പൊന്നാനിയുടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള മനോഹരമായ ഒരു എത്തിനോട്ടമാണ് ബിലാൽ റഹീം സംവിധാനം ചെയ്ത ഇവർ പൊന്നാണ് എന്ന ഡോക്യൂമെന്ററി. ഡോക്യൂമെന്ററി അനുഭവങ്ങൾ ബിലാൽ പങ്ക് വെക്കുന്നു

പൊന്നാനിയെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

കഴിഞ്ഞ പ്രാവശ്യത്തെ ബിനാലെയിലെ കെ.ആർ സുനിലിന്റെ ഫോട്ടോ പ്രദർശനം കണ്ടാണ് പൊന്നാനി ഒരു ആവേശമായി മാറുന്നത്. അവിടം വരെ ഒന്ന് പോയി വരണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. ബി.എ ഗ്രാഫിക്ക് ഡിസൈൻ പഠിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പൊന്നാനിയിൽ പോവണം എന്ന വ്യക്തിപരമായ ആഗ്രഹവും പിന്നെ കൂടെ സിനിമാറ്റോഗ്രഫി പഠിച്ച സുഹൃത്തുക്കളും ചേർന്നത്തോടെയാണ് ഇങ്ങനെ ഒരു ഡോക്യൂമെന്ററിയിലേക്ക് ഞങ്ങൾ എത്തുന്നത്. ആദ്യം ഒരു ഷോർട്ട് ഫിലിം ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നു. അത് പക്ഷെ ഷൂട്ടിലേക്ക് എത്തിയില്ല. അങ്ങനെ ഇരിക്കെ പൊന്നാനിയിലേക്ക് ഒരു പ്രാവശ്യം വെറുതെ ഒന്ന് പോയി. അവിടെ ആളുകളെ കണ്ടു, പലരോടും സംസാരിച്ചു. അന്ന് ഞാനും സുഹൃത്തും ചേർന്ന് ഹാർബറെല്ലാം നടന്ന് കണ്ടിരിന്നു. അതിന് ശേഷമാണ് ഷൂട്ട് ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

1
പൊന്നാനി ഹാർബർ

ഇവർ പൊന്നാണ് എന്ന പേര്?

പൊന്നാനിക്ക് ആ പേര് വന്നതിനെക്കുറിച്ച് ഒരുപാട് അഭിപ്രായങ്ങളുണ്ട്. പൊൻ നാണയം എന്നതിൽ നിന്നാണ് പൊന്നാനി വരുന്നത് എന്ന് പറയുന്നവരുണ്ട്. ഇവിടെ എത്തി ആളുകളോട് സംസാരിച്ചപ്പോൾ ചിലർ പറഞ്ഞത് ഇവിടെ ഉണ്ടായിരുന്ന രാജാവിന്റെ പേര് പൊന്ന് രാജാവ് എന്നായിരുന്നത്രെ. അതിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നത്. പൊന്നാനിയിലെ ആളുകളുമായി ഇടപഴകിയപ്പോൾ പൊന്ന് എന്ന പേര് നാട്ടുകാർക്കും കൂടെ അർഹതപ്പെട്ടതാണ് എന്ന് തോന്നി.

3

തെയ്യാറെടുപ്പുകൾ? അനുഭവങ്ങൾ?

പൊന്നാനിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നത് ആദ്യത്തെ വരവ് മുതലാണ്. കുറ്റിപ്പുറത്ത് എനിക്ക് ഒരു സുഹൃത്തുണ്ട്. പൊന്നാനി അടുത്ത് തന്നെയാണ് അവന്റെ താമസം. അവൻ വഴി പൊന്നാനിയെ കൂടുതൽ അടുത്തറിഞ്ഞു. പൊന്നാനി ഹാർബർ, പഴയ ജുമുഅത്ത് പള്ളി, അവിടെയുള്ള കുളം, മൽസ്യത്തൊഴിലാളികൾ ജോലി കഴിഞ്ഞ് തിരിച്ച് വന്ന് ഇരിക്കുന്ന സ്ഥലങ്ങൾ എല്ലാം ഞങ്ങളെ നന്നായി ആകർഷിച്ചിരുന്നു. പൊന്നാനി എന്നത് പഴമയുടെ ആ ഒരു ആത്മാവ് ബാക്കിയുള്ള സ്ഥലമാണ്. അവിടത്തെ ഇസ്‌ലാമിക ചരിത്രങ്ങളും അവിടെയുള്ള ആളുകളുടെ ജീവിതത്തിലുമെല്ലാം നമുക്കത് കാണാൻ പറ്റും. മോഡേൺ ആയ ജീവിതമല്ല ഇവിടെയുള്ളത്. എന്റെ നാട്ടിലെപ്പോലെ ഒന്നുമല്ല. അവിടെ പ്രായം ചെന്ന ആളുകളെ പൊന്നാനിയിൽ അൽപ്പം കൂടുതലായി കാണാൻ പറ്റും.

ഷൂട്ടിനിടയിൽ യൂത്തായ ആളുകൾ അങ്ങനെ കാണാൻ ഇല്ലായിരുന്നു. ഒരു ക്യാമറയും ചെറിയ ഒരു മൈക്കുമായി വളരെ ചെറിയ രീതിയിൽ ആണ് ഞങ്ങൾ ഷൂട്ടിൻ ആദ്യ ദിവസം ഇറങ്ങുന്നത്. ആളുകൾ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന ആശങ്ക കാരണം ട്രിപ്പോഡ് പോലും വേണ്ട എന്ന് വെച്ചതായിരുന്നു. പ്രളയത്തിന്റെ സമയത്താണ് ഷൂട്ടിംഗ് നടക്കുന്നത്. പ്രളയം മൂലം അവിടെ തിട്ടകൾ രൂപപ്പെട്ടിരുന്നു. ആ തിട്ടയിലൂടെ കടലിന്റെ ഉള്ളിലേക്ക് ഒരു പത്ത് മുന്നൂറ് മീറ്ററോളം നടക്കാം. അതെല്ലാം കാണാം എന്നെല്ലാം ആയിരുന്നു വരുമ്പോൾ ഞങ്ങളുടെ പ്ലാൻ. പക്ഷെ അപ്പോഴേക്കും തിട്ടയെല്ലാം പോയിരുന്നു.

4

ഹാർബറിൽ ചെന്നപ്പോൾ അവിടെ ഒരുപാട് ആളുകളെ പരിചയപ്പെടാൻ പറ്റി. അവരിൽ നിന്നാണ് പൊന്നാനിയുടെ ഉൾവഴികൾ, പഴയ കഥകൾ ഒക്കെ ഞങൾക്ക് കിട്ടുന്നത്. ആദ്യ ദിവസത്തെ എക്സൈറ്റ്മെന്റിൽ പല കഥകളുടേയും വോയിസ് ക്ലിയറായി കിട്ടാത്തത് കാരണം നഷ്ടപ്പെട്ടു. ഞങ്ങൾ എല്ലാവർക്കും പൊന്നാനി ആദ്യ അനുഭവമായിരുന്നു. അതിന്റെ ചില ബുദ്ധിമുട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. രണ്ടാമത്തെ ദിവസം ആയപ്പോഴേക്കും ആളുകൾ ഒക്കെ ഞങ്ങളോട് നന്നായി അടുക്കാനും സ്നേഹത്തോടെ പെരുമാറാനും തുടങ്ങി. കുറഞ്ഞ സമയത്തിനിടക്ക് ഒരുപാട് നല്ല അനുഭവങ്ങളാണ് അവർ തന്നത്. ഹക്കീം, ഹംസക്ക തുടങ്ങി മറക്കാനാവാത്ത ഒരുപാട് വ്യക്തികളുണ്ട്. അവിടെ ഒരു ആൽ മരത്തിനടിയിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ഓരോ ആളുകൾ വന്ന് ഞങ്ങളെ ചായക്കടയിൽ കൊണ്ട് പോയി ചായ ഒക്കെ വാങ്ങിത്തന്ന് അവരുടെ കഥകൾ പറഞ്ഞ് തന്നു. പണ്ട് അവർ കടലിൽ പോയ കഥകൾ, മഞ്ചൂക്കാരുടെ കഥകൾ, ഉരുവിൽ യാത്ര ചെയ്ത കാര്യങ്ങൾ, അവിടെ നിന്ന് അറബ് രാജ്യങ്ങളിലേക്ക് പോയത്. അങ്ങനെ ഒരുപാട് കഥകൾ. ചിലർ കഥകൾ പറഞ്ഞ് കണ്ണ് നിറയും. ചിലരുടേത് സന്തോഷം നിറഞ്ഞ സംഭവങ്ങളായിരിക്കും. പലതും ക്യാമറക്ക് വഴങ്ങുന്നതായിരുന്നില്ല. വീഡിയോ റെക്കോർഡ് ചെയ്ത് തീരുന്ന കഥകളായിരുന്നില്ല അവയൊന്നും. അനുഭവിക്കാൻ മാത്രമെ നമ്മെക്കൊണ്ടാവൂ. അത് തന്നെ വലിയ ഭാഗ്യം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.

പൊന്നാനിയെ ഉൾക്കൊള്ളുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. പൊന്നാനിയിൽ എത്തുമ്പോൾ തന്നെ ഉള്ള അനുഭവങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. എന്റെ രണ്ട് സുഹൃത്തുക്കൾ കുറ്റിപ്പുറം സ്റ്റേ ചെയ്ത് അവിടെ നിന്നാണ് വന്നത്. ഞാൻ മാത്രമാണ് വൈറ്റിലയിൽ നിന്ന് എത്തിയത്. പൊന്നാനി സ്റ്റാന്റിൽ നിന്നും അൽപ്പം കഴിഞ്ഞാണ് എനിക്ക് പോവാനുള്ള ഭാഗത്തേക്കുള്ള ബസ് വരാനുള്ളത്. സ്കൂൾ കുട്ടികളുടെ തിരക്ക് മാത്രമായിരുന്നു അപ്പോൾ അവിടെ ഉണ്ടായിരുന്നത്. ഇടക്ക് ഒരു കോഴിക്കൊട് സൂപ്പർ ഫാസ്റ്റ് വന്നപ്പോൾ പ്രായമായ ഒരു മനുഷ്യൻ ബസ്സിന് ചുറ്റും ഓടുന്നത് കണ്ടു. അയാളുടെ കയ്യിൽ ഒരു പെട്ടിയും ഉണ്ട്. മൂന്ന്, നാല് കുപ്പി മിനറൽ വാട്ടറും കപ്പലണ്ടിയും ഒക്കെയാണ് പെട്ടിയിൽ ഉള്ളത്. ബസ്സ് യാത്രക്കാർക്ക് ഇത് വിൽക്കലാണ് അയാളുടെ പണി. ബസ്സ് ഒന്ന് ഒഴിഞ്ഞപ്പോൾ അയാൾ സ്റ്റാൻ്റിന്റെ പിന്നിൽ ഒരു സൈക്കിളിൽ നിന്ന് എന്തോ ഒരു പൊതിയും കുപ്പിയും എടുത്ത് ഭക്ഷണം കഴിക്കാനുള്ള തെയ്യാറെടുപ്പിൽ ആയിരുന്നു. ഞാൻ നോക്കിയിരിക്കുന്നത് അയാളും ശ്രദ്ധിക്കുന്നുണ്ടായിരിക്കണം. പതുക്കെ അടുത്ത് വന്ന് ഉപ്പുമാവ് ആണേൽ കാറിയതാണ്, കട്ടനാണേൽ മധുരവും ഇല്ല. അല്ലെങ്കിൽ ഞാൻ മോന് കുറച്ച് തന്നേനെ എന്ന് പറഞ്ഞു. ഇക്ക ഞാൻ കഴിച്ചതാണ് എന്ന് ഞാൻ തിരിച്ച് പറഞ്ഞു. അപ്പോൾ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു “എന്റെ ജീവിതമൊക്കെ ക്ഷ്ടമാണ്. പത്ത്, പതിമൂന്ന് വർഷമായി ഞാനീ സ്റ്റാന്റിൽ ഓടിക്കളിക്കുന്നു. മക്കളൊക്കെ ഒരു പാടിലാണ്, ഭാര്യയാണെങ്കിൽ നടുവേദനയുമായി കിടപ്പിലുമാണ്. മക്കളൊക്കെ എന്നെ വിട്ട് പോയി. ഇപ്പൊ ഭര്യ മാത്രമാണ് ഉള്ളത്. പക്ഷെ എനിക്ക് അതിൽ വിഷമം ഒന്നും ഇല്ല. ഞാൻ മേലോട്ട് നോക്കുമ്പോൾ എനിക്ക് ഒരു കൂര എങ്കിലും ഉണ്ട്. താഴേക്ക് നോക്കുമ്പോൾ അത് പോലും ഇല്ലാത്ത ഒരുപാട് മനുഷ്യരുണ്ട് ഈ പൊന്നാനിയിൽ”. അത് കേട്ടപ്പൊൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. അയാളുടെ ഫോട്ടൊ എടുക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്കതിന് പറ്റിയില്ല.

Juma masjid
പൊന്നാനി പഴയ ജുമുഅത്ത് പള്ളി

ഇവിടെയുള്ള ചായക്കടകൾ പ്രത്യേകം പറയേണ്ടതാണ്. മൂന്ന് രൂപക്കൊക്കെ ചായയും കടിയും ഒക്കെ വാങ്ങിക്കഴിക്കാം. മൽസ്യത്തൊഴിലാളികളുമായി ചേർന്ന് ജീവിക്കുന്ന കമ്മ്യൂണിറ്റിയാണ് അവരും. സ്കൂട്ടറുകളിൽ ഒക്കെ ചായ വിൽക്കുന്നത് കാണാം. രസകരമായ ഒരു അന്തരീക്ഷമാണ് മുഴുവൻ. വൈക്കം തലയോലപ്പറമ്പാണ് എന്റെ നാട്. വൈക്കം മുഹമ്മദ് ബശീറിന്റെ ഒക്കെ നാട്. കുറച്ച് കാലമായി എറണാകുളത്താണ് താമസം. കൊച്ചി ഹാർബർ ഒക്കെ എനിക്ക് പരിചയമുണ്ട്. അവിടെ പക്ഷെ ഇങ്ങനെ ഉള്ള ഒരു അന്തരീക്ഷം അല്ല ഉള്ളത്.

ആളുകളുമായി ഇടപഴകുമ്പോൾ നമുക്ക് വീണ്ടും വീണ്ടും പൊന്നാനിയിലേക്ക് തിരികെ പോവാനുള്ള ഊർജ്ജം അത് തരുന്നുണ്ടായിരുന്നു. കെ.ആർ സുനിലാണ് എന്നെ ഇൻസ്പയർ ചെയ്തത് എന്ന് പറഞ്ഞല്ലൊ. അദ്ദേഹത്തിന്റെ യാത്രകൾ, പ്രത്യേകിച്ചും പൊന്നാനിയിലൂടെ ഉള്ള യാത്രകളുടെ കാരണം അവിടെ എത്തുമ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ഒരു തവണ പിന്നെയും വന്നിരുന്നു, ചില ആളുകളെ കാണാം എന്നെല്ലാം ആഗ്രഹിച്ച്. ഒന്ന് രണ്ട് ആളുകളെ കാണാൻ പറ്റുകയും ചെയ്തു.

Harbour

ആദ്യത്തെ വരവിൽ പൊന്നാനി പഴയ പള്ളിയും അവിടെയുള്ള ഖബർ സ്ഥാനും എല്ലാം എടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പള്ളിയെക്കുറിച്ചും അതിന്റെ ആർക്കിടെക്ച്ചറും എല്ലാം അറിയാൻ ശ്രമിച്ചിരുന്നു. അന്ന് പക്ഷെ അതൊന്നും നടന്നില്ല. രണ്ടാമത്തെ വരവ് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. അന്ന് ജുമുഅ നിസ്ക്കരിച്ചത് അവിടെ വെച്ചാണ്. എന്റെ നാട്ടിലൊന്നും ഇത്ര പഴക്കം ചെന്ന പള്ളികൾ ഇല്ല. പള്ളിക്കകത്തെ അനുഭവം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ആർക്കിടെക്ച്ചറും അകത്തെ ലൈറ്റിംഗും ആ ഫീലും എല്ലാം മറ്റെവിടെയും കാണാൻ പറ്റാത്തതാണ്. പള്ളിയുടെ കമ്മിറ്റി അംഗങ്ങളുമായൊക്കെ സംസാരിച്ചാണ് പിന്നെ ആ ഭാഗങ്ങളും പള്ളിയുടെ മുകൾ ഭാഗവും കുളവും എല്ലാം ഷൂട്ട് ചെയ്യുന്നത്.

ഞങ്ങൾ സംസാരിക്കുമ്പോൾ അതിനിടയിൽ ക്യാമറയുമായുള്ള നടത്തം അത്ര തൃപ്തി വരാത്ത ആളുകളുണ്ടായിരുന്നു. ഏത് ചാനലാണ് എന്നൊക്കെ അവർ ചോദിച്ചു. പ്രളയം കഴിഞ്ഞ് ചാനലുകാർ മൊത്തം മൽസ്യത്തൊഴിലാളികളെ പൊക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. പലതും പ്രഹസനമായിട്ടാണ് അവർക്ക് അനുഭവപ്പെട്ടത്. ഞങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് എന്ന് പറഞ്ഞപ്പോർ അവർക്കും സന്തോഷമായി. അതോടെ അവർ കൂടുതൽ നന്നായി ഇടപഴകാൻ തുടങ്ങി. ഹാർബറിനടുത്തുള്ള ചായക്കടയിൽ നിന്നും ചായ വാങ്ങിത്തരികയു എല്ലാം ചെയ്തു. ഒരുപാട് നന്മയുള്ള മനുഷ്യന്മാരെയാണ് അവിടെയൊക്കെ കാണാൻ പറ്റിയത്.

ഭാവി പദ്ധതികൾ?

ഗ്രാഫിക് ഡിസൈൻ ആണ് ഞാൻ പഠിച്ചത്. ആറ് മാസത്തോളം ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് ഇറങ്ങിയിട്ടാണ് ഈ ഡോക്യൂമെന്ററി ചെയ്യുന്നത്. ഇപ്പോൾ ഒരുപാട് ആളുകൾ ഡോക്യൂമെന്ററി ചെയ്യുന്നുണ്ട്. എനിക് തോന്നുന്നത് ഡോക്യൂമെന്ററി കൂടുതൽ കണ്ടന്റ് ഓറിയൻ്റഡ് ആവണം എന്നാണ്. വിഷ്വലിനെക്കാൾ കൂടുതൽ കണ്ടന്റാണ് സംസാരികേണ്ടത്. ഞങ്ങൾ ഷൂട്ട് ചെയ്തതിൽ തന്നെ പലതും ഉൾപ്പെടുത്താൻ പറ്റിയില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശ്രദ്ധ കൊടുക്കേണ്ട രണ്ട് ഭാഗങ്ങളായിരുന്നു സൗണ്ടും സിനിമാറ്റോഗ്രഫിയും. പ്രത്യേക്കിച്ചും മ്യൂസിക്ക് ബാഗ്രൗണ്ട് സ്കോർ. എന്റെ ഒരു സുഹൃത്ത് ക്രിസ്റ്റി ആണ് മ്യൂസിക് ഡയറക്റ്റ് ചെയ്തത്. ഇതിൽ വേണ്ട ആ ഒരു സൗണ്ട് കൊണ്ടുവരാൻ കുറച്ചതികം കഷ്ടപ്പെട്ടിട്ടുണ്ട്. ഹാർമോണിയം, ചെണ്ട പോലുള്ള പഴയ ഇൻസ്ട്രുമെന്റുകൾ ആണ് കൂടുതലും ഉപയോഗിച്ചത്. സുഹൃത്തുക്കൾ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തതും. അവർ അതിന് വേണ്ടി ഒരുപാട് പണിപ്പെട്ടിട്ടുണ്ട്. റിലീസ് ചെയ്ത ശേഷം ചിലരൊക്കെ ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഉണ്ട്. നിങ്ങൾക്ക് ചെയ്യാമോ എന്ന് ചോദിച്ചിട്ടുണ്ട്. തീരുമാനങ്ങളൊന്നും ഇത് വരെ എടുത്തിട്ടില്ല.

Team Iwer Ponnan


Conceived By: Bilal Rahim
Cinematography: Arjun AccotSachin SatheeshMidhun MathewKevin Philip
Editor: Tiju Cyriac
Background Score: Christy Joby

Comments are closed.