ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം നേടിയ കലാരൂപങ്ങളിലൊന്നാണ് അറബെസ്ഖ്. ഇലകളും വള്ളികളും ഒരു പ്രത്യേക ശൈലിയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന രീതിയെ ചിത്രീകരിക്കുന്ന ശില്പകലയെന്ന് അറബെസ്ഖിനെ ചുരുക്കി നിർവ്വചിക്കാം. ഇസ്‌ലാമിക് ഏസ്തെറ്റിക്സിന്റെ മെറ്റാഫിസിക്കൽ അനുഭവതലമാണ് അറബെസ്ഖ്. ഏകദൈവ വിശ്വാസത്തിൽ ഊന്നുന്ന ഇസ്‌ലാം ദൈവത്തെ കലാപരമായി ആവിഷ്കരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നുണ്ട്.

Taj Mahal, by Annie Spratt

എന്നിരുന്നാലും, ദൈവത്തിന്റെ മഹത്വത്തിന്റെ രൂപകങ്ങൾ കലയിൽ അടയാളപ്പെടുത്താൻ ശ്രമങ്ങൾ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്. അറബെസ്ഖ് പോലുള്ള, അതീന്ദ്രീയമായ അനുഭവലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതും അതിഭൗതികതയെ ദ്യോതിപ്പിക്കുന്നതുമായ കലാവിഷ്കാരങ്ങൾക്ക് അങ്ങനെയാണ് ജന്മം കൊള്ളുന്നത്. ജ്യാമിതീയമായതും അനന്തമായി തോന്നുന്നതുമായ പാറ്റേണുകളിലൂടെ അറബെസ്ഖ് ദിവ്യത്വത്തിന്റെ പൂർണതയെയും അനന്തതയെയും അനാദിയെയും സൂചിപ്പിക്കുന്നു.

IMG_20170917_214641
Taj Mahal, by Annie Spratt

ഇസ്മാമാഈൽ റജി ഫാറൂഖിയെപ്പോലുള്ള കലാ ഗവേഷകർ നിരീക്ഷിക്കുന്നത് ഇസ്‌ലാമിക കലാവിഷ്കാരങ്ങൾ ഏകദൈവത്തെ അറിയാനും അനുഭവിക്കാനുള്ള സാധ്യതകളെ തുറന്നുവെക്കുന്നുവെന്നാണ്. അനന്തമായി നീളുന്ന ചിത്രണ മുദ്രകൾ ദിവ്യത്വത്തിന്റെ സാക്ഷ്യമാണെന്ന് അദ്ധേഹം നിരീക്ഷിക്കുന്നു. മുന്തിരിച്ചെടിയിൽ ഉറുമാമ്പഴവും ആപ്പിൾ മരത്തിൽ മുന്തിരിയുമൊക്കെ പ്രത്യക്ഷപ്പെടുന്ന അമൂർത്ത സ്വഭാവങ്ങളോടെയുള്ള ഭാവനകൾ ആണ് അറബെസ്ഖിന്റെ അസ്തിത്വം. ആവർത്തിച്ചുള്ള ജ്യാമിതീയ രൂപങ്ങളുടെ വിപുലമായ പ്രയോഗമായ ഇത് പലപ്പോഴും സസ്യങ്ങളുടെയും ഇലകളുടെയും രൂപങ്ങളിൽ പ്രതിധ്വനിക്കുന്നു. നീണ്ടുപരന്നു കിടക്കുന്ന ഇത്തരം ജ്യോമട്രിക് രൂപങ്ങൾക്ക് പിന്നിൽ നിരവധി അർത്ഥങ്ങളുണ്ട്.

IMG_20170917_214641
Taj Mahal, by Annie Spratt

ഉദാഹരണത്തിന് ലളിതമായ സമചതുരത്തിന്റെ, നാല് സമീകൃത വശങ്ങളുള്ള ഒന്നിൽ, കലാകാരൻ പ്രകൃതിയുടെ തുല്യ പ്രാധാന്യമുള്ള ഘടകങ്ങളെ പ്രതീകപ്പെടുത്താൻ ശ്രമിക്കുകയാണ്; ഭൂമി, വായു, തീ, ജലം. സസ്യങ്ങളുടെയും വള്ളികളുടെയും ക്രമപ്രവൃദ്ധവും അനുസ്യൂതവുമായ പടർപ്പുകൾ, എവിടെ നിന്നാണ് ഇവ തുടങ്ങുന്നതെന്നോ എവിടെയാണ് ഇത് പര്യവസാനിക്കുന്നതെന്നോ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുകയാണ്. പല ഗവേഷകരും ഇത് അറബെസ്ഖിന്റെ മൗലിക മാനദണ്ഡമായി തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. മൃഗ-പക്ഷി – മനുഷ്യ രൂപ ചിത്രീകരണങ്ങളിൽ നിന്ന് മാറി സസ്യങ്ങളെയാണ് പ്രധാനമായും അറബെസ്ഖ് പാറ്റേണുകൾ നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.

IMG_20170917_214641
Taj Mahal, by Meriç Dağlı

പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യത്തിൽ ലൂയീസ് റാജി എഴുതിയ പുസ്തകത്തിലാണ് അറബെസ്ഖിനെ ഒരു പ്രത്യേക അലങ്കാര രൂപമായി പരിചയപ്പെടുത്തുന്നത് എന്ന് ഏണസ്റ്റ് കോഹ്നലിന്റെ The Arabesque: Meaning and tranformation of an ornament എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം വെറും ഒരു കലാരൂപമായി ഇതിനെ വിലയിരുത്തുന്നതിൽ അർത്ഥമില്ല. ഇസ്മാഈൽ റാജിൽ ഫാറൂഖിയുടെ നിരീക്ഷണത്തിൽ ഇസ്‌ലാമിന്റെ തത്വദീക്ഷളോട് സമരസപ്പെടുന്ന കലയാണ് അറബെസ്ഖ് (Islam and Art). പള്ളികൾ, വീടുകൾ, സത്രങ്ങൾ എന്നിവയുടെ ജാലകങ്ങളും പ്രവേശന കവാടങ്ങളും അലങ്കരിക്കുന്ന ഇസ്‌ലാമിക കലയുടെ ഒരു ഘടകമാണ് ഇത്. ജ്യാമിതീയ രൂപങ്ങൾ തിരഞ്ഞെടുക്കുന്നതും അവ എങ്ങനെ ഫോർമാറ്റ് ചെയ്യണം എന്നതും മുസ്‌ലിം കലാകാരന്റെ സർഗ്ഗാത്മകതയെയും ദൈവിക കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.

IMG_20170917_214641
Sheikh Zayed Grand Mosque, Abu Dhabi by Kai Wang

സ്പാനിഷ് മുസ്‌ലിംകളുടെ കലയായിട്ടാണ് അറബെസ്ഖ് അറിയപ്പെടുന്നതെങ്കിലും ഇസ്‌ലാമിക സംസ്കാരം അഭിവൃദ്ധി പ്രാപിച്ച പത്താം നൂറ്റാണ്ടിൽ ബാഗ്ദാദിലാണ് അറബെസ്ഖ് വികസിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇസ്‌ലാം ലോകമെമ്പാടും വ്യാപിച്ചതോടെ തെക്കേ ഏഷ്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി സ്പെയിനിലേക്കും വാസ്തുവിദ്യയിലൂടെ അറബെസ്ഖ് സഞ്ചരിക്കുകയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ പാശ്ചാത്യർക്ക് അറബ് ലോകത്ത് താൽപ്പര്യങ്ങൾ ഉണർന്നതോടെ അതിന്റെ ജനപ്രീതി വീണ്ടും വളർന്നു.

IMG_20170917_214641
Sheikh Zayed Grand Mosque, Abu Dhabi by Jil Beckmann

വാസ്തവത്തിൽ അറബെസ്ഖിന്റെ അടിസ്ഥാനത്തെ ചൊല്ലി ഭിന്നാഭിപ്രായങ്ങളുണ്ട്. മധ്യകാലത്ത് യൂറോപ്പ് ആക്രമിച്ച അറബികൾ മധ്യേഷ്യയിലെ നാടോടികളിൽ നിന്നും പകർത്തിയതാവാം എന്ന് Titus Buchard തന്റെ Arts of Islam എന്ന ഗ്രന്ഥത്തിൽ എഴുതുന്നുണ്ട്. അതോടൊപ്പം റോമാ സാമ്രാജ്യത്തിൻ്റെ മൊസൈക് വേലകളിൽ നിന്നും കടംകൊണ്ടതാണ് ഇതെന്ന വാദങ്ങളും കാണാനാവും. എന്നാൽ ഇത് ഇസ്‌ലാമിക കലയുടെ മൗലികതയെ ചോദ്യം ചെയ്യാൻ യൂറോപ്പ് കെട്ടിച്ചമച്ചതാണെന്ന എന്ന മറുവാദവും നിലവിലുണ്ട്. അറബെസ്ഖിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഇത്തരം വാദങ്ങൾ വാസ്തവമാണെങ്കിൽ തന്നെ വൈവിധ്യമാർന്ന മാറ്റങ്ങളോടെയാണ് അറബികൾ അതിനെ അവതരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തത്. മാത്രമല്ല മൊസൈഖിൻ്റെ ഉള്ളടക്കത്തെ പൂർണ്ണമായി അറബികൾ മറികടന്നതായി കാണാവുന്നതാണ്. അറബെസ്ഖ് 10-14 നൂറ്റാണ്ടുകളിൽ അറേബ്യയും കടന്നു യൂറോപ്പിലെ തെരുവുകളിൽ പ്രചാരം നേടിയത് അതിൻ്റെ ചാരുതികൊണ്ട് തന്നെയായിരുന്നു. അവിടെ മോറസ്ക് എന്ന പേരിലാണ് അറിയപ്പെട്ടത്. ഫ്രാൻസിസ്കോ പെല്ലഗനിയുടെ നേതൃത്വത്തിൽ ഇറ്റലിയിലും പീറ്റർ ഫ്ലറ്റ്നറുടെ നേതൃത്വത്തിൽ ജർമ്മനിയിലും ഇവ പ്രചാരം നേടി.

IMG_20170917_214641
Amber Palace by Annie Spratt

അബ്ബാസി ഭരണകാലവും, സ്പെയിനിലെ മുസ്‌ലിം ഭരണകാലവും അറബെസ്ഖിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. സ്പെയിനിലെ മുസ്‌ലിം പള്ളികൾ ഇന്നും അറബെസ്ഖ് ചിത്രണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. അന്തലുസിയൻ കാലത്ത് നിർമ്മിച്ച സ്പെയിനിലെ കോർഡോബയിലെ വലിയ പള്ളി അതിൽ പ്രത്യേക പരാമർശമർഹിക്കുന്നു. അൽഹംബ്ര കൊട്ടാരവും ഇതിന്റെ ജീവസുറ്റ സാക്ഷ്യമാണ്. എട്ടാം നൂറ്റാണ്ടിൽ ഉമയ്യദ് രാജവംശം പണികഴിപ്പിച്ച ഡമാസ്കസിലെ ഗ്രേറ്റ് മോസ്ക് അറബെസ്ഖ് അടയാളപ്പെട്ട പ്രധാന എടുപ്പുകളിലൊന്നാണ്. ഒരു നവീകരണ വേളയിൽ യഥാർത്ഥ മൊസൈക്കുകൾ മാറ്റിസ്ഥാപിച്ച് അറബെസ്ഖ് രൂപകങ്ങൾ അവിടെ പുനപ്രതിഷ്ഠിക്കുകയായിരുന്നു.

IMG_20170917_214641
Morocco by Annie Spratt

സൽജൂക്കികളും, ഫാത്വിമികളും അറബെസ്ഖിന്റെ വളർച്ചയിൽ നിർണ്ണായ പങ്കുവഹിച്ചിട്ടുണ്ട്. ബിർഖതുൽ മഫ്ജാർ കൊട്ടാരത്തിൽ ഇതിന്റെ പൗരാണിക ആവിഷ്കാരങ്ങൾ കാണാം. പത്താം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മിക്ക ഇസ്‌ലാമിക വാസ്തുവിദ്യയിലും അറബെസ്ഖ് കാണപ്പെടുന്നു. ശേഷം ചൈനീസ് സസ്യകലയും ഓട്ടോമൻ‌മാരുടെ സാസ് കലാരീതിയും പതിനാറാം നൂറ്റാണ്ടിൽ അറബെസ്ഖിനെ കീഴടക്കുകയായിരുന്നു. അക്കാലത്തെ കയ്യെഴുത്തുപ്രതികൾ, അലങ്കാരവസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയവ അറബെസ്ഖ് ഡിസൈനുകളാൽ സമ്പന്നമായിരുന്നു. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിലും അറബെസ്ഖ് ചെറുതെല്ലാതെ സ്വാധീനം നേടി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇന്ത്യയിലേക്കെത്തുന്നത്. മുഗൾ കാലഘട്ടത്തിൽ നിർമ്മിച്ച താജ്മഹലിൽ മാർബിളിൽ കൊത്തിയെടുത്ത അറബെസ്ഖ് രൂപങ്ങളുള്ളതായി കാണാം.

IMG_20170917_214641
Alhambra, Granada, Spain by Kadir Celep

വള്ളിപ്പടർപ്പുകളും പൂക്കളും ഇലകളും കൊണ്ടലങ്കൃതമായ പൗരാണിക രീതിയിൽ നിന്നും പിൽക്കാലത്ത് വൈവിധ്യം നിറഞ്ഞ ശൈലികളിലേക്ക് അറബെസ്ഖ് രൂപാന്തരപ്പെട്ടു. കൂടാതെ കാലിഗ്രഫിയും ക്ഷേത്രഗണിത രൂപങ്ങളും ഇതിൽ ഉപയോഗിക്കപ്പെട്ടു. ഇസ്‌ലാമിക്- യൂറോപ്യൻ പൈന്റിംഗിനേയും അറബെസ്ഖ് ഏറെ സ്വാധീനിച്ചു. സമകാലീന കലയിൽ ഇപ്പോഴും അറബെസ്ഖ് ഉപയോഗിക്കുന്നുണ്ട്. പുതിയ കാലഘട്ടത്തിൽ പുറത്തിറങ്ങുന്ന പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ഉസ്മാനിയ്യ മുസ്ഹഫിന്റെ പുറംചട്ടയിലും കാണുന്ന കലാ രീതികൾ അറബെസ്ഖിന്റെ നീക്കിയിരുപ്പുകൾ തന്നെയാണ്.


Featured Image: Nick Fewings
Location: Sheikh Zayed Grand Mosque, Abu Dhabi

Comments are closed.