ഇസ്‌ലാമും ആതിഥേയത്വവും അധ്യായം ഒന്ന്

ജ്ഞാനോദയ കാലഘട്ടത്തിലെ പ്രമുഖ തത്വചിന്തകനായ  ഇമ്മാനുവൽ കാന്റ് ആതിഥേയത്വത്തെ (hospitality) കാണുന്നത് തീർത്തും വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ തുറകളിൽ നിന്നുള്ള ജനങ്ങളെ ഒരു രാഷ്ട്രീയ ചുറ്റുപാടിൽ ഒരുമിച്ച് നിർത്തുന്ന ഘടകമായിട്ടാണ്. കാന്റിനെ സംബന്ധിച്ചിടത്തോളം ഭൂമിയിലുള്ള സർവ്വ മനുഷ്യനും കിട്ടേണ്ടുന്ന ‘സ്വാഭാവിക അവകാശമാണ്’ ആതിഥ്യം എന്നുള്ളത്. എല്ലാവരിലും നിലനിൽക്കുന്ന ആതിഥേയത്വത്തിന്റെ സ്വാഭാവിക അവകാശവും, അതിഥിക്ക് ആതിഥേയന്റെ മേലുള്ള അവകാശവും തമ്മിൽ അദ്ദേഹം വേർതിരിക്കുന്നുണ്ട്. അതേസമയം ജ്ഞാനോദയ വിമർശകനായ Alasdair MacIntyre  ആതിഥേയത്വത്തെ കാണുന്നത് സാമൂഹത്തിന്റെ ശരിയായ മുന്നോട്ട് പോക്കിന് അത്യാവശ്യമായ സാർവ്വലൗകികമായ ഒരു പ്രാക്ടീസ് എന്ന നിലയിലാണ്.

ക്രിസ്ത്യൻ ദൈവശാസ്ത്ര വ്യവഹാരങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ ആതിഥേയത്വത്തെ കേന്ദ്രീകരിച്ചുള്ള ദൈവശാസ്ത്ര രചനകൾ കുറവാണ് എന്ന് കാണാം. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വ്യവഹാരങ്ങൾ കൂടുതലായി കാണാനാവുക ദാനധർമ്മങ്ങളെക്കുറിച്ചും, അയൽവാസിയോട് പുലർത്തേണ്ട കടമകളെക്കുറിച്ചും, അന്യോന്യമുള്ള കൊടുക്കൽ വാങ്ങലുകളെ സംബന്ധിച്ചുമെല്ലാം ഉള്ള ചർച്ചകളിലാണ്. ആധുനിക വ്യവഹാരങ്ങളിൽ നിലനിൽക്കുന്ന അർത്ഥത്തിലുള്ള ആതിഥേയത്വം വൈവിധ്യം നിറഞ്ഞ മിസ്റ്റിക്കൽ, ഫിലോസോഫിക്കൽ, അദബ് വ്യവഹാരങ്ങളിൽ കാണാനാവും.

പാശ്ചാത്യ പാരമ്പര്യത്തിൽ ആതിഥേയത്വത്തെ സംബന്ധിച്ച വിശാലമായ വ്യവഹാരങ്ങൾ കാണാനാവും. മതം, തത്വചിന്ത എന്നിവയിലൂന്നി ജാക്വസ് ദെറിദ, ഇമ്മാനുവൽ ലെവിനാസ് തുടങ്ങിയ രാഷ്ട്രീയ തത്വചിന്തകരുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള സംവാദങ്ങളിൽ ‘ഹോസ്പിറ്റാലിറ്റി’ എന്ന ആശയം പ്രകടമാകുന്നത് കാണാനാവും. ദെറിദ നിരീക്ഷിക്കുന്നത് ഹോസ്പിറ്റാലിറ്റി ആരംഭിക്കുന്നത് തന്നെ പ്രഥമമായും പ്രധാനമായും ഭാഷയിൽ നിന്നാണ് എന്നാണ്.

നമ്മൾ ഒരു ഭാഷ മാത്രമേ സംസാരിക്കുന്നുള്ളൂ, അതാകട്ടെ അപരനിലേക്ക് തിരിച്ചു പോകുന്നതിനാൽ അത് നിലകൊള്ളുന്നത് അസിമെട്രിക്കലായിട്ടാണ്, എപ്പോഴും അപരന് വേണ്ടി, അപരനിൽ നിന്ന്, അപരന്റെ  സൂക്ഷിപ്പിൽ, അപരനിൽ നിന്ന് തുടങ്ങി, അപരനിൽ നിലകൊണ്ട് അത് അപരനിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കും

Monolingualism of the Other, Or, The Prosthesis of Origin

ദെറിദയെയും, ലെവിനാസിനെയും സംബന്ധിച്ചിടത്തോളം ഹോസ്പിറ്റാലിറ്റി അതിന്റെ എല്ലാ വൈവിധ്യങ്ങളും, വെല്ലുവിളികളും അടക്കം മനുഷ്യാവസ്ഥയുടെ ഭാഗമായി കാണേണ്ടതുണ്ട്. ആതിഥ്യത്തെ ശത്രുതക്ക് മുകളിലായി കാണുന്ന മനുഷ്യ നന്മയായി. ലെവിനാസിനെയും ദെറീദയെയും പിന്തുടർന്ന് ഹോസ്പിറ്റാലിറ്റിയെ നമുക്ക് രണ്ട് രീതിയിൽ നിർവ്വചിക്കാനാവും. ഒന്നാമതായി ഒരാളുടെ വീടിന്റെ സ്വകാര്യതയുടെ അടിസ്ഥാനത്തിൽ അതിന്റെ സ്വകാര്യതയിലേക്കോ അയാളുടെ ബീയിംഗിലേക്ക് തന്നെയോ അപരനെ സ്വാഗതം ചെയ്യലാണ്. സാഹോദര്യവും, സൗഹാർദ്ധവുമായി ബന്ധപ്പെട്ട ജൂതമത തത്വങ്ങളെ വികസിപ്പിച്ചുകൊണ്ടാണ് വീടിന്റെ സ്വകാര്യതയിലേക്ക് സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചും സ്വാഗതം ചെയ്യപ്പെടുന്നതിനെക്കുറിച്ചുമുള്ള ആലോചനകൾ ലെവിനാസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വീക്ഷണത്തിൽ നിന്ന് കൊണ്ടുള്ള ഹോസ്പിറ്റാലിറ്റിയെ കുറിച്ചുള്ള പഠനങ്ങൾ ലക്ഷ്യം വെച്ചത് മറ്റുള്ളവരെ സ്വീകരിക്കുന്നതിലും, മറ്റൊരാളാൽ സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിലൂടെയുള്ള സബ്ജെക്ട് – ഐഡന്റിറ്റി രൂപീകരണത്തെ പറ്റിയുള്ള ചോദ്യങ്ങളാണ്.

രണ്ടാമതായി ഹോസ്പിറ്റാലിറ്റിയെ നിർവചിക്കുന്നത് പൊതു ഇടങ്ങളിലെ സാംസ്കാരികവും, പൊതുജീവിതവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ അടിസ്ഥാനത്തിലാണ്. അപരിചിതരെയും, കുടിയേറ്റക്കാരെയും, അഭയാർത്ഥികളെയും എങ്ങിനെയാണ് സമൂഹങ്ങൾ ഒരു രാജ്യത്തേക്കോ, സ്ഥലത്തേക്കോ ക്ഷണിക്കുകയോ, സ്വീകരിക്കുകയോ ചെയ്യുന്നത് എന്നത് ഇതിൽ പ്രധാനമാണ്. ആഗോളവൽക്കരണത്തോട് അനുബന്ധമായി വർദ്ധിച്ച തോതിലുള്ള കുടിയേറ്റങ്ങളും, യുദ്ധങ്ങളിൽ നിന്നും വിവിധ സംഘട്ടനങ്ങളിൽ നിന്നും ഉണ്ടായിത്തിത്തീരുന്ന അഭയാർത്ഥി സമൂഹങ്ങളും അതിഥിയോ, അപരിചിതനോ ആയി വ്യക്തികളെ സ്വാഗതം ചെയ്യുന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള പുതിയ ആലോചനാ സാധ്യതകൾ തുറക്കുന്നുണ്ട്.

ദെറിദയെ സംബന്ധിച്ചിടത്തോളം ആതിഥേയത്വം തന്നെയാണ് നൈതികത, നൈതികത എന്നത് ആതിഥേയത്വവും. കേവലം നൈതികത എന്നതിനപ്പുറം സംസ്കാരം തന്നെയാണത്. ആതിഥേയത്വം എന്നത് അതിർത്തികൾ മുറിച്ച് കടക്കലാണ്. സെൽഫിന്റെയും, അപരന്റേയും ഇടയിലും, പബ്ലിക്കിന്റെയും, പ്രൈവറ്റിന്റെയും ഇടയിലുമുള്ള അതിർത്തികൾ. ദെറിദയുടെ വീക്ഷണത്തിൽ ആതിഥേയത്വം സംസ്കാരത്തിനും, അപനിർമ്മണത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളും, കുടിയേറ്റക്കാരും, അഭയാർത്ഥികളും, സന്ദർശകരും അടങ്ങുന്ന അപരരോടുള്ള നിലപാടിനുള്ള റാഡിക്കലായ ബദൽ ആതിഥേയത്തെക്കുറിച്ചുള്ള ആലോചനകൾ മുന്നോട്ട് വെക്കുന്നുണ്ട്.

അപരിചിതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട അബ്രഹാമിക് ജൂത-ക്രൈസ്തവ കഥകളെക്കുറിച്ചുള്ള ലവിനാസിന്റെ രചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ദെറിദ ഹോസ്പിറ്റാലിറ്റി എന്നത് ടോളറൻസ് എന്ന ആശയത്തിനും അപ്പുറത്തേക് പോകേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. ആതിഥേയത്വം എന്നത് അധികാര സ്ഥാനത്തായിരിക്കുക എന്നത് മാത്രമല്ല, മറിച്ച് പ്രതിസന്ധികളും, അപായ സാധ്യതകളും നേരിടാൻ തെയ്യാറാവുക എന്നത് കൂടിയാണ്. ആഗോളവൽക്കരണം സജീവമാവുകയും, അതോടൊപ്പം അതിർത്തികൾ കൂടുതൽ ശക്തമാവുകയും ചെയ്ത ഇക്കാലത്ത് അപരിചിതരെ സ്വീകരിക്കുന്നതിനുള്ള അവകാശം എന്നത് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

എഡ്‌വേഡ്‌ സൈദിന്റെ വാക്കുകൾ ഇവിടെ പ്രത്യേകം പ്രസക്തമാണ്:

ഞാൻ വിശ്വസിക്കുന്നത് കഴിഞ്ഞ മൂന്ന് ശതകങ്ങളിലെ മഹത്തായ യാഥാർഥ്യം എന്നത് യുദ്ധനന്തരമുള്ള വൻ തോതിലെ കുടിയേറ്റങ്ങൾ , കോളനിവൽക്കരണം, സാമ്പത്തിക രാഷ്ട്രീയ വിപ്ലവങ്ങൾ, പട്ടിണി, വംശീയ ഉന്മൂലനങ്ങൾ, ആധുനിക യുദ്ധോപകരങ്ങൾ ഇവയൊക്കെയാണ്

Reflections on exile and other essays

ഒരു പരമാധികാര ദേശ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നിബന്ധനകളില്ലാത്ത, അതിർത്തികളില്ലാത്ത ആതിഥേയത്വം എന്നത് ക്ഷണിക്കപ്പെടാത്ത അല്ലെങ്കിൽ പ്രതീക്ഷിക്കപ്പെടാത്ത ആളുകളുടെ അനിയന്ത്രിതമായ കടന്നുവരവുമായി ബന്ധപ്പെട്ട ചില നൈതിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇവിടെ Thomas Claviez ചോദിക്കുന്നത് “ലെവിനാസും, ദെറീദയും വിഭാവനം ചെയ്യുന്ന നിയന്ത്രണങ്ങളില്ലാത്ത അവസ്ഥ നിലനിൽക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച്  നടപ്പിലാക്കുന്നത് പോയിട്ട് സങ്കൽപിക്കാവുന്ന ഇടമെങ്കിലും സാധ്യമാണോ? അതല്ല എങ്കിൽ അത്തരം ഒരു ഇടം എന്നത് ഒരു ‘ഒരിക്കലും- സാധ്യമാകാത്ത-ഇടം’ എന്ന അർത്ഥത്തിലുള്ള ശുദ്ധമായ ഉട്ടോപ്പ്യ ആയിരിക്കുമോ? എന്നാണ് . Roxanne Doty ഉപാധികളില്ലാത്ത ഹോസ്പിറ്റാലിറ്റിയുടെ നിലനിൽക്കുന്ന പ്രാക്ടീസുകൾ നമുക്ക് കണ്ടെത്തനാവും എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. അനിയന്ത്രിതമായ ഹോസ്പിറ്റാലിറ്റി എന്നത് ഒരു അസാധ്യതയും, ‘വരാനിരിക്കുന്ന-വാഗ്ദാനമാണ്’ എന്ന് ദെറീദ നിരീക്ഷിക്കുമ്പോൾ തന്നെ അദ്ദേഹം അസാധ്യമായതിന്റെ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരമാധികാര രാഷ്ട്രത്തിലേക്കും, നിയമ വ്യവസ്ഥയിലേക്കും ബന്ധിപ്പിക്കുമ്പോൾ മാത്രമാണ്  ഉപാധികളില്ലാത്ത ആതിഥേയത്വം എന്നത് അസാധ്യമായി മാറുന്നത്. ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരങ്ങളുടെ മനുഷ്യാവകാശപരമായ തലങ്ങളെ വികസിപ്പിച്ചുകൊണ്ട് അസാധ്യമായതിനെ സാധ്യമാക്കണമെങ്കിൽ സ്വീകാര്യമായ നടപടികളെക്കുറിച്ച് ഗവൺമെന്റുകൾക്ക് പുറത്തേക്ക് ചിന്തിക്കേണ്ടതുണ്ട് എന്ന് Doty നിരീക്ഷിക്കുന്നു. അപ്പോൾ മാത്രമേ നമുക്ക് ഉപാധികളില്ലാതെ അപരിചതരായ മനുഷ്യരെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളൂ.

ഫിലോസഫർമാർക്കിടയിലെ പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ധാർമ്മിക വ്യക്തിയും(moral person), നിയമ വ്യക്തിയും (legal person) തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. ഒരു ധാർമ്മിക വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ മൂല്യം നിരുപാധികമാണ്. കാരണം അയാൾ മറ്റൊരു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, മറിച്ച് സ്വയം തന്നെ ലക്ഷ്യമാണ്. ലീഗൽ വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് പരിപൂർണ്ണമായ മൂല്യമില്ല. കാരണം ഒരു ലീഗൽ കമ്മ്യൂണിറ്റിയിലേക്കുള്ള അംഗത്വം തന്നെ ഉപാധികളോടെയാണ് ലഭ്യമാകുന്നത്. Paul Cobbenന്റെ  വീക്ഷണത്തിൽ ധാർമ്മിക കൂട്ടായ്മയുടെ സാർവലൗകികതയും (Universality) നിയമ കൂട്ടായ്മയുടെ പ്രാദേശികതയും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാൻ ഒരു ആഗോള റിപ്പപ്പബ്ലിക്കിന് മാത്രമേ സാധ്യമാവുകയുള്ളൂ. അത്തരമൊരു ഇടത്തിൽ സാധ്യമായ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളിക്കുന്ന ഒരു ലീഗൽ കമ്മ്യൂണിറ്റി മാത്രമേ ഒള്ളൂ എന്നതിനാൽ ലീഗൽ കമ്മ്യൂണിറ്റിയുടെ നിബന്ധനകൾ ഒരാളെയും പുറം തള്ളുകയില്ല. അങ്ങിനെയുള്ള ഹോസ്പിറ്റാലിറ്റിയെ ‘അതിരുകളില്ലാത്ത ഹോസ്പിറ്റാലിറ്റി’ എന്ന് വിളിക്കാവുന്നതാണ്. കാരണം അത്തരമൊരു ലോകത്ത് ആരും എവിടെയും ഉപാധികളില്ലാതെ സ്വീകരിക്കപ്പെടുകയും ധാർമ്മിക വ്യക്തിയായി പരിഗണിക്കപ്പെടുകയും ചെയ്യും. എങ്കിലും അതിർത്തികളില്ലാത്ത ലോകം എന്നത് പ്രായോഗികമോ, അഭിലഷണീയമോ അല്ല എന്നതാണ് യാഥാർത്ഥ്യം. 

അപരിചിതനും ആതിഥേയത്വവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമുള്ള ചരിത്രം രാഷ്ട്രീയ, മത, നൈതികപരമായ തലങ്ങളിലൂടെ മനസ്സിലാക്കാനാവും. പ്രാചീന ഗ്രീക്കുകാർക്കിടയിലെ ആതിഥ്യവുമായി ബന്ധപ്പെട്ട സവിശേഷ ആശയങ്ങൾ ‘xenia’ എന്ന പദത്തിൽ കണ്ടെത്താനാവും. ലാറ്റിൻ പദങ്ങളിൽ ‘hospes’ എന്നത് ആതിഥേയനും, അതിഥിക്കും, അപരിചിതനും ഒരുപോലെ ഉപയോഗിക്കുന്ന പദമാണ്. ഹോസ്റ്റസ് hostis എന്ന പദം ശത്രു എന്നോ സുഹൃത്ത് എന്നോ അർത്ഥമാക്കാവുന്ന അപരിചിതൻ എന്നതിനെ സൂചിപ്പിക്കുന്നു. പുരാതന ഗ്രീക്ക് കഥകളിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലും അപരിചിതൻ എന്നുള്ളത്  ഒരു പ്രശനക്കാരനായിരുന്നു. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട് പുരാതന ഗ്രീക്കുകാർക്ക് വിശാലമായ ബന്ധങ്ങളുടെ നെറ്റ്‌വർക്ക് തന്നെയുണ്ടായിരുന്നു. അന്യോന്യത എന്നുള്ളത് ഹോമറിക് സംസ്കാരത്തിലെ നിർണ്ണായകമായ ഒന്നായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. അപരിചിതരുടെ ദൈവമായ zues പരസ്പര ബന്ധങ്ങളെ നിരീക്ഷിച്ചിരുന്നു. Leon Kass എഴുതുന്നത് പോലെ ‘ഇവിടെ ആതിഥേയത്വം നിലനിൽക്കുന്നത് ഭക്തിയുടെ മുകളിലാണ്. അപരിചിതരുടേയും ഭിക്ഷാടകരുടെ യാചകരുടെ സംരക്ഷകനായ zues ആണ് ആതിഥേയനും, അതിഥിയുടെയും ഇടയിലുള്ള ബന്ധങ്ങളെ സംരക്ഷിച്ച്‌ നിർത്തുന്നത്. ഗ്രീക്ക് ദൈവങ്ങൾ ഇഷ്ടമുള്ള വേഷത്തിലേക്ക് രുപം മാറാം എന്നതിനാൽ അപരിചിതർക്കുള്ള ആതിഥ്യം എന്നത് ഭക്തിയുടെ ഭാഗമായി മാറാം. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണാനിടയില്ലാത്ത അപരിചിതൻ ഒരുപക്ഷെ ദൈവമായിരിക്കാം. ഭിക്ഷാടകരുടെയും, യാചകരുടെയും വേഷത്തിൽ വരുന്ന ദേവീ, ദേവന്മാരാൽ സമ്പന്നമാണ് ഹോമർ കവിതകൾ (Homeric Poems). ജൂത സംസ്കാരത്തിൽ ഒരർത്ഥത്തിൽ ഹോസ്പിറ്റാലിറ്റി എന്നു പറയുന്നത് ദ്രുതഗതിയിൽ മാറ്റം വരുന്ന അപകടകരമായ സാംസ്കാരിക സാഹചര്യത്തോടുള്ള പ്രതികരണമാണ്. ആതിഥ്യം എന്നത് പ്രത്യേകിച്ചും അപരിചിതരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. ‘കാരണം ഒരിക്കൽ നിങ്ങളും അപരിചിതമായ നാട്ടിലെ ഒരു അപരിചിതൻ ആയിരുന്നു’. 

ഹോസ്പിറ്റാലിറ്റി എന്ന പദം ഒരുപാട് അർത്ഥങ്ങളെ ഉൾകൊള്ളിക്കുന്നുണ്ട്. Yetes പറയുന്നത് പോലെ ഹോസ്പിറ്റാലിറ്റി എന്ന പദത്തിന്റെ അർത്ഥ  പശ്ചാത്തലത്തിലേക്കുള്ള ഭാഷാപരവും, പദോൽപ്പത്തി ശാസ്ത്രപരവുമായ ആലോചനകളിലൂടെ മാത്രമേ ആ പദത്തിന്റെ എക്‌സിസ്റ്റൻഷ്യലും, ഫിനോമിനോളജിക്കലുമായ അർത്ഥ വ്യാപ്തിയെ പുറത്തുകൊണ്ടുവരാൻ ആവുകയൊള്ളു. വളരെ ലളിതമായി നിരീക്ഷിക്കുമ്പോൾ ഏകദൈവ വിശ്വാസ സംഹിതയിൽ നിലനിൽക്കുന്ന മൂന്ന് മതങ്ങളിലും ആതിഥേയത്വം എന്നത് പ്രധാന നന്മകളിലൊന്നാണ്. അതോടൊപ്പം ബൈസാന്റിയൻ,  സസാനിയൻ പാരമ്പര്യങ്ങളെ തുടർന്ന് ഇസ്‌ലാമിക സംസ്കാരത്തിന്റെ കേന്ദ്ര ഘടകമായി ആതിഥേയത്വം മാറി എന്ന് കാണാം. മൂന്നു മതങ്ങളിലും പ്രചാരത്തിലുള്ള പ്രധാന സംഭവങ്ങളിലൊന്ന് സെമിറ്റിക് മതങ്ങളുടെ പിതാവായ പ്രവാചകൻ ഇബ്രാഹിം (അ) മുമായി ബന്ധപ്പെട്ടതാണ്. പ്രച്ഛന്ന വേഷത്തിലെത്തിയ മാലാഖമാരെ അവർ മാലാഖമാരെന്ന് അറിയാതെ ഭക്ഷണവും താമസിക്കാൻ ഇടം ഒരുക്കിയ ഇബ്രാഹിം (അ) തന്റെ  അപരിചിതരായ അതിഥികളോട് പ്രതികരിച്ച രീതിയെ ക്രൈസ്തവ, ജൂത, ഇസ്‌ലാമിക പാരമ്പര്യങ്ങളിൽ അതിഥികളെ എങ്ങനെ സ്വീകരിക്കണം എന്നതുമായി ബന്ധപ്പെട്ട ദൈവശാസ്ത്രപരമായ ആലോചനകളെ ഒരുപോലെ സ്വാധീനിച്ചു എന്ന് കാണാം. മാത്രവുമല്ല ഈ മതങ്ങൾക്കിടയിലുള്ള സംവാദങ്ങൾ വികസിക്കുന്നതിനും ഈ പൊതു അനുഭവം കാരണമായി.

ഇത്തരം റഫറൻസുകൾ നിലനിൽക്കെ തന്നെ ഇസ്‌ലാമിക ചിന്തയിൽ സവിശേഷമായി നോക്കിയാൽ അപരിചിതൻ എന്ന വ്യക്തിത്വം ആപേക്ഷികമായി പ്രശ്നങ്ങളില്ലാത്തതാണ് എന്ന് കാണാം. ഹോസ്പിറ്റാലിറ്റിയെ കുറിച്ചുള്ള ഇസ്‌ലാമിക ചർച്ചകൾ കേന്ദ്രീകരിക്കുന്നത് പ്രധാനമായും ‘അപരിചിതൻ/ആതിഥേയൻ’ എന്ന ബന്ധത്തിന് പകരം അതിഥി/ആതിഥേയൻ അല്ലെങ്കിൽ വഴിയാത്രികൻ /ആതിഥേയൻ എന്നീ ബന്ധങ്ങളിൽ ഊന്നിയാണ്.  ഇസ്‌ലാം അതിന്റെ നൈതിക സംവിധാനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന നന്മ (virtue) ആയിട്ടാണ് അഥിതി സൽക്കാരത്തെ കാണുന്നത്. വളരെ പ്രതികൂലമായ മരുഭൂമിയിൽ അപരിചിതരെ സ്വീകരിക്കുന്ന ബദൂയിൻ സംസ്കാരത്തിൽ അതിന്റെ വേരുകളുണ്ട് ضيافة (ദിയാഫ) എന്ന അറബിക് പദത്തിൽ നിന്നും ഈ ആശയം കണ്ടെടുക്കാൻ സാധിക്കും. പ്രവാചകർ (സ) പറയുന്നതായി കാണാം: “അതിഥിയെ സൽക്കരിക്കാത്തവനിൽ യാതൊരു നന്മയുമില്ല”. 

ലോകത്തുള്ള പ്രധാന പാരമ്പര്യങ്ങളിലെല്ലാം അതിഥിയെ സൽക്കരിക്കൽ അല്ലെങ്കിൽ ഒരു അപരിചിതനെ സ്വീകരിക്കൽ എന്നത് ഒരു പ്രധാനമായ ചടങ് തന്നെയാണ്. അപരിചിതൻ ദൈവിക സാന്നിധ്യത്തെ വഹിക്കുന്നതോടൊപ്പം അനുഗ്രഹങ്ങൾ കൊണ്ടുവരും എന്ന വിശ്വാസം വ്യാപകമായി നിലനിന്നതായി കാണാം. മത സമൂഹങ്ങൾക്കിടയിലുള്ള പരസ്പര സഹകരണങ്ങളെക്കുറിച്ചുള്ള ദൈവശാസ്ത്ര പണ്ഡിതരുടെ സമകാലിക ആലോചനകൾ കേന്ദ്രീകരിക്കുന്നത് പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളും അതിരുകളില്ലാത്ത ആതിഥേയത്വവുമായി ബന്ധപ്പെട്ട ചിന്തകളിലാണ്. ഇത്തരം ഇടപാടുകൾ വാക്കുകൾക്കപ്പുറം പ്രാവർത്തിക തലത്തിലേക്ക് കൂടെ വ്യാപിക്കേണ്ടതുണ്ട് എന്ന ആവശ്യവും ശക്തമാണ്.  Fr Pierre-Francois Bethune എഴുതുന്നു:

“ഹോസ്പിറ്റാലിറ്റിയിൽ മറ്റൊരാളെ തന്റെ വീട്ടിലേക്ക് കടക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. അവിടെ ആശയ വിനിമയം വാക്കുകളേക്കാൾ അവ്യക്തത കുറഞ്ഞ ആംഗ്യങ്ങലേക്ക്, മുദ്രകളിലേക്ക് മാറുന്നു. ഒരു അപരിചിതന് താമസം ഒരുക്കിക്കൊടുക്കുക, ഭക്ഷണവും പാനീയവും നൽകുക എന്നത് നിങ്ങൾക്ക് ആ വ്യക്തിയോടുള്ള ബഹുമാനത്തെ കൂടുതൽ വ്യക്തമാക്കുന്ന മുദ്രകളാണ്. അത് വാക്കുകളെ മറികടക്കുന്ന ഇടപാടുകളാണ്”

Interreligious Hospitality: The Fulfillment of Dialogue 

അതിഥിയെ സ്വീകരിക്കുക എന്നത് നാം ആരുമായാണ് സോഷ്യലൈസ് ചെയ്യുന്നത്, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ആരെയെല്ലാമാണ് അനുവദിക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നുണ്ട്. പല ക്രിസ്ത്യൻ വിശ്വാസികളെ സംബന്ധിച്ചിടത്തോളവും ഹോസ്പിറ്റാലിറ്റി എന്നത് എല്ലാ അപരിചിതരിലും ക്രിസ്തുവിന്റെ മുഖം ദർശിക്കലാണ്. ഇത് നമ്മുടെ ജീവിതത്തിലേക്ക് ഒരു പുനർവിചിന്തനം നടത്താനും മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കാനും വഴിയൊരുക്കുന്നു. ആധുനിക സംസ്‌കൃതി ആതിഥേയത്വത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തി എന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. Henri Nouwen എഴുതുന്നുണ്ട്: ആതിഥേയത്വത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇന്ന് മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ആനന്ദകരമായ, ലളിത സംഭാഷണങ്ങളും, ചായ സൽക്കാരങ്ങളുമെല്ലാമാണ്. പക്ഷെ ആതിഥേയത്വം എന്നത് അതിന്റെ ദൈവികമായ മാനത്തിൽ അപരനിലേക്ക് കടന്നു ചെല്ലുക എന്ന അർത്ഥത്തിൽ സെൽഫിനെ ചലഞ്ച് ചെയ്യുകയും, താഴ്മ വളർത്തുകയും, ആത്മീയ പരിവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്. Nouwen എഴുതുന്നു: “ഏതെങ്കിലും ഒരു ആശയത്തെ അതിന്റെ യഥാർത്ഥ ആഴത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതുണ്ട് എന്നുണ്ടെങ്കിൽ അത് ആതിഥേയത്വമാണ്.”

ഇസ്‌ലാമിക സമൂഹങ്ങളിലെ അപരിചിതരോടുള്ള ആതിഥ്യവുമായി ബന്ധപ്പെട്ട് എന്റെ വ്യക്തിപരമായ ഒരനുഭവം പറയാം. ഫ്രഞ്ച്, അറബി ഭാഷകളിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ 1980കളിലാണ് ഞാൻ കൈറോയിലെത്തുന്നത്. എന്റെ ജീവിതത്തിലെ ആദ്യ വിദേശ യാത്രയായിരുന്നു അത്. മുൻ‌കൂട്ടി നിശ്ചയിച്ച പ്രകാരം താരതമ്യേന നഗരത്തിൽ നിന്നും വിട്ട് അൽപ്പം ഉൾപ്രദേശത്തുള്ള ഹോട്ടലിന്റെയടുക്കലെത്തി. റൂമിന്റെ കാര്യങ്ങളും താക്കോലും ശരിയാവുന്നത് വരെ എനിക്ക് കുറച്ചുസമയം പുറത്ത് കാത്തിരിക്കേണ്ടതുണ്ടായിരുന്നു. പുതിയ സ്യൂട്ട് കേസും ഒരുപാട് പുതിയ പ്രതീക്ഷകളുമായി ചുറ്റുമുള്ള പൊടിപടലങ്ങളിലേക്കും മൃഗങ്ങളിലേക്കും ദരിദ്രമായ ചുറ്റുപാടുകളിലേക്കും  കാണ്ണോടിച്ച് ഞാനവിടെ നിന്നു. ഈ സമയം ഒരു കുട്ടിയെയുമേന്തി മധ്യവയസ്‌കയായ ഒരു സ്ത്രീ എന്റെ ഫ്ലാറ്റിന്റെ പടിവാതിൽക്കൽ വന്നു. കുറച്ചു നേരം എന്നെത്തന്നെ നോക്കിയ ശേഷം എഴുന്നേറ്റ് ഒരു കടലാസ് കഷ്ണം ഉപയോഗിച്ച് ആ വാതിൽ പടി തുടച്ച് വൃത്തിയാക്കി അവർ എന്നോട് അവിടെയിരുന്ന് ക്ഷീണം മാറ്റാൻ ആവശ്യപ്പെട്ടു. അപരിചിതയായ തന്റെ പുതിയ അയൽവാസിയെ സ്വീകരിക്കാൻ വന്നതായിരുന്നു അവർ. അവർക്ക് മുന്നിലെത്തിയ ഒരു അപരിചിത മാത്രമായിരുന്നു ഞാൻ. ഫ്ലാറ്റിൽ താമസം തുടങ്ങിയ ശേഷം രണ്ട് ചെറിയ കുട്ടികൾ വന്നിട്ട് അവരുടെ പ്രാദേശിക അറബി ഭാഷയിൽ എന്നോട് എന്തോ സംസാരിച്ചു. അവർ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. അവരുടെ ആവർത്തിച്ചുള്ള വാതിലിൽ മുട്ടും സന്ദർശനവും എന്നെ വല്ലതെ അക്ഷമയാക്കിയിരുന്നു. അടുത്ത ദിവസം വൈകുന്നേരം ഒരു സത്യം ഞാൻ മനസ്സിലാക്കി. ഞാൻ തലേന്ന് കണ്ട അതേ സ്ത്രീ തന്നെയാണ് ആ കുട്ടികളെ എന്റെ അടുക്കലേക്ക് അയച്ചത്. ഞാൻ അവർക്കിടയിലെ  ഒരു അതിഥിയായിരുന്നതിനാൽ എന്റെ സുഖവിവരങ്ങൾ അനേഷിക്കാൻ ആ സ്ത്രീ അയച്ചതായിരുന്നു കുട്ടികളെ. അവരോട് നീരസം പ്രകടിപ്പിച്ചതിൽ എനിക്ക് വല്ലാത്ത മര്യാദയില്ലായ്മയും ലജ്ജയും അനുഭവപ്പെട്ടു.

അധികം അനുഭവ പരിചയമില്ലാത്ത വ്യക്തി എന്ന നിലക്ക് വ്യത്യസ്തമായ ആതിഥേയത്വത്തിന്റെ ആദ്യ അനുഭവമായിരുന്നു അത്. വളരെ ചെറിയ ഒരു ഇടപെടലായിരുന്നു എങ്കിലും അപരിചിതനാവുക എന്നതിനെക്കുറിച്ചും, സഹോദര വിശ്വാസി എന്നെ എങ്ങിനെ കാണുന്നു, ഞാൻ അവരെ എങ്ങനെ കാണേണ്ടതുണ്ട് എന്നതിനെകുറിച്ചുമെല്ലാം മനസ്സിലാക്കാൻ ഈ സംഭവം എന്നെ സഹായിച്ചു.  ഒരുപാട് കാലം ആ ഓർമ്മകൾ എന്നോടൊപ്പം സഞ്ചരിച്ചു. നമ്മുടെ ജീവിതത്തിൽ തുടർന്നും നാം ഓർമ്മിക്കാനാഗ്രഹിക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. ആ സംഭവത്തിന് ശേഷം ഒരു വലിയ കാലയളവ് തന്നെ നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയിട്ടുണ്ടെങ്കിലും. ഒരു പക്ഷെ നമ്മുടെതായ ജീവിതത്തിലേക്ക് ചുരുങ്ങി….നമ്മുടെ സ്വപ്നങ്ങൾക്കും, ആശങ്കകൾക്കും പിന്നാലെ പോവുകയാണെങ്കിൽ പോലും അത്തരം അനുഭവങ്ങൾ സാമൂഹത്തെ കുറിച്ച് നമുക്ക് ഉറപ്പും പ്രതീക്ഷയും നൽകിക്കൊണ്ടിരിക്കും.


അധ്യായം രണ്ട്: അതിഥിയും അയൽക്കാരനും: അപരിചിതരില്ലാത്ത ഇടങ്ങളെക്കുറിച്ച്

മോണാ സിദ്ധീഖിയുടെ Hospitality and Islam: Welcoming in God’s Name എന്ന പുസ്തകത്തിൽ നിന്ന്

Featured Image: Mohamed Osama
വിവർത്തനം: Muhsin Abdul Hakeem

Comments are closed.