ബ്രസീലിലെ മുസ്‌ലിം ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അഞ്ചാം ഭാഗം
നാലാം ഭാഗം: സൂഫി സദസ്സിൽ ആദ്യമായി: സാവോ പോളോയിലെ മറക്കാത്ത രാവ്
ജൂൺ 13 ശനിയാഴ്ച്ചയാണ് ഞാനും അമ്മാറും സാവോപോളോയിൽ നിന്നും 27 മൈൽ അകലെയുള്ള എമ്പുഡാസ് ആർട്ടെസിലേക്ക് (Embu das Artes) യാത്ര തിരിക്കുന്നത്. ബ്രസീലിലെ തീർത്തും വ്യത്യസ്തമായ മുസ്‌ലിം ജീവിതങ്ങളെ അടുത്തറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.




മെട്രോ സ്റ്റേഷനിൽ നിന്നും ഞങ്ങളെയും വഹിച്ച് പുറപ്പെട്ട ബസ് ഒന്നര മണിക്കൂറുകൾക്ക് ശേഷം ഇറക്കിയത് മുസല്ലക്കടുത്തുള്ള ബസ്റ്റാൻഡിൽ ആയിരുന്നു. ഏകദേശം മൂന്ന് മണി ആകുമ്പോൾ അവിടെയെത്തിയ ഞങ്ങൾക്ക് വഴിയരികിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ വഴികാട്ടിയായി. കഅബ് അബ്ദുലിനെ കാണുക എന്നതായിരുന്നു പ്രഥമലക്ഷ്യം. അതിനായി ഞങ്ങൾ ധൃതിയിൽ അയാളെ പിന്തുടർന്നു. അവിടെ എത്തുമ്പോൾ കഅബ് അദ്ദേഹത്തിന്റെ കൂട്ടുകാരനുമായി സംസാരിക്കുകയായിരുന്നു.




അദ്ദേഹം ഞങ്ങളെ മുസല്ല റഹ്മയിലേക്ക് നയിച്ചു. വഴിയരികിൽ കുട്ടികൾ കളിക്കുന്നതും, മുതിർന്നവർ സംസാരിച്ചിരിക്കുന്നതും കാണാമായിരുന്നു. ചെങ്കുത്തായ ഇടുങ്ങിയ തെരുവിലൂടെയുള്ള യാത്ര അലങ്കാരങ്ങളില്ലാത്ത ഗ്രാമീണ ജീവിതത്തിന്റെ നേർ ദൃശ്യങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നു.




മുസല്ലയിൽ എത്തിയ ഉടനെ ഞങ്ങൾ മൂന്നുപേരും ജമാഅത്തായി അസർ നമസ്കരിച്ചു. ശേഷം മൂന്നാം നിലയിലേക്ക് കയറി. അവിടെയാണ് ഞങ്ങളുടെ ആതിഥേയൻ താമസിക്കുന്നത്. റാപ്പ് സംഗീതജ്ഞനായിരുന്ന കഅബ് 2008ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ബാങ്കിന്റെ (നമസ്കാരത്തിലേക്കു ക്ഷണം) മനോഹരമായ ശബ്ദം ആഴത്തിൽ സ്വാധീനിച്ചതോടെ ഇന്റർനെറ്റിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.




അതിനിടയിൽ ഒരു ഈജിപ്ഷ്യൻ പൗരനെ മെസഞ്ചറിലൂടെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. പള്ളിയിൽ പോകുന്നതിനു മുമ്പ് തന്നെ തന്റെ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം വെബ്ക്യാമിലൂടെ അദ്ദേഹം ഷഹാദത് കലിമ ഉച്ചരിച്ചു. ഈജിപ്തുകാരനായ സുഹൃത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെ വിവരിക്കുന്ന പോർച്ചുഗീസ് ഭാഷയിലുള്ള മൂന്ന് പുസ്തകങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു.




ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ സ്വാധീനിച്ചു. ഹിപ്പ് ഹോപ്പ് മിക്സിങ്ങ് (hip hop) തന്റെ മത ജീവിതത്തോട് യോജിച്ച് പോവില്ല എന്ന് മനസ്സിലാക്കിയ കഅബ് തന്റെ റാപ്പ് ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇപ്പോൾ അദ്ദേഹം Fragmentos de um Muçulmano (Fragments of a Muslim) എന്നപേരിൽ സംഗീത ഉപകരണങ്ങൾ ഇല്ലാത്ത കവിതകൾ മാത്രമാണ് അവതരിപ്പിക്കുന്നത്.




ഇസ്‌ലാം ആശ്ലേഷണ സമയത്ത് ഇസ്‌ലാമിനെ മനസ്സിലാക്കാൻ ആവശ്യമായ സ്രോതസ്സുകളുടെ അഭാവം കാരണം അദ്ദേഹത്തിന് വലിയ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഇനി ഇസ്‌ലാമിലേക്ക് കടന്നുവരുന്ന മറ്റൊരാൾക്കും തന്റെ അവസ്ഥ ഉണ്ടാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. പൊതുനിരത്തിലൂടെ മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ മാത്രമെ സമീപത്തെ മുസ്‌ലിം പള്ളിയിൽ എത്താൻ സാധിക്കുകയുള്ളൂ. അതുമാത്രമാണ് ആ നാട്ടിലെ മുസ്‌ലിംകൾക്കുള്ള ഏക ആശ്രയം.




അറബികളും പുതു മുസ്‌ലിംകളും തമ്മിലുള്ള സാംസ്കാരിക വിടവിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. അതുകൊണ്ടുതന്നെ ഈ പുതു മുസ്‌ലിംകളെ ഒരുമിച്ചു കൂട്ടാനും അവർക്ക് സ്വന്തമായി ഒരു അസ്തിത്വം വാർത്തെടുക്കാനുമുള്ള ഒരു ഇടമായാണ് കഅബ് മുസല്ലയെ കാണുന്നത്. ക്ലേശകരമായ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും ഇനിയുമൊരുപാട് ഇസ്‌ലാമാശ്ലേഷണങ്ങൾ ഉണ്ടാകുമെന്നാണ് കഅബ് വിശ്വസിക്കുന്നത്.




ഈ മുസല്ല ഒരിക്കൽ സ്കൂൾ ആകുമെന്നും അതിനുശേഷം അത്യാധുനിക സൗകര്യങ്ങളുള്ള ഒരു പള്ളിയായി മാറുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ അമ്മാർ ചോദിച്ചു “എന്തിനാണ് പള്ളി പണിയുന്നതിന് മുമ്പ് സ്കൂള് പണിയുന്നത്”? ഇതു കേട്ടമാത്രയിൽ കഅബ് അമ്മാറിൻ്റെ കൈകളിൽ പിടിച്ച് മലമുകളിലെ വീടുകളിലേക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു ” ആരാധനാലയം പണിയുന്നതിന് മുമ്പ് അവർക്ക് വേണ്ടത് ആരാധന ചെയ്യാനുള്ള അറിവാണ്. അതിനാവശ്യമായത് വിദ്യാലയമാണ്” അദ്ദേഹത്തിന്റെ ചിന്താരീതി ഞങ്ങളെ കുഴപ്പത്തിലാക്കി കാരണം അമേരിക്കയിലെ ആദ്യം പള്ളി പിന്നെ വിദ്യാലയം എന്ന ചിന്ത രീതിയാണല്ലോ നമ്മെ സ്വാധീനിച്ചിരിക്കുന്നത്.




രാത്രിയായപ്പോൾ രണ്ടുപേരുടെ കല്യാണം ഉണ്ടായിരുന്നതുകൊണ്ട് അനേകമാളുകൾ മുസല്ലയിൽ തടിച്ച് കൂടി. ആ രാത്രി മുഴുക്കെ ഞങ്ങൾ അവിടെ ചിലവഴിച്ചു. രാത്രിയുടെ അവസാനം നിസ്കാര സ്ഥലത്ത് അന്തിയുറങ്ങി.




നിർഭാഗ്യവശാൽ, കല്യാണത്തിന് കൂടാൻ കഴിഞ്ഞില്ലെങ്കിലും രുചികരമായ ബാർബിക്യു (churrasco) കഴിക്കാൻ സാധിച്ചു. സുബഹി നിസ്കാരാനന്തരം ഞങ്ങൾ യാത്ര തിരിച്ചു ഇന്നലെ അന്തിയുറങ്ങിയ വീട്ടിലെ മൂന്നു സഹോദരങ്ങളും ഞങ്ങളെ യാത്രയാക്കാൻ ബസ് ടെർമിനലിലേക്ക് കൂടെയുണ്ടായിരുന്നു.
വിവർത്തനം: ഇർഷാദ് മരക്കാർ
Comments are closed.