുമായിരിക്കണം. ഒരു സഞ്ചാരിക്ക് ആത്മാവിൽ നൈതിക ഗുണങ്ങളെ ഉറപ്പിക്കുന്നതിനും, നന്മകൾ ചെയ്യുന്നതിനും തടസ്സം നിൽക്കുന്ന ഈ ലോകത്തോടുള്ള ഭ്രമത്തെ പിഴുതെറിയാൻ ഇത്തരത്തിലുള്ള സമീപനം സഹായിക്കുന്നു.

ഒരു സമയത്തിൽ നിന്ന് മറ്റൊരു സമയത്തിലേക്കുള്ള മനുഷ്യ യാത്രയുടെ ക്ഷണിക സ്വഭാവത്തെ സൂചിപ്പിക്കുന്നതിനുള്ള യാത്രയുടെ ആലങ്കാരിക ഉപയോഗത്തേക്കാൾ കൃത്യമായി ഒരാളുടെ വൈജ്ഞാനിക, മാനസിക, ആത്മീയ, ധാർമിക അവസ്ഥകളുടെ പരിവർത്തനത്തിനുള്ള രൂപകമായി ‘യാത്ര’ ഉപയോഗിക്കപ്പെടാറുണ്ട്. ഒരിടത്തിൽ നിന്ന് മറ്റൊരിടുത്തേക്ക് അല്ലാഹുവിന്റെ തൃപ്തിക്കായി മാത്രം സഞ്ചരിക്കുന്നയാൾ തന്റെ ആത്മാവിന്റെ ഇച്ഛകളിൽ നിന്നും മാറി സഞ്ചരിക്കേണ്ടതുണ്ട് എന്ന് പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് അലി ഹുജ്‌വീരി നിർദ്ദേശിക്കുന്നുണ്ട്. ഒരാൾ സഞ്ചാരിയാണെങ്കിൽ ആദ്യം സ്വന്തം ഇന്ദ്രിയ കാമനകളിൽ നിന്നും മാറി സഞ്ചരിക്കണമെന്ന് സൂഫിവര്യനായ അബു ഉസ്മാൻ അഭിപ്രായപ്പെടുന്നത് കാണാം. പെരുമാറ്റരീതികൾ, ആത്മീയാവസ്ഥകൾ, വിശ്വാസങ്ങൾ എന്നിവയിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നതിനായുള്ള ‘യാത്ര’യുടെ ആലങ്കാരിക പ്രയോഗങ്ങളാണ് അതിനെ സൂഫി സാഹിത്യങ്ങളിൽ സാങ്കേതിക പദം എന്ന നിലയിൽ ഉപയോഗിക്കുന്നതിന് അടിസ്ഥാനമായി മാറിയത്. വ്യക്തിയുടെ പെരുമാറ്റരീതികൾ, ആത്മീയാവസ്ഥകൾ, വിശ്വാസങ്ങൾ എന്നിവയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന ധാർമികതയുടെയും, സൂഫിസത്തിന്റെയും അകക്കാമ്പിനോട് ഈ ആശയം ശക്തമായി ചേർന്ന് നിൽക്കുന്നുണ്ട്. യാത്രയുടെ ആലങ്കാരികമായി അർത്ഥ പൂർത്തീകരണം (ഇസ്തക്മൽ‌) എന്ന ക്രമേണയുള്ള പ്രക്രിയയെ സൂചിപ്പിക്കുന്ന സൂഫീ ആശയമവുമായും ബന്ധപ്പെടുന്നുണ്ട്.

സൂഫികളിൽ ആദ്യമായി യാത്രയെ ആന്തരികമെന്നും, ബാഹ്യമെന്നും രണ്ടായി തരം തിരിക്കുന്നത് ശൈഖ് മുസ്‌തംലീ ബുഖാരിയാണ്. നമുക്കതിനെ യാത്രയുടെ അതീന്ദ്രിയ യാഥാർത്ഥ്യം എന്ന് വിളിക്കാം. ആത്മ ശുദ്ധീകരണത്തിനായി ഐഹീക (ബാഹ്യ) ലോകത്തിലൂടെയുള്ള യാത്രകളുടെ ആവശ്യകതയെ ഊന്നിപ്പറയുന്ന ബുഖാരി ആന്തരികമായ യാത്രയുടെ പ്രാധാന്യത്തെയും ഓർമപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആന്തരിക യാത്ര എന്നത് ആത്മവിചിന്തനവും, ധ്യാനവുമാണ്. ഇവിടെ യാത്രയുടെ ദൈർഘ്യം പ്രീ ഏറ്റെർനിറ്റി മുതൽ പോസ്റ്റ് ഏറ്റെർനിറ്റി വരെയാണ്. ബാഹ്യ യാത്രയിൽ സഞ്ചാരി വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, സൂഫികൾ സ്വപരിശ്രമങ്ങളിലൂടെ വ്യത്യസ്ത ഘട്ടങ്ങൾ മറികടക്കുന്നു. ബാഹ്യ യാത്ര സ്ഥല കാല പരിമിതികളിൾ ബന്ധിതമാണെങ്കിൽ ആന്തരിക യാത്രയിൽ അത്തരം തടസ്സങ്ങളില്ല. അതിനാൽ സൂഫികൾക്ക് നിമിഷംകൊണ്ട് ലോകമെമ്പാടും സഞ്ചരിക്കാനാകും. ആന്തരികമായ രൂപാന്തരീകരണം സംഭവിച്ചതിനാലാണ് സൂഫികൾ ധാരാളമായി സഞ്ചരിക്കുന്നത് എന്ന് ബുഖാരി വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സൂഫികളല്ലാത്തവരുടെ ആന്തരികാവസ്ഥ ബാഹ്യാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. അവരുടെ ബാഹ്യം ശാന്തമാകുമ്പോൾ ആന്തരികവും ശാന്തമാകും. സൂഫികളെ സംബന്ധിച്ചെടുത്തോളം അവരുടെ ആന്തരികാവസ്ഥയാണ് മുഖ്യം. ബാഹ്യം ആന്തരികാവസ്ഥകളെ ആശ്രയിച്ചാണിരിക്കുന്നത്.

ഇമാം ഖുശൈരിയും രണ്ട്‌ തരത്തിലുള്ള യാത്രകളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന്‌, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ചലനത്തെ കുറിക്കുന്ന ശരീരത്തോടൊപ്പമുള്ള യാത്രയാണ്. രണ്ടാമത്തേത് ഒരു വിശേഷണത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പരിണാമത്തെ കുറിക്കുന്ന ഹൃദയത്തോടോപ്പമുള്ള യാത്രയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഹൃദയത്തോടൊപ്പം സഞ്ചരിക്കുന്ന യാത്രികർ എണ്ണത്തിൽ കുറവാണ്. ഈ യാത്രകളെ ഐഹീകമെന്നും, സ്വർഗീയമെന്നും അദ്ദേഹം വർഗ്ഗീകരിക്കുന്നുണ്ട്. യാത്രയുടെ ലക്ഷ്യമായി ഇമാം ഖുശൈരി പരിഗണിക്കുന്നത് ദൈവത്തെ കണ്ടെത്തലാണ്. ആത്മ സംസ്കരണത്തിലൂടെയാണ് അത് സാധ്യമാകുന്നത്.

യാത്രയെ അതിന്റെ ആലങ്കാരിക തലത്തിൽ നിന്ന് ആന്തരിക സ്വഭാവം അനുഭവിക്കുന്ന ആത്മീയ അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുന്ന ഒരു വഴിത്തിരിവായിട്ടാണ് ഇമാം അബു ഹാമിദ് അൽ ഗസ്സാലി തന്റെ ഇഹ്‌യാ ഉലൂമുദീനിൽ വീക്ഷിക്കുന്നത്. ആദ്യ കാല സൂഫികളുടെ കണ്ടെത്തലുകൾ സംയോജിപ്പിച്ച അദ്ദേഹം ആദ്യമായി യാത്ര എന്ന സങ്കൽപത്തിന്റെ പൊതുവായ നിർവചനം മുന്നോട്ടുവെച്ചു. ഇമാം ഗസ്സാലിയുടെ നിർവചനത്തിൽ “യാത്ര എന്നത് മനുഷ്യനെ അവൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവയിൽ നിന്ന് വിമോചനം നൽകുന്നതും, അവൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനെ നേടിയെടുക്കുന്നതിനുള്ള മാർഗവുമാണ്”. ഈ നിർവചനം ഭൗതിക മാനങ്ങളിൽ പരിമിതപ്പെടുന്നില്ല എന്ന് മാത്രമല്ല, ആന്തരികവും, ബാഹ്യവുമായ യാത്രകളെ ഉൾകൊള്ളിക്കുന്നതുമാണ്.

ഇമാം ഗസ്സാലിയുടെ അഭിപ്രായത്തിൽ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ യാത്രക്ക് ഉപകരണ മൂല്യമാണുള്ളത്. ഈ നിർവചനത്തിൽ അദ്ദേഹം രണ്ട്‌ ലക്ഷ്യങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. വ്യക്തിയുടെ ക്ഷേമത്തിന് അനുയോജ്യമല്ലാത്തതും, സന്തോഷവും, സമൃദ്ധിയുമായി പൊരുത്തപ്പെടാത്തതുമായ വേദനാജനകവും പരുഷവുമായ അവസ്ഥയിൽ നിന്ന് ഒരാളെ മോചിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം. അഭിലഷണീയമായതിലേക്ക് എത്തിച്ചേരുക എന്നതാണ് മറ്റൊരു ലക്ഷ്യം, അതായത് ആനന്ദദായകവും, ഇണങ്ങുന്നതും, വ്യക്തിയുടെ ക്ഷേമവുമായി പൊരുത്തപ്പെടുന്നതും, സന്തോഷവും നൽകുന്ന അവസ്ഥ. ഈ നിർവചനം ഖുർആനിലെ കുടിയേറ്റ സങ്കൽപ്പവുമായി മാത്രമല്ല, വിമോചനം, സ്വാതത്ര്യം എന്നീ ആശയവുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. കാരണം വിമോചനം എന്നുള്ളത് അനഭികാമ്യമായ സാഹചര്യങ്ങളിൽ നിന്ന് അഭിലഷണീയമായതിലേക്കുള്ള പുറപ്പാടാണ്. ഇത് മതത്തിലെ പ്രധാന ആശയങ്ങളിലൊന്നാണ്. ജോൺ ഹിക്ക് നിർവചിക്കുന്നത് പൊലെ മതം മനുഷ്യന് രക്ഷയും വിമോചനവുമാണ്. ഇമാം ഗസ്സാലിയുടെ നിർവചനം പിന്നീടുള്ള നൂറ്റാണ്ടുകളിൽ പല സൂഫികളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരാളുടെ സ്വദേശത്തു നിന്ന് പുറപ്പെടൽ അല്ലെങ്കിൽ വിവിധ ഘട്ടങ്ങൾ കടന്ന് ഒരാളുടെ ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റമായിട്ടാണ് മുഹമ്മദ് രിളാ ഖുംശാഹി ‘യാത്ര’യെ കാണുന്നത്. ഒരാളുടെ നാട്ടിൽ നിന്നും ലക്ഷ്യത്തിലെത്താനുള്ള പ്രയാണമായിട്ടാണ് ‘യാത്ര’യെ സയ്യിദ് ജലാലുദ്ദീൻ നിർവചിച്ചത്.

യാത്രക്ക് സമഗ്രമായ നിർവചനം നൽകിയ ശേഷം അതിനെ രണ്ടായി തരം തിരിക്കുന്നുണ്ട് ഇമാം ഗസ്സാലി. അതിലൊന്ന് സ്വദേശത്ത് നിന്ന് വന്യതയിലേക്കുള്ള ശാരീരിക യാത്രയും, മറ്റൊന്ന് ആത്മീയവും, ആന്തരികവുമായ ഹൃദയത്തിന്റെ യാത്രയും. ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും ഏറ്റവും ഉയർന്ന അവസ്ഥയിലേക്കുള്ള ആത്മാവിന്റെ യാത്രയാണത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആന്തരിക യാത്ര ബാഹ്യ യാത്രയേക്കാൾ ശ്രേഷ്ഠമാണ്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ശാരീരിക സഞ്ചാരം നടത്തുന്നവരെയും, ആന്തരികമായി ഹൃദയമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവരെയും ഇമാം ഗസ്സാലി കാണുന്നത് രണ്ട് തീർഥാടകരെപ്പോലെയാണ്. ഒരാൾ ഹജ്ജ് ചെയ്ത് മടങ്ങുന്നു, എന്നാൽ മറ്റേയാൾ വീട്ടിൽ താമസിക്കുമ്പോൾ കഅബ അയാളുടെ ചുറ്റും കറങ്ങുകയും അതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. അസംഖ്യവുമായി ബന്ധപ്പെടാനുള്ള കഴിവും വിവിധ ലോകങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശേഷിയും മനുഷ്യന് നൽകപ്പെട്ടിട്ടുണ്ട്. ഈ യാത്ര ഹൃദയത്തിലൂടെ പ്രാപ്യമാകുന്നതും മനുഷ്യന്റെ സവിശേഷമായ ആദരവുമാണ്.

അക്‌ബറിയൻ യാത്രകൾ

ശൈഖ് ഇബ്നുൽ അറബി(റ) ദൈവത്തിലേക്കുള്ള ഏകാഗ്രതയായിട്ടാണ് യാത്രയെ നിർവചിക്കുന്നത്. മനുഷ്യൻ ശരിയായ യാഥാർത്ഥ്യത്തിലേക്കാണ് (അൽ ഹഖ്/ദൈവം) സഞ്ചരിക്കുന്നതെന്നും വൈയക്തികമായ മനുഷ്യ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ദൈവ പാതയിലേക്കുള്ള മടക്കമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാൽ യാത്രയുടെ അതീന്ദ്രിയമായ യാഥാർത്ഥ്യത്തെ കുറിച്ചുള്ള വിശകലനത്തിലൂടെ തസവ്വുഫിന്റെ മുഴുവൻ ഘടനയും നിലകൊള്ളുന്ന ദൈവത്തോടുള്ള മനുഷ്യ സാമീപ്യത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വ്യാഖ്യാനിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദൈവത്തിൽ നിന്നോ, സ്വന്തത്തിൽ നിന്ന് തന്നെയോ അകലുന്ന എല്ലാ യാത്രക്കാരുടെയും ആത്യന്തിക ലക്ഷ്യം ദൈവം തന്നെയാണ്. ദൈവിക നാമങ്ങൾ വാസ്തവത്തിൽ യാത്രികർക്കുള്ള സങ്കേതമായി വർത്തിക്കുന്നു. ഈ യാത്രകളുടെയെല്ലാം പരിസമാപ്തി അമ്പരപ്പിലാണ്.

ഖുർആനിൽ പരാമർശിക്കുന്ന പതിനാറോളം യാത്രകളിൽ നിന്നും ആത്മീയ ജീവിതത്തിലെ വ്യത്യസ്ത യാത്രകൾ ഇബ്നു അറബി പരികല്പന ചെയ്യുന്നുണ്ട്. യാത്രയെ അദ്ദേഹം പ്രധാനമായും മൂന്നായാണ് തരം തിരിക്കുന്നത്. ‘യാഥാർത്ഥ്യത്തിൽ നിന്ന്’, ‘യാഥാർത്ഥ്യത്തിലേക്ക്’, ‘യാഥാർത്ഥ്യലൂടെ’ ഉള്ള യാത്ര എന്നിവയാണ് ഈ മൂന്ന് യാത്രകൾ. എല്ലാ യാത്രകളും അപകടങ്ങളാൽ നിറഞ്ഞതാണെന്നും ദൈവത്തോടോപ്പമുള്ള യാത്ര യാത്രക്കാരനെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഇത്തരത്തിൽ ത്രിമാന വർഗീകരണം മിസ്റ്റിക്കൽ സഞ്ചാരങ്ങളിൽ മാത്രമല്ല യഥാതഥ്യത്തിലേക്കുള്ളതോ യാഥാർത്ഥ്യത്തിൽ നിന്നുള്ളതോ യാഥാർത്ഥ്യത്തിലൂടെ ഉള്ളതോ ആയ എല്ലാ യാത്രകളെയും അത് ഉൾകൊള്ളിക്കുന്നുണ്ട്. ആത്മീയമായ പരിവർത്തനത്തിൽ യാത്രക്കാരുടെ വർഗ്ഗീകരണത്തിലും അദ്ദേഹം ഈ മാതൃക തന്നെയാണ് പിന്തുടരുന്നത്.

ഇബ്നു അറബിയുടെ അഭിപ്രായത്തിൽ മൂന്ന് തരം സഞ്ചാരികളാണ് യാഥാർത്ഥ്യത്തിൽ നിന്നും സഞ്ചരിക്കുന്നത്. സാത്താനെപ്പോലെ നിരാകരിക്കപ്പെട്ടവരും, അപകീർത്തിക്കപ്പെട്ട എന്നാൽ നിരാകരിക്കപ്പെടാത്ത അവിശ്വാസികളും, നിന്ദിതരായ പാപികളും. രണ്ടാമതായി അല്ലാഹുവിന്റെ സന്നിധിയിൽ നിന്നും സൃഷ്ടികളിലേക്കായി ഇറക്കിയ പ്രവാചകന്മാർ പോലുള്ള തിരഞ്ഞെടുക്കപ്പെട്ടവർ. മൂന്നാമതായി, ദൈവീക യാഥാർത്ഥ്യങ്ങൾ സാക്ഷ്യം വഹിച്ച ശേഷം നേർവഴി കാട്ടാനും നയിക്കുവാനുമായി ഭൗതീക ലോകത്തേക്ക് മടങ്ങിയെത്തിയ വിശുദ്ധർ. ഇതിനു പുറമെ ദൈവത്തിലേക്കുള്ള സഞ്ചാരികൾ മൂന്ന് വിധമുണ്ട്. ഒന്നാമതായി, വിഗ്രഹാരാധകർ അല്ലെങ്കിൽ ആവിശ്വാസികൾ, അല്ലാഹുവിനെ കാണാൻ കഴിയാത്ത അന്ധരാണിവർ. രണ്ടാമതായി, അനുയോജ്യമല്ലാത്ത എന്തിനേക്കാളും അവനെ പരിഗണിക്കുന്നവർ, അല്ലാഹുവിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ബോധ്യം അവന് മാത്രമാണെന്ന് വിളംബരം ചെയ്യുന്നവരാനിവർ. ഇത്തരം ആളുകൾ അവന്റെ മറ കൊണ്ട് തടയപ്പെട്ടിട്ടില്ല, എന്നാൽ അവർക്ക് അവന്റെ കോപം നേരിടേണ്ടി വരുന്നു. മൂന്നാമതായി, പരിരക്ഷിതരും പരിശുദ്ധരുമായ ആളുകളാണ്. ഭയവും വിശാദവും അവരെ സ്പർശിക്കുന്നേയില്ല. അവനിലായുള്ള സഞ്ചാരികൾ രണ്ട് വിധമുണ്ട്. ഒന്നാമതായി, തത്വചിന്തകർ അല്ലെങ്കിൽ അവർക്ക് സാമാനമായവർ. രണ്ടാമതായി, പ്രവാചകന്മാർ, ദൈവദൂതർ, ദൈവത്തിന്റെ സ്നേഹിതർ എന്നിവരെ പോലെ പൂർണമായും സ്വയമേവ അവനിലേക്ക് സഞ്ചരിക്കുന്നവർ.

സൂഫികൾ തങ്ങളുടെ പ്രിയപ്പെട്ടവനിലേക്കുള്ള (ദൈവത്തിലേക്കുള്ള) നീണ്ട പ്രയാണത്തിൽ, അവർ ആത്മാവിന്റെ നന്മകൾ, സ്വഭാവഗുണം, പരിപൂർണത എന്നീ ‘പദവികൾ’ ആർജ്ജിക്കുകയും ഒപ്പം നിരവധി ‘അവസ്ഥ’കളിലൂടെ കടന്ന് പോകുകയും ചെയുന്നുണ്ട്. സൂഫി രചനകൾ ഈ ഘട്ടങ്ങളെയും, അവസ്ഥകളെയും കുറിച്ച് വളരെ വിശദമായി പ്രതിപാതിക്കുന്നുണ്ട്. ഇബ്നു അറബിയുടെ യാത്രകളെ കുറിച്ചുള്ള പഠനങ്ങൾ പല വ്യാഖ്യതാക്കൾക്കും ഈ അവസ്ഥകളെ ആധാരമാക്കി ‘നാല് യാത്രകൾ’ എന്ന മാതൃക രൂപപ്പെടുത്താനുള്ള നിലം ഒരുക്കി കൊടുത്തു. അഫീഫുദ്ധീൻ അൽ തീലിംസാനി ‘മനാസ്സിൽ അൽ സാഈരീൻ’ എന്ന കൃതിയുടെ വ്യാഖ്യാനത്തിലാണ്, നാല് യാത്രകൾ ( അൽ അസ്ഫാർ അൽ അർബഅ) എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. അവ ഇപ്രകരമാണ്: ദൈവത്തിലേക്കുള്ള യാത്ര, ദൈവത്തിലായുള്ള യാത്ര, സൃഷ്‌ടികളിലേക്ക് ദൈവത്തോടൊപ്പമുള്ള യാത്ര, അസ്തിത്വത്തിലേക്ക് അസ്തിത്വത്തോടൊപ്പമുള്ള യാത്ര. ഇബ്നു അറബിയുടെ പഠനങ്ങളെ വ്യാഖ്യാനിച്ച പല വ്യാഖ്യാതാക്കളും, പ്രേതേകിച്ചും ദാവൂദ് അൽ ഖയ്സരി, നാല് യാത്രകളിലെ ആത്മീയവും നിഗൂഢവുമായ പരിവർത്തനങ്ങളെ വിശദീകരിക്കുകയും അതിന് വേണ്ട പ്രചരണം നൽകി. അവ ഇപ്രകാരം സംഗ്രഹിക്കാം:

1) അവന്റെ സൃഷ്‌ടിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്.
2) യാഥാർത്ഥ്യത്തിലായി യാഥാർത്ഥ്യത്തോടൊപ്പം.
3) യാഥാർത്ഥ്യത്തിൽ നിന്ന് യാഥാർത്ഥ്യത്തോടൊപ്പം അവന്റെ സൃഷ്ടിയിലേക്ക്.
4) യാഥാർത്ഥ്യത്തോടൊപ്പം അവന്റെ സൃഷ്ടിയിലേക്ക്.


വിവർത്തനം: സയ്യിദ് ബുഖാരി
Featured Image: Christina Ambalavanar
കൂടുതൽ വായനക്ക്: Journey in Sufism

Comments are closed.