ജിദ്ദ,
ബാബേലിന്റെ മോഹനവാഗദാനം,
നിറയെ ജനങ്ങൾ,
എല്ലാ ആളുകളും ഓ,
മക്കയുടെ കവാടം.
തീർച്ചയായും, ജിദ്ദ തന്നെ ആദ്യവും…
ജിദ്ദ തന്നെ അവസാനവും
– തലാൽ ഹംസ

‘ജിദ്ദ ഗൈർ’ (ജിദ്ദ വ്യത്യസ്തമാണ്) എന്ന തലാൽ ഹംസയുടെ കവിതയിലെ ചെറിയൊരു ഭാഗമാണിത്. കൈറോ, ബെയ്റൂത്, കാസാബ്ലാങ്ക തുടങ്ങി മറ്റു അറബ് നഗരങ്ങളേക്കാൾ മഹത്തായ നഗരമാണ് കവിയെ സംബന്ധിച്ചിടത്തോളം ജിദ്ദ. തബൂക്ക് പ്രദേശക്കാരനായ കവി മുതൽ ജിദ്ദക്കാരും അല്ലാത്തവരും പലരീതിയിലായിരിക്കും ജിദ്ദയുടെ ആ വ്യത്യസ്തതയെ കണ്ടെത്തുന്നത്. സൗദി ടൂറിസം ഏജൻസി മാർക്കറ്റ് ചെയുന്ന ശാന്തമായ ജീവിത ശൈലി മുതൽ ജിദ്ദ സമ്മർ ഫെസ്റ്റിവൽ വരെ, ‘ജിദ്ദ ഗൈർ’ എന്ന തലക്കെട്ടിനെ അർത്ഥപൂർണമാക്കുന്നുണ്ടാവണം. അതോടൊപ്പം മറ്റ് സൗദി നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൃത്യമായ നഗരാസൂത്രണത്തിന്റെ അഭാവത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലും അതിൽ ഉൾക്കൊള്ളുന്നുണ്ടാവണം.

2000ത്തിൽ ആദ്യമായി ജിദ്ദ നഗരം സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ട ജനങ്ങൾക്കിടയിലെ അതിശയകരമായ വൈവിധ്യമാണ് ‘ജിദ്ദ ഗൈറി’നെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ ബോധ്യം രൂപപ്പെട്ടത്. ചെങ്കടലിന്റെ തീരത്ത് വ്യാപിച്ച് കിടക്കുന്ന ജിദ്ദയിൽ നാല് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. വിശുദ്ധ നാടുകളായ മക്കയെയും മദീനയെയും ഉൾക്കൊള്ളുന്ന ഹിജാസ് പ്രവിശ്യയിലാണ് ജിദ്ദയും. സൗദിയിലെ പഴയ നഗരങ്ങളും, കച്ചവട കേന്ദ്രങ്ങളുമെല്ലാം ആധുനികവൽകരിക്കപ്പെട്ടു എങ്കിലും ജിദ്ദയിൽ ഓൾഡ് മാർക്കറ്റ് സ്ട്രീറ്റ് (സൂഖ്) തന്നെയാണ് ഇന്നും തുണിത്തര വ്യാപാരത്തിന്റെ കേന്ദ്രം. പവിഴക്കല്ലുകൾ കൊണ്ട് നിർമ്മിതമായ സുന്ദരമായ കെട്ടിടങ്ങളും അവയിലെ സങ്കീർണമായ കൊത്തുപണികളുമെല്ലാം അവയുടെ മുൻകാല ഉടമസ്ഥരുടെ സാമ്പത്തിക ഭദ്രതയെ വിളിച്ചോതുന്നതാണ്. ഓൾഡ് സിറ്റിയിലെ പ്രധാനയിടങ്ങളിലും, ബീച്ചുകളിലും, മാളുകളിലുമെല്ലാം വ്യത്യസ്ത ദേശക്കാരായ മനുഷ്യരെ കാണാനാവും, പ്രത്യേകിച്ചും ഹജ്ജ് സീസണുകളിൽ.

“ചെങ്കടലിന്റെ മണവാട്ടിയെന്ന്” നാട്ടുകാർ അഭിമാനത്തോടെ വിളിക്കുന്ന ജിദ്ദ പല മാറ്റങ്ങളിലൂടെയും കടന്നുപോയി എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട ആ കവിതയിൽ 1814ൽ ജിദ്ദ സന്ദർശിച്ച സ്വിസ് യാത്രികനായ ജോൺ ലൂയിസ് ബർക്ക്‌ഹാർട്ടിന്റെ വാക്കുകളുടെ ധ്വനിയുണ്ട്. പ്രവാചകന്റെ കുടുംബത്തിലെ പിന്മുറക്കാരെ മാറ്റി നിർത്തിയാൽ ജിദ്ദയിലെ ജനതയിലധികവും വൈദേശികരോ അവരുടെ മക്കളോ ആണെന്ന് അദ്ദേഹം അത്ഭുതത്തോടെ കുറിക്കുന്നുണ്ട്. പ്രാദേശിക ജനത വേരറ്റുപോവുകയോ, മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയോ ചെയ്തപ്പോൾ ഹള്‌റമികൾ, യെമനികൾ, ഇന്ത്യക്കാർ, മലായ്കൾ, മിസ്‌രികൾ, സിറിയക്കാർ, നോർത്ത് ആഫ്രിക്കക്കാർ, ഒട്ടോമൻ പ്രദേശങ്ങളായ യൂറോപ്പ്, അനാറ്റോളിയ തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ളവർ തുടങ്ങി ജിദ്ദയിൽ കണ്ട വൈദേശികരെ അദ്ദേഹം കുറിച്ചു വെക്കുന്നുണ്ട്. ഇന്ത്യക്കാരൊഴികെ മറ്റെല്ലാവരിലും വസ്ത്രധാരണത്തിലും ജീവിത ശൈലിയിലുമെല്ലാം അറബ് സ്വാധീനം ശക്തമാണ് എന്ന് ബർക്ക്‌ഹാർട്ട് രേഖപെടുത്തുന്നത് കാണാം. ജിദ്ദയിലെ പുരാതന കുടുംബങ്ങളുടെ പേരുകൾ പരിശോധിച്ചാൽ ജനങ്ങൾക്കിടയിലെ ആ വൈവിധ്യം പുതിയ പ്രതിഭാസമല്ല എന്ന് മനസ്സിലാക്കാം.

ബഗ്ദാദി, ഇസ്ഫഹാനി, ബുഖാരി, തക്രൂനി തുടങ്ങിയ നാമങ്ങൾ ഇന്നത്തെ ഇറാഖ്, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, വെസ്റ്റ് ആഫ്രിക്കൻ തീരദേശങ്ങളിലെ പൂർവ്വപിതാക്കളിലേക്കും ബാഖശ്വൈൻ ഇന്നത്തെ യമനിലെ ഹള്‌റമൗത്തിലേക്കും സൂചനകൾ നൽകുന്നുണ്ട്. അസാധാരണമായ ആ വൈവിധ്യത്തിനുള്ള കാരണമായി ബർക്ക്‌ഹാർട്ട് ചൂണ്ടിക്കാണിക്കുന്നത് മുഹർറം മാസത്തിൽ മക്കയിൽ നടക്കുന്ന വലിയ സംഗമങ്ങൾക്ക് ഒരിടവഴിയാകാൻ ജിദ്ദക്ക് സാധിച്ചിരുന്നു എന്നതാണ്. കച്ചവടം വഴിയാണ് ജിദ്ദക്കാർ അവരുടെ സമ്പത്തിലധികവും നേടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജോലി തേടുന്നവരും , കച്ചവടക്കാരും , ഈജിപ്ഷ്യൻ പട്ടാളവും, അതിലുപരിയായി ഓട്ടോമൻ സാമ്രാജ്യവുമെല്ലാം അവിടത്തെ അപരിചിത മുഖങ്ങളുടെ എണ്ണം കൂട്ടി. തീർത്ഥാടകരുടെ ഇടത്താവളമെന്നതിന് പുറമെ, ഇന്ത്യൻ മഹാസമുദ്രത്തിനും മെഡിറ്ററേനിയനുമിടയിലെ വ്യാപാര സംഭരണശാല കൂടിയായിരുന്നു ജിദ്ദ.

തീർത്ഥാടന സമയത്ത് കടന്നു പോവുക എന്നതിലുപരി ആ ദേശത്തെ പഴയ കുടുംബങ്ങളായി പല ദേശത്ത് നിന്നുള്ള സമൂഹങ്ങൾ മാറിയതെങ്ങനെ എന്നത് ചിന്തിപ്പിക്കുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് മാത്രം സ്ഥിര താമസമുണ്ടായിരുന്ന അവിടെ ഹജ്ജ് സമയത്ത് പത്തിരട്ടിയോളം ജനപ്രവാഹം വർദ്ധിക്കുമായിരുന്നു. മൺസൂണിനെ ആശ്രയിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കപ്പലിൽ യാത്ര ചെയ്തിരുന്ന വലിയൊരു വിഭാഗം തീർത്ഥാടകർ ഹജ്ജ് ചെയ്യുന്നതിനും മടങ്ങുന്നതിനുമായി ദീർഘകാലം മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലായി തങ്ങേണ്ടി വന്നിരുന്നു. 1870-80കൾ വരെ ആ സ്ഥിതി തുടർന്നു. അക്കാരണത്താൽ ജിദ്ദയിലേക്ക് പോകുന്നവരിൽ നിന്ന് തീർത്ഥാടകരെയും തൊഴിലന്വേഷകരെയും വേർതിരിക്കൽ പ്രയാസമായിരുന്നു. ഹജ്ജ് കഴിഞ്ഞു മടക്കയാത്രക്കായുള്ള കാത്തിരിപ്പിനിടയിൽ ചെറിയ തൊഴിലുകൾ കണ്ടെത്തി പിന്നീട് സ്ഥിര താമസക്കാരായി മാറുന്നതും, തൊഴിലിനായി വന്നവർ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ മടങ്ങുന്നതും സാധാരണമായിരുന്നു. ജിദ്ദയിലെ വ്യാപാരങ്ങൾ പ്രധാനമായും ഹജ്ജിനെ കേന്ദ്രീകരിച്ചാണ് നിലനിന്നിരുന്നത്. തീർത്ഥാടക സംഘമായുള്ള കപ്പലിലും യാത്രാ സംഘങ്ങളിലുമെല്ലാം വ്യാപാരച്ചരക്കും കൂടെയുണ്ടാകും. ഹജ്ജിന് വന്ന തീർത്ഥാടകർക്ക് വേണ്ട വെള്ളവും, ഭക്ഷണവസ്തുക്കൾക്കും മറ്റുമായി വ്യാപാര സംവിധാനങ്ങൾ നിലവിൽ വന്നു.

1840ൽ ഓട്ടോമൻ ഈജിപ്തിന്റെ സ്വതന്ത്ര ഗവർണ്ണറായിരുന്ന മുഹമ്മദ് അലി പാഷക്ക് ജിദ്ദയുടെ ഭരണം ഇസ്താംബൂളിലെ ഓട്ടോമൻ കേന്ദ്ര ഭരണാധികാരികൾക്ക് തന്നെ തിരിച്ചേൽപ്പിക്കേണ്ടി വന്നു. 1838ൽ തുടക്കം കുറിച്ച ഓട്ടോമൻ പരിഷ്കരണങ്ങൾ പിന്നീടങ്ങോട്ട് ജിദ്ദയെ പല വിധേന ബാധിക്കാൻ തുടങ്ങി.1840കളോടെ ആവിക്കപ്പലുകളുടെ കടന്നുവരവും, ഭൂമിശാസ്ത്ര, സാങ്കേതികപരമായ വികസനങ്ങളും വന്നതോടെ ജിദ്ദയുടെ സാമ്പത്തിക നില വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി.

1947ൽ സിറ്റി വാൾ തകർക്കപ്പെട്ടതോടെ അതിന് പുറത്തുണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളുമായുള്ള സൂഖിന്റെ വിനിമയം സുഗമമാക്കി. ലോക മഹായുദ്ധം കാരണം നിശ്ചലമായ സൗദിയുടെ എണ്ണ ഉൽപാദനം 1950കളോടെ പുനരാരംഭിക്കുകയും വലിയൊരു സാമ്പത്തിക കുതിപ്പിന് ഹേതുവാകുകയും ചെയ്തു. അതോടെ പഴയ നഗര ഇടങ്ങൾ ഗ്രാമങ്ങളിൽ നിന്നും കുടിയേറിയ പുതിയ അവകാശികൾക്കായി വഴിയൊരുക്കി. നഗരപ്രദേശങ്ങളിൽ പുതുതായി താമസിക്കുന്നവരുടെ എണ്ണം കൊണ്ടും അവരുടെ ദേശ വൈജാത്യം കൊണ്ടും ആ കാലഘട്ടം ‘തീർത്ഥാടന’ത്തിലൂടെയുള്ള കുടിയേറ്റങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. 1950കളിലെ വ്യോമ ഗതാഗതത്തിന്റെ ആഗമനത്തോടെ തീർത്ഥാടക സംഘങ്ങളുടെ ജിദ്ദയിലെ ദിവസങ്ങൾ കുറയുകയും, 1981ൽ മക്കയിൽ പുതിയ വിമാനത്താവളം വന്നതോടെ ജിദ്ദ പൂർണ്ണമായും ചിത്രത്തിൽ നിന്ന് മറയുകയും ചെയ്തു.

ജിദ്ദയിലെ ബഹുസ്വരത; പ്രാദേശിക വീക്ഷണങ്ങൾ

ജിദ്ദക്കാരെ സംബന്ധിച്ചിടത്തോളം അവിടെ സ്ഥിര താമസമാക്കിയ വ്യത്യസ്ത ദേശക്കാരായ ആളുകൾ ‘പുറം നാട്ടുകാർ’ എന്ന നിലയിൽ മാറ്റിനിർത്തേണ്ടവരല്ല, മറിച്ച് അവരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. വർഷവും നടക്കുന്ന ഹജ്ജ് ജിദ്ദയുടെയും ഭാഗമായി മാറിയതു കൊണ്ട് തന്നെ ഹജ്ജിനെക്കുറിച്ചും വിദേശികളോടുള്ള ആതിഥേയത്വക്കുറിച്ചുമെല്ലാം പ്രാദേശികമായ വീക്ഷണങ്ങൾ അവിടത്തെ ചരിത്രത്തിലും, സാഹിത്യത്തിലും, പഴമൊഴികളിലും, പ്രാദേശിക വാമൊഴി ചരിത്രങ്ങളിലുമെല്ലാം കാണാനാവും.

ദൈവത്തിന്റെ അതിഥികളും ആതിഥേയത്വവും

ജിദ്ദയുടെ ചരിത്രത്തിലും വാമൊഴി പാരമ്പര്യങ്ങളിലും കൂടുതലായി കടന്നുവരുന്ന ഒരു വിഷയം തീർത്ഥാടകർക്ക് നൽകപ്പെടുന്ന സ്വീകരണങ്ങളാണ്. അവർക്ക് തീർത്ഥാടകർ എന്നത് അല്ലാഹുവിന്റെ വിശുദ്ധ ഭവനമായ കഅബയിലേക്കുള്ള അതിഥികളാണ്. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും കഴിവാർജ്ജിച്ച ഒരു വിശ്വാസിക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട വിശുദ്ധ കർമ്മമാണത്. മക്കയോടടുത്ത തുറമുഖമെന്ന ജിദ്ദയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം മതത്തിൽ ആദരവ് കൽപ്പിച്ച തീർത്ഥാടകർക്കുള്ള അതിഥേയത്വത്തിനുള്ള അവസരം മക്കക്കാർക്കെന്നപോലെ ജിദ്ദക്കാർക്കും ലഭ്യമാക്കി.

ദൈവത്തിന്റെ അതിഥികൾക്ക് വേണ്ടിയുള്ള സേവനങ്ങൾ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുന്നതിന് കാരണമായി. സുരക്ഷയും, ഭക്ഷണവസ്തുക്കളുടെ ലഭ്യതയും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായപ്പോൾ താമസ-യാത്ര സൗകര്യങ്ങൾ തരപ്പെടുത്തുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും സ്വദേശികളായിരുന്നു. അത് സ്വകാര്യ വീടുകൾ തീർത്തും അപരിചിതർക്ക് വാടകക്ക് നൽകുക എന്നത് പതിവായി മാറുന്നതിലേക്ക് നയിച്ചു. ഇന്ന് ഹജ്ജിന്റെ സംഘാടനം എന്നത് സഊദി ഭരണകൂടത്തിന്റെ അഭിമാന പ്രശ്നമായി മാറി. 1986ൽ “രണ്ട് വിശുദ്ധ ഹറമുകളുടെ പരിചാരകൻ” എന്ന സ്ഥാനപ്പേര് സൗദി ഭരണാധികാരികൾ ഏറ്റെടുത്തതിൽ ആ വസ്തുത കൂടുതൽ വ്യക്തമാകുന്നുണ്ട്. ഓട്ടോമൻ ഭരണകൂടത്തിനും, കുറഞ്ഞ കാലം മാത്രമുണ്ടായിരുന്ന ശെരീഫിയൻ ഭരണത്തിലും, സൗദിയുടെ പ്രഥമ രാജാവായ അബ്ദുൽ അസീസ് ആലു സഊദിന്റെ ഭരണത്തിലുമെല്ലാം ഹജ്ജ് തീർത്ഥാകരുടെ സംഘാടനം എന്നത് അധികാര സാധൂകരണത്തിന് പ്രധാനമായിരുന്നു എങ്കിലും, എണ്ണ കണ്ടെത്തുന്നതിന് മുമ്പുള്ള കാലഘട്ടങ്ങളിൽ സ്വദേശികളുടെ ഇടപെടലുകളും തയ്യാറെടുപ്പുകളും ഹജ്ജിന്റെ കേന്ദ്ര ഭാഗമായിരുന്നു.

ആതിഥേയത്വം എന്നത് അറബ് മുസ്‌ലിം സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. ക്രിസ്ത്യൻ ഹീർഷ്ഫെൽഡ് 1777ൽ പുറത്തിറക്കിയ ആതിഥേയത്വത്തെ കുറിച്ചുള്ള ഒരു ലഖുകുറിപ്പിൽ ആതിഥേയത്വം എന്നത് സർവ്വലൗകികമായി നിലനിൽക്കുന്ന നന്മയാണ് എന്ന് രേഖപെടുത്തുന്നുണ്ട്. എന്നാൽ മധ്യേഷ്യൻ സംസ്കാരത്തിൽ (അദ്ദേഹത്തിന്റെ ഭാഷയിൽ അറബ്, തുർക്കിഷ്, പേർഷ്യൻ നാടുകളിൽ) അത് കൂടുതൽ വിപുലവും, സജീവവുമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. തീർച്ചയായും കാലക്രമത്തിൽ ആതിഥേയത്വം എന്ന ആശയവും, അതിന്റെ രൂപങ്ങളും പല തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പരമ്പരാഗത അറബ് ആതിഥേയത്വം എന്നത് ‘വിശ്വാസം, സംരക്ഷണം, ആദരവ്’ എന്നിവയെ ഉൾക്കൊള്ളിക്കുന്നതാണ്. ഭരണകൂടമില്ലാതിരുന്ന ബദവിയൻ സംസ്കാരത്തിന്റെ പരസ്പര ആശ്രിതത്വം എന്ന സങ്കലപ്പത്തിൽ നിന്ന് രൂപപ്പെട്ടതാണ് ആ ആതിഥ്യ സംസ്കാരം.

ഹറം പോലെ അറബ് ലോകത്തുള്ള വിശുദ്ധ സ്ഥലങ്ങളെല്ലാം തന്നെ വിത്യസ്ഥരായ ജനവിഭാഗങ്ങളുടെ സംഗമങ്ങൾക്കുള്ള സുരക്ഷിത സ്ഥലമാണ്. ഇസ്‌ലാമിന് മുമ്പ് തന്നെ മക്ക അത്തരമൊരു ഇടമായിരുന്നു. ഇവക്ക് പുറമെയുള്ള സ്ഥലങ്ങളിൽ യാത്രികർക്ക് ഭക്ഷണവും താമസവുമെല്ലാം അവരുടെ ആതിഥേയന്റെ കാരുണ്യത്തിലായിരിക്കും. അപരിചിതത്വം മാറ്റി വെച്ച് ആതിഥേയന്റെ ധാർമ്മിക ബാധ്യതയെന്നോണം അതിഥിയുടെ സംരക്ഷണമേൽക്കുകയും താൽകാലികമെങ്കിലും സ്വഗൃഹമെന്നോണമുള്ള പരിഗണനയും അതിഥികൾക്ക് അവിടങ്ങളിൽ നൽകപ്പെട്ടു. കൃസ്ത്യൻ-ജൂത പാരമ്പര്യത്തിലുണ്ടായിരുന്ന ആ അതിഥി-ആതിഥേയത്വ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെട്ടുത്തുന്നതായിരുന്നു ഇസ്‌ലാമിക ആശയങ്ങൾ.

ആതിഥേയത്വത്തിലേക്ക് മതപരമായ നിർദ്ദേശങ്ങൾ ചേരുന്നതോടെ അതിഥിക്കും, ആതിഥേയനുമിടയിലെ ബന്ധം സാധാരണയേക്കാൾ ദൃഢമായി മാറുന്നുണ്ട്. സ്വമേധയാ രൂപപ്പെടുന്ന സർവ്വ ദേശീയത (voluntaristic cosmopolitanism) എന്ന് ഷെൽഡൺ പൊള്ളോക്ക് വിശേഷിപ്പിക്കുന്ന വീട്ടകങ്ങളിലേക്കുള്ള അപരിചിതരുടെ താൽക്കാലിക സ്വീകരണം മറ്റു മത പരിസരങ്ങളിലും കാണാവുന്നതാണ്. പ്രായോഗിക നൈതികതയുമായി ബന്ധപ്പെട്ട് ഒരുപക്ഷേ മതഗ്രന്ഥങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും ആതിഥേയത്വം എന്നത് അടിസ്ഥാനപരമായി മാനുഷിക വികാരങ്ങളുടെ ഭാഗമായിരിക്കണം. മോണ സിദ്ദീഖി പറയുന്നത് പോലെ ആതിഥേയത്വമാണ് നിത്യജീവിതത്തിലെ സാധാരണ മനുഷ്യർക്കിടയിൽ ദൈവികതയെ സജീവമാക്കി നിലനിർത്തുന്നത്. ദൈവീക നന്മയെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് സൃഷ്ടാവ് മനുഷ്യരോട് ആവശ്യപ്പെടുന്നത് എന്ന വിശ്വാസത്തിന്റെ ഭാഗമാണത്. തീർത്ഥാടകർ അവരുടെ ഹജ്ജ് വസ്ത്രത്തിൽത്തന്നെയാണ് പലപ്പോഴും ജിദ്ദയിൽ താൽകാലിക വാസം നടത്തിയിരുന്നത്. ശേഷം മക്കയിലേക്കുള്ള യാത്രയിൽ സ്വദേശികളും അവരോടൊപ്പം ഹജ്ജിനായി ചേരുമായിരുന്നു.

തീർത്ഥാടകരായ അതിഥികളുമായുള്ള ആ ബന്ധങ്ങളായിരിക്കണം അറബ് ലോകത്തെ വൈവാഹിക ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. അറേബ്യയിലെ പല നഗര പ്രദേശങ്ങളിലും അന്യ കുടുംബങ്ങളുമായുള്ള വിവാഹ ബന്ധങ്ങൾ നിലനിന്നിരുന്നു എങ്കിലും ഗോത്ര സംവിധാങ്ങൾക്ക് പുറത്ത് നിന്നുമുള്ള വിവാഹങ്ങൾ ഏറെക്കുറെ അസാധ്യമായിരുന്നു. അതേസമയം, ജിദ്ദയിലെ കുടിയേറ്റക്കാരായ പലരും പ്രദേശവാസികളായ സ്ത്രീകളെ വിവാഹം കഴിച്ചതായുള്ള ചരിത്രങ്ങൾ നിരവധിയുണ്ട്. അതായത്, ബർക്ക്‌ഹാർട്ട് പറയുന്ന പൊതു സമൂഹത്തിലുള്ള ഇഴകിച്ചേരലുകൾ എന്നത് വസ്ത്രവും, ഭാഷയും സ്വീകരിക്കൽ മാത്രമായിരുന്നില്ല.


കൂടുതൽ വായനക്ക്: A History of Jeddah: The Gate to Mecca in the Nineteenth and Twentieth Centuries
Publisher: Cambridge University Press

വിവർത്തനം: ബിഷ്ർ ഇസ്മായിൽ
Featured : Dhau on the shatt al Arab

Comments are closed.