Stealing from the Saracens: How Islamic Architecture Shaped Europe എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ഡയാന ഡാർക്ക് സംസാരിക്കുന്നു.

പുസ്തകത്തിന്റെ ശീർഷകത്തിലെ ‘സാരസൻ’ എന്ന പദം ഒരുപാട് ചരിത്ര സന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. വാസ്തുശൈലികളുമായി ബന്ധപ്പെട്ട ചരിത്രം അന്വേഷിക്കുന്ന ഒരു പുസ്തകത്തിന് ഈ പേര് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

ഈ പേര് വളരെ ബോധപൂർവം തന്നെ തെരഞ്ഞെടുത്തതാണ്. ഗോതിക് ശൈലി (Gothic style) എന്ന് വിശേഷിപ്പിക്കുന്ന വാസ്തുശൈലി യഥാർത്ഥത്തിൽ സാരസൻ ശൈലി എന്നാണ് വിളിക്കേണ്ടത് എന്ന് ഇംഗ്ലണ്ടിലെ വിഖ്യാതനായ ആർക്കിടെക്ട് ക്രിസ്റ്റഫർ റെൻ 300 വർഷങ്ങൾക്ക് മുമ്പ് എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് സാരസൻസ് എന്നത് എല്ലാ അറബ് മുസ്‌ലിങ്ങളെയും വിശേഷിപ്പിക്കാനുള്ള പദമായിട്ടാണ് ഉപയോഗിച്ചിരുന്നത്. യഥാർത്ഥത്തിൽ, ക്രിസ്റ്റഫർ റെൻ അതിനെ സാരസൻസ് എന്ന് വിളിക്കണമെന്ന് പറയുന്നതതിലെ യുക്തിയും, അടിസ്ഥാനവും എത്രത്തോളമുണ്ടായിരുന്നു എന്ന ഒരു പര്യവേക്ഷണമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്.

എന്റെ ചെറിയ ഒരു അന്വേഷണത്തിൽ സാരസൻ‌ എന്ന വാക്കിന്റെ ഉത്ഭവം മോഷ്ടാക്കൾ‌ എന്നർ‌ത്ഥമുള്ള അറബി പദമായ ‘സാരികീനി’ൽ‌ നിന്നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മൾ ‘കള്ളന്മാർ’ എന്ന് വിളിക്കുന്ന ആളുകളിൽ നിന്ന് തന്നെ നാം മോഷ്ടിക്കുകയാണ് ഇവിടെ സംഭവിച്ചത്. ‘Stealing from the Saracens’ എന്നത് അറബിയിൽ سرك من الساركين എന്നായി മാറുമ്പോൾ അതിന് കൂടുതൽ ശക്തിയുണ്ട്. കുരിശു യുദ്ധത്തിന്റെ കാലത്തെ ഭാഷയായിരുന്നു അത്. നൂറ്റാണ്ടുകളായി വാക്കുകൾ എങ്ങനെയാണ് വ്യത്യസ്ത അർത്ഥങ്ങൾ നേടുന്നത് എന്നതിനെക്കുറിച്ചുള്ള ഈ സൂക്ഷ്മതകളെല്ലാം സ്വായത്തമാക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഇത് എത്രമാത്രം പരിഹാസ്യമാണെന്ന് ആളുകളെ ഓർമ്മപ്പെടുത്താൻ സാഹായകമായേക്കാം. യഥാർത്ഥത്തിൽ, നമ്മൾ മോഷ്ടാക്കൾ എന്ന് വിളിച്ച് അധിക്ഷേപിച്ചവരിൽ നിന്ന് തന്നെ നാം ധാരാളം കാര്യങ്ങൾ മോഷ്ടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളാണ് ഈ ശീർഷകത്തിന് നിദാനമായത്.

വാസ്തുവിദ്യയെക്കുറിച്ച് എഴുതാനുള്ള പ്രചോദനവും, പശ്ചാത്തലവും എന്തായിരുന്നു?

വാസ്തുവിദ്യയോടും പുരാതന നിർമ്മിതികളോടും എനിക്ക് താല്പര്യമുണ്ടായിരുന്നു. ആർക്കിടെക്ചർ ഒരു തിരഞ്ഞെടുപ്പാണ്. നിങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ തിരഞ്ഞെടുപ്പാണ് നിങ്ങളുടെ വീട് എന്ന് പറയാറുണ്ട്. ഇത് ഒരു തരത്തിൽ നിങ്ങളുടെ പ്രതിഫലനമാണ്. രാഷ്ട്രീയത്തിൽ വാസ്തുവിദ്യാ പ്രസ്താവനകൾ അവിശ്വസനീയമാം വിധം ശക്തമാണ്. വാസ്തുവിദ്യയ്ക്ക് ഒരു ശക്തമായ രാഷ്ട്രീയ പ്രയോഗമുണ്ടെന്ന് ക്രിസ്റ്റഫർ റെൻ പറയുന്നുണ്ട്. ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ച കാര്യം കഴിഞ്ഞ വർഷം നോത്രദാമിന് തീപിടിച്ചതാണ്. ഈ ഗോതിക് കത്തീഡ്രൽ തീജ്വാലയിൽ കത്തിയമരുന്നത് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകളഞ്ഞു. ഫ്രഞ്ച് സമൂഹത്തിന്റെ ദുഃഖത്തിന്റെയും വിഷാദത്തിന്റെയും വലിയൊരു ഒഴുക്ക് തന്നെ നാം കണ്ടു. അവരുടെ അസൂയാവഹമായ ഒരു ഐഡന്റിറ്റി അഗ്നിജ്വാലയിൽ കിടന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വാസ്തവത്തിൽ, ഒരുപക്ഷേ ഗോതിക് നിർമിതിയുടെ ചരിത്രം കുറച്ചുകൂടി വിശാലമായി മനസ്സിലാക്കേണ്ടതുണ്ട്. ഗോതിക് വാസ്തുവിദ്യയുടെ മുഴുവൻ ക്രെഡിറ്റും യൂറോപ്പിന് അവകാശപ്പെട്ടതായിരുന്നില്ല. അതിന്റെ നിരവധി ഘടകങ്ങൾ മറ്റു പലയിടങ്ങളിൽ നിന്നായി വന്നതാണ്. ഈ വൈവിധ്യങ്ങളെ പുതിയതായി സമന്വയിപ്പിക്കുക മാത്രമായിരുന്നു ഫ്രഞ്ച് ചെയ്തത്. ഗോതിക്കിനെക്കുറിച്ചുള്ള ഈ ചരിത്ര പശ്ചാത്തലം വിവരിക്കാനുള്ള എന്റെ ആഗ്രഹമായിരുന്നു ഈ പുസ്തകം എഴുതാനുള്ള ഹേതുവായിതീർന്നത്.

പൊതുവേ വാസ്തുവിദ്യ കെട്ടിടം നിർമ്മിച്ച പരിസ്ഥിതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ‘രാഷ്ട്രീയ പ്രസ്താവന’ എന്ന തലത്തിലേക്ക് അതിനെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്?

ഓരോ തവണയും ഒരു ഭരണാധികാരി വരുമ്പോൾ പുതിയ നാഗരികതയിൽ അവരുടെതായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഒരു നിശ്ചിത കാലയളവിനുശേഷം, സാധാരണയായി അവർ ഒരു കെട്ടിടത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം അടയാളപ്പെട്ടുത്താറുണ്ട്. അത്തരത്തിലുള്ള, ആദ്യ മുസ്‌ലിം രാഷ്ട്രീയ പ്രസ്താവനയായിരുന്നു ജറുസലേമിലെ ഖുബ്ബത്തു സഖ്‌റ (ഡോം ഓഫ് റോക്ക്). തങ്ങളുടേതായ ഒരു പുതിയ സംസ്കാരത്തിന്റെ വരവറിയിക്കുക എന്നതാണ് ഉമയ്യദ് ഭരണാധികാരികൾ പറയാൻ ശ്രമിച്ചത്. ജറുസലേമിന്റെ ആകാശസീമയിൽ ആധിപത്യം പുലർത്തുന്ന ഒരു സ്മാരകം പണിയുകയായിരുന്നു അവരവിടെ. ബൈസന്റൈൻ, ക്ലാസിക്കൽ കാലത്തെ പൈതൃകങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് അവർ പുതിയ വാസ്തുശൈലിക്ക് രൂപം നൽകിയത്. ഇത് തന്നെയാണ് ആവർത്തിച്ച് സംഭവിക്കുന്നത്. ഒരു പുതിയ ഭരണാധികാരി വരികയും മുമ്പുണ്ടായിരുന്നവയെ സമന്വയിപ്പിക്കുകയും അതിൽ സ്വന്തം ഭാഗധേയത്വം അടയാളപ്പെടുത്തി അവരുടെ പേര് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രൽ ആകാശനിരപ്പിലെ പുതിയ ആധിപത്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു എന്ന് ക്രിസ്റ്റഫർ റെൻ ബോധവാനായിരുന്നു.

നോത്രദാം കത്തുമ്പോഴുള്ള ഫ്രഞ്ചുകാരുടെ ശക്തമായ വികാരത്തെക്കുറിച്ച് പരാമർശിച്ചു. പൊതു ഇടങ്ങളിലെ കുരിശുൾപ്പെടെ എല്ലാതരം മതചിഹ്നങ്ങളോടും മുഖം തിരിക്കുന്ന മതനിരപേക്ഷ രാഷ്ട്രമാണിത്. അവിടെ എങ്ങിനെയാണിത് സാധ്യമാവുന്നത്?

സഭയെയും ഭരണകൂടത്തെയും വേർതിരിച്ചു കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രഞ്ച് സെക്കുലറിസത്തിന്റെ (laïcite) പ്രകടമായ വിരോധാഭാസമാണിത്. ചർച്ചിലെ പങ്കാളിത്തം കുറഞ്ഞുകൊണ്ടിരുന്ന ഒരു സമൂഹത്തിൽ പുതിയ ആത്മീയ ഉണർവ് സംഭവിക്കുന്നുണ്ട്. നോത്രദാമിലേക്ക് പോവാൻ കഴിയാത്തത് കൊണ്ട് അവർ മറ്റു പല സ്ഥലങ്ങളിലേക്കും തീർത്ഥാടനത്തിനിറങ്ങുന്നു. ആളുകൾ ഇന്ന് കൂടുതലായി പള്ളികളിലേക്ക് പോകുന്നു. ഒരു കെട്ടിടത്തിന് ഒരു സമൂഹത്തെ എത്രമാത്രം ശക്തമായി സ്വാധീനിക്കാനാവും എന്നതിന്റെ അടയാളം കൂടിയാണത്. അത് നഷ്ടപ്പെടുന്നത് വരെ അവരത് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കെട്ടിടത്തിന്റെ ശക്തിയെയും അധികാരത്തെയും കുറിച്ചാണ് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ആർക്കിടെക്റ്റായ ക്രിസ്റ്റഫർ റെൻ, സെന്റ് പോൾസ് കത്തീഡ്രലിന്റെ കെട്ടിടം തുടങ്ങിയവയെകുറിച്ച് പരാമർശിക്കുകയുണ്ടായി. സെന്റ് പോൾസ് കത്തീഡ്രലിനുള്ളിലെ മുസ്‌ലിം വാസ്തുവിദ്യയുടെ സ്വാധീനത്തെയും അതിന്റെ ഇറക്കുമതിയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും, മുസ്‌ലിം വാസ്തുവിദ്യ അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളും എന്തെല്ലാമായിരുന്നു?

സെന്റ് പോൾസിന്റെ താഴികക്കുടം പുസ്തകത്തിന്റെ മുഖചിത്രമായി തിരഞ്ഞെടുക്കാനുള്ള കാരണം അതായിരുന്നു. സെന്റ് പോൾസിന്റെ താഴികക്കുടത്തിൽ സാരസൻ വോൾട്ടിംഗാണ് ഉപയോഗിച്ചതെന്ന് ക്രിസ്റ്റഫർ റെൻ എഴുതിയിട്ടുണ്ട്. വിവിധ ശൈലിയിലുള്ള കമാന നിർമ്മാണ ശൈലികൾ താരതമ്യം ചെയ്ത് എന്തുകൊണ്ടാണ് സരസൻ/മുസ്‌ലിം ശൈലി മികച്ച് നിൽക്കുന്നത് എന്ന് അദ്ദേഹം രേഖാചിത്രങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുന്നുണ്ട്. ജ്യാമിതിയുടെ അതുല്യമായ മികവ് കാരണം സാരസൻ ശൈലിയെ അദ്ദേഹം അതിയായി വിലമതിച്ചിരുന്നുവെന്ന് കാണാം. ഒരു മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യാമിതി വിദഗ്ധനും ആയിരുന്നു ക്രിസ്റ്റഫർ റെൻ. വാസ്തുവിദ്യാ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജ്യാമിതീയരീതിയിലുള്ള പരിഹാരങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ജ്യാമിതിയുടെ അവിശ്വസനീയമായ ഈ മികവ് തന്നെയായിരുന്നു സാരസൻ ശൈലിയിലുള്ള വോൾട്ടിംങ് സ്വീകരിക്കാൻ അദ്ദേഹത്തെ സ്വാധീനിച്ചത്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം അത് പുതിയ രീതിയായിരുന്നു.

ഇസ്‌ലാമിക വസ്തു നിർമിതികളിൽ നിന്നും അദ്ദേഹം കടംകൊണ്ട മറ്റൊന്ന് കമാനങ്ങൾ താങ്ങിനിർത്തുന്ന നിർമ്മാണ ഘടകങ്ങളെ മറക്കുന്ന സംവിധമായിരുന്നു. ഉപഭിത്തികൾ പരസ്യമായി പ്രദർശിപ്പിക്കും വിധം ഉപയോഗിക്കുന്നത് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. കെട്ടിടം ഉയർന്നുനിൽക്കുന്നത് എങ്ങനെയാണെന്ന് ആളുകളെ കാണരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനാൽ സെന്റ് പോൾസിന്റെ താഴികക്കുടത്തിനൊപ്പം താഴികക്കുടത്തിന്റെ ഭാരത്തിന്റെ തൂക്കം വ്യാപിപ്പിക്കാൻ അദ്ദേഹം അതിനു താഴെ അർദ്ധ താഴികക്കുടങ്ങൾ ഉപയോഗിച്ചു. 100-150 വർഷം മുമ്പ് ജീവിച്ചിരുന്ന പ്രശസ്ത ഓട്ടോമൻ വാസ്തുശില്പിയായ മിമാർ സിനാനിൽ നിന്നായിരുന്നു അദ്ദേഹം ആ രീതി അനുകരിച്ചത്. മൈക്കലാഞ്ചലോയുടെ സമകാലികനായിരുന്നു അദ്ദേഹം. സുലൈമാനിയെ ജാമി പോലെയുള്ള വളരെ ഉയരമുള്ള പള്ളികൾ ഇസ്താംബൂളിന്റെ ആകാശപരപ്പിൽ എങ്ങനെ ഉയർത്തി നിർത്തിയെന്നും, താഴികക്കുടത്തിന് അടിയിൽ നിന്ന് ഭാരം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ് എന്നും ക്രിസ്റ്റഫർ റെൻ സിനാനിൽ നിന്നും മനസ്സിലാക്കി. താൻ ഈ വാസ്തുവിദ്യശൈലി കടമെടുത്തതായി അദ്ദേഹം തുറന്നുപറയുന്നുണ്ട്.

ക്രിസ്റ്റഫറിനെപ്പോലുള്ളവർ വാസ്തുവിദ്യാ മികവിന് മുസ്‌ലിംകളെ അംഗീകരിക്കുകയും കടപ്പാട് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് അത്തരം കടപ്പാടുകളുടെ മനഃപൂർവ്വം മാറ്റിനിർത്തുകയോ, മറക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടാവും?

അത്തരം പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അംഗീകരിക്കുക എന്നത് അക്കാലത്തെയും, ഇന്നത്തെയും രാഷ്‌ട്രീയ കാലാവസ്ഥക്ക് യോജിച്ചതായിരുന്നില്ല. ഞാൻ ഈ പുസ്തകം എഴുതാൻ ആഗ്രഹിച്ചതിന്റെ മറ്റൊരു കാരണം അതാണ്. ഇക്കാലത്ത് ഇത് നാം അംഗീകരിക്കുകയും വകവെച്ചുകൊടുക്കുകയും വേണമെന്ന് എനിക്ക് തോന്നുന്നു. എല്ലാ സംസ്കാരങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. നാമെല്ലാവരും തുടക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും പഠിച്ചവരും പകർത്തിയവരുമാണ്. അത്തരം പകർത്തലുകൾ പലപ്പോഴും കിഴക്ക് നിന്നും പടിഞ്ഞാറിലേക്കായിരുന്നു ഭൂരിഭാഗവും. പ്രത്യേകിച്ച് വാസ്തുവിദ്യയുടെ കാര്യത്തിൽ ഇത് എടുത്തു പറയേണ്ടതാണ്.

ജറുസലേമിലെ ഖുബ്ബതു സഖ്റ യൂറോപ്യൻ വസ്തുവിദ്യയിൽ എത്രത്തോളം സ്വാധീനമുണ്ടാക്കിയിട്ടുണ്ട്?

ഇവ്വിഷയകമായി ഉള്ള ഗവേഷണത്തിൽ ഞാൻ കണ്ടെത്തിയ രസകരമായ ഒരു കാര്യം, മധ്യകാലഘട്ടത്തിൽ ആളുകൾ അതിനെ തെറ്റായിട്ടാണ് മനസ്സിലാക്കിയത് എന്നതാണ്. കുരിശുയുദ്ധക്കാർ ജറുസലേമിലെത്തിയപ്പോൾ അവർ ഖുബ്ബതു സഖ്റയെ സോളമൻ ദേവാലയമായിട്ട് തെറ്റിദ്ധരിക്കുകയും തുടർന്ന് അതിനെ അവർ ഒരു ക്രിസ്ത്യൻ പള്ളിയാക്കി മാറ്റുകയുമായിരുന്നു. അവർ അതിനെ ദൈവാലയം എന്ന് വിളിക്കുകയും മുകളിൽ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തു. ജറുസലേം സന്ദർശിക്കുന്ന തീർത്ഥാടകർക്കായി അവർ ഭൂപടങ്ങൾ നിർമ്മിച്ചു. എല്ലാവർക്കും വ്യാപകമായി ലഭ്യമാകുന്ന ആദ്യത്തെ ചിത്രസഹിതമുള്ള ഭൂപടം 1486ൽ ഒരു ഡച്ച് തീർത്ഥാടകൻ തയ്യാറാക്കുകയുണ്ടായി. ജറുസലേമിലെ പ്രധാന കെട്ടിടമെന്ന നിലയിൽ അവർ അതിനെ കേന്ദ്ര സ്ഥാനമായി കാണിച്ചു. ഈ ഭൂപടം വീണ്ടും അച്ചടിക്കുകയും, പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. അങ്ങനെ ധാരാളം ക്രിസ്ത്യൻ പള്ളികൾ അജ്ഞതയോടെ ആദ്യത്തെ മുസ്‌ലിം ദേവാലയത്തെ മാതൃകയാക്കി നിർമ്മിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനം എന്താണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. ലണ്ടനിലെയും കേംബ്രിഡ്‌ജിലെതുമടക്കം ആ രീതിയിൽ രൂപകൽപ്പന ചെയ്ത റൗണ്ട് ചർച്ചുകളും ടെംപ്ലർ പള്ളികളും യൂറോപ്പിലുടനീളമുണ്ട്.

ബ്രൈടൺ പവലിയൻ (Brighton Pavilion) ഇതുമായി ബന്ധപ്പെട്ടതാണോ?

അല്ല, ബ്രൈടൺ പവലിയൻ ഗോതിക് പുനരുദ്ധാനത്തിന്റെ ഭാഗമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ധാരാളം യൂറോപ്യർ ‘മഹത്തായ ടൂർ’ എന്ന് വിശേഷിപ്പിച്ച് ഡമാസ്കസ്, അലപ്പോ, കെയ്‌റോ, അലക്സാണ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങുകയും അതിന്റെ സ്വാധീനങ്ങളും ശൈലികളും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത് ഒരു ഗോതിക് പുനരുജ്ജീവനത്തിലേക്ക് നയിക്കുകയായിരുന്നു. അതിനാൽ ചിമ്മിനികൾ പോലും മിനി മിനാരങ്ങളാക്കി മാറ്റി റോയൽ പവലിയൻ പോലുള്ള ഒന്ന് നിർമ്മിക്കുന്ന തരത്തിൽ ഒരു പൗരസ്ത്യ ഫാന്റസിയായി ആ രീതി മാറുകയായിരുന്നു.

യൂറോപ്പിൽ മിനാരങ്ങളുടെ സ്വാധീനം എത്രത്തോളം വ്യാപകമാണ്?

കലാചരിത്രകാരന്മാരുടെ വീക്ഷണപ്രകാരം ആദ്യത്തെ മിനാരം ആകസ്മികമായി സംഭവിച്ചതാണെനന്ന് പറയാം. കാരണം അത് നിർമ്മിക്കപെട്ടത് ദമസ്കസിലെ വഴിയാത്രക്കാർക്കായുള്ള പള്ളിയിലാണ്. മുമ്പുണ്ടായിരുന്ന ഒരു റോമൻ ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ചതാണത്. എന്നാൽ ആ ആരാധനാലയം ആദ്യം ഗ്രീക്ക് ക്ഷേത്രവും അതിനുമുമ്പ് ഒരു അരാമെക് ക്ഷേത്രവുമായിരുന്നു. എല്ലാ കാലത്തും ഒരു ആത്മീയ കേന്ദ്രമായി അത് വർത്തിച്ചിട്ടിട്ടുണ്ട്. ക്രിസ്ത്യാനികൾ സ്നാപക യോഹന്നാന്റെ കത്തീഡ്രൽ എന്ന നിലയിലും ഒരു നൂറ്റാണ്ടോളം ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ആ പുണ്യ സ്ഥലം പങ്കിട്ടു. അവർ ഒരേ പ്രവേശന കവാടം ഉപയോഗിക്കുകയും ക്രിസ്ത്യാനികൾ ഒരു വഴി തിരിയുകയും മുസ്‌ലിംകൾ മറ്റൊരു വഴി തിരിയുകയും ചെയ്തു. സ്ഥലസൗകര്യത്തിന്റെ പരിമിതി കാരണം ഈ ക്രമീകരണം അവസാനിക്കുകയും, മുസ്‌ലിംകൾ ക്രിസ്ത്യാനികളുമായി ചർച്ച നടത്തി അത് പള്ളിയാക്കുകയും പകരമായി നാല് പുതിയ ക്രിസ്ത്യൻ പള്ളികൾക്കുള്ള സ്ഥലം നൽകുകയും ചെയ്തു.

പഴയ ദമസ്കസ് നഗരത്തിൽ ഇപ്പോഴും 17 ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിക്കുന്നുണ്ട്. മധ്യത്തിലെ ഉമയ്യദ് പള്ളിയിയുടെ കോണുകളിലെ പഴയ റോമൻ ആരാധനാലയത്തിന്റെ ഗോപുരങ്ങൾ, അതിൽ കയറി കയറുക വഴി പ്രാർത്ഥനക്കാനായുള്ള വിളി കൂടുതൽ പേരിലേക്കെത്താൻ സ്വാഭാവികമായും ഉപകാരപ്പെട്ടു. സിറിയയിലുടനീളമുള്ള ചതുരത്തിലുള്ള മണി ഗോപുരങ്ങളുടെ മാതൃകയുടെ സ്വാധീനവും മിനാരങ്ങളുടെ നിർമ്മാണത്തിൽ കാണാം.

യൂറോപ്പിലെ ആദ്യത്തെ മിനാരം മുസ്‌ലിം സ്‌പെയിനിലെ കോർദോവയിലായിരുന്നു. ക്രിസ്ത്യാനികൾ വന്ന് ആ കെട്ടിടം ഒരു കത്തീഡ്രലാക്കി മാറ്റിയപ്പോൾ അവർ ആ മിനാരങ്ങളെ മണി ഗോപുരമാക്കി മാറ്റി. മണിഗോപുരത്തിൽ നിന്നും മിനാരത്തിലേക്കും, മിനാരത്തിൽ നിന്നും തിരിച്ചുമുള്ള പോക്കുകൾ ഇവിടെ കാണാനാവും. എങ്ങനെയാണ് അധികാരം കെട്ടിടങ്ങളിൽ പ്രതിഫലിക്കുന്നത്, അവർ എങ്ങനെയാണ് കെട്ടിടങ്ങളെ ഉപയോഗപ്പെടുത്തിയത് എന്നതിന്റെയെല്ലാം ഉദാഹരണമാണിത്.

കുരിശുയുദ്ധക്കാർ ഡോം ഓഫ് റോക്ക് സോളമൻ ദേവാലയമായി മനസ്സിലാക്കുകയും, യൂറോപ്പിലേക്ക് ആ ഘടനയെ കൊണ്ട് പോവുകയുമായിരുന്നു. ചർച്ചുകളുടെ അടക്കം പ്രതീകമായി താഴികക്കുടങ്ങൾ മാറുന്നുണ്ട്. മറ്റു വല്ല മാർഗങ്ങളിലൂടെയും സ്വാധീനമുണ്ടായിരുന്നോ?

കുരിശുയുദ്ധക്കാർക്ക് മുൻപ് തന്നെ കിഴക്ക് നിന്നും പല വാസ്തുവിദ്യ ശൈലികളും യൂറോപ്പിലെത്തുന്നുണ്ട്. കുരിശുയുദ്ധക്കാർ അവ ജനപ്രിയമാക്കി മാറ്റുകയായിരുന്നു. യുദ്ധാനന്തരം മടങ്ങിയെത്തിയപ്പോൾ അവയെല്ലാം ഗോതിക് കത്തീഡ്രലുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറി. ഗോതിക് കത്തീഡ്രൽ വ്യാപകമായ കാലം കൂടിയാണിത്. അതിനുമുമ്പ് മുസ്‌ലിം സ്‌പെയിനിലൂടെയാണ് ഇത് സംഭവിച്ചത്. മൂവില കമാനങ്ങൾ, മൂന്ന് കമാനങ്ങൾ ചേർന്നുള്ള നിർമ്മിതികൾ തുടങ്ങിയ വാസ്തുശൈലികൾ ക്രിസ്ത്യാനികൾ ത്രിയേകത്വത്തെ പ്രതിനിധീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തി. മുസ്‌ലിം സ്പെയിനിൽ നിന്നും ആർച്ചുകൾ കടംകൊള്ളുമ്പോൾ തന്നെ വളരെ വ്യത്യസ്തമായ അർത്ഥത്തെ അടയാളപ്പെടുത്തുന്നതിനായാണ് അവർ അവയെ ഉപയോഗപ്പെടുത്തിയത്. കുരിശുയുദ്ധത്തിന് മുമ്പ് തന്നെ കോർദോവയിലൂടെ കമാനങ്ങളും, താഴികക്കുടങ്ങളും യൂറോപ്പിൽ വ്യാപിക്കുന്നുണ്ട്. കോർദോവ പള്ളിയിലെ പ്രധാന കമാനം ഏതാനും വർഷങ്ങൾക്കുമുമ്പ് ചില സ്പാനിഷ് എഞ്ചിനീയർമാർ പരിശോധിച്ചിരുന്നു. അവർ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ജ്യാമിതിയ നിർമിതി ആയിരുന്നു അത്. ആയിരക്കണക്കിന് വർഷങ്ങളായി ഇതിന് ഘടനാപരമായ അറ്റകുറ്റപ്പണികളുടെ ആവശ്യമുണ്ടാട്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്.

ജ്യാമിതിയെ അടിസ്ഥാനമാക്കിയുള്ള വോൾട്ടിംഗ് സംവിധാനങ്ങൾ ആദ്യം വടക്കൻ യൂറിപ്പിലെ ക്രിസ്ത്യൻ നിർമിതികളിൽ പകർത്തപ്പെടുകയും, പിന്നീട് തെക്കൻ ഫ്രാൻസിലെ കെട്ടിടങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. അക്കാലത്ത് വടക്കൻ യൂറോപ്പിലെ വലിയ ക്രിസ്ത്യൻ ശക്തിയായിരുന്ന ബെനഡിക്റ്റൈനുകൾ അവരുടെ പ്രധാന മഠത്തിലെ ആസ്ഥാനത്തുനിന്ന് സാന്റിയാഗോ ഡി കമ്പോസ്റ്റെലയിലേക്കുള്ള (Santiago de Compostela) ഒരു തീർത്ഥാടന പാത രൂപപ്പെടുത്തിയിരുന്നു. അവിടേക്കുള്ള വഴിയിലുള്ള ക്ലൂനിയാക് ആശ്രമങ്ങളിലാണ് ഈ വാസ്തുവിദ്യാ ഘടകങ്ങളിൽ ചിലതിന്റെ സംയോജനം ആദ്യമായി പ്രകടമാവുന്നത്. കറുപ്പും വെളുപ്പും, അല്ലെങ്കിൽ ചുവപ്പും വെള്ളയും നിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ ഇവിടങ്ങളിൽ കാണാനാവും. കാരണം, ചുവപ്പും വെള്ളയും കോർദോവയിലെ അബ്ദു റഹ്മാൻ പള്ളിയുടെ നിറങ്ങളായിരുന്നു. കറുപ്പും വെളുപ്പും ഇടകലരുന്ന രീതിയുടെ വേരുകൾ ചെന്നെത്തുന്നത് സിറിയയിലേക്കാണ്. തെക്കൻ സിറിയയിലെ ആദ്യകാല ബൈസന്റൈൻ ആശ്രമങ്ങളിലുള്ള ക്ലോയിസ്റ്ററുകളിൽ നിന്നാണ് അത് രൂപപ്പെട്ടത്.

ഗോതിക് വാസ്തുവിദ്യ എന്ന് നാം വിളിക്കുന്നത് ശരിക്കും ഇസ്‌ലാമിക വാസ്തുവിദ്യ എന്ന് വിളിക്കാനാവുമോ?

രസകരമായ കാര്യം, ഗോതിക് എന്ന പദം തന്നെ സമീപകാലത്തായി രൂപപ്പെട്ടതാണ്. പതിനാറാം നൂറ്റാണ്ടിൽ ഒരു ഇറ്റാലിയൻ കലാ ചരിത്രകാരൻ ആദ്യമായി ഈ പദം ഉപയോഗിച്ചപ്പോൾ മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം തന്നെ വരുന്നത്. നവോത്ഥാനം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു. എന്നാൽ അതിനുമുമ്പ്, യഥാർത്ഥ മധ്യകാല ഗോതിക് വാസ്തുവിദ്യയെ ഫ്രഞ്ച് ശൈലി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കുരിശുയുദ്ധത്തിൽ നിന്ന് നേടിയ പണവും മുസ്‌ലിം സ്‌പെയിനിൽ നിന്ന് ഈടാക്കിയ നികുതികളും ഇതിനെ സഹായിച്ചു. അതുകൊണ്ട് തന്നെ അക്കാലത്ത് ധാരാളം പണമുണ്ടായിരുന്നു. ഇതെല്ലാം കെട്ടിടങ്ങളിൽ ഉപയോഗിക്കപ്പെട്ടു. ഇന്ന് ഗോതിക് എന്ന് വിളിക്കുന്നത് നൂറ്റാണ്ടുകളായി ഫ്രഞ്ച് ശൈലി എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രിസ്റ്റഫർ റെൻ തന്നെ പറഞ്ഞതുപോലെ, അതിമനോഹരവും അതിലോലമായ അലങ്കാരങ്ങളും പ്രകാശവും നിറഞ്ഞ ഒരു ശൈലിയെ എങ്ങനെ ഗോതിക് എന്ന് വിളിക്കാനാവും? ഗോതിക് എന്നത് കടുപ്പമുള്ളതും, ഗോത്തുകൾ നശീകരണവുമായി ബന്ധപ്പെട്ടവരുമാണ്.

ഗോതിക് ശൈലി ഇസ്‌ലാമിക വാസ്തുവിദ്യയുടെ ധാരാളം ഘടകങ്ങൾ എടുക്കുകയും അവയെ കത്തീഡ്രലിലേക്ക് പുനർനിർമ്മിക്കുകയും, സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ട്രെഫോയിൽ ആർച്ച്, മൾട്ടി ആർച്, വോൾട്ടിംഗ്, പോയിന്റു ചെയ്‌ത ജാലകങ്ങൾ തുടങ്ങിയവയുടെയെല്ലാം ഉൽഭവം ഇസ്‌ലാമികമാണ്. ഇനി ഇവ ഇസ്‌ലാമികമല്ല, മറിച്ച് മിഡിൽ ഈസ്റ്റിൽ നിന്നുള്ള പൂർവ ഇസ്‌ലാമിക സംസ്‌കൃതിയിൽ നിന്നുള്ളതാണ് എന്ന് വാദിക്കുകയാണ് എങ്കിൽ ഇരട്ട ഗോപുരങ്ങൾ കൂടി അതിൽ ഉൾപ്പെടുത്തേണ്ടിവരും. കാരണം സിറിയയിലെ ആദ്യകാല പള്ളികളിൽ ഈ ഇരട്ട ഗോപുരങ്ങൾ ഒരു വലിയ കമാനത്തോടുകൂടി ഉണ്ടായിരുന്നു. യഥാർത്ഥതത്തിൽ ഇസ്‌ലാമികവും അല്ലാത്തതുമായി ഒരുപാട് നിർമാണ ശൈലികൾ കൂട്ടിച്ചെർന്നാണ് പുതിയ രീതി രൂപപ്പെട്ടുവന്നത്, അവയിൽ പലതും രൂപംകൊണ്ടത് ഇസ്‌ലാമിക ലോകത്തായിരുന്നു.

യൂറോപ്പിലെ ഇസ്‌ലാമിക സ്വാധീനം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ യൂറോപ്പിനെ ഏത് വിധമാണ് അടയാളപ്പെടുത്തുന്നത്?

ഈ പുസ്തകം ഇപ്പോൾ എഴുതേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എനിക്ക് തോന്നിയ മറ്റൊരു കാരണമാണിത്. മുസ്‌ലിം ലോകത്തുനിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ധാരാളം നല്ല കാര്യങ്ങൾ നാം കടംകൊണ്ടിട്ടുണ്ട് എന്ന് ആളുകളെ ഓർമ്മിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. അത്തരം ചരിത്രപരമായ സ്വാധീനങ്ങളെ അംഗീകരിക്കുന്നത് ഈ കെട്ടിടങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ഈ കെട്ടിടങ്ങളെല്ലാം എത്രമാത്രം വൈവിധ്യം നിറഞ്ഞ അടരുകളും, സംസ്കാരങ്ങളും പേറുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കാനാണ് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.

വിവർത്തനം :മുജ്തബ സി.ടി കുമരംപുത്തൂർ
അഭിമുഖം പൂർണമായും കേൾക്കാം: In Conversation: Islamic Architecture and Europe

Comments are closed.