നിങ്ങളുടെ ജീവിതം മുഴുക്കെയും ഉഴിഞ്ഞു വെക്കാവുന്ന – ജീവിതം തന്നെയാകുന്ന – ഇത്തരം പുസ്തകങ്ങൾ, വളരെ പതുക്കെയെങ്കിലും, അവയ്ക്കു കൊണ്ടുപോകേണ്ടിടത്തെക്കു അതു നിങ്ങളെ കൊണ്ടുപോകും. ഈ പുതിയ സ്ഥലം, ഈ വിദേശ നാട്, നമ്മുടെ ഭൂതകാലം കൊണ്ടും ഓർമകൾ കൊണ്ടും സ്വപ്നങ്ങൾ കൊണ്ടുമൊക്കെത്തന്നെയാണ് നിര്മിക്കപ്പെട്ടിട്ടുള്ളത്.

Orhan Pamuk “The Black Book: Ten Years On” in Other Colours.

സിശാനെ മെട്രോ സ്റ്റേഷനോട് ഓരം ചേർന്നു നിൽക്കുമ്പോഴും പരിസരത്ത് ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെയാണ് നിഷ്കളങ്കതയുടെ മ്യൂസിയം എന്നോ തുർക്കി ഭാഷയിൽ ‘Masumiyet Müzesi’’ എന്നോ നിങ്ങൾക്ക് വിളിക്കാവുന്ന ഈ മ്യൂസിയത്തിന്റെ നിൽപ്പ്. തിരക്കേറിയ ഈ പൊതുവഴിയിൽ മറ്റുപലർക്കും ശേഷം ഞാൻ അന്വേഷിച്ചു നടന്ന സ്ഥാപനത്തെക്കുറിച്ച് സുപരിചിതനായ ഒരാളെ കണ്ടെത്തുമ്പോഴേക്ക് ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം. തിരക്കുപിടിച്ച നഗര വീഥിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അനന്തമായ പടവുകളിറങ്ങി പോകണമായിരുന്നു എനിക്ക്. ഇടയ്ക്കൊന്ന് അമാന്തിച്ചു നിന്ന ഞാൻ ഒരു ഇടത്തരം ചർച്ചിന്റെ അടഞ്ഞ വാതിൽ പൊളിക്ക് പുറത്ത് എന്തോ പ്രതീക്ഷിച്ചു നിൽക്കുന്ന ചെറുപ്പക്കാരായ ആൾക്കൂട്ടത്തെയും കടന്ന് താഴേക്ക് നടന്നു. ഇടുങ്ങി വന്ന തെരുവ് നിരപ്പായ ഒരു പ്രതലത്തിൽ നിന്നും വളഞ്ഞ് താഴേക്ക് തന്നെ ചെല്ലുന്നു. വലഭാഗത്തുള്ള ഇറ്റാലിയൻ എംബസിയും കടന്ന് പടവുകൾ ചെന്നെത്തിയത് ഇരു വഴികളും സന്ധിക്കുന്ന കലാത്മകമെന്നു തോന്നിച്ച ഒരു അയല്പക്കത്താണ്. ഇസ്താബൂളിലെ ഉൾറോഡുകൾ പോലെ കഷ്ടിച്ചു ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ സാധിക്കുന്ന ആ തെരുവിൽ സ്ഥലത്തെ ചൊല്ലി പോരടിക്കുന്ന സ്കൂട്ടറുകളേയും വലിയ കാറുകളെയും കാണാമായിരുന്നു. ഇടത്തോട്ട് കുറച്ചു പടവിറങ്ങിയാലാണ് മ്യൂസിയം. അതിന്റെ അകത്തേക്കുള്ള കവാടം എന്റെ കണ്മുന്നിൽ തന്നെയാണ്.

ഒരു ദിവസത്തെ സന്ദർശനത്തിനായി ഇസ്താംബൂളിൽ എത്തിയതായിരുന്നു ഞാൻ. ഈ യാത്രയിലെ എന്റെ പ്രധാന സന്ദർശന ഇടങ്ങളിലൊന്നാണ് ഈ മ്യൂസിയം. കമാലിന്റെയും തന്റെ അകന്ന ബന്ധുവായ ഫുസൂന്റെയും ദുഃഖ പര്യവസായിയായ പ്രണയത്തിന് മൂകസാക്ഷിയാണ് ഇവിടം. ഓർഹാൻ പാമുകിന്റെ ഏറ്റവും ബൃഹത്തായ നോവലിന്റെ പേര് കൂടിയാണ് മ്യൂസിയം ഓഫ് ഇന്നസെൻസ്. മിന്നായം പോലെ കടന്നു പോകുന്ന സമയത്തെ പിന്തുടർന്നു കൊണ്ടുള്ള നിരാശജനകമായ ശ്രമത്തിൽ വാക്കിനേയും വസ്തുവിനെയും നെയ്തു ചേർക്കുമ്പോഴുള്ള ആനന്ദത്തെ കുറിച്ചാണത് നോവൽ സംസാരിക്കുന്നത്. ലോകത്തിന്റെ ഈ വിരോധാഭാസം മറ്റാരെക്കാളുമേറെ മിഖായേൽ ഭക്തിൻ ബിൾദുങ്സ്‌റോമനെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മ്യൂസിയം ഓഫ് ഇന്നസെൻസ് വായിക്കുമ്പോൾ, ജീവിതം നമ്മെ വിട്ട് മറയുന്നത് കാണുന്നതിന്റെ , അപ്പോഴും തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആ നീതീകരിക്കാനാവാത്ത ശുഭാപ്തി വിശ്വാസത്തിന്റെ, ആ വിരോധാഭാസത്തിന്റെ വേദനാജനകമായ ആനന്ദത്തിൽ ആശ്വാസം കണ്ടെത്തുക ആയിരിക്കും നാം. ഒരു നോവലും ചുരുക്കി എഴുതാനാവില്ല, പ്രത്യേകിച്ചും മ്യൂസിയം. കാരണം ആ നോവലിന്റെ ആകർഷണം തന്നെ നിർത്താതെ വരുന്ന വാക്കുകളാണ്. എന്നല്ല പരുക്കമായ ആ വാക്ക് ഒഴുക്കിന്റെ നിഷ്കളങ്കതയാൽ അത് തടുക്കൽ അസാധ്യമെന്നറിയുമ്പോൾ, ആ സൗന്ദര്യം ഓർമ്മയിൽ മാത്രം തങ്ങി നിൽക്കുന്നതാണെന്ന് വേദനയോടെ തിരിച്ചറിയുമ്പോൾ ഒരു ചുരുക്കി എഴുത്ത് അസാധ്യമായി തന്നെ നിലനിൽക്കുമെന്ന് ഉറപ്പ്.

2006ലാണ് ഞാനാദ്യമായി പാമുക്കിനെ വായിക്കുന്നത്. അർമീനിയൻ കൂട്ടക്കൊലയെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളാൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. കഴിഞ്ഞ സെമസ്റ്റർ കാലഘട്ടത്തിൽ നോബൽ പുരസ്കാര ജേതാക്കളെ പ്രവചിക്കുന്നതിൽ പ്രത്യേക വാസനയുണ്ടായിരുന്ന എന്റെ ഒരു അധ്യാപികയും അദ്ദേഹത്തിന്റെ സാഹിത്യ യോഗ്യതയെ പരാമർശിച്ച് അദ്ദേഹം അത് നേടുമെന്ന് പ്രതിവചിച്ചിരുന്നു. എന്നാൽ വാർത്തയിൽ ഉണ്ടായിരുന്ന പമുക്കിനെ കുറിച്ച് അവർ ഒന്നും തന്നെ പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. (അദ്ദേഹം നോബൽ നേടുന്നതിന്റെ ഒരുവർഷം മുമ്പുതന്നെ പ്രൊഫസർ പി വി അശോക് അത് പ്രവചിച്ചിരുന്നു!) പരസ്പരം സഹവർത്തിക്കാവുന്ന എന്നാൽ അപരനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത രണ്ടു പാമുക്കുകളെ എനിക്കറിയാം. ഇതുകൊണ്ടോക്കെ തന്നെ അർമീനിയൻ വിഷയത്തിലെ ഇടപെടലും എന്റെ അധ്യാപികയുടെ പരാമർശവും കഴിഞ്ഞ് ഒരു സെമസ്റ്റർ പിന്നിട്ട് 2016ലെ വേനൽ-മഴക്കാലം ആവുമ്പോഴേക്കും അന്നു കിട്ടാവുന്ന ഏറ്റവും ചെറിയ കൃതിയിലൂടെ – White Castle- അദ്ദേഹത്തെ അടുത്തറിയാൻ ഞാൻ ഒരുമ്പെട്ടിരുന്നു. (2011 ഇൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പര ഒഴിച്ചുനിർത്തിയാൽ ഇന്നും അതു തന്നെയാണ് ചെറിയ കൃതി).

പലകാരണങ്ങളാലും White Castle ഓർഹാൻ പാമുക്കിന്റ് കൃതികളിലേക്കുള്ള എന്റെ ആമുഖം മാത്രമായിരുന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ കൃതികളിലുടനീളം അവയുടെ ഉള്ളടക്കത്തെയും ഘടനയെയും ആഖ്യാന ശൈലിയും അസംഖ്യം വഴികളിലൂടെ അസ്വസ്ഥമാക്കുന്ന നിരന്തര സമസ്യകളിലേക്കുള്ള വാതായനങ്ങൾ തുറന്നു വെക്കൽ കൂടിയായിരുന്നു. കൃതിയിലുടനീളം വായനക്കാർ അഭിമുഖീകരിക്കാൻ പോകുന്ന ഇത്തരം സങ്കീർണ ചോദ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ആദ്യ ഖണ്ഡികയിൽ തന്നെ പരാമർശിക്കുന്ന കൃത്രിമ നാണയങ്ങളും വഹിച്ചുപോകുന്ന കപ്പൽ. എന്നെ സംബന്ധിച്ച് രണ്ട് പാമുക്കുകളും അന്യോന്യം കണ്ടുമുട്ടുന്നത് ഇവിടെവെച്ചാണ്.

എന്താണ് വഞ്ചന നടത്തുക എന്നാൽ? കൊള്ളക്കാരേയും കൊള്ള ചെയ്യപ്പെടുന്ന വെരെയും കുറിച്ചുള്ള നമ്മുടെ പരികല്പനകളിൽ കമ്പനം ചെയ്യുന്ന സത്യത്തെയും അധികാരത്തെയും സംബന്ധിക്കുന്ന ധാരണകൾ എന്തൊക്കെയാണ്? തെറ്റായ വാഗ്ദാനം നൽകുന്നവനാണ് വഞ്ചന ചെയ്യുന്നവൻ. എന്നാൽ ബാധ്യസ്ഥനെല്ലെങ്കിൽ കൂടി വാഗ്ദാനം നിറവേറ്റാൻ പ്രയത്നിക്കുന്നവൻ കൂടിയല്ലേ വഞ്ചന നടത്തുന്നവൻ? ഒരിക്കലും അർഹമല്ലാത്ത വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് കഴിയുമ്പോൾ അവയെ ചുറ്റിപ്പറ്റി നിൽക്കുന്ന ബന്ധങ്ങളുടെ യഥാസ്ഥിതിയെയാണ് യഥാർത്ഥത്തിൽ അവൻ തകർത്തുകളയുന്നത്. ഓട്ടോമൻ എന്നും വെനീഷ്യനെന്നും പകുത്തു മാറ്റപ്പെട്ട ലോകത്ത്, കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ വിഭജിക്കപ്പെട്ടിടത്ത് കൃതിമം ചെയ്യുന്നവനാവുക എന്നാൽ അകത്താക്കുകയും പുറത്താക്കുകയും ചെയ്യുന്ന അതിരുകളെ അസ്ഥിരപ്പെടുത്തി കൊണ്ടേയിരിക്കലാണ്.

പാമുകിന്റെ മറ്റു പല നോവലുകളെയും പോലെ ഒരു കഥാപാത്രത്തിലൂടെ സംഭവ വികാസങ്ങളെ പുനരാഖ്യാനിക്കുകയാണ് White Castle ( 1985/1990). സൈലൻറ് ഹോം (1983 ) എന്ന നോവലിലെ ഒരു സാങ്കൽപിക കഥാകാരന്റെ വിവരണത്തിൽ ഉൾകൊള്ളിച്ചിരിക്കുകയാണ് ഈ ആഖ്യാനത്തെ മുഴുവനും. (തുർക്കി ഭാഷയിൽ white castle ന് രണ്ടു വർഷം മുമ്പ് മാത്രമാണ് Silent Home ന്റെ പ്രസിദ്ധീകരണമെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ White Castle ന്റെ വിവർത്തനം വരുന്നത് 20 വർഷങ്ങൾക്ക് ശേഷം 2012ൽ മാത്രമാണ്).

വെനീസിൽ നിന്നും നാപ്ലസിലേക്ക് പുറപ്പെട്ട ഒരു കപ്പൽ ഓട്ടോമൻ സൈന്യം പിടിച്ചടക്കുകയും അതിൽ കണ്ടെത്തിയ ഒരു വെനീഷ്യൻ വംശജനെ അവർ ബന്ദിയാക്കുകയും ചെയ്യുന്നു. അക്ഷര കുക്ഷിയായ അവനെ ഒരു ഹോജയ്ക്ക് കൂടെ പണിയെടുക്കാനാണ് നിയമിക്കപ്പെട്ടത്. വരുന്ന യുദ്ധങ്ങളിലേക്ക് ഒരു വിശേഷ ആയുധം വികസിപ്പിക്കാനാണ് തന്നെപ്പോലെ തന്നെ തോന്നിച്ച ആ അടിമയുടെ സേവനങ്ങളത്രയും അദ്ദേഹം ഉപയോഗപ്പെടുത്തിയത്. കാലക്രമേണ ഹോജ കൂടുതൽ കൂടുതലായി അടിമയെപ്പോലെ തോന്നിപ്പിക്കുകയും അടിമയാവട്ടെ പാഷയുടെ സന്നിധാനത്ത് ഹോജയായി വേഷപ്രച്ഛന്നനാവാൻ മാത്രം അദ്ദേഹത്തിന്റെ സ്വഭാവങ്ങൾ അനുകരിക്കുകയും ചെയ്യുന്നുണ്ട്. ചരിത്ര പ്രയാണത്തിന്റെ ദാർഢ്യങ്ങളെയും അതിന്റെ ഏക നിശ്ചയമായ മരണത്തെയും അതിജീവിച്ച്‌, അവർ, കിഴക്കും പടിഞ്ഞാറും, അങ്ങനെ വ്യത്യസ്തതകളെ തേടി യാത്രയാവുകയാണ്. ആ ശപിക്കപ്പെട്ട നഗരത്തിൽ അന്യോന്യം കൊടുത്തുവാങ്ങി ഭൂത കാലത്തെയും ഓര്മകളെയും ആവാഹിച്ചു ജീവിച്ച തീർക്കുകയാണ്.

White Castle ഇളക്കിവിട്ട ആ അഭിനിവേശം എന്നെ ഇപ്പോൾ മ്യൂസേസിയിലെത്തിച്ചിരിക്കുന്നു. ഇവിടെ കമാൽ ബിസ്മാക്കി ശേഖരിച്ചുവെച്ച 4213 സിഗരറ്റുകുറ്റികളുടെ വിശാലമായ സാമ്പിൾ പ്രതിഷ്ഠികൾ ഏതൊരു സന്ദർശകന്റെയും കണ്ണിലുടക്കും. തന്റെ പ്രണയിനി ഫ്യൂസുൻ വലിച്ചിട്ട , അവളുടെ അധരങ്ങളോട് തൊട്ടുരുമ്മിക്കിടന്ന ആ സിഗരെറ്റു കുറ്റികൾ , പ്രതിശ്രുത വധുവിന് ഹാൻഡ് ബാഗ് വാങ്ങാനുള്ള വഴിയേ അവളെ കണ്ടുമുട്ടിയ ആ സന്തോഷ നിമിഷങ്ങളെക്കുറിച്ച അദ്ദേഹത്തെ ഓര്മിപ്പിച്ചിരിക്കണം. സിഗരെറ്റു കുറ്റികളുടെ ആ മൂലയിൽ നിന്നും കമാൽ തന്റ അവസാന യാമങ്ങൾ ചെലവിട്ട മൂന്ന് നിലകളുള്ള ഈ ഇടത്തരം വീടിന്റെ മുകളിലേക്ക് കയറുമ്പോഴേക്ക് ഉപമകളിലൂടെ, പ്രതീകങ്ങളിലൂടെ, ഘടകങ്ങളിലൂടെ , ഓരോ ചാപ്റ്ററിനും ഓരോ അറയെന്നെ കണക്കെ നാം നോവൽ വീണ്ടും ജീവിച്ചു തീർത്തിട്ടുണ്ടാകും .

അവിടെയുള്ള ശബ്ദരേഖ ഓരോ ഫ്രെയ്മുകളിലേക്കും നമ്മെ കൊണ്ട് പോവുക ദ്വയാഖ്യാന രൂപത്തിലായിരിക്കും. താൻ ശേഖരിച്ച വസ്തുവകകളിലൂടെ കഥ പറയുന്ന മുഖ്യ കഥാപാത്രമായ കമാലിന്റെതാണ്‌ ഒന്നാമത്തെത്. മറ്റൊന്ന് കമാലുമായി കൂടിയിരുന്ന് മ്യുസിയം പണിതുയർത്തുന്ന നോവലിസ്റ്റായ പാമുക്കിന്റെതു തന്നെ. പര്യാലോചനകൾക്കു വേണ്ടി താൻ സ്വയം വരിച്ച തോൽവികളെ പാറാസിയസ്സിന്റെ കർട്ടനിലെന്ന പോലെ തുറന്നു കാണിക്കുന്ന, ശൈലികൾക്കും ആശയങ്ങൾക്കും മദ്ധ്യേ ചാഞ്ചല്യപ്പെടുന്ന, സ്വന്തം വിഷമ വൃത്തത്തിൽ ചിന്താവിഷ്ടനാകുന്ന പാമുക്കിന്റെത് .

അപ്പോൾ പാമുക്കിവിടെയൊരു നോവലിസ്റ്റു മാത്രമല്ല , ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ അവിസ്മരണീയമാക്കിയ ഇസ്താംബുളിന്റെ പ്രിയപ്പെട്ട ചരിത്രകാരൻ കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിലെ തുർക്കി നാടകീയമായ പല നിമ്‌നോന്നതികൾ കൊണ്ടും സമ്പന്നമാണ്. ഒന്നാം ലോക മഹായുദ്ധം സൃഷ്ടിച്ച കടുത്ത ആഗതങ്ങൾക്കും വൈദേശിക ആധിപത്യത്തിനെതിരെയുള്ള വിജയകരമായ ചെറുത്തു നിൽപ്പിനും ശേഷം 1928 ന്റെ ഒരു സായം സന്ധ്യയിൽ തുർക്കിയുടെ ചരിത്രം പുനർ നിർണ്ണയിക്കപ്പെട്ടിരുന്നു. തുർക്കി ഭാഷക്ക് നിലവിൽ ഉണ്ടായിരുന്ന അറബിക് ലിപിക്ക് പകരം ലാറ്റിൻ ലിപി കൊണ്ടുവന്നുള്ള കമാൽ പാഷയുടെ ഉത്തരവ് ഒരു സമൂഹത്തിന്റെ ചരിത്രത്തെ തന്നെ അവ്യക്തമാക്കിക്കളഞ്ഞു. “മറ്റൊരിക്കൽ ‘അവരാം’ വന്നിരുന്നപ്പോൾ മുസ്‌ലിം തലകൾക്കുമീതെയുള്ള കൃസ്ത്യൻ തൊപ്പികൾക്കു പുറമെ പത്രങ്ങളിൽ,ചിത്രങ്ങൾക്ക് തായെ ക്രസ്തീയാക്ഷരങ്ങൾ കൂടിയുണ്ടായിരുന്നു” (Silent House). ആറ് വര്ഷങ്ങള്ക്കുശേഷം, 1934 ൽ , ഒരു വർഗ്ഗത്തെയും , വംശത്തെയും , മതത്തെയും , വൈദേശിക സംസ്കാരങ്ങളെ പോലും പ്രതിനിധീകരിക്കാത്ത തുർക്കിഷ് വിളിപ്പേരുകൾ സ്വീകരിക്കണമെന്നും കല്പനയുണ്ടായി. ഓട്ടോമൻ ഇസ്‌ലാമിക് സാംസ്കാരിക ചേരുവകൾ പൊതു മണ്ഡലത്തിൽ നിന്നും അടർത്തിമാറ്റി സ്റ്റേറ്റിന്റെ കാർമികത്വത്തിൽ അരങ്ങേറിയ ആധുനികതയുടെ ഈ അടിച്ചേല്പിക്കൽ ഭാഷയിലൂടെയുള്ള ഒരു അസ്തിത്വ രൂപീകരണത്തെയാണ് പാടെ എടുത്തുകളഞ്ഞത്. സമഗ്രാധിപത്യ ലോകം സൂചികക്കും, സൂചിതത്തിനും ഇടക്ക് തീർക്കുന്ന ഇത്തരം വിടവുകൾ രാഷ്ട്രീയ പ്രകമ്പനങ്ങൾ തീർക്കാനുള്ള അവയുടെ ചോദനകളെയാണ് ചോർത്തിക്കളയുന്നതെന്ന് ഫ്രാങ്ക്ഫർട്ട് സ്കൂളിലെ തത്വചിന്തകരായ അഡോണോ ഹോർകീമെർ എന്നിവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തുർക്കിഷ് നോവലിസ്റ്റുകളിൽ ഏറ്റവും പ്രഗൽഭനെന്ന് പാമുക് തന്നെ വിശേഷിപ്പിച്ച അഹമ്മദ് ഹംദി താൻപിനാർ സംഭാഷണത്തിലെയും ഏഴുത്തിലെയും കപടതകളെ അനാവൃതമാക്കിക്കൊണ്ട് വാക്കിന്റെയും അർത്ഥത്തിന്റെയും ഇടയിലുള്ള അഗാധമായ വിടവുകൾ A Time Regulation Institute ൽ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. താൻപിനാറിന്റെ കൃതികളിലേതുപോലെ ചരിത്രത്തിൽ മതിമറന്നല്ലെങ്കിലും ആത്മകഥയുടെ പുറത്തുകടക്കാനാവാത്ത ആവരണത്തെ പോലെ ഈ വിടവ് പമുക്കിന്റെ കൃതികളിലും കിനിഞ്ഞിറങ്ങിയതായി കാണാം. വിരോധാഭാസമെന്നു പറയട്ടെ, മറ്റൊരു കൃതിയായ A Strangness of my mind ൽ ഓരോ ആവർത്തനങ്ങളിലും സ്വയം നിഗ്രഹിക്കുന്ന വാക്കിന്റെ ശക്തി തുറന്നു കാട്ടുന്നുമുണ്ട് പാമുക്ക്. മെവ്ലൂത് റായിഹക്ക് എഴുതുകയും സമീഹയെ ഉദ്ദേശിക്കുകയും ചെയ്താൽ ആരാണ് യഥാർത്ഥ മേൽവിലാസക്കാരൻ? എന്നല്ല ഇനി എഴുതാനറിയാത്ത മെവ്ലൂത് എഴുത്തു ശീലിച്ച കൂട്ടുകാരൻ ഫർഹതിനെ എഴുതാനേൽപ്പിച്ചു എന്നിരിക്കട്ടെ, ആരാണ് ആ കത്തിന്റെ യഥാർത്ഥ ഉടമ? ഉദ്ദേശങ്ങളും സംബോധനങ്ങളും സംസാരങ്ങളും എഴുത്തുകളും രൂഢമൂലമായിട്ടുള്ള ഒരു സത്യത്തോടും ബന്ധമില്ലാതത്തിടത്ത് ഒരോ പ്രസ്താവനയും ചഞ്ചല്യത്തിനും സംശയത്തിനും ഇട കൊടുക്കുന്നുണ്ട്.

എവിടെയാണ് ആലങ്കാരിക വാക്കുകളുടെ ഔപചാരികതകൾ അവസാനിക്കുകയും വ്യക്തി തുടങ്ങുകയും ചെയ്യുന്നത് ? എപ്പോഴാണ് ഒരാൾ വാക്കിൽ നിന്നും മോചനം നേടുന്നത്? ആരോടാണ് കഥ പറയുന്നതെന്നും ആരുടെ കഥയാണെന്നുമുള്ള ആധികാരികതയെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ പാമുകിന്റെ വിവരണങ്ങളിലും ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അത് Snow യിലെതുപോലെ ചിലപ്പോൾ മറ്റൊരാളുടെ ആവർത്തനം ആയേക്കാം മറ്റു ചിലപ്പോൾ അനേകം കാഥികന്മാരുടെതും ആയിരിക്കും. വ്യക്തിത്വങ്ങൾ കൂടിക്കുഴയുന്ന White Castle ലും വ്യത്യസ്ത സംസ്കാരങ്ങളിൽ പിതാവ്-പുത്രൻ ബന്ധങ്ങളിലെന്ന പോലെ കഥപറച്ചിലിലെയും ആധികാരികതയുടെ സ്വഭാവപ്രകൃതങ്ങളെ പര്യാലോചിക്കുന്ന The Red Haired Women ലും ആധികാരികതയെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. “യാഥാർത്ഥമെന്നു തോന്നാവുന്ന ആകര്ഷകമായൊരു കഥയ്ക്കു വേണ്ടി ഓർഹാൻ പറയാൻ സന്നദ്ധമാകുമായിരുന്ന ഒരു കളവും തന്നെയുണ്ടായിരുന്നില്ല”(My Name is Red).

ഒട്ടും പ്രക്ഷുബ്ധമല്ലാത്ത പകിട്ടില്ലാത്ത ഗ്രാമീണ ഭാഷ ഊണ്ടിറങ്ങിയ ഒരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് കമാലിന്റെ മ്യൂസിയം. ചരിത്രം ഒരിക്കലും അട്ടിമറിക്കപ്പെടുകയും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നില്ല, തീവ്രമായ അഭിവാദ്യങ്ങളോടെ വീണ്ടും ജീവിച്ചു തീർക്കപ്പെടുകയാണ് അടിക്കടി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത് പുറന്തള്ളിയിരുന്നു ഓങ്കോരേന് ( ongoren) ,കുലറെപ് (Kultepe) , ഡറേപ്( Dutepe) നഗരങ്ങളെ പോലും അടുത്തുകൂട്ടുന്ന ഇസ്താംബൂളിന്റെ ഭൂപ്രകൃതിയിൽ അയൽപക്ക ഗ്യാങ് കലഹങ്ങളിലൂടെയും സോഫ്റ്റ് ഡ്രിങ്ക് കമ്പനികളുടെ അടച്ചിടലിലൂടെയും പള്ളി- ഓഡിറ്റോറിയങ്ങളുടെ നിർമ്മാണങ്ങളിലൂടെയും തിരോധാനത്തിന്റെ മറിമായങ്ങളിലൂടെയും നീണ്ട നിഴലുകളിലൂടെയും ചരിത്രം അതിന്റെ മുന്നോട്ടുള്ള ഗമനം തുടർന്നുകൊണ്ടേയിരിക്കും.The Black Book ന്റെ പ്രസിദ്ധ കോളമിസ്റ്റ്‌ സലാൽ സാലിക് ബോസ്ഫറസ് വറ്റിവരളുന്ന ഒരു ദിവസത്തെക്കുറിച്ച് എഴുത്തുന്നുണ്ട്. ചരിത്രാത കാലത്തെ ഏതോ ദൈവങ്ങൾക്ക് മുമ്പിൽ ഓച്ചാനിച്ചു നിൽക്കുന്ന സെൽറ്റുകളുടെയും ലീഗുരിയന്മാരുടെയും അസ്‌ഥിക്കൂടങ്ങളും ഉല്ലാസത്തെരുവുകളും നിഷാ ക്ളബ്ബ്കളും ചേരികളും പരുക്കൻ നഗരങ്ങളും നൽകുന്ന മങ്ങിയ കാഴ്ചകളോട് തോളുരുമ്മി നിൽക്കുന്ന പുതിയൊരു പരിസരമായിരിക്കും അവിടെയുണ്ടാവുക.

പീഡനങ്ങൾ കൊണ്ടും തിരോധാനങ്ങൾ കൊണ്ടും പട്ടാള അട്ടിമറികൾ കൊണ്ടും നാഷലിസ്റ്റുകളും സെക്കുലറിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മറ്റനേകം വംശീയവിഭാഗങ്ങളും നടത്തിയ തെരുവ് യുദ്ധങ്ങൾ കൊണ്ടും ജനജീവിതം ദുസ്സഹമാക്കിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാണ് പാമുക്കിന്റെ മിക്ക നോവലുകളുടെയും പശ്ചാത്തലം. എന്നിട്ടും മുഷിപ്പിക്കുന്ന സാധാരണ ജീവിതത്തിന്റെ- വൈദ്യുതി, ബസ് സ്റ്റോപ്പുകൾ, പാലങ്ങൾ- സങ്കീർണതകളും പ്രതീകങ്ങളുടെ- മൂടുപടങ്ങൾ ചുമരെഴുത്തുകൾ പ്രതിമകൾ – രാഷ്ട്രീയവുമാണ് മുന്നോട്ടുള്ള ഗമനത്തിൽ ഈ രാഷ്ട്രത്തിന്റെ നിർമ്മിതിയെ അടയാളപ്പെടുത്തിയത്. മോഹങ്ങളുടെയും കാത്തിരിപ്പുകളുടെയും കളവുകളുടെയും ശൃംഖലകളിലൂടെ മാത്രമായി ഉൾനാടുമായി ബന്ധപ്പെടുന്ന ഈ നാടിന്റെ അപരിചിതത്വം സംസാരിക്കുമ്പോൾ വാക്കുകൾ നഷ്ടപ്പെടുന്നതിലുള്ള ആകുലതയാണ്. വാക്കുകൾക്ക് സ്വയം ജീവൻ വെക്കുകയും കഥാകൃത്ത് ഒരു ഹേതുവായി മാത്രം ചുരുങ്ങുകയും ചെയ്യുന്ന ഈയൊരു സ്ഥിതിയാണ് തിരോധാനത്തിനു ശേഷവും സലാൽ സാലിക് വീണ്ടും അനുകരിക്കപ്പെടാൻ സഹായകമാകുന്നത് നമ്മുടെ നാട്ടിൻപുറത്തുകാരുടെ സ്വകാര്യ അഭിപ്രായങ്ങളും പൊതുവീക്ഷണവും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം സ്റ്റേറ്റിന്റെ അധികാരമാണെന്ന് Strangeness of my mind ന്റെ അവസാനവാക്കായി മാറിയ ഉദ്ധരണി യിലൂടെ സലാൽ എഴുതി വെക്കുന്നുണ്ട്. എന്നാൽ Strangeness of my mind ലെ ഈ അകൽച്ചക്ക് കാരണം മർദ്ദിത ഭരണകൂടമൊന്നുമല്ല മറിച്ച് നിശ്ചയദാർഢ്യങ്ങളും അപഹാസ്യമാകുന്ന വിചിത്രമായ വഴിത്തിരിവുകളും നിറഞ്ഞ ദൈനംദിനത്തിന്റെ കാർന്നുതിന്നുന്ന അസ്തിത്വമാണ്‌.

വിക്ടോർ കെംപെരിന് നാസി ജർമ്മനി ഭാഷാ പെർവെർഷന്റെ പരീക്ഷണശാലയായിരുന്നു. എന്നാൽ ദൈനംദിന ഇസ്താംബൂളിലെ പ്രതീക്ഷകൾക്കും ജീവിത യാഥാർഥ്യങ്ങൾക്കും ഇടക്കുള്ള സംഘർഷങ്ങളിൽ പാമുക് ചെയ്യുന്നത് മറഞ്ഞുപോയ ലോകത്തിന്റെ എത്തിപ്പിടിക്കാനാവാത്ത വിരോധാഭാസങ്ങൾ ചിത്രീകരിക്കുകയാണ് . The new life ലെ മുഖ്യകഥാപാത്രമാവട്ടെ absurdist നും മാജിക് realist നും ഇടയിൽ തളക്കെപ്പെടുന്ന വിശാലമായ ഉൾനാടുകളിൽ വേഷപ്രച്ഛന്നനായി ജീവിതം ചെലവഴിക്കാനാണ് നിര്ബന്ധിക്കപ്പെടുന്നത്. മറുവശത്ത്‌, കാർസിലെ കടുത്ത മഞ്ഞ് സംഭാഷണത്തിന്റെയും എഴുത്തിന്റെയും നിഷ്ടൂരവാഴ്ചയിൽ നിന്നും സ്വയം രക്ഷതേടുന്നു. മതേതരമോ മതാത്മകമോ ആവട്ടെ,വിശ്വാസം രൂഢമൂലമായിട്ടുള്ള ഇത്തരം ഉൾനാടുകളിൽ വാക്കുകൾ ഒരേസമയം പ്രാധാന്യമുള്ളതും ഒരനാവശ്യവുമാവാറുണ്ട്. കാരണം, അവദാനപൂർവ്വമുള്ള നിശ്ചലാവസ്ഥയും അർത്ഥവത്തായ ചോദ്യങ്ങളും പതിഞ്ഞ നോട്ടങ്ങളും നെറ്റിചുളിക്കലും എല്ലാമടങ്ങിയ ഒരു വിശേഷ വ്യാകരണത്തോടുകൂടിയുള്ള , ഒരു പാർലയ് കളിപോലെയുള്ള മറ്റൊരു ഭാഷയാണവിടെയുള്ളത്.

ഭൗതികമായ സംഭാഷണത്തെക്കുറിച്ചുള്ള ഇത്തരം വിഹ്വലതകൾ പരിചയപ്പെടുത്തുമ്പോൾ തന്നെ പാരമ്പര്യത്തിലേ വിസ്മരിക്കപ്പെട്ടുപോയ മനുഷ്യരിലേക്ക് മാത്രമല്ല പാമുക്ക് സൂചന നൽകുന്നത്. തുർക്കിഷ് സാമൂഹിക ശാസ്ത്രജ്ഞനായ നിലൂഫർ ഗോളെയൊക്കെ നിരീക്ഷിച്ചത് പോലെ സമകാലിക തുർക്കിയിലെ മുസ്‌ലിം സ്വത്വ നിർമ്മിതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നവയാണ് സംഘടിത രാഷ്ട്രീയ സംമ്പ്രദായങ്ങൾ. മാത്രമല്ല, ശിരോവസ്ത്രം പോലൊത്തവയെ പുരുഷാധിപത്യത്തിന്റെ പ്രതിഫലനമാക്കിക്കൊണ്ടുള്ള സങ്കുചിത വായനകൾ വേഷവിധാനത്തിലെ വൈയക്തിക അഭിവാജ്‌ഞയുടെ വ്യക്തിമായ നീരാസം കൂടിയാണ്. ബ്ലൂവിന്റ് വ്യക്തിത്വത്തിലൂടെ രാഷ്ട്രീയ ഇസ്‌ലാമിനെ സഹാനുഭൂതിയോടെ നോക്കിക്കാണുകയാണ് Snow എന്ന തന്റെ കൃതിയിലൂടെ പാമുക്ക്. പൗരസമൂഹത്തെ രാഷ്ട്രീയ അന്ധതയിലേക്കു തള്ളിവിട്ടുകൊണ്ട് കൊഴുക്കുന്ന ജനാധിപത്യ സംവിധാനത്തെ നിശിതമായി വിമർശവിധേയമാക്കുകയാണ് Snow.

ഭൂതകാലത്തിന്റെ ജീവൻ തുടിക്കുന്ന അവശിഷ്ടങ്ങളെയാണ് അദ്ദേഹം തന്റെ വിശ്വപ്രസിദ്ധമായ മ്യുസിയത്തിൽ നിരത്തിവെക്കുന്നത്. വാക്കുകൾക്ക് പിടിച്ചെടുക്കാനാവാത്ത ഇത്തരം ചിത്രങ്ങളെ ഭൗതികമായി വിന്യാസിക്കുകയാണ് പാമുക്ക്. വസ്തുക്കൾ കൊണ്ട് മാത്രമല്ല, ആവിഷ്കാര ശൈലികൾകൊണ്ടും സമ്പന്നമാണ് പാമുക്ക് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്ന നൈരന്തര്യം. അവിടെയാണ് രൂപാലങ്കാരങ്ങൾ അവയുടെ വാസ്തവത്തെ കണ്ടെതത്തുന്നതും കവിത അതിന്റെ ഭൗതിക വിന്യാസത്തിൽ തുളുമ്പുന്നതും. നിഴലുകളുടെ ഈ ലോകത്ത്, ഒരു മുപ്പത് വയസ്സുകാരന് പതിനെട്ട് വയസ്സുകാരിയായ ഒരു വില്പനക്കാരി പെണ്ണിനോട് തോന്നുന്ന , സർവസീമകളും ലംഗിക്കപ്പെടുന്ന ആ അഭിനിവേഷത്തെ ഒരിക്കൽ കൂടി അനുഭവിച്ചു തീർക്കണമെങ്കിൽ ആശയങ്ങളെപ്പോലും ഭൗതിക വിന്യാസം നടുത്തേണ്ടതുണ്ട്. അതേസമയം അദ്ദേഹത്തിന്റേത് ഒരു മ്യൂസിയം എങ്ങനെയായിരിക്കണമെന്ന് എന്തൊക്കെ എവിടെ പ്രദർശിപ്പിക്കണമെന്ന് എന്തൊക്കെ സമരസപ്പെട്ട് പോകുമെന്ന് വിഭാവനം ചെയ്യുന്നു കൂടിയുണ്ട്.

എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്ന സ്ഥലബന്ധിയായ ഒരു ചോദ്യം മാത്രമല്ല, അടിസ്ഥാനപരമായ ഭാഷണരീതിയെ തന്നെ മാറ്റിമറിക്കുന്ന മറ്റു ചില ചോദ്യങ്ങളിൽ ആണ് മ്യൂസിയം കേന്ദ്രീകരിക്കുന്നത്. എങ്ങനെയാണ് സബ്ജക്ടീവ്ടിയുടെ സ്ഥാനത്ത് ഒബ്ജക്റ്റീവ്ടിയെ പ്രതിഷ്ഠിക്കുക? കേവലം അവതരണത്തിനപ്പുറത്ത് കമാലിന്റെ ചിന്തകൾക്കനുസൃതമായി എങ്ങനെയാണ് ഒരു വസ്തുവിനെ ചിത്രീകരിക്കുക? ഇവിടെയൊക്കെയാണ് പാമുക്കെന്ന നോവലിസ്റ്റ് ഇടപെടേണ്ടത്? ഇതൊക്കെകൊണ്ട് തന്നെ ഒരേസമയം മൂന്ന് ഫ്രെയിമുകളിൽ ആയാണ് മ്യൂസിയം വ്യാപരിക്കുന്നത്. ഒന്നാമത്തേത് ചരിത്രപരമാണ് – 1950 മുതൽ 2000 വരെയുള്ള ഇസ്താംബുൾ. രണ്ടാമത്തേത് കമാലിന്റെ സബ്ജെക്റ്റിവിറ്റിയും അതിന്റെ ചിന്തകൾക്ക് ആകാരവും ഉണ്മയും നൽകുന്ന ഭാഷയുമാണ്. മ്യൂസിയത്തിന്റെ യഥാർത്ഥ ശില്പിയായ കഥാകൃത്താണ് മൂന്നാമത്തേത്. കാരണം വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങൾക്കിടയിൽ സർവ്വ വ്യാപിയായ കഥാകാരന്റെ സബ്ജെക്റ്റിവിറ്റി ഒട്ടും പ്രകാശിപ്പിക്കാതിരുന്നുകൂട. ചുരുക്കത്തിൽ കളിപ്പാട്ടങ്ങളിലൂടെയും അടുക്കള പത്രങ്ങളിലൂടെയും വീണ്ടും നിർമ്മിച്ചെടുത്ത പത്ര കട്ടിങ്ങുകളിലൂടെയും, വീഡിയോ പരസ്യങ്ങളിലൂടെയും, പിക്നിക് ചിത്രങ്ങളിലൂടെയും ഇസ്താംബൂൾ ബൂർഷെയുടെ സ്വകാര്യ ജീവിതങ്ങളുടെ പൊതുത്വത്തെ ഒരേസമയം ഗൃഹാതുരത്വവും താക്കീതും നിറഞ്ഞ ഫ്രെയിമുകളിൽ പ്രേക്ഷകർക്ക് മുന്നിൽ അനാവൃതമാക്കുകയാണ് പാമുക്ക്.

ഇസ്താംബുളിന്റെ കണ്ണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര ഗുലേർ നോവേലിസ്റ്റിനോട് അസ്വസ്ഥതയോടെ പറയാറുണ്ട്: “നീ എന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടാനുള്ള കാരണം അത് നിന്റെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ടാണ്” “ഒരിക്കലുമല്ല” നോവലിസ്റ്റ് തിരിച്ച് പറഞ്ഞു. “നിങ്ങളുടെ ചിത്രങ്ങള്‍ മനോഹരമായതു കൊണ്ടാണ് ഞാനിഷ്ടപ്പെടുന്നത്. എന്നാല്‍ സൗന്ദര്യവും ഓര്‍മ്മയും വ്യത്യസ്തമായ കാര്യങ്ങളാണോ?” അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളിലൊന്നായ Silent House സംവദിക്കുന്നത് ഓർമ്മ, ആധുനികത അഭിവാജ്‌ഞ എന്നിവയെക്കുറിച്ചോക്കെയാണ്. ഇസ്താംബൂളിൽ നിന്ന് ഭർത്താവ് സലാഹുദീനോടൊപ്പം നാടുകടത്തപ്പെട്ട് വളർച്ച മുരടിച്ച തന്റെ മകൻ രജെബിനോടൊപ്പം താമസമാക്കിയ ഫാത്തിമ മുത്തശ്ശിയുടെ ധ്വനികളാണ് അനേകം പേരിലൂടെ പുറത്തുവരുന്ന ഈ കഥക്ക് ഊടും പാവും നൽകുന്നത് . “അറിവ്”; എന്ന ആലങ്കാരിക പദത്തിൽ വശംവദരായി പടിഞ്ഞാറിന്റെ പ്രലോഭനങ്ങൾക്ക് അടിമപ്പെട്ട ഭർത്താവും മകനും മരുമകനും ഉന്മാദരായി മാറുന്നതിന് നേർ സാക്ഷിയാകുന്നുണ്ട് അവർ. കിഴക്കിന്റെ ഇല്ലായ്മകൾ ആയിരുന്നു ആ തലമുറകളെയൊക്കെയും ഒഴിയാബാധയായി പിന്തുടർന്നിരുന്നത്. സലാഹുദ്ധീനെ ചൊടിപ്പിച്ചത് തുർക്കിയിലെ ആയുക്തിയുടെ വിളയാട്ടമായിരുന്നെങ്കിൽ ദോഗണിന് അത് അസമത്വവും ഫാറുക്കിനത് ചരിത്രത്തിലെ പൊരുത്തക്കേടുകളും ആയിരുന്നു. അപ്പോഴും പ്രതിസ്വരമെന്നോണം നമുക്കുള്ളത് ആവാമായിരുന്നതിന്റെ പ്രലോഭനങ്ങളിൽ നരകിച്ച് ജീവിതം തള്ളിനീക്കിയ ഫാത്തിമയുടെ സ്വച്ഛമായ, ക്രൂരമായ ശബ്ദങ്ങളാണ്. ദൈവപരതയുടെ കരാള ഹസ്തങ്ങളിൽ നിന്നും കിഴക്കിനെ മോചിപ്പിക്കുന്ന പ്രതീകങ്ങൾക്ക് അവർ ഒരിക്കലും ചൂട്ട്പിടിച്ചിരുന്നില്ല. തന്റെ ഭർത്താവ് പുലരാൻ ആഗ്രഹിച്ച നാസ്തികത്വത്തോട് അവർക്ക് നിരാസം മാത്രമാണുണ്ടായിരുന്നത്. സലാഹുദ്ദീൻ കിഴക്കിന്റെ പരാജയം കണ്ടത് മരണത്തോടുള്ള പേടിയില്ലായ്മയിൽ ആയിരുന്നു. എന്നാൽ ആ വഴിയെ തന്നെ അദ്ദേഹം തന്റെ ജീവിതത്തിന് വിരാമമിടുന്നുണ്ട്.ദോഗൻ തന്റെ പിതാവിന്റെ ആദർശവാദം സ്വീകരിക്കുകയും മുമ്പേ മറയുകയും ചെയ്യുന്നു. ഫാറുക്കാവട്ടെ തന്റെ വ്യക്തിപരവും തൊഴിൽ സംബന്ധവുമായ സർവ്വ പരാജയങ്ങൾക്കും ഒടുവിൽ മയക്കുമരുന്നിൽ ആശ്വാസം കണ്ടെത്തുന്നു. എങ്കിലും, ആധുനികത ഇത്രയും വേദനാജനകമാകേണ്ടിയിരുന്നില്ല അതൊരിക്കലും ദൈവത്തിന്റെ മരണത്തിന് വേണ്ടിയുള്ള തീവ്രാഭിലാഷം ആകേണ്ടിയിരുന്നില്ല, മറിച്ച് തളരാത്ത പ്രതീക്ഷ ആകാമായിരുന്നു എന്ന് ഫാത്തിമ നമ്മെ ഓർമിപ്പിക്കുന്നുണ്ട്.


വിവർത്തനം: എം അബ്ദുൽ ഫത്താഹ്

Featured ഇമേജ്: Fabio Bruun
Location: Istanbul, Turkey

Comments are closed.